നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യന്‍ ബഹുസ്വരതയുടെ അകക്കാമ്പിന് മങ്ങലേല്‍ക്കുന്ന വര്‍ത്തമാന കാലത്ത് 'സമാധാനം മാനവികത' എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെപ്റ്റംബര്‍ ഒന്നു മുതല്‍ പതിനഞ്ചു വരെ നടത്തിയ കാമ്പയിന്‍ പരിപാടികളെക്കുറിച്ച്......
ഇനി ഞാനുണര്‍ന്നിരിക്കാം, നീയുറങ്ങുക
'നാനാത്വത്തില്‍ ഏകത്വം' എന്നത് നമ്മുടെ ദേശത്തെക്കുറിച്ച് നാം കൊണ്ടുനടക്കുന്ന മഴവില്‍ സമാനമായ ഒരു സ്വപ്‌നമാണ്. ദേശത്തിലധിവസിക്കുന്ന ഓരോ ജനതക്കും പാരമ്പര്യ തുടര്‍ച്ചയും പൗരാണികതയും പകര്‍ന്നുനല്‍കി ഒരൊറ്റ ഇന്ത്യ എന്ന മൂല്യവികാരത്തിലേക്ക് നാം എത്തിച്ചേരുന്ന ഒരവസ്ഥയാണ് ആ വാക്യം കൊണ്ടര്‍ഥമാക്കാറുള്ളത്. സാംസ്‌കാരികമായ വൈവിധ്യങ്ങളും മതപരമായ വൈജാത്യങ്ങളും ഏറെയുണ്ടായിട്ടും കാലുഷ്യങ്ങളില്ലാത്ത ഇന്ത്യന്‍ സാമൂഹിക ജീവിതം രൂപപ്പെടുത്തിയെടുക്കാന്‍ നമ്മെ സഹായിച്ചത് അതേ സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും പാരസ്പര്യങ്ങളും സഹകരണങ്ങളുമാണ്. ഭാഷകൊണ്ടോ, സംസ്‌കാരങ്ങള്‍കൊണ്ടോ, മതങ്ങള്‍കൊണ്ടോ ഇന്ത്യന്‍ ദേശീയതയെ നമുക്ക് നിര്‍വചിക്കാനാവില്ല. യശശ്ശരീരനായ സുകുമാര്‍ അഴീക്കോട് ഇന്ത്യയുടെ ഈ ബഹുമത സവിശേഷതയെക്കുറിച്ച് ചരിത്രപരമായ നിരീക്ഷണം നടത്തുന്നുണ്ട്.
'ഭാരത്തിന്റെ ചരിത്രാന്തരീക്ഷത്തില്‍ നിത്യപ്രകാശമാര്‍ന്ന് തിളങ്ങുന്ന ആറുചക്രവര്‍ത്തികളെ നമുക്ക് ഏറ്റവും മഹാന്മാരായ ഭാരതീയ രാജക്കന്മാരായി തെരഞ്ഞെടുക്കാം. ഈ ചരിത്രവ്യാപിയായ ഭാരതീയതയുടെ കനകകോടീരങ്ങള്‍ അണിഞ്ഞവരില്‍ എത്ര ഹിന്ദുരാജാക്കന്മാര്‍ ഉണ്ട്? രണ്ടേ രണ്ടെണ്ണം മാത്രം - രണ്ടായിരത്തഞ്ഞൂറ് കൊല്ലത്തില്‍ രണ്ട്. ആദ്യത്തെ മഹാനായ സാര്‍വ ഭൗമന്‍ ജൈനനും രണ്ടും നാലും ബൗദ്ധരും ആയിരുന്നു- ചന്ദ്രഗുപ്ത വിക്രമാദിത്യനും കൃഷ്ണ ദേവരായനും. ആറാമന്‍ മുസല്‍മാന്‍ - അക്ബര്‍. ഇതാണ് ഇന്ത്യയുടെ പ്രതിഭ. ഹൈന്ദവത അതിലൊരു ഘടകം മാത്രം. വലിയഘടകമായിരിക്കും. എങ്കിലും ഒരു ഘടകം മാത്രം. അതില്‍ ഹിന്ദുവിനെന്ന പോലെ ബൗദ്ധനും ജൈനനും മുസ്‌ലിമിനും ക്രിസ്ത്യാനിക്കും സ്ഥാനമുണ്ട്.' (സുകുമാര്‍ അഴീക്കോട്)
ആര്യേതരമായ അതിപ്രാചീന സംസ്‌കാരവും വൈദികസംസ്‌കാരികവും തമ്മിലുണ്ടായ കുടിച്ചേരലിലൂടെയാണ് ഇന്ത്യന്‍ സംസ്‌കാരം വളര്‍ന്നു വികാസം പ്രാപിച്ചത്. അതിനാകട്ടെ ഹിന്ദുക്കള്‍ മാത്രമല്ല മുസ്‌ലിംകളും ക്രിസ്ത്യാനികളും പാര്‍സികളും എല്ലാം അവരുടേതായ സംഭാവനകള്‍പ്പിച്ചിട്ടുണ്ട്. അതിനാല്‍ ദേശീയതയെക്കുറിച്ചുള്ള എന്തൊരു ചോദ്യത്തിനും നേരെ ഇസ്‌ലാം എന്നെഴുതിയാല്‍ തെറ്റാകുന്നതുപോലെ മറ്റേതൊരു മതത്തിന്റെ പേരെഴുതിയാലും തെറ്റാകേണ്ടതായിരുന്നു. എന്നാല്‍, സമീപകാലത്തായി ദേശീയത = ഹിന്ദുത്വം എന്നൊരു സമവാക്യത്തിലേക്ക് നമ്മുടെ രാജ്യവും രാജ്യത്തുള്ള പൊതുബോധവും മാറിക്കൊണ്ടിരിക്കുന്നു. അതാകട്ടെ മുസ്‌ലിംകളടക്കമുള്ള വ്യത്യസ്ത സമൂഹങ്ങളുടെ രാജ്യത്തുനിന്നുള്ള പാര്‍ശ്വവല്‍ക്കരണത്തിന് കാരണമായിത്തീരുന്നു.
ഇന്ത്യയില്‍ ഇന്ന് ആവിഷ്‌കാരസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള മൗലികാവകാശങ്ങളെല്ലാം ഒന്നൊന്നായി അക്രമിക്കപ്പെട്ടുതുടങ്ങിയിരിക്കുന്നു. എന്ത് ഭക്ഷിക്കണം, എങ്ങനെ ചിന്തിക്കണം എന്നെല്ലാം മുകൡ നിന്ന് തീരുമാനിച്ചുറപ്പിച്ച് പൗരന്മാര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. സ്വതന്ത്ര്യാഭിപ്രായങ്ങളെ മുളയിലെ നുള്ളുക എന്നത് ഫാഷിസത്തിന്റെയും ഏകാധിപത്യത്തിന്റെയും ലക്ഷണമാണ്. അഭിപ്രായസ്വാതന്ത്ര്യം ഭരണകൂടത്തെ ചോദ്യം ചെയ്യാനുള്ള അവസരം നല്‍കുമെന്ന് ഏകാധിപതികള്‍ക്കറിയാം. ഹിറ്റ്‌ലറുടെ കാലത്ത് ജര്‍മനിയില്‍ ഗസ്റ്റപ്പോകളാണ് നാസിപാര്‍ട്ടിക്കെതിരായും ഹിറ്റ്‌ലര്‍ക്കെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചിരുന്നത്. നാസി പാര്‍ട്ടിക്കോ ഹിറ്റ്‌ലര്‍ക്കോ എതിരെ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും രാജ്യത്തിനെതിരായ പ്രവൃത്തിയായി വ്യാഖ്യാനിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഭീതിയുടെ അന്തരീക്ഷം നിലനിര്‍ത്തി ജനങ്ങളെയൊന്നാകെ ഏകാധിപത്യത്തിനും ഫാഷിസത്തിനും വിധേയരായി നിലനിര്‍ത്താനാണ് അന്ന് ശ്രമം നടന്നത്. ഇതിന് സമാനമായ രൂപത്തില്‍ തന്നെയാണ് ഇന്ത്യയിലും ഇന്ന് ഫാഷിസം പ്രവര്‍ത്തിക്കുന്നത്. ഫാഷിസം ഇന്ന് ഇന്ത്യയുടെ പടിവാതിക്കലില്‍ മുട്ടിവിളിക്കുക മാത്രമല്ല, അടുക്കള വരെ കൈയടക്കുന്ന സ്ഥിതിവിശേഷം രൂപപ്പെട്ടിരിക്കുന്നു. മതേതരത്വത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമുള്ള മുഴുവന്‍ സ്വപ്‌നങ്ങളെയും കരിച്ചുകളയുംവിധം ഒരു തീക്കാറ്റായ് അത് രൂപാന്തരം പ്രാപിച്ചിരിക്കുന്നു. അതൊരാചാരമായ്, സംസ്‌കാരമായ്, ഭരണക്രമമായ്, ഭക്ഷണശീലമായി ഇന്ത്യന്‍ ജനതയെ പിന്നെയും പിന്നെയും ഭയപ്പെടുത്തുന്നു.
ഇന്ത്യയുടെ മാറിയ ഈ സാഹചര്യത്തെ തിരിച്ചറിഞ്ഞുകൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള സെപ്റ്റംബര്‍ 1 മുതല്‍ 15 വരെ നീണ്ടു നില്‍ക്കുന്ന കാമ്പയിനിന് തുടക്കമിട്ടത്. സമാധാനം, മാനവികത എന്ന തലക്കെട്ടില്‍ സംസ്ഥാന- ജില്ലാ- പ്രാദേശിക തലങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് സാധിച്ചു.
ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചുമുള്ള മൗലികമായൊരു പാഠം നമ്മള്‍ അലസരാകുന്ന നിമിഷം അത് കവര്‍ന്നെടുക്കപ്പെടും എന്നതാണ്. ജനാധിപത്യവും മതേതരത്വവും രൂപമെടുത്തത് ശൂന്യതയില്‍ നിന്നായിരുന്നില്ല. മറിച്ച്, നമ്മുടെ മുന്‍ഗാമികള്‍ നടത്തിയ ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായിരുന്നു. കൈയില്‍ കിട്ടിയ ഭക്ഷണം ഒരുപോലെ കടിച്ചുപറിച്ച് ഉമിനീര് കൈമാറി നമ്മള്‍ വളര്‍ത്തിയെടുത്ത ഒന്നായിരുന്നു മതേതരത്വം. അതിനെ നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ ബോധപൂര്‍വമായ പരിശ്രമവും അനിവാര്യമാണ്. ഈയൊരു സാംസ്‌കാരിക ബോധ്യത്തില്‍ നിന്നാണ് ജമാഅത്തെ ഇസ്‌ലാമി കാമ്പയിന് ആരംഭം കുറിച്ചത്.
കാമ്പയിന്‍ പരിപാടികളില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു 'സൗഹൃദമാണ് മലബാറിന്റെ പാരമ്പര്യം' എന്ന തലക്കെട്ടില്‍ നടന്ന പോഗ്രാം. കേരളത്തിന്റെ സാമൂഹ്യരൂപീകരണത്തില്‍ മലബാറും മലബാര്‍ നിവാസികളും നല്‍കിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണ്. സാംസ്‌കാരിക വൈവിധ്യങ്ങളുടെ കേദാരം എന്ന് പുകഴ്‌പെറ്റ നമ്മുടെ ദേശപാരമ്പര്യത്തെ ശരിവെച്ച ഒരു തുരുത്തായിരുന്നു മലബാര്‍. മതപരവും സാംസ്‌കാരികവുമായ പങ്കുവെപ്പുകള്‍കൊണ്ട് ഇതരസമൂഹങ്ങള്‍ക്ക് മാതൃകകാട്ടിയ പാരമ്പര്യമാണ് മലബാറിനുള്ളത്. കുഞ്ഞാലിമരക്കാരും സാമൂതിരിയും, ഖാദിമുഹമ്മദും സാമൂതിരിയും, പഴശ്ശിരാജയും ഉണ്ണിമൂസ മൂപ്പനും ഒത്തൊരുമിച്ച് സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളില്‍ ഒരുമിച്ചു നിന്ന നാടാണിത്. എഴുത്തച്ഛന്‍, സൈനുദ്ധീന്‍ മഖ്ദൂം, മോയിന്‍കുട്ടി വൈദ്യര്‍, പൂന്താനം, മുതല്‍ തുടങ്ങുന്ന സൗഹൃദത്തിന്റെ ഇഴയടുപ്പങ്ങള്‍ ഇങ്ങേതലക്കല്‍ ഇടശ്ശേരിയില്‍, ഉറൂബില്‍, എന്‍.പി.മുഹമ്മദില്‍ വരെ എത്തിനില്‍ക്കുന്നു. മലബാറിലെ മുസ്‌ലിം പള്ളികള്‍ പോലും ചരിത്രത്തില്‍ നിര്‍വഹിച്ച സാമൂഹിക ദൗത്യം ഈ പങ്കുവെപ്പിന്റെതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തെ വെല്ലുവിളിച്ച് ഖിലാഫത്ത് പ്രഖ്യാപിച്ച പോരാളിയും പണ്ഡിതനുമായിരുന്ന ആലിമുസ്‌ലിയാര്‍ ആ ചെറുത്തുനില്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കിയത് ചരിത്രപ്രസിദ്ധമായ തിരൂരങ്ങാടി പള്ളിയില്‍ വെച്ചായിരുന്നു. വെള്ളപ്പട്ടാളം ആസൂത്രണം ചെയ്തു പൊളിക്കാന്‍ ശ്രമിച്ചിട്ടും പൊളിക്കാന്‍ കഴിയാത്ത നിത്യവിസ്മയമായി അതിപ്പോഴും നിലനില്‍ക്കുന്നു. കോഴിക്കോട്ട് പോര്‍ച്ചുഗീസുകാര്‍ പണികഴിപ്പിച്ച ചാലിയം കോട്ട പിടിച്ചടക്കാന്‍ സാമൂതിരിയും ഖാദി മുഹമ്മദിന്റെ പിതാവും ആസൂത്രണങ്ങള്‍ നടത്തിയത് കോഴിക്കോട്ടെ കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ വെച്ചായിരുന്നു. ആ ഓര്‍മയുടെ പുളകത്തിലാണ് ഖാദിമുഹമ്മദ് തന്റെ അവിസ്മരണീയ ഗ്രന്ഥം 'ഫതഹുല്‍ മുബീന്‍' രചിച്ചിരിക്കുന്നത്. അതാകട്ടെ അദ്ദേഹം സമര്‍പ്പിച്ചിരിക്കുന്നത് സാമൂതിരിക്കും. ഇതാണ് മലബാറിന്റെ പൈതൃകവും പാരമ്പര്യവും. ചരിത്രത്തിലും പാരമ്പര്യത്തിലുമുള്ള ഈ സംസ്‌കാരിക ഇഴയടുപ്പങ്ങളെ കൂടുതല്‍ ദൃഢീകരിച്ച് ഉറപ്പിച്ചെടുക്കുക എന്ന ഉദ്ദേശമാണ് 'സൗഹൃദമാണ് മലബാറിന്റെ പാരമ്പര്യം' എന്ന സൗഹൃദ സമ്മേളനത്തിന് രൂപം കൊടുക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക് പ്രേരണയായത്.
'സമാധാനം, മാനവികത: മാധ്യമങ്ങളുടെ പങ്ക്' എന്ന തലവാചകത്തില്‍ കോഴിക്കോട് സംഘടിപ്പിക്കപ്പെട്ട മാധ്യമ സെമിനാറും കാമ്പയിനിലെ ശ്രദ്ധേയ പരിപാടിയായിരുന്നു. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ ഭരണകൂടത്തിന് സമാന്തരമായോ അതിനെതന്നെ നിയന്ത്രിക്കുന്ന തരത്തിലോ നിലനില്‍ക്കുന്ന സംവിധാനങ്ങളാണ് ജൂഡീഷ്യറിയും, എക്‌സിക്യൂട്ടീവും ലെജിസ്ലേചറും. അതിനു ശേഷം വരുന്ന സവിശേഷ സ്ഥാനമാണ് 'ഫോര്‍ത്ത് എസ്‌റ്റേറ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമ സംവിധാനത്തിനുള്ളത്. രാജ്യത്തിനുമേലുള്ള ഭരണകൂടങ്ങളുടെ അമിതാധികാരങ്ങളെ നിയന്ത്രിക്കാന്‍ മറ്റ് മൂന്ന് സംവിധാനങ്ങളെപ്പോലെ മാധ്യമങ്ങള്‍ക്കും ബാധ്യതയുണ്ട്. എന്നാല്‍, സമീപകാല ഇന്ത്യയുടെ സാമൂഹികാവസ്ഥ പരിശോധിക്കുന്ന ആര്‍ക്കും മാധ്യമങ്ങള്‍ ഇതിന് നേര്‍വിപരീതമായി ചലിക്കുന്നതായാണ് മനസ്സിലാക്കാനാവുക. പ്രബുദ്ധ കൈരളി ഇന്നോളം കാത്തുസൂക്ഷിച്ച വൈവിധ്യങ്ങളെ ഒന്നടങ്കം തകര്‍ത്തുകളയുംവിധം ഫാഷിസത്തിനനുസൃതമായി അച്ചുനിരത്തുകയാണ് മാധ്യമങ്ങള്‍. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഫാഷിസ്റ്റ് പ്രതിനിധിയെ നിയമസഭയില്‍ കൊണ്ടുവരാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. അതിനാവശ്യമായ വിധത്തില്‍ സാംസ്‌കാരിക മണ്ഡലത്തെ ഫാഷിസത്തിന്റെ വരുതിയിലാക്കികൊടുക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. മാധ്യമങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്ന ഈ പൊതുബോധത്തിനനുസരിച്ച് വിധിപറയുന്നിടത്തേക്ക് നമ്മുടെ കോടതികള്‍ വരെ മാറിയിരിക്കുന്നു. അത്യന്തം ഭീഷണമായ ഈ സാഹചര്യം മുന്നില്‍കണ്ടാണ് മാധ്യമങ്ങള്‍ക്ക് സാമൂഹിക സുരക്ഷിതത്വത്തില്‍ വലിയപങ്ക് നിര്‍വഹിക്കാനാവും എന്ന് കാമ്പയിന്‍ വേളയില്‍ പറയാന്‍ സംഘാടകര്‍ ശ്രദ്ധകൊടുത്തത്.
അതുപോലെ എറണാകുളം ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രമൈതാനത്ത് സംഘടിപ്പിക്കപ്പെട്ട സാഹോദര്യസമ്മേളനവും പുതുമയുള്ളതായിരുന്നു. നാട്ടില്‍ നിന്ന് തന്ത്രപൂര്‍വ്വം പിന്‍വലിഞ്ഞ ജാതീയത അതിന്റെ മുഴുവന്‍ മനുഷ്യത്യവിരദ്ധതയോടും കൂടി സ്വന്തം വീട്ടിലും സ്വന്തം മനസ്സിലും അടയിരിക്കുന്ന സ്ഥിതിവിശേഷമാണ് കേരളത്തിലുള്ളത്. അതിനാല്‍ ജാതി വൈരുധ്യങ്ങളെയൊന്നടങ്കം മുറിച്ചുകടക്കാന്‍ നമ്മെ സഹായിക്കുക സാഹോദര്യമെന്ന മൂല്യവിചാരമാണ്. ആ സാഹോദര്യത്തെ കേരളത്തില്‍ സ്വന്തം പേരുകൊണ്ടും ജീവിതംകൊണ്ടും ഉയര്‍ത്തികാട്ടിയ സഹോദരനയപ്പന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ണൊരുക്കിയ ചെറായി പ്രദേശത്തുതന്നെ സാഹോദര്യസമ്മേളനം സംഘടിപ്പിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സാധിച്ചു. കാമ്പയിന്‍ കാലയളവില്‍ അവസാനിച്ചുപോകാത്ത വിധത്തില്‍ ഭാവിയെക്കൂടി മുന്നില്‍ കണ്ടുള്ള സൗഹൃദവേദിക്ക് അവിടങ്ങളില്‍ രൂപം കൊടുക്കാന്‍ കാമ്പയിന് സാധിച്ചു. തീര്‍ച്ചയായും സാഹോദര്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചുമുള്ള ശുഭാപ്തിവിശ്വാസം കേരളത്തിന് പകര്‍ന്നു നല്‍കാന്‍ കാമ്പയിന് കഴിഞ്ഞിട്ടുണ്ട്.
സ്നേഹദൂതുമായി സാേഹാദര്യ സേമ്മളനം
വിദ്വോഷത്തിന്റെയും അസഹിഷ്ണുതയുടെയും കരിമേഘങ്ങള്‍ അന്തരീക്ഷത്തില്‍ തിടം വച്ചുവരുന്ന വര്‍ത്തമാനകാത്ത് സമാധാനത്തിന്റെ തുരുത്തുകള്‍ സംരക്ഷിക്കപ്പേടേണ്ടത് അനിവാര്യമായി മാറിയിരിക്കുന്നു. സൗഹാര്‍ദ്ദത്തിന്റെയും പങ്കുവെപ്പിന്റെയും പഴയപാട്ടുകള്‍ നാം വീണ്ടും അറിഞ്ഞു പാടേണ്ടിയിരിക്കുന്നു. മാവേലി വാണിരുന്ന നാട്ടില്‍ മതസൗഹാര്‍ദ്ദത്തിന്റെയും സഹിഷ്ണുതയുടെയും വീണ്ടെടുപ്പ് ലക്ഷ്യം വെച്ചാണ് ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖ സമാധാനം - മാനവികത ദേശീയ കാമ്പയിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ ചെറായി ഗൗരീശ്വര ക്ഷേത്രമൈതാനിയില്‍ വച്ച് സാഹോദര്യസമ്മേളനം സംഘടിപ്പിച്ചത്. കേരളമെന്ന ഭ്രാന്താലയത്തിന്റെ സുവര്‍ണകാലത്താണ് അസ്പൃശ്യരെ ഒരുമിച്ചിരുത്തി ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്‍ പന്തിഭോജനം നടത്തി ഒരു നൂറ്റാണ്ട് മുമ്പ് പുലയന്‍ അയ്യപ്പന്‍ എന്ന വിൡപ്പരുവാങ്ങിയത്. നൂറ്റാണ്ടുകള്‍ തികയുമ്പോള്‍ കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക നേതാക്കളെ അണിനിരത്തിക്കൊണ്ടു ജമാഅത്തെ ഇസ്‌ലാമി ഒരുക്കിയ സമ്മേളന വേദി ചരിത്രത്തിന്റെ കാവ്യനീതിയായി മാറി.
സാഹോദര്യ സമ്മേളനം നടത്തുവാന്‍ ഏറ്റവും യോജിച്ച സ്ഥലം വൈപ്പിന്‍ ഏരിയയിലെ ചെറായിയാണ് എന്ന കാര്യം സംഘാടകസമിതി രൂപീകരണയോഗത്തില്‍ തന്നെ ഉരിത്തിരിഞ്ഞുവന്നു. 1920 കളില്‍ സഹോദരന്‍ അയ്യപ്പന്റെ സാഹോദര്യ പ്രവര്‍ത്തനങ്ങളുടെ ഭൂമിക ചെറായി പള്ളിപ്പുറം പ്രദേശങ്ങളായിരുന്നു. മാത്രമല്ല, അതിന്റെ നൈരന്തര്യമായുള്ള സാമൂഹ്യസാംസ്‌കാരിക സംഘടനകളുടെയും പ്രവര്‍ത്തനങ്ങളുടെയും ഒരു സജീവ പ്രദേശം കൂടിയായിരുന്നു ചെറായി.
സ്വാഗതസംഘം രൂപീകരണത്തിനും ക്ഷണിക്കുവാനും സ്ഥലത്തിന്റെ അനുവാദം കിട്ടുവാനും വേണ്ടി ക്ഷേത്രഭാരവാഹികളെ സമീപിച്ച പ്രവര്‍ത്തകര്‍ക്ക് ആവേശകരവും ആത്മാര്‍ഥവുമായ സ്വീകരണമാണ് ലഭിച്ചത്. മാത്രമല്ല, വിജ്ഞാന വര്‍ധിനി സഭ സെക്രട്ടറി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യരാഷ്ട്രീയ നേതൃത്വങ്ങള്‍ സ്വാഗതസംഘ രൂപീകരണയോഗത്തിലെത്തിച്ചേര്‍ന്നു. പ്രദേശത്തെ വിവിധരാഷ്ട്രീയ, മാധ്യമ പ്രവര്‍ത്തകരും ആവേശപൂര്‍വ്വം സമ്മേളന പ്രവര്‍ത്തനങ്ങളില്‍ അണിനിരന്നു. ആവേശകരമായ പ്രതികരണമാണ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്.
സമ്മേളനത്തിനെത്തിയ ഉദ്ഘാടകന്‍ ടി.ആരിഫലി സാഹിബ്, പ്രൊഫസര്‍ എം.കെ.സാനു, സ്വാമി അവ്യയാനന്ദ എന്നിവരെ ക്ഷേത്രഭാരവാഹികള്‍ സഭാ ഓഫീസില്‍ സ്വീകരിച്ചു. വിശാലമായ ഗൗരീശ്വരം ക്ഷേത്രമൈതാനിയിലെ സായാഹ്നവെയിലിനെ അവഗണിച്ചുകൊണ്ട് നൂറുകണക്കിനാളുകള്‍ സമ്മേളന ഗ്രൗണ്ടില്‍ സംഗമിച്ചിരുന്നു. ഫര്‍ഹാനൗഷാദിന്റെ പ്രാര്‍ഥനാ ഗീതത്തോടെ ആരംഭിച്ച സമ്മേളനം ജമാഅത്തെ ഇസ്‌ലാമി ദേശീയ ഉപാധ്യക്ഷന്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു.
ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവര്‍ മൗനം വെടിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവര്‍ ജനങ്ങളെ സംഘടിപ്പിച്ചു സംസാരിച്ചു തുടങ്ങണം. ശ്രീനാരായണഗുരുവിനെ പോലുള്ളവര്‍ ഉയര്‍ത്തിയ നവോത്ഥാന മൂല്യങ്ങള്‍ നിലനില്‍ക്കെതന്നെ നമ്മള്‍ അറിഞ്ഞോ അറിയാതെയോ സമുദായ ധ്രുവീകരണത്തിനടിപ്പെട്ടുപോകുന്നു. ആഗോളതലത്തില്‍ ഉയര്‍ന്ന ഇസ്‌ലാമോഫോബിയയുടെ സ്വാധീനമാണതിനു കാരണം. നമുക്കിന്ന് ഓണ്‍ലൈന്‍ സുഹൃത്തുക്കളെയുള്ളൂ. വിവേചനപൂര്‍വം ഇടപെട്ടില്ലെങ്കില്‍ അയല്‍വാസികളെപോലും മനസ്സിലാക്കാന്‍ നമുക്കാവില്ല. നനാത്വത്തില്‍ ഏകത്വം എന്ന ആശയം നാം കൂടുതല്‍ പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു. രാജ്യം ഒന്നായി നില്‍ക്കുന്നത് വൈവിധ്യങ്ങള്‍ അംഗീകരിക്കുന്നത് കൊണ്ടാണെന്നും ആരിഫലി സാഹിബ് പറഞ്ഞു.
ജാതിക്കും മതത്തിനും അതീതമായ രാഷ്ട്രീയ ലക്ഷ്യം ഉയര്‍ത്തിപ്പിടിക്കാതെ പൂര്‍ണമായ സാഹോദര്യം ഉണ്ടാകില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യ നിരൂപകനും, പ്രഭാഷകനുമായ പ്രൊഫസര്‍ എം.കെ.സാനു അഭിപ്രായപ്പെട്ടു. സാഹോദര്യം സ്ഥാപിക്കാന്‍ വിശാലവും ഉദാരവുമായ സഹിഷ്ണുത ആവശ്യമുണ്ട്. ഭൂമിയില്‍ ശാന്തിമന്ത്രം ഉയര്‍ത്താന്‍ അതിന് കഴിയും. ഏതു മതത്തിലും ജാതിയിലും പെട്ടവനായാലും ഒരു ദൈവത്തിന്റെ സന്താനങ്ങളാണെന്ന് തിരിച്ചറിഞ്ഞ് സഹിഷ്ണുതയോടെ കഴിയുന്നതാണ് ജനാധിപത്യത്തെ പരിപോഷിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ദര്‍ശങ്ങള്‍ക്ക് കാലുഷ്യം സംഭവിച്ച ഇന്നത്തെകാലത്ത് മനുഷ്യനെ അംഗീകരിക്കാനും ആദരിക്കാനും പറ്റില്ലെന്ന കാഴ്ചപ്പാട് മാറണമെന്ന് തുടര്‍ന്നു സംസാരിച്ച ഫാദര്‍ പോള്‍ തേലക്കാട്ട് ചൂണ്ടിക്കാട്ടി. സമാധാനത്തിന്റെ ശാന്തിമന്ത്രം കേള്‍ക്കണമെങ്കില്‍ ക്ഷമയുണ്ടാകണമെന്ന് സ്വാമി അവ്യയാനന്ദ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖ അസിസ്റ്റന്റ് അമീര്‍ പി. മുജീബ് റഹ്മാന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ എഴുത്തുകാരനായ കെ.ബാബുരാജ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, സാമൂഹ്യപ്രവര്‍ത്തകനായ എം.ആര്‍. സുദേഷ്, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ജോഷി എന്നിവര്‍ സംസാരിച്ചു. ചെറായി മഹല്ല് ഖത്തീബ് മൗലവി സലീം മിസ്ബാഹി, ഗൗരീശ്വരക്ഷേത്ര ഭാരവാഹിയും സഭാസെക്രട്ടറിയുമായ വേണുഗോപാല്‍, എസ്.എന്‍.ഡി.പി വൈപ്പിന്‍ യൂണിയന്‍ പ്രസിഡന്റ് ടി.ജി.വിജയന്‍, വി.വി.സഭാ മെമ്പര്‍ കെ.സി.സുധീഷ്, ചേരമാന്‍ മസ്ജിദ് ഇമാം സുലൈമാന്‍ മൗലവി, ജമാഅത്തെ ഇസ്‌ലാമി വൈപ്പിന്‍ ഏരിയ പ്രസിഡന്റ് ഐ.എ.ഷംസുദ്ദീന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറിയും കാമ്പയിന്‍ ജനറല്‍ കണ്‍വീനറുമായ ടി.കെ.ഹുസൈന്‍ സമ്മേളനത്തില്‍ ആമുഖ പ്രസംഗം നടത്തി.
പ്രവര്‍ത്തകരിലും, പ്രദേശവാസികളിലും ആവേശവും ശുഭപ്രതീക്ഷയും നല്‍കിയ സമ്മേളനം ഭാവിയില്‍ നാടിന്റെ സാഹോദര്യ പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരു ചുവടുവെപ്പായി രേഖപ്പെടുത്തപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.
വടക്കുനിന്നൊരു സമാധാന ദൂത്
സമാധാനം ആഗ്രഹിക്കുന്നവരെ വല്ലാതെ ഭയപ്പെടുത്തുന്ന വാര്‍ത്തകളാണ് പലപ്പോഴും കാസര്‍കോടിന്റെ വടക്കന്‍ ഭാഗത്തുനിന്നും വരാറുള്ളത്. ഓരോ വിഭാഗങ്ങളും ഈ ഭാഗത്ത് കഴിയുന്നത് തുരുത്തുകളായാണ്. കളിസ്ഥലങ്ങളില്‍ പോലും ഈ വിഭാഗീയത കാണാം. ഉള്ള് തുറന്ന് സംസാരിക്കാനോ ഒന്നു പുഞ്ചിരിക്കാനോ ആവാതെ അവരവരുടെ തുരുത്തുകളിലേക്ക് ഒതുങ്ങുകയാണ് ആളുകള്‍. ആഘോഷങ്ങളില്‍ പോലും ഭീതിപ്പെടുത്തുന്ന ഈ അവസ്ഥകള്‍ കാണാം. കേരളത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി കാസര്‍കോഡിന്റെ വടക്കന്‍ ഭാഗത്ത് ആഘോഷങ്ങള്‍ വന്നാല്‍ പിന്നെ പൊലീസ് സമാധാന കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കുന്ന തിരക്കിലാവും. അത്രയേറെ സെന്‍സിറ്റീവാണ് പ്രദേശം എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഈ അവസ്ഥ മാറണം. എല്ലാവരും സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന പഴയകാലം തിരിച്ചുപിടിക്കാനാവണം. മഹാഭൂരിഭാഗം പേരും സംഘര്‍ഷങ്ങളെ വെറുക്കുന്നവരാണ്. ഒരു ചെറിയ പക്ഷമാണ് ഭീതിപ്പെടുത്തുന്ന അന്തരീക്ഷം ഒരുക്കുന്നത്. ഇവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനായാല്‍ നന്മയും സൗഹൃദവും വിളഞ്ഞ പഴയ നാളിലേക്ക് തിരിച്ച് പോവാനാവും. ഇതിന് നന്മയെ സ്‌നേഹിക്കുന്ന സൗഹൃദത്തിനായി സ്വപ്‌നം കാണുന്ന നല്ല മനുഷ്യരുടെ ഐക്യപ്പെടല്‍ അനിവാര്യമാണ്.
ഈ ലക്ഷ്യം വെച്ചാണ് 'സമാധാനം മാനവികത' എന്ന പ്രമേയത്തില്‍ നടത്തുന്ന ദേശീയ കാമ്പയിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ കാസര്‍കോഡ് ഒരു ടേബിള്‍ ടോക്ക് നടത്താന്‍ തീരുമാനിച്ചത്.
ടേബിള്‍ ടോക്കിന്റെ നടത്തിപ്പിനായി ജില്ലയിലെ സാമൂഹിക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് സംഘാടക സമിതി രൂപീകരിച്ചു.
ഈ കമ്മിറ്റി ജില്ലയിലെ വിവിധ സാമൂഹിക, കല, സാംസ്‌കാരിക, മാധ്യമ, അഭിഭാഷക, അധ്യാപക, ആരോഗ്യ, വ്യാവസായിക, വാണിജ്യമേഖലകളിലെ പ്രമുഖരെ നേരില്‍ കണ്ട് സൗഹൃദ കാസര്‍കോഡിനായുള്ള പ്രവര്‍ത്തനത്തില്‍ സഹകരണം ആവശ്യപ്പെട്ടു. എല്ലാവരില്‍ നിന്നും നല്ല പ്രതികരണമാണ് സംഘത്തിന് ലഭിച്ചത്.
സെപ്ഖറ്റബര്‍ 4-ന് കാസര്‍കോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ടേബിള്‍ ടോക്കില്‍ സമൂഹത്തിലെ വിവിധ തുറകളില്‍പെട്ട 300-ഓളം പേര്‍ പങ്കെടുത്തു. പ്രമുഖ എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍ ടേബിള്‍ ടോക്ക് ഉദ്ഘാടനം ചെയ്തു. സൗഹൃദ സമൂഹത്തെ സൃഷ്ടിക്കാന്‍ അടുക്കളകള്‍ തമ്മില്‍ ബന്ധിപ്പിക്കുകയും ആഹാരങ്ങള്‍ കൈമാറുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. വംശീയ പകക്ക് ചികിത്സ വേണം. അത് ജനിതക രോഗമാണ്. അപ്രഖ്യാപിത വിലക്കുകള്‍ നീക്കാന്‍ കലയുടെ മഹോത്സവവും സാംസ്‌കാരിക കൂട്ടായ്മയും ഉണ്ടാകണം. കാസര്‍കോഡിന്റെ സൗഹൃദത്തിന് ഇത്തരം കൂട്ടായ്മകള്‍ ശക്തി പകരുമെന്നും പി.സുരേന്ദ്രന്‍ പറഞ്ഞു.
ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഷഫീക്ക് നസ്‌റുല്ല സ്വാഗതം പറഞ്ഞു.
സംഗമത്തില്‍ കാസര്‍കോഡിന്റെ മത സൗഹാര്‍ദം ലക്ഷ്യം വെച്ച് പൊതുവേദി യും 30 അംഗ പ്രവര്‍ത്തക സമിതിയും രൂപീകരിച്ചു.