പെങ്ങള് എനിക്ക് സഹോദരി മാത്രമല്ല, എന്നെ താലോലിച്ച് വളര്‍ത്തിയ ഉമ്മ കൂടിയാണ്. ഗര്‍ഭപാത്രവും അമ്മിഞ്ഞപ്പാലും പങ്കിട്ടവരല്ലെങ്കിലും ഒരേ രക്തത്തില്‍ പിറന്ന പെങ്ങള്. പിതാവിന്റെ ആദ്യഭാര്യയില്‍ ജനിച്ച രണ്ടു മക്കളില്‍ രണ്ടാമത്തെ സന്തതി. അവരുടെ മാതാവിന്റെ വിയോഗാനന്തരം രണ്ടാം ഭാര്യയായ എന്റെ ഉമ്മയില്‍ ഞങ്ങള്‍ ആറ് മക്കള്‍ പിറന്നു. ഞാനാണ് ഇളയവന്. മൂന്ന് ജ്യേഷ്ഠ സഹോദരന്മാര് ജീവിച്ചിരിപ്പുണ്ട്. ചെറുപ്പത്തില്‍ അനാഥനായിത്തീര്‍ന്ന എന്നെ താലോലിച്ച് വളര്‍ത്തിയത് എന്റെ പെങ്ങളായിരുന്നു. മാതാവിനൊത്ത പെങ്ങള് എന്ന് അവരെ വിശേഷിപ്പിക്കാം.
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍പെട്ട മൂര്‍ക്കനാട് ഗ്രാമത്തിലെ പുവ്വക്കുര്‍ശി തറവാട്ടുകാരാണ് ഞങ്ങളുടെ കുടുംബം. പേരും പ്രശസ്തിയുമുള്ള ആയുര്‍വേദ വൈദ്യന്മാരായിരുന്നു ഞങ്ങളുടെ പൂര്‍വികര്‍. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് ഞങ്ങളുടെ പിതാവിന്റെ പിതൃവ്യന് ഹൈദ്രോസ് വൈദ്യരും പിതാവ് മൂസക്കുട്ടി വൈദ്യരും ചികിത്സ നടത്തിയിരുന്നു. പിതാവിന്റെ മരണശേഷം വലിയ സഹോദരന് കാദര്‍ വൈദ്യര് ചികിത്സ തുടര്‍ന്നു. എന്നാല്‍ 1991-ല്‍ കാദര്‍ വൈദ്യരുടെ മരണത്തിനുശേഷം ചികിത്സാ രംഗത്ത് ആരും താല്പര്യം കാണിച്ചില്ല. പഴയ താളിയോല ഗ്രന്ഥങ്ങളും എഴുത്താണിയും സംസ്കൃതത്തിലും മലയാളത്തിലും അറബി മലയാളത്തിലുമുള്ള ഗ്രന്ഥങ്ങളും ഗതകാല സ്മരണകളുണര്ത്തിക്കൊണ്ടിരിക്കുന്നു.
എനിക്ക് രണ്ട് വയസ്സ് പ്രായമായപ്പോള്‍ ഞങ്ങളുടെ വന്ദ്യപിതാവ് മൂസക്കുട്ടി വൈദ്യര് ഇഹലോകവാസം വെടിഞ്ഞു. മൂന്നര വയസ്സ് പ്രായത്തിലായിരുന്നു മാതാവിന്റെ വിയോഗം. പിഞ്ചുപൈതലായ എന്നെ നോക്കിക്കൊണ്ട് പിതാവ് പറഞ്ഞിരുന്നുവത്രെ; 'ഈ കുഞ്ഞിമോനെ കൂടി വൈദ്യം പഠിപ്പിച്ചതിനുശേഷം ഞാന്‍ കണ്ണടച്ചാല്‍ മതിയായിരുന്നു' എന്ന്. പിതാവിന്റെ മരണശേഷമുണ്ടായ ആദ്യത്തെ പെരുന്നാള്‍ ദിവസം 'ചീനായി' എന്ന പേരില്‍ അക്കാലത്ത് അറിയപ്പെട്ടിരുന്ന ചുവപ്പുനിറത്തിലുള്ള പുതിയ തുണി ജ്യേഷ്ഠന് വാങ്ങിക്കൊണ്ടുവന്നത് പെങ്ങള് എന്റെ കൈയില്‍ തന്ന സന്ദര്‍ഭത്തില്‍ സന്തോഷത്തോടെ പുഞ്ചിരിച്ചുകൊണ്ട് 'ഈ തുണി പള്ളിയില്‍ കൊണ്ടുപോയി എന്റെ വാപ്പാക്കൊന്ന് കാണിച്ചുകൊടുക്കണം' എന്ന് ഞാന്‍ പറഞ്ഞുവത്രെ. വാപ്പ പള്ളിയില്‍ ഉണ്ടെന്ന വിശ്വാസത്തിലായിരുന്നു ഈ ആഗ്രഹം പ്രകടിപ്പിച്ചത്. പെങ്ങളുടെ കണ്ണില്‍നിന്ന് കണ്ണുനീരൊഴുകാന്‍ ഈ സംഭവം കാരണമായി. ഒരു സ്വപ്നത്തില്‍ കണ്ടതുപോലെയുള്ള ഓര്‍മകള്‍ മാത്രമാണ് എനിക്ക് മാതാപിതാക്കളെ സംബന്ധിച്ച് ഉള്ളത്.
ഏറെ സന്തോഷത്തോടുകൂടിയല്ല ചെറുപ്പകാലത്തെ ജീവിതം ഞാന്‍ ഓര്‍ക്കുന്നത്. സംരക്ഷണത്തിന് ജ്യേഷ്ഠ സഹോദരന്മാര് ഉണ്ടെങ്കിലും അനാഥനാണെന്ന ചിന്ത കുട്ടിക്കാലത്തു തന്നെ എന്റെ മനസ്സിനെ വേദനിപ്പിച്ചിരുന്നു.
എനിക്ക് മാതാവിനെ പോലെയായിരുന്നു പെങ്ങള്. ഉമ്മ മരണശയ്യയില്‍ കിടന്ന് എന്റെ കൈപിടിച്ച് പെങ്ങളുടെ കൈയില്‍ കൊടുത്ത് 'കുട്ടിയെ നീ നോക്കണം' എന്ന് അവ്യക്തമായ വാക്കുകളില്‍ പറഞ്ഞ് മണിക്കൂറുകള്‍ക്കകം അവര്‍ കണ്ണടച്ചുവത്രെ. ഒഴുകുന്ന മിഴിനീരോടെ എന്റെ പെങ്ങളുമ്മ എന്നെ ഏറ്റുവാങ്ങിയ വികാരനിര്‍ഭരമായ രംഗം അതിന് സാക്ഷിയായ ജ്യേഷ്ഠസഹോദരന് ഓര്‍ത്തു പറയാറുണ്ട്.
ഫാത്തിമക്കുട്ടി എന്നായിരുന്നു അവരുടെ യഥാര്‍ഥ നാമമെങ്കിലും 'ഇമ്മു' എന്ന ഓമനപ്പേരിലാണ് അവര്‍ വീട്ടിലും നാട്ടിലും അറിയപ്പെട്ടത്. ചെറുപ്രായത്തില്‍തന്നെ അവരെ വിവാഹം ചെയ്തയച്ചുവെങ്കിലും ശാരീരികമായ ചില അവശതകള്‍ വന്നുപെട്ടതിനാല്‍ ആ ബന്ധം തുടരാന്‍ സാധിച്ചില്ല. പുനര്‍വിവാഹം വേണ്ടെന്നായിരുന്നു പിന്നീട് അവരുടെ തീരുമാനം.
അനാഥ ബാലനായ എന്നെ മാതാവിന്റെ കരങ്ങളില്‍നിന്ന് ഏറ്റുവാങ്ങിയതിനു ശേഷം എന്നെ നോക്കിവളര്‍ത്തല്‍ മാത്രമായിരുന്നു അവരുടെ ജീവിതലക്ഷ്യം. എന്നെ കുളിപ്പിച്ചും എനിക്ക് ഭക്ഷണം തന്നും 'മാലക്കണ്ണ്' എന്ന നിശാന്ധതാരോഗം ബാധിച്ച നാളുകളില്‍ കൈപിടിച്ചു നടത്തിയും അവരെന്നെ താലോലിച്ച് വളര്‍ത്തി. സഹോദരന്മാരുടെയും അവരുടെ അമ്മാവന്മാരുടെയും വീടുകളില്‍ ദിവസങ്ങളോളം അവര്‍ മാറിത്താമസിക്കുമായിരുന്നു. അപ്പോഴെല്ലാം ഒരു നിഴല്‍പോലെ ഞാനും അവരുടെ കൂടെത്തന്നെയായിരുന്നു. എല്ലാവര്ക്കും എന്നോട് സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു.
ചെറുപ്രായത്തില്‍ തന്നെ എഴുത്തും വായനയും അഭ്യസിച്ച പെങ്ങള് ബുദ്ധിമതിയും കാര്യശേഷിയുള്ളവരുമായിരുന്നു. സഹോദരന്മാരുടെയും അടുത്ത ബന്ധുക്കളുടെയും വീടുകളിലെ വിശേഷ സന്ദര്‍ഭങ്ങളില്‍ അവരുടെ സാന്നിധ്യം അനിവാര്യമായി എല്ലാവരും കണ്ടിരുന്നു. അവരുടെ ഉപദേശനിര്‍ദേശങ്ങള്‍ തേടുകയും അവ അംഗീകരിക്കുകയും ചെയ്തിരുന്നു. മക്കളില്ലെങ്കിലും സഹോദരന്മാരെയും അവരുടെ മക്കളെയും സ്വന്തം മക്കളെപ്പോലെ അവര്‍ സ്നേഹിച്ചു. അവര്‍ക്കുവേണ്ടി ജീവിച്ചു. ഞങ്ങളുടെ കുടുംബങ്ങളിലെ ഒരു കെടാവിളക്കായിരുന്നു പെങ്ങള്.
ഏകയായി ഇരിക്കുന്ന സമയങ്ങളില്‍ പെങ്ങള് ശബ്ദത്തില്‍ കല്യാണപ്പാട്ടുകള്‍ പാടുമായിരുന്നു. പി.കെ ഹലീമ രചിച്ച 'ചന്ദിരസുന്ദരിമാല' എന്ന കല്യാണപ്പാട്ടു കൃതിയില്‍നിന്നുള്ള പാട്ടുകളാണ് അധികമായും ആലപിച്ചിരുന്നത്. 'പൊരുത്തം ബീ ആയിശ പൂവിയചമഞ്ഞാനെ' എന്നു തുടങ്ങുന്ന പാട്ടും 'അറിവിത്തെ സമയത്തില്‍ ഉമൈഖോജാവെ' എന്ന പാട്ടുമാണ് അധികമായും പാടിക്കേട്ടിരുന്നത്. ശ്രുതിമധുരമായ അവരുടെ ആലാപനം കേട്ട് ചെറുപ്രായത്തില്‍തന്നെ കല്യാണപ്പാട്ടുകളോട് എനിക്ക് താല്പര്യം തോന്നിത്തുടങ്ങി. ഒപ്പനപ്പാട്ടുകളുടെയും മാപ്പിളസാഹിത്യത്തിന്റെയും തുടര്‍ന്ന് മാപ്പിളകലകളുടെയും വഴികളില്‍ എത്തിപ്പെടാനും ബഹുദൂരം സഞ്ചരിക്കാനും എനിക്ക് പ്രചോദനമായത് പെങ്ങളുടെ ശ്രവണസുന്ദരമായ ആലാപനമായിരുന്നു എന്നു പറയാം. ഇന്നും ലക്ഷണമൊത്ത ഒപ്പനപ്പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അത് പെങ്ങളെ സംബന്ധിച്ച ഓര്‍മകള്‍ക്ക് പുതുജീവന്‍ പകര്‍ന്നുതരുന്നു.
എന്റെ കുഞ്ഞിമോന് വളര്‍ന്നു വലുതായി സുഖമായി ജീവിക്കുന്നത് കാണണമെന്ന ആഗ്രഹം ഞാന്‍ അവരുടെ വിരലില്‍ തൂങ്ങി നടന്നിരുന്ന കാലത്ത് പലരോടും പറഞ്ഞിരുന്നുവത്രെ. അവര്‍ ഏറ്റെടുത്ത ഉത്തരവാദിത്തം അവര്‍ ഭംഗിയായി നിറവേറ്റി.
പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ശാന്തപുരം അല്‍ജാമിഅയുടെ തുടക്ക സ്ഥാപനമായ അല്‍ മദ്റസത്തുല്‍ ഇസ്ലാമിയയില്‍ ചേര്‍ന്ന് പഠിക്കാന്‍ പോയ സന്ദര്‍ഭത്തിലാണ് ഞാന്‍ പെങ്ങളെ പൂര്‍ണമായി വേര്‍പിരിയുന്നത്. എന്റെ അഭിവന്ദ്യ ഗുരുനാഥനും മാര്‍ഗദര്‍ശിയും എന്റെ നാട്ടുകാരനുമായിരുന്ന മര്‍ഹൂം എ.കെ അബ്ദുല്‍ഖാദിര്‍ മൗലവിയുടെ ഉപദേശമനുസരിച്ചാണ് ശാന്തപുരത്ത് ചേര്‍ന്നത്. അദ്ദേഹമായിരുന്നു അന്ന് സ്ഥാപനത്തിന്റെ സാരഥി. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ശാന്തപുരത്തോട് വിടപറയേണ്ടി വന്നു. പിന്നീട് അല്പകാലം വീട്ടിലിരുന്നപ്പോള്‍ പഠനം നിര്‍ത്തിയതില്‍ ഏറെ അസ്വസ്ഥയായത് പെങ്ങളായിരുന്നു. പിന്നീട് കാസര്‍കോട്ടെ ചെമ്മനാട് ആലിയാ അറബിക് കോളേജില്‍ ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് പ്രൈവറ്റായി പരീക്ഷകളെഴുതി. 1968 മുതല്‍ വിവിധ സര്‍ക്കാര്‍ സ്കൂളുകളില്‍ അറബി അധ്യാപകനായി ജോലിചെയ്ത് 1999-ല്‍ സര്‍വീസില്‍നിന്ന് പിരിഞ്ഞു. ഞാന്‍ ജോലിയില്‍നിന്ന് വിരമിക്കുന്നതിന്റെ ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് പെങ്ങള് ഞങ്ങളെ വിട്ടുപിരിഞ്ഞത്.
ഞാനും എന്റെ സഹധര്‍മിണിയും നാല് മക്കളും വലിയ വിഷമതകളില്ലാതെ ജീവിക്കുന്നത് കണ്ട് സന്തോഷിച്ചും കൂടെ താമസിച്ചുമാണ് പെങ്ങള് കണ്ണടച്ചത്. അവര്‍ യാത്രയായിട്ട് ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും പ്രാര്‍ഥനാനിര്‍ഭരമായ ഓര്‍മകള്‍ ഇന്നും ഹൃദയത്തിലുണ്ട്. ചെറുപ്പകാലത്ത് അവരുടെ കൂടെ ജീവിച്ച അനുഭവങ്ങള്‍ മക്കളുമായി ഞാന്‍ പങ്കുവെക്കാറുണ്ട്. മക്കളുടെ മനസ്സുകളിലും പെങ്ങള്‍ക്ക് എന്റെ മാതാവിന്റെ സ്ഥാനമാണുള്ളത്.
പെങ്ങള് മരണപ്പെട്ട ദിവസം ആശുപത്രിയിലെ രോഗശയ്യയില്‍ കിടന്ന് വേദന സഹിച്ച് നിമിഷങ്ങള്‍ തള്ളിനീക്കിയപ്പോള്‍ അര്‍ധരാത്രി അവരുടെ ചുറ്റുംകൂടിനിന്ന് മനോവേദനയോടെ ആശ്വാസവാക്കുകള്‍ പറഞ്ഞത് സഹോദര പുത്രിമാരുടെ ഒരു സംഘമായിരുന്നു. സഹോദര പുത്രന്മാരും സന്നിഹിതരായിരുന്നു. ഈ രംഗം കണ്ടുനിന്ന ആശുപത്രിയിലെ ഒരു നഴ്സ് 'നിങ്ങളെല്ലാവരും ഈ ഉമ്മയുടെ മക്കളാണോ' എന്നു ചോദിച്ചു. അവര്‍ക്ക് ഭര്‍ത്താവും മക്കളുമില്ലെന്നും ഞങ്ങളെല്ലാം അവരുടെ സഹോദരന്മാരുടെ മക്കളാണെന്നും മറുപടി കേട്ടപ്പോള്‍ മൂക്കത്ത് വിരല്‍വെച്ചു കൊണ്ട് നഴ്സ് പറഞ്ഞു; 'ദൈവമേ, ഈ ഉമ്മ ഭാഗ്യവതിയാണ്; ഗുണം ചെയ്തവരാണ്.' തുടര്‍ന്ന് നഴ്സ് അന്വേഷിച്ചത് ഞങ്ങളുടെ നാടിനെയും കുടുംബത്തെയും കുറിച്ചായിരുന്നു. പെങ്ങള് കണ്ണടക്കുമ്പോള്‍ ഞാന്‍ അരികെ ഉണ്ടായിരുന്നില്ല എന്നത് എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. ഉമ്മയില്ലാത്തവര്ക്ക് ഉമ്മയായി ജീവിച്ച അവര്‍ക്ക് മക്കളല്ലാത്ത മക്കളുടെ സ്നേഹവും പരിചരണവും വേണ്ടവിധം ലഭിച്ചു. മക്കളില്ലാത്തതിന്റെ കുറവ് എന്റെ പെങ്ങളുമ്മ അറിഞ്ഞിട്ടില്ലെന്നതിലുള്ള ചാരിതാര്‍ഥ്യം എന്റെ മനസ്സിനെന്നും ആശ്വാസം പകരുന്നു.