ദൈവത്തിന്റെ തത്വം
ശമീര്‍ബാബു കൊടുവള്ളി
ഏപ്രില്‍ 2021
മനുഷ്യന്റെ പ്രജ്ഞയെ ഏറെ കുഴക്കുന്ന ഒരു വിഷയമാണ് ദൈവം. ദൈവവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ വീക്ഷണങ്ങള്‍
മനുഷ്യന്റെ പ്രജ്ഞയെ ഏറെ കുഴക്കുന്ന ഒരു വിഷയമാണ് ദൈവം. ദൈവവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ വീക്ഷണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചിലര്‍ ദൈവമുണ്ടെന്ന് വിശ്വസിക്കുന്നു. മറ്റുചിലര്‍ ദൈവമില്ലെന്ന് വിശ്വസിക്കുന്നു. ആദ്യത്തെ വിഭാഗം ആസ്തികരെന്നും രണ്ടാമത്തെ വിഭാഗം നാസ്തികരെന്നും അറിയപ്പെടുന്നു. ഇരുവിഭാഗവും തങ്ങളുടെ വാദങ്ങള്‍ക്ക് ശക്തിപകരുന്ന തെളിവുകള്‍ നിരത്തുകയും ചെയ്യുന്നു.
ദൈവത്തെക്കുറിച്ച് വേറെയും സങ്കല്‍പ്പങ്ങള്‍ വെച്ചുപുലര്‍ത്തുന്ന, ആസ്തിക-നാസ്തികരല്ലാത്ത മറ്റു വിഭാഗങ്ങളുമുണ്ട്. ദൈവമുണ്ടോ, ഇല്ലയോ എന്ന കാര്യം മനുഷ്യന് അജ്ഞാതമാണെന്ന് കരുതുന്നവരാണ് ഒരു വിഭാഗം. അജ്ഞേയവാദികളെന്നാണ് അവരറിയപ്പെടുന്നത്. ദൈവമുണ്ടെങ്കിലും, അത് തെളിയിക്കാനാവില്ലെന്ന് കരുതുന്നവരാണ് മറ്റൊരു വിഭാഗം. നാസ്തിക അജ്ഞേയവാദികളാണിവര്. ദൈവമില്ലെങ്കിലും, അക്കാര്യം തെളിയിക്കാനാവില്ലെന്ന് കരുതുന്നവരാണ് ഇനിയും മറ്റൊരു വിഭാഗം. ആസ്തിക അജ്ഞേയവാദികളാണിവര്.
ദൈവത്തെ മുന്‍നിര്‍ത്തിയുള്ള സംവാദങ്ങള്‍ ഇന്നിന്റെ മാത്രം വിഷയമല്ല. ഇന്നലെ അവയുണ്ടായിരുന്നു, നാളെയും അവയുണ്ടാവും. ചരിത്രത്തില്‍ ആസ്തികരും നാസ്തികരും ഉണ്ടായിരുന്നു. അവരല്ലാത്തവരും ഉണ്ടായിരുന്നു. എന്നാല്‍, ആസ്തികരായിരുന്നു ഭൂരിപക്ഷവും. അവരുടെ ദൈവസങ്കല്പ്പത്തില് കലര്‍പ്പുകള്‍ കലര്‍ന്നിരുന്നുവെന്നു മാത്രം. എങ്കിലും, ദൈവത്തെ തനതുരൂപത്തില്‍ സ്വാംശീകരിച്ച ഏകദൈവവീക്ഷണവും നിലനിന്നുപോന്നു.
നാസ്തികര്‍ തുഛമായിരുന്നുവെങ്കിലും, അവരുടെ സാന്നിധ്യം അങ്ങിങ്ങായി കിടപ്പുണ്ട്. പൗരാണിക ഇന്ത്യയിലെ ചാര്വാകന്മാര് ദൈവത്തെ നിഷേധിച്ച കൂട്ടരായിരുന്നു. ഗ്രീക്ക് സംസ്കാരത്തിലെ എപ്പിക്യൂറിസ്റ്റുകള് ദൈവത്തെയും മതത്തെയും നിഷേധിച്ചവരായിരുന്നുവത്രെ. മുന്‍കാല തത്വജ്ഞാനികളില് ഒരു വിഭാഗം ദൈവത്തെ നിരാകരിച്ചവരായിരുന്നുവെന്ന് ഇമാം ഗസ്സാലി കുറിച്ചിട്ടുണ്ട്. ആധുനിക കാലത്ത് ദൈവനിഷേധം ഒരു പ്രസ്ഥാനമായി രംഗപ്രവേശം ചെയ്തു. ദൈവം മരിച്ചു എന്നുവരെ ജര്‍മന്‍ തത്വചിന്തകനായ ഫ്രഡറിക് നീഷ്ചെ പ്രഖ്യാപിച്ചുകളഞ്ഞു.
യഥാര്‍ഥത്തില്‍ ദൈവമുണ്ടോ? അല്പം ആഴത്തില്‍ ആലോചിച്ചാല്‍, ഈ ചോദ്യത്തിന് കൃത്യമായ മറുപടി ലഭിക്കും; ദൈവമുണ്ട്. എന്നാല്‍, ദൈവമുണ്ടെന്ന കാര്യം എങ്ങനെ തെളിയിക്കും? ദൈവത്തെ കാണിച്ച്, ഇതാ ദൈവമെന്ന് വസ്തുനിഷ്ഠമായി തെളിയിക്കാനാവില്ലല്ലോ. കാരണം, ദൈവം വസ്തുവല്ല. ദൈവമുണ്ടെന്ന യാഥാര്‍ഥ്യം പല രീതികളിലൂടെയും തെളിയിക്കാനാവുമെന്നതാണ് സത്യം. കാര്യകാരണബന്ധം അതിലൊന്നാണ്.
ഏതു കാര്യത്തിനും കാരണമുണ്ടായിരിക്കുമെന്നത് ഒരു പൊതുതത്വമാണ്. പ്രപഞ്ചത്തിലെ എല്ലാം കാര്യകാരണബന്ധത്തില്‍ അധിഷ്ഠിതമാണ്. കാരണമില്ലാതെ കാര്യമുണ്ടാവല് അസാധ്യം. സംഭവത്തിനു പിന്നില്‍ സംഭവിപ്പിച്ചവനും സാധ്യതക്കു പിന്നില്‍ അനിവാര്യതയും ചലനത്തിനു പിന്നില്‍ ചലിപ്പിച്ചവനും ഉണ്ട്. പ്രപഞ്ചത്തിന്റെ പിന്നിലും ഒരു കാരണമുണ്ട്. ദൈവമാണ് ആ കാരണം. അപ്പോള്‍, ഒരു ചോദ്യമുയര്‍ന്നേക്കാം; ദൈവത്തിന്റെ കാരണം എന്താണ്? പൂര്‍ണതയുള്ള ഒരു അസ്തിത്വത്തിന് മറ്റൊരു കാരണത്തിന്റെ ആവശ്യമില്ലെന്നാണ് അതിന്റെ ഉത്തരം. ദൈവം എല്ലാം തികഞ്ഞ, ധാരാളം സവിശേഷതകളുള്ള സത്തയും അസ്തിത്വവുമാണ്.
പരമകാരണമായ ദൈവത്തെയാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്, അതും ഒട്ടും കലര്‍പ്പില്ലാതെ ശുദ്ധരൂപത്തില്‍. വിശുദ്ധ വേദം പറയുന്നു: ''അവനാണ് ദൈവം, നിങ്ങളുടെ നാഥന്. അവനല്ലാതെ ദൈവമില്ല. സകല വസ്തുക്കളെയും സൃഷ്ടിച്ചവനാണവന്‍''(അല്‍ അന്‍ആം: 102). പ്രവാചകന് മുഹമ്മദ് പഠിപ്പിച്ചതും അതേ ദൈവത്തെ തന്നെയാണ്. അവിടുന്ന് ഇപ്രകാരം പറയുകയുണ്ടായി: ''ഏകനും അടക്കിവാഴുന്നവനും അജയ്യനും പൊറുക്കുന്നവനും ആകാശങ്ങളുടെയും ഭൂമിയുടെയും അവക്ക് ഇടയിലുള്ളതിന്റെയും നാഥനുമായ യഥാര്‍ഥ ദൈവമല്ലാതെ മറ്റൊരു ദൈവമേയില്ല''(നസാഈ). കവികളും ജ്ഞാനികളും ഈ പരമമായ ദൈവത്തെയാണ് പുകഴ്ത്തിയത്. മന്‍സൂര്‍ ഹല്ലാജ് വര്‍ണിക്കുന്നു: 'എനിക്ക് നിന്നെ മാത്രമേ അറിയൂ. നിന്നെയല്ലാതെ മറ്റാരെയും ഞാന്‍ വിശ്വസിക്കുന്നില്ല. നിന്റെ എല്ലാ പാരിതോഷികങ്ങള്‍ക്കും ഞാന്‍ നന്ദിയുള്ളവനാണ്. നിന്റെ അനുഗൃഹീതനായ അടിമയാണ് ഞാന്‍'.