ഹലീമയുടെ താരാട്ടുകൊണ്ട് മലയാളികളെ 'ഉണര്‍ത്തിയ' ബേവിഞ്ച

പി.ടി കുഞ്ഞാലി
സെപ്റ്റംബര്‍ 2023
ഇബ്രാഹീം ബേവിഞ്ചയുടെ ജീവിതം സഞ്ചരിച്ചുകൊണ്ടിരുന്നത് കേരളീയ മുസ്ലിം ജീവിതങ്ങളിലെ സൗന്ദര്യം തിരഞ്ഞായിരുന്നു. ഇസ്ലാമിന് കലയോട് കലഹവും കവിതയോട് പിണക്കവുമാണെന്ന് ഘോഷിച്ചു നടന്ന മതവിരുദ്ധരോട് ഇസ്ലാമിന്റെ സൗന്ദര്യ സങ്കല്‍പങ്ങളെ ആഴത്തില്‍ പഠിച്ചും ഗൃഹപാഠം ചെയ്തുമാണ് അദ്ദേഹം കലഹിച്ചത്.

ഇസ്ലാമിനെയും മുസ്ലിം സാമൂഹിക ജീവിതങ്ങളെയും സുന്ദരമായി നോക്കിക്കാണുകയും താന്‍ കണ്ട സൗന്ദര്യലോകങ്ങളെ പൊതുമണ്ഡലത്തിലേക്ക് തുറന്നിടാന്‍ ഉത്സാഹിക്കുകയും ചെയ്ത ഒരാളായിരുന്നു ഇബ്രാഹീം ബേവിഞ്ച. രോഗപീഡകള്‍ ചവിട്ടിക്കുഴച്ച് അവശനാവും വരെയും തന്റെ സമൂഹത്തിന്റെ ആനന്ദ ലോകങ്ങളെ ആഹ്ലാദത്തോടെ ഏറ്റെടുത്ത ഒരാള്‍. മതാന്തരീക്ഷത്തെ ഏറ്റവും സാന്ദ്രതയില്‍ ഏറ്റെടുക്കുന്ന ഒരു ദേശമാണെന്നതാണ് ഉത്തര കേരളത്തിന്റെ ഒരു പ്രത്യേകത. അവിടുത്തെ ഗ്രാമാന്തരീക്ഷത്തില്‍ മതപണ്ഡിതന്റെ ഗാര്‍ഹിക പരിസരത്ത് ജനിച്ചുവളര്‍ന്ന ഇബ്രാഹീമില്‍ ഇസ്ലാമും ഇസ്ലാമിന്റെ സുന്ദരമായ ആനന്ദലോകങ്ങളും ഉജ്വലിക്കുക സ്വാഭാവികം. തന്റെ ശൈശവങ്ങളില്‍ കോരിക്കുടിച്ചത് ഈയൊരു വിശ്വാസ ധാരയെയാണ്. ബിരുദമെടുത്തത് ഇംഗ്ലീഷ് സാഹിത്യത്തിലും ഗവേഷണ പഠനങ്ങളത്രയും മലയാളത്തിലും. സ്വാഭാവികമായും ഓരോ ഭാഷക്കും അതുല്‍പാദിപ്പിക്കുന്ന സവിശേഷമായ സാംസ്‌കാരിക പരിസരമുണ്ട്. തന്റെതായ ജ്ഞാനലോകത്ത് ഇസ്ലാമിനെയും ഹിന്ദുമതത്തെയും പടിഞ്ഞാറന്‍ ക്രിസ്ത്യാനിറ്റിയെയും സമീകരിക്കുവാന്‍ അതുകൊണ്ടുതന്നെ അദ്ദേഹത്തിന് എളുപ്പത്തിലായി. ഇസ്ലാമിന്റെ പ്രമാണ സ്ഥാനത്തിനകത്തുനിന്ന് അതിലെ രസാനുഭൂതി ലോകങ്ങളെ കണ്ടെത്താനാണ് ബേവിഞ്ച ഉല്‍സാഹിച്ചത്. കഥയും കവിതയും സംഗീതവും ചിത്രകലയും തുടങ്ങി സര്‍വ സൗന്ദര്യാന്വേഷണങ്ങളും ഇസ്ലാം ഏറ്റെടുക്കുന്നുണ്ടെന്ന് ധീരമായി പറഞ്ഞ ഒരാളാണ് ബേവിഞ്ച. സ്രഷ്ടാവ് തന്നെ സ്വയം പരിചയപ്പെടുത്തുന്നത് താന്‍ സൗന്ദര്യമാണ് എന്നാണ്. അവന്‍ പ്രണയിക്കുന്നതും സൗന്ദര്യത്തെ. ഈയൊരു പ്രവാചക പാഠത്തെ ആധാരമാക്കി മലയാളത്തിലെ സര്‍ഗാത്മക രചനകളിലെ അനുപമ സൗന്ദര്യവും അന്വേഷിച്ചുപോയതാണ് ബേവിഞ്ചയുടെ സാഹിത്യ സേവനം.
മനുഷ്യ വംശത്തിന് നിലനിന്നു പോകാന്‍ യാഥാര്‍ഥ്യത്തിന്റേത് മാത്രമായൊരു പരുഷ പ്രതലം മതിയാവുകയില്ല. പ്രതീകാത്മകതയുടെയും ഭാവനയുടെയും തലങ്ങള്‍ കൂടി അനിവാര്യമാണ്. ഭൗതിക യാഥാര്‍ഥ്യത്തിന്റെ പ്രതലം മാത്രമാണുള്ളതെങ്കില്‍ ജന്തുജാല ജീവിതത്തില്‍ മാത്രം മനുഷ്യന്‍ പരിമിതപ്പെട്ടു പോകും. അതില്‍നിന്ന് മനുഷ്യരെ വിമോചിപ്പിച്ച,് വിരസതയില്ലാത്ത മറ്റൊരു ആനന്ദ ലോകത്തേക്കവനെ സ്ഥാനപ്പെടുത്തുന്നതും ഈ ഭാവനാലോകം തന്നെയാണ്. അതുകൊണ്ടാണ് വേദപാഠങ്ങളൊക്കെയും കേവല നിയമപുസ്തകങ്ങളാവാതെ അത്യന്തം സര്‍ഗാത്മക രചനകളാവുന്നത്; ഭാവനയും ആനന്ദവും തുളുമ്പുന്ന കഥകളും കവിതകളുമായി അവയൊക്കെയും നമ്മെ വിസ്മയിപ്പിക്കുന്നതും. വിശുദ്ധ ഖുര്‍ആന്‍ തന്നെ കേവലം ഒരു നിയമശാസന പുസ്തകമായല്ല നിലനില്‍ക്കുന്നത്. കണിശമായ നിയമവും പ്രമാണശാസനകളും അതിലുണ്ട്. എന്നാല്‍, അതിവിപുലമായ ഒരു കഥാകഥന രീതിയും അതിനകത്ത് പ്രവര്‍ത്തിക്കുന്നു. കഥകളും പ്രതീക കല്‍പനകളും കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ സമൃദ്ധമാണ്. ചരിത്രം പറയുമ്പോഴും അതീവ ഹൃദ്യതയോടെയാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്.
മലയാളത്തിലെ മുസ്ലിം ജീവിതത്തിലും സ്വാഭാവികമായി ഇത്തരം സര്‍ഗാത്മക കാഴ്ചകള്‍ ധാരാളമുണ്ട്. കഥകളില്‍, കവിതകളില്‍, നാടന്‍ പാട്ടുകളില്‍, പുരാവൃത്തങ്ങളില്‍ ഇതിലൂടെയൊക്കെയും സൂക്ഷ്മമായി അന്വേഷണ യാത്രകള്‍ നടത്തി കണ്ടെത്തിയ സൗന്ദര്യ ലോകങ്ങളെയും അനുഭൂതി മണ്ഡലങ്ങളെയും അനുവാചക സമൂഹത്തിലേക്ക് എത്തിക്കുക എന്ന ദീപ്തമായ വിശുദ്ധ കര്‍മമാണ് ഇബ്രാഹീം ബേവിഞ്ച നിര്‍വഹിച്ചത്. രോഗാതുരതകള്‍ വിവശനാക്കുന്നത് വരെയും ആ ജീവിതം വിടാതെ സഞ്ചരിച്ചുകൊണ്ടിരുന്നത് കേരളീയ മുസ്ലിം ജീവിതങ്ങളിലെ സൗന്ദര്യവും തിരഞ്ഞായിരുന്നു. ഇസ്ലാമിന് കലയോട് കലഹവും കവിതയോട് പിണക്കവുമാണെന്ന് ഘോഷിച്ചു നടന്ന മതവിരുദ്ധരോട് ഇസ്ലാമിന്റെ സൗന്ദര്യ സങ്കല്‍പങ്ങളെ ആഴത്തില്‍ പഠിച്ചും ഗൃഹപാഠം ചെയ്തുമാണ് അദ്ദേഹം കലഹിച്ചത്.
ഇസ്ലാമിന്റെ സൗന്ദര്യശാസ്ത്രം രൂപപ്പെടുന്ന അടിസ്ഥാനം ഏക ദൈവ വിശ്വാസം തന്നെയാണ്. സര്‍വ ചിന്താ ഭാരങ്ങളില്‍ നിന്നും മനുഷ്യന്‍ സമ്പൂര്‍ണമായി സ്വതന്ത്രനാവുന്ന അനുപമമായ ഒരു അനുഭൂതി ലോകമാണത്. ഈയൊരനുഭൂതി സ്ഥാനവും തിരഞ്ഞ് അലഞ്ഞുനടന്നു ബേവിഞ്ച. ഉത്തര കേരളത്തിലെ കാസര്‍കോട് ജില്ലയില്‍ ബേവിഞ്ച എന്ന കുഞ്ഞു ഗ്രാമത്തില്‍ ഉമ്മാലി ഉമ്മയുടെയും മതപണ്ഡിതനായ അബ്ദുല്ലക്കുഞ്ഞി മുസ്ലിയാരുടെയും മകനായി പിറന്ന ഇബ്രാഹീം വളര്‍ന്നത് തികച്ചും മതാന്തരീക്ഷത്തില്‍ തന്നെയാണ്. പാട്ടും കഥകളും ഇസ്ലാമിക പുരാവൃത്തങ്ങളും ചിരിച്ചു കളിച്ച ജീവിതപരിസരം നല്‍കിയ അവബോധമാണ് സ്വകീയമായൊരു സൗന്ദര്യശാസ്ത്ര സാമഗ്രികളും തിരഞ്ഞു പോകാന്‍ തന്നെ പ്രാപ്തനാക്കിയതെന്ന് അദ്ദേഹം പില്‍ക്കാലത്ത് അനുസ്മരിച്ചിട്ടുണ്ട്. ജ്ഞാനധ്യാനത്തിനായി കാസര്‍കോട് വിട്ട് പട്ടാമ്പിയിലേക്കും കോഴിക്കോട് സര്‍വകലാശാലയിലേക്കും എത്തിയതോടെ ഇബ്രാഹീമിന്റെ പ്രതിഭാ ചക്രവാളം അനുക്രമ വികാസം നേടി. ബിരുദവും ബിരുദാനന്തര പഠനവും ഗവേഷണ പ്രബന്ധവും പൂര്‍ത്തീകരിച്ച ഇബ്രാഹീം തികവൊത്തതോടെ തന്റെ സാംസ്‌കാരിക പഠന മേഖലയില്‍ മുഴുകിനിന്നു. അങ്ങനെ വികസിപ്പിച്ച ഭാവനയും ഭാവുകത്വവുമാണ് ഇസ്ലാമിക സൗന്ദര്യ ദര്‍ശനപരതയിലേക്ക് നീന്തി മറയാന്‍ ഈ യുവാവിനു സാമഗ്രികള്‍ നല്‍കിയത്. ചന്ദ്രിക, മാധ്യമം, തൂലിക, രിസാല, ആരാമം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ വര്‍ഷങ്ങളോളം അദ്ദേഹം നടത്തിയ ഇടപെടലുകളാണ് മലയാളി മുസ്ലിം ജീവിതത്തിന്റെ ഭാവുകത്വത്തെ രൂപകല്‍പന ചെയ്തത്.
ബേവിഞ്ചയുടെ മനോഹരമായ രചനയാണ്, ടി. ഉബൈദിന്റെ കവിതകളില്‍ നിറഞ്ഞുതുളുമ്പുന്ന സൗന്ദര്യ ലോകങ്ങളെപ്പറ്റി നടത്തിയ പഠനവും അന്വേഷണവും. 'ഉബൈദിന്റെ കാവ്യലോകം' എന്ന പുസ്തകത്തിലാണ് ഈ പഠനമുള്ളത്. പ്രവാചക ജീവിതത്തിലെ നിരവധി സന്ദര്‍ഭങ്ങളെ ആവിഷ്‌കരിച്ചുകൊണ്ട് കവി എഴുതിയ ഗീതങ്ങളില്‍ ഒന്നാണ് 'ആമിനയുടെ ഓമനപ്പൈതല്‍' എന്ന കവിത. ഈ കവിതയെ ഇഴകീറി പരിശോധിച്ച് അതിനകത്തെ സൗന്ദര്യ കല്‍പനകളും സുന്ദര സന്ദര്‍ഭങ്ങളും അനുഭൂതി ലോകങ്ങളും വായനക്കാരനിലേക്കെത്തിച്ചത് ബേവിഞ്ചയുടെ പഠനമാണ്. അനാഥനെങ്കിലും ആമിനയുടെ പൊന്‍മകന്‍ ആഭിജാത കുടുംബത്തിലെ കുലീന സാന്നിധ്യമാണ്. ഗ്രാമീണ വിശുദ്ധിയിലും സരളതയിലും മാത്രം വളരാനായി മുഹമ്മദിനെ മക്കാ പ്രാന്തത്തിലെ ദരിദ്രയായ ഹലീമക്ക് കുടുംബം കൈമാറുന്നു. ഏറെ സ്‌നേഹ വാത്സല്യങ്ങളോടെ കുഞ്ഞിനെ കുളിപ്പിച്ച് ആഹാരവും നല്‍കി ഹലീമ മകനെ ഉറക്കുന്നതാണ് കാവ്യപാഠം. ആ സമയത്ത് ഹലീമ പാടുന്ന ഒരു താരാട്ടാണിത്. ലളിതകോമള പദങ്ങള്‍ മാത്രം കൊരുത്തെഴുതിയ ഈ ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച താരാട്ട് പാട്ടുകളിലൊന്നാണെന്ന് ബേവിഞ്ച നിരീക്ഷിക്കുന്നു.
മലയാള കഥകളിലും കവിതകളിലും രൂപകമായും കല്‍പനയായും നിറഞ്ഞുനില്‍ക്കുന്നതാണ് ഉണ്ണികൃഷ്ണന്റെയും ഉണ്ണിയേശുവിന്റെയും പാല്‍പുഞ്ചിരി സാന്നിധ്യം. എന്നാല്‍, മുഹമ്മദീയ ജീവിതം പ്രധാനമായും മലയാളത്തില്‍ നിറയുന്നത് പ്രവാചകത്വലബ്ധിക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ഗൗരവമാര്‍ന്ന കാലമാണ്. അകാരണമായ ഭയംകൊണ്ടോ കവിഞ്ഞ സൂക്ഷ്മതകൊണ്ടോ നമ്മുടെ സര്‍ഗാത്മക എഴുത്തുകാര്‍ വിട്ടുകളഞ്ഞ മണ്ഡലമാണിത്. ഈ വിടവിനെയാണ് ധീരതയോടെ ഉബൈദ് കവിത കൊണ്ട് പൂരിപ്പിച്ചത്. ഒരു പെറ്റമ്മ എത്ര കരുണയിലും കരുതലിലുമായാണ് സ്വന്തം കുഞ്ഞിനെ ലാളിച്ചു വളര്‍ത്തുന്നത്, അതിനെക്കാള്‍ സാന്ദ്രത മുറ്റിയ വാത്സല്യവും സ്‌നേഹവും ഹലീമ പോറ്റു മകന് നല്‍കുന്നതായാണ് ആ കവിത സങ്കല്‍പിക്കുന്നത്. ആ വാരിളം കുഞ്ഞും അതിന്റെ മാതാവും പിന്നെ ആകാശവും തൊട്ട് നില്‍ക്കുന്ന ഒരു ത്രിമാന രൂപ സൗന്ദര്യമാണ് ഈ കവിതയിലുള്ളത്. പക്ഷേ, കാവ്യപാഠത്തിനകത്തേക്ക് വായനക്കാരന് അത്ര പെട്ടെന്ന് പ്രവേശിക്കാനോ അതിലെ സൗന്ദര്യാശയങ്ങളെ അഴിച്ചെടുത്ത് രസിക്കാനോ പലപ്പോഴുമാവില്ല. ഇതിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് ബേവിഞ്ചയാണ്. ഒരു താരാട്ട് മാതാവിലും ഇളം പാല്‍പൈതലിന്റെ നിര്‍മല മനസ്സിലും എങ്ങനെയൊക്കെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഈ പഠനത്തില്‍ ബേവിഞ്ച സൂക്ഷ്മമായി കണ്ടെത്തുന്നു.
മലയാളത്തിലെ കഥാകഥന ലോകത്തില്‍ എങ്ങനെയാണ് മുസ്ലിം സ്ത്രീ അടയാളപ്പെടുന്നത് എന്നത് വിശദമായി അന്വേഷിക്കുന്നതാണ് ബേവിഞ്ചയുടെ മറ്റൊരു സംഭാവന. വൈക്കം മുഹമ്മദ് ബഷീറിന്റെയും ഉറൂബിന്റെയും ഒ.വി വിജയന്റെയും മുതല്‍ നിരവധി എഴുത്തുകാരുടെ കഥാ -നോവലുകള്‍ പഠിച്ച് ബേവിഞ്ച നടത്തുന്ന കണ്ടെത്തലുകള്‍ ഇന്ന് പൊതുമണ്ഡലത്തില്‍ നമുക്ക് ലഭ്യമാണ്. ഉറൂബിന്റെ ഉമ്മാച്ചു, വിജയന്റെ കസാക്കിലെ ഇതിഹാസം തുടങ്ങിയ നോവലുകള്‍ പ്രത്യേകമായിത്തന്നെ അദ്ദേഹം പഠനത്തിന് വെക്കുന്നുണ്ട്. കേരളത്തില്‍ ജാതിപീഡയില്‍പ്പെട്ട് നരകിച്ച സ്ത്രീകള്‍ ഒരു കാലത്ത് ഇസ്ലാമിലൂടെ രക്ഷപ്പെട്ട കഥകള്‍ അദ്ദേഹം മറ്റൊരിടത്ത് വിശദീകരിക്കുന്നുണ്ട്. കേരളീയ സാമൂഹ്യ പരിസരത്തുനിന്ന് മുസ്ലിം ജീവിതത്തെയും അതിന്റെ അനുഭൂതി ലോകത്തെയും സൗന്ദര്യാത്മകമായി ഇത്രയും ഗഹനതയില്‍ പഠിച്ച മറ്റൊരാളില്ല.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media