കരാര്‍ തിരുത്തിയ ധീരവനിത

ശൈഖ് മുഹമ്മദ് കാരകുന്ന്‌ No image

ന്നത്തെപ്പോലെ ബസ്സും കാറും വിമാനവും കപ്പലുമൊന്നുമില്ലാത്ത കാലത്ത് നാനൂറ്റിമുപ്പത് കിലോമീറ്റര്‍ തനിച്ച് യാത്രചെയ്യുക; അതും ഒരു സ്ത്രീ കാല്‍നടയായി. അതിസാഹസത്തിന് സന്നദ്ധയായി വീട്ടില്‍ നിന്നിറങ്ങിത്തിരിച്ച സ്ത്രീയാണ് ഉമ്മു കുല്‍സൂം. ഉഖ്ബതുബ്‌നു അബീമുഐതിന്റെ മകള്‍. അവര്‍ ഉമവീ ഗോത്രക്കാരിയാണ്. ആ ഗോത്രം തന്നെ പൊതുവെ ഇസ്‌ലാം വിരുദ്ധ നിലപാടാണ് സ്വീകരിച്ചിരുന്നത്. പിതാവ് ഉഖ്ബതും സഹോദരന്മാ
രായ വലീദും അമ്മാറുമെല്ലാം ഇസ്‌ലാമിന്റെ കൊടും വിരോധികളായിരുന്നു. നബി(സ)യുടെ തലയെടുക്കാന്‍ ഉമവികള്‍ പലതവണ പരിപാടിയിട്ടതാണ്. എല്ലാം പരാജയപ്പെടുകയായിരുന്നു. നാടുവിട്ടിട്ടും അവരുടെ കലിയടങ്ങിയില്ല. അതിനാലാണവര്‍ മദീനയെ തകര്‍ക്കാന്‍ തിടുക്കം കാട്ടിയത്. അതിനായി മക്കക്കാര്‍ നടത്തിയ തീവ്രയത്‌നങ്ങളിലെല്ലാം അവര്‍ പങ്കാളികളായി.
ഇസ്‌ലാമിന്റെ ആകര്‍ഷണശക്തി അത്യപാരമാണല്ലോ. അത് ഉമവീ കുടുംബത്തിലെ യുവസുന്ദരി ഉമ്മുകുല്‍സൂമിന്റെ മനം കവര്‍ന്നു. അതവരെ അഗാധമായി സ്വാധീനിച്ചു. അതിനാല്‍ അവര്‍ അതിനുവേണ്ടി എന്തും സമര്‍പിക്കാന്‍ തയ്യാറായി. ഇസ്‌ലാം അങ്ങനെയാണല്ലോ. ആത്മാര്‍ഥമായി അതുള്‍ക്കൊള്ളുന്നവരിലെല്ലാം അത് അതുല്യമായ കരുത്തും ധൈര്യവും വളര്‍ത്തുന്നു. അതിനുവേണ്ടി ഏറ്റവും പ്രിയപ്പെട്ടത് ത്യജിക്കാനും ഏറ്റവും പ്രയാസകരമായത് ചെയ്യാനും പ്രാപ്തമാക്കുന്നു.
ഉമ്മുകുല്‍സൂം സമ്പന്നമായ തന്റെ തറവാടിനോട് വിടപറയാന്‍ സന്നദ്ധമായി. സ്‌നേഹസമ്പന്നരായ മാതാപിതാക്കളെയും സഹോദരന്മാരെയും വിട്ടകലാന്‍ തയ്യാറെടുത്തു. സുഖസൗകര്യങ്ങളുടെ ശീതളതയില്‍നിന്ന് ചുട്ടുപൊള്ളുന്ന മരുഭൂമിയുടെ ശൂന്യതയിലേക്കിറങ്ങാനൊരുങ്ങി. അവര്‍ സന്മാര്‍ഗം സ്വീകരിച്ചത് വീട്ടുകാരോ കൂട്ടുകാരോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല. അറിഞ്ഞാല്‍ തന്റെ കഥകഴിക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു. നന്നെച്ചുരുങ്ങിയത് തടവിലിടുകയെങ്കിലും ചെയ്യും. അതിനാലാണ് പരമരഹസ്യമായി സത്യമതം സ്വീകരിച്ചത്.
ഉമവീ കൂടുംബത്തിന്റെ തന്‍ഈം തറവാട്ടിലെ തന്റെ വീട്ടില്‍ താമസിച്ച് തന്റെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ സാധ്യമല്ലെന്ന് ഉമ്മുകുല്‍സൂം മനസ്സിലാക്കി. അതിനാല്‍ മദീന ലക്ഷ്യംവെച്ച് പുറപ്പെട്ടു. താരുണ്യം തളിരിട്ടുനില്‍ക്കുന്ന പ്രായത്തില്‍ ആരിലും താല്‍പര്യമുണര്‍ത്തുന്ന ചെറുപ്പക്കാരി തനിച്ച് യാത്രചെയ്യുക എന്നത് അചിന്തനീയമായിരുന്നു. പ്രവാചകനും അബൂബക്കര്‍ സ്വിദ്ദീഖും ഒട്ടകപ്പുറത്തായിരുന്നിട്ടും ഏഴു നാളെടുത്താണ് മക്കയില്‍നിന്ന് മദീനയിലെത്തിയത്.
സൂര്യന്‍ ഉദിച്ചുയരുന്നതോടെ മരുഭൂമി ചൂടുപിടിക്കും. ഉച്ചയാകുന്നതോടെ തിളച്ചുമറിയും. രോമം കരിച്ചുകളയാന്‍ പോന്നതാണ് മരുഭൂമിയിലെ തീക്കാറ്റ്. എന്നിട്ടും ഉമ്മുകുല്‍സൂം വീടുവിട്ടിറങ്ങി. നബിതിരുമേനിയുടെയും അനുയായികളുടെയും അടുത്തെത്താനുള്ള തിടുക്കത്തില്‍ അവള്‍ മറ്റെല്ലാം മറന്നു.
മദീന എവിടെയാണെന്ന് ഉമ്മുകുല്‍സൂമിന് അറിയുമായിരുന്നില്ല. പോകേണ്ട വഴിയെക്കുറിച്ച് പറഞ്ഞുകേട്ട ധാരണയേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ മദീനയുടെ നേരെ നടന്നു. ബന്ധുവീടുകളില്‍ വിരുന്നുതാമസിക്കുന്ന പതിവുണ്ടായിരുന്നതിനാല്‍ വീട്ടുകാര്‍ അവരക്കുറിച്ച് അന്വേഷിച്ചില്ല. എന്നിട്ടും തന്നെയാരെങ്കിലും കാണുകയോ തിരിച്ചറിയുകയോ ചെയ്യുമോയെന്ന് അവര്‍ ആശങ്കിച്ചു. അതിനാല്‍ അതീവ സൂക്ഷ്മതയോടെയാണ് യാത്രചെയ്തത്.
മക്കയുടെ അതിരുവിട്ടുകടന്നതോടെ എതിര്‍ഭാഗത്തുനിന്ന് ഒരാള്‍ തന്റെ നേരെ വരുന്നതായി അവരുടെ ശ്രദ്ധയില്‍പ്പെട്ടു. അന്യനായാലും ബന്ധുവായാലും അപകടമാണ്. അതേക്കുറിച്ച് ആലോചിക്കുന്നതിനിടയില്‍ അയാള്‍ അടുത്തെത്തി. അതോടെ ബന്ധുവല്ലെന്ന് ഉറപ്പായി. ഉമ്മുകൂല്‍സൂമിന്റെ പേടി പതിന്മടങ്ങ് ഇരട്ടിപ്പിച്ചുകൊണ്ട് ആഗതന്‍ ഒട്ടകത്തെ അവരുടെ അടുത്തെത്തിച്ചു. ഭയവിഹ്വലയായ അവര്‍ തന്റെ രക്ഷക്കായി അല്ലാഹുവിനോട് മനംനൊന്ത് പ്രാര്‍ഥിച്ചു.
ആരും തുണയില്ലാത്തവന് അല്ലാഹു തുണയെന്ന് പറയുന്നതുപോലെ അല്ലാഹു അയാളെ അവിടെ എത്തിക്കുകയായിരുന്നു. ഖുദാഅ ഗോത്രക്കാരനായിരുന്നു അത്. പ്രവാചകനുമായി സന്ധിചെയ്ത ഗോത്രമാണത്. ഇതറിഞ്ഞതോടെ ഉമ്മുകുല്‍സൂമിന്റെ അകം തണുത്തു. അവരില്‍ സുരക്ഷിതബോധമുണര്‍ന്നു. അതോടെ അവര്‍ സ്വന്തത്തെ പരിചയപ്പെടുത്തി. യാത്രോദ്ദേശ്യം വെളിപ്പെടുത്തി. എല്ലാം വിശദീകരിച്ചു കേട്ടപ്പോള്‍ ആഗതന്‍ പറഞ്ഞു.
''നിന്നെ ഞാന്‍ സ്വന്തം സഹോദരിയെപ്പോലെ കണക്കാക്കി മദീനയില്‍ പ്രവാചകന്റെ അടുത്തെത്തിച്ചുതരാം.''
''വേണ്ട, ഞാന്‍ തനിച്ച് പോയ്‌ക്കൊള്ളാം''. ഉമ്മുകുല്‍സൂം പറഞ്ഞു.
''കാല്‍നടയായി മദീനയിലെത്തുക സാധ്യമല്ല. വിശന്നും ദാഹിച്ചും നീ എവിടെയെങ്കിലും മരിച്ചുവീഴും. നീ മണല്‍ക്കാറ്റില്‍ മൂടിപ്പോകും. വിഡ്ഢിത്തം പറയാതെ ഈ ഒട്ടകപ്പുറത്ത് കയറുക. നിന്നെ ഞാന്‍ നബിതിരുമേനിയുടെ ചാരത്തെത്തിക്കുകതന്നെ ചെയ്യും. എന്റെ ഗോത്രം പ്രവാചകനുമായി ചെയ്ത കരാറിന്റെ പൂര്‍ത്തീകരണമായേ ഞാനിത് പരിഗണിക്കുന്നുള്ളൂ.''
മനഃപ്രയാസത്തോടെയാണെങ്കിലും ഉമ്മുകുല്‍സൂം ഒട്ടകപ്പുറത്ത് കയറി. വളരെ മാന്യമായാണ് സഹയാത്രികന്‍ പെരുമാറിയത്. മോശമായ നോട്ടമോ വാക്കോ അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. എന്നും എവിടെയും വളരെ മാന്യന്മാരുണ്ടാകുമെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ആ ഖുദാഅ ഗോത്രക്കാരന്‍.
അദ്ദേഹം ഉമ്മുകുല്‍സൂമിനെ പ്രവാചകപത്‌നി ഉമ്മുസലമയുടെ വീട്ടിലെത്തിച്ചു. നന്ദിപോലും സ്വീകരിക്കാന്‍ കാത്തുനില്‍ക്കാതെ സ്ഥലംവിട്ടു. അപ്പോള്‍ നബിതിരുമേനി അവിടെ ഉണ്ടായിരുന്നില്ല. അവിടന്ന് സ്ഥലത്തെത്തിയപ്പോള്‍ ഉമ്മുകുല്‍സൂം സംഭവിച്ചതെല്ലാം വിശദമായിത്തന്നെ വിശദീകരിച്ചു. എല്ലാം ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ക്കുകയായിരുന്നു. സത്യവിശ്വാസം സ്വീകരിച്ചശേഷം അവര്‍ ആദ്യമായാണല്ലോ നബിതിരുമേനിയെ കാണുന്നത്. പ്രവാചകനുമായി സന്ധിക്കുകയെന്ന ജീവിതാഭിലാഷം പൂര്‍ത്തീകരിക്കുകയായിരുന്നു അവര്‍.
എന്നാല്‍, ഉമ്മുകുല്‍സൂമിന്റെ വാക്കുകള്‍ പ്രവാചകനെ ആശങ്കാകുലനാക്കുകയായിരുന്നു. അവിടുത്തെ മുഖത്ത് ദുഃഖം പരക്കുകയായിരുന്നു. ഉമ്മുകുല്‍സൂം സംസാരം നിര്‍ത്തിയപ്പോള്‍ നബിതിരുമേനി നെടുനിശ്വാസത്തോടെ പറഞ്ഞു: ''ഞാനെന്തു ചെയ്യും? മക്കയിലെ അവിശ്വാസികളുമായുണ്ടാക്കിയ സന്ധിവ്യവസ്ഥയനുസരിച്ച് മുസ്‌ലിമായി ഇവിടെ എത്തുന്നവരെയെല്ലാം തിരിച്ചയക്കണം.''
ഇതുപറയുമ്പോള്‍ പ്രവാചകന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു; കണ്ണുകള്‍ ഈറനണിയുകയും. അബൂജന്‍ദലിനെ മടക്കിയയച്ച സംഭവവും അവിടന്ന് വിശദീകരിച്ചു.
ഉമ്മുകുല്‍സൂം ഇതൊട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. അങ്ങനെയൊന്ന് സങ്കല്‍പ്പിക്കാന്‍ പോലും അവര്‍ക്ക് സാധ്യമായിരുന്നില്ല. തിരിച്ചുചെന്നാല്‍ സ്വന്തം സഹോദരന്മാര്‍ തന്നെ കടിച്ചുകീറും. രക്ഷതേടി പുറപ്പെട്ട താന്‍ കൊടിയശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. അതേക്കുറിച്ച് ആലോചിക്കാന്‍ പോലും അവര്‍ അശക്തയായിരുന്നു. അതിനാലവര്‍ പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, ശാരീരികശേഷിയുള്ള ആണുങ്ങളും അബലകളായ ഞങ്ങളും ഒരുപോലെയല്ലല്ലോ. പുരുഷന്മാര്‍ക്ക് അവരുടെ ജീവനല്ലേ നഷ്ടപ്പെടുകയുള്ളൂ. ഞങ്ങള്‍ സ്ത്രീകളുടെ സ്ഥിതി അതല്ലല്ലോ. ഞങ്ങളുടെ മാനം കവര്‍ന്നെടുക്കപ്പെട്ടേക്കാം. അതുകൊണ്ട് ഞങ്ങളുടെ കാര്യത്തില്‍ അല്ലാഹു വ്യത്യസ്തമായ തീരുമാനം എടുക്കാതിരിക്കില്ല.''
ഉമ്മുകുല്‍സൂമിന്റെ പ്രതീക്ഷ പൂവണിയുകയായിരുന്നു. അല്ലാഹു അവര്‍ക്ക് ആശ്വാസം നല്‍കുയായിരുന്നു. അവരുടെ അസ്വസ്ഥമായ മനസ്സില്‍ ശാന്തിയേകുന്ന ഖുര്‍ആന്‍ സൂക്തം അവതീര്‍ണമായി.
''വിശ്വസിച്ചവരേ, വിശ്വാസിനികള്‍ അഭയംതേടി നിങ്ങളെ സമീപിച്ചാല്‍ അവരെ പരീക്ഷിച്ചുനോക്കുക. അവരുടെ വിശ്വാസവിശുദ്ധിയെ സംബന്ധിച്ച് അല്ലാഹു നന്നായറിയുന്നു. അവര്‍ യഥാര്‍ഥ വിശ്വാസികളാണെന്ന് ബോധ്യമായാല്‍ പിന്നെ അവര്‍ സത്യനിഷേധികള്‍ക്ക് അനുവദനീയരല്ല. ആ സത്യനിഷേധികള്‍ വിശ്വാസിനികള്‍ക്കും അനുവദനീയമല്ല.'' (60:11)
പിന്നീട് ഹുദൈബിയാസന്ധി വ്യവസ്ഥയനുസരിച്ച് ഉമ്മുകുല്‍സൂമിനെ തങ്ങളോടൊപ്പം തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് സഹോദരന്മാരായ വലീദും അമ്മാറും പ്രവാചക സന്നിധിയിലെത്തി. അപ്പോള്‍ ആണുങ്ങളുടെ കാര്യത്തില്‍ മാത്രമാണ് കരാര്‍ ബാധകമാവുകയെന്ന് പ്രവാചകന്‍ വിശദീകരിച്ചു. ഹുദൈബിയാസന്ധി വേളയില്‍ സത്യനിഷേധികളെ പ്രതിനിധീകരിച്ച് സുഹൈലുബ്‌നു അംറ് തയ്യാറാക്കിയ കരാര്‍ വ്യവസ്ഥയില്‍ നിന്റെ അടുത്തേക്ക് ഞങ്ങളില്‍ ഏതെങ്കിലും പുരുഷന്‍(റജുലുന്‍) വരികയാണെങ്കില്‍, അയാള്‍ നിന്റെ മതക്കാരനാണെങ്കില്‍ പോലും നീ അയാളെ ഞങ്ങള്‍ക്ക് തിരിച്ചയക്കണം എന്നാണുണ്ടായിരുന്നത്. ഈ വശം വിശദീകരിച്ചും ഖുര്‍ആന്‍ സൂക്തം ഓതിക്കൊടുത്തും പ്രവാചകന്‍ ഉമ്മുകുല്‍സൂമിന്റെ സഹോദരന്മാരെ തിരിച്ചയച്ചു. കരാറിനെക്കുറിച്ച ധാരണ തിരുത്താന്‍ ഉമ്മുകുല്‍സൂമിന്റെ സാഹസികയാത്ര കാരണമാവുകയായിരുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top