മകന് ഫല്‍ഗുണനെയും കൊണ്ട് ബാലന്‍ കാലത്തെതന്നെ അക്ഷയ കേന്ദ്രത്തിലെത്തി. വലതുകാല്‍ വെച്ച് അകത്തേക്ക് കടന്നു. നടപടികള്‍ തുടങ്ങി.
(രണ്ടുവര്‍ഷത്തിനകം വരാന്‍പോകുന്ന മാറ്റങ്ങളെക്കുറിച്ച്)
മകന്‍ ഫല്‍ഗുണനെയും കൊണ്ട് ബാലന്‍ കാലത്തെതന്നെ അക്ഷയ കേന്ദ്രത്തിലെത്തി. വലതുകാല്‍ വെച്ച് അകത്തേക്ക് കടന്നു. നടപടികള്‍ തുടങ്ങി.
പേര്?
ബാലന്‍
മകന്റെ പേര്?
ഫല്‍ഗുണന്‍
സല്‍ഗുണന്‍?
''ഭ - ഭല്‍ഗുനന്‍''
''ആദ്യത്തെ അക്ഷരം 'പ' യാണോ ''ബ'' യാണോ?''
'ഭ' ഭലത്തിലെ ഫ''
ചോദ്യോത്തര പരിപാടിയുടെ രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ ആഴത്തിലായി അന്വേഷണങ്ങള്‍.
അച്ഛന്റെ പേര്?
ബാലന്‍.
അമ്മയുടെ പേര്്
'രാധാമണി'
ബാലന്റെ ആധാര്‍ നമ്പര്‍?
എനിക്ക് ആധാറില്ല
രാധാമണിയുടെ ആധാര്‍ നമ്പര്‍?
അവള്‍ക്കുമില്ല
... പരീക്ഷയില്‍ തോറ്റ് ബാലന്‍ മടങ്ങി. മകന് ആധാര്‍ ഉണ്ടാക്കാനാണ് വന്നത്.
അവന് ഉച്ചക്കഞ്ഞി കിട്ടാന്‍ ആധാര്‍ വേണം. ഇനി അത് കിട്ടില്ല.
എന്തോ ഓര്‍ത്ത് അയാള്‍ തിരിച്ച് അക്ഷയ കേന്ദ്രത്തിലേക്ക് തന്നെ ഓടി. ഒരു സംശയം തീര്‍ക്കാനുണ്ടായിരുന്നു.
''സാറേ, ആധാര്‍ ഒന്നിനും നിര്‍ബന്ധമാക്കരുതെന്ന് കോടതി പറഞ്ഞിട്ടില്ലേ?''
''പറഞ്ഞിട്ടുണ്ട്. പക്ഷേ അത് നിര്‍ബന്ധമാക്കുന്നില്ലല്ലോ. ഇന്നലെ വരെ അതില്ലാതെ കഞ്ഞികിട്ടുമായിരുന്നു. ഇനിയങ്ങോട്ട് കിട്ടില്ല എന്നുമാത്രം. ആധാറുണ്ടെങ്കില്‍ കിട്ടും. പക്ഷേ ആധാര്‍ വാങ്ങാന്‍ നിങ്ങളെ ആരും നിര്‍ബന്ധിക്കുന്നില്ലല്ലോ.''
ബാലന് സംശയം തീര്‍ന്നു. ശരിയാണല്ലോ വെറുതെ തെറ്റിദ്ധരിച്ചു.
*****
ഫല്‍ഗുണന് ഒരു അനിയത്തി പിറന്നു. വീട്ടില്‍ വെച്ചാണ് രാധാമണി പ്രസവിച്ചത്. അതുകൊണ്ട് സുഖപ്രസവമായിരുന്നു.
മെഡിക്കല്‍ കോളേജിലാക്കണമെന്നുണ്ടായിരുന്നു. ചെന്നപ്പോള്‍ പറഞ്ഞു, എല്ലാം സൗജന്യമാണെങ്കിലും അത് കിട്ടാന്‍ ബാങ്ക് അക്കൗണ്ട് വേണം. അതിന് ആധാറും വേണം. പോരാ, മൊബൈല്‍ ഫോണുമായി ആധാറിലൂടെ ബാങ്ക് അക്കൗണ്ട് ബന്ധപ്പെടുത്തി ആ നമ്പറും കൗണ്ടറില്‍ കൊടുക്കണം.
ആശുപത്രിയില്‍ പ്രസവിക്കാന്‍ ആധാര്‍ വേണം. വീട്ടിലാകുമ്പോള്‍ വേണ്ട. ബാലന്‍ രാധാമണിയോട് പറഞ്ഞു. പേറിങ്ങ് വീട്ടില്‍ തന്നെയാക്കാം.
രാധാമണിക്ക് പ്രശ്‌നമൊന്നുമില്ല. പക്ഷേ അവള്‍ ചോദിച്ചു.
''സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി പിന്നെയും പറഞ്ഞതായി കേട്ടല്ലോ.''
ബാലന്‍ ചിരിച്ചു. പൊട്ടിപ്പെണ്ണ്. അതിന് ആര് നിര്‍ബന്ധിക്കുന്നു? പ്രസവം ആശുപത്രിയില്‍ തന്നെ വേണമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലല്ലോ!
രാധാമണിയും ചിരിച്ചു. ശരിയാണല്ലോ. ഞാനൊരു മണ്ടിതന്നെ.
********
കൈകുഞ്ഞുമായി രാധാമണിയും ബാലനും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചെന്നു. പ്രതിരോധ കുത്തിവെപ്പ് വേണം.
ആവാമല്ലോ. ആധാര്‍ ഇല്ലേ?
രണ്ടുപേരും കൈമലര്‍ത്തി. ബാലന്‍ കുറ്റസമ്മതം നടത്തി. ''എനിക്കും ഇവള്‍ക്കും ആധാര്‍ ഇല്ല സിസ്റ്ററേ. ആധാര്‍ അച്ഛന്റേതാണോ അമ്മയുടേതാണോ വേണ്ടത്?''
രണ്ടും വേണ്ട. കുഞ്ഞിന്റേതു മതി. പക്ഷേ അതെടുക്കാന്‍ ആദ്യം നിങ്ങള്‍ അതെടുക്കേണ്ടി വരും. അതുമായിട്ട് വരൂ. പ്രതിരോധമരുന്ന് കൊടുക്കാം.
പക്ഷേ, സിസ്റ്റര്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി പറഞ്ഞിട്ടില്ലേ ഒരു സേവനത്തിനും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന്?
ഉണ്ട്. ആര് നിര്‍ബന്ധിക്കുന്നു?
ആധാര്‍ എടുക്കാന്‍ നിര്‍ബന്ധിക്കുന്നില്ല. അധാറില്ലെങ്കില്‍ മരുന്ന് കിട്ടില്ല എന്നല്ലേ ഉള്ളൂ.
കുഞ്ഞിനെ സ്‌കൂളില്‍ ചേര്‍ക്കണം. അതിന് അവള്‍ക്ക് ആധാര്‍ വേണം. ബഹുമാന്യ, ആദരണീയ, സുപ്രീം കോടതിയുടെ ഉത്തരവുള്ളത് കൊണ്ട് ആരും ആധാറിന് നിര്‍ബന്ധിക്കുന്നില്ല. അതില്ലെങ്കില്‍ സ്‌കൂൂളില്‍ ചേര്‍ക്കില്ല എന്നേയുള്ളൂ. നിര്‍ബന്ധമില്ല.
ഈ മഹത്തായ സ്വാതന്ത്ര്യം എത്രയോ പേര്‍ അനുഭവിക്കുന്നു. ഫോണ്‍ കണക്ഷന്‍ കിട്ടാന്‍ ആധാര്‍ വേണം. മൊബൈല്‍ സിം എടുക്കാന്‍ ആധാര്‍ വേണം. വൈദ്യുതി കണക്ഷനും അത് വേണം. നിര്‍ബന്ധമില്ല. എടുക്കാതിരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്.
കാരണം ബഹുമാന്യ, ആദരണീയ, പരമോന്നത കോടതി ആവര്‍ത്തിക്കുന്നുണ്ട്, ആധാര്‍ ഒന്നിനും നിര്‍ബന്ധമാക്കരുതെന്ന്. ആധാര്‍ കാര്യത്തില്‍ പൗരന്മാര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം.
കോടതിയലക്ഷ്യം ആരും ചെയ്യുന്നില്ല. ഫോണ്‍ വേണ്ടെന്ന് വെക്കാം. മൊബൈലും അത്യാവശ്യമല്ല. കറന്റ് വേണ്ട. ഇതൊക്കെ വേണമെന്ന് ആരും നിങ്ങളെ നിര്‍ബന്ധിക്കുന്നില്ലല്ലോ
*********
ബാലന്‍ റേഷന്‍ കടയില്‍ പോയപ്പോഴാണ് മറ്റൊരു വിവരമറിയുന്നത്. ബി.പി.എല്‍ കാര്‍ഡ് വേണം. പോരാ, ആധാര്‍ അതുമായി കൂട്ടിയിണക്കണം.
അതിന് കാര്‍ഡിലുള്ളവര്‍ക്കെല്ലാം ആധാര്‍ ഉണ്ടായേ പറ്റൂ.
ശരിയാണ്, ആധാര്‍ നിര്‍ബന്ധമാ ക്കരുതെന്ന് ബഹുമാനപ്പെട്ട കോടതി കണിശമായി പലതവണ കല്‍പ്പിച്ചിട്ടുള്ളതാണ്. ആ കല്‍പന ലംഘിക്കാന്‍ പാടില്ലാത്തതാണ്. ഇവിടെ, ആധാര്‍ ആരും നിര്‍ബന്ധമാക്കുന്നില്ല കെട്ടോ.
ആധാറില്ലെങ്കില്‍ റേഷനില്ല അത്രമാത്രം. റേഷന്‍ വാങ്ങണമെന്ന് ആരും നിര്‍ബന്ധിക്കുന്നില്ല.
ഇക്കാര്യം ബാലന് ബോധ്യപ്പെടാതെയല്ല. പക്ഷെ എവിടെയോ എന്തോ പിശകുണ്ടോ എന്നൊരു തോന്നല്‍ ഈയിടെ ബലപ്പെടുന്നുണ്ട്.
ആധാര്‍ അങ്ങെടുത്താലോ?
വേണ്ട. അത് കോടതിയെ അവിശ്വസിക്കലാവും. ആധാര്‍ നിര്‍ബന്ധമില്ലെന്ന് കോടതി പറയുമ്പോള്‍ എന്തിന് സംശയിക്കണം?
തന്റെ പുരയിടത്തില്‍ നിന്ന് രണ്ടുസെന്റ് ഭൂമി വില്‍ക്കാമെന്ന് വെച്ചു. ആധാര്‍ ഇല്ലാത്തത് കൊണ്ട് കുട്ടികള്‍ സ്വകാര്യ സ്‌കൂളിലാണ് പഠിക്കുന്നത്. അവരുടെ പഠനം തീരുന്നതുവരെ കുറച്ചധികം ചെലവ് വരും.
ആധാരമെഴുത്തുകാരന്‍ ചോദിച്ചു. ആധാര്‍ ഉണ്ടോ?
ആധാരം ഇതാ.
അല്ല. ആധാരമല്ല, ആധാര്‍. വില്‍ക്കാനും വാങ്ങാനും ആധാറും പാനും വേണം.
പക്ഷേ ആധാര്‍ നിര്‍ബന്ധമില്ലെന്ന് കോടതി.....
.... പറഞ്ഞിട്ടുണ്ട്. അത് നിര്‍ബന്ധമൊന്നുമല്ല. ഇടപാടു നടത്താന്‍ അതില്ലാതെ പറ്റില്ല, എന്നേയുള്ളൂ.''
*****
പരവേശം. ബാലന്‍ ചായ കുടിക്കാന്‍ കടയില്‍ കയറി. തിരക്കില്ല. കട്ടനും പരിപ്പുവടയും എന്ന രാഷ്ട്രീയ ഭക്ഷണം മാത്രം കഴിച്ചു. ബില്ല് വന്നു. നൂറ്റി മുപ്പത് രൂപ.
ഇതെന്താ ഇത്ര?
എന്താ കഴിച്ചത്?
ചായ
50 രൂപ
ഒരു പരിപ്പുവട
50 രൂപ
അപ്പോ നൂറ്. ബാക്കി മുപ്പതോ
അത് സൈ്വപ്പിങ്ങ് ചാര്‍ജാണ്.
ഇവിടെ ഇടപാടൊക്കെ കാര്‍ഡിലാണ്. വരുന്നവര്‍ക്ക് ബാങ്ക് കാര്‍ഡ് വേണം. അത് സൈ്വപ്പ് ചെയ്യണം. നോട്ടീസെഴുതിയത് കണ്ടില്ലേ?’
നോട്ടീസ് അവിടെയുണ്ടായിരുന്നു. 'ഹൈടെക് ഹോട്ടല്‍.' നോ കാഷ്, നോ ചെക്, കാര്‍ഡ് കംപ്ലയന്റ്
ബാലന് ഒന്നും മനസ്സിലായില്ല. അയാള്‍ ചോദിച്ചു:
എന്നുവെച്ചാല്‍?
''മുപ്പത് രൂപ എന്നര്‍ഥം. സൈ്വപിങ്ങ് ഫീ.''
ബാലന്‍ കൂടുതല്‍ പരവശനായി. ''കാര്‍ഡില്ല എവിടെന്നാണ് അത് കിട്ടുക?''
ഹോട്ടലിന്റെ ഹൈടെക് 'കാഷ്യര്‍' അവജ്ഞയോടെ പറഞ്ഞു: അതിന് ബാങ്ക് അക്കൗണ്ട് വേണം. അതിന് പാന്‍കാര്‍ഡ് വേണം. അതിന് ഐ.ഡി വേണം. അതിന് ആധാര്‍ വേണം. ഇതൊന്നുമില്ലാതെയാണോ ചായകുടിക്കുന്നത്?
ബാലന്‍ ആ പഴയ സംശയം എടുത്തിട്ടു: പക്ഷേ ബഹുമാന്യ സുപ്രീം കോടതി പറഞ്ഞല്ലോ, സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന്.
ശരിയാണ്, പക്ഷേ ചായക്ക് കാര്‍ഡ് നിര്‍ബന്ധമാണ്. കാര്‍ഡിന് ആധാറും. എന്നാലോ ചായക്ക് ആധാര്‍ നിര്‍ബന്ധമല്ല.
ബാലന്‍ കീഴടങ്ങി ''ഇതാ, എന്നെയങ്ങ് സൈ്വപ്പ് ചെയ്‌തോളൂ. നൂറ്റിമുപ്പത് രൂപക്ക്.''
******
മനുഷ്യനെ ഇങ്ങനെയിട്ട് കറക്കുന്നവരെ പാഠം പഠിപ്പിക്കണം. തെരഞ്ഞെടുപ്പല്ലേ വരുന്നത്.
വോട്ടര്‍പട്ടിക ഇറങ്ങിയപ്പോള്‍ ബാലനും ഭാര്യയും അതിലില്ല. ബൂത്ത് ഓഫീസറെ കണ്ടു. ''പേരു ചേര്‍ക്കാന്‍ എന്തു ചെയ്യണം?''
ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണം.
അതിനെന്ത് വേണം?
പേരും വിലാസവും കൊടുക്കണം. ആധാര്‍ നമ്പറും
ആധാര്‍ ഇല്ലെങ്കില്‍?
വോട്ടില്ല.
പക്ഷേ ബഹുമാന്യ സുപ്രീംകോടതി പറഞ്ഞിട്ടുണ്ടല്ലോ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന്.
നിര്‍ബന്ധിക്കുന്നില്ലല്ലോ. വോട്ട് ചെയ്യാന്‍ പറ്റില്ല എന്നല്ലേ ഉള്ളൂ.
**********
നാടുവിടാം. അതിനെന്താണ് വേണ്ടത്?
ട്രാവല്‍ ഏജന്റ് ബാലനോട് ഇരിക്കാന്‍ പറഞ്ഞു.
എവിടേക്കാണ് പോകേണ്ടത്?
ഇന്നരാജ്യം എന്നില്ല; ആധാറില്ലാത്ത എവിടേക്കും. അതിനെന്താണ് വേണ്ടത്.
''വിസ വേണം. അതിന് പാസ്‌പോര്‍ട്ട് വേണം. അതിന് ആധാര്‍വേണം.''
ബാലന്‍ നിന്ന് വിയര്‍ത്തു. ബഹുമാന്യ സുപ്രീം കോടതിയെപ്പോലും ഓര്‍ത്തില്ല. ആകെ കുഴയുന്നു. ആരോ വെള്ളം കൊടുത്തു. കുറച്ചുനേരം അങ്ങനെയിരുന്ന ശേഷം തിരിച്ച് വീട്ടിലേക്ക് നടക്കാന്‍ തുടങ്ങി.
വഴിയില്‍ അയാള്‍ പരതി. മൂത്രമൊഴിക്കണം. പൊതുശുചിമുറി കണ്ടു അങ്ങോട്ട് നടന്നു. അപ്പോള്‍ മറ്റൊരു ശങ്ക. അയാള്‍ ഇടറുന്ന ശബ്ദത്തില്‍ ശുചിമുറിക്കാരനോട് ചോദിച്ചു:
ഒന്ന് മൂത്രമൊഴിക്കണം. അതിനും ആധാര്‍ വേണ്ടിവരുമോ?
വേണ്ട
ആശ്വാസമായി. ബാലന്‍ മനസ്സില്‍ സുപ്രീംകോടതിയെ വാഴ്ത്തി. മൂത്രമൊഴിക്കാനെങ്കിലും ആധാര്‍ വേണ്ടല്ലോ.
ആധാര്‍ വേണ്ട. പക്ഷേ...
ശുചിമുറിക്കാരന്‍ തുടര്‍ന്നു.
പക്ഷേ?
ഇവിടെ ചാര്‍ജ് തരേണ്ടത് പണമായിട്ടല്ല. സൈ്വപ്പിങ്ങാണ്.
ബാലന്‍ ഓടി.
വെളിയിടംകൂടി ആധാര്‍ സ്വന്തമാക്കും മുമ്പ് ആ തൊടിയിലിരുന്ന് വിസ്തരിച്ചൊന്ന് മൂത്രമൊഴിക്കണം.
അങ്ങനെയെങ്കിലും കോടതിയുടെ പവിത്രത തെളിയിക്കണം.