ഇരട്ട രോഗങ്ങള്‍ പേറുന്ന കേരളവും തളരുന്ന സ്ത്രീകളും

ഡോ. ബി.പത്മകുമാര്‍ / മുഹമ്മദ് അസ്‌ലം.എ No image

സംസ്ഥാനത്തെ പൊതുജനാരോഗ്യമേഖലയിലെ ശ്രദ്ധേയമായ നാമധേയമാണ് ഡോ ബി. പത്മകുമാറിന്‍േത്. ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ തുടങ്ങി, തിരുവനന്തപുരം, തൃശൂര്‍ മെഡിക്കല്‍ കോളെജുകളിലായി 20 വര്‍ഷത്തെ അദ്ദേഹത്തിന്റെ സേവനം ഇതിന് അടിവരയിടുന്നതാണ്. ഔദ്യോഗിക ജോലിയില്‍ ഒതുങ്ങാതെ സമൂഹത്തിലേക്കിറങ്ങാന്‍ അദേഹത്തിന് പ്രേരണയായത് വിദ്യാര്‍ഥികാലത്തെ എന്‍.എസ്.എസ്, കോളെജ് യൂണിയന്‍ പ്രര്‍ത്തനങ്ങളാണ്. ആയിരത്തോളം മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കി. പ്രധാന തട്ടകമായ ആലപ്പുഴ ജില്ലയിലാണ് ഇവയില്‍ നല്ലൊരു ഭാഗവും. ആലപ്പുഴ കേന്ദ്രീകരിച്ച് 'ഹെല്‍ ഫോര്‍ ആള്‍' എന്ന ജനകീയ ആരോഗ്യ പ്രസ്ഥാനത്തിന്റെ അധ്യക്ഷനായി 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. ആലപ്പുഴയില്‍ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് നടത്തിയ സ്റ്റുഡന്റ് ഡോക്ടര്‍ പദ്ധതി ഈ സംഘത്തിന്റെ ശ്രദ്ധേയമായ സംരംഭമായിരുന്നു. വൈദ്യ വിദ്യാഭ്യാസ രംഗത്തും ബോധവല്‍കരണ രംഗത്തുമായി 15-ഓളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡി.സി ബുക്‌സിന്റെ ഹെല്‍ത്ത് എന്‍സൈക്ലോപീഡിയ എന്ന 3 വാല്യം അടങ്ങിയ ബ്രഹത് സംരംഭത്തിന് ജനറല്‍ എഡിറ്റര്‍ എന്ന നിലയില്‍ നേതൃത്വം നല്‍കി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആരോഗ്യ പ്രസിദ്ധീകരണങ്ങളുടെ ഗസ്റ്റ് എഡിറ്ററാണ്. 10-ഓളം മാഗസിനുകളില്‍ സ്ഥിരമായി ആരോഗ്യ പംക്തി കൈകാര്യം ചെയ്യുന്നു. 2010-ല്‍ ഏറ്റവും നല്ല ഡോക്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്നു. 

കേരള മോഡല്‍ എന്ന പ്രത്യേക പ്രയോഗം തന്നെ സാധ്യമാക്കിയ താണ് കേരളത്തിന്റെ ആരോഗ്യ മേഖല. എന്നാല്‍ ഈ മേഖല ഇന്ന് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പുതിയ കാലത്ത് കേരളം നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? അതിന്റെ കാരണങ്ങള്‍?
1970-കളില്‍ ലോകശ്രദ്ധയാകര്‍ഷിച്ച കേരള മോഡല്‍ ആരോഗ്യം യാഥാര്‍ഥ്യമാക്കിയ സംസ്ഥാനമാണ് നമ്മുടേത്. ഏറ്റവും കുറഞ്ഞ ചെലവില്‍ സാധാരണ ജനങ്ങള്‍ക്ക് ചികിത്സാ സംവിധാനങ്ങള്‍ പ്രാപ്യമായി എന്നതാണ് ഇതിന്റെ പ്രകടമായ വശം. പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ സംഭാവനകള്‍, ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കഠിന പ്രയത്‌നം, സ്ത്രീ ശാക്തീകരണം, പ്രതിരോധ കുത്തിവെപ്പുകള്‍, ജനസംഖ്യാ നിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞത്, സമ്പൂര്‍ണ സാക്ഷരത ഇതെല്ലാം ചേര്‍ത്തുണ്ടാക്കിയ സാഹചര്യമാണ് കേരള മോഡല്‍ സാധ്യമാക്കിയത്. ഇത് 70-കളിലെ കഥയാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി നാം നേരിടുന്ന പ്രധാന പ്രതിസന്ധി കേരള മോഡല്‍ ആരോഗ്യം എന്നത് പേരുമാത്രമായി മാറി എന്നതാണ്. ഇരട്ട രോഗങ്ങളുടെ ഭാരം പേറുന്ന സംസ്ഥാനമായി കേരളം മാറി. രണ്ടു തരം രോഗങ്ങള്‍ ഒരേ സമയം ഒരു സ്ഥലത്ത് സംഭവിക്കുന്നു എന്ന് നമുക്ക് ഇതിനെ ഒറ്റവാക്യത്തില്‍ പറയാം. വിശദീകരിക്കുകയാണെങ്കില്‍, വികസിത രാജ്യങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളായി ചൂണ്ടിക്കാണിക്കുന്ന ജീവിതശൈലീ രോഗങ്ങള്‍. അതായത് ഹൃദ്രോഗം, കാന്‍സര്‍, രക്തസമ്മര്‍ദം, അമിത വണ്ണം എല്ലാം മറ്റു വികസിത രാജ്യങ്ങളിലെന്ന പോലെ കേരളത്തിലും കാണാന്‍ കഴിയും. അതേ സമയം തന്നെ വികസ്വര രാജ്യങ്ങളെ ഭയപ്പെടുത്തുന്ന പകര്‍ച്ചവ്യാധികളും കേരളത്തില്‍ കാണപ്പെടുന്നു. ഒരു കാലത്ത് നമ്മള്‍ നിര്‍മാര്‍ജനം ചെയ്തുവെന്ന് കരുതിയ മലേറിയ, ടൈഫോയിഡ് പോലുളള രോഗങ്ങള്‍, ചിക്കന്‍ഗുനിയ, ജപ്പാന്‍ ജ്വരം പോലെ കേട്ടുകേള്‍വി ഇല്ലാതിരുന്ന പുതിയ രോഗങ്ങളും ഇന്ന് കേരളത്തിലുണ്ട്. അങ്ങനെ ഇരട്ട രോഗങ്ങളുടെ ഭാരം പേറുക എന്നു പറയുന്ന വളരെ അപൂര്‍വമായ, അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് ഇന്ന് കേരളത്തിലുള്ളത്.

1970-കളില്‍നിന്ന് ഇപ്പോഴത്തെ സാഹചര്യങ്ങളിലേക്ക് കേരളത്തെഎത്തിച്ച ഘടകങ്ങള്‍ എന്തൊക്കെയാണെന്നാണ് താങ്കള്‍ കരുതുന്നത്?
ഈ സ്ഥിതി വിശേഷത്തിലേക്ക് എത്തിച്ചതില്‍ സര്‍ക്കാര്‍ സംവിധാനത്തിനും പൊതുസമൂഹത്തിനുംഎത്രത്തോളം പങ്കുണ്ട്?

നമ്മുടെ ജീവിത ശൈലിയിലുണ്ടായ മാറ്റമാണ് ഈയൊരു സാഹചര്യമുണ്ടായതിന്റെ പ്രധാന കാരണം. കൃഷി ഒരു കാലത്ത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. കൃഷി എന്നത് ഒരു തൊഴില്‍ മാത്രം ആയിരുന്നില്ല. മണ്ണുമായുള്ള നമ്മുടെ ബന്ധമായിരുന്നു അത്. അധ്വാനത്തിന്റെ ഒരു ഘടകം അതിലുണ്ടായിരുന്നു. വളരെ വൃത്തിയുള്ള ശുചിയായ സാഹചര്യത്തില്‍ വളരെ ആരോഗ്യകരമായ ഭക്ഷണം പാകംചെയ്യുന്നത് ഈ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. വിഷമയമല്ലാത്ത പച്ചക്കറി ഉപയോഗിക്കുന്നത് ഈ സംസ്‌കാരത്തിന്റെ പ്രത്യേകതയായിരുന്നു. ഒരു കൂട്ടായ്മയുടെ സന്ദേശമുണ്ടായിരുന്നു കൃഷിയില്‍. ഇതെല്ലാം കൃഷി പടിയിറങ്ങിയതോടെ നമുക്ക് നഷ്ടമായി. മണ്ണുമായുള്ള ബന്ധം നഷ്ടപ്പെട്ടു. നല്ല ഭക്ഷണം നഷ്ടമായി. അധ്വാനം നഷ്ടമായി. ഇത് ജീവിതശൈലീ രോഗങ്ങള്‍ കടന്നുവരാനുള്ള സാഹചര്യം ഉണ്ടാക്കി.
രണ്ടാമത്തെ പ്രധാന കാരണം ടി.വിയുടെ കടന്നുവരവാണ്. 70-80 കള്‍ക്ക് ശേഷമുള്ള പ്രധാന സംഭവമായിരുന്നു ടി.വിയുടെ കടന്നുവരവ്. ടി.വി കടന്നുവന്നതോടെ ജനങ്ങള്‍ക്ക് വ്യായാമം ലഭിക്കാവുന്ന നിരവധി സാധ്യതകള്‍ നഷ്ടമായി. കുട്ടികള്‍ സ്‌കൂള്‍ വിട്ടുകഴിഞ്ഞാല്‍ പറമ്പില്‍ ഓടിക്കളിക്കുന്നത് മാറി ടി.വിയുടെ മുന്നില്‍ ചടഞ്ഞിരിക്കുന്നവരായി. സ്ത്രീകളും പുരുഷന്മാരുമെല്ലാം എന്തെങ്കിലും കൊറിച്ചുകൊണ്ട് ടി.വിക്ക് മുന്നില്‍ ചടഞ്ഞിരിക്കുന്ന സാഹചര്യം. ഇതെല്ലാം പുതിയ രോഗങ്ങള്‍ വരാനുള്ള സാധ്യതയൊരുക്കി. ടി.വി മാത്രമല്ല കംപ്യൂട്ടര്‍ പോലുള്ള പുതിയ സാങ്കേതികവിദ്യയുടെ വളര്‍ച്ചയും സമാനമായ സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട്.
നമ്മുടെ ഭക്ഷണ രീതിയിലുണ്ടായ മാറ്റമാണ് മൂന്നാമത്തെ കാരണം. കേരളത്തിന് സമ്പന്നമായ ഒരു പോഷകാഹാര ശീലമുണ്ടായിരുന്നു. പ്രാതല്‍ നമ്മുടെ നാടന്‍ വിഭവങ്ങള്‍ ഉപയോഗിച്ച്, ഉച്ചക്കൊരൂണ്, ലളിതമായ രാത്രി അത്താഴം, പുറത്ത് വല്ലപ്പോഴും മാത്രം പോയി ഭക്ഷണം കഴിക്കുക എന്നിവയായിരുന്നു നമ്മുടെ ശീലങ്ങള്‍. എന്നാല്‍ 'ഈറ്റിങ് ഔട്ട്' എന്നത് ഇന്നൊരു സംസ്‌കാരമായി മാറി. എവിടെ നോക്കിയാലും ഫാസ്റ്റ്ഫുഡ് കേന്ദ്രങ്ങളാണ്. അവധി ദിനങ്ങളില്‍ ഉത്സവം പോലെ ആള്‍ക്കാര്‍ വീടുകള്‍ അടച്ചിട്ട് ഹോട്ടലുകളിലേക്ക് പായുന്ന ഒരു സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ഫാസ്റ്റ്ഫുഡ് ഉല്‍പന്നങ്ങളുടെ അമിതമായ ഉപയോഗം ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള വാതായനം തുറന്നിടുകയാണ് ചെയ്തത്.
ഇവയെല്ലാം ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമായെങ്കില്‍, പകര്‍ച്ചവ്യാധികള്‍ തിരിച്ചുവരാനും നിരവധി കാരണങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ടായി. പൊതുജനാരോഗ്യ രംഗത്ത് നമുക്കുണ്ടായ ചില വീഴ്ചകള്‍ വളരെപ്രധാന കാരണമായി എന്നു പറയേണ്ടി വരും. മുനിസിപ്പാലിറ്റി - കോര്‍പറേഷന്‍ ജീവനക്കാര്‍ നമ്മുടെ വീടുകളില്‍ കൊതുക് വളരുന്നത് തടയാനുള്ള നടപടിയെടുക്കാനും ഓടകളും മറ്റും വൃത്തിയാക്കാനും വരുമായിരുന്നു. ഇതിപ്പോള്‍ വലിയ തോതില്‍ കുറവാണ്. ആരോഗ്യമേഖലയിലെ ജീവനക്കാരുടെ കുറവ് ഇതിന് പ്രധാന കാരണമാണ്. തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യവകുപ്പും തമ്മിലുള്ള ഏകോപനമില്ലായ്മ, പൊതുജനാരോഗ്യ വകുപ്പിന്റെ വീഴ്ച ഇതെല്ലാം ചേര്‍ന്ന് മാലിന്യ സംസ്‌കരണം ഒരു പരാജയമാക്കി മാറ്റി. കേരളത്തിലെ ഒരു നഗരസഭക്കും എടുത്തുകാട്ടാവുന്ന മാലിന്യ സംസ്‌കരണ മാതൃകയില്ല. കോര്‍പറേഷനുകളുടെ കാര്യം പറയുകയേ വേണ്ട. മാലിന്യ സംഭരണ, സംസ്‌കരണ, നിര്‍മാര്‍ജന രംഗത്ത് നമ്മള്‍ കാണിച്ച ശ്രദ്ധയില്ലായ്മക്കുള്ള ഫലങ്ങളാണ് ഈ രംഗത്തെ പ്രശ്‌നങ്ങള്‍.
പകര്‍ച്ച വ്യാധികള്‍ വ്യാപകമാകുന്നത് മൂന്ന് കാര്യങ്ങള്‍ കൊണ്ടാണ്. ഒന്ന്, കാരണക്കാരായ രോഗാണു, രണ്ട് വാഹകന്‍, മൂന്ന് പരിസ്ഥിതി. ഇതില്‍ രോഗാണുക്കള്‍ ഇവിടെ സജീവമാണ്. ജനസാന്ദ്രതയേറിയ കേരളത്തില്‍ വാഹകരുടെ കുറവുണ്ടാകില്ല. പരിസ്ഥിതി അതിനേക്കാള്‍ അനുകൂലമാണ്. കേരളത്തില്‍ കണ്ടുവരുന്ന പ്രധാന പകര്‍ച്ചവ്യാധികള്‍ ജലജന്യ രോഗങ്ങളും കൊതുകുജന്യ രോഗങ്ങളുമാണ്. ഇത് രണ്ടിന്റെയും മൂലകാരണം പരിശോധിക്കുകയാണെങ്കില്‍ അവിടെയെല്ലാം മാലിന്യ പ്രശ്‌നം പ്രധാന വില്ലനായി മാറുന്നത് കാണും. മാലിന്യ സംസ്‌കരണം പ്രധാന അജണ്ടയാക്കി മാറ്റാതെ പകര്‍ച്ചവ്യാധികളെ മറികടക്കാന്‍ നമുക്ക് കഴിയില്ല.
നഗരവല്‍കരണവും ജനങ്ങളുടെ ശുചിത്വബോധമില്ലായ്മയുമാണ് മറ്റൊരു പ്രധാന പ്രശ്‌നം. മാലിന്യം വലിച്ചെറിയുന്നതില്‍ കാണുന്നത് ഇതാണ്. വ്യക്തി ശുചിത്വത്തിന് നല്‍കുന്ന പ്രാധാന്യം പരിസര ശുചിത്വത്തിന് നല്‍കുന്നില്ല.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഈ രംഗത്ത് ഏറെ ചെയ്യാനുണ്ടെന്ന് പറയേണ്ടതില്ലല്ലോ. എവിടെയാണ് വീഴ്ച സംഭവിച്ചത് ? ഈ
സാഹചര്യം മറികടക്കാന്‍ സര്‍ക്കാര്‍ സംവിധാനം എത്രത്തോളം കാര്യക്ഷമമാകേണ്ടതുണ്ട്?

സര്‍ക്കാര്‍ പദ്ധതികളൊന്നും ലക്ഷ്യം കാണുന്നില്ല എന്നതാണ് വസ്തുത. ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാനായി കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ എന്‍.സി.ഡി ക്ലിനിക്കുകളുടെ പ്രവര്‍ത്തനം തന്നെ ഉദാഹരണമായെടുക്കാം. തിരുവനന്തപുരത്തും ആലപ്പുഴയിലും എന്‍.സി.ഡി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ സംബന്ധിച്ച ബോധവല്‍കരണം, ആരോഗ്യകരമായ ഭക്ഷണ ശീലത്തെക്കുറിച്ച വിവരം നല്‍കുക, സ്‌കൂളുകളില്‍ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുക ഇതൊക്കെയായിരുന്നു എന്‍.സി.ഡി ക്ലിനിക്കുകളുടെ ലക്ഷ്യങ്ങള്‍. ഇവിടെ ഇപ്പോള്‍ ആകെ നടക്കുന്നത് കുറെ മരുന്നുകളുടെ വിതരണം മാത്രമാണ്. രോഗികള്‍ക്ക് റേഷന്‍ കാര്‍ഡുപോലെ ഒരു ബുക്കടിച്ച് നല്‍കും. ഇതുമായി എല്ലാ മാസവും വന്ന് റേഷന്‍ പോലെ മരുന്നു വാങ്ങി പോവുക എന്നതല്ലാതെ രോഗ പ്രതിരോധത്തിനാവശ്യമായ ഒരു ശ്രമങ്ങളും നടക്കുന്നില്ല.
നമുക്ക് നല്ല ഒരു ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പുമുണ്ട്. ഇതു രണ്ടും സഹകരിച്ച് സ്‌കുളൂകളില്‍ ഹെല്‍ത്ത് ക്ലബുകള്‍ രൂപീകരിച്ച് കുട്ടികള്‍ക്ക് ശരിയായ ആരോഗ്യ ശീലങ്ങളെക്കുറിച്ചും ആഹാരശീലത്തെക്കുറിച്ചും വ്യായാമത്തെക്കുറിച്ചും ബോധവല്‍ക്കരണം നടത്താന്‍ കഴിയും. എന്നാല്‍ അങ്ങനെയൊരു ശ്രമം ഉണ്ടാകുന്നില്ല.
സര്‍ക്കാര്‍ തന്നെ ചികിത്സാ കേന്ദ്രീകൃതമായ ആരോഗ്യപ്രവര്‍ത്തനത്തിനാണ് ഊന്നല്‍ നല്‍കുന്നത്. പുതിയ ആശുപത്രികള്‍, അവയില്‍ പുതിയ ബ്ലോക്കുകള്‍, പുതിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവ തുടങ്ങുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ജനങ്ങളുടെ ഇടയില്‍ എത്തിക്കാം എന്ന ചിന്തയോ പ്രവര്‍ത്തനമോ ഉണ്ടാകുന്നില്ല. പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലതെന്ന സന്ദേശം സര്‍ക്കാര്‍ ഉള്‍ക്കൊണ്ട മട്ടില്ല.
ആരോഗ്യമേഖലക്കുള്ള ബജറ്റ് വിഹിതത്തിലെ കുറവും മറ്റൊരു പ്രശ്‌നമാണ്. വികസിത രാജ്യങ്ങളില്‍ അഞ്ച് ശതമാനം വരെ വിഹിതം ബജറ്റില്‍ ആരോഗ്യ മേഖലക്കായി മാറ്റിവെക്കുമ്പോള്‍ 0.8 മുതല്‍ ഒരു ശതമാനം വരെയാണ് കേരളത്തില്‍ ആരോഗ്യമേഖലക്കായി മാറ്റിവെക്കുന്നത്. ഇത് തീര്‍ത്തും അപര്യാപ്തമാണ്. കൂടുതല്‍ നിക്ഷേപം ഈ മേഖലയിലേക്ക് നടത്തുക എന്നതും പ്രധാനമാണ്.
സ്വകാര്യ മേഖലയെ നിയന്ത്രിക്കുക എന്നതാണ് പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ചെയ്യേണ്ട മറ്റൊരു കാര്യം. കേരളത്തില്‍ സ്വകാര്യ ആശുപത്രികള്‍ പല സ്ഥലങ്ങളിലായി ആരംഭിക്കുന്നുണ്ട്. ലാഭേച്ഛ മാത്രമാണ് ഇവരുടെ ലക്ഷ്യം. ഈ മേഖലയില്‍ ഒരു സാമൂഹിക ഓഡിറ്റിങ് ഉണ്ടാവുക ഈ മേഖലയെ നിയന്ത്രിക്കുന്നതില്‍ പ്രധാനമാണ്. സ്വകാര്യ ആശുപത്രികളെ രണ്ടോ മൂന്നോ നിലയായി തരംതിരിച്ച് ഇവയുടെ ചികിത്സാ ചെലവിന് മാനദണ്ഡമുണ്ടാക്കുകയും അത് പ്രസിദ്ധീകരിക്കുകയും വേണം. ഈ സ്ഥലങ്ങളിലെ ചികിത്സാ നിലവാരത്തെക്കുറിച്ച വിലയിരുത്തലും സര്‍ക്കാര്‍ അതാത് സമയങ്ങളില്‍ നടത്തണം.

സര്‍ക്കാര്‍ മേഖലയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കുറെ നടപടികളുണ്ട്. പുതിയ ആശുപത്രികളുണ്ടാക്കുന്നു, പ്രാഥമിക സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളെ അപ്‌ഗ്രേഡ് ചെയ്യുന്നു.എന്നാല്‍ അവിടങ്ങളില്‍ മതിയായസൗകര്യം ഏര്‍പെടുത്തുന്നുമില്ല.
ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണന എന്തായിരിക്കണമെന്നാണ് താങ്കള്‍ കരുതുന്നത്?

പ്രാഥമിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന രീതിയാണ് നമ്മുടെ സമൂഹത്തിനാവശ്യം. മൂന്ന് തലങ്ങളുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ ശൃംഗലയും റഫറല്‍ സംവിധാനവുമാണ് വേണ്ടത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും താലൂക്കാശുപത്രികളും ആദ്യ തലത്തിലും, ജില്ലാ ആശുപത്രികള്‍ രണ്ടാം തലത്തിലും, മൂന്നാം തലത്തില്‍ മെഡിക്കല്‍ കോളെജുകളുമാണ് ഉണ്ടാകേണ്ടത്. ചെറിയ അസുഖങ്ങള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പോവുകയും അവിടെ റഫര്‍ ചെയ്യുമ്പോള്‍ മാത്രം ജില്ലാ ആശുപത്രിയില്‍ പോവുകയും അവിടെയും കൈകാര്യം ചെയ്യാന്‍ കഴിയാത്ത അസുഖങ്ങള്‍ക്ക് മെഡിക്കല്‍ കോളെജുകളെ ആശ്രയിക്കുകയുമാണ് ചെയ്യേണ്ടത്. ഒരു പനി വന്നാല്‍ തന്നെ മെഡിക്കല്‍ കോളെജില്‍ പോയി ക്യൂ നില്‍ക്കുക എന്നതാണ് ഇപ്പോഴത്തെ രീതി. നാട്ടിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പോയാല്‍ ഒന്നുകില്‍ അവിടെ ഡോക്ടറുണ്ടാകില്ല, അല്ലെങ്കില്‍ മരുന്നുണ്ടാകില്ല, അതുമല്ലെങ്കില്‍ നല്ല അന്തരീക്ഷമായിരിക്കില്ല എന്നതാണ് ഇതിന്റെ കാരണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുകയെന്നതാണ് ഈ സാഹചര്യം മറികടക്കാനുള്ള മാര്‍ഗം. ആവശ്യമായ മാനവവിഭവശേഷി, അടിസ്ഥാന സൗകര്യങ്ങള്‍, മരുന്നുവിതരണം എന്നിവ ഉറപ്പുവരുത്തണം. പ്രാഥികാരോഗ്യ കേന്ദ്രങ്ങളില്‍ ഹെല്‍ത്ത് സബ് സെന്ററുകളുണ്ട്. ഇവയിലൂടെ ആശാവര്‍ക്കര്‍മാരെയും മറ്റും ഉപയോഗിച്ച് ജനങ്ങള്‍ക്കിടയില്‍ ആരോഗ്യ ബോധവല്‍കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കണം. ചികിത്സയും ആരോഗ്യ വിദ്യാഭ്യാസവും പ്രതിരോധ പ്രവര്‍ത്തനവും നടത്താന്‍ കഴിയുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് നാടിന്റെ ആരോഗ്യ മേഖലയുടെ നട്ടെല്ല്. അതുകൊണ്ടു തന്നെ അതിന്റെ ശാക്തീകരണത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്. മെഡിക്കല്‍ കോെളജുകളിലും ജില്ലാ ആശുപത്രികളിലും എം.ആര്‍.ഐ സൗകര്യം ആരംഭിക്കുന്നതുകൊണ്ട് മാത്രം ഈ അടിസ്ഥാന പ്രശ്‌നം പരിഹരിക്കപ്പെടുകയില്ല.

സ്ത്രീകള്‍ തൊഴില്‍ രംഗങ്ങളിലും പൊതുരംഗത്തും സജീവമായിരിക്കുകയാണ് ഈ കാലത്ത്. അതേ സമയം തന്നെ സ്ത്രീകളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു. എന്താണ് മാറിയ കാലത്ത് സ്ത്രീകളുടെ ആരോഗ്യത്തിന് സംഭവിക്കുന്നത്?
മാറിയ സാഹചര്യങ്ങളില്‍ രണ്ടു ജോലികള്‍ ഒരേ സമയം സ്ത്രീകള്‍ക്ക് ചെയ്യേണ്ടിവരുന്നു. ഒരു വീട്ടമ്മയുടെ റോളും ഉദ്യോഗസ്ഥയുടെ റോളും ഒരേ സമയം നിര്‍വഹിക്കുന്നു. അതുകൊണ്ടുതന്നെ സ്ത്രീകള്‍ പൊതുവെ സമ്മര്‍ദത്തിലാണ്. പിരിമുറുക്കം വളരെയേറെ ബാധിക്കുന്നുണ്ട്. ഈ പിരിമുറക്കമാണ് 'ഹറീഡ് വിമന്‍ സിന്‍ഡ്രോം' എന്നറിയപ്പെടുന്ന പുതിയ രോഗത്തിലേക്ക് സ്ത്രീകളെ നയിക്കുന്നത്. തിരക്കുപിടിച്ച സ്ത്രീകള്‍ക്കുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. മാനസിക പിരിമുറുക്കം വര്‍ധിക്കുന്നതുകൊണ്ടുണ്ടാകുന്ന രോഗങ്ങളായ ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍, കൊളസ്‌ട്രോള്‍ എന്നിവ സ്ത്രീകളില്‍ വളരെ കൂടി വരികയാണ്. പുതിയ ജീവിതശൈലി മൂലമുണ്ടാകുന്ന രോഗങ്ങളും സ്ത്രീകള്‍ക്ക് വര്‍ധിക്കുകയാണ്. സ്ത്രീകള്‍ക്ക് പൊതുവെ ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യത കുറവാണെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. സ്ത്രീകളെ സ്ത്രീയാക്കുന്ന അവയവമായ ഗര്‍ഭപാത്രവും അണ്ഡാശയവും ചേര്‍ന്നുല്‍പാദിപ്പിക്കുന്ന ഈസ്ട്രജന്‍ എന്ന ഹോര്‍മോണാണ് സ്ത്രീകളെ ഹൃദ്രോഗങ്ങളില്‍ നിന്നും രക്തധമനികളുമായി ബന്ധപ്പെട്ട രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കും ഗര്‍ഭാശയം മാറ്റേണ്ടിവരുന്നു. അതുകൊണ്ടു തന്നെ പുരുഷന്മാരിലെന്നപോലെ സ്ത്രീകളിലും ഹൃദ്രോഗ സാധ്യത വര്‍ധിച്ചിക്കുകയാണ്. സ്ത്രീകളില്‍ കാന്‍സറിന്റെ വ്യാപനവും വര്‍ധിച്ചിട്ടുണ്ട്. അതേസമയം ഈസ്ട്രജന്റെ പ്രഭാവം കൂടുതല്‍കാലം നില്‍ക്കുന്നതിലൂടെ അര്‍ബുദസാധ്യതയും സ്ത്രീകള്‍ക്ക് വര്‍ധിക്കുന്നുണ്ട്. സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന ഗര്‍ഭാശയഗള അര്‍ബുദത്തിനും സ്തനാര്‍ബുദത്തിനും പ്രധാന കാരണം ഈസ്ട്രജന്റെ പ്രഭാവം കൂടുതല്‍ സമയം നില്‍ക്കുന്നു എന്നതാണ്. സ്ത്രീകളുടെ വിവാഹ, ഗര്‍ഭധാരണ പ്രായത്തിലെ വര്‍ധനയാണ് ഇതിന് പ്രധാന കാരണം. ഗര്‍ഭം ധരിക്കുമ്പോള്‍ പ്രൊജസ്‌ട്രോണ്‍ (Progesterone) എന്ന മറ്റൊരു ഹോര്‍മോണ്‍ കൂടി ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ഈസ്ട്രജന്റെ പ്രഭാവത്തെ സന്തുലിതമാക്കുന്നു. ഇപ്പോള്‍ സ്ത്രീകളുടെ ശരാശരി വിവാഹ പ്രായം 28 മുതല്‍ 30 വരെ ആയി മാറിയിട്ടുണ്ട്. വിവാഹം വൈകുന്നതിലൂടെ ഗര്‍ഭധാരണവും വൈകുന്നു. അതേ സമയം ജീവിതശൈലിയിലെ മാറ്റം കാരണം പെണ്‍കുട്ടികള്‍ക്ക് നേരത്തെ ആര്‍ത്തവാരംഭമുണ്ടാവുകയും ചെയ്യുന്നു. ഈ മൂന്നു കാര്യങ്ങളും മൂലം ഈസ്ട്രജന്റെ പ്രഭാവം വളരെകൂടുതല്‍ കാലം ശരീരത്തില്‍ നിലനില്‍ക്കാന്‍ ഇടയാക്കുന്നു.
വിധവകളുടെ എണ്ണം വര്‍ധിക്കുന്നതാണ് സ്ത്രീ സമൂഹം അനുഭവിക്കുന്ന മറ്റൊരു പ്രധാന സാമൂഹിക പ്രശ്‌നം. 60-65 വയസ്സോടെ പുരുഷന്മാര്‍ മരണപ്പെടുകയും സ്ത്രീകള്‍ ഒറ്റക്ക് ജീവിക്കാന്‍ വിധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. പലപ്പോഴും മക്കളും മരുമക്കളും പഠനം, ജോലി എന്നിവക്കായി അകലെയായിരിക്കും. ജീവിത സായാഹ്‌നത്തില്‍ തികച്ചും ഒറ്റപ്പെട്ട അവസ്ഥ, അതിനെ തുടര്‍ന്നുള്ള മാനസിക പ്രശ്‌നങ്ങള്‍, സാമ്പത്തിക സാമൂഹിക പ്രശ്‌നങ്ങള്‍ ഇവയെല്ലാം വിധവകള്‍ ഇന്നു നേരിടുന്നു.

പുതിയ കാലഘട്ടത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് ഡോക്ടര്‍ സംസാരിച്ചത്. ഈ പുതിയ സാഹചര്യത്തെ എങ്ങനെയാണ് നേരിടുക? സ്ത്രീ സ്വന്തം നിലയിലും സമൂഹം പൊതുവായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ കുടുംബത്തിന് വലിയ പങ്കുവഹിക്കാനുണ്ട്. സ്ത്രീകള്‍ ജോലിക്കുപോവുകയും ജനപ്രതിനിധിയെന്ന നിലയിലും മറ്റും പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുടുംബത്തിന്റെ പിന്തുണ ഏറെ ഗുണം ചെയ്യും. പാചകം തന്നെ ഉദാഹരണമായെടുക്കാം. പുറം ജോലി ചെയ്യാത്ത സ്ത്രീകളെപ്പോലെത്തന്നെ ജോലി ചെയ്യുന്നവരും വീട്ടിലെ പാചകം ഒറ്റക്ക് ചെയ്യണമെന്നത് പ്രയാസകരമായ കാര്യമാണ്. ഈ സാഹചര്യത്തില്‍ കുടുംബാംഗങ്ങളെല്ലാം പാചകത്തില്‍ ഭാഗഭാക്കാവുകയും കുടുംബ പാചകമെന്ന സങ്കല്‍പം ഉണ്ടാവുകയും ചെയ്താല്‍ സ്ത്രീകളുടെ ഭാരം വളരെയധികം ലഘൂകരിക്കപ്പെടും. ഇതുപോലെ എല്ലാവരും ചേര്‍ന്ന് വീട്ടുജോലികള്‍ ചെയ്യുകയും സ്ത്രീകളുടെ ജോലികളില്‍ പങ്കാളിയാവുകയും ചെയ്യുകയാണെങ്കില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സമ്മര്‍ദവും പിരിമുറുക്കവും കുറക്കാന്‍ കഴിയും.
രണ്ടാമതായി, സ്ത്രീകള്‍ സ്വയംതന്നെ അവരുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കണമെന്നതാണ്. ആരോഗ്യകരമായ ഭക്ഷണ രീതി, വ്യായാമം എന്നിവയിലൂടെ ആരോഗ്യകരമായ ജീവിതശൈലി ഉണ്ടാക്കാന്‍ സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. രോഗങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ സ്തനാര്‍ബുദം എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നതും നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്നതുമായ ഒന്നാണ്. ഇങ്ങനെയുള്ള കാര്യങ്ങളില്‍ അവബോധമുണ്ടാവുകയും ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്. സമൂഹത്തിനും വളരെയധികം ചെയ്യാനുണ്ട്. ഉദാഹരണത്തിന് നേരത്തെ സൂചിപ്പിച്ച വിധവകളുടെ കാര്യമെടുക്കാമെങ്കില്‍ അവരെ പുനരധിവസിപ്പിക്കാനോ പകല്‍ പാര്‍ക്കാനോ ഉള്ള കേന്ദ്രങ്ങള്‍ സജ്ജമാക്കുകയോ വേണം. ഇതിനായി തദ്ദേശ സ്വയംഭരണ തലത്തിലും സര്‍ക്കാര്‍ തലത്തിലും സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തിന്റെ പുതിയ യാഥാര്‍ഥ്യമാണ്. 40 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളില്‍ കേരളത്തിലുണ്ടെന്നാണ് കണക്ക്. ഇവര്‍ എല്ലാ തൊഴില്‍ മേഖലയിലും പണിയെടുക്കുന്നു. ഇവരുടെയും ഇവരിലൂടെ സംസ്ഥാനത്തെ ആരോഗ്യമേഖലയിലും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? ഇതിനെ എങ്ങനെ പരിഹരിക്കാം?
പത്ത് വര്‍ഷത്തിനിടെയുണ്ടായ പുതിയ സംഭവവികാസമാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ വരവും താമസവും. ഈ തൊഴിലാളികളുടെ അടിസ്ഥാന ആരോഗ്യ വിവരങ്ങള്‍പോലും നമുക്ക് ലഭ്യമല്ല. ഏത് പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരാണ്, ഏതൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവര്‍ നേരിടുന്നുണ്ട് എന്നൊന്നും നമുക്കറിയില്ല. ഇവര്‍ ജോലി ചെയ്യുന്നത് നിര്‍മാണ മേഖലയില്‍ മാത്രമല്ല, ഹോട്ടലുകളിലെ ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും എല്ലാം ഇവര്‍ നില്‍ക്കുന്നുണ്ട്. മാരകങ്ങളായ പല രോഗങ്ങളുടെയും വാഹകരാണോ ഇവരെന്ന് നമുക്ക് അറിയാന്‍ കഴിയുന്നില്ല. ടി.ബി, മലേറിയ, എച്ച്.ഐ.വി എന്നിങ്ങനെയുള്ള രോഗങ്ങളുടെ വാഹകരാണെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. ഇവരുമായുള്ള ഇടപെടലുണ്ടാക്കാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് കേരളം യഥാര്‍ഥത്തില്‍ ബോധവാന്മാരല്ല. ഇവിടെ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന മലേറിയ ഇപ്പോള്‍ സംസ്ഥാനത്തിന്റെ പലയിടത്തും റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇതിനൊരു കാരണം ഇതര സംസ്ഥാന തൊഴിലാളികളുടെ രോഗാവസ്ഥയാകാന്‍ സാധ്യതയുണ്ട്. ഹോട്ടലുകളില്‍ നില്‍ക്കുന്നവരുടേതുള്‍പ്പെടെ തൊഴിലാളികളില്‍ ആവശ്യമായ പരിശോധനകള്‍ നടക്കുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കുകയും ഇവര്‍ക്കായി ആരോഗ്യ ക്യാമ്പ് നടത്തുകയും ഹെല്‍ത്ത് കാര്‍ഡുള്‍പ്പെടെ നല്‍കുകയും വേണം. ഇതിനനുസരിച്ചുള്ള ചികിത്സയും പ്രതിരോധ മാര്‍ഗങ്ങളും ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികളും വേണം. എന്നാലേ ഇവരുടെയും ഇവര്‍ മുഖേനയുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെയും മറികടക്കാന്‍ കഴിയൂ.

ഒരു വിഭാഗം മരുന്ന് സംയുക്തങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണല്ലോ ഇപ്പോള്‍. ഇത് ജനങ്ങള്‍ക്കിടയിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും വലിയ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. എന്താണ് ഈ നിരോധത്തിന് പിന്നിലെ ശാസ്ത്രീയ വസ്തുത? ഇപ്പോഴത്തെ ആശയക്കുഴപ്പംമറികടക്കാനുള്ള മാര്‍ഗങ്ങള്‍എന്തൊക്കെ?
വ്യാപകമായി മരുന്നുകള്‍ നിരോധിക്കപ്പെട്ടുവെന്ന പ്രചാരണമാണ് ഉണ്ടായിട്ടുള്ളത്. അശാസ്ത്രീയമായി കൂട്ടിയോജിപ്പിച്ച് ഉത്പാദിപ്പിച്ച മരുന്നു സംയുക്തങ്ങളെ മാത്രമാണ് നിരോധിച്ചിട്ടുള്ളത്. ഇത്തരം മരുന്ന് സംയുകതങ്ങള്‍ക്കെതിരായി ജനകീയ ആരോഗ്യപ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി പ്രചരണം നടത്തിവരികയും ഇവയെ നിരോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. എന്നാല്‍, മരുന്നു ലോബികളുടെ സമ്മര്‍ദം കാരണം നീട്ടി നീട്ടി പോവുകയായിരുന്നു. ഈ മരുന്നുകള്‍ രോഗികള്‍ക്ക് ദോഷകരമാണെന്ന് പറയാന്‍ പല കാരണങ്ങളുണ്ട്. ഇത്തരം സംയുക്തങ്ങളില്‍ പലതും രോഗിക്ക് ആവശ്യമില്ലാത്തതായിരിക്കും. ഉദാഹരണത്തിന് പനിക്കുള്ള മരുന്ന് ഒരാള്‍ കഴിക്കുമ്പോള്‍ അതിനകത്ത് ജലദോഷത്തിന്റെയും തലവേദനയുടെയും മരുന്നും വയറിന് ബുദ്ധിമുട്ടാണ്ടാകാതിരിക്കാനുള്ള മരുന്നും കൂടി ചേര്‍ത്തിരിക്കും. ഇതിലൂടെ ആ രോഗിക്ക് ആവശ്യമില്ലാത്ത മരുന്നുകൂടി കഴിക്കേണ്ടി വരുന്നു. മാത്രമല്ല, ആവശ്യമില്ലാത്ത മരുന്നുകളുടെ ചെലവ് കൂടി രോഗിക്ക് വഹിക്കേണ്ടി വരുന്നു. മറ്റൊന്ന്, ചില മരുന്നുകള്‍ ആഹാരത്തിന് ശേഷം കഴിക്കേണ്ടതും മറ്റു ചിലത് ആഹാരത്തിന് മുമ്പ് കഴിക്കേണ്ടതും ആയിരിക്കും. ഉദാഹരണത്തിന്, വേദനാസംഹാരികള്‍ ആഹാരത്തിന് ശേഷം കഴിക്കാനാണ് സാധാരണയായി നിര്‍ദേശിക്കുക. എന്നാല്‍, ഉദര സംരക്ഷണ മരുന്നുകള്‍ ആഹാരത്തിന് മുമ്പായിരിക്കും കഴിക്കേണ്ടത്. എന്നാല്‍, നിരോധിച്ച പല മരുന്നുകളിലും ഇവ രണ്ടും ഒരുമിച്ച് ചേര്‍ത്തിരിക്കും. ഇത്തരത്തിലുള്ള മരുന്ന് ഒരുമിച്ച് ഉപയോഗിക്കുന്നത് ശാസ്ത്രീയമല്ലെന്ന് മാത്രമല്ല, പലപ്പോഴും വിപരീത ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. മറ്റൊരു പ്രശ്‌നം പാര്‍ശ്വഫലങ്ങളുമായി ബന്ധപ്പെട്ടതാണ്. മരുന്ന് സംയുക്തമായി കഴിക്കുമ്പോഴുണ്ടാകുന്ന പാര്‍ശ്വഫലം ഏതു ഘടക മരുന്നുമൂലമാണെന്ന് മനസ്സിലാക്കാന്‍ കഴിയില്ല. ഇതെല്ലാം അശാസ്ത്രീയ മരുന്നു സംയുക്തങ്ങളുടെ ദോഷഫലങ്ങളാണ്. അതേസമയം മരുന്നു സംയുക്തങ്ങളെല്ലാം നിരോധിക്കുന്നതും നല്ലതല്ല. ഏഴും എട്ടും മരുന്നുകള്‍ ഒരേ സമയം കഴിക്കേണ്ടവര്‍ക്ക് സംയോജിപ്പിക്കാന്‍ കഴിയുന്നവ സംയോജിപ്പിച്ച് മരുന്നുകളുടെ എണ്ണം കുറച്ചാല്‍ രോഗി മരുന്നു കഴിക്കാനുള്ള സാധ്യത വര്‍ധിക്കും. ഇത്തരത്തിലുള്ള ശാസ്ത്രീയമായ സംയുക്തങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്.
ഇത് സംബന്ധിച്ച് ആരോഗ്യമേഖലയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. നിരോധനം വന്നതോടെ ഭൂരിഭാഗം മരുന്നുകളും വിപണിയില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. കഴിച്ചുകൊണ്ടിരിക്കുന്ന പല മരുന്നുകളും വിപണിയില്‍ ലഭിക്കാതെ വരുമ്പോള്‍ രോഗികള്‍ തീര്‍ച്ചയായും ആശങ്കയിലാകും. സ്ഥിരമായി മരുന്നുകഴിക്കുന്നവരും കഴിച്ചുകൊണ്ടിരിക്കുന്ന മരുന്ന് ലഭിക്കാത്തവരും ഡോക്ടറുമായി വീണ്ടും ബന്ധപ്പെട്ട് നിരോധിച്ച മരുന്നു സംയുക്തങ്ങള്‍ക്ക് പകരമുള്ള ഏകമാത്ര (ഒറ്റക്കുള്ള) മരുന്നുകള്‍ എഴുതിവാങ്ങി ഉപയോഗിക്കുക എന്നതാണ് ഈ സാഹചര്യത്തില്‍ ചെയ്യേണ്ടത്.
മരുന്നു സംയുക്തങ്ങളുടെ

പ്രശ്‌നത്തിന് പോലും പ്രധാന കാരണമായി വിലയിരുത്തുന്നത് സ്വകാര്യ മരുന്നുലോബികളുടെ സമ്മര്‍ദമാണ്. സ്വകാര്യ മരുന്നുലോബിയുടെ സമ്മര്‍ദങ്ങളെ മറികടക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ട നടപടികള്‍ എന്തൊക്കെയാണ്?
സ്വകാര്യ മരുന്ന് ലോബികളെ നിയന്ത്രിക്കാനുള്ള ശക്തമായ നിയമനിര്‍മാണം നടത്തുക എന്നതു തന്നെയാണ് ഏറ്റവും പ്രധാന കാര്യം. കെ.എസ്.ഡി.പി (കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്) മാതൃകയില്‍ പൊതുമേഖലാ സംരംഭങ്ങള്‍ മരുന്ന് ഉല്‍പാദന രംഗത്തുണ്ടാവുകയും അവ നിലവാരമുള്ള മരുന്നുകള്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുകയാണ് പ്രായോഗികമായ നടപടി. അങ്ങനെയാണെങ്കില്‍ സ്വകാര്യ മരുന്നു മേഖലയെ ആശ്രയിക്കാതെ മുന്നോട്ടുപോകാന്‍ കഴിയും. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വിതരണം ചെയ്യുന്ന മരുന്നുകളില്‍ വരെ നിലവാരമില്ലാത്ത മരുന്നുകളുണ്ട്. ഈ അവസ്ഥമാറ്റി സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവാരമുള്ള മരുന്ന് ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണം. കെ.എസ്.ഡി.പി തന്നെ ഇപ്പോള്‍ പരിതാപകരമായ അവസ്ഥയിലാണ്. അത് ശക്തിപ്പെടുത്തുകയും ആ മാതൃകയില്‍ കൂടുതല്‍ മരുന്നുല്‍്പാദന കേന്ദ്രങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുക എന്നതു തന്നെയാണ് സ്വകാര്യ മേഖലയെ മറികടക്കാനുള്ള വഴി.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top