പ്രവാചകന്റെ വീട്ടില്‍
പി റുക്‌സാന
സെപ്റ്റംബര്‍ 2023
ഇണകളുമായുള്ള സഹവാസത്തിനിടയില്‍ നിസ്സാരമെന്ന് കരുതി പുരുഷന്മാര്‍ പലപ്പോഴും തള്ളിക്കളയുന്ന പലതിനെയും പ്രവാചകന്‍ ഗൗരവത്തോടെ സമീപിച്ചിട്ടുണ്ട്.
'ആഇശാ, നിനക്ക് ദേഷ്യം പിടിക്കുന്ന നേരവും സന്തോഷമുള്ള നേരവും എനിക്കറിയാം. ദേഷ്യം വന്നാല്‍ 'ഇബ്റാഹിം നബിയുടെ റബ്ബാണ് സത്യം' എന്നും സന്തോഷമുള്ളപ്പോള്‍ 'മുഹമ്മദിന്റെ റബ്ബാണ് സത്യം' എന്നുമാണ് നിന്റെ പ്രയോഗം.' ''അല്ലാഹുവിന്റെ റസൂലേ, അത് നാവില്‍ മാത്രമാണ്''- ആഇശ പറഞ്ഞു. പ്രണയാര്‍ദ്രമായി തന്റെ ഇണയോട് ചേര്‍ന്നുനില്‍ക്കുന്ന നല്ല പാതിക്ക് മാത്രമേ അവളിലുണ്ടാകുന്ന ഇത്തരത്തിലുള്ള അതിസൂക്ഷ്മമായ വൈകാരിക ഭാവങ്ങള്‍ വരെ ഒപ്പിയെടുക്കാന്‍ സാധിക്കൂ. മുഖത്ത് പ്രകടമാകുന്ന ഭാവങ്ങളിലൂടെയും വാക്കുകളിലെ പദപ്രയോഗങ്ങളിലൂടെയും ഇണയുടെ മാനസികാവസ്ഥ മനസ്സിലാവുക എന്നത് അത്രമേല്‍ ദൃഢമായ ഹൃദയ ബന്ധത്തില്‍നിന്ന് ഉണ്ടാകുന്ന കാര്യമാണ്. മനസ്സിലാക്കുക മാത്രമല്ല, അത് പ്രണയപൂര്‍വം പുഞ്ചിരിയോടെ പ്രഖ്യാപിക്കുകയും കൂടിയാണ് പ്രവാചകന്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ജീവിതത്തിന്റെ സര്‍വ മേഖലയിലും ഉദാത്തമായ മാതൃകകള്‍ കാണിച്ചുതന്ന പ്രവാചകന്‍ കുടുംബ നാഥന്‍ എന്ന നിലയിലും മനോഹരമായ ഒരു ചിത്രം നമുക്ക് മുമ്പില്‍ വരച്ചു കാണിക്കുന്നുണ്ട്.
ഇണകളുമായുള്ള സഹവാസത്തിനിടയില്‍ നിസ്സാരമെന്ന് കരുതി പുരുഷന്മാര്‍ പലപ്പോഴും തള്ളിക്കളയുന്ന പലതിനെയും പ്രവാചകന്‍ ഗൗരവത്തോടെ സമീപിക്കുന്നത് കാണാം. സ്ത്രീകളോട് പരുഷമായി പെരുമാറുകയും മനസ്സ് തുറന്ന് പുഞ്ചിരിക്കാന്‍ പോലും സാധ്യമാവാത്ത തരത്തില്‍ കുടുംബാംഗങ്ങളോട് ഇടപെടുകയും ചെയ്യുമ്പോഴാണ് നല്ല കുടുംബമുണ്ടാകൂ എന്ന മിഥ്യാ ധാരണ പ്രവാചക ജീവിതത്തില്‍ കാണാന്‍ കഴിയില്ല. 'വീട്ടിലായിരിക്കുമ്പോള്‍ പ്രവാചകന്‍ എന്താണ് ചെയ്യാറുണ്ടായിരുന്നത്' എന്ന് ചോദിക്കുന്ന സഹാബാക്കളോട് ആഇശ (റ) കൊടുക്കുന്ന മറുപടി, 'അദ്ദേഹം തങ്ങളെ വീട്ടുകാര്യങ്ങളില്‍ സഹായിക്കാറുണ്ടായിരുന്നു' എന്നാണ്. 'വീട്ടില്‍ തമാശയും കഥയും പറഞ്ഞിരിക്കെ പള്ളിയില്‍നിന്ന് ബാങ്ക് കേട്ടാല്‍ പെട്ടെന്ന് നബി എഴുന്നേറ്റു പോകും. ഞങ്ങളെ മുമ്പ് പരിചയമില്ലാത്ത രൂപത്തില്‍' എന്നും ആഇശ (റ)പറയുന്നുണ്ട്. ജോലി സ്ഥലങ്ങളിലെ മുഴുവന്‍ ഭാരവും വീട്ടിലേക്ക് കൊണ്ടുവരികയും ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്യുന്ന കുടുംബനാഥന്മാര്‍ ചിലപ്പോള്‍ സ്ത്രീകളുടെ സംസാരങ്ങളും പരിഭവങ്ങളും വിശേഷങ്ങളും സ്വപ്നങ്ങളും പങ്കുവെക്കുന്നതില്‍ അസ്വസ്ഥത പ്രകടിപ്പിക്കും. ഈ അസ്വസ്ഥത പലപ്പോഴും വലിയ രീതിയിലാണ് ഇണകള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നത്. ഒരുമിച്ചിരിക്കലുകളും തമാശകളും കളികളും സംസാരങ്ങളും കുടുംബാംഗങ്ങള്‍ക്കിടയില്‍ നടക്കുമ്പോള്‍ മാത്രമാണ് അമൂല്യമായൊരു ഹൃദയ ബന്ധം അവര്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടുക.
ഇണകളോടുള്ള തന്റെ പ്രണയം പ്രകടിപ്പിക്കാന്‍ പിശുക്ക് കാണിക്കുന്ന കുടുംബനാഥനെ നമുക്ക് പ്രവാചകനില്‍ ദര്‍ശിക്കാനാവില്ല. പത്നിമാരുടെ മടിയില്‍ തലവെച്ചുറങ്ങുന്ന പ്രവാചകനെ ചരിത്രം കാണിച്ചു തരുന്നുണ്ട്. ഒരിക്കല്‍, ആഇശ (റ)യുടെ മടിയില്‍ പ്രവാചകന്‍ തല വെച്ചുറങ്ങുന്നതിനിടയില്‍ പിതാവ് അബൂബക്കര്‍ സിദ്ദീഖ് എന്തോ കാരണത്താല്‍ ആഇശയോട് കോപിച്ചുകൊണ്ട് അവിടെ വന്ന് മകള്‍ക്ക് അമര്‍ത്തി ഒരു നുള്ള് കൊടുത്തു. പ്രവാചകന്റെ ഉറക്കത്തിന് ഭംഗം വരുമോ എന്ന് സംശയിച്ചതുകൊണ്ടാണ് ഞാന്‍ ഇളകാതിരുന്നത് എന്ന് ആഇശ പിന്നീട് പറയുകയുണ്ടായി. പ്രവാചകന്‍ പത്നിമാരോടൊപ്പം ഒരു സുപ്രയില്‍ ഒരേ പാത്രത്തില്‍ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ഒരു ദിവസം പ്രവാചകന്‍ ആഇശാ ബീവിയോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഉമര്‍ (റ) അതിലൂടെ കടന്നുപോയി. പ്രവാചകന്‍ അദ്ദേഹത്തെ വിളിച്ചു. മൂന്നു പേരും ഒന്നിച്ച് ഭക്ഷണം കഴിച്ചു (പര്‍ദയുടെ നിയമം വരുന്നതിനു മുമ്പ്). ആഇശ കടിച്ച എല്ല് കടിക്കുകയും അവര്‍ കുടിച്ച പാനപാത്രത്തില്‍നിന്ന് കുടിക്കുകയും ചെയ്തു പ്രവാചകന്‍ (സ). ഒരുമിച്ചിരുന്നുള്ള ഭക്ഷണം കഴിക്കലും ജമാഅത്ത് നമസ്‌കാരങ്ങളും ഖുര്‍ആന്‍ പഠനവുമെല്ലാം കുടുംബാംഗങ്ങള്‍ക്കിടയിലുള്ള സ്നേഹവും ഊഷ്മളതയും വര്‍ധിപ്പിക്കുമെന്ന് പ്രവാചകന്‍ നമുക്ക് ജീവിതത്തിലൂടെ പഠിപ്പിച്ചു തരുന്നുണ്ട്. ഒരിക്കല്‍ ഒരു പേര്‍ഷ്യക്കാരന്‍ നബിയെ ഭക്ഷണത്തിനു ക്ഷണിച്ചു. അവിടുന്ന് പറഞ്ഞു: 'കൂടെ ആഇശയും ഉണ്ടായിരിക്കും.' അയാള്‍ വയ്യെന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ ക്ഷണം സ്വീകരിക്കുന്നില്ലെന്ന് നബിയും. ആതിഥേയന്‍ രണ്ടാമതും വന്ന് അതേ ചോദ്യവും നബി അതേ ഉത്തരവും ആവര്‍ത്തിച്ചു. അദ്ദേഹം മടങ്ങിപ്പോയി. മൂന്നാമതും വന്നു. അപ്പോഴും പ്രവാചകന്റെ ആവശ്യം ആഇശ കൂടെ വേണമെന്നായിരുന്നു. അവരെക്കൂടി ക്ഷണിച്ചപ്പോള്‍ രണ്ടു പേരും അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. നബി (സ)യുടെ കുടുംബം കടുത്ത വറുതിയിലായിരുന്ന സമയത്താണ് ഈ സംഭവം ഉണ്ടായതെന്നും ആഇശ (റ)യെ തനിച്ചാക്കി ഭക്ഷണം കഴിക്കാന്‍ പോകുന്നതിലുള്ള മനക്ലേശം കാരണത്താലാണ് പ്രവാചകന്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്നും ഹദീസ് പണ്ഡിതന്മാര്‍ ഈ സംഭവത്തെ വിശദീകരിക്കുന്നുണ്ട്.
ഒരു യുദ്ധത്തില്‍ ആഇശ നബി (സ)യുടെ കൂടെയുണ്ടായിരുന്നു. നബി (സ) എല്ലാവരോടും മുന്നോട്ടു പോകാന്‍ നിര്‍ദേശിച്ച് ആഇശ (റ)യോട് പറഞ്ഞു: 'വരൂ, നമുക്കൊന്ന് മത്സരിച്ചു നോക്കാം. ആരാണ് ജയിക്കുക എന്നറിയാമല്ലോ.' ആഇശ അന്ന് മെലിഞ്ഞ് കനം കുറഞ്ഞ പെണ്ണായിരുന്നു. അവര്‍ ഓട്ടത്തില്‍ ജയിച്ചു. ഏതാനും കൊല്ലങ്ങള്‍ക്കു ശേഷം വീണ്ടും അതേപോലെ ഓട്ടമത്സരം നടന്നു. ആഇശ പറയുകയാണ്: അന്ന് ഞാന്‍ തടിച്ച പെണ്ണായിരുന്നു. അതിനാല്‍ പ്രവാചകനാണ് ഓട്ടത്തില്‍ ജയിച്ചത്. പ്രവാചകന്‍ പുഞ്ചിരിയോടെ ആ സമയത്ത് ആഇശയോട് പറയുന്നുണ്ട്: 'ആഇശാ, അന്നത്തേതിനു ഞാന്‍ പകരം വീട്ടി.' പ്രണയിനിയും കൂട്ടുകാരിയും സുഖദുഃഖങ്ങള്‍ പങ്കുവെക്കുന്ന തുണയുമായി പരിണമിക്കുന്ന ഗാഢമായ ഒരു ബന്ധം സൃഷ്ടിച്ചെടുക്കുന്ന പ്രവാചക ദാമ്പത്യം സമൂഹത്തിന് മാതൃകയാണ്. സ്‌കൂള്‍-കാമ്പസ് ജീവിതത്തിലെ സര്‍ഗാത്മക ഉണര്‍വുകളെ കുടുംബജീവിതത്തില്‍ ഇണയോടും മക്കളോടുമൊപ്പം പൊടിതട്ടിയെടുക്കപ്പെടുമ്പോള്‍ മനം നിറയുന്ന എത്രയോ സ്ത്രീകളെ നമുക്ക് കാണാന്‍ സാധിക്കും.
ആരാധനാ കാര്യങ്ങളില്‍ കുടുംബാംഗങ്ങളെ കൂടെ കൂട്ടുകയും റബ്ബിന്റെ താക്കീതിനെക്കുറിച്ച് ഓര്‍മപ്പെടുത്തുകയും ചെയ്യുന്ന കുടുംബനാഥനെയും പ്രവാചകനില്‍ നമുക്ക് കാണാം. ഒരു അറഫാ ദിനം ആഇശ (റ) നോമ്പനുഷ്ഠിച്ചിരുന്നു. അതി കഠിനമായ ഉഷ്ണം നിമിത്തം തല വിയര്‍ത്തൊലിച്ചു. നോമ്പ് മുറിച്ചോളൂ എന്ന് ആരോ പറഞ്ഞു. 'അറഫാ ദിനത്തിലെ നോമ്പ് കൊല്ലം മുഴുവന്‍ വന്നുപോയ പാപങ്ങള്‍ പൊറുക്കുമെന്ന് പ്രവാചകന്‍ പറഞ്ഞിരിക്കെ ഞാന്‍ എന്റെ നോമ്പ് മുറിക്കുകയോ?' എന്നായിരുന്നു അവരുടെ പ്രതികരണം. പ്രവാചക പത്നിമാരെല്ലാം ഉത്തമ സ്വഭാവങ്ങളാല്‍ വിശ്വാസികള്‍ക്ക് മാതൃകയാണ്. പ്രവാചക പത്നി സൈനബ് തുകല്‍ ഊറക്കിട്ട് വൃത്തിയാക്കുന്നതില്‍ വിദഗ്ധയായിരുന്നു. തുകല്‍കൊണ്ട് സഞ്ചികളും വസ്ത്രങ്ങളും പാദരക്ഷകളും നിര്‍മിച്ച് ദരിദ്രരായ മുസ്ലിംകള്‍ക്ക് സൗജന്യമായി നല്‍കിയിരുന്നു. ധനം ഉദാരമായി ദാനം ചെയ്യുകയും ചെയ്തിരുന്നു. അതിനാലാണ് പ്രവാചകന്‍ അവരെ 'നിങ്ങളില്‍ നീണ്ട കൈയിന്റെ ഉടമ' എന്ന് വിശേഷിപ്പിച്ചത്.
ഖദീജ (റ) യെ മരണ ശേഷവും പ്രവാചകന്‍ (സ) ധാരാളമായി സ്മരിച്ചിരുന്നു. വീട്ടില്‍ വല്ല അറവും നടന്നാല്‍ ഖദീജ (റ)യുടെ ബന്ധുക്കള്‍ക്കും കൂട്ടുകാരികള്‍ക്കും അത് സമ്മാനമായി നല്‍കാനും മറന്നില്ല. അതുകൊണ്ടാണ് 'എന്തിനാണ് ഖദീജയെ ഇത്രയേറെ സ്മരിക്കുന്നതെ'ന്ന ആഇശാ ബീവിയുടെ ചോദ്യത്തിന് പ്രവാചകന്‍ ഇത്തരത്തില്‍ മറുപടി പറയുന്നത്: 'എന്നെ ആളുകളെല്ലാം നിഷേധിച്ചപ്പോള്‍ എന്നില്‍ അവര്‍ വിശ്വസിച്ചു. ആളുകള്‍ എന്നെ കള്ളനാക്കിയപ്പോള്‍ അവര്‍ എന്നെ സത്യവാനായി സ്വീകരിച്ചു. ജനങ്ങള്‍ സഹായം നിഷേധിച്ചപ്പോള്‍ അവര്‍ അവരുടെ സ്വത്ത് മുഴുവന്‍ എന്റെ വിഷമങ്ങള്‍ തീര്‍ക്കാന്‍ വിനിയോഗിച്ചു. അവരില്‍ അല്ലാഹു എനിക്ക് സന്താനങ്ങളെ നല്‍കി.' തന്റെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയവളെ, പ്രയാസ ഘട്ടത്തില്‍ സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ചവളെ അഗാധമായ ഇഷ്ടത്തോടെ സ്മരിക്കുന്നു പ്രവാചകന്‍. പത്നിമാര്‍ക്കിടയില്‍ പരസ്പരമുണ്ടാകുന്ന ഗൗരവമേറിയ പരാമര്‍ശങ്ങളെ പ്രവാചകന്‍ രൂക്ഷമായി എതിര്‍ത്തിരുന്നു. പ്രവാചക പത്നി സ്വഫിയ നീളം കുറഞ്ഞവളായിരുന്നു. ഒരിക്കല്‍ ആഇശ പറഞ്ഞു: 'ദൈവദൂതരേ, മതിയാക്കൂ. സ്വഫിയ 'ഇത്ര'യേയുള്ളൂ.' തിരുമേനി അരുളി: 'സമുദ്രത്തില്‍ കലക്കിയാല്‍ അത് മുഴുവന്‍ വിഷമായിത്തീരുന്നത്ര ഗൗരവമുള്ള വാക്കാണ് നീ പ്രയോഗിച്ചിട്ടുള്ളത്'.
പ്രണയത്തെയും കാരുണ്യത്തെയും ആവോളം പ്രകടിപ്പിച്ചും തിരുത്തേണ്ട ഇടങ്ങളില്‍ തിരുത്തിയും അംഗീകാരത്തിന്റെ സമയങ്ങളില്‍ നല്ല വാക്കു കൊണ്ട് പ്രശംസിച്ചും നബി (സ) കുടുംബാംഗങ്ങളോടൊപ്പം ജീവിച്ചു. ഏതൊരു സ്ത്രീയെയും കൊതിപ്പിക്കുന്നത്ര മനോഹരമായിരുന്നു ലോകത്തിന് മാതൃകയായ പ്രവാചകന്റെ കുടുംബ ജീവിതം.