കാത്തിരിക്കുന്നു റമദാനിനായി
റമദാന്‍ മാസം അടുത്തുവരുന്നതിന്റെ സന്തോഷത്തിലാണ് വാസുണ്ണി. കഴിഞ്ഞ എട്ടു വര്‍ഷവും നോമ്പെടുത്ത് ശുദ്ധമായ മനസ്സും ശരീരവുമായി ഇക്കൊല്ലവും വരാന്‍ പോകുന്ന നോമ്പിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ്.
റമദാന്‍ മാസം അടുത്തുവരുന്നതിന്റെ സന്തോഷത്തിലാണ് വാസുണ്ണി. കഴിഞ്ഞ എട്ടു വര്‍ഷവും നോമ്പെടുത്ത് ശുദ്ധമായ മനസ്സും ശരീരവുമായി ഇക്കൊല്ലവും വരാന്‍ പോകുന്ന നോമ്പിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ്. മുറതെറ്റാതെ നോറ്റ എട്ടുവര്‍ഷത്തെ നോമ്പിന്റെ നിറവുകള്‍ ആ മനസ്സിലും ശരീരത്തിലുമുണ്ട്. ലോറി ഡ്രൈവറായ വാസുണ്ണി അത്യുഷ്ണകാലത്തു പോലും പതിവു തെറ്റിക്കാതെ നോമ്പെടുത്തത് മറ്റൊന്നും കൊണ്ടായിരുന്നില്ല. തന്റെ പരിചയക്കാരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നോമ്പിന്റെ ആത്മീയ നിര്‍വൃതിയില്‍ പകലിലെ അന്നപാനീയങ്ങളുപേക്ഷിക്കുമ്പോള്‍ അവരുടെ മുമ്പില്‍ വെച്ച് വയറുനിറച്ചുണ്ണുന്നതും വിശപ്പടക്കുന്നതും ശരിയാവില്ലെന്നൊരു തോന്നല്‍. ആ തോന്നലിലാണ് ഇനിയങ്ങോട്ട് റമദാന്‍ മാസത്തില്‍ അവരോടൊപ്പം കൂടി നോമ്പെടുത്താലെന്താ എന്നു തീരുമാനിച്ചത്. അങ്ങനെ എട്ടു വര്‍ഷം മുമ്പൊരു റമദാനില്‍ അയല്‍ക്കാരും സുഹൃത്തുക്കളുമായ മുസ്‌ലിം സഹോദരങ്ങള്‍ നോമ്പു നോല്‍ക്കാനായി അത്താഴത്തിനെണീക്കുമ്പോള്‍ വാസുണ്ണിയുടെ വീട്ടിലും അത്താഴമുണ്ണാന്‍ വിളക്കു തെളിഞ്ഞു.
അത്താഴമൊരുക്കിയും നോമ്പു തുറക്കാനായി പ്രത്യേക വിഭവമൊരുക്കിയും മാതാപിതാക്കളും ഭാര്യയും മക്കളും പൂര്‍ണ സഹകരണം നല്‍കിയതോടെ ശാന്തപുരം (കോക്കാട്) നെച്ചിപറമ്പില്‍ നീലകണ്ഠന്റെയും ശാന്തയുടെയും നാലു മക്കളില്‍ മൂന്നാമനായ വാസുണ്ണിക്ക് കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി റമദാന്‍ നോമ്പ് കൃത്യമായി അനുഷ്ഠിക്കാനായി. റമദാന്‍ മാസമായാല്‍ അദ്ദേഹത്തിന് സന്തോഷക്കാലമെന്നാണ് ഭാര്യ സുമതിയുടെ സാക്ഷ്യം. ഒരു മാസക്കാലം വ്രതമെടുക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. രമ്യക്ക് ഗ്യാസിന്റെ അസുഖമുള്ളതുകൊണ്ട് നോമ്പെടുക്കാന്‍ കഴിയില്ല. അതുകൊണ്ട് വാസുണ്ണി നിര്‍ബന്ധിക്കാറുമില്ല. എന്നാലും നോമ്പുനോല്‍ക്കുന്ന ഭര്‍ത്താവിനു വേണ്ടത് ചെയ്തുകൊടുത്ത് കൂടെ തന്നെയുണ്ട് രമ്യ. രണ്ടു മക്കളാണ് രമ്യ-വാസുണ്ണി ദമ്പതികള്‍ക്ക.് അവരും ഒരു തവണ ഒരു നോമ്പു നോറ്റു നോക്കിയിരുന്നു.
സാമുദായിക വേര്‍തിരിവില്ലാതെ സാമൂഹിക ബന്ധം കാത്തുസൂക്ഷിക്കുന്ന വാസുണ്ണിയും സഹോദരങ്ങളും മാതൃകാ കുടുംബമാണെന്നാണ് അയല്‍പക്കക്കാരുടെ സാക്ഷ്യപ്പെടുത്തല്‍. സമൂഹത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന അപകടകരമായ വര്‍ഗീയതക്കെതിരെ ശബ്ദിക്കുന്ന വാസുണ്ണിയും ഭാര്യ രമ്യയും നാട്ടിലെ എല്ലാ നല്ല പ്രവര്‍ത്തനങ്ങളോടും ഒപ്പം കൂടി പ്രവര്‍ത്തിക്കുന്നവരാണ്. നോമ്പുകാലത്തെ ദാഹമറിഞ്ഞതിനാലാവാം വേനല്‍ക്കാലത്ത് കടുത്ത ജലക്ഷാമം നേരിടുന്ന കോക്കാട് പ്രദേശത്ത് സ്വന്തം ലോറിയില്‍ വെള്ളമുള്ള കിണറുകളില്‍നിന്ന് വെള്ളം ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാന്‍ പതിവു തെറ്റിക്കാതെ വാസുണ്ണി എത്തുന്നത്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സസന്തോഷം പങ്കെടുക്കുന്ന അദ്ദേഹം ശാന്തപുരത്ത് പ്രവര്‍ത്തിക്കുന്ന 'സഹായി' അയല്‍ക്കൂട്ടങ്ങളില്‍ ഒന്നിന്റെ പ്രസിഡന്റ് കൂടിയാണ്.
പ്രദേശത്തെ സമൂഹ നോമ്പുതുറകളില്‍നിന്നും അയല്‍വാസികളും സുഹൃത്തുക്കളുമായവരുടെ വീട്ടില്‍നിന്നും നോമ്പുതുറക്കാനായി എത്തുന്ന സ്‌നേഹത്തോടെയുള്ള വിളിയില്‍ വാസുണ്ണി എന്നും പങ്കുകൊള്ളുന്നതും സാമുദായികതക്കപ്പുറമുള്ള മനുഷ്യബന്ധത്തിന്റെ പച്ചപ്പ് മനസ്സില്‍ സൂക്ഷിക്കുന്നതു കൊണ്ടാണ്. പ്രദേശവാസികളുടെ ഒത്തൊരുമ പോലെ തന്നെ പെരുന്നാളും നോമ്പും വാസുണ്ണിയും കുടുംബവും മുസ്‌ലിം വീടുകളില്‍നിന്നും ആഘോഷിക്കുമ്പോള്‍ ഓണവും വിഷുവും ആഘോഷിക്കാനായി മുസ്‌ലിം സുഹൃത്തുക്കള്‍ക്കായി വാസുവിന്റെ വീട്ടിലും സന്തോഷത്തിന്റെയും സഹകരണത്തിന്റെയും വിരുന്നിലകള്‍ വിരിച്ചിടും. അതുകൊണ്ടുതന്നെ സ്‌നേഹവും കരുണയും വിരിയുന്ന റമദാന്‍ ദിനങ്ങള്‍ക്കായി വാസുണ്ണി കാത്തിരിക്കുകയാണ്.