കുട്ടികളെ സ്നേഹിച്ച പ്രവാചകന്‍

ഹൈദരലി ശാന്തപുരം No image




ലോകാനുഗ്രഹിയും കാരുണ്യത്തിന്റെ നിറകുടവുമായിരുന്ന മുഹമ്മദ് നബി(സ) കുട്ടികളോട് ഏറെ സ്നേഹവാത്സല്യവും ദയയും പുലര്‍ത്തി. സ്വന്തം കുട്ടികളോടും മറ്റു കുട്ടികളോടും ഒരുപോലെ സ്നേഹപൂര്‍വം പെരുമാറി. പ്രിയ മകള്‍ ഫാത്വിമയുടെ മക്കളായ ഹസനെയും ഹുസൈനെയും സന്തോഷിപ്പിക്കാനും അവര്‍ക്ക് ആഹ്ലാദം പകരാനും പ്രത്യേകം ശ്രദ്ധിച്ചു. കൈകാലുകള്‍ നിലത്ത് കുത്തി മുതുകില്‍ കയറ്റിയിരുത്തി  അവരെ കളിപ്പിച്ചു. വെള്ളിയാഴ്ച ദിവസം പ്രഭാഷണം നടത്തുന്നതിനിടയില്‍ പൗത്രന്മാര്‍ ജമനധ്യത്തിലൂടെ പ്രയാസപ്പെട്ട് വരുന്നത് കാണ്ടാല്‍ നബി തിരുമേനി പ്രസംഗ പീഠത്തില്‍ നിന്നിറങ്ങി അവരെ വാരിയെടുത്ത് അരികെ ഇരുത്തമായിരുന്നു. നമസ്‌കാരവേളയില്‍ സാഷ്ടാംഗ സമയത്ത് ഹസനും ഹുസൈനും പുറത്ത് കയറിയിരുന്നാല്‍ അവര്‍ ഇറങ്ങുന്നതുവരെ പ്രവാചകന്‍ തല ഉയര്‍ത്തിയിരുന്നില്ല.
പ്രവാചക പത്നി ആഇശ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: നബി(സ) ഒരിക്കല്‍ പൗത്രന്മാരായ ഹസനെയും ഹുസൈനെയും ഉമ്മ വെച്ചു. അവിടെ ബനൂ തമീം ഗോത്രക്കാരനായ അഖ്റഅ്ബ്നു ആബിസ് ഉണ്ടായിരുന്നു. അത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: 'എനിക്ക് പത്ത് മക്കളുണ്ട്. അവരില്‍ ആരെയും ഞാനിതുവരെ ഉമ്മ വെച്ചിട്ടില്ല.' നബി(സ) അദ്ദേഹത്തോട് പറഞ്ഞു: 'കാരുണ്യം കാണിക്കാത്തവന് കാരുണ്യം ലഭിക്കുകയില്ല.'
ആഇശ(റ) തന്നെ ഉദ്ധരിക്കുന്നു: 'നബി(സ)യുടെ സന്നിധിയില്‍ ഒരു അപരിഷ്‌കൃത അറബി വന്നു പറഞ്ഞു: 'നിങ്ങള്‍ കുട്ടികളെ ഉമ്മ വെക്കുന്നു. ഞങ്ങള്‍ അവരെ ഉമ്മ വെക്കാറില്ല.'' അപ്പോള്‍ നബി(സ) പറഞ്ഞു: ''നിങ്ങളുടെ ഹൃദയത്തില്‍നിന്ന് കാരുണ്യം അല്ലാഹു എടുത്ത് മാറ്റിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചു തരാന്‍ സാധിക്കുമോ?''
കുട്ടികളുടെ ദുഃഖവും വേദനയും സ്വന്തം ദുഖവും വേദനയുമായിട്ടാണ് നബി(സ) കിരുന്നത്. കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ നമസ്‌കാരം വേഗം അവസാനിപ്പിക്കുക പ്രവാചകന്റെ പതിവായിരുന്നു. നബി(സ) പറഞ്ഞതായി അനസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'ഞാന്‍ ദീര്‍ഘമായി നമസ്‌കരിക്കണമെന്ന ഉദ്ദേശ്യത്തോടെ നമസ്‌കാരത്തില്‍ പ്രവേശിക്കും. അങ്ങനെ നമസ്‌കരിക്കുന്നതിനിടയില്‍ ഒരു കുട്ടിയുടെ കരച്ചില്‍ കേള്‍ക്കും. ഉടനെ ഞാന്‍ നമസ്‌കാരം ചുരുക്കും. കുട്ടിയുടെ കരച്ചില്‍ കാരണം അതിന്റെ മാതാവിനുണ്ടായേക്കാവുന്ന മനോവിഷമം പരിഗണിച്ചുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.' കുട്ടികളോടുള്ള കാരുണ്യത്തിനു പുറമെ അവരുടെ മാതാക്കളോടുള്ള സഹതാപവും നമസ്‌കാരം ചുരുക്കാന്‍ നബിക്ക് പ്രേരകമായിരുന്നു.
തിരുമേനിയുടെ കാലത്ത് മദീനയില്‍ ആരുടെയെങ്കിലും തോട്ടത്തില്‍ ആദ്യമായി പഴം കായ്ച്ചാല്‍ അത് തിരുസന്നിധിയില്‍ കൊണ്ടുവരിക പതിവായിരുന്നു. നബി(സ) അത് എടുത്ത് പ്രാര്‍ഥിക്കും: 'അല്ലാഹുവേ, നീ ഞങ്ങളുടെ പഴങ്ങളില്‍ അനുഗ്രഹം ചൊരിയേണമേ! ഞങ്ങളുടെ (അളവു പാത്രങ്ങളായ) സ്വാഇലും മുദ്ദിലും ബറക്കത്ത് നല്‍കേണമേ!'' അതിനുശേഷം ആ പഴം അതിന്റെ ഉടമയുടെ ഏറ്റവും ചെറിയ കുട്ടിയെ വിളിച്ച് നല്‍കും.'
കുട്ടികള്‍ക്കുള്ള എല്ലാ അവകാശങ്ങളും നേടിക്കൊടുക്കാന്‍ പ്രവാചകന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സന്താനങ്ങള്‍ക്കിടയില്‍ വിവേചനം കാണിക്കുന്നത് നബി(സ) വിലക്കി. പ്രസിദ്ധ സ്വഹാബിയായ നുഅ്മാനുബ്നു ബശീര്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'എന്റെ പിതാവ് എന്നെയും കൂട്ടി നബി(സ)യുടെ അടുത്ത് ചെന്ന് പറഞ്ഞു: 'ഞാന്‍ എന്റെ ഈ മകന് എന്റെ ഒരടിമയെ പാരിതോഷികമായി നല്‍കിയിരിക്കുന്നു.' അപ്പോള്‍, തിരുമേനി ചോദിച്ചു: 'താങ്കളുടെ എല്ലാ മക്കള്‍ക്കും ഇതുപോലെ നല്‍കിയിട്ടുണ്ടോ?' പിതാവ് പറഞ്ഞു: 'ഇല്ല.' അപ്പോള്‍ നബി തിരുമേനി പറഞ്ഞു: ''എന്നാല്‍ ഈ പാരിതോഷികം തിരിച്ചുവാങ്ങുക. നിങ്ങള്‍ അല്ലാഹുവെ ഭയപ്പെടുകയും നിങ്ങളുടെ സന്താനങ്ങള്‍ക്കിടയില്‍ നീതിപുലര്‍ത്തുകയും ചെയ്യുക. എന്നെ ഇതിന് സാക്ഷിയാക്കാന്‍ നോക്കേണ്ട. ഞാന്‍ അനീതിക്ക് സാക്ഷി നില്‍ക്കുകയില്ല.''
കുട്ടികളെ സത്യസന്ധരായി വളര്‍ത്താന്‍ നബി(സ) രക്ഷിതാക്കളെ ബോധവല്‍ക്കരിച്ചു. കള്ള വാഗ്ദാനം നല്‍കുന്നതും കള്ളം പറയുന്നതും താല്‍ക്കാലികമായി കുട്ടികളെ വശീകരിക്കുമെങ്കിലും വാഗ്ദത്തം പാലിക്കാതിരുന്നാല്‍ അതവരില്‍ മോശമായ പ്രതികരണമുാക്കും. രക്ഷിതാക്കളില്‍ കുട്ടികള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തും. കുട്ടികളും തരംപോലെ കള്ളം പറയാനും പൊയ്‌വാഗ്ദാനങ്ങള്‍ നല്‍കാനും ധൈര്യപ്പെടും.
കുട്ടികളോടുപോലും പൊയ്‌വാഗ്ദാനങ്ങള്‍ നല്‍കുന്നത് കള്ളമായിട്ടാണ് അല്ലാഹുവിങ്കല്‍ രേഖപ്പെടുത്തപ്പെടുക. പ്രവാചക ശിഷ്യനായ അബ്ദുല്ലാഹിബ്നു ആമിര്‍(റ) പറയുന്നു: 'എന്റെ ഉമ്മ ഒരു ദിവസം എന്നെ വിളിച്ച് പറഞ്ഞു: 'അബ്ദുല്ലാഹ്, ഇങ്ങ് വാ. ഞാന്‍ നിനക്ക് ഒരു സാധനം തരാം.' അപ്പോള്‍ നബി(സ) ഞങ്ങളുടെ വീട്ടില്‍ ഇരിക്കുകയായിരുന്നു. തിരുമേനി ഉമ്മയോട് ചോദിച്ചു: 'നീ എന്താണ് അവന് കൊടുക്കാന്‍ വിചാരിച്ചത്?' അവര്‍ പറഞ്ഞു: 'ഞാനവന് ഒരു കാരക്ക കൊടുക്കാനാണ് വിചാരിച്ചത്.' അതുകേട്ട നബി(സ) പറഞ്ഞു: 'നീ അവന് അത് കൊടുത്തില്ലെങ്കില്‍ അത് നിന്റെ പേരില്‍ ഒരു കള്ളമായി രേഖപ്പെടുത്തപ്പെടും.''
നബി(സ)ക്ക് കുട്ടികളോടുള്ള സ്നേഹത്തിന്റെ മറ്റൊരു ഉദാഹരണമാണ് കുട്ടികള്‍ക്ക് ഇസ്‌ലാമികമായ ശിക്ഷണ ശീലങ്ങള്‍ നല്‍കാന്‍ രക്ഷിതാക്കളെ ഉണര്‍ത്തുന്നത്. പരിശുദ്ധാവസ്ഥയിലാണ് കുട്ടികള്‍ ജനിക്കുന്നത്. അവര്‍ വളരുന്ന സാഹചര്യം അവരുടെ സ്വഭാവ രൂപീകരണത്തില്‍ പങ്ക് വഹിക്കും. 'ഉത്തമ ശീലങ്ങളെക്കാള്‍ ഉല്‍കൃഷ്ടമായ ഒരു പാരിതോഷികവും ഒരു പിതാവിന് തന്റെ മകന് നല്‍കാനില്ല' എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. സംസാര മര്യാദകള്‍, ഭക്ഷണ മര്യാദകള്‍, സദസ്സില്‍ ഇടപഴകുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ തുടങ്ങിയ പലതും കുട്ടികളെ പഠിപ്പിക്കണമെന്ന് നബി(സ) നിര്‍ദേശിച്ചിട്ടുണ്ട്. നമസ്‌കാരവും മറ്റു ആരാധനാ കര്‍മങ്ങളും കുട്ടികളെ പഠിപ്പിക്കാനും ഉല്‍ബോധിപ്പിച്ചു: 'നിങ്ങളുടെ കുട്ടികള്‍ക്ക് ഏഴ് വയസ്സായാല്‍ അവരോട് നമസ്‌കരിക്കാന്‍ കല്‍പിക്കുകയും പത്ത് വയസ്സായാല്‍ (ആവശ്യമെങ്കില്‍) അവരെ അതിന്റെ പേരില്‍ അടിക്കുകയും ചെയ്യുക. കിടക്കുന്ന സ്ഥലങ്ങളില്‍ അവരെ വേറിട്ട് കിടത്തുകയും ചെയ്യുക.' ഉമ്മു സലമ(റ)യുടെ മുന്‍ ഭര്‍ത്താവായിരുന്ന അബൂസലമ(റ) ഉഹുദ് യുദ്ധത്തില്‍ രക്തസാക്ഷിയായ ശേഷം നബി(സ) അവരെ വിവാഹം ചെയ്തു. അതോടെ അബൂസലമയിലുണ്ടായ അവരുടെ മക്കളും നബി(സ)യുടെ സംരക്ഷണയിലായി. ഉമറുബ്നു അബീ സലമ സ്വാനുഭവം വിവരിക്കുകയാണ്: 'ഞാന്‍ നബി(സ)യുടെ സംരക്ഷണത്തിലുള്ള ഒരു കുട്ടിയായിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ എന്റെ കൈ ഭക്ഷണത്തളികയില്‍ പലഭാഗത്തും തെന്നി നടക്കും. അതുകണ്ട നബി(സ) എന്നോടു പറഞ്ഞു: 'കുട്ടീ, നീ ഭക്ഷണം കഴിക്കുമ്പോള്‍ 'ബിസ്മി' ചൊല്ലുക. വലതുകൈകൊണ്ട് തിന്നുക. നിന്റെ മുമ്പിലുള്ളതില്‍നിന്ന് ഭക്ഷിക്കുക'. പിന്നീട് എന്റെ ഭക്ഷണരീതി അതായി.
നബി(സ)യുടെ പിതൃവ്യ പുത്രനായ അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) കുട്ടിയായിരുന്നപ്പോള്‍ ഉണ്ടായ ഒരു സംഭവം: 'ഞാന്‍ ഒരു ദിവസം നബി(സ)യുടെ പിന്നിലിരുന്ന് യാത്രചെയ്യുകയായിരുന്നു. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു: 'കുട്ടീ, നിനക്ക് ഞാന്‍ ചില കാര്യങ്ങള്‍ പഠിപ്പിച്ചു തരാം. നീ അല്ലാഹുവെ സൂക്ഷിക്കുക. എന്നാല്‍ അവന്‍ നിന്നെയും സൂക്ഷിക്കും. നീ അല്ലാഹുവെ സൂക്ഷിക്കുക, എന്നാല്‍ നിനക്കവനെ നിന്റെ മുമ്പില്‍ കാണാന്‍ സാധിക്കും. നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവോട് സഹായം തേടുക. നീ മനസ്സിലാക്കുക: നിനക്ക് വല്ല ഉപകാരവും ചെയ്യാന്‍ വേണ്ടി മനുഷ്യ സമൂഹം മുഴുവന്‍ ഒറ്റക്കെട്ടായി ശ്രമിച്ചാലും അല്ലാഹു നിനക്ക് വിധിച്ച ഉപകാരമേ അവര്‍ക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. അപ്രകാരം തന്നെ അവരൊന്നായി നിനക്ക് വല്ല ഉപദ്രവവും വരുത്തിവെക്കാന്‍ ശ്രമിച്ചാലും അല്ലാഹു നിനക്ക് വിധിച്ച ഉപദ്രവമല്ലാതെ ഒന്നും വരുത്തിവെക്കാന്‍ അവര്‍ക്ക് സാധ്യമല്ല, വിധികള്‍ എഴുതുന്ന പേനകള്‍ എടുത്ത് മാറ്റപ്പെടുകയും എഴുതിയ ഏടുകള്‍ ഉണങ്ങുകയും ചെയ്തിരിക്കുന്നു.'
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top