നവയുഗം എനിക്കൊരു
എസ്.എം.എസ് അയച്ചു.
പിന്നാലെ വരിക
വേണമെങ്കില്‍ കുപ്പിവളക്കയ്യില്
ഒരു പിച്ചാത്തി കൂടെ കരുതാം.
തിരക്കിനിടയില്‍
എന്റെ 4ഏ മൊബൈലില്‍
ഒരു മിസ്സ്ഡ് കോള്‍ കുതിച്ചെത്തി അതേ നമ്പറില്‍
തിരിച്ചുവിളിച്ചപ്പോള്‍
ആള് പരിധിക്ക് പുറത്ത്
കാലത്തിന് നെട്ടോട്ടത്തില്‍
പൊട്ടിത്തെറിച്ച നെടുവീര്‍പ്പുകള്‍
കണ്ണീരിനോളങ്ങളായ്
അലതല്ലി ഒഴുകുന്നു
മാറ്റത്തിന് മുള്‍മുനമ്പില്‍
നോവിന്റെ രക്തക്കറകള്‍
മുറുക്കിത്തുപ്പിയ വെറ്റിലച്ചണ്ടി പോല്‍
വെയിലില്‍ വാടുന്നു.
വിടരും മുമ്പേ
ക്രൂരതയുടെ ജെ.സി.ബിക്കൈകള്‍
മാന്തിയെടുത്ത
പെണ്‍പൂക്കള്‍
ഒരു മോചനത്തിനായ് വെമ്പുന്നു
ലഹരിക്കുപ്പികള്‍ കുമിഞ്ഞ് കൂടുന്ന ഇടനാഴിയില്‍
യുവമിഥുനങ്ങള്‍
കൊലവിളിയുയര്‍ത്തുന്നു.
പണക്കിഴികള്ക്കായ്
മനസു മന്ത്രിക്കുമ്പോള്‍
തുടുത്ത 'കൈകള്‍ ജ്വല്ലറിയുടെ താക്കോല്‍ ദ്വാരത്തിനുള്ളിലൂടെ എത്തി നോക്കുന്നു
മോഹത്തിന് യാമങ്ങളില്‍
നീന്തിത്തുടിക്കമ്പോള്
പെറ്റമ്മയുടെ സ്നേഹത്തിന് മുന്നില്‍
മറു തണലിന് വാതിലുകള്‍ തുറക്കുന്നു
കാലം വീണ്ടും കുതിക്കുന്നു
കാണാന്‍ ഇനിയുമുണ്ട് കാഴ്ചകളേറെ
ഞാനും തളര്‍ന്നിരിക്കുന്നു.
കിലുക്കം നിലച്ച ചിലങ്ക പോലെ