വെന്റിലേറ്റര്‍ - ഓര്‍മയുടെ വരമ്പില്‍

തോട്ടത്തില്‍ മുഹമ്മദലി വര: ശബീബ മലപ്പുറം No image

എമിഗ്രേഷന്‍ കഴിഞ്ഞ് സുബൈര്‍ വിമാനത്താവളത്തിന് പുറത്തിറങ്ങി. ആരെയും കാണാത്തതിനാല്‍ തെല്ലൊന്ന് അമ്പരന്നു. ചുറ്റുപാടും കണ്ണോടിച്ചപ്പോള്‍ തന്റെ പേരെഴുതിയ പ്ലക്കാര്‍ഡുമായി ഒരാള്‍. സാവധാനം സുബൈര്‍ അയാളുടെ അടുത്തേക്ക് നടന്നു. 
''ഞാന്‍ സുബൈര്‍''-അയാള്‍ക്ക് പരിചയപ്പെടുത്തി. 
സുബൈറിന്റെ കൈയിലെ ബ്രീഫ്‌കെയ്‌സ് വാങ്ങി അയാള്‍ നടന്നു. പിറകെ സുബൈറും. 
''കുറച്ച് സമയമായി ഞാന്‍ കാത്തിരിക്കുന്നു.'' അയാള്‍ പറഞ്ഞു.
''എമിഗ്രേഷന്‍ കൗണ്ടറില്‍ ഭയങ്കര തിരക്ക്. ഞാന്‍ കൗണ്ടറില്‍ എത്തിയപ്പോഴേക്കും അയാള്‍ അവിടെനിന്ന് പോയി. ഞാന്‍ രണ്ടാമത്തെ കൗണ്ടറിലെ ക്യൂവില്‍ നിന്നു.'' സുബൈര്‍ വ്യക്തമാക്കി. സംസാരത്തിനിടെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്തെത്തി. അയാള്‍ കാറിന്റെ ഡിക്കിയില്‍ ബ്രീഫ്‌കെയ്‌സ് വെച്ചു. ഡിക്കി അമര്‍ത്തിയടച്ചു.  
''ഇപ്പോള്‍ ഇവിടെ സമയമെത്രയായി?''
കാറില്‍ കയറുന്നതിനിടയില്‍ തന്നെ അയാള്‍ പറഞ്ഞു.
''വെളുപ്പിന് മൂന്നുമണി.''
അവന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. 
''നാട്ടില്‍ അഞ്ചര മണിയായിരിക്കും. അല്ലേ...?''
സുബൈര്‍ വാച്ചില്‍ നോക്കി. 
''ശരിയാണ്, അഞ്ചര മണി''
''ഡോക്ടര്‍ കാസര്‍കോട്ടുകാരനാണല്ലേ...?''
''അതെ.''
''ബോസിനെ നേരത്തെ അറിയുമോ?''
''എനിക്കറിയാം, അദ്ദേഹം എന്റെ ഉപ്പാന്റെ സുഹൃത്താണ്.''
വണ്ടി ഓടുകയാണ്. അല്‍പസമയത്തെ മൗനം. ഡ്രൈവര്‍ ചോദിച്ചു.
''സാര്‍ ആദ്യമായിട്ടാണോ കുവൈത്തില്‍ വരുന്നത്?''
ഡ്രൈവറുടെ ചോദ്യങ്ങള്‍ക്ക് വിരാമമിട്ട് സുബൈര്‍ ചോദിച്ചു. 
''നിങ്ങളുടെ പേര്?''
''അശോകന്‍... ഞാന്‍ തൃശ്ശൂര്‍കാരനാണ്. ഒരു കാര്യം, ഞാന്‍ ഡ്രൈവറല്ല കേട്ടോ?''
''പിന്നെ...?''
സംശയഭാവത്തില്‍ സുബൈര്‍ ചോദിച്ചു. ഗിയര്‍ മാറ്റുന്നതിനിടയില്‍ അയാള്‍ പറഞ്ഞു.
''ബോസിന്റെ എല്ലാ കാര്യങ്ങളും ഞാനാണ് നോക്കുന്നത്... ആശുപത്രി കാര്യങ്ങളും മറ്റും.''
ഈ മറ്റും എന്താണെന്ന് ചോദിക്കണമെന്ന് തോന്നി. ചോദിച്ചില്ല. ഏതായാലും ഇയാള്‍ ചില്ലറക്കാരനല്ലെന്ന് മനസ്സിലായി.
''ആശുപത്രി നോക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ആരും ഇല്ലേ...?''
സുബൈര്‍ ചോദ്യം തുടര്‍ന്നു. 
''അതായത് മാനേജര്‍, എ.ഒ, അല്ലെങ്കില്‍ മെഡിക്കല്‍ ഡയറക്ടര്‍...''
ചോദ്യം കേട്ട അയാള്‍ തെല്ലൊന്ന് പരുങ്ങി. പക്ഷേ, വിടുന്ന ഭാവമില്ല. ഒന്നും കൂസാതെ അയാളുടെ മറുപടി.
''എല്ലാവരും ഉണ്ട്... പക്ഷേ, ഒന്നും ഇല്ലാത്ത പോലെ. എല്ലാം ഞാന്‍ തന്നെ നോക്കണം.''
''അപ്പോ നീയുണ്ടെങ്കില്‍ പിന്നെ കാസിംച്ച എന്തിനാണ് എന്നെ കൊണ്ടുവന്നത്...?'' സുബൈര്‍ ചോദിച്ചു. 
അശോകന്‍ ചിരിച്ചു. വളരെ ലാഘവത്തോടെ അയാള്‍ പറഞ്ഞു. 
''അത്... ആ മാനേജര്‍ കസേരയില്‍ ഇരിക്കാന്‍...''
വണ്ടി ഒരു വളവ് തിരിയുന്നതിനിടയില്‍ അശോകന്‍ തുടര്‍ന്നു. 
''ഡോക്ടര്‍ ആ കസേരയില്‍ ഇരുന്നാല്‍ മതി... ഞാനില്ലേ എല്ലാറ്റിനും...''
സുബൈര്‍ സ്‌നേപൂര്‍വം കേട്ടിരുന്നു. അന്യനാട്ടില്‍ കാല്‍ കുത്തിയതേയുള്ളൂ... 
ദൈവമേ... ഇങ്ങനെയുള്ള താപ്പാനകളുടെ ഇടയിലാണോ ജോലി ചെയ്യേണ്ടത്!
വലിയൊരു കെട്ടിടത്തിനു മുമ്പില്‍ കാര്‍ നിര്‍ത്തി. 'കുവൈത്ത് ഇന്ത്യന്‍ ഹോസ്പിറ്റല്‍' എന്നൊരു വലിയ ബോര്‍ഡ്. സുബൈര്‍ ഡോര്‍ തുറന്ന് ഇറങ്ങാന്‍ ഭാവിച്ചു. 
''വേണ്ട സാര്‍, നന്നേ വൈകി, നമുക്കാദ്യം ഫ്‌ളാറ്റിലേക്ക് പോകാം.''
ഡ്രൈവര്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.
''അശോകാ... താമസസ്ഥലത്തേക്ക് ഇനിയും കുറേ പോകണോ?''
''ഇല്ല... ഇവിടെയടുത്താ... നടന്ന് പോകാനുള്ള ദൂരമേയുള്ളൂ'' 
ഒരുപാട് വളവുകള്‍. കെട്ടിടസമുച്ചയങ്ങളുടെ ഇടയില്‍ക്കൂടി പോയി താമസസ്ഥലത്തെത്തി. പാതിരാത്രി കഴിഞ്ഞിട്ടും പാതവക്കില്‍ വൈദ്യുത ദീപങ്ങള്‍ പകല്‍ പോലെ പ്രകാശംവിതറി. നീണ്ട മൗനത്തിന് വിരാമമിട്ട് അശോകന്‍ പറഞ്ഞു.
''കാസര്‍കോട് നിന്ന് ഒരു മാനേജര്‍ വരുന്നുവെന്ന് ഇന്നലെയാണ് ബോസ് എന്നോട് പറഞ്ഞത്. റോസ് ട്രാവല്‍സുകാരാണ് വിസയുടെ ഫോര്‍മാലിറ്റീസൊക്കെ ശരിയാക്കിയത്. വിസ വന്നിട്ട് രണ്ട് മാസം കഴിഞ്ഞല്ലോ?''
അശോകന്‍ ഡിക്ക് തുറന്നു ബ്രീഫ്‌കെയ്‌സ് എടുത്തു. 
''ബോസിന്റെ യാത്രാ സംബന്ധമായ എല്ലാ കാര്യങ്ങളും ശരിയാക്കുന്നത് റോസ് ട്രാവല്‍സിലെ മൊയ്തീനാണ്.''
അവര്‍ ലിഫ്റ്റിനരികിലെത്തി. രണ്ടാമത്തെ നിലയിലെ പതിനൊന്നാം നമ്പര്‍ ഡോര്‍ തുറന്ന് അകത്തുകയറി. അവിടത്തെ കട്ടിലും മേശയും അലമാരയുമൊക്കെ വിസ്മയമായിരുന്നു. ഇങ്ങനെയുള്ള ആഡംബര മുറികളിലൊക്കെ താമസിക്കാന്‍ അര്‍ഹതപ്പെട്ടവനാണോ താനെന്ന് ചിന്തിച്ചുപോയി. ചുവരില്‍ വലിയൊരു ടി.വി. നിലത്താകട്ടെ മാര്‍ദ്ദവമുള്ള പരവതാനി. ചില്ലിട്ട ടീപ്പോയി. പേരറിയാത്ത പലതും. രണ്ട് കിടപ്പുമുറികള്‍. വലിയൊരു അടുക്കള, ഫ്രിഡ്ജ്, കുക്കിംങ് റേഞ്ച്, ഓവന്‍ തുടങ്ങിയവ. സ്വീകരണ മുറിയില്‍ മുന്തിയതരം സോഫകള്‍. പൂക്കള്‍ നിറഞ്ഞ പൂച്ചട്ടികള്‍. കുറച്ചുസമയം സോഫയില്‍ വിശ്രമിച്ചു. വാച്ചില്‍ കുവൈത്ത് സമയം തിട്ടപ്പെടുത്തി. അശോകന്‍ സംസാരം തുടര്‍ന്നു. കഴിക്കാന്‍ വല്ലതും കൊണ്ടുവരാന്‍ പറഞ്ഞു. അയാള്‍ സാന്റ്‌വിച്ചും കോളയും തന്നു. ഓരോന്ന് സംസാരിച്ചുകൊണ്ടേയിരുന്നു. സഹികെട്ട സുബൈര്‍ അയാളോട് പറഞ്ഞു.
''അശോകാ... എനിക്കൊന്ന് തല ചായ്ക്കണം.''
''അതിനെന്താ സാറേ, ഞാന്‍ പോയി നാളെ രാവിലെ ഒമ്പത് മണിക്ക് വരാം. സാര്‍ തയാറായിരുന്നാല്‍ മതി.''
''ഓക്കെ, അങ്ങനെയാവട്ടെ.''
അയാള്‍പോയി. വാതിലടച്ച് കുറ്റിയിട്ടു. കിടന്നെങ്കിലും ഉറക്കം വരുന്നില്ല. കഴിഞ്ഞകാല സ്മരണകള്‍ മനസ്സിലേക്കോടി വന്നു.
പച്ച പുതച്ച നെല്‍പ്പാടങ്ങള്‍ ഇളംകാറ്റില്‍ നൃത്തംചെയ്തു. അങ്ങിങ്ങായി ഇടതൂര്‍ന്ന് നില്‍ക്കുന്ന കേരവൃക്ഷങ്ങള്‍. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വയലുകളെ വിഭജിച്ച് വയല്‍ വരമ്പുകള്‍. കരഞ്ഞുകൊണ്ട് വായനശാല ലക്ഷ്യമാക്കി നടന്നു. അന്ന് താന്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. പഠിക്കാനുള്ള തന്റെ അഭിലാഷത്തിന് ഉപ്പൂപ്പ (ഉമ്മയുടെ ഉപ്പ) എതിരായിരുന്നു. പാഠശാലയിലേക്കയക്കാതെ കൊച്ചുകൊച്ചു ജോലികള്‍ ചെയ്യിക്കും. പഠനത്തിലുള്ള തന്റെ മിടുക്ക് കാരണം അധ്യാപകര്‍ വീട്ടില്‍വന്ന് മുടങ്ങാതെ ക്ലാസിലേക്കയക്കാന്‍ പറഞ്ഞിരുന്നു.
വയലില്‍ വിളഞ്ഞ നെല്‍ക്കതിരുകളെ കൊത്തി തിന്നാന്‍ കിളികളും കോഴികളും വരുന്നത് ഓടിക്കാന്‍ വേണ്ടിയാണ് ഉപ്പൂപ്പ എന്നെ സ്‌കൂളിലയക്കാതെ വരമ്പില്‍ ഇരുത്തുന്നത്. ഒരു കൊച്ചുകുടയുടെ തണലുപോലുമില്ല. മുഴുവന്‍ വെയിലും കൊള്ളണം. അധിക ദിവസവും ഉപ്പൂപ്പ അറിയാതെ സ്‌കൂളില്‍ പോകും. ഉപ്പൂപ്പാക്ക് കണ്ണ് കാണാത്തത് ഒരനുഗ്രഹമായിട്ട് അന്ന് തോന്നിയിരുന്നു. പല പല നുണകള്‍ പറഞ്ഞും സ്‌കൂളില്‍ പോകും. അറിഞ്ഞാല്‍ തല്ലുകൊള്ളേണ്ടിവരും. 
വായനശാലയും സ്‌കൂളും മദ്‌റസയും ഒക്കെയടുത്താണ്. സ്‌കൂള്‍ കെട്ടിടത്തില്‍ തന്നെയാണ് മദ്‌റസ. രാവിലെ ഏഴ്മണി മുതല്‍ ഒമ്പത് വരെ മദ്‌റസ. പത്ത് മുതല്‍ നാല് വരെ സ്‌കൂള്‍. താന്‍ കരഞ്ഞു കലങ്ങിയ കണ്ണുമായി വായനശാലയില്‍ എത്തി. രാവിലെ ആയതിനാല്‍ വായനശാല അടഞ്ഞുകിടന്നു. വരാന്തയിലെ ബെഞ്ചില്‍ ഇടക്കിടക്ക് മൂക്ക് ചീറ്റിയും കണ്ണ് തുടച്ചും നിലത്തുകിടന്ന പഴയൊരു വാരികയെടുത്ത് മറിച്ചു നോക്കി. അവിചാരിതമായി അവിടെയെത്തിയ ഒരാള്‍ ആ കൊച്ചു പയ്യന്റെ വിഷാദം നിറഞ്ഞ മുഖം കണ്ട് അവനെ സൂക്ഷിച്ചു നോക്കി. അദ്ദേഹത്തിന്റെ നോട്ടംകണ്ട പയ്യന്‍ പേടിച്ച് എഴുന്നേറ്റു. 
''എന്തിനാ മോന്‍ കരയുന്നത്?''
വളരെ സൗമ്യമായിട്ടായിരുന്നു അയാള്‍ ചോദിച്ചത്. കണ്ണുതുടച്ച് അവന്‍ മറുപടി പറഞ്ഞു: 
''ഉപ്പാപ്പ എന്നെ സ്‌കൂളില്‍ വിടുന്നില്ല.''
അയാള്‍ ചിരിച്ചു. അവന്റെ മുതുകില്‍ തലോടി. 
''ഇതൊരു തമാശയാണല്ലോ മോനെ. എന്റെ മക്കള്‍ സ്‌കൂളില്‍ പോന്നില്ലാന്ന് പറഞ്ഞാണ് കരയാറ്.''
അയാള്‍ അവനെ ചേര്‍ത്തുനിര്‍ത്തി ചോദിച്ചു.
''ആരാണീ ഉപ്പാപ്പ?''
അപ്പോള്‍ അവിടേക്ക് ഒരു മധ്യവയസ്‌കന്‍ കയറിവന്നു. അയാളാണ് മറുപടി പറഞ്ഞത്.
''ഇവന്‍ ലത്തീഫിന്റെ ചെറിയ മോന്‍.''
''ഏത് ലത്തീഫിന്റേത്, കായിഞ്ഞി?''
''നമ്മുടെ മമ്മദ് ഹാജിയാര്‍ച്ചാന്റെ മരുമകന്‍. കുന്നിന്‍ ചെരിവിലാണ് വീട്.''
അയാള്‍ മടക്കിക്കുത്തിയ മുണ്ട് ശരിയാക്കി അവിടുത്തെ തിട്ടയില്‍ ഇരുന്നു. 
''ഏഎസ്ച്ചാക്ക് ഇപ്പോ മനസ്സിലായോ?''
''നല്ലോണം മനസ്സിലായി, എന്റെ സുഹൃത്തിന്റെ മകന്‍, കായിഞ്ഞി അറിയോ, ഇവന്റെ ഉപ്പാവും ഞാനും അതായത് ലത്തീഫും ഞാനും കാസിമും ഒന്നു മുതല്‍ പത്ത് വരെ ലാസ്റ്റ് ബെഞ്ചില്‍ അടുത്തടുത്ത് ഇരുന്നാ പഠിച്ചത്.''
ഏഎസ്ച്ചാ തുടര്‍ന്നു. 
''ഇവന്റെ ഉപ്പാപ്പ മുഹമ്മദ് ഹാജിയുണ്ടല്ലോ ഈ നാട്ടിലെ വലിയ പ്രമാണിയും. അയാള്‍ക്ക് വിദ്യാഭ്യാസത്തെക്കുറിച്ച് ഒന്നും അറിയില്ല.''
ഏഎസ്ച്ചാ എന്ന് അറിയപ്പെടുന്ന ഏ.എസ് മൊയ്തീന്‍  ഇന്ന് അറിയപ്പെടുന്ന ധനികനാണ്. സ്മഗിളിംഗാണെന്നാണ് ആള്‍ക്കാര്‍ പറയുന്നത്. ആര് പോയി സഹായം അഭ്യര്‍ഥിച്ചാലും ജാതി-മത-ഭേദമെന്യേ ഏ.എസ് സഹായിക്കും. ഏഴകളുടെ തോഴനാണ് അദ്ദേഹം. 
ഏഎസ്ച്ച അവന്റെ തല തടവി, അവനോട് ചോദിച്ചു. 
''മോന്‍ വിഷമിക്കേണ്ട, മമ്മദ് ഹാജിയാര്‍ച്ചാനോട് ഞാന്‍ സംസാരിക്കാം.''
അദ്ദേഹം ചിരിച്ചുകൊണ്ട് തുടര്‍ന്നു. 
''നീ ധൈര്യമായി പൊരക്ക് പോയി ചായയും അപ്പവുമൊക്കെ കഴിച്ച് മദ്‌റസയിലേക്കും സ്‌കൂളിലേക്കും പോ.''
അവന്‍ പൊട്ടിയ വള്ളിനിക്കറും കടിച്ച് അവിടെ നിന്നിറങ്ങി വീട്ടിലേക്ക് തിരിച്ചു. നീണ്ടു വളഞ്ഞ വയല്‍ വരമ്പത്ത് കൂടി നടക്കുമ്പോള്‍ ഉപ്പാപ്പയെങ്ങാനും കണ്ടേക്കുമോ എന്ന ഭയമായിരുന്നു. ഉപ്പാപ്പയുടെ വീടും അവന്റെ വീടും അടുത്തടുത്താണ്. നാട്ടിലെ ഏറ്റവും വലിയ കൃഷിക്കാരന്‍ അവന്റെ ഉപ്പാപ്പയാണ്. ഒരുപാട് ജോലിക്കാരും പത്ത് ജോഡി പോത്തുകളും. ജോലിക്കാര്‍ക്ക് മാത്രം അരച്ചാക്ക് അരി കഞ്ഞിവെക്കും. മുറ്റത്ത് കുഴികുത്തിവെച്ച് വാഴയിലയിലാണ് കഞ്ഞി വിളമ്പാറ്. ഉപ്പും ഒരു പച്ചമുളകും കറിയുമുണ്ടാകും. എല്ലാം ഒന്നിച്ച് വിളമ്പും. വയല്‍ വരമ്പിലൂടെ അവന്‍ ധൃതിയില്‍ നടന്നു. കൃഷിപ്പണിക്ക് വരുന്ന ഓരോരുത്തരും അവന്റെ തല തടവി ചോദിക്കും.
''എവിടേക്കാ സുബൈറേ, ഇത്ര പുലര്‍ച്ചക്ക്?''
അവന്‍ ചിരിച്ച് ഒന്നും പറയാതെ അതിവേഗത്തില്‍ നടന്നു. വീടിന്റെ പിറകുവശത്ത് കൂടി അകത്തേക്ക് കയറി. കിണറ്റില്‍നിന്ന് വെള്ളം കോരുകയായിരുന്ന പെങ്ങള്‍ ചോദിച്ചു. 
''ഏടെയാടാ രാവിലെ തന്നെ പോയത്?''
''ഞാന്‍ വായനശാല വരെ വെറുതെ നടന്നു. എനിക്ക് പഠിക്കണം, ഉപ്പൂപ്പയാണെങ്കില്‍ സമ്മതിക്കൂല. ഉപ്പയാണെങ്കില്‍ എല്ലാറ്റിനും ഒരു മൗനം.''
''നമ്മുടെ ഉപ്പ എങ്ങിനെ മിണ്ടാനാടാ, ഉപ്പാഉം ഉപ്പാപ്പാന്റെ കൂലിപ്പണിയല്ലേ ചെയ്യുന്നത്!''
കോരിയ വെള്ളം ആയിഷ പാത്രത്തില്‍ ഒഴിച്ചു. വീണ്ടും കിണറിനടുത്തേക്ക് പോയി. കൂടെ അവനും. 
''ഉപ്പ വല്ലതും പറഞ്ഞാല്‍ ഉമ്മ കലി തുള്ളും. എന്ത് ചെയ്യാം. നീ പഠിക്കേണ്ട, അതായിരിക്കും ചെലപ്പോ അള്ളാന്റെ വിധി.'' -ആയിഷ പറഞ്ഞു. 
അവള്‍ കുടം മുറുക്കിക്കെട്ടി കിണറിലേക്കെറിഞ്ഞു. സുബൈര്‍ അവളെ സഹായിച്ചു. 
''നീയും സ്‌കൂളിലൊന്നും പോകാതെ പാടത്ത് പോയി ഉപ്പാനെപ്പോലെ കൃഷിപ്പണിയെടുക്ക്, ഉപ്പൂപ്പാക്ക് ഒരാളുടെ കൂലി ലാഭമായില്ലേ!''
കുടം കൈയിലെടുത്ത് ആയിഷ വീടിനടുത്തേക്ക് നടന്നു. അവന്‍ ചോദിച്ചു.
''അപ്പോ... ഉപ്പാപ്പാന്റെ മകന്റെ പിള്ളേര്‍ സ്‌കൂളില്‍ പോകുന്നല്ലോ?''
സുബൈറിന്റെ അമ്മാവന്റെ മകനാണ് ഷാഫി. അവന്‍ കാസര്‍കോട് കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുന്നു. മകള്‍ നിഷ സ്‌കൂളിലും. സംഭാഷണ മധ്യേ സുബൈര്‍ ആയിഷയോട് ചോദിച്ചു. 
''ആയിഷാമുആ... എന്തെങ്കിലും തര്വോ? എനിക്ക് വിശക്കുന്നു. ഞാന്‍ സ്‌കൂളിലേക്ക് പോവാ''
''ആ! എനിക്കറിയില്ല, ഉമ്മാട് പോയി ചോദിക്ക്.''
''അതിന് ഉമ്മ എവിടെയാ?''
''നീ പോയി നോക്കടാ...''
അവന്‍ അകത്തേക്ക് ഓടി നോക്കുമ്പോള്‍ ഉമ്മ കൂര്‍ക്കം വലിച്ച് ഉറങ്ങുന്നു. 
''ഉമ്മാ... എണീക്ക്... എനിക്ക് ചായ.''
ഉമ്മ മൂളിക്കൊണ്ട് മറുവശത്തേക്ക് ചരിഞ്ഞു കിടന്നു. അവന്‍ ഉമ്മയുടെ ദേഹത്ത് തട്ടിവളിച്ചു. 
''ഉമ്മ എണീറ്റില്ലെങ്കില്‍ ഒരു കുടം വെള്ളമെടുത്ത് ഞാന്‍ ഉമ്മാന്റെ തലയിലൂടെ ഒഴിക്കും. എണീക്ക്...'' അവന്‍ ഉന്താന്‍ തുടങ്ങി. മനസ്സില്ലാ മനസ്സോടെ കണ്ണ് തിരുമ്മി അവര്‍ എഴുന്നേറ്റു.
''എടാ, ആ മേശയില്‍ നിന്ന് ബീഡിയും തീപ്പെട്ടിയും എടുത്തുകൊണ്ട് വാ.''
''ഉമ്മാ... എന്തിനാ ഇങ്ങനെ വലിച്ചുകയറ്റുന്നത്? അതും വെറുംവയറ്റില്‍!''
അവന്‍ ബീഡിയും തീപ്പെട്ടിയും എടുത്തുകൊടുത്തു. 
''എനി ഉപദേശം തരാന്‍ നീ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. നീയും ഉപദേശിക്ക്.''
ബീഡി ചുണ്ടത്ത് വെച്ച് തീപ്പെട്ടിയുരസി ബീഡി കത്തിച്ചു. 
''എടാ... ആ വേലക്കാരി നബീസാ ഏടെപോയി?''
''ഉമ്മാ, ഇവിടെ ആരുമില്ല.''
''ഓള് ഏടെപ്പോയി?'' എന്ന് ചോദിച്ച് അവര്‍ ടോയ്‌ലറ്റിലേക്ക് പോയി. സുബൈര്‍ അടുക്കള ഭാഗത്തുകൂടി പുറത്തേക്കിറങ്ങി. 
''ആയിഷാ, ആയിഷമുആ ഞാന്‍ പുഴേല് പോയി കുളിച്ചുവരാം''
അവന്‍ ഒന്നും കഴിക്കാതെതന്നെ പുഴക്കരയിലേക്കോടി.

(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top