എന്റെ കരളിന്റെ കഷ്ണമായ പ്രിയ മോളേ.. ഉലാ... എന്‍ പ്രിയ രക്തമേ...
എന്റെ കരളിന്റെ കഷ്ണമായ പ്രിയ മോളേ.. ഉലാ... എന്‍ പ്രിയ രക്തമേ... എന്റെ മുഴുവന്‍ ഹൃദയവും സ്നേഹവും നിനക്കൊപ്പമുണ്ട്. പൊന്നു മോള.. നീ അതിക്രമികളുടെ ജയിലറക്കുള്ളിലായിട്ട് നൂറിലേറെ ദിവസമായിരിക്കുന്നു. മര്‍ദിതനെ സംബന്ധിച്ചടത്തോളം എത്ര ദീര്‍ഘിച്ചതാണ് ആ ദിവസങ്ങള്‍! ഓരോ ദിവസവും കടന്നു പോകുന്നത് ഓരോ വര്‍ഷം പോലെയായിരിക്കും. ദൈവഹിതത്താല്‍ അതിക്രമത്തിന്റെ ഈ നാളുകള്‍ അവസാനിക്കുക തന്നെ ചെയ്യും. നീയും ഭര്‍ത്താവും കുടുംബത്തിലേക്ക് സുരക്ഷിതരായി മടങ്ങുകയും ചെയ്യും.
ആളുകളില്‍ നിന്ന് അകലം പാലിക്കുന്നത് കൊണ്ട് അവരില്‍ നിന്ന് ഉപദ്രവമുണ്ടാകില്ലെന്നായിരുന്നു നീ കരുതിയിരുന്നത്. നീ ജനിച്ചത് അവരുടെ നാട്ടിലല്ല. സ്‌കൂള്‍, യൂണിവേഴ്സിറ്റി പഠനം നടത്തിയതും അവരുടെ നാട്ടിലല്ല. നീ ജോലി നോക്കിയതും അവരുടെ ഓഫീസുകളിലല്ല. പിന്നെ അവര്‍ക്കും നിനക്കും ഇടയില്‍ എന്ത് പ്രശ്നം എന്നായിരിക്കും നീ ആലോചിച്ചിരിക്കുക. നീയൊരു ഭാര്യയാണ്, ഉമ്മയാണ്, വല്ല്യുമ്മയാണ്, സമാധാനകാംക്ഷിയായ ഒരു സ്ത്രീയാണ്, നിന്റെ നാടിന്റെ എംബസി ഉദ്യോഗസ്ഥയുമാണ്. അതിന്റെ പൗരത്വം നിനക്കുണ്ട്. നിന്റെ ജോലിയുമായി അവര്‍ക്ക് ഒരു പ്രശ്നവുമില്ല. മാത്രമല്ല, നീ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നുമില്ല. നിന്റെ ഭര്‍ത്താവിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന അംഗീകരിക്കപ്പെട്ട 'അല്‍വസത്വ്' പാര്‍ട്ടിയിലൂടെയുമാണ്. എന്നിട്ടും അദ്ദേഹത്തെ രണ്ടിലേറെ വര്‍ഷം അവര്‍ തടവിലിട്ടു. തെളിവുകള്‍ ഒന്നും ഇല്ലാതിരുന്നിട്ടും വിചാരണ ചെയ്തു. അവസാനം നിരപരാധിയെന്ന് കണ്ട് വിട്ടയക്കുകയും ചെയ്തു. വീണ്ടും ഒരിക്കല്‍ കൂടി അതാവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. കാരണം 'അദ്ദേഹം നിന്റെ ഭര്‍ത്താവാണ്.'
അടിസ്ഥാനപരമായി മനുഷ്യര്‍ നിരപരാധികളാണ്. എല്ലാ നിയമങ്ങളും അങ്ങനെയാണ് അഭിപ്രായപ്പെടുന്നത്. കോടതി നീതിയുക്തമായി കുറ്റവാളിയെന്ന് വിധിക്കുന്ന് വരെ കുറ്റാരോപിതനും നിരപരാധി തന്നെയാണ്. പുനര്‍വിചാരണ ആവശ്യപ്പെടാനും അപ്പീല്‍ നല്‍കാനും അവന് അവകാശമുണ്ട്. ഒരാള്‍ നിരപരാധിയെന്നോ കുറ്റവാളിയെന്നോ തീര്‍പ്പാക്കുന്നത് വരെ സുപ്രീം കോടതി പ്രതിചേര്‍ക്കപ്പെട്ടവനൊപ്പം നിലകൊള്ളണം എന്നതാണ് അടിസ്ഥാനം.
എന്തുകൊണ്ട് അവര്‍ നിന്നോടിങ്ങനെ പരുഷമായി പെരുമാറുന്നത്? എന്തിനാണ് ഇടുങ്ങിയ തടവറക്കുള്ളിലെ രാപ്പകലുകള്‍ മാറുന്നതറിയാതെയുള്ള ഏകാന്ത തടവ്? എന്നല്ല, ഈ തടവ് തന്നെ എന്തിനാണ്? എന്തിനാണ് വിചാരണ വേളക്കിടയിലെ പത്രമാധ്യമങ്ങളിലൂടെയുള്ള ഈ അപകീര്‍ത്തിപ്പെടുത്തലുകള്‍? അടിസ്ഥാന അവകാശങ്ങളും ചികിത്സയും മരുന്നും സന്ദര്‍ശനവുമെല്ലാം വിലക്കുന്നതെന്തിനാണ്? അതിന് നീ വലുതോ ചെറുതോ ആയ ഒരു തെറ്റും ചെയ്തിട്ടില്ല. ഏതെങ്കിലും പ്രകടനത്തിലോ ഗൂഢാലോചനയിലോ നീ പങ്കെടുത്തിട്ടുമില്ല. എത്രയോ വര്‍ഷങ്ങളായി പോവുകയും വരികയും ചെയ്യുന്നു. ഒരാളും നിന്നോട് ഒരു വാക്കും പറഞ്ഞിട്ടില്ല. ഇന്നിപ്പോള്‍ എന്താണ് സംഭവിക്കുന്നത്? പെട്ടെന്നൊരു നാള്‍ അവര്‍ നിന്നെ ഓര്‍മിപ്പിക്കുന്നു, 'നീ ഖറദാവിയുടെ മകളാണ്'!
മോളേ, നിന്റെ ഉപ്പ ജീവിതകാലം മുഴുവന്‍ ജനങ്ങള്‍ക്കിടയില്‍ ദീനിനൊപ്പം ദീന്‍ പഠിപ്പിച്ച് നീങ്ങിയവനാണ്. ഫഖീഹും മുഫ്തിയും പ്രബോധകനും അധ്യാപകനും കവിയും എഴുത്തുകാരനുമായ അദ്ദേഹം മുസ്ലിം ഉമ്മത്തിനോട് വഞ്ചന കാട്ടിയിട്ടില്ല. അതിന്റെ സന്ദേശം വലിച്ചെറിഞ്ഞിട്ടുമില്ല. ജനങ്ങള്‍ക്ക് പരിചിതനായത് മുതല്‍ ഇപ്പോള്‍ തൊണ്ണൂറ് പിന്നിട്ടിരിക്കുമ്പോഴും ഉപ്പ കള്ളം പറഞ്ഞിട്ടില്ല.
എല്ലാ ഭൂഖണ്ഡങ്ങളും പ്രധാനപ്പെട്ട രാഷ്ട്രങ്ങളുമെല്ലാം അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. മുസ്ലിം ഉമ്മത്തിന്റെ വിഷയങ്ങളില്‍ ഒരിക്കലും അദ്ദേഹം പിന്നോട്ടടിച്ചിട്ടില്ല. മുസ്ലിംകളോടുള്ള ഉത്തരവാദിത്വത്തില്‍ അലംഭാവവും കാണിച്ചിട്ടില്ല. ഇതൊന്നും അവര്‍ക്ക് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അതിന്റെ കാരണം അവര്‍ക്ക് ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ വിഷയത്തില്‍ താല്‍പര്യമില്ലാത്തതാണ്. അതിന്റെ ആദര്‍ശത്തോടോ നാഗരികതയോടോ സംസ്‌കാരത്തോടോ അവര്‍ക്ക് താല്‍പര്യമില്ല. അപ്പോള്‍ നീ ചെയ്ത തെറ്റ് എന്താണ്? എന്തിനാണവര്‍ നിന്നെ ശിക്ഷിക്കുന്നത്? അല്ലെങ്കില്‍ എന്തിനാണ് നിന്നിലൂടെ നിന്റെ ഉപ്പയെ അവര്‍ ശിക്ഷിക്കുന്നത്?
നിന്റെ ഉപ്പയെ അവര്‍ വിചാരണ ചെയ്തിട്ടുണ്ട്. അല്‍അസ്ഹറിലെ ആള്‍ക്കൂട്ടത്തിലെ ഒരാളായിട്ടാണ് അവര്‍ അദ്ദേഹത്തെ കണ്ടത്. ലോക മുസ്ലിം പണ്ഡിതവേദി അധ്യക്ഷനായ അദ്ദേഹം ലോകത്തെ പല വൈജ്ഞാനിക വേദികളിലെയും അംഗവും ഫിഖ്ഹ് കൗണ്‍സിലുകളിലെ സജീവി സാന്നിദ്ധ്യവുമാണ്. ഈജിപ്തിലെ പണ്ഡിതവേദിയിലും ഇസ്ലാമിക ഗവേഷണ കേന്ദ്രത്തിലും (മജ്മഉല്‍ ബുഹൂഥുല്‍ ഇസ്ലാമിയ്യ) അംഗമായിരിക്കെയാണ് അദ്ദേഹത്തിനെതിരെ അവര്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ഈജിപ്തിന്റെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവ തയ്യാറാവാത്തതിനാല്‍ അവയില്‍ നിന്നദ്ദേഹം രാജിവെക്കുകയായിരുന്നു. അവരോട് യാത്രപറഞ്ഞ് താന്‍ തെരഞ്ഞെടുത്ത ഒരു നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
എന്തുകൊണ്ടാണവര്‍ അദ്ദേഹത്തിനെതിരെ വിചിത്രമായ വാദങ്ങള്‍ ഉയര്‍ത്തുന്നത്? എണ്‍പത്തിയഞ്ച് വയസ്സിലേറെ പ്രായമുള്ള -അന്ന്- അദ്ദേഹം ജയില്‍ഭേദനത്തില്‍ പങ്കെടുത്തു എന്നതാണ് ആരോപണം. ഈ ആരോപണം ഉയര്‍ത്തപ്പെട്ടപ്പോള്‍ മാത്രമാണ് അദ്ദേഹം തടവുകാര്‍ പുറത്തിറക്കപ്പെട്ട കാര്യം തന്നെ അറിയുന്നത്. അതിന് മുമ്പ് ഈജിപ്തില്‍ വെച്ചോ ഖത്തറില്‍ വെച്ചോ അതിനെ കുറിച്ച് അദ്ദേഹത്തെ അവരത് അറിയിച്ചിട്ടില്ലായിരുന്നു.
അവര്‍ തങ്ങളുടെ എല്ലാ പകയും ദേഷ്യവും സ്വതന്ത്രയായ ഒരു സ്ത്രീക്ക് മേല്‍ തീര്‍ക്കുകയാണിപ്പോള്‍. അവളെ അടിച്ചമര്‍ത്താനാണ് അവരുദ്ദേശിക്കുന്നത്. എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുന്നത് അവരെ തന്നെ അടിച്ചമര്‍ത്താനാണ്. അവന്റെ ഉറക്കമില്ലാത്ത കണ്ണുകള്‍ അവളുടെ സംരക്ഷണത്തിനുണ്ടാവും. അവളെ സംരക്ഷിക്കാന്‍ അവനുണ്ട്.
മോളേ ഉലാ, നീ നിന്റെ പേരിനോട് നീതി പുലര്‍ത്തട്ടെയെന്നാണ് അല്ലാഹു ആഗ്രഹിക്കുന്നത്. അതുകൊണ്ട് നീ ഈ ലോകത്തും പരലോകത്തും സാധ്യമാകുന്നത്ര ഉയരണം. നിന്റെ നന്മയുടെ ത്രാസ്സുകള്‍ കനം തൂങ്ങട്ടെ. ഇടുങ്ങിയ ജയിലറയില്‍ കിടക്കുന്ന നീ നിന്നോട് അതിക്രമം കാണിച്ചവനേക്കാള്‍ ആദരിക്കപ്പെടുന്നു. അല്ലാഹുവിനും അവന്റെ പ്രിയ ദാസന്‍മാര്‍ക്കും നീ പ്രിയപ്പെട്ടവളാകുന്നു. വിദൂര ദിക്കുകളില്‍ നിന്നു പോലും എത്രയെത്ര വിശ്വാസി വിശ്വാസിനികളാണ് നിക്ക് വേണ്ടി പാപമോചനം തേടുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നത്. നിന്റെയും മര്‍ദിതരായ നിന്റെ സഹോദരങ്ങളുടെയും മോചനത്തിനും നിങ്ങളോട് അതിക്രമം ചെയ്തവര്‍ ശിക്ഷിക്കപ്പെടുന്നതിനുമായി അവര്‍ അല്ലാഹുവോട് തേടിക്കൊണ്ടിരിക്കുന്നു. ഈ പ്രാര്‍ഥനകള്‍ ഒരിക്കലും വെറുതെയാവില്ല, ഇഹത്തിലും പരത്തിലും.
അതുകൊണ്ട് നീയും നിന്റെ ഭര്‍ത്താവും ആനന്ദിക്കുകയും ആശ്വസിക്കുകയും പുഞ്ചിരിക്കുകയും ചെയ്തോളൂ. സദ്വൃത്തരുടെ പ്രാര്‍ഥനകള്‍ മര്‍ദിതരെ തടവറകളില്‍ നിന്ന് മോചിപ്പിക്കുമെന്ന ഉറച്ച വിശ്വാസം നിന്നിലുണ്ടാവട്ടെ. അത് അതിക്രമികളെ പരാജിതരും നിരാശരുമാക്കും. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെ കുറിച്ച് നിന്റെ നാഥന്‍ ഒട്ടും അശ്രദ്ധനല്ല. ഏതൊരു അതിക്രമിയുടെയും പരിണതിയാണ് അവരെയും കാത്തിരിക്കുന്നത്. - നിന്റെ ഉപ്പ, യൂസുഫുല്‍ ഖറദാവി
(വാട്‌സാപ്പില്‍ നിന്ന്)