'എട്ടില്‍ തറയില്‍' അന്നും പെണ്ണുകാണാന്‍ ആള്‍ വന്നിട്ടുണ്ട്. ആ മാസത്തില്‍ അത് നാലാമത്തെ ആളാണ്. ഇപ്പോള്‍ വന്നിരിക്കുന്നത് നിലമ്പൂര്‍കാരാണത്രെ'. തകഴിയുടെ രണ്ടിടങ്ങഴി എന്ന നോവല്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്. പെണ്ണുകാണല്‍ നമ്മുടെ ജീവിതത്തിലെ സുപ്രധാനമായ ഒരു ചടങ്ങാണ്. തകഴി പറയുന്ന പെണ്ണുകാണല്‍ പെണ്ണിന്റെ കുടുംബത്തിന് നെല്ലും
'എട്ടില്‍ തറയില്‍' അന്നും പെണ്ണുകാണാന്‍ ആള്‍ വന്നിട്ടുണ്ട്. ആ മാസത്തില്‍ അത് നാലാമത്തെ ആളാണ്. ഇപ്പോള്‍ വന്നിരിക്കുന്നത് നിലമ്പൂര്‍കാരാണത്രെ'. തകഴിയുടെ രണ്ടിടങ്ങഴി എന്ന നോവല്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്. പെണ്ണുകാണല്‍ നമ്മുടെ ജീവിതത്തിലെ സുപ്രധാനമായ ഒരു ചടങ്ങാണ്. തകഴി പറയുന്ന പെണ്ണുകാണല്‍ പെണ്ണിന്റെ കുടുംബത്തിന് നെല്ലും പൊന്‍പണവും കൊടുത്ത് പെണ്ണിനെ വേള്‍ക്കുന്ന കുട്ടനാട്ടിലെ അധഃസ്ഥിതരുടെ വിവാഹരീതിയിലെ പെണ്ണുകാണലിനെക്കുറിച്ചാണ്. സ്ത്രീധനം നമ്മുടെ മിക്ക ജനവിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നത് നേരെ തിരിച്ചാണ്.
പെണ്ണുകാണല്‍ ഏത് ആണിന്റെയും പെണ്ണിന്റെയും ജീവിതത്തെ നിര്‍ണയിക്കുന്ന മുഹൂര്‍ത്തമാണ്. പെണ്ണുകണ്ടുപോയ ചെക്കന്റെ ഉത്തരം ഒരു പരീക്ഷാഫലം പോലെയാണ്. ചെക്കന്റെ മാത്രമല്ല ചിലപ്പോള്‍ പെണ്ണിന്റെയും. ആ ഉത്തരത്തിന്, അത് ആണിന്റെതായാലും പെണ്ണിന്റെതായാലും അവരുടെ ജീവിതത്തില്‍ ഒരു പരീക്ഷാ റിസല്‍ട്ടിനേക്കാള്‍ പ്രാധാന്യമുണ്ടാവും.
ഇങ്ങനെ ഒറ്റക്കാഴ്ചകൊണ്ട് തീരുമാനിക്കേണ്ടതാണോ ഒരു മുഴുജീവിതത്തിലെ പങ്കാളിയെ? ഇത്ര ചെറിയ ഒരു ചോദ്യംകൊണ്ട് മനസ്സിലാക്കാന്‍ കഴിയുന്നതല്ല പെണ്ണുകാണല്‍ എന്ന സാമൂഹ്യ സംവിധാനം. കുടുംബങ്ങള്‍ തമ്മിലുള്ള പൊരുത്തവും തൃപ്തിയുമാണ് വിവാഹത്തിന്റെ അടിത്തറ എന്നതിനുമുകളിലാണ് ഇന്നത്തെ പെണ്ണുകാണല്‍ എന്ന സങ്കല്‍പം പടുത്തുയര്‍ത്തിയിരിക്കുന്നത്. രണ്ടു കുടുംബങ്ങള്‍ പരസ്പരം പഠിച്ചോ നേരത്തെയുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലോ തൃപ്തിപ്പെട്ട ശേഷം വിവാഹിതരാവാന്‍ പോവുന്നവര്‍ പരസ്പരം കാണുക എന്ന ലളിതമായ ചടങ്ങാണിത്. ഇതിന്റെ ആശയ ഗാംഭീര്യം പ്രമുഖ ഇസ്‌ലാമിക ചിന്തകനായ സയ്യിദ് ഹുസൈന്‍ നസര്‍ ഇങ്ങനെ വിവരിക്കുന്നുണ്ട്. സ്ത്രീ സ്വയം ഒരു ഭര്‍ത്താവിനെ തെരഞ്ഞുപിടിക്കേണ്ടതില്ല തന്റെ അഴക് പ്രദര്‍ശിപ്പിച്ച് ഒരു ഭാവി വരനെ വലവീശിപ്പിടിക്കാന്‍ ഒരായിരം പദ്ധതികള്‍ നടപ്പിലാക്കേണ്ടതുമില്ല. ശരിയായ സമയത്ത് വേണ്ടും വണ്ണം മെനക്കെട്ട് ഒരു വരനെ നേടിയില്ലെങ്കില്‍ അവസരം നഷ്ടപ്പെടുമെന്ന കഠിനമായ ആകുല ചിന്തയില്‍ നിന്ന് മുസ്‌ലിം വനിത വിമുക്തയാണ്. സ്വന്തം സ്‌ത്രൈണ പ്രകൃതിയോട് കൂറുപുലര്‍ത്താന്‍ കുറെക്കൂടി കഴിയുന്നതു കൊണ്ട് വീട്ടിലിരുന്ന് ഉചിത ബന്ധത്തെ കാത്തിരിക്കുകയേ അവള്‍ ചെയ്യേണ്ടൂ. മതപരമായ ചുമതല, ഇരു കക്ഷികളുടെയും ചിരസ്ഥിതമായ കുടുംബപരവും സാമൂഹികവുമായ പൊരുത്തം എന്നിവയില്‍ പടുത്തുയര്‍ത്തപ്പെട്ടതുകൊണ്ട് കുറെക്കൂടി സ്ഥായിയായ ദാമ്പത്യത്തിലേക്കാണത് നയിക്കുക. താല്‍ക്കാലികമായ മനോവികാരത്തില്‍ അധിഷ്ഠിതവും സ്ഥിരബന്ധങ്ങളിലേക്കു വികസിക്കാത്തതുമായ വിവാഹബന്ധങ്ങളെക്കാള്‍ ഇത്തരം വിവാഹങ്ങള്‍ക്കു കെട്ടുറപ്പുണ്ടാകും.
(Ideals of realities of islam page-113‑)
വിവാഹത്തില്‍ കുടുംബത്തിനുള്ള പങ്കും പ്രാധാന്യവും കുറച്ചുകാണാതെ തന്നെ ഹുസൈന്‍ നസ്ര്‍ ചൂണ്ടിക്കാട്ടിയ നേട്ടങ്ങളെ നഷ്ടപ്പെടുത്താതെ തന്നെ വിവാഹിതരാവുന്ന വ്യക്തികളുടെ താല്‍പര്യങ്ങളെ കുറെക്കൂടി ഉള്‍ക്കൊള്ളാനും ഉള്‍പ്പെടുത്താനും നമുക്ക് സാധിക്കേണ്ടതല്ലേ?
പെണ്ണുകാണലിന്റെ നമ്മുടെ നാട്ടിലെ ചരിത്രമാരംഭിക്കുന്നത് വിവാഹശേഷമുള്ള പെണ്ണുകാണലിലൂടെയാണ്. ആണിനെ കാണലും അങ്ങനെത്തന്നെയായിരുന്നു. രണ്ടുതലമുറ പിറകിലോട്ടുപോയാല്‍ നമ്മുടെ നാട്ടിലെ ചുരുങ്ങിയത് മലബാറിലെ മുസ്‌ലിംങ്ങള്‍ക്കിടയിലെ എങ്കിലും നടപ്പുശീലം അതായിരുന്നു. അവിടെ നിന്നും നാം വിവാഹത്തിനു മുമ്പ് പെണ്ണുകാണുക എന്നിടത്തേക്ക് വികസിക്കുകയായിരുന്നു. പെണ്ണുകാണല്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു സാമൂഹ്യ സംവിധാനമാണ്. നമ്മുടെ ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ വികസിച്ചുവന്നതും കുറേക്കാലമായി നിലനില്‍ക്കുന്നതുമായ ഈ സംവിധാനം ഇതിനിടയില്‍ വ്യക്തികള്‍ കൈവരിച്ച വികാസങ്ങളോട് നീതിപുലര്‍ത്തിക്കൊണ്ടുതന്നെയാണോ നിലനില്‍ക്കുന്നത് എന്ന ആലോചന പ്രസക്തമാണ്.
പുതിയ കാലത്തിന്റെ സവിശേഷത വ്യക്തി എന്നത് ഏറെ വികാസം പ്രാപിച്ച അസ്തിത്വമായിത്തീര്‍ന്നു എന്നതാണ്. മുമ്പ് സമൂഹത്തിന്റെ ഒരസംസ്‌കൃത വസ്തു മാത്രമായിരുന്നു വ്യക്തി. കുടുംബ ഗോത്ര താല്‍പര്യങ്ങള്‍ക്ക് വ്യക്തിയുടെ താല്‍പര്യങ്ങളുടെ മേല്‍ വ്യക്തമായ അധീശത്വമുണ്ടായിരുന്നു. തറവാട്ടുകാരണവര്‍ കുടുംബാംഗങ്ങളുടെ താല്‍പര്യങ്ങളെ അടിച്ചമര്‍ത്തിയത് പോലും തന്റെ വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കന്‍ എന്നതിനെക്കാള്‍ കീഴ്‌വഴക്കങ്ങളും മാമൂലുകളും സംരക്ഷിക്കാനാണ്. ഇന്ദുലേഖ മുതലുള്ള നമ്മുടെ സാഹിത്യകൃതികളില്‍ ഇതിനെതിരായ വ്യക്തികളുടെ കലാപത്തിന്റെ കാഴ്ചകള്‍ നമുക്ക് കാണാനാവും. പക്ഷെ ഇന്ന് സമൂഹത്തിന്റെ വഴക്കങ്ങളേക്കാള്‍ വ്യക്തിയുടെ താല്‍പര്യങ്ങള്‍ പ്രധാനമായ ഒരു കാലമാണ്. സമൂഹ ശരീരത്തെ തകര്‍ക്കാതെയുള്ള വ്യക്തി താല്‍പര്യ സാക്ഷാല്‍ക്കാരങ്ങള്‍ ഗുണപരമായ പ്രവണതയാണ്. അത് സമൂഹഗാത്രത്തെ നവീകരിക്കുകയാണ് ചെയ്യുക.
വ്യക്തി അഭിരുചികളുടെ സൂക്ഷ്മഭാവങ്ങള്‍ കൂടുതലായി സ്വയം തിരിച്ചറിയുകയും പ്രകാശിപ്പിക്കപ്പെടുകയും ചെയ്യുന്ന കാലമാണിത്. ഇത് വ്യക്തി കൈവരിക്കുന്ന ആരോഗ്യകരമായ വികാസമാണ്. ഇണകള്‍ തമ്മിലുള്ള ഇണക്കം എന്നതുകൊണ്ട് യാഥാര്‍ഥ്യത്തില്‍ അര്‍ഥമാക്കപ്പെടേണ്ടത് മൊത്തത്തിലുള്ള സ്ഥൂലാര്‍ഥത്തിലുള്ള ഇണക്കം മാത്രമല്ല സൂക്ഷ്മാര്‍ഥത്തിലുള്ള ഇണക്കം കൂടിയാണ്. അഭിരുചികളില്‍ പരസ്പരം മനസ്സിലാക്കാനെങ്കിലും കഴിയുന്ന പൊരുത്തമാണ്.
അഭിരുചികളില്‍ വൈവിധ്യമുള്ളവരാണ് വ്യക്തികള്‍. അഭിരുചി വ്യക്തിത്വത്തെ നിര്‍ണയിക്കുന്ന സുപ്രധാന ഘടകമാണ്. അഭിരുചികളുടെ രക്തഘടനയാണ് വ്യക്തിത്വത്തിന്റെ ശരീര ഘടനയായി മാറുന്നത്. അഭിരുചികള്‍, അതിന്റെ കോമ്പിനേഷനുകള്‍ അനന്ത വൈവിധ്യമുള്ളതാണ്. ജീവിതത്തിന്റെ ചെറുതും വലുതുമായ ഒരുപാടുകാര്യങ്ങളില്‍ അഭിരുചി വൈവിധ്യങ്ങള്‍ വ്യത്യസ്തമായ സമീപനങ്ങള്‍ സ്വീകരിക്കുന്നത്, പ്രകാശനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് കാണാന്‍ കഴിയും. വ്യക്തികള്‍ തമ്മിലുള്ള പൊരുത്തമെന്നത് അഭിരുചികള്‍ തമ്മിലുള്ള പൊരുത്തമാണ്. ഏറ്റവും ചുരുങ്ങിയത് അഭിരുചികള്‍ തമ്മിലുള്ള സഹവര്‍ത്തിത്തമാണ്. ഒരേ അഭിരുചികള്‍ തമ്മില്‍ ഒരുമിക്കുമ്പോള്‍ വലിയ അളവില്‍ ആനന്ദം ഉല്‍പാദിപ്പിക്കപ്പെടും. സൗഹൃദങ്ങള്‍ ആനന്ദകരമാവുന്നതിന്റെ രസതന്ത്രം ഇതാണ്. ഒരേ അഭിരുചികളുള്ളവര്‍ അവരറിയാതെ തന്നെ സുഹൃത്തുക്കളായിത്തീരും. അഭിരുചികളുടെ ഒരേ തൂവല്‍പക്ഷികളാണ് എവിടെയും ഒരുമിച്ച് പറക്കുക. ധാരാളം വായിക്കുന്ന ഒരാളും വായന തന്നെ ഇഷ്ടപ്പെടാത്ത, വായിക്കുന്നവരെതന്നെ ഇഷ്ടപ്പെടാത്ത, ഒരാളും ഒരുമിച്ചാല്‍ ആ ദാമ്പത്യം നരകമായിത്തീരാന്‍ വേറെ കാരണങ്ങള്‍ ആവശ്യമായിവരില്ല. വായിക്കുന്ന ഒരാളും വായനയോട് സഹിഷ്ണുത പുലര്‍ത്തുന്ന ഒരാളും ഒരുമിച്ചാല്‍ വേറെ ഘടകങ്ങള്‍ക്കൊണ്ട് അവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയും. എന്നാല്‍ വായനയെ അല്ലെങ്കില്‍ സംഗീതത്തെ, യാത്രയെ, ചെടികളെ, പൂക്കളെ, പ്രകൃതിയെ, ബന്ധങ്ങളെ, ഇവയില്‍ ഏതെങ്കിലും ചില പൊതു ഘടകങ്ങളെ ഇഷ്ടപ്പെടുന്നവര്‍ ജീവിതത്തില്‍ ഒരുമിച്ചാല്‍ ഈ ഇഷ്ടത്തെ നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചാല്‍ അത് അനന്തമായ ആഹ്ലാദങ്ങള്‍ അവര്‍ക്കിടയില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും.
നിലവിലുള്ള പെണ്ണുകാണല്‍ രീതിയുടെ വലിയ പരിമിതി ഈ അഭിരുചികളെ പരസ്പരം മനസ്സിലാക്കുന്നതില്‍ അത് ഏറെയൊന്നും വിവാഹിതരാവാന്‍ പോവുന്നവരെ സഹായിക്കുന്നില്ല എന്നതാണ്. നമ്മുടെ ദാമ്പത്യത്തിന്റെ ഗുണനിലവാരത്തെ ഇത് സാരമായി ബാധിക്കുന്നുണ്ട്. ബ്രിട്ടീഷ് കാളമിസ്റ്റും ടി.വി.അവതാരകയും ബ്ലോഗറും യു.കെ.യിലെ ഏറ്റവും ശക്തമായ 100 ആളുകളില്‍ ഒരാളുമായി ടൈംസ് തെരഞ്ഞെടുത്ത ഷെലീന സഹറ ജാന്‍ മുഹമ്മദ് എന്ന മുസ്‌ലിം യുവതിയുടെ ആത്മകഥ (Love in a Headscarf) ഈ ആലോചനയില്‍ നമ്മുടെ ശ്രദ്ധപതിയേണ്ട രചനയാണ്.
ഭര്‍ത്താവിനെ കണ്ടെത്താന്‍ വേണ്ടി മതനിഷ്ഠയുള്ള ഒരു മുസ്‌ലിം പെണ്‍കുട്ടി കുടുംബത്തിന്റെ പിന്തുണയോടെ നടത്തുന്ന അന്വേഷണ പരീക്ഷണങ്ങളാണ് ഈ ആത്മകഥയുടെ ഇതിവൃത്തം. ഇതിനിടയില്‍ പാശ്ചാത്യ പൗരസ്ത്യ സംസ്‌കാരങ്ങളുടെ താരതമ്യവും മററു സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിശകലനങ്ങളും ഒക്കെ വളരെ ഭംഗിയോടെ അവര്‍ ഈ കൃതിയില്‍ അവതരിപ്പിക്കുന്നുണ്ട്. പ്രണയത്തെക്കുറിച്ച് ലോകത്ത് സര്‍ഗസാഹിത്യമായും ആത്മകഥകളായും എത്രയോ കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിവാഹം എന്ന ഉറച്ച ഉദ്ദേശ്യത്തോടെ നടത്തപ്പെട്ട ഇണയന്വേഷണത്തിന്റെ എഴുത്താവിഷ്‌കാരങ്ങള്‍ ഇതുപോലെ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. വിവാഹത്തെക്കുറിച്ച പഴയ പെണ്‍കുട്ടികളുടെയും പുതിയ പെണ്‍കുട്ടികളുടെയും സമീപന വ്യത്യാസത്തെക്കുറിച്ച് അവര്‍ പറയുന്നു. ' ഇപ്പോഴത്തെ ചെറുപ്പക്കാരികള്‍ പണ്ടത്തെ സ്ത്രീകളെപോലെ വിവാഹത്തെ സ്ത്രീത്വത്തിന്റെ പൂര്‍ണതയിലേക്കുള്ള കവാടമായി കാണുന്നില്ല. ഭാര്യാപദവിയും കുട്ടികളും വഴിയല്ല അവനവന്റെ വില നിശ്ചയിക്കപ്പെടുന്നത്. സാമൂഹികമായ അംഗീകാരത്തിനും പദവിക്കും വേണ്ടിയുള്ള വിവാഹം എന്ന ആശയം പതിയെപതിയെ ഇല്ലാതാവുകയാണ്. ഇത് പലപ്പോഴും വിവാഹ നിരാസമോ സംസ്‌കാര നിരാസമോ പുരുഷ നിരാസമോ ആയി തെറ്റിദ്ധരിക്കപ്പെടുന്നു. പക്ഷേ സത്യം അതല്ല, വിവാഹം ഇപ്പോഴും നമ്മെ ലഹരിപിടിപ്പിക്കുന്നുണ്ട്. പക്ഷേ മുമ്പത്തെപോലെ പദവിക്കുവേണ്ടിയല്ല അത്. മറിച്ച് സൗഹൃദത്തിനും പ്രണയത്തിനും വേണ്ടിയാണ്. വിവാഹം സാമൂഹികമായ ആവശ്യമോ സമ്മര്‍ദമോ അല്ലാതായിരിക്കുന്നു. മറിച്ച്. അത് വ്യക്തിയുടെ തന്നെ ഒരാവശ്യമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. നമുക്കൊരു പങ്കാളിയെ വേണം. നാം പങ്കാളിയാവാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ വിവാഹത്തിനും സ്വയം മുന്‍കൈ എടുക്കേണ്ടുന്നതിനും തെറ്റൊാന്നുമില്ല. വലിയ ഭൂകമ്പം ഉണ്ടാക്കുന്നതാണ് മനോഭാവത്തിലെ ഈ മാറ്റം. സാമൂഹിക വ്യവസ്ഥ ഇനിയും ഇതുമായി പൊരുത്തപ്പെടേണ്ടതായിട്ടാണിരിക്കുന്നത്'.
പുസ്തകത്തില്‍ അവര്‍ വിവരിക്കുന്ന അവരുടെ വിവാഹാന്വേഷണത്തിനു മൂന്ന് ഘട്ടങ്ങളുണ്ട് ആദ്യത്തേത് സാധാരണ പോലെ വിവാഹാര്‍ഥികളായ ചെറുപ്പക്കാര്‍ അവരെ അവരുടെ വീട്ടില്‍ വന്നു പെണ്ണുകാണുന്ന ഘട്ടമാണ്. അതിലൂടെ തന്റെ ആഗ്രഹിച്ച വരനെ കണ്ടെത്താനുള്ള ശ്രമത്തില്‍ അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. അതിനിടയില്‍ അവരുടെ പ്രായം ഇരുപതുകളുടെ മധ്യത്തിലെത്തുന്നു. സ്വപ്‌ന വരനെ കണ്ടെത്താന്‍ മതനിഷ്ഠയുള്ള കുടുംബത്തിന്റെ നിറഞ്ഞ പിന്തുണയോടെ തന്നെ ഷലീന മറ്റൊരു രീതി അവലംബിക്കുകയാണ്.' പ്രായമായിരിക്കുക എന്നതിന് അതിന്റെതായ ഗുണങ്ങളുണ്ട്. തിളക്കമേറിയ കണ്ണുകളുടെ വിമര്‍ശനവും പരമ്പരാഗത മുട്ടുകളും ഒന്നയഞ്ഞിട്ടുണ്ട്. അപവാദങ്ങളൊക്കെ ചെറിയ പെണ്‍കുട്ടികളെ കുറിച്ചാണ്. വിവാഹാര്‍ഥികളെ കാണാനുള്ള പുതുവഴികള്‍ എനിക്ക് സ്വീകരിക്കാമെന്നായി. ഔപചാരികമല്ലാത്ത അന്തരീക്ഷത്തിലുള്ള കണ്ടുമുട്ടലുകള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരസ്പരം കൂടുതല്‍ മനസ്സിലാക്കാന്‍ സഹായകമാകുന്നു. ഞാന്‍ വീടിന് വെളിയില്‍ വെച്ചുള്ള എന്റെ ആദ്യത്തെ കൂടിക്കാഴ്ചക്കു തയ്യാറായി. സാറക്കും നൊറീനും സമാന അനുഭവങ്ങളുണ്ടെങ്കിലും അവരെന്നെ കളിയാക്കി 'പഞ്ചാര യാത്ര' എന്നു പറഞ്ഞാണ് അവര്‍ എന്നെ കളിയാക്കിയത് എല്ലാ കണ്ടുമുട്ടലുകളും (വിവാഹത്തിനു വേണ്ടിയുള്ള എന്ന് താല്‍പര്യം ലേഖകന്‍) പഞ്ചാര യാത്രയാണെന്നു ഞാന്‍ പ്രതികരിച്ചു' ഷെലീനയുടെ വിവാഹാന്വേഷണ പരീക്ഷണങ്ങളിലെ മൂന്നാമത്തെ വഴി നേരത്തെയുള്ള ആസൂത്രണങ്ങള്‍ ഒന്നും തന്നെയില്ലാതെ ഒരു ഇസ്‌ലാമിക സാംസ്‌കാരിക പരിപാടിക്കിടയില്‍ വെച്ച് അവര്‍ അവരുടെ സങ്കല്‍പ വരനെ കണ്ടെത്തുന്നതാണ്. വീടിനു പുറത്ത് റസ്റ്റൊറന്റുകളില്‍ വെച്ചുള്ള ധാരാളം സമയമെടുത്ത് ഒരുമിച്ച് കോഫിയോ ഭക്ഷണമോ കഴിച്ചുകൊണ്ടുള്ള കൂടിക്കാഴ്ചകള്‍ ഈ വിവാഹാര്‍ഥികളെ പരസ്പരം മനസ്സിലാക്കാന്‍ ഏറെ സഹായിച്ചതായി പ്രസ്തുത പുസ്തകത്തില്‍ നിന്നും നമുക്ക് ഗ്രഹിക്കാനാവും.
ഇത്തരമൊരാശയം മുന്നോട്ടുവെക്കുമ്പോള്‍ തടസ്സമായി ഉന്നയിക്കപ്പെടുക അന്യരായ ആണും പെണ്ണും തനിച്ചാവാന്‍ പാടില്ലെന്ന പ്രവാചക കല്‍പനയാണ്. അങ്ങനെ തനിച്ചായാല്‍ അവിടെ മൂന്നാമനായി പിശാച് പ്രവര്‍ത്തിക്കും എന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. ഇസ്‌ലാമിക സംസ്‌കാരത്തെയും സദാചാരത്തെയും സംബന്ധിച്ച വളരെ പ്രധാനമായ ഒരധ്യാപനമാണിത്. സ്ത്രീപുരുഷ ബന്ധത്തെക്കുറിച്ച ഇസ്‌ലാമിക സംസ്‌കാരത്തെ നിര്‍ണയിക്കുന്നതില്‍ നൂറ്റാണ്ടുകളായി എല്ലാ മുസ്‌ലിം സമൂഹങ്ങളിലും ഈ പ്രവാചക വചനം വളരെ വലുതായ പങ്ക് വഹിക്കുന്നുണ്ട്.
പക്ഷേ ഈ പ്രവാചകാധ്യാപനത്തെ സാക്ഷാത്ക്കരിക്കാന്‍ ഇന്ന് നാം പിന്തുടരുന്ന വഴി തന്നെ എന്നും പിന്തുടര്‍ന്നുകൊള്ളണമെന്നില്ല. പ്രത്യകിച്ച് വിവാഹാര്‍ഥികളുടെ കൂടിക്കാഴ്ചയുടെ കാര്യത്തില്‍. വീട്ടില്‍ വെച്ച് പെണ്ണു കാണുമ്പോഴും ഇവര്‍ തനിച്ചാവാറുണ്ട്. അവിടെ രക്ഷിതാക്കളുടെ ഒരദൃശ്യ സാന്നിധ്യം ഉണ്ടാവും. എന്നാല്‍ പൊതുസ്ഥലത്ത് ആരും തനിച്ചാവുന്നില്ല. അവിടെ വേറെയും ധാരാളം ആളുകള്‍ ഉണ്ടാവും. അതെല്ലാം ഉണ്ടായിരിക്കെ വഴിവിട്ട് ചലിക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് അത് വീട്ടില്‍വെച്ചും സാധി്ക്കും. വീട്ടിലെ തനിച്ചാകലിലുള്ള കുടുംബത്തിന്റെ അദൃശ്യസാന്നിധ്യം ഇരുവര്‍ക്കും നല്‍കുന്ന അച്ചടക്ക ബോധത്തെ ചെറുതായി കാണുന്നില്ല. അങ്ങനെ മാത്രമല്ലല്ലോ യുവതീയുവാക്കള്‍ അച്ചടക്കത്തോടെ പെരുമാറേണ്ടത്. മറ്റിടങ്ങളിലും സദാചാരത്തോടെ പെരുമാറാനുള്ള ധാര്‍മികമായ പാകത അവര്‍ നേടിയെടുക്കുകയാണ് വേണ്ടത് അവരെ അതിനു പ്രാപ്‌തേമാക്കുകയാണ് സമൂഹവും കുടുംബവും ചെയ്യേണ്ടത്.
മൂല്യം ശാശ്വതമാണ്. ആ മൂല്യത്തെ സാക്ഷാത്ക്കരിക്കാന്‍ രൂപപ്പെടുന്ന ഘടന ശാശ്വതികത്വമുള്ളതല്ല. അതില്‍ കാലത്തിന്റെ, പ്രദേശത്തിന്റെ നിരവധി സ്വാധീനങ്ങള്‍ പ്രവര്‍ത്തിക്കും. ഇത്തരം ഘടനയുണ്ടാക്കുന്ന മാറ്റങ്ങളെ മൂല്യച്ച്യുതിയായും അനിസ്‌ലാമികതയായും വിലയിരുത്തരുത്. ഇത് ലോകത്ത് എവിടെയും എക്കാലത്തുമുള്ള യാഥാസ്ഥിതികത്വത്തിന്റെ പൊതു സ്വഭാവമാണ്. യാഥാസ്ഥിതികത്വത്തിന് ഒരിക്കലും വളരുന്ന സമൂഹത്തിന്റെ ആവശ്യങ്ങളെ ധാര്‍മികതയുടെ പക്ഷത്തുനിന്ന് നിര്‍വചിച്ചുകൊടുക്കാന്‍ കഴിയില്ല.
സൗന്ദര്യക്കുറവു കാരണമായി വിവാഹം ചെയ്യപ്പെടാതെ പോകുന്ന പെണ്‍കുട്ടികള്‍ എന്നത് ചിലപ്പോഴെങ്കിലും കണ്ടുവരാറുള്ള കാര്യമാണ്. നാം പിന്തുടര്‍ന്നുവരുന്ന പെണ്ണുകാണല്‍ രീതിയുടെ ഇരകള്‍ കൂടിയാണവര്‍. മനുഷ്യനെ മാര്‍ബിള്‍ പ്രതിമപോലെ കണ്ട് സൗന്ദര്യം അളന്നെടുക്കാന്‍ ശ്രമിച്ചാല്‍ വളരെ കുറച്ചാളുകള്‍ക്കേ സൗന്ദര്യമുണ്ടാകൂ. കാരണം,അത് അവയവങ്ങളുടെ സൗന്ദര്യമാണ്. നയനാന്ദകരമായ അവയവ ഭംഗി എന്നത് പെണ്ണിനായാലും ആണിനായാലും മറ്റു പലതും പോലെ വളരെ കുറച്ചാളുകള്‍ക്ക് മാത്രം നല്‍കപ്പെടുന്ന ഒന്നാണ്. മനുഷ്യന്‍ സുന്ദരനും സുന്ദരിയും ആകുന്നത് അവയവ ഭംഗികൊണ്ടുമാത്രമല്ല. സംസാരം, സ്വഭാവം, വിജ്ഞാനം, അഭിരുചികള്‍, ആവിഷ്‌കാര വൈഭവങ്ങള്‍ എല്ലാം ചേര്‍ന്നതാവണം ഒരു വ്യക്തിയുടെ സൗന്ദര്യമെന്നത്. നിലവിലെ പെണ്ണുകാണല്‍ രീതി വ്യക്തിത്വത്തിന്റെ ഇത്തരം സൗന്ദര്യാത്മക തലങ്ങളെയൊന്നും മനസ്സിലാക്കാന്‍ വിവാഹാര്‍ഥികളെ ഏറെയൊന്നും സഹായിക്കുന്നില്ല. അവിടെ പലപ്പോഴും ദര്‍ശിക്കപ്പെടുന്നത് ബാഹ്യസൗന്ദര്യം മാത്രമാണ്. അവയവ സൗന്ദര്യത്തിന് പരിമിതി ഉള്ളവര്‍ക്കും പല തരത്തിലുള്ള ആന്തരിക സൗന്ദര്യം ഉണ്ടായിരിക്കും. അവരെക്കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, വിനിമയം ചെയ്യാന്‍ കഴിയുന്ന രൂപത്തിലേക്ക് നമ്മുടെ പെണ്ണുകാണല്‍ രീതിയെ വികസിപ്പിക്കുക എന്നതാണ് ഈ പ്രശ്‌നത്തിന്റെ പരിഹാരം.