ഏറ്റവും നല്ല ദാനം കരുതിവെക്കുക
തലമുറകള്‍ക്കു വേണ്ടി കരുതിവെപ്പുകള്‍ നടത്തുന്നവരാണ് നാം. അത് പല തരത്തിലാണ്.
തലമുറകള്‍ക്കു വേണ്ടി കരുതിവെപ്പുകള്‍ നടത്തുന്നവരാണ് നാം. അത് പല തരത്തിലാണ്. അദ്ധ്വാനങ്ങളെല്ലാം അതിനുവേണ്ടിയുള്ളതുമാണ്. നാടു നീളെ തലയെടുപ്പോടെ ഉയര്‍ന്നുപൊങ്ങിയ വീടുകളും ഫഌറ്റുകളും ഹോട്ടല്സമുച്ചയങ്ങളും തലമുറകള്‍ക്കു വേണ്ടി നാം സ്വരുക്കൂട്ടിയ സമ്പാദ്യങ്ങളാണ്. ഓരോരുത്തരും തങ്ങളുടെ മക്കള്‍ക്കും പേരമക്കള്‍ക്കും വേണ്ടി മാത്രമല്ല, ഉത്തരവാദിത്വമുള്ള ഓരോ ഗവണ്മെന്റ് ഭരണസംവിധാനങ്ങളും പൗരക്ഷേമത്തിനായി റോഡും പാലവും വിമാനത്താവളവും ഇതര സേവനസംവിധാനങ്ങള്ക്കായി അനേകം കെട്ടിടങ്ങളും നിര്മിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. ഒരു തലമുറയുടെ സംസ്കാരത്തിന്റെ ശേഷിപ്പായി ഇതൊക്കെതന്നെയാണ് മറ്റൊരു തലമുറ കണക്കാക്കുക. നാഗരിക പുരോഗതിയുടെയും വികസനത്തിന്റെയും മുദ്രകള്‍ തന്നെയാണത്. പക്ഷേ തലമുറകള്‍ക്കു വേണ്ടി പലതും കരുതിവെക്കുന്ന കൂട്ടത്തില്‍ ഏറ്റവും വലിയൊരു കരുതല്‍ നടത്തേണ്ട ഒന്നിന്റെ കാര്യത്തില്‍ വലിയൊരു ശുഷ്കാന്തി കാണിക്കുന്നതില്‍ നാം പരാജയപ്പെട്ടുപോയി. ലോകത്തുള്ള സകലമാന ജീവനുള്ളതിനെയും എണീറ്റുനിര്ത്തിക്കാന് കെല്‍പ്പുള്ള ഒരേയൊരു വസ്തുവായ വെള്ളത്തിന്റെ കാര്യമാണ് പറഞ്ഞുവന്നത്. സകലമാന ഭൗതിക സൗകര്യങ്ങളും സൗന്ദര്യങ്ങളും ഉണ്ടാക്കാനായി പരക്കം പായുന്നതിനിടയില്‍ നമ്മുടെ കാല്ചുവട്ടില് നിന്നും ജീവന് നിലനിര്‍ത്തുന്ന വെള്ളം ഊര്ന്നിറങ്ങിപ്പോയത് നാം ശ്രദ്ധിക്കാതെ പോയി. ഇനിയൊരു ലോകയുദ്ധം ഉണ്ടാവുകയാണെങ്കില്‍ അത് ജലത്തിനു വേണ്ടിയായിരിക്കുമെന്ന ശാസ്ത്രത്തിന്റെ മുന്നറിയിപ്പുകള്‍ വര്‍ഷാവര്‍ഷമുള്ള ജലദൗര്‍ലഭ്യ അനുഭവത്തില്‍ നിന്നും നാം പഠിച്ചില്ല. നദികളും പുഴകളും കായലുകളും കിണറുകളും കൊണ്ട് സമ്പന്നമായ ജല സ്രോതസ്സുകളെയാണ് നാം ഊറ്റിയെടുത്ത് നശിപ്പിച്ചു കളഞ്ഞത.് 44 ഓളം നദികളാല്‍ സമ്പന്നമായ കേരളമിന്ന് കുടിവെള്ളത്തിന്നായി കലവും കഴുകി കാത്തിരിക്കുന്ന അവസ്ഥയിലാണ്.
ഏറ്റവും നല്ല ദാനമേതെന്ന അനുചരന്റെ ചോദ്യത്തിന് കുടിനീര് എന്നാണ് പ്രവാചകന്റെ മറുപടി. സഅദ് വംശത്തിന്റെ കുടിനീര് വിതരണം മദീനയില്‍ ഉടലെടുത്തത് പ്രവാചകന്റെ ആ മറുപടിയില്‍ നിന്നാണ്. തലമുറകള്‍ക്ക് പലതും ഉണ്ടാക്കാന്‍ ശ്രമിക്കുന്ന നാം, ആളുകള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതെന്തും ദാനം ചെയ്യാന്‍ തയ്യാറാകുന്ന നാം ഇനി ദാനം ചെയ്യേണ്ടത് വെള്ളമാണ്. ഓരോ ബക്കറ്റു വെള്ളവുമായി മറ്റുള്ളവന്റെ വീട്ടുപടിക്കല്‍ പോയി നിന്നല്ല അത് ചെയ്യേണ്ടത്. വെള്ളം ഉപയോഗിക്കുന്ന കാര്യത്തില്‍ മിതത്വം പാലിക്കുകയാണ്. അതിന് ആദ്യം വേണ്ടത് വൃത്തിയുള്ളൊരു മനസ്സാണ്. വൃത്തിയുടെ പേരില്‍ കാറും പോര്‍ച്ചും കഴുകാന്‍ ഓരുപാട് വെള്ളമൊഴിക്കുമ്പോള്‍, പൂന്തോട്ടം ഓസ് വെച്ചു നനക്കുമ്പോള്‍, ഷവറില്‍ നിന്നും കുളിക്കുമ്പോള്‍, സെക്കന്റുവെച്ച് ഫഌ്ടാങ്കിന്റെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ കുടിനീരിനായി നെട്ടോട്ടമോടുന്നവരെക്കുറിച്ച് നാം ഓര്‍ക്കണം. നാം കരുതുന്ന ഓരോ തുള്ളി വെള്ളവും ഏതോ ഒരുത്തന്റെ തൊണ്ട നനക്കാനുള്ളതാണെന്ന മനസ്സിന്റെ ശുദ്ധിയാണ് നമുക്കു വേണ്ടത്. ആ ഒരു കരുതിവെപ്പാണ് നാളെയുടെ ജീവന് നിലനിര്‍ത്തുന്നതെന്ന് ഓര്മ വേണം. അതുകൊണ്ടാണ് ആരാമത്തിന്റെ താളുകള്‍ പ്രവാചകന് പഠിപ്പിച്ച പാഠമുള്‍ക്കൊണ്ട് വെള്ളമെന്ന ദാനം നല്‍കുന്നവരെക്കുറിച്ചും അതിനായി ശ്രമിക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ചും നമ്മുടെ ജീവന് നിലനിര്‍ത്തിയ ജലസ്രോതസ്സുകള്‍ എങ്ങനെയാണ് ഇല്ലാതായിപ്പോയതെന്നും പറയാനായി നീക്കിവെച്ചത്.