സ്വന്തം വീട്ടുമുറ്റത്തൊരു നീര്‍മാതളം നടണമെന്ന് ആശ വെക്കാത്ത എത്ര നമ്മളുണ്ട്?. അത്രയോളം നമ്മില്‍ വേര് പോയിട്ടുണ്ട് കമലാസുറയ്യ.
സ്വന്തം വീട്ടുമുറ്റത്തൊരു നീര്‍മാതളം നടണമെന്ന് ആശ വെക്കാത്ത എത്ര നമ്മളുണ്ട്?. അത്രയോളം നമ്മില്‍ വേര് പോയിട്ടുണ്ട് കമലാസുറയ്യ. സുറയ്യയെന്നാല് നക്ഷത്രം. നമ്മില്‍ നിന്നടര്‍ന്ന് ഒരു നക്ഷത്രമായി അവരാകാശം തൊട്ടിട്ട് വര്ഷങ്ങളല്പം അകന്നിരിക്കുന്നു. സുറയ്യയുടെ എഴുത്താകാശങ്ങളിലൂടെ ഒരു ഹ്രസ്വ സഞ്ചാരം.
അകങ്ങളില്‍, അവനവന്റെ ആഴങ്ങളില്‍ ഒടുങ്ങാത്ത ഇഷ്ടം പാത്ത് വെച്ചവരുണ്ട്.
സ്നേഹം മാത്രം യാചിച്ചവര്‍..
മനുഷ്യരല്ല, മനുഷ്യലോകത്ത് വഴിതെറ്റി എത്തിപ്പെട്ട ദേവലോകവാസികളാണത്രെ അവര്‍.
കമലാസുറയ്യയും അങ്ങനെ നമ്മിലേക്ക് വഴിതെറ്റി വന്നതാകുമോ?
'എനിക്ക് നിന്നോടുള്ള സ്നേഹം അറിയണോ..?
അകലെ ആകാശത്തെ നക്ഷത്രങ്ങളെ എണ്ണിനോക്കൂ...'
കമലക്ക് കിട്ടിയ പ്രേമക്കത്തിലെ വരികള്‍..
നട്ടുച്ച നേരത്തും അവളിരുന്ന് ആകാശം നോക്കി, നക്ഷത്രങ്ങളെണ്ണി..
ആള്‍ക്കൂട്ടം പക്ഷെ പരിഹാസം പറഞ്ഞു..
'നിനക്ക് പ്രാന്താണ്..'
സ്നേഹമെന്നത് ഭ്രാന്ത് പോലെയുള്ള മറ്റൊരസുഖത്തിന്റെ പേരായിരിക്കണം..
ശരിക്കും പറഞ്ഞാല്‍ സ്നേഹമെന്നത് കമലക്ക് ഭ്രാന്ത് തന്നെയായിരുന്നില്ലേ..
അതുകൊണ്ടല്ലേ സ്നേഹം കൊണ്ട് ഭ്രാന്തരായവര്ക്കുള്ള സ്വര്‍ഗം തേടി അവളലഞ്ഞത്..
ഉള്ളില്‍ സ്നേഹം ജനിച്ചുവോ എങ്കില്‍ നീ സ്വര്‍ഗത്തിലേക്കുള്ള കതകും തുറന്നുവെന്നെഴുതിയത്..
'എന്റെ സ്നേഹം ഇളവെയിലാണ്. വേനല്‍ മഴയാണ്. നിലാവാണ്.
ഞാന്‍ വൃദ്ധയാവുന്നത് സ്നേഹിക്കപ്പെടാത്ത നിമിഷങ്ങളിലാണ്. സ്നേഹം തന്നെയാണ് യൗവനം.
സ്നേഹം തന്നെയാണ് വസന്തം.. ഏത് സ്ത്രീയാണ് സ്നേഹവായ്പാല്‍ പൂമരമായി മാറാത്തത്...'
കണ്ണാടിയിലുണ്ട് ഞാനുമെന്റെ കണ്ണീരും
ഓരോ വാക്കും മാധവിക്കുട്ടിക്ക് ഒരു അനുരഞ്ജനമായിരുന്നു. പലരും ചോദിച്ചു:
'സത്യസന്ധതയോടെ യാതൊന്നും മറച്ചുവെക്കാതെ ഇങ്ങനെ എഴുതുന്നത് ഒരു തരത്തിലുള്ള വസ്ത്രമഴിക്കലല്ലേ ...'
'ശരിയായിരിക്കാം.. എന്റെ വസ്ത്രങ്ങളും ആഭരണങ്ങളും ഞാനാദ്യം അഴിച്ചുവെക്കും.
അതിനുശേഷം തവിട്ടുനിറമുള്ള ഈ തൊലി ഊരുകയും എല്ലുകള്‍ തകര്‍ക്കുകയും ചെയ്യും. ഒടുവില്‍ എല്ലിനുമകത്ത്, മജ്ജക്കുകീഴില് ആഴത്തില്‍ നാലാമതൊരു ഡൈമെന്‍ഷനില്‍ പ്രത്യേക ഇരിപ്പിടമില്ലാത്തതും അനാഥവും അതിസുന്ദരവുമായ ആത്മാവിനെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.'
മഞ്ഞിന്റെ തണുപ്പും തീച്ചൂടും അനുഭവിച്ച് അവരെഴുതിക്കൊണ്ടേയിരുന്നു.
സാഹിത്യകാരന്റെ ഒന്നാമത്തെ കടമ അവനവനെത്തന്നെ ബലിമൃഗമാക്കുകയാണെന്ന് വിശ്വസിച്ച കമല സ്ത്രീവേവുകളെപ്പറ്റി പൊള്ളിയെഴുതി.
'എന്നെ തുണ്ടുതുണ്ടായി ഞാന്‍ വിതരണം ചെയ്യുന്നു. മക്കള്‍ക്കായി, ഭര്‍ത്താവിനായി, മിത്രങ്ങള്‍ക്കായി.. അശരണര്‍ക്കായി..
ഒടുവില്‍ എന്റെ കണ്ണാടിയില്‍ ഞാന്‍ എന്റെ കണ്ണുകള്‍ മാത്രം കാണുന്നു, കണ്ണുനീരും..'
മരണത്തില്‍ നിന്ന് കവിതയിലേക്കുള്ള ആത്മഹത്യകള്‍
ഒരു രാത്രിയില്‍, ഉറങ്ങിക്കിടന്നിരുന്ന ഭര്‍ത്താവിനെയും മകനേയും വിട്ട്, വീടിന്റെ ടെറസിലേക്ക് ചെന്ന് കമല കീഴ്പോട്ട് നോക്കി. മുറ്റത്തും മതിലിനപ്പുറത്തുള്ള നിരത്തിലും തളം കെട്ടിയിരുന്ന നിലാവില് തന്റെ ചോരത്തുള്ളികള്‍ തെറുപ്പിച്ചുകൊണ്ട് ആത്മഹത്യ ചെയ്താലോ?
ആകാശത്ത് ധൃതിയില്‍ നീങ്ങുന്ന ചന്ദ്രബിംബം. തെരുവിന്റെ വക്കത്തെ കുപ്പത്തൊട്ടിയില്‍ ഭക്ഷണത്തിന് വേണ്ടി പരതുന്ന രണ്ട് തെണ്ടി നായ്ക്കള്‍..
അംബേദ്ക്കര്‍ റോഡിന്റെ തുടക്കത്തില്‍ ബസ് ഡ്രൈവര്‍മാരുടെ വിശ്രമത്തിനുണ്ടാക്കിയ ഷെഡ്ഡില്‍ നിന്നുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് നൃത്തം ചെയ്യുന്ന ഒരു ഭ്രാന്തന്.
അയാളെ കണ്ട് കമല നാലടി പിന്നോക്കം വെച്ചു. ആ ഭ്രാന്തന്റെ താളം പെട്ടെന്നവളുടെ കാലുകളെ സ്വീകരിച്ചു.
കമല തലമുടി അഴിച്ചിട്ടു.
ലോകത്തിന്റെ ഏകാന്തമായ വെണ്മാടത്തില് നൃത്തം ചെയ്യുകയാണെന്നവള്ക്ക് തോന്നി. അവസാനത്തെ മനുഷ്യന്റെ ഉന്മത്ത നൃത്തം. പിന്നെ കോണിപ്പടികള്‍ ഇറങ്ങി.
ചെറിയ സല്ക്കാരമുറിയിലെ വിളക്ക് കത്തിച്ചു. കടലാസെടുത്ത് തെളിഞ്ഞ ഒരു ഭാവിയെ പറ്റി കവിതയെഴുതാന്‍ തുടങ്ങി..
ണശുല ീൗ േവേല ുമശിെേ ൗിാീൗഹറ വേല രഹമ്യ
ഘല േിീവേശിഴ ൃലാമശി ീള വേമ ്യേലേെലൃറമ്യ
മാധവിക്കുട്ടി മരണത്തില്‍ നിന്ന് കവിതയിലേക്ക് രക്ഷപ്പെടുന്നു.
കവിത അങ്ങനെയാണ്.. മുന്നിലെയും പിന്നിലെയും ആകാശഭൂമികള്‍ നഷ്ടപ്പെട്ട് മരണത്തിന്റെ വെളുപ്പിലേക്ക് ചായും നേരത്തത് ഉള്ളില്‍ ഉറവപൊന്തും.. പിന്നെയത് ഭാഷപ്പെടുത്താതെ നിവൃത്തിയില്ലെന്ന് വരും... കവിതക്ക് ജീവിതത്തിന്റെയത്ര വിസ്തൃതിയുണ്ട്.
സ്നേഹമാണെന്റെ സകാത്ത്
ട്യൂഷന് മാസ്റ്റര്‍ കുഞ്ഞു ആമിയോട് ഒച്ചയെടുക്കുകയാണ്.
'കമലാ.., നീയെന്തിനാണ് ഓരോ പ്രത്യേകതകള്‍ കാട്ടിക്കൂട്ടുന്നത്? മറ്റുകുട്ടികള്‍ പെരുമാറുന്നത് പോലെ നിനക്കും പെരുമാറാമല്ലോ.. ഒരു കൈയിലെ ആറാം വിരലാകാനാണോ നിന്റെ ഉദ്ദേശ്യം..?'
സ്നേഹം ഈ മനുഷ്യലോകത്ത് ആറാം വിരല്‍ പോലെ അപൂര്വമാണെന്നായിരിക്കണം ഒരൊറ്റ ജീവിതം കൊണ്ടവര്‍ കണ്ടെടുത്തത്.
സ്നേഹം സാവിത്രിയെ പോലെ സത്യവാന്റെ ജീവനുവേണ്ടി തര്‍ക്കിച്ച് ജയിക്കാന്‍ കരുത്തുള്ള ഒരു പ്രതിഭാസമല്ലെന്ന് വാദിച്ചു സുറയ്യ. അത് അന്തിത്തിരി പോലെ എത്ര ലോലമാണ്, അസ്ഥിരമാണ്.
'സ്നേഹിക്കുന്നവരേ, സുറയ്യ ഇവിടെയുണ്ടാകും..
എത്ര തന്നെ ദാനം ചെയ്താലും പിന്നെയും പെരുകിക്കൂടുന്ന സ്നേഹവുമായി സുറയ്യ ഇവിടെയുണ്ടാകും..
സ്നേഹമാണ് എന്റെ സകാത്ത്...'
ഈ കാലത്തിന് പാകമല്ലെന്നുണ്ടോ ഞാന്‍..
ചുറ്റും അകങ്ങളില്‍ ചൂട്ടുകെട്ട ആള്‍ക്കൂട്ടങ്ങള്‍.. അവര്‍ക്കുമീതെ നക്ഷത്രങ്ങള്‍ അടര്‍ന്നുപോയ ആകാശങ്ങള്‍.. തനിക്ക് പാകമല്ലാത്ത കാലമാണോ ഇതെന്ന് ആശങ്കിച്ചു കമല.
'എവിടെ നിന്നോ വരാനിരിക്കുന്ന ഒരു കാലഘട്ടത്തിലായിരിക്കും ഒരു പക്ഷെ ഞാന്‍..'
മനുഷ്യന്റെ വെളിച്ചമെന്താണെന്നവര് സ്വയം ചോദിച്ചു.
സൂര്യനാകുമോ? സൂര്യനില്ലാതായാല്‍..?
ചന്ദ്രന്..? ചന്ദ്രനില്ലാതായാല്..?
അഗ്നി.. ? അഗ്നി കെട്ടുകഴിഞ്ഞാല്‍..?
ശബ്ദം..? ശബ്ദവും നിലച്ചുകഴിഞ്ഞാല്‍..?
പിന്നെ ആത്മാവ് മാത്രം നമുക്ക് വെളിച്ചം തരും.
എല്ലാ ജീവികളുടെയും ആത്മാവ് ഒരുപോലെ ആകില്ല.
പല ആകൃതിയിലുള്ള പാത്രങ്ങളിലൊഴിച്ച് വെച്ച വെള്ളം പോലെയാകുമതെന്ന് കരുതി സുറയ്യ. നായയുടെ ആകൃതിയില്‍ ഒഴിച്ചുവെച്ചതും മനുഷ്യാകൃതിയില്‍ ഒഴിച്ചതും ഒരേ ദ്രാവകം. ഒരേയൊരു സത്ത. എന്നിട്ടും എന്തിനാണ് നാം ആകൃതിയിലും നിറങ്ങളിലും വിശ്വസിക്കുന്നത്..?
കഥക്കില്ലല്ലോ ശ്വാസം നിലക്കുന്ന നിമിഷം..
സുറയ്യക്കറിയാമായിരുന്നു. എത്ര നന്നായി പടുത്ത കെട്ടിടവും കുറേക്കാലം നിന്നാല്‍ പിന്നെയതിന്റെ വീഴ്ചയുടെ കാലം തുടങ്ങും. അതിന്റെ ചുമരുകളില്‍ ജന്തുക്കള്‍ മെല്ലെമെല്ലെ തുരന്ന് കടക്കും. നിലം വിണ്ടുപൊളിയും. തട്ട് മഴയില്‍ ഒലിക്കും. കാറ്റടിക്കുമ്പോള്‍ അയഞ്ഞ വിജാഗിരിമേല് ജനാലകള്‍ ആടിത്തേങ്ങും. അങ്ങനെ പതുക്കെ പതുക്കെ അത് തകര്‍ന്നുവീഴും, മനുഷ്യനെ പോലെ.
എങ്കിലും അവര്‍ ആശ്വസിച്ചു... കഥക്ക് ഒടുക്കമില്ലല്ലോ.. കഥാകൃത്തിനുണ്ടാകാം ഒരു ശ്വാസം നിലക്കുന്ന നിമിഷം. കഥ പക്ഷെ അവസാനിക്കുന്നില്ല. അത് നിലത്ത് കാലിട്ടടിക്കില്ല. പകച്ച ദൃഷ്ടിയോടെ ചുറ്റും നില്‍ക്കുന്നവരെ നോക്കിക്കാണില്ല. കഥക്ക് ചിതയുമില്ല...
പുഴപോലെയത് കുത്തനെ ഒഴുകിയൊഴുകി..........