ശുഹാദ ജീവിതം പോരാട്ടമാക്കിയ 'പ്രതിഷേധ ഗായിക'
ഇന്‍സാന്‍
സെപ്റ്റംബര്‍ 2023
ഈയിടെ അന്തരിച്ച ഐറിഷ് പാട്ടുകാരിയെക്കുറിച്ച്
അയര്‍ലന്റിന്റെ തലസ്ഥാനമായ ഡബ്ലിനിലെ ഇസ്‌ലാമിക് സെന്ററിലെ ഇമാമായ ഡോ. ഉമര്‍ അല്‍ ഖാദിരിയുടെ അടുത്ത് ഒരു അയര്‍ലന്‍ഡുകാരി എത്തി; 2018-ലാണ്. ഇസ്‌ലാമിനെക്കുറിച്ച് അറിയാനാണ് വരവ്.
അവര്‍ ഇസ്‌ലാമിലെ അടിസ്ഥാന വിശ്വാസത്തെപ്പറ്റി, കര്‍മശാസ്ത്രത്തെപ്പറ്റി എന്തിന്, സംഗീതത്തിന്റെ സ്ഥാനത്തെപ്പറ്റിയൊക്കെ ചോദ്യങ്ങളുയര്‍ത്തി. ഇനിയും വരുമെന്നറിയിച്ചു.
പാശ്ചാത്യ പോപ്പ് സംഗീതം ശ്രദ്ധിക്കാറുണ്ടായിരുന്നെങ്കില്‍ ഇമാമിന് ആ അതിഥിയെ ഉടനെ മനസ്സിലായേനെ. പക്ഷേ, അദ്ദേഹം തിരിച്ചറിഞ്ഞില്ല. അവര്‍ പേര് പറഞ്ഞപ്പോഴും അറിഞ്ഞില്ല. പേര് ഷിനിയദ് ഓ കോണര്‍ (Sinead O'Connor).
താനിവിടെ വന്ന് ഇമാമിനെ കണ്ട കാര്യം തല്‍ക്കാലം മാധ്യമങ്ങള്‍ അറിയേണ്ടെന്ന് അവര്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് കൗതുകം തോന്നി. പിരിഞ്ഞുപോകുമ്പോള്‍ അവര്‍ പറഞ്ഞു: 'എന്റെ പേര് ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടും.'
അദ്ദേഹം തിരഞ്ഞു. ലോകമറിയുന്ന പ്രശസ്ത ഗാനരചയിതാവും ഗായികയുമാണ് ഷിനിയദ്. അനേകം പ്രശസ്ത ബെസ്റ്റ് സെല്ലര്‍ ആല്‍ബം ശേഖരങ്ങള്‍ അവരുടേതായി ഉണ്ട്. അതിനപ്പുറം, ആക്ടിവിസം കൊണ്ട് വാര്‍ത്തയും വിവാദവും സൃഷ്ടിച്ചയാളാണ്.
പ്രശസ്തിയുടെ ഉച്ചിയില്‍ തന്റെ ആല്‍ബം ഗാനങ്ങള്‍ വില്‍പനയില്‍ റെക്കോഡിട്ടപ്പോള്‍, ആഗോള ടെലിവിഷന്‍ ചാനലുകളിലും റേഡിയോ സ്‌റ്റേഷനുകളിലും തന്റെ രചനകളും ഗാനങ്ങളും ഹിറ്റായിക്കൊണ്ടിരിക്കുമ്പോള്‍, സ്വന്തം മതത്തിലെ അനാചാരങ്ങളെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് അതെല്ലാം നഷ്ടപ്പെടുത്തിയ വനിത.
ജനിച്ചു വളര്‍ന്ന സാഹചര്യങ്ങള്‍ കാരണം ജീവിതത്തിന്റെ അച്ചടക്കം നഷ്ടപ്പെട്ടപ്പോഴും നന്മക്കായി അന്വേഷണം നടത്താനും പോരാടാനും ആവേശമായിരുന്നു അവര്‍ക്ക്.
കുട്ടിയായിരിക്കെ അച്ഛനമ്മമാര്‍ തമ്മില്‍ വഴക്ക്; വിവാഹമോചനം. അമ്മ പ്രത്യേകിച്ചും തന്നില്‍ അധാര്‍മികത വളര്‍ത്തിയെന്ന് ആത്മകഥയായ 'റിമംബറിങ്‌സി'ല്‍ (2021) ഷിനിയദ് എഴുതി. ചര്‍ച്ചിലെ സംഭാവനപ്പെട്ടിയില്‍നിന്ന് മോഷ്ടിക്കാന്‍ വരെ അമ്മ പഠിപ്പിച്ചത്രെ. അമ്മ വെറുതെ ചീത്ത പറയുകയും അടിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. മോഷണത്തിന് പിടിക്കപ്പെട്ടപ്പോള്‍ ക്രൈസ്തവ സഭയുടെ ദുര്‍ഗുണ പരിഹാര കേന്ദ്രത്തില്‍ ഷിനിയദിനെ പാര്‍പ്പിച്ചു. അവിടെ വെച്ച് പാടാന്‍ പഠിച്ചെങ്കിലും മറ്റു നിലക്ക് ദുസ്സഹമായിരുന്നു ജീവിതം. പലപ്പോഴും പീഡനങ്ങള്‍ക്കിരയായ അവര്‍ ആ അനുഭവങ്ങള്‍ പില്‍ക്കാലത്ത് അഭിമുഖങ്ങളില്‍ വെളിപ്പെടുത്തി.
കത്തോലിക്കാ സഭക്കുള്ളിലെ ബാലപീഡനങ്ങളും അഴിമതിയും ഷിനിയദിന്റെ മനസ്സില്‍ രോഷമുയര്‍ത്തി. ബാലപീഡകരായ ചര്‍ച്ച് ഭാരവാഹികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി അവര്‍ കാമ്പയിന്‍ സംഘടിപ്പിച്ചു. സംഗീത മേഖലയിലെ ലിംഗ വിവേചനത്തെയും അവര്‍ ചോദ്യം ചെയ്തു. പക്ഷേ, പ്രബലമായ കത്തോലിക്കാ സഭക്കെതിരെ വിരലനക്കാന്‍ സമൂഹവും അധികൃതരും തയാറായിരുന്നില്ല.
മനസ്സിലെ ധാര്‍മിക രോഷം ഒടുവില്‍ പൊട്ടിയൊഴുകി. 1992 ഒക്ടോബര്‍ 3-ന് അമേരിക്കന്‍ ടി.വി പരിപാടി ലൈവായി അവതരിപ്പിക്കുകയായിരുന്നു ഷിനിയദ്. ബോബി മര്‍ലിയുടെ ഒരു ഗാനം, ബാലപീഡനങ്ങള്‍ക്കെതിരായ സ്വന്തം വരികള്‍ കൂട്ടിച്ചേര്‍ത്ത് അവര്‍ പാടി. അതിനൊടുവില്‍, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ഒരു ഫോട്ടോ കാമറയിലേക്ക് ഉയര്‍ത്തിക്കാട്ടി, തുണ്ടു തുണ്ടായി കീറി, സ്റ്റുഡിയോയുടെ നിലത്ത് വലിച്ചെറിഞ്ഞു. എന്നിട്ട് 'സാക്ഷാല്‍ ശത്രുവിനോട് പൊരുതുക' എന്ന് വിളിച്ചുപറഞ്ഞ് രംഗം വിട്ടു.
കുട്ടിക്കാലത്ത് താനും മറ്റു പലരും അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് കത്തോലിക്കാ സഭക്ക് ഉത്തരവാദിത്തമുണ്ടെന്ന് അവര്‍ പല കുറി വിശദീകരിച്ചു. കത്തോലിക്കന്‍ പുരോഹിതര്‍ കുട്ടികളെ പീഡിപ്പിക്കുന്നുവെന്നും എത്രയോ 'സമൂഹങ്ങളെ' അവര്‍ നശിപ്പിച്ചിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.
ആ 'ലൈവ്' രോഷപ്രകടനം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തി. ഷിനിയദിനു നേരെ സമൂഹമാധ്യമങ്ങളില്‍ ശകാരവര്‍ഷമുണ്ടായി. അവര്‍ക്ക് വധഭീഷണി വന്നു. ഒരാള്‍ അവരുടെ പാട്ടുകളുടെ കാസറ്റുകളും സീഡികളും മറ്റും കൂമ്പാരമാക്കിയിട്ട് അതിനുമേല്‍ റോളര്‍ ഉരുട്ടി നശിപ്പിച്ചുകൊണ്ടാണ് രോഷം തീര്‍ന്നത്. അവര്‍ക്ക് പരിപാടികളും വരുമാനവും കുത്തനെ കുറഞ്ഞു. ചെല്ലുന്നേടത്തെല്ലാം വിശ്വാസികള്‍ അവരെ കൂവി വിളിച്ചു. പക്ഷേ, അവര്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു.
ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം മാര്‍പ്പാപ്പ തന്നെ കത്തോലിക്കാ സഭക്കുള്ളിലെ ലൈംഗിക ചൂഷണത്തെപ്പറ്റി പരസ്യമായി കുറ്റസമ്മതം നടത്തി.
സ്ഥാപിത മതങ്ങളും സംഘങ്ങളുമാണ് ലോകത്ത് നടക്കുന്ന അന്യായങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതെന്ന് അവര്‍ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു. വ്യക്തിപരമായി അങ്ങേയറ്റത്തെ മനസ്സംഘര്‍ഷവും വിഷാദ രോഗവും അടിപ്പെടുത്തിയപ്പോഴും അവര്‍ കരുത്തോടെ അനീതികള്‍ക്കെതിരെ പരസ്യനിലപാടുകളെടുത്തു. അമേരിക്കയോടുള്ള വിയോജിപ്പ് പലതരത്തില്‍ പ്രകടിപ്പിച്ചു. ന്യൂജെഴ്‌സിയില്‍ ഒരു കച്ചേരിക്ക് വിളിച്ചപ്പോള്‍ അവര്‍ ഒരു നിബന്ധന വെച്ചു: പരിപാടിക്കു മുമ്പ് അമേരിക്കയുടെ ദേശീയ ഗാനമാലപിക്കുന്ന പതിവ് ഉപേക്ഷിക്കണം. അവരത് സമ്മതിച്ച ശേഷമേ ഷിനിയദ് പോയുള്ളൂ.
ഫലസ്ത്വീന്‍കാരോട് ഇസ്രായേലും സയണിസ്റ്റുകളും ചെയ്യുന്ന അനീതിയോട് പാശ്ചാത്യ ജനാധിപത്യ വാദികള്‍ പോലും രാജിയായ ഘട്ടത്തിലും ഷിനിയദ് ഫലസ്ത്വീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സ്റ്റേജ് പരിപാടികളില്‍ തന്റെ മൈക്കില്‍ എല്ലാവരും കാണ്‍കെ ഫലസ്ത്വീന്റെ കൊച്ചു പതാക തൂക്കിയിടുമായിരുന്നു അവര്‍.
അവരുടെ നിലപാടുകള്‍ പലരെയും ശത്രുക്കളാക്കി. ''നിന്നെപ്പോലെ മറ്റൊന്നുമില്ല'' (Nothing Compares 2 u) എന്ന ഹിറ്റ് ഗാനമടക്കം കുറെ പ്രശസ്ത ട്രാക്കുകളടങ്ങിയ ആല്‍ബം എഴുപത് ലക്ഷം കോപ്പികള്‍ വിറ്റഴിയുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു. കത്തോലിക്കാ സഭക്കും സയണിസത്തിനും എതിരായ നിലപാട് കാരണം വില്‍പന കുത്തനെ കുറഞ്ഞു. 'താരപദവി നഷ്ടപ്പെട്ടതില്‍ ഖേദമില്ലേ' എന്ന് ഒരു അഭിമുഖക്കാരന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: 'ഇല്ല. അനീതികളെല്ലാം ഭൗതികതയോടുള്ള ഭ്രമത്തില്‍നിന്ന് വരുന്നവയാണ്. അവയോട് രാജിയായിക്കൊണ്ട് കിട്ടുന്ന താരപദവിയല്ല എനിക്കാവശ്യം. ഞാന്‍ പോപ്പ് ഗായികയല്ല. പ്രതിഷേധ ഗായിക (Protest Singer) ആണ്.''
സ്ത്രീകളെ കച്ചവട വസ്തുവായി കാണുന്ന സംസ്‌കാരത്തെ അവര്‍ ചോദ്യം ചെയ്തു. 'സുന്ദരിയായിരിക്കല്‍ അപകടമാണ്' എന്നവര്‍ പറഞ്ഞുകൊണ്ടിരുന്നത് സ്വാനുഭവം കൂടി വെച്ചാണ്. കൂടുതല്‍ സ്‌ത്രൈണത തോന്നിക്കാന്‍ മുടി നീട്ടി വളര്‍ത്തണമെന്ന് ആരോ പറഞ്ഞതിനു ശേഷമാണത്രെ അവര്‍ തല മൊട്ടയടിച്ച് സ്റ്റേജുകളിലെത്തിയത്.
ചെറുപ്പം തൊട്ടേ ആത്മീയ സാഫല്യത്തിനുള്ള അന്വേഷണത്തിലായിരുന്നു ഷിനിയദ്. പീഡനങ്ങളിലൂടെ കടന്നുവന്ന അതിജീവിത. ജീവിതത്തില്‍ മതം സൃഷ്ടിച്ച ശൂന്യത മൂലം പലപ്പോഴും കടിഞ്ഞാണ്‍ നഷ്ടപ്പെട്ട അവസ്ഥ. 17 വയസ്സുള്ള മകന്‍ ഷാന്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തപ്പോള്‍ അവര്‍ ട്വിറ്ററില്‍ കുറിച്ചു: 'അവന്റെ ആത്മാവിന് ശാന്തി ലഭിക്കുമാറാകട്ടെ. മറ്റാരും അവന്റെ മാതൃക പിന്തുടരാതിരിക്കട്ടെ.''
2019ലെ ഒരു ഇന്റര്‍വ്യൂവില്‍ അവര്‍ പറഞ്ഞിരുന്നു: 'ചുറ്റുമുള്ള എല്ലാവരും ദുഃഖം പേറുന്നു. ഞാനും.' സമാധാനം തേടി അവര്‍ വിവിധ മതഗ്രന്ഥങ്ങള്‍ വായിച്ചു തുടങ്ങിയിരുന്നു. ഖുര്‍ആനും ഇസ്‌ലാമും അവസാനത്തേക്ക് വെച്ചത്, 'ആ മതം എനിക്ക് പറ്റില്ലെന്ന് ആദ്യം കരുതിയിരുന്നതിനാലാണ'ത്രെ. അത്രയേറെ തെറ്റിദ്ധാരണകള്‍ ഇസ്‌ലാമിനെതിരെ ഉണ്ടായിരുന്നു.
മറ്റൊന്നും തൃപ്തി നല്‍കാതെ വന്നപ്പോള്‍ അവര്‍ ഖുര്‍ആന്‍ പരിഭാഷ വായിക്കാന്‍ തുടങ്ങി. 'വെറും രണ്ട് അധ്യായം വായിച്ചപ്പോഴേക്കും മനസ്സ് പറഞ്ഞു: ദൈവമേ, ഞാനിതാ വീടണഞ്ഞിരിക്കുന്നു.''
ഇസ്‌ലാം ഒരു മതമല്ല എന്നതാണ് അവരെ ഏറെ ആകര്‍ഷിച്ചത്. യേശുവിനെപ്പോലെ മതജീര്‍ണതക്കെതിരെ മുഹമ്മദ് നബിയും പോരാടി. താന്‍ തുടക്കം മുതലേ മുസ്‌ലിമാണ് എന്ന് ഷിനിയദിന് തോന്നി. 'ദൈവമൊഴിച്ച് പ്രപഞ്ചത്തില്‍ മറ്റൊന്നിനെയും വണങ്ങാതിരിക്കുക; അതുതന്നെ ശരിയായ വഴി. ഇടനിലക്കാരില്ലാതെ അല്ലാഹുവോട് നേരിട്ട് ബന്ധപ്പെടുന്ന വഴി.''
അങ്ങനെയാണ് അവര്‍ ഇസ്‌ലാമിനെപ്പറ്റി കൂടുതലറിയാന്‍ ഇമാം ഉമര്‍ ഖാദിരിയെ ചെന്നു കണ്ടത്. 2018-ല്‍ അവര്‍ സത്യസാക്ഷ്യം പ്രഖ്യാപിച്ച് മുസ്‌ലിമായി. ഹിജാബ് ധരിച്ചുള്ള ഫോട്ടോകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ശുഹാദ സദഖത് എന്ന പേര് സ്വീകരിച്ചു; കച്ചേരികളില്‍ പഴയ പേര് തുടര്‍ന്നെങ്കിലും. 2023 ജൂലൈയില്‍ 56-ാം വയസ്സില്‍ അന്തരിച്ചു.
l