സ്വാശ്രയകോളേജുകള്‍ ഇനിയും വേണോ?
പക്വതയുള്ളവര്‍ അപക്വതയുള്ളവരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒന്ന് എന്നാണ് വിദ്യാഭ്യാസത്തെ നിര്‍വചിക്കപ്പെട്ടത്. വിവേകവും അറിവും കെട്ടുറപ്പുള്ള മൂല്യങ്ങളുമുള്ള കരുത്തുറ്റ ഒരു യുവത്വമായിരുന്നു ഒരു കാലത്ത് കലായമുറ്റത്തുനിന്ന് സമൂഹമധ്യേ പടിയിടറങ്ങി വന്നത്.
പക്വതയുള്ളവര്‍ അപക്വതയുള്ളവരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒന്ന് എന്നാണ് വിദ്യാഭ്യാസത്തെ നിര്‍വചിക്കപ്പെട്ടത്. വിവേകവും അറിവും കെട്ടുറപ്പുള്ള മൂല്യങ്ങളുമുള്ള കരുത്തുറ്റ ഒരു യുവത്വമായിരുന്നു ഒരു കാലത്ത് കലായമുറ്റത്തുനിന്ന് സമൂഹമധ്യേ പടിയിടറങ്ങി വന്നത്. കൗമാര കുതുഹുലങ്ങള്ക്കും പ്രണയചാപല്യങ്ങള്‍ക്കും മറ പിടിച്ചുകൊടുത്ത കാമ്പസുകളില്‍ നിന്നു തന്നെയായിരുന്നു അനീതിക്കെതിരെയും അന്യായത്തിനെതിരെയും നെഞ്ചൂക്കുള്ള യുവത്വം പുറത്തുവന്നത്. വിദ്യാഭ്യാസം രാഷ്ട്രനിര്‍മാണ പ്രക്രിയയുടെ ഭാഗം തന്നെയായിരുന്നു. അധികാരത്തിന്റെ അലോസരങ്ങളെ ഭയപ്പെടാതെ ചങ്കൂറ്റത്തോടെ പ്രതികരിച്ചിരുന്ന ഒരു കൂട്ടം കലായലത്തിനുണ്ടായിരുന്നു. അവര്‍ക്കുവേണ്ടി മാത്രമല്ല, സമൂഹത്തിനു വേണ്ടി ഒന്നാകെ അവര്‍ ശബ്ദം മുഴക്കി.
പക്ഷേ ഇന്ന് നമുക്ക് കാമ്പസുകളില്‍ നിന്നും തണുത്തുറഞ്ഞുപോയ യുവത്വങ്ങളെയാണ് ബാക്കി നല്‍കുന്നത്. മറ്റുള്ളവര്‍ക്കു വേണ്ടി മാത്രമല്ല, അവനവനു വേണ്ടി പോലും പ്രതികരിക്കാനാവാത്ത നിസ്സഹായരായ ഒരുകൂട്ടം യുവത്വത്തെയാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ബാക്കിവെച്ചത്. അവരുടെ ചിന്തകള്‍ മാത്രമല്ല അവരുടെ ജീവന് തന്നെ തണുത്തുറഞ്ഞുപോയിരിക്കുന്നു.
എല്ലാറ്റിനെയുമെന്ന പോലെ വിദ്യാഭ്യാസത്തെയും കച്ചവടവല്ക്കരിക്കാന് വിട്ടതിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്നത്. എല്ലാവര്ക്കും വിദ്യാഭ്യാസത്തിന്റെ ഗുണങ്ങള്‍ ലഭിക്കുക എന്ന ഉദേശ്യമായിരുന്നു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുമ്പോള്‍ പറയപ്പെട്ടത്. പക്ഷേ പിന്നീട് അവിടെ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും എന്താണെന്ന് ജനം കണ്ടു. വിദ്യാഭ്യാസത്തിന്റെ നിലവാരവും വിശ്വാസ്യതയും നഷ്ടപ്പെടുത്തി തീര്‍ത്തും ലാഭം ലഭിക്കാനുള്ള പരിപാടിയായി നടത്തിപ്പുകാര്‍ മാറ്റി. മെച്ചപ്പെട്ട പഠനാന്തരീക്ഷവും യോഗ്യരായ അധ്യാപകരെയും നിയമിച്ച് ഉന്നത നിലവാരം പുലര്‍ത്താന്‍ ശ്രമിക്കുന്നതിനു പകരം പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ രാജ്യത്തിന്റ ഭാഗധേയം പോലും തീരുമാനിക്കാന്‍ യോഗ്യരായ യുവത്വത്തെ നഴ്സറി കുട്ടികളെപ്പോലെ പേടിപ്പിച്ചും അടിച്ചും നിയന്തിച്ചും അവരുടെ ജീവന് തന്നെ നഷ്ടപ്പെടുത്തിയും പുറത്തേക്കിടുന്ന അവസ്ഥയാണ് സ്വാശ്രയ സ്ഥാപനങ്ങളുടെ ബാക്കിപത്രം.
ആരോടും ചോദ്യമുന്നയിക്കാത്ത കമ്പോള മുതലാളിത്തത്തിന്റെ ഉപകരണം മാത്രമാക്കി വിദ്യാഭ്യാസത്തെയും പണിശാലയിലെ ഉരുപ്പടിയായി വിദ്യാര്‍ഥികളെയും മാറ്റി. വിദ്യാര്‍ഥി രാഷ്ട്രീയത്തെ വിദ്യാഭ്യാസം അപകടത്തിലാക്കുമെന്ന വ്യാജേന പടിക്കുപുറത്ത് നിര്‍ത്തിയതില്‍ ആശ്വസിച്ചവര്‍ അത് എന്തിനു വേണ്ടിയായിരുന്നുവെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകും. അവകാശങ്ങള്‍ക്കു വേണ്ടിയും നീതിക്കു വേണ്ടിയും സമരം ചെയ്യാന്‍ പാടില്ലെന്നു വിദ്യാര്‍ഥികളോട് കല്പിച്ചവരാണ് അനീതി ചെയ്യാന്‍ വിടാത്തതിന്റെയും അക്രമം കാട്ടാന്‍ അനുവദിക്കാത്തതിന്റെയും പേരില്‍ സമരത്തിനൊരുങ്ങിയത്.
കുറെയാളുകള്ക്ക് പണം വാരാനുള്ള ഒരു വേദിയാണ് സ്വാശ്രയ സ്ഥാപനങ്ങള്‍. അക്കാദമിക് നിലവാരമില്ലാത്ത പണച്ചാക്കുകളാണ് നടത്തിപ്പുരില് മിക്കതും. ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പുറത്തേക്കു വരുന്നത് ഗുണമേന്മയുള്ളവരല്ലായെന്ന് തെളിയിക്കപ്പെട്ടിട്ടും സുപ്രിംകോടതി നിലവാരമില്ലാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടിട്ടും ഗവണ്മെന്റുകള് വേണ്ട നടപടികളെടുത്തിട്ടില്ല. ഇനിയും വേണോ ഇത്തരം സ്ഥാപനങ്ങള്‍ എന്ന് ചിന്തിക്കേണ്ടത് രക്ഷിതാക്കളാണ്. അവര്‍ക്ക് നഷ്ടപ്പെടുന്നത് പണവും സമയവും മാത്രമല്ല പകരംവെപ്പുകളില്ലാത്ത മക്കളുടെ നഷ്ടം കൂടിയാണ്.