മാലിന്യം തള്ളുന്നവരേ, അദ്രുഹാജിയുടെ വഴിയെ വരൂ....
മുസ്ഫിറ മുഹമ്മദ്
ഫെബ്രുവരി 2017
പൊതുവഴിയിലെ ഓരോ വളവും തിരിവും ഓരോ കൊച്ചു ഞെളിയന്‍പറമ്പുകളാണ്. പ്ലാസ്റ്റിക് ചാക്കിലോ കവറിലോ ആക്കി കെട്ടി എറിയുന്ന മാലിന്യങ്ങള്‍ മലയാളിയുടെ സ്ഥിരം കാഴ്ചയാണ്.
പൊതുവഴിയിലെ ഓരോ വളവും തിരിവും ഓരോ കൊച്ചു ഞെളിയന്‍പറമ്പുകളാണ്. പ്ലാസ്റ്റിക് ചാക്കിലോ കവറിലോ ആക്കി കെട്ടി എറിയുന്ന മാലിന്യങ്ങള്‍ മലയാളിയുടെ സ്ഥിരം കാഴ്ചയാണ്. ചീഞ്ഞുനാറുന്ന കോഴിവേസ്റ്റ് പരിസരവാസികളുടെ ശാപമേറ്റു വാങ്ങാനായി നിക്ഷേപിച്ച് ഇരുട്ടില്‍ മറയുന്നവരെ തിരുവാലിയിലെ കല്ലേമ്പാലി സ്വദേശി അദ്രുഹാജി വിളിക്കുന്നു; വെറുതെയല്ല ഒരു കിലോ കോഴിമാലിന്യത്തിന് അദ്രുഹാജിക്ക് അഞ്ചു രൂപ കിട്ടും. റബ്ബര്‍ ബോര്‍ഡ് പറയുന്നു 100 റബ്ബര്‍ മരത്തില്‍ നിന്ന് 10 ഷീറ്റെന്ന്; അദ്രുഹാജിക്ക് ലഭിക്കുന്നത് 17 ഷീറ്റും. അതും വെറും കോഴിവേസ്റ്റ് ഉപയോഗിച്ചു മാത്രവും. അദ്ദേഹത്തിന്റെ വളമുപയോഗിക്കുന്നവരെല്ലാം ഏകസ്വരത്തില്‍ പറയുന്നു ഇത് പൊന്ന് വിളയിക്കുമെന്ന്. കോഴിവേസ്റ്റ് കടകളില്‍ പോയി ശേഖരിക്കുന്ന അദ്രുഹാജിക്ക് തന്റെ ഉടമസ്ഥതയിലുള്ള 4 ഏക്കര്‍ ഭൂമിയില്‍ അത് സംസ്‌കരിച്ച് കമ്പോസ്റ്റാക്കാനുള്ള എല്ലാ സാങ്കേതിക വിദ്യകളും സ്വന്തം. തന്റെ സുഹൃത്തായ കോട്ടയത്തെ ഒരു ഡോക്ടറില്‍ നിന്നാണ് അദ്ദേഹം ജൈവമാലിന്യം സംസ്‌കരിക്കാനുള്ള കൃത്രിമ ബ്ലോക്കായ ബയോക്ലീനിനെ പരിചയപ്പെടുന്നത.്
ജപ്പാനിലെ തന്റെ പഠനത്തിനിടെ ഡോക്ടര്‍ ഇത് കോഴിവേസ്റ്റ് സംസ്‌കരണത്തിന് ഉപയോഗിക്കാമെന്ന് മനസ്സിലാക്കുന്നു. ആറ് കിലോ തൂക്കം വരുന്ന ഈ ചകിരിച്ചോറ് ബ്ലോക്കിന് നാനൂറ് രൂപയുടെ മുകളില്‍ വരുന്നതിനാല്‍ അതിന് രൂപമാറ്റം വരുത്തി ചെലവു കുറഞ്ഞ രീതിയിലാണ് അദ്രുഹാജി തന്റെ പരീക്ഷണങ്ങളിലൂടെ ഉരുത്തിരിച്ചെടുത്തത്. ചേരുവകളുടെ അനുപാതം വെളിപ്പെടുത്താനാഗ്രഹിക്കാത്ത അദ്ദേഹം ഇതിലടങ്ങിയിരിക്കുന്നത് ചകിരിച്ചോറ്, തേങ്ങാവെള്ളം, ഇത്തിള്‍, കോഴിക്കാഷ്ടം, ശര്‍ക്കര എന്നിവയാണെന്ന് പറയുന്നു. ഇത്തിള്‍ ഉപയോഗിച്ചാല്‍ പോഷകമൂല്യം കുറയുമെന്ന കണ്ടെത്തലില്‍ ഇപ്പോള്‍ അത് ഉപയോഗിക്കുന്നില്ല. ഈ മിശ്രിതം കോഴിവേസ്റ്റില്‍ ചേര്‍ക്കുന്നതോടെ പൂര്‍ണമായും ഇല്ലാതാകുന്ന ദുര്‍ഗന്ധമാണ് അത്ഭുതകരമാകുന്നത്. ഒന്നര വര്‍ഷത്തോളം നീണ്ട തന്റെ പരീക്ഷണങ്ങള്‍ക്കു ശേഷം കമ്പോസ്റ്റിന് നല്ല റിസള്‍ട്ടുകൂടി വന്നതോടെ തന്റെ ഉല്‍പാദനം വിപുലപ്പെടുത്താന്‍ ശ്രമമാരംഭിച്ചു. തെങ്ങ്, കവുങ്ങ് മുതലായ ദീര്‍ഘകാല വിളകളില്‍ പെട്ടെന്ന് ഫലം മനസ്സിലാക്കാനാവില്ലെങ്കിലും കുറച്ചു കഴിഞ്ഞാല്‍ നല്ല വിളവ് സുനിശ്ചിതം. പച്ചക്കറി, വാഴ എന്നിവയില്‍ വളരെ നല്ല വിളവാണ് ഉപയോഗിക്കുന്നവര്‍ക്ക് പറയാനുള്ളത്. ആരോഗ്യത്തോടെ വളരുന്ന പച്ചക്കറികളില്‍ വേറെ യാതൊരു കീടരോഗ നാശിനി പ്രയോഗവും ആവശ്യമില്ല എന്നതും ശ്രദ്ധേയമാണ്. കോഴിവേസ്റ്റും ഈ മിശ്രിതവും ഒന്നിച്ചുചേര്‍ന്നതിനെ ചകിരിച്ചോറ് ആവരണം കൊണ്ടു മൂടി ഉദ്ദേശം ഒരു മാസത്തിനു ശേഷമാണ് കമ്പോസ്‌ററ് തയ്യാറാക്കുന്നത്. ഈ കാലദൈര്‍ഘ്യം കുറക്കാന്‍ കോഴിവേസ്റ്റിനെ അരച്ച് കമ്പോസ്റ്റാക്കാനുള്ള യന്ത്രവും അദ്രുഹാജി രൂപകല്‍പന ചെയ്തു. എല്ലും തലയും എല്ലാം നന്നായരഞ്ഞ് പാകമാകുന്നതോടെ 10 ദിവസം കൊണ്ട് തന്നെ കമ്പോസ്റ്റ് റെഡി. സ്വന്തമായി കോഴിഫാമും കാട വളര്‍ത്തലുമുുള്ള ഈ 60 കാരന് കോഴിക്കാഷ്ടവും കാര്‍ഷിക അസംസ്‌കൃത വസ്തുക്കളും യഥേഷ്ടമുണ്ട്. മീന്‍ വളര്‍ത്തലും സ്വന്തമായുള്ള ഇദ്ദേഹം അതില്‍നിന്നുള്ള പുതിയ ജൈവവള പരീക്ഷണവും ഉദ്ദേശിക്കുന്നു. അന്യസംസ്ഥാന തൊഴിലാളി കുടുംബത്തെ തന്റെ ഫാമില്‍ താമസിപ്പിക്കുന്നതിനാല്‍ കാര്‍ഷികവൃത്തിക്ക് ആളില്ലാത്ത ക്ഷാമവും അദ്രുഹാജിക്കില്ല. 20 രൂപക്ക് വില്‍പന നടത്തുന്ന തന്റെ കമ്പോസ്റ്റ് ആവശ്യക്കാര്‍ക്ക് സൈറ്റിലെത്തിച്ചും കൊടുക്കുന്നു. മാലിന്യ സംസ്‌കരണം ഏറെ സങ്കീര്‍ണവും ചര്‍ച്ചയുമാകുന്ന ഇന്ന് അദ്രുഹാജിയുടെ കോഴിക്കമ്പോസ്റ്റില്‍ നിന്നും വിളയുന്ന പൊന്നിനുമുണ്ട് കഥകളേറെ പറയാന്‍.