ഒന്നായി നീങ്ങേണ്ടവർ

പി.പി അബ്ദുറഹിമാന്‍ പെരിങ്ങാടി No image

കുടുംബമെന്ന ജീവിതവണ്ടിയുടെ ഇരുചക്രങ്ങള്‍ (ആണും പെണ്ണും) പരസ്പരപൂരകമായി വര്‍ത്തിക്കേണ്ടതുണ്ട്. ആണ്‍-പെണ്‍ വിവേചനം, പുരുഷമേധാവിത്തം, സ്ത്രീനിന്ദ ഇതൊക്കെ പാരസ്പര്യം ഫലപ്രദമായി പുലരുന്നതിന് വിഘ്‌നം സൃഷ്ടിക്കുന്നുണ്ട്. ആണിന്റെ സ്വാതന്ത്ര്യം പെണ്ണിനും ഉണ്ട്. സ്വാതന്ത്ര്യമെന്നത് വ്യക്തിത്വവുമായി ബന്ധപ്പെട്ടാണ്; വ്യക്തിത്വത്തിന്റെ ഭാഗമായ കഴിവുകളും സിദ്ധികളും കൂടി പരിഗണിച്ചാണ് സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ നിര്‍ണയിക്കുന്നത്. ഒരു എഞ്ചിനീയര്‍ക്ക് രോഗചികിത്സ നടത്താനുള്ള സ്വാതന്ത്ര്യം നല്‍കാറില്ല. ഭിഷഗ്വരന്‍ കെട്ടിട നിര്‍മാണത്തിനും തുനിയാറില്ല. ഇതൊന്നും സ്വാതന്ത്ര്യനിഷേധമായി ആരും വ്യാഖ്യാനിക്കാറുമില്ല. കുടുംബമെന്ന പാവന സംവിധാനത്തില്‍ കഴിവുകളും സിദ്ധികളും പരിഗണിച്ച് വകുപ്പ് വിഭജനം നടക്കുമ്പോള്‍ മാത്രം ചിലര്‍ അതില്‍ സ്ത്രീയോടുളള വിവേചനം ആരോപിക്കുന്നത് മറ്റെന്തോ അസഹിഷ്ണുത കൊണ്ടാണ്. ആണിനെപ്പോലെ ആവുക, ആണിന് സമാന്തരമായി പ്രവര്‍ത്തിക്കുക, പുരുഷവിരോധം പുലര്‍ത്തുക, പുരുഷനെ വെല്ലുവിളിച്ചും പഴി പറഞ്ഞും നിസ്സഹകരണത്തിന്റെ നിഷേധാത്മക നിലപാടുകള്‍ ശാഠ്യപൂര്‍വം പുലര്‍ത്തുക തുടങ്ങിയ പ്രവണതകള്‍ സ്ത്രീ സ്വാതന്ത്ര്യമായും സ്ത്രീവിമോചന പ്രവര്‍ത്തനമായും ചിത്രീകരിക്കപ്പെടുന്നുണ്ട്. പാശ്ചാത്യന്‍ ഫെമിനിസം പയറ്റി പരാജയപ്പെട്ട ഈ ശൈലി കുടുംബമെന്ന സംവിധാനത്തെ തകര്‍ക്കുകയേ ഉള്ളൂ.

കുടുംബമെന്ന ഘടനയെ തകര്‍ക്കാന്‍ ശുദ്ധഭൗതികരായ പലരും പലനിലക്കും പരിശ്രമിച്ചിട്ടുണ്ട്; ഇപ്പോഴും പരിശ്രമിക്കുന്നുമുണ്ട്. യാതൊരു ബാധ്യതയും ഏറ്റെടുക്കാതെ നാരീമണികളെ യഥേഷ്ടം തന്ത്രപൂര്‍വം ആസ്വദിക്കാനും ചൂഷണം ചെയ്യാനുമായി അരാജകവാദികളായ പുരുഷവിപ്ലവകാരികള്‍ പെണ്‍കുട്ടികളില്‍ വളരെ സമര്‍ഥമായി പിഴച്ചു ദുഷിച്ച പാശ്ചാത്യന്‍ ഫെമിനിസത്തിന്റെ വിഷവിത്തുകള്‍ വിതക്കുന്നുണ്ട്. പുരുഷനുമായി കലഹിച്ച പാശ്ചാത്യഫെമിനിസ്റ്റുകള്‍ അവസാനം സിഗിംള്‍ പാരന്റ് ഹുഡിന്റെ വക്താക്കളായി മാറുകയുണ്ടായി. അച്ഛന്‍ ഉത്തരവാദിത്തബോധമുള്ള സ്‌നേഹവത്സലനായ കുടുംബനാഥനാണ് എന്നതിനു പകരം കവിഞ്ഞാല്‍ ഒരു വിത്ത് കാള മാത്രമായി ചുരുങ്ങുന്ന ഭ്രാന്തന്‍ ഫെമിനിസത്തില്‍നിന്നും വളരെ വിഭിന്നമാണ് ഇസ്‌ലാമിക കുടുംബസങ്കല്‍പം.

തന്റെ ഏറ്റവും നല്ല പെരുമാറ്റത്തിനും സഹവാസത്തിനും പരിഗണനക്കും ഏറെ അര്‍ഹന്‍ ആരാണെന്ന ഒരന്വേഷണത്തിന് പ്രവാചകന്‍ (സ) പറഞ്ഞ മറുപടി, 'നിന്റെ മാതാവ്' എന്നാണ്. 

മാതാവിനെ എളുപ്പം സ്വാധീനിക്കാനും യഥാസൗകര്യം കൈയിലെടുക്കാനും കഴിയുമെന്ന അനുഭവം ധാരാളമുണ്ടല്ലോ? കാരണം അവര്‍ സ്ത്രീയാണ്; ആര്‍ദ്രതയും ദയയും ഹൃയവിശാലതയുമുള്ളവളാണ്. ആയതിനാലായിരിക്കാം ചോദ്യകര്‍ത്താവ് വീണ്ടും ചോദിക്കുന്നു. '(അതിരിക്കട്ടെ) പിന്നെ ആരാണ്?' നബി(സ) വീണ്ടും ഊന്നിപ്പറയുന്നു, 'നിന്റെ ഉമ്മ തന്നെ'. ചോദ്യകര്‍ത്താവ് പിന്നെയും ആരായുന്നു. 'പിന്നെയാര്?'

 

വീണ്ടും നബി(സ), 'നിന്റെ മാതാവ്...' നാലാമതായി അന്വേഷകന്‍ വീണ്ടും ആരാഞ്ഞപ്പോള്‍, 'നിന്റെ പിതാവ്' എന്ന് നബി(സ) അരുളി. ഇവിടെ മൂന്നുവട്ടം മാതാവെന്ന സ്ത്രീയുടെ മഹത്വവും മേന്മയും ഉയര്‍ത്തിക്കാണിച്ച നബി നാലാമനായിട്ടാണ് പിതാവെന്ന പുരുഷനെ പറഞ്ഞത്. എന്നാല്‍ ഈ മാതാവ് നൊന്തുപെറ്റ്, ഉറക്കമൊഴിച്ചും ഏറെ കഷ്ടപ്പെട്ടും പോറ്റിവളര്‍ത്തിയ പുത്രിയെ കല്യാണം കഴിപ്പിക്കുമ്പോള്‍ നേരത്തെ നാലാമതായി മാത്രം പരിഗണിച്ച പിതാവിനാണ് രക്ഷാകര്‍തൃത്വവും പൂര്‍ണാധികാരവും. പിതാവില്ലെങ്കില്‍ പിതൃവ്യന്മാര്‍, ആങ്ങളമാര്‍, പിതൃവ്യപുത്രന്മാര്‍ എന്നിങ്ങനെ പിതൃബന്ധത്തിലാണ് ഈ ഉത്തരവാദിത്വം സാധാരണഗതിയില്‍ നിഷിപ്തമായിരിക്കുന്നത്. പിതൃശൃംഖലയില്‍ ആരുമില്ലെങ്കില്‍, സഹോദരന്മാര്‍ ആരുമില്ലെങ്കില്‍ മഹല്ലിലെ ഖാദിയിലേക്ക് പ്രസ്തുത അധികാരം കൈമാറിയാലും മാതാവിലേക്ക് അത് മടങ്ങില്ലെന്ന വസ്തുത ചിന്തനീയമാണ്.

സംരക്ഷണം, പരിഗണന, സ്‌നേഹലാളന, ആദരവ് തുടങ്ങിയ കാര്യങ്ങളില്‍ വളരെ മുന്തിയ പരിഗണന നല്‍കുകയും ഭാരിച്ച ഉത്തരവാദിത്തത്തില്‍നിന്ന് ഇളവ് നല്‍കുകയും ചെയ്യുന്നതിനെ ആരും വിവേചനമായി കാണാറില്ല; കണ്ടിട്ടുമില്ല. സ്ത്രീ ആര്‍ക്കും സംരക്ഷണം നല്‍കാനും ചെലവ് നല്‍കാനും ബാധ്യസ്ഥയല്ല. പിതാവ്, സഹോദരന്‍, ഭര്‍ത്താവ്, പുത്രന്‍ എന്നീ നിലകളില്‍ പുരുഷന്‍ ഈ ഉത്തരവാദിത്വം മാന്യമായും ഭംഗിയായും നിര്‍വഹിക്കാന്‍ വളരെ ബാധ്യസ്ഥനുമാണ്. ഇവിടെയാണ് ഇസ്‌ലാമിക കുടുംബ സംവിധാനത്തിന്റെ സൗന്ദര്യം നാം ദര്‍ശിക്കേണ്ടത്.

പെണ്ണിനോട്, 'നീ അങ്ങാടികളിലിറങ്ങി അന്നം തേടി അലയേണ്ട - വെയിലും മഴയും മറ്റ് പലവിധ പ്രയാസങ്ങള്‍ സഹിച്ച് തെണ്ടിത്തിരയേണ്ട... നിനക്കു വേണ്ടത് ഞാന്‍ എത്തിച്ചുതരാം; നിന്നെ മാന്യമായി സംരക്ഷിക്കാം; പകരം നീ ഭാവിയുടെ വാഗ്ദാനങ്ങളായ, നമ്മള്‍ രണ്ടുപേരുടെയും സന്താനങ്ങളെ പരിപാലിച്ച് അവരെ ഉത്തമപൗരന്മാരാക്കി വളര്‍ത്തുക... നിന്റെ ഉത്തമപങ്കാളിയായും സഹായിയായും ഞാനുണ്ട്....' എന്ന് സ്‌നേഹപൂര്‍വം പറയുന്നത് സ്ത്രീകളെ അടിച്ചമര്‍ത്തലായും വിവേചനമായും ചിലര്‍ ചിത്രീകരിക്കുന്നത് കുടുംബമെന്ന സംവിധാനത്തെ തകര്‍ക്കാനാണ്. കുടുംബം തകരുകയെന്നത് ഭൗതിക വാദികളുടെ ഒരാവശ്യമാണ്. കുടംബമുള്ളതിനാലാണ് സ്വത്ത് സമ്പാദിക്കലും സ്വകാര്യസമ്പത്തും മറ്റും ഉണ്ടാകുന്നത്. ആകയാല്‍ കുടുംബം തകര്‍ന്നുകിട്ടിയാല്‍ തങ്ങളുടെ സങ്കല്‍പത്തിലുള്ള സ്ഥിതി സമത്വവും പൊതു ഉടസ്ഥതയും ഉണ്ടാക്കിയെടുക്കാമെന്ന് ഒരുകാലത്ത് കമ്യൂണിസ്റ്റുകളും മറ്റും കരുതിയിരുന്നു. പക്ഷെ, മനുഷ്യനോളം പഴക്കമുള്ള കുടുബത്തെ പെട്ടെന്ന് പൂര്‍ണമായും നശിപ്പിക്കാനാകില്ലെന്ന് അവര്‍ പിന്നീട് കുറച്ചൊക്കെ തിരിച്ചറിഞ്ഞു. എന്നാലും പഴയ രോഗത്തിന്റെ അവശിഷ്ടം അവരിലിപ്പോഴും ഉണ്ടെന്നാണ് മനസ്സിലാകുന്നത്. കലാസാഹിത്യമേഖലകളിലൂടെയും മറ്റും അവരില്‍ പലരും അത് പരോക്ഷമായി പ്രസരിപ്പിക്കുന്നുമുണ്ട്.

കുടുംബം തകരാന്‍ ഇപ്പോള്‍ കൂടുതലായിട്ടാഗ്രഹിക്കുന്നത്, കമ്പോളത്തെ ക്ഷേത്രമായും സമ്പത്തിനെ പ്രസ്തുത ക്ഷേത്രത്തിലെ മുഖ്യവിഗ്രഹമായും ഗണിക്കുന്ന ധനപൂജാ (ലക്ഷ്മീ പൂജ) സംസ്‌കാരത്തിന്റെ വാഹകരും വക്താക്കളുമായ ആധുനിക മുതലാളിത്തമാണ്. കുടുംബം ഒരുപാട് സേവനങ്ങള്‍ വളരെ ഭംഗിയായും ഫലപ്രദമായും സമൂഹത്തിന് പലനിലക്കും ധാരാളമായി നല്‍കുന്നുണ്ട്. 

കുടുംബം ശിഥിലമായി തകര്‍ന്നാല്‍ ഇതൊക്കെ കമ്പോളത്തിലെ കച്ചവടസാധ്യതകളാക്കി മാറ്റാം എന്നാണ് കമ്പോള മുതലാളിത്തം കരുതുന്നത്. വീട്ടില്‍ ഭക്ഷണമുണ്ടാക്കാതിരുന്നാല്‍ റസ്‌റ്റോറന്റുകള്‍ക്കും ഫാസ്റ്റ് ഫുഡിനും നല്ല കച്ചവടം കിട്ടും. വീടിന്റെ വസ്ത്രമലക്കുന്നില്ലെങ്കില്‍ അലക്കുകടകള്‍ തുടങ്ങാം. കുട്ടികളെ പരിപാലിക്കുന്നില്ലെങ്കില്‍ ബേബി സിറ്റിംഗ് തുടങ്ങാം. കൂടുതല്‍ കളിപ്പാട്ടങ്ങള്‍ നിര്‍മിക്കാം. ഇങ്ങനെ പോകുന്നു കമ്പോളസാധ്യതകള്‍. ആണിനെയും പെണ്ണിനെയും തമ്മിലടിപ്പിച്ച് മുതലെടുപ്പ് നടത്തി ചീര്‍ത്തുവീര്‍ത്ത ഭീകരമുതലാളിത്തം ബേബി ഫുഡും, ഗര്‍ഭനിരോധന ഉപാധികളും ഉള്‍പ്പെടെ പലതും ഉപയോഗിച്ച് കുടുംബത്തിന്റെ പരമ്പരാഗത സൗന്ദര്യം തകര്‍ത്തുകൊണ്ടേയിരിക്കുകയാണ്. മറുവശത്ത് പുരുഷന്മാര്‍ സ്ത്രീക്ക് നല്‍കേണ്ട മാന്യവും ന്യായവുമായ സംരക്ഷണം ശരിക്കും നല്‍കുന്നതില്‍ വളരെയേറെ പരാജയപ്പെടുന്നു. ഇത് സ്ത്രീകള്‍ ഫെമിനിസ്റ്റ് കെണിയില്‍ കുടുങ്ങാന്‍ നിമിത്തമായിത്തീരുന്നു. ഇസ്‌ലാം സ്ത്രീക്ക് നല്‍കിയ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷണവും വളരെ നന്നായി വകവെച്ചുകൊടുക്കാത്ത പുരുഷനും കുടുംബത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. സ്ത്രീകളെ ഏകപക്ഷീയമായി കുറ്റപ്പെടുത്തിക്കൂടാ- പരുഷന്മാര്‍ കാണിക്കുന്നതിന്റെ പ്രതികരണം ഇല്ലാതാവണമെങ്കില്‍ മൂലകാരണം നീങ്ങേണ്ടതുണ്ട്. 

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top