റോസ്നയും കുടുംബവും മുംബൈയിലെ ബാന്ദ്രയി ലാണ് താമസം. പ്രമുഖ ആശുപത്രിയില്‍ ജോലി ചെയ്യുന്ന റോസ്ന നൈറ്റ് ഷിഫ്റ്റും കഴിഞ്ഞ് ഒരു ദിവസം വീട്ടില്‍ മടങ്ങിയെത്തിയത് കടുത്ത തലവേദനയോടെ. കടുപ്പത്തിലൊരു ചായയിട്ട് കുടിക്കണമെന്ന് വിചാരിച്ച് ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോള്‍ പാല് തീര്‍ന്നിരിക്കുന്നു. ക്ഷീണം കൊണ്ട് അടുത്തുള്ള പാല് ബൂത്തില്‍ പോകാനും
റോസ്നയും കുടുംബവും മുംബൈയിലെ ബാന്ദ്രയി ലാണ് താമസം. പ്രമുഖ ആശുപത്രിയില്‍ ജോലി ചെയ്യുന്ന റോസ്ന നൈറ്റ് ഷിഫ്റ്റും കഴിഞ്ഞ് ഒരു ദിവസം വീട്ടില്‍ മടങ്ങിയെത്തിയത് കടുത്ത തലവേദനയോടെ. കടുപ്പത്തിലൊരു ചായയിട്ട് കുടിക്കണമെന്ന് വിചാരിച്ച് ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോള്‍ പാല് തീര്‍ന്നിരിക്കുന്നു. ക്ഷീണം കൊണ്ട് അടുത്തുള്ള പാല് ബൂത്തില്‍ പോകാനും മനസ്സനുവദിച്ചില്ല. കിടക്കയില്‍ നീണ്ടുനിവര്‍ന്ന് കിടന്ന് പിന്നെ മൊബൈലില്‍ ഒരു ക്ലിക്ക്! മിനുട്ടുകള്‍ക്കകം ഫ്ളാറ്റിലെ കോളിംഗ് ബെല്‍ ശബ്ദിച്ചു. ആവിപറക്കും ചായ ഡെലിവെറി ചെയ്യാന്‍ വന്ന പയ്യനാണ്. മുഖം കഴുകി ചായയും കുടിച്ച് ഉന്മേഷവതിയായി. അപ്പോഴേക്കും വീണ്ടും കോളിംഗ് ബെല്‍ ശബ്ദിച്ചു. ഇത് മുനീറിന്റെ വീടല്ലേ? അതേ, റോസ്ന പ്രതികരിച്ചു. ഇത് ചപ്പാത്തിയും ചിക്കന്‍ കറിയുമാണ്. മുനീര്‍ സാര്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കിയതാണ്. പ്രാതല്‍ ഏല്പിച്ച് ഡെലിവറി ബോയ് സ്ഥലം കാലിയാക്കി. അപ്പോഴേക്കും മുനീറിന്റെ ഫോണ്‍ കോള്‍ റോസ്നയുടെ മൊബൈലില്‍ എത്തിയിരുന്നു. നാളെ മകള്‍ ജോലി ചെയ്യുന്ന ചെന്നൈയിലേക്ക് പോകാനായി ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത കാര്യം പറയാനായിരുന്നു വിളിച്ചത്.
ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ പത്രത്തിലെ പരസ്യം റോസ്നയുടെ ശ്രദ്ധയില്‍പ്പെട്ടു. ചെന്നൈയില്‍ ഫ്ളാറ്റ് ഓണ്‍ലൈന്‍ വഴി വാങ്ങാനുള്ളതാ യിരുന്നു അത്. മകള്‍ക്ക് ഫ്ളാറ്റ് വാങ്ങി നല്കാന് പിറ്റേ ദിവസം ചെന്നൈയിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു അവര്‍. ഉടന്‍ മൊബൈലില്‍ അതിന്റെ വിശദാംശങ്ങള്‍ അറിഞ്ഞു. അറിഞ്ഞ കാര്യങ്ങള്‍ ഭര്‍ത്താവിനോടും പങ്കുവെച്ചു. തുടര്‍ന്ന് ഓണ്‍ലൈനില്‍ അമ്പതിനായിരം രൂപ നല്കി ഫ്ളാറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. അതോടെ ചെന്നൈയിലേക്കുള്ള യാത്ര ക്യാന്‍സല്‍ ചെയ്ത് കാശ് ലാഭിക്കുകയും ചെയ്തു!
വൈകിട്ടോടെ റോസ്നയുടെ മകന്റെ കുട്ടികള്‍ സ്കൂളില്‍ നിന്നും തിരിച്ചെത്തി. ഇതേസമയം തന്നെയായിരുന്നു മുത്തച്ഛനായ മുനീര്‍ വീട്ടിലെത്തിയതും. മുഖത്തോടു മുഖം കണ്ടെങ്കിലും കുട്ടികള്‍ മുത്തച്ഛനെ കണ്ടതായി നടിച്ചില്ല. പരിഭവത്തോടെ രണ്ടുപേരും റോസ്നയുടെ പിന്നിലൊളിച്ചു. വേറൊന്നും കൊണ്ടല്ല, അവര്‍ക്ക് വാങ്ങിനല്കാമെന്നേറ്റ കളിപ്പാട്ടം കൊണ്ടുവരാത്തതിലായിരുന്നു അവരുടെ പരിഭവം. ഇന്ന് കടപൂട്ടിപോയി. നാളെ അവധിയുമാണ്. അതുകൊണ്ട് രണ്ടു ദിവസം കഴിഞ്ഞേ ഇനി വാങ്ങാനാവൂ. പണത്തിന് ബുദ്ധിമുട്ടുന്ന മുത്തച്ഛന് മനഃപൂര്‍വം നമ്പര്‍ ഇറക്കിനോക്കി. അപ്പോള്‍ കുട്ടികളുടെ മറുപടി ഇത്രമാത്രം; ഉപ്പാപ്പയുടെ ഫോണ്‍ ഇങ്ങുതന്നേ, ഞാന്‍ ഇപ്പോ ശര്യാക്കിതരാം. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ നാളെ രാവിലെയാകുമ്പോഴേക്കും അതിങ്ങെത്തുമല്ലോ എന്നായിരുന്നു. ഉത്തരം മുട്ടിയത് മുത്തച്ഛനു തന്നെ. ഇതുതന്നെയല്ലേ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെയും വിജയം.
അല്ഭുതപ്പെടാന് ഇതില്‍ കാര്യമൊന്നുമില്ല. ഏതു സമയത്തും ഏതൊരു സാധനവും വാങ്ങാം. സ്ഥലമോ സാഹചര്യമോ ഇതിനെ തടസ്സപ്പെടുത്തില്ല. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ. വീടു മുതല്‍ വീട്ടുപകരണങ്ങള്‍ വരെ. പലവ്യഞ്ജനങ്ങള്‍ മുതല്‍ വാഹനങ്ങള്‍ വരെ. എല്ലാം ഓണ്‍ലൈനില്‍, ഒരു മൗസ് ക്ലിക്കില്‍ ഇങ്ങ് നമ്മുടെ കാല്‍ച്ചുവട്ടിലെത്തും. കടകള്‍ തോറും അലയേണ്ട, ക്യൂ നില്‍ക്കേണ്ട, ഗതാഗത കുരുക്കില്ല. വണ്ടി പിടിച്ച് പോവുകയും വേണ്ട. ഉദ്ദേശിച്ച സാധനം തന്നെ ലഭിക്കും. ചിലപ്പോള്‍ അതിനേക്കാള്‍ മെച്ചപ്പെട്ടത്. ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, സ്നാപ്ഡീല്‍, ഹോംഷോപ്പ് 18 തുടങ്ങി വിവിധ ഉല്പന്നങ്ങള് വില്ക്കുന്നവര് മുതല്‍ പ്രത്യേക ഇനം സാധനങ്ങള്‍ മാത്രം വിപണനം നടത്തുന്ന സ്റ്റോറുകള്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. മേല്പറഞ്ഞ കഥയില്‍ സെപോ എന്ന ഇ കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ബാന്ദ്രയിലെ തെരുവ് ചായക്കടക്കാരെ സംഘടിപ്പിച്ച് ഇതിനുള്ള സാഹചര്യമൊരുക്കിയതെങ്കില് ടാറ്റാ വാല്യൂ ഹോംസാണ് വീടുവാങ്ങുന്നതിന് പുതിയ ഇ കൊമേഴ്സ് പ്ലാറ്റ്ഫോം തുടങ്ങി വാങ്ങല്‍ എളുപ്പമാക്കിയത്.
ഡ്രോണിലൂടെ പറക്കാനൊരുങ്ങി ഓണ്‍ലൈന്‍ വിപണി
നാളെ ഞായറാഴ്ചയാണ് കട തുറക്കില്ല. ഇന്ന് കട പൂട്ടുന്നതിനു മുമ്പ് തന്നെ സാധനങ്ങളൊക്കെ വാങ്ങിവെച്ചോ. നാട്ടുമ്പുറത്തെ വീട്ടമ്മമാര്‍ ശനിയാഴ്ച വൈകുന്നേരങ്ങളില്‍ പരസ്പരം പങ്കുവെച്ചിരുന്ന ഈ ആശയവിനിമയത്തിന് ഇന്ന് യാതൊരു പ്രസക്തിയുമില്ല. കാരണം ഞായറാഴ്ച പോലുള്ള ദിവസങ്ങളിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കച്ചവടം. കുടുംബസമേതം മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമൊക്കെ അലഞ്ഞുതിരിഞ്ഞ് ഷോപ്പിംഗ് ഒരു ഉത്സവമാക്കി മാറ്റാന്‍ പറ്റുന്ന ഇങ്ങനെയുള്ള ദിവസങ്ങള്‍ ആരും കളഞ്ഞുകുളിക്കാറേയില്ല. ന്യൂജനറേഷനാകട്ടെ ഇതില്‍ നിന്നൊക്കെ വിട്ടുമാറി നിന്നിടത്തു നിന്ന് അനങ്ങാതെ തങ്ങള്‍ക്കിഷ്ടപ്പെട്ട ഉല്പന്നങ്ങള് വീട്ടിലെത്തിക്കുകയും ചെയ്യുന്നു. മൂന്ന് തലമുറയുടെ ഷോപ്പിംഗ് രീതികളില്‍ വന്ന മാറ്റം ഏറെ ചെറുതല്ല.
ഷോപ്പിംഗില്‍ വന്ന മാറ്റം
പരിചയമോ പാരമ്പര്യമോ ഉള്ള കടയില്‍ നിന്ന് കണ്ടും സ്പര്ശിച്ചും ഷോപ്പിംഗ് നടത്തിയാലേ ഗുണമേന്മയുള്ള ഉല്‍പ്പന്നം കിട്ടുകയുള്ളൂ എന്നാണ് മുന്‍തലമുറ നമ്മെ പഠിപ്പിച്ചത്. സൂപ്പര്‍മാര്‍ക്കറ്റ് സംസ്കാരമൊക്കെ അതിനു പിന്നാലെയാണ് നമ്മുടെ നാട്ടിലെത്തിയത്. സൂപ്പര്‍മാര്‍ക്കറ്റുകളെ അപ്രസക്തമാക്കി മള്‍ട്ടിപ്ലക്സ് സൗകര്യങ്ങളോടെയുള്ള മാളുകളൊക്കെ ആയപ്പോഴേക്കും ആളുകളുടെ പര്‍ച്ചേസിംഗ് രീതികളൊക്കെ മാറിമറിഞ്ഞിരുന്നു. ഇന്ന് മറ്റൊരുനാട്ടിലെത്തിയാല് അന്ന് തന്നെ അവിടുത്തെ ഏറ്റവും വലിയ മാളുകളില്‍ സന്ദര്‍ശനം നടത്തുന്നത് ഷോപ്പിംഗിനല്ല, വെറുമൊരു കൗതുകത്തിനു വേണ്ടിയാണ്. ഈ പരിഷ്കാരം നീണ്ട് ഒരു മൗസ് ക്ലിക്കിലൂടെ വീട്ടിലിരുന്നോ ഓഫീസിലിരുന്നോ ഷോപ്പിംഗ് ആസ്വദിക്കുന്ന തലത്തില്‍ എത്തിനില്‍ക്കുന്നു. വ്യാപാരിയെന്നോ ഉപഭോക്താവ് എന്നോ വ്യത്യാസമില്ലാതെ ഈ രീതി പലരും ഉപയാഗിക്കുന്നു. ഒരേസമയം ഇത് ഇരുവര്‍ക്കും നല്‍കുന്നത് അനന്തസാധ്യതകളും. ബിസിനസ് ടു ബിസിനസ്, ബിസിനസ് ടു കസ്റ്റമര്‍ എന്ന ഓമനപ്പേരുകളൊക്കെ ഇതുസംബന്ധിച്ച് കേള്‍ക്കാമെങ്കിലും ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളെ ഇരുകൈയും നീട്ടി സ്വീകരിച്ച് പരമ്പരാഗത ഷോപ്പിംഗ് രീതികളെ പാടെ അപ്രസക്തമാക്കാനാണ് പുതുതലമുറയുടെ ശ്രമം.
എന്താണ് ഓണ്‍ലൈന്‍ വിപണി?
ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്താണെന്ന് ഇന്ന് എല്ലാവര്ക്കും അറിയാം. ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഇലക്ട്രോണിക് ചന്തയില്‍ നിന്നുള്ള ഷോപ്പിംഗ്. സകലമാന സാധനങ്ങളും വാങ്ങാന്‍ പാകത്തില്‍ സജ്ജീകരിച്ചിരിക്കുന്ന വെബ്സൈറ്റില്‍ (വെബ്പോര്‍ട്ടല്‍) പ്രവേശിച്ച് (ലോഗിന്‍) ചെയ്ത് ആവശ്യമായ സാധനങ്ങള്‍ ഷോപ്പ് ചെയ്യുന്ന രീതി. ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, സ്നാപ്ഡീല്‍, ഇ ബേ തുടങ്ങിയവയൊക്കെ ഇത്തരം പോര്‍ട്ടലുകള്‍ക്ക് ഉദാഹരണമാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ ഒട്ടുമിക്കതും ഉല്പന്നങ്ങള് സ്വന്തമായി നിര്‍മിക്കുന്നില്ല. മറ്റേതെങ്കിലും നിര്‍മാതാക്കളുടെ ഉല്പന്നങ്ങള് വിറ്റഴിക്കാനുള്ള ഒരു മാര്‍ക്കറ്റ് പ്ലേസ് മാത്രമാണിത്.
ഒരു കടയില്‍ രണ്ട് കോടി ഉല്പന്നങ്ങള്!
പരമ്പരാഗത രീതിയില്‍ ഒരു കടയില്‍ സാധനം ഇല്ലെങ്കില്‍ അത് കിട്ടാന്‍ കിലോമീറ്ററുകള്‍ താണ്ടേണ്ട അവസ്ഥയാണ് ഇലക്ട്രോണിക് മാര്‍ക്കറ്റിംഗ് പ്ലേസുകള്‍ ഹിറ്റായതോടെ ഇല്ലാതായത്. ആയിരമോ രണ്ടായിരമോ ഉല്പന്നങ്ങളല്ല ഓരോ ഓണ്‍ലൈന്‍ കടയിലും. ഫ്ളിപ്കാര്‍ട്ടില്‍ മാത്രം എഴുപതിലധികം വിഭാഗങ്ങളിലായി രണ്ട് കോടി ഉല്പന്നങ്ങളുണ്ടത്രേ! മൂന്ന് ലക്ഷത്തിലധികം ഇനങ്ങളിലായി ഒന്നരക്കോടിയിലധികം ഉല്പന്നങ്ങളാണ് ആമസോണ്‍ ഇന്ത്യയില്‍ വില്പനക്ക് വെച്ചിരിക്കുന്നത്. ഇതില്‍നിന്ന് സാധനങ്ങള്‍ തെരഞ്ഞെടുത്താല്‍ പിറ്റേന്ന് നിങ്ങള്‍ തീരുമാനിക്കുന്നിടത്ത് സാധനം റെഡി!
ആകര്‍ഷണത്തിന്റെ കീര്‍ത്തിമുദ്രകള്‍
ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം ഉല്‍പ്പന്നങ്ങള്‍ വന്‍ വിലക്കുറവില്‍ ലഭിക്കുന്നുവെന്നതാണ്. ഇടത്തട്ടുകാരിലൂടെ കൈമാറി ഇടപാടുകാരിലെത്തുമ്പോഴേക്കും കമ്മീഷന് എന്ന നിലയില്‍ നല്ലൊരു തുക സാധനങ്ങളുടെ വില്പന വിലയിന്മേല് ഒട്ടിച്ചേര്‍ന്നിരിക്കും. അതേസമയം, ഇടത്തട്ടുകാരെ പരമാവധി ഒഴിവാക്കിയാല്‍ വില കുറച്ചും സാധനങ്ങള്‍ സപ്ലൈ ചെയ്യാനാവും. അതുതന്നെയാണ് ഓണ്‍ലൈന്‍ കടകളിലും സംഭവിക്കുന്നത്. മറ്റൊന്ന് ആഡംബര രീതിയില്‍ പണികഴിപ്പിച്ച കടകള്‍ ഓണ്‍ലൈന്‍ കച്ചവടക്കാര്‍ക്ക് ആവശ്യമില്ലെന്നതാണ്. അത്തരം ചെലവുകള്‍ ഇല്ലെന്നത് കമ്പനികളുടെ പ്രവര്‍ത്തനചെലവും കുറക്കും. അവര്‍ വഴിയുള്ള വില്പനയില് ഇക്കാര്യം പ്രതിഫലിക്കും. ഒരു സാധാരണ ടൗണിലെ കച്ചവടക്കാരന് ഇതൊന്നും ഒഴിവാക്കാനാവില്ല. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ വിലയുമായി താരതമ്യപ്പെടുത്തുന്നതുപോലും അവര്‍ക്ക് ആലോചിക്കാനേ പറ്റില്ല. അതേസമയം, ഇഷ്ടപ്പെട്ട സാധനങ്ങള്‍ ആവശ്യത്തിനനുസരിച്ച് സെര്‍ച്ച് ചെയ്ത് കണ്ടെത്താനും മറ്റ് കമ്പനികളുടെ വിലയുമായി താരതമ്യം ചെയ്ത് കുറഞ്ഞ വിലയില്‍ നേട്ടം കൊയ്യാനുള്ള അവസരവും ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാണ്.
റെയില്‍വേ, വിമാന ടിക്കറ്റ് എന്നിവ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിന്റെ ആനുകൂല്യം ജനങ്ങള്‍ നേരത്തെതന്നെ പ്രയോജനപ്പെടുത്തിത്തുടങ്ങിയെങ്കിലും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, കംപ്യൂട്ടറുകള്‍, പുസ്തകങ്ങള്‍, മൊബൈല്‍ ഫോണ്‍, സംഗീത ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ആഭരണങ്ങള്‍, പലചരക്കു സാധനങ്ങള്‍ എന്നിവ ഈ അടുത്തകാലം മുതലാണ് ഓണ്‍ലൈന്‍ സൈറ്റുകളിലുടെ വാങ്ങുന്ന പ്രവണത വ്യാപകമായത്. 24 മണിക്കൂര്‍ കസ്റ്റമര്‍ കെയര്‍ സര്‍വീസും ടോള്‍ഫ്രീ നമ്പര്‍ സൗകര്യവും പല ഇ കോമേഴ്സ് കമ്പനികളും ഏര്‍പെടുത്തിയിട്ടുമുണ്ട്.
താരതമ്യത്തിന്റെ പൊരുള്‍
ഉല്പന്നങ്ങള് പരസ്പരം താരതമ്യം ചെയ്ത് ചുരുങ്ങിയ വിലക്ക് മികച്ചത് വാങ്ങാന്‍ കഴിയുമെന്നതാണ് ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ നേട്ടങ്ങളിലൊന്ന്. ഇടപാടിന് ചുരുങ്ങിയ സമയവും മതി. സാധനങ്ങള്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ മടക്കി നല്‍കാമെന്ന മെച്ചവും ഓണ്‍ലൈന്‍ വാങ്ങലുകളെ ഏവര്‍ക്കും പ്രിയപ്പെട്ടതാക്കുന്നു. സാധനങ്ങളുടെ വൈവിധ്യവും വിലക്കുറവും മറ്റെവിടെയും കിട്ടില്ലെന്ന് മാത്രമല്ല സൈറ്റുകള്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായി എന്തെങ്കിലും ഓഫറുകള്‍ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡോ ഇന്റര്‍നെറ്റ് ബാങ്കിങ്ങോ ഇല്ലാത്തവര്‍ ഇതെങ്ങനെ ഉപയോഗിക്കുമെന്ന് ആശ്ചര്യപ്പെടുന്നവര്‍ക്ക് കാഷ് ഓണ്‍ ഡെലിവറി എന്ന സംവിധാനത്തിലൂടെയാണ് കമ്പനികള്‍ മറുപടി നല്‍കിയത്. ഇന്റര്‍നെറ്റ് വഴി ബുക്ക് ചെയ്ത സാധനം കൊറിയര്‍ കമ്പനിക്കാര് നമ്മുടെ വീട്ട് പടിക്കലെത്തിക്കുമ്പോള്‍ മാത്രം പണം കൊടുത്താല്‍ മതി, കാര്‍ഡ് പോയിട്ട് ബാങ്ക് അക്കൗണ്ട് പോലും വേണ്ട. പണം റൊക്കമായി കൈയിലില്ലെങ്കില്‍ പോലും തവണകളായി (ഇ.എം.ഐ) അടച്ചും ഉല്പന്നം സ്വന്തമാക്കാം. അതിനായി പ്രമുഖ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമൊക്കെയായി വിപണന സ്ഥാപനങ്ങള്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്.
മറ്റൊരാള്‍ക്ക് സമ്മാനം നല്‍കാനായാണ് ഉല്പന്ന ങ്ങള് വാങ്ങുന്നതെങ്കില്‍ വളരെ മനോഹരമായി ഗിഫ്റ്റ് റാപ്പറില്‍ പൊതിഞ്ഞ് നല്‍കാനുള്ള നിര്‍ദേശം നല്‍കാനുള്ള സംവിധാനവും ഓണ്‍ലൈന്‍ സ്റ്റോറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സൗകര്യം ഉപയോഗപ്പെടുത്താനായി അമ്പതില്‍ താഴെയുള്ള രൂപ ചെലവാകുമെന്ന് മാത്രം.
ഇടപാടിലെ ഇഷ്ടക്കേടുകള്‍
ഡെലിവറിക്കിടയില്‍ കേടുവരുന്ന ഉല്പന്നങ്ങള്ക്ക് റീപ്ളേസ്മെന്റ് ഗ്യാരണ്ടി മാത്രമല്ല ഇന്ത്യയിലെ എത് ഭാഗത്തും ഉല്പന്നങ്ങള് എത്തിക്കാനുള്ള സംവിധാനം ഇന്ന് മിക്കവര്‍ക്കും ഉണ്ട്. കൊറിയര്‍ കമ്പനിക്കാരുമായി ധാരണയായിട്ടുള്ളതിനാല്‍ നിശ്ചിത തുകയ്ക്ക് മീതെയുള്ള വാങ്ങലുകള്‍ക്ക് ഉപയോക്താവ് കൊറിയര്‍/ ഷിപ്പിംഗ് ചാര്‍ജ് നല്‍കേണ്ടതുമില്ല.
ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവര്‍ അതത് സൈറ്റുകളുടെ റീഫണ്ട്/റിട്ടേണ്‍ പോളിസികള്‍ മനസ്സിലാക്കി വെക്കുന്നത് നല്ലതാണ്. പ്രമുഖ സൈറ്റുകളില്‍ ഒരാഴ്ച മുതല്‍ ഒരു മാസം വരെ റിട്ടേണ്‍ സാധ്യമാക്കാറുണ്ട്. ചില സൈറ്റുകള്‍ പണം പൂര്‍ണ്ണമായി റീഫണ്ട് ചെയ്യുമ്പോള്‍ മറ്റുചിലത് സാധനങ്ങള്‍ മാറ്റി നല്‍കിയാണ് ഉപഭോക്താക്കളുടെ വിശ്വാസം കാക്കുന്നത്.
നാം വാങ്ങിയ ഉല്പന്നം സ്വീകാര്യമാകാത്ത പക്ഷം സൈറ്റുകളിലെ കസ്റ്റമര്‍കെയര്‍ വിഭാഗവുമായി ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം. അതല്ലെങ്കില്‍ ഇ മെയില്‍/ചാറ്റ് മുഖേനയുമാവാം. പരാതി സ്വീകരിച്ചാല്‍ അവര്‍ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക. ചിലപ്പോള്‍ കേടായ ഉല്പന്നത്തിന്റെ ഫോട്ടോ വാട്ട്സ്ആപ്പ് ചെയ്യാനോ ഇ മെയില്‍ ചെയ്യാനോ ആവശ്യപ്പെടാം. അതുമല്ലെങ്കില്‍ ഉല്പന്നം അപ്പാടെ കമ്പനിക്ക് തിരിച്ചയക്കാനാകും നിര്‍ദേശം. ഈ അവസരത്തില്‍ തിരിച്ചയക്കാനുള്ള ചാര്‍ജ് കമ്പനി വഹിക്കും. അത് കൈപ്പറ്റിയാല്‍ കമ്പനി പുതിയത് അപ്പോള്‍ തന്നെ അയക്കുകയും ചെയ്യും.
ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ഉല്പന്നങ്ങള്ക്ക് ഗ്യാരണ്ടി ഇല്ലെന്ന പ്രചാരണവുമുണ്ട്. അതിന് അടിസ്ഥാനമൊന്നുമില്ല. കാരണം ഗ്യാരണ്ടിയോടെ സാധാരണ മാര്‍ക്കറ്റില്‍ നിന്ന് ലഭ്യമായ അതേ ഉല്പന്നം ഓണ്‍ലൈന്‍ വിപണിയില്‍ എത്തുമ്പോള്‍ അതിന്റെ വില്പന നിയമങ്ങളൊന്നും മാറുന്നില്ല. നികുതി ഒടുക്കിയുള്ള ബില്ലും മറ്റും സൂക്ഷിച്ചുവെച്ചിരുന്നാല്‍ മാത്രം മതി.
കാത്തിരുന്ന് ലാഭം കൂട്ടാം
അത്യാവശ്യ സാധനങ്ങള്‍ ഉടനടി ലഭ്യമാകേണ്ടതുണ്ട്. എന്നാല്‍ മറ്റുള്ളവ വാങ്ങാന്‍ കുറച്ച് സമയമെടുത്താലും കുഴപ്പമില്ലെന്നതാണ് കാര്യം. അങ്ങനെയാവുമ്പോള്‍ കൂടുതല്‍ നേട്ടം ഉപഭോക്താവിനാവും. എന്റെ ഫോണ്‍ മാറ്റണമെന്ന് കുറച്ചുകാലമായി വിചാരിക്കുന്നു. ഓണത്തിന് കമ്പനികളുടെ ഓഫര്‍ വരുമ്പോള്‍ കിടിലന്‍ ഒരെണ്ണം വാങ്ങാനാണ് പ്ലാന്‍. ഇത് അങ്ങനെയൊരു കാത്തിരിപ്പിന്റെ അവസ്ഥയാണ്. ഈയൊരു രീതി ഓണ്‍ലൈനിലും പ്രായോഗികമാണ്. ദേശീയ / പ്രാദേശിക ഉത്സവങ്ങളോടനുബന്ധിച്ച് ഓണ്‍ലൈന്‍ വിപണിയിലും വമ്പന്‍ ഓഫറുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ദീപാവലി, ഹോളി, ഓണം തുടങ്ങിയ ഉത്സവങ്ങള്‍ അക്കൂട്ടത്തില്‍പ്പെടും. അല്ലാതെയും പല പേരുകളില്‍ ഓഫറുകള്‍ പ്രത്യക്ഷപ്പെടാം. പ്രതിദിന ഓഫര്‍ മുതല്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന മെഗാ ഓഫറുകള്‍ വരെ. വാങ്ങാനുള്ള ഇഷ്ടപ്പെട്ട ബ്രാന്‍ഡും മോഡലും മനസ്സില്‍ ഉറപ്പിച്ച ശേഷം ഓണ്‍ലൈനില്‍ ഓഫറുകള്‍ക്കായി തെരഞ്ഞ് നോക്കുക. മികച്ച ഓഫര്‍ ലഭ്യമായില്ലെങ്കില്‍ കുറച്ചു സമയം കൂടി കാത്തിരിക്കുക. മിക്ക ബാങ്കുകളും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം പ്രോത്സാഹിപ്പിക്കാനായി കാഷ് ബാക്ക് ഓഫറുകളും റിവാര്‍ഡ് പോയിന്റുകളും നല്‍കാറുണ്ട്. അവ ഉപയോഗപ്പെടുത്തുന്നതും കൂടുതല്‍ ലാഭം തരും. വര്‍ഷം മുഴുവന്‍ കാര്‍ഡുകള്‍ വഴി പര്‍ച്ചേസ് ചെയ്താല്‍ അത് റെഡീം ചെയ്ത് ഗിഫ്റ്റ് വൗച്ചറാക്കി മാറ്റാനും കഴിയും. 500 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കുന്നതിന് വേണ്ട പോയിന്റുകള്‍ ഓരോന്നിനും വ്യത്യസ്തമാവാം. ചിലപ്പോള്‍ ഗിഫ്റ്റ് വൗച്ചറായിരിക്കില്ല, ഡിസ്കൗണ്ടാവും ലഭിക്കുക.
എങ്ങനെ തുടങ്ങാം?
നിങ്ങളുടെ ഫോണിലോ ടാബ്ലെറ്റിലോ ലാപ്ടോപ്പിലോ ഇനി അതുമല്ലെങ്കില്‍ വീട്ടിലെ കമ്പ്യൂട്ടറിലോ ഇന്റര്‍നെറ്റ് സൗകര്യമുണ്ടെങ്കില്‍ ധൈര്യമായി ഓണ്‍ലൈന്‍ ഷോപ്പിംഗ് തുടങ്ങാം. പേര് സൂചിപ്പിക്കും പോലെ ഓണ്‍ലൈന്‍ ഷോപ്പിംഗ് ആയതുകൊണ്ടുതന്നെ ഇന്റര്‍നെറ്റ് ആക്ടീവ് ആണെങ്കില്‍ മാത്രമേ ഇത്തരം സൈറ്റുകളില്‍ കയറിയുള്ള വാങ്ങലുകള്‍ നടക്കൂ. മുന്‍നിര ഷോപ്പിംഗ് സൈറ്റുകളുടെ പ്രത്യേക ആപ്ലിക്കേഷനുകള്‍ മൊബൈല്‍ഫോണിലും ടാബ്ലെറ്റിലും ഉപയോഗത്തിനായി ലഭ്യമാണ്. ഇത് ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത് തപ്പിത്തടയാതെ നേരിട്ട് സൈറ്റിലേക്ക് പ്രവേശിക്കാം. കമ്പ്യൂട്ടറിലാണെങ്കില്‍ നമുക്ക് ആവശ്യമുള്ള ഓണ്‍ലൈന്‍ ഷോപ്പുകള്‍ തെരഞ്ഞ് കണ്ടെത്തിയോ വെബ് വിലാസങ്ങള്‍ നേരിട്ട് വെബ് ബ്രൗസറുകളില്‍ നല്‍കിയോ ഷോപ്പിംഗ് ആസ്വദിക്കാം.
ഇനി ഓണ്‍ലൈന്‍ കടയുടെ ആമുഖ പേജിലെ ത്തിയാല് പുതിയ പുതിയ ഓഫറുകള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും. അതില്‍ നിന്ന് വേണ്ടത് തെരഞ്ഞെടുക്കാം. അതല്ലെങ്കില്‍ നിങ്ങള്‍ക്കാവശ്യമുള്ള സാധനത്തിന്റെ പേര് ഹോം പേജിലുള്ള സെര്‍ച്ച് ബോക്സില്‍ ടൈപ്പ് ചെയ്ത് നല്‍കുക. നിമിഷങ്ങള്‍ക്കുള്ളില്‍ അതും അതിനു സമാനമായ നിരവധി ഉല്പന്നങ്ങളും നിങ്ങളുടെ മുന്നില്‍ തുറന്നുവരികയായി. അതില്‍ നിന്ന് വിലയും ഗുണങ്ങളുമൊക്കെ കൂട്ടിക്കിഴിച്ച് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സാധനം തെരഞ്ഞെടുക്കുക.
നമ്മുടെ നാടിന്റെ പിന്‍കോഡ് നമ്പര്‍ ബന്ധപ്പെട്ട കോളത്തില്‍ നല്കി പരിശോധിച്ചാല്‍ ആ സാധനം നമ്മുടെ വീട്ടിലോ പരിസരങ്ങളിലോ എത്തിച്ചു തരാന്‍ കഴിയുന്നതാണോ എന്നും അറിയാം. നമ്മുടെ പരിസരത്ത് ലഭ്യമല്ലെങ്കില്‍ സമീപത്തെ ഏതെങ്കിലും പട്ടണത്തിന്റെ പിന്‍കോഡും അഡ്രസും നല്‍കേണ്ടി വരും.
അടുത്തത് ഓര്‍ഡര്‍ നല്‍കാനുള്ള തയ്യാറെടുപ്പാണ്. അതിനായി ഉല്പന്നത്തിന്റെ അടുത്തുള്ള 'ബൈ നൗ'എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അതോടെ രജിസ്ട്രേഷനുവേണ്ടി നിങ്ങളുടെ ഇ മെയില്‍ / മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടും. അപ്പോഴേക്കും ഒരു കോഡ് നമ്പര്‍ മൊബൈലിലേക്ക് എത്തിയിട്ടുണ്ടാവും. ഈ നമ്പര്‍ നല്കി ബാക്കിയുള്ള കാര്യങ്ങള്‍ കൂടി പൂരിപ്പിച്ചു നല്‍കുക. അതിനടുത്തതായി എങ്ങോട്ടാണോ സാധനമെത്തിക്കേണ്ടതെന്ന് അറിയിക്കുക. ആ വിലാസം നല്‍കുക. അതോടെ നമ്മുടെ പര്‍ച്ചേസിനുള്ള ബില്ല് റെഡിയായി കിട്ടും. ഉല്പന്നത്തിന്റെ വിലയും നികുതിയും ഡെലിവറി ചാര്‍ജുമൊക്കെ ഇതില്‍ വിശദമാക്കിയിട്ടുണ്ടാവും. ഇതൊക്കെ ഒ.കെ. ആണെങ്കില്‍ ഇനി ഓര്‍ഡര്‍ പ്ലേസ് ചെയ്യുക.
പണം നല്‍കാനുള്ള അവസരമാണ് ഇനി മുന്നില്‍ തെളിയുക. അപ്പോള്‍ പണം നല്കാമെങ്കില് നെറ്റ്ബാങ്കിംഗ് വഴി അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി നല്‍കുക. അല്ലെങ്കില്‍ സാധനം വീട്ടിലെത്തിക്കുമ്പോള്‍ തരാം എന്ന നിലയില്‍ കാഷ് ഓണ്‍ ഡെലിവറി (സി.ഒ.ഡി) തെരഞ്ഞെടുത്ത് 'വാങ്ങുക' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. കാഷ് ഓണ്‍ ഡെലിവറി എന്നത് എപ്പോഴും ലഭ്യമായിക്കൊള്ളണമെന്നില്ല. പക്ഷേ, ഭൂരിപക്ഷം വാങ്ങലുകളും നടക്കുന്നത് കാഷ് ഓണ്‍ ഡെലിവറി വഴിയാണ്. 50,000 രൂപ വരെയുള്ള സാധനങ്ങള്‍ ഫ്ളിപ്പ്കാര്‍ട്ട് പോലുള്ള സൈറ്റുകള്‍ സി.ഒ.ഡി രീതിയില്‍ വാങ്ങാന്‍ ഉപയോക്താക്കളെ സമ്മതിക്കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ നമ്പറിന് പുറമെ കാര്‍ഡിന് പിന്നില്‍ ഒപ്പിടുന്നതിന്റെ അരികില്‍ നല്‍കിയിട്ടുള്ള സി.വി.വി നമ്പര്‍ കൂടി നല്‍കേണ്ടിവരും. പേമെന്റ് ഓപ്ഷനില്‍ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് ആണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ കാര്‍ഡ് നമ്പര്‍ ഉള്‍പ്പെട്ട വിവരങ്ങള്‍ കൂടി നല്‍കേണ്ടിവരും. ഇതിനു ശേഷം പേ ഐക്കണില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇടപാട് പൂര്‍ത്തിയാകും. നിങ്ങള്‍ നല്കിയ മൊബൈല്‍ നമ്പറിലും ഇ മെയില്‍ വിലാസത്തിലുമൊക്കെ ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണവും ലഭിക്കും. അതോടെ പിറ്റേദിവസം സാധനം സുരക്ഷിതമായി വീട്ടിലെത്തിയിരിക്കും.
ഓര്‍ഡര്‍ ചെയ്ത ശേഷം അത് വേണ്ടായിരുന്നെന്ന് തോന്നിയാലോ? നിശ്ചിത സമയപരിധിക്കുള്ളില്‍ അത് ക്യാന്‍സല്‍ ചെയ്യാനുള്ള അവസരവും ലഭ്യമാണ്. എത്ര ദിവസത്തിനകം ഉല്പന്നം തങ്ങളുടെ കൈയില്‍ ലഭിക്കുമെന്ന് ബുക്ക് ചെയ്യുമ്പോള്‍ തന്നെ അറിയാം. ഓര്‍ഡര്‍ നല്കി കഴിഞ്ഞാല്‍ അതിന്റെ കാര്യങ്ങള്‍ ട്രാക്ക് ചെയ്ത് എന്തായി എന്നറിയാനുള്ള സൗകര്യവും വെബ്സൈറ്റുകള്‍ നല്‍കുന്നുണ്ട്. അതുപോലെ ഓണ്‍ലൈന്‍ വഴി വാങ്ങിയ ഒരു ഉല്പന്നം ഇഷ്ടപ്പെട്ടില്ലെങ്കിലോ ഉപയോഗക്ഷമമല്ലെങ്കിലോ പണം മടക്കി നല്കുന്ന പരിപാടിയുമുണ്ട്. സാധാരണ നിലയില്‍ ഓര്‍ഡര്‍ ചെയ്ത ഉല്പന്നങ്ങള് കയ്യില്‍ കിട്ടാന്‍ രണ്ട് മുതല്‍ രണ്ടാഴ്ചവരെ സമയമെടുക്കാറുണ്ട്. ചെറിയ സാധനങ്ങളൊക്കെയാണെങ്കില് പെട്ടെന്ന് തന്നെ ഡെലിവറി കിട്ടും. ഫര്‍ണ്ണിച്ചര്‍ പോലുള്ള വലിയ സാധനങ്ങള്‍ കിട്ടാന്‍ കുറച്ച് ദിവസമെടുത്തേക്കും. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ ഉല്പന്നം ലഭിക്കാനുള്ള ക്വിക്ക് ബൈ / സെയിം ഡേ ഡെലിവറിയൊക്കെ ചില സൈറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് നിരക്ക് കൂടുതല്‍ നല്‍കേണ്ടി വരുമെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. രണ്ടര കിലോയില്‍ താഴെ ഭാരമുള്ള ഓര്‍ഡറുകള്‍ നേരിട്ടെത്തിക്കാന്‍ ആളില്ലാതെ പറക്കുന്ന ഡ്രോണുകളുടെ സഹായത്തോടെയുള്ള ഡെലിവറി ആമസോണ്‍ ഒരുക്കുന്നുണ്ടെന്ന വാര്‍ത്തകളും ഇതിനിടെ പുറത്തുവന്നുകഴിഞ്ഞതാണ്.
വില കുറവുണ്ടോ വില!
ഉപഭോക്താക്കള്‍ നിരന്തരം ആലോചിച്ചുകൊണ്ടിരി ക്കുന്നത് തങ്ങള്‍ക്ക് എവിടെയാണ് വിലക്കുറവില്‍ സാധനങ്ങള്‍ കിട്ടുകയെന്നതാണ്. കച്ചവടം ഓണ്‍ലൈന്‍ ആയപ്പോഴും അതിന് കുറവു വന്നിട്ടില്ലെങ്കിലും ഓണ്‍ലൈനില്‍ എവിടെയാണ് വിലക്കുറവ് എന്നന്വേഷി ക്കുന്ന തിരക്കിലാണ് ആളുകള്‍. അതിനായി ചില സൂത്രങ്ങളും ചിലര്‍ കണ്ടുവെച്ചിട്ടുണ്ട്.
സമയം കിട്ടുമ്പോള്‍ ഷോപ്പിംഗിനായി കുടുംബസമേതം കടയില്‍ പോയി നോക്കും. പക്ഷേ ഒന്നും വാങ്ങില്ല. പകരം ഇഷ്ടപെട്ട സാധനങ്ങളുടെ മോഡല്‍ നമ്പര്‍ കടയില്‍ നിന്ന് സംഘടിപ്പിച്ചുകൊണ്ടുപോരും. പിന്നെ നെറ്റില്‍ ഒരു തെരയലാണ്. അതേ സാധനം ചുരുങ്ങിയത് ഒരു 30% എങ്കിലും വിലക്കുറവില്‍ വീട്ടിലെത്തും. കാശ് മാസാവസാനം ക്രെഡിറ്റ് കാര്‍ഡു വഴി ബുക്ക് ചെയ്തുകഴിഞ്ഞാല്‍ വീട്ടില്‍ കൊറിയര്‍ എത്തുന്ന സമയം വരെ സാധനങ്ങള്‍ എവിടെയെത്തിയെന്ന് നെറ്റില്‍ ട്രാക്ക് ചെയ്തുകൊണ്ടേയിരിക്കും. കൈയില്‍ കിട്ടിയാല്‍ കടയിലേക്കാളും സൗജന്യ വിലയില്‍ സാധനം വാങ്ങിയതിന്റെ ഒരാവേശം. ആനന്ദലബ്ധിക്കിനി എന്തുവേണം ഓണ്‍ലൈനിലൂടെ സാധനം വാങ്ങുന്നൊരു ഉപഭോക്താവ് തന്റെ ലാഭക്കച്ചവടത്തിന്റെ രഹസ്യം വെളിപ്പെടുത്തിയത് അങ്ങനെയാണ്.
തെരച്ചിലിനും സഹായികള്‍
ഒട്ടനവധി വെബ്സൈറ്റുകളില്‍ സാധനങ്ങള്‍ വില്പനക്കുള്ളപ്പോള് പലരും വില അന്വേഷിച്ച് തളരും! താരതമ്യത്തിനുള്ള ബുദ്ധിമുട്ടും ചില്ലറയല്ല. പക്ഷേ, ഇതിനും സഹായികളെത്തിക്കഴിഞ്ഞു. പുസ്തകങ്ങള്‍, ഫോണ്‍, തുണിത്തരങ്ങള്‍, ഷൂ എന്നുവേണ്ട ഏത് ഉല്പന്നങ്ങളും നിങ്ങള്‍ക്ക് തെരയാം. ആ സൈറ്റിലെ വില മാത്രമല്ല, മുമ്പ് അതേ ഉല്പന്നങ്ങള് അവിടെ തന്നെ എത്രക്കാണ് വിറ്റത്, മറ്റുള്ളവര്‍ വില്‍ക്കുന്നത് എത്ര രൂപക്കാണ് എന്നൊക്കെ ഇവര്‍ കാണിച്ചുതരും. ഇതിനായി ചില എക്സ്റ്റന്‍ഷനുകള്‍ തങ്ങളുടെ ഇന്റര്‍നെറ്റ് ബ്രൗസറില്‍ ഉള്‍പ്പെടുത്തേണ്ടി വരുമെന്ന് മാത്രം.
പുസ്തകങ്ങളുടെ വില താരതമ്യംചെയ്യാന്‍
http://www.indiabookstore.net
മറ്റു സാധനങ്ങള്‍ക്കായി
http://compare.buyhatke.com/
ഡിസ്കൗണ്ട് ഇല്ലേ?
ബില്‍ നല്കുന്ന വേളയില്‍ കടകളില്‍ ഡിസ്കൗണ്ട് ചോദിക്കുന്ന പരിപാടിയുണ്ടല്ലോ? അതിനും ഓണ്‍ലൈനില്‍ സൗകര്യമുണ്ട്. ഡിസ്കൗണ്ട് വിലയില്‍ ആണ് ഉല്പന്നങ്ങള് പോര്‍ട്ടലില്‍ ആദ്യം തന്നെ നമ്മള് കാണുന്നത്. വീണ്ടും ഡിസ്കൗണ്ട് വേണമെന്നുള്ളവര്‍ക്ക് കൂപ്പണ്‍ കോഡുകള്‍ ഉപയോഗപ്പെടുത്താം. ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ പേയ്മെന്റിനു മുന്നോടിയായി കൂപ്പണ്‍ കോഡുകള്‍ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ടായിരിക്കും. ഇവിടെ അനുയോജ്യമായ കോഡ് നല്‍കുന്നതോടെ ബില്ലിംഗില്‍ വീണ്ടും ഡിസ്കൗണ്ട് ലഭിക്കും. ഡിസ്കൗണ്ട് കൂപ്പണുകളും ക്യാഷ് ബാക്ക് ഓഫറുകളുമൊക്കെ നല്കാന് വേണ്ടി മാത്രമുള്ള സൈറ്റുകളുണ്ട്. കൂപ്പണിംഗ് സൈറ്റുകള്‍ എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. ഇവയില്‍ ചെന്ന് നോക്കിയാല്‍ ഓഫറുകള്‍ ഒരുപാട് കണ്ടെത്താം.
www.freecharge.com, www.paytm.com, www.coupondunia.com, www.getextrabux.com, www. groupon.com
തുടങ്ങിയവ ഏതാനും ഉദാഹരണങ്ങള്‍ മാത്രം. അതുവഴി ഓണ്‍ലൈന്‍ കടയിലേക്ക് കടന്ന് സാധനങ്ങള്‍ വാങ്ങാം. അങ്ങനെ വരുമ്പോള്‍ പറഞ്ഞ തുക ഡിസ്കൗണ്ട് ചെയ്യുകയോ ക്യാഷ് ബാക്കായി നല്‍കുകയോ ചെയ്യും. മൊബൈല്‍ പ്രീ പെയ്ഡ് മാത്രമല്ല, പോസ്റ്റ് പെയ്ഡ് ബില്ലുകള്‍, ഡിടിഎച്ച് ബില്ലുകള്‍, പ്രീ പെയ്ഡ് ഡാറ്റാ കാര്‍ഡ് റീചാര്‍ജ് ഒക്കെ ഇങ്ങനെയുള്ള സൈറ്റുകള്‍ പണമടച്ച് ഡിസ്കൗണ്ടുകള്‍ നേടാന്‍ സാധിക്കും.
ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ 15 ശതമാനം വരെ അധികലാഭം കിട്ടാന്‍ സഹായിക്കുന്ന കാഷ് ബാക്ക് സൈറ്റുകളുമുണ്ട്. ഇതില്‍ രജിസ്റ്റര്‍ ചെയ്തശേഷം അതുവഴി ഉല്പന്നം വാങ്ങാന്‍ ആഗ്രഹിക്കുന്ന സൈറ്റില്‍ പോയി ഉല്പന്നങ്ങള് വാങ്ങിയാല്‍ നേട്ടം സ്വന്തമാക്കാം. ക്യാഷ്ബാക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മൂന്നുദിവസത്തിനകം സൈറ്റുകള്‍ നമ്മെ അറിയിക്കുകയും പണം ഒരു മാസം കഴിയുമ്പോള്‍ നമ്മുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയുമാണ് പതിവ്. ഈ പണം ആവശ്യാനുസരണം നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനുള്ള സൗകര്യവും കിട്ടും.cashkaro.com, topcashback.in തുടങ്ങിയവ ക്യാഷ് ബാക്ക് സൈറ്റുകള്‍ക്ക് ഉദാഹരണങ്ങളാണ്.
സെക്കന്റ് ഹാന്‍ഡ് ഉല്പന്നങ്ങളുടെയും വിപണി
പുതിയ ഉല്പന്നങ്ങള് മാത്രമല്ല സെക്കന്റ് ഹാന്‍ഡ് ഉല്പന്നങ്ങളുടെ വില്പനയും ഓണ്‍ലൈനില്‍ പൊടിപൊടിക്കുകയാണ്. ആളുണ്ടെങ്കില്‍ എന്തും ഏതും വില്‍ക്കാം; വാങ്ങാം. ക്വിക്കര്‍, ഒ.എല്‍.എക്സ്, കാര്‍ഡെക്കോ, കാര്‍ട്രേഡ്, കാര്‍വെയ്ല്‍, ഗാഡി ഡോട്ട് കോം തുടങ്ങി നിരവധി സൈറ്റുകള്‍ സെക്കന്‍ഡ് ഹാന്‍ഡ് ഉല്പന്നങ്ങളുടെ വില്പനക്കായി മാത്രമുണ്ട്.
വില്പന എളുപ്പത്തില്‍ നടക്കുന്നുവെന്നത് മാത്രമല്ല മികച്ച ലാഭവും ഉപഭോക്താവിന് അനുഭവിക്കാം എന്നതാണ് ഇത്തരം സൈറ്റുകള്‍ ഏറെ ആകര്‍ഷകമാകുന്നതിന് കാരണം. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വില്പനക്കുള്ളവയുടെ ഏതാനും ഫോട്ടോകള്‍ അപ്ലോഡ് ചെയ്ത് ചെറിയ വിവരണവും ബന്ധപ്പെടേണ്ട നമ്പറും നല്കിയാല് കാര്യങ്ങള്‍ പൂര്‍ത്തിയായി.
വാഹന വില്പനയാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതലായി നടക്കുന്നത്. ബ്രോക്കര്‍ അല്ലെങ്കില്‍ ഷോറൂമുകള്‍ വഴി വില്ക്കുമ്പോള് സാധാരണയായി ഉടമ പ്രതീക്ഷിക്കുന്ന വിലയുടെ അടുത്തുപോലും ലഭിക്കാറില്ല. പെട്ടെന്ന് വാഹനം വിറ്റുപോകണം എന്നുമില്ല. ഒടുവില്‍ കിട്ടിയ വിലക്ക് വില്ക്കാന് തയാറാകും. ഇത്തരം ഇടപാടുകള്‍ പലപ്പോഴും നഷ്ടത്തിലാകും കലാശിക്കുന്നത്. ഇടനിലക്കാര്‍ വമ്പന്‍ ലാഭമെടുക്കുന്നതാണ് കാരണം. കമ്മീഷന് കാശ് വേറെയും കൊടുക്കേണ്ടി വരും. എന്നാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കാറിന്റെ ഉടമയും വാങ്ങുന്നയാളും നേരിട്ടാണ് കരാര്‍ ഉറപ്പിക്കുന്നത്. ഇടയില്‍ മറ്റാരുമില്ല.
വില്‍ക്കുന്നവരെപ്പോലെ തന്നെ വാങ്ങുന്നവര്‍ക്കും ഓണ്‍ലൈന്‍ ഇടപാട് കൂടുതല്‍ പ്രയോജനകരമാണ്. യൂസ്ഡ് വാഹനങ്ങളുടെ വലിയൊരു ലോകമാണ് ഓണ്‍ലൈനില്‍ ഉള്ളതെന്നതിനാല്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. ഉടമയോട് നേരിട്ട് സംസാരിച്ച് വിലപേശി കച്ചവടം ഉറപ്പിക്കുകയും ചെയ്യാം. സാമര്‍ത്ഥ്യം കൂടുതലുള്ളവര്‍ക്ക് വാങ്ങിയ വിലയെക്കാള്‍ കൂടിയ വിലയില്‍ മറിച്ചുവില്‍ക്കുകയും ചെയ്യാം. തൊഴില്‍ പ്രതിസന്ധി ഒഴിവാക്കാനായി വാഹന ബ്രോക്കര്‍മാരും ഇത്തരം സൈറ്റുകളില്‍ പോസ്റ്റിട്ട് കാത്തിരിക്കുകയാണ് വില്പനക്കായി. അതേസമയം, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് പ്രയോജനപ്പെടുത്തുന്ന മറ്റു ചില വിഭാഗങ്ങള്‍ കൂടിയുണ്ട്. പരസ്യം പോസ്റ്റ് ചെയ്യുന്നവര്‍ക്ക് കാര്‍ ഷോറൂമുകളില്‍ വിളി നേരിട്ടെത്തുന്നു; വിറ്റിട്ട് ഏത് കാറാണ് വാങ്ങുന്നത് എന്നറിയാന്‍. ഒപ്പം വെഹിക്കിള്‍ ഫിനാന്‍സ് കമ്പനികളുമുണ്ട് ഇതേ പാതയില്‍.
കാര്‍ വായ്പ ഓണ്‍ലൈന്‍ ആക്കിയാണ് ബാങ്കുകള്‍ ഉപഭോക്താക്കളെ ഞെട്ടിച്ചത്. 10 ലക്ഷം രൂപയുടെ പ്രീ അപ്രൂവ്ഡ് കാര്‍ ലോണിനുള്ള അറിയിപ്പ് എസ്.എം.എസ്/ ഇ മെയില്‍ വഴി ഇനി ബാങ്കില്‍ നിന്ന് കിട്ടിയാല്‍ ഞെട്ടേണ്ട. ഏതു കാര്‍, ഏതു ഡീലര്‍ എന്നൊക്കെയുള്ള വിവരങ്ങള്‍ ഓണ്‍ലൈനായി പൂരിപ്പിച്ച് നല്കിയാല് മാത്രം മതി. വായ്പ അനുവദിച്ചാല്‍ ബന്ധപ്പെട്ട ഡീലര്‍ നിങ്ങളെ സമീപിക്കും. രേഖകളില്‍ ഒപ്പിട്ടു നല്കാന് മാത്രം നേരിട്ട് ബാങ്കിലെത്തിയാല് മതി!
വാങ്ങിയാല്‍ മാത്രം മതിയോ?
ഓണ്‍ലൈന്‍ വിപണി വാങ്ങാന്‍ വേണ്ടി മാത്രമുള്ളതാ ണെന്ന് വിചാരിച്ചേക്കരുത്. അത് വില്പനക്കുള്ളതും കൂടിയാണ്. അതിനായി ഫ്ളിപ്പ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ 'വില്പനശാല'കളില്‍ രജിസ്റ്റര്‍ ചെയ്യണം. ചിലത് രജിസ്ട്രേഷന് ഫീസ് ഈടാക്കുന്നുണ്ടെങ്കിലും സൗജന്യമായുള്ളതുമുണ്ട്. ചെറുകിട ഉല്പാദകര്, കുടുംബശ്രീ അടക്കമുള്ള കൂട്ടായ്മകള്‍ അവര്‍ക്കൊക്കെ ഈ മാര്‍ക്കറ്റ് പ്ലേസില്‍ തങ്ങളുടെ ഉല്പന്നം വില്പനക്ക് വെക്കാം. തീരെ ശേഷി കുറഞ്ഞ സാഹചര്യത്തിലെ ഉല്പാദനശാല ആണെങ്കില്‍ പോലും ഗുണനിലവാരവും മെച്ചപ്പെട്ട വില്പനാനന്തര സേവനവും കൈമുതലായി ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും കാര്യമായ അവസരങ്ങള്‍ ഈ മാറിയ സാഹചര്യത്തിലുണ്ട്. അതല്ലെങ്കില്‍ സ്വന്തം നിലക്കുമാവാം വെബ്സൈറ്റ്. കേരളത്തില്‍ നിന്ന് നിരവധി പേര് ഓണ്‍ലൈന്‍ വില്പനയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. പ്രമുഖ കമ്പനികള്‍ക്ക് പുറമെ സ്വകാര്യ വ്യക്തികളും നല്ല രീതിയില്‍ ബിസിനസുകള്‍ കരസ്ഥമാക്കുന്നത് ഓണ്‍ലൈനിലൂടെയാണ്.
മുംബൈ ബാന്ദ്രയില്‍ ചായക്കച്ചവടം ഓണ്‍ലൈനായ പ്പോള്‍ കൊച്ചിയിലും ബാംഗ്ലൂരിലുമൊക്കെ നാടന്‍ ഭക്ഷണം കൊണ്ട് വിപണിയില്‍ മാറ്റമുണ്ടാക്കുകയാണ് മലയാളികളായ വനിതകള്‍. മസാലബോക്സ്.കോം, യമ്മി കിച്ചണ്‍സ്.ഇന്‍ എന്നിവ ഉദാഹരണങ്ങളാണ്. കേക്കുകളും മാലയും വളയുമൊക്കെ തീര്‍ത്ത് മറ്റൊരു കൂട്ടം വനിതകളും ഓണ്‍ലൈനില്‍ വിജയഗാഥ രചിക്കുന്നുണ്ട്. മാസം 25,000 രൂപ മുതല്‍ 50,000 രൂപ വരെ ഇതില്‍ സംരംഭകരായ വീട്ടമ്മമാര്‍ ഒരു മാസം സമ്പാദിക്കുന്നുമുണ്ട്. മാറി ചിന്തിക്കുന്ന ആര്‍ക്കും വില്‍പ്പനയില്‍ പുതുമയുള്ള മാര്‍ഗങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കും ഓണ്‍ലൈന്‍ വിപണി പരീക്ഷിക്കാമെന്നതാണ് സത്യം. നിങ്ങളുടെ കഴിവുകള്‍ വിറ്റ് കാശാക്കാന്‍ ഇതിലും പറ്റിയ സമയവും സാഹചര്യവും വേറെയുണ്ടാകില്ല.
ചുരിദാര്‍ ഭാവനയെ കുടുക്കി!
എല്ലാവരും പറയുന്നു ഓണ്‍ലൈന്‍ ഷോപ്പിംഗ് ഒരു സംഭവമാണ്. ശരി, എങ്കില്‍ ഞാനും ഒരു കൈ നോക്കിക്കളയാമെന്ന ഭാവത്തിലാണ് ഭാവന ഫ്ളിപ്കാര്ട്ടിലെത്തി ഒരു ചുരിദാര്‍ തെരയാന്‍ തുടങ്ങിയത്. വെറുതെ ഒരു രസത്തിന് നോക്കിയതാണ്. പക്ഷേ, വാങ്ങാനൊന്നും പോയില്ല. തുടര്‍ന്ന് തനിക്ക് വന്ന ഇമെയിലുകളൊക്കെ പരിശോധിച്ച് കമ്പ്യൂട്ടര്‍ ഷട്ട്ഡൗണ്‍ ചെയ്യുകയും ചെയ്തു.
പിന്നെ രാത്രിയാണ് വീണ്ടും കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തത്. നെറ്റില്‍ കയറി പഠിക്കാനുള്ള വിഷയങ്ങള്‍ തെരയുന്നതിനിടെ നേരത്തെ കണ്ട ചുരിദാര്‍ മോഡലുകളുടെ പരസ്യങ്ങള്‍ സൈറ്റില്‍ ചുറ്റുംനിറയുന്നു. മനസ്സ് പഠനം വിട്ട് വീണ്ടും ചുരിദാറിലേക്ക് എത്തുമെന്ന് കണ്ട ഭാവന വേറെ സൈറ്റെടുത്ത് നോക്കി. പക്ഷേ, അവിടെയും നേരത്തെ നോക്കിയ ചുരിദാര്‍ മോഡലുകള്‍. പിന്നീട് എടുത്തുനോക്കിയ സൈറ്റുകളിലൊക്കെ തന്റെ മനസ്സിനെ കൊതിപ്പിച്ച ചുരിദാര്‍ മോഡലുകള്‍ തന്നെ. ഇത് വല്ലാത്തൊരു പൊല്ലാപ്പായി മാറുമെന്ന് ഭാവന ഒരിക്കലും കരുതിയിരുന്നില്ല.
ചുരിദാറിന് ഓര്‍ഡര്‍ ചെയ്യാത്തതുകൊണ്ടു തന്നെ പണം പോയില്ല എന്ന് വയ്ക്കാം. പക്ഷേ, ഏതൊരു വെബ്സൈറ്റ് സന്ദര്‍ശിച്ചാലും ചുരിദാര്‍ നിങ്ങളെക്കൊണ്ട് വാങ്ങിപ്പിച്ചേ അടങ്ങൂ എന്ന വാശിയില്‍ ഫ്ളിപ്പ്കാര്‍ട്ടിലേക്ക് വഴികാട്ടുന്ന പരസ്യങ്ങള്‍. വെബില്‍ പലരും അനുഭവിച്ച അല്ലെങ്കില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു 'പ്രശ്ന'മാണിത്.
എനിക്ക് എന്തുവേണമെന്നത് ഈ സൈറ്റായ സൈറ്റുകളൊെക്ക എങ്ങനെ അറിഞ്ഞു? അത്ഭുതപ്പെ ടാന്‍ വരട്ടെ, അവിടെയാണ് റീമാര്‍ക്കറ്റിംഗ് എന്ന പുതുതന്ത്രത്തിന്റെ കാണാച്ചരടുകള്‍ നിങ്ങളെ അറിയാ തെ നിയന്ത്രിച്ചു നിര്‍ത്തുന്നത്. മാര്‍ക്കറ്റിംഗ് എന്നത് ആര്‍ക്കുമറിയാം. റീമാര്‍ക്കറ്റിംഗ് എന്നാല്‍ മാര്‍ക്കറ്റ് ചെയ്യപ്പെടാതെ പോയത് വീണ്ടും ചെലവാക്കാനുള്ള സൂത്രമാണ് ഇവിടെ കമ്പനികള്‍ പയറ്റുന്നത്.
സ്ത്രീകള്‍ ഓണ്‍ലൈന്‍ വിപണിയുടെ ജീവനാഡി
ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ തലവര തിരുത്തിക്കുറിക്കുന്നത് സ്ത്രീകളാണ്. കാശ് ചെലവാക്കുന്നതില്‍ മാത്രമല്ല, അത് വളരെ കൃത്യതയോടെ ചെലവഴിച്ചാണ് സ്ത്രീകള്‍ മുന്‍നിരയിലെത്തുന്നത്. പ്ലാസ്റ്റിക് മണിയുടെ ഉപയോഗം ഏറ്റവും കൂടുതല്‍ നടത്തുന്നത് വനിതകളാണ്. മൊബൈല്‍ ആപ്പുകളും ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലുകളുമൊക്കെ ഉപയോഗിക്കുന്നതിലും ഇവര്‍ തന്നെയാണ് മുന്നില്‍. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് പുറമെ ഒരാഴ്ച 47 മണിക്കൂറാണ് സ്ത്രീകള്‍ ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്നതെങ്കില്‍ പുരുഷന്മാര് അത് വെറും 28 മണിക്കൂര്‍ മാത്രമാണ്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം 98 ശതമാനമാണ്. പുരുഷന്മാരാകട്ടെ 81 ശതമാനവും.
ഇന്ത്യയിലെ ജനങ്ങളെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഏറ്റവും കൂടുതല്‍ പ്രേരിപ്പിച്ചത് ഓണ്‍ലൈന്‍ ഷോപ്പിംഗ്! രണ്ടാം സ്ഥാനം മാത്രമേ സോഷ്യല്‍ നെറ്റ്വര്ക്കിംഗിനുള്ളൂ. ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ ഈയിടെ നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തല്‍. ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ സ്വാധീനമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ 98 ശതമാനത്തെയും പ്രേരിപ്പിച്ചത്. ഓണ്‍ലൈന്‍ ഉപഭോക്താക്കളെക്കുറിച്ച് മനസ്സിലാക്കാന്‍ അമേരിക്കന്‍ എക്സ്പ്രസും നീല്‍സണും ചേര്‍ന്ന സര്‍വെയിലാണ് ഈ വെളിപ്പെടുത്തല്‍.
ഓഫര്‍ പ്രഖ്യാപന ദിവസങ്ങളിലാണ് 60 ശതമാനവും ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തിയിട്ടുള്ളത്. സര്‍വെയില്‍ പങ്കെടുത്ത 40 ശതമാനം പേര് കാഷ് ബാക്ക് ഓഫറുള്ളപ്പോഴും 38 ശതമാനം ഡിസ്കൗണ്ട് കൂപ്പണുകളുള്ളപ്പോഴും 35 ശതമാനം മറ്റ് സൗജന്യ സമ്മാനങ്ങളുള്ളപ്പോഴുമാണ് ഓണ്‍ലൈന്‍ പര്ച്ചേസിനായെത്തിയത്.
ഷോപ്പിംഗിന് എത്തിയ 70 ശതമാനം പേരും കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടിലൂടെയാണ് ഉല്പന്നങ്ങള് സ്വന്തമാക്കിയത്. കാഷ് ഓണ്‍ ഡെലിവറിക്ക് അവര്‍ അത്ര പ്രിയം കാട്ടിയില്ല. ഓര്‍ഡര്‍ ചെയ്യുന്ന സമയത്തുള്ള വീഴ്ച മൂലം റീഫണ്ടിംഗ് വേണ്ടി വന്നാല്‍ സുഗമമായി നടക്കുന്നതാണ് കാര്‍ഡ് വഴിയുള്ള പണമിടപാടിന് ഉപഭോക്താക്കള്‍ പ്രാമുഖ്യം നല്കാന് കാരണം. പുരുഷന്മാരെ പിന്തള്ളി സ്ത്രീകളാണ് കാര്‍ഡ് ഉപയോഗിച്ച് ഉല്പന്നങ്ങള് വാങ്ങുന്നതില്‍ മുന്നിട്ടുനിന്നത്. അതേസമയം, പുരുഷന്മാരുടെ വസ്ത്രങ്ങളും ചെരുപ്പുകളുമാണ് ചുരുങ്ങിയ ഇടവേളകളില്‍ ഏറ്റവുമധികം വാങ്ങിയിട്ടുള്ളത്.
വ്യവസായ സംഘടനായ അസോചം നടത്തിയ പഠനത്തില്‍ 2015 ല്‍ 55 മില്യണ്‍ ഉപഭോക്താക്കളാണ് ഓണ്‍ലൈന്‍ പര്ച്ചേസിനായ് വിവിധയിടങ്ങളിലെത്തിയത്. ഈ വര്‍ഷം അവരുടെ എണ്ണം 80 മില്യണിലേക്ക് കുതിക്കുമെന്നാണ് വിലയിരുത്തല്‍. മൊബൈല്‍ ഫോണ്‍ വഴി ഇ കൊമേഴ്സ് കച്ചവടം നടന്നത് 11 ശതമാനമായിരുന്നു. എന്നാല്‍ 2017 ആവുമ്പോഴേക്കും കാല്‍ഭാഗം ഓണ്‍ലൈന്‍ കച്ചവടവും മൊബൈല്‍ഫോണ്‍ വഴിയായിരിക്കും. നിലവില്‍ 25 ബില്യണ്‍ ഡോളറിന്റെ കച്ചവടം നടക്കുന്ന ഇകൊമേഴ്സ് സൈറ്റുകളില്‍ 35 മുതല്‍ 40 ശതമാനം വളര്‍ച്ച ഓരോ വര്ഷവുമുണ്ടാകുന്നുണ്ട്. അഞ്ചുവര്‍ഷത്തിനുള്ളില്‍ 100 ബില്യണ്‍ ഡോളറിന്റെ പരിധി കടക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞവര്‍ഷം നടത്തിയ മറ്റൊരു പഠനത്തില്‍ ചെന്നൈ നഗരത്തില്‍ 38 ശതമാനം ഉപഭോക്താക്കളും ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നവരാണെന്ന് കണ്ടെത്തിയിരുന്നു. ബംഗളൂരുവില്‍ ഇത് 25-35 ശതമാനമാണ്. ഇക്കൊല്ലം അവസാനത്തോടെ ഇത് 50-55 ശതമാനമാകുമെന്നാണ് വിലയിരുത്തല്‍. വിവിധ സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ വാങ്ങലുകള്‍ക്ക് കല്പിച്ചിരുന്ന ഭ്രഷ്ട് ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ ഇല്ലാതാകുമെന്നാണ് കരുതുന്നത്. അത് ഓണ്‍ലൈന്‍ പര്‍ചേസിന്റെ തലവിധി തിരുത്തുന്നതായാല് നല്ലത്.
ഭാവിയിലെ വാങ്ങലുകള്‍
ഇനി അടുത്ത ഭാവിയില്‍ പോര്‍ട്ടലുകളും കാണിക്കും ചില അടവുകള്‍. ലോഗിന്‍ ചെയ്യുന്ന ഉപയോക്താവിന്റെ പൂര്‍വകാല വാങ്ങല്‍ ചരിത്രം അപഗ്രഥിച്ചാവും ഉടനടി ഉല്പന്നങ്ങള്ക്ക് വിലയിടുന്നത്. ഓഫറുകളും ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കാം. ഉപഭോക്താവിന്റെ ശീലങ്ങളും താമസസ്ഥലവുമൊക്കെ മാറുന്നതനുസരിച്ച് വിലകള്‍ മാറിമറിയും. സാധനങ്ങള്‍ വാങ്ങാനായി പോര്ട്ടലുകളിലെത്തുന്ന ഉപയോക്താവ് നല്കുന്ന വിവരങ്ങളും വാങ്ങുന്ന സാധനങ്ങളുടെ ലിസ്റ്റും വിലയുമൊക്കെ ഡാറ്റാ അനാലിസിസിന് വിധേയമാക്കപ്പെടും. സങ്കീര്‍ണ്ണമായ അല്‍ഗരിതത്തിന്റെ സഹായത്തോടെ ഞൊടിയിടയില്‍ അപഗ്രഥിച്ച് വിവരങ്ങള്‍ നല്കിയാല് ഡൈനാമിക് പ്രൈസിംഗ് രീതികള്‍ ഓരോരുത്തര്‍ക്കായി മുന്നില്‍ അവതരിപ്പിക്കപ്പെടും. ഉദാഹരണത്തിന് പഞ്ചസാര കൂടുതല്‍ വാങ്ങുന്ന ഒരാള്‍ക്ക് അടുത്ത പ്രാവശ്യം സൈറ്റിലെത്തുമ്പോള്‍ അതിന് കൂടുതല്‍ ഓഫറുകള്‍ കിട്ടിയേക്കാം. എന്നു കരുതി എല്ലാവര്ക്കും കിട്ടുകയുമില്ല.
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍
1. www.flipkart.com 2. www.amazone.in
3. www.ebay.in 4. www.snapdeal.com
5. www.homeshop18.com 6. www.jabong.com
7. www.myntra.com 8. www.junglee.com
9. www.myntra.com 10. www.shopclues.com
11. www.localbanya.com 12. www.infibeam.com
13. www.firstcry.com 14. www.urbanladder.com
ഓണ്‍ലൈന്‍ വിപണിയില്‍ ഓര്‍ത്തിരിക്കേണ്ടത്
ഓണ്‍ലൈനില്‍ വില്പനക്കായി നൂറുകണക്കിന് വെബ്സൈറ്റുകളുണ്ട്. അതില്‍നിന്ന് വിശ്വസ്തരായവരെ മാത്രം ഇടപാടുകള്‍ക്കായി സമീപിക്കുക.
അവിശ്വസനീയ ഓഫറുകള്‍ പ്രഖ്യാപിക്കുന്നവരെ ഗൗരവത്തോടെ വേണം സമീപിക്കാന്‍. യുക്തിക്ക് നിരക്കാത്തതാണെങ്കില്‍ എത്ര ആകര്‍ഷകമെങ്കിലും ഓര്‍ഡറുകള്‍ നല്‍കരുത്.
വിവിധ ഇ കൊമേഴ്സ് സൈറ്റുകളിലെ വിലനിലവാരം താരതമ്യം ചെയ്ത് കൃത്യമായ വില മനസ്സിലാക്കി സാധനം ഓര്‍ഡര്‍ ചെയ്യുക. അതോടൊപ്പം സാധനം ഉപഭോക്താവിന്റെ പക്കലെത്തിക്കുന്നതിന് ഷിപ്പിംഗ് ചാര്‍ജ് ഉണ്ടോ എന്ന കാര്യം കൂടി നോക്കണം.
പുതിയതും പഴയതും ഉപയോഗിച്ചതുമായ ഉല്പന്ന ങ്ങളും ഓക്ഷന് (ലേലം) ഐറ്റങ്ങളും ഒരേ പോര്‍ട്ടലില്‍ തന്നെ കണ്ടേക്കാം. കാശ് കുറവാണെന്ന് കരുതി ഓര്‍ഡര്‍ ചെയ്താല്‍ പുതിയ സാധനം ലഭിക്കേണ്ടിടത്ത് ചിലപ്പോള്‍ നമ്മുടെ അശ്രദ്ധകൊണ്ട് സെക്കന്റ് ഹാന്‍ഡ് ഉല്പന്നങ്ങള് വീട്ടിലെത്തിയേക്കാം.
വിലക്കുറവ് മാത്രം അടിസ്ഥാനമാക്കി സാധനങ്ങള്‍ തെരഞ്ഞെടുക്കരുത്. ഒരു കമ്പനിയുടെ ഉല്പന്നമാണെങ്കിലും ഒരു മോഡലിന് പല വേരിയന്റുകളും ഉണ്ടാകും. സ്പെസിഫിക്കേഷന്‍ അനുസരിച്ച് വിലയിലും വ്യത്യാസം വരും. ഓര്‍ഡര്‍ നല്‍കും മുമ്പ് ഇക്കാര്യങ്ങള്‍ മനസ്സിലുണ്ടാകണം.
ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ആര്‍ക്കും രജിസ്റ്റര്‍ ചെയ്ത് സാധനങ്ങള്‍ വില്‍ക്കാമെന്നിരിക്കെ നമ്മള് വാങ്ങുന്ന കമ്പനിയെക്കുറിച്ചും വില്‍പനക്കാരെക്കുറിച്ചും നല്ല ബോധ്യമുണ്ടാവണം. പോര്‍ട്ടല്‍ നല്കുന്ന സെല്ലര്‍ റേറ്റിംഗും മുമ്പ് സാധനം വാങ്ങിയവര്‍ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന കമന്റുകളും പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ നിങ്ങള്‍ക്കൊരു തീരുമാനമെടുക്കാം.
ഉല്പന്നങ്ങള് വാങ്ങുമ്പോള്‍ അവയുടെ സ്പെസിഫിക്കേഷന്‍, ഗ്യാരണ്ടി, വാറന്റി, ഫീച്ചറുകള്‍, മോഡല്‍, പ്രോഡക്ട് കണ്ടീഷന്‍ തുടങ്ങിയവ കൃത്യമായി മനസ്സിലാക്കണം. പൊട്ടിപ്പോവുന്ന സാധനങ്ങളാണെങ്കില്‍ അവക്ക് ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടോ എന്ന കാര്യവും ആദ്യം തന്നെ അറിഞ്ഞിരിക്കണം.
ഓര്‍ഡര്‍ നല്കിയ, അല്ലെങ്കില്‍ ഉദ്ദേശിച്ച സാധനമല്ല ലഭിച്ചതെങ്കില്‍ ഉടന്‍ അതത് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ കസ്റ്റമര്‍ കെയറില്‍ പരാതി നല്‍കണം. അതേസമയം, ഡെലിവറി കിട്ടുമ്പോള്‍ പാക്കറ്റ് തുറന്ന രൂപത്തില്‍ കണ്ടാല്‍ അത് ഒരിക്കലും കൈപ്പറ്റരുത്.
ഓര്‍ഡര്‍ നല്‍കും മുമ്പ് ഇ കൊമേഴ്സ് സൈറ്റുകളുടെ റീഫണ്ട് / റിട്ടേണ്‍ പോളിസികള്‍ പൊതുവില്‍ മനസ്സിലാക്കി വെക്കുന്നത് നല്ലതാണ്.
വിവിധ ഷോപ്പിംഗ് സൈറ്റുകളുടെ സോഷ്യല്‍ മീഡിയയില്‍ നിലവിലുള്ള പേജ് ലൈക്ക് ചെയ്താല്‍ അവയുടെ ഏറ്റവും പുതിയ ഓഫറുകള്‍ പെട്ടെന്ന് അറിയാന്‍ കഴിയും.
കളി ഓണ്ലൈനിലായതു കൊണ്ടുതന്നെ ചതി പറ്റാനുള്ള സാധ്യതയുണ്ടെന്ന കാര്യം ഓര്മ വേണം. പണം നല്‍കാനായി കാര്‍ഡ് വിവരങ്ങളൊക്കെ നല്‍കും മുമ്പ് തങ്ങള്‍ കയറിയ വെബ്സൈറ്റ് സുരക്ഷിതമാണോ എന്നൊക്കെ അറിയണം. ബ്രൗസറില്‍ വെബ്സൈറ്റിന്റെ വിലാസം മര്ര്ഹറ എന്നാണോ തുടങ്ങുന്നതെന്ന് ശ്രദ്ധിക്കുക. അതിന് ഇടതുവശത്തായി ഒരു പച്ച നിറത്തിലുള്ള താഴിന്റെ ചിത്രവും ഉണ്ടോ എന്നും ഉറപ്പുവരുത്തണം.