വിദ്യാഭ്യാസവും അറിവും നേടുന്നതിലൂടെ മാത്രമേ സാമൂഹികമായ പുരോഗതി സാധ്യമാവൂ എന്ന് തിരിച്ചറിഞ്ഞ് അതിനുവേണ്ടി പ്രയത്‌നിച്ച പാരമ്പര്യമാണ് ജമാഅത്തെ ഇസ്‌ലാമി എന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെത്. ഈ മുന്നേറ്റത്തില്‍ പുരുഷനെ പോലെത്തന്നെ സ്ത്രീയും ഭാഗവാക്കാവണമെന്നും എന്നാലേ അത് പൂര്‍ണതയിലെത്തൂ എന്നും ഉറച്ച വിശ്വാസം
വിദ്യാഭ്യാസവും അറിവും നേടുന്നതിലൂടെ മാത്രമേ സാമൂഹികമായ പുരോഗതി സാധ്യമാവൂ എന്ന് തിരിച്ചറിഞ്ഞ് അതിനുവേണ്ടി പ്രയത്‌നിച്ച പാരമ്പര്യമാണ് ജമാഅത്തെ ഇസ്‌ലാമി എന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെത്. ഈ മുന്നേറ്റത്തില്‍ പുരുഷനെ പോലെത്തന്നെ സ്ത്രീയും ഭാഗവാക്കാവണമെന്നും എന്നാലേ അത് പൂര്‍ണതയിലെത്തൂ എന്നും ഉറച്ച വിശ്വാസം പ്രസ്ഥാനത്തിനുണ്ടായിരുന്നു. അതിനുവേണ്ടി ഒട്ടനേകം മതഭൗതിക പാഠശാലകളും സിലബസ് സമ്പ്രദായം തന്നെയും നടത്തിയിട്ടുമുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം അന്തസ്സോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഒരുപാട് സ്ഥാപനങ്ങളില്‍ നിന്നും അറിവുനേടി സമൂഹത്തിന് ദിശ നിര്‍ണയിച്ചുകൊണ്ട് ഒരുപാട് സഹോദരിമാര്‍ സമുദായത്തിനിന്നുണ്ട്.
എന്നിരുന്നാലും സ്ത്രീകളെ സംബന്ധിച്ചിടത്തോളം വിവാഹത്തോടെ പഠനം അവസാനിപ്പിക്കേണ്ടി വന്നവരും കുറവല്ല. പ്രത്യേകിച്ചും മതവിദ്യാഭ്യാസം. ഇവരില്‍ പലരും പഠനത്തെ സ്വപ്‌നം കണ്ടു നടക്കുന്നവരുമാണ്. ഇവരുടെ വിജ്ഞാനദാഹം ശമിപ്പിക്കാനാണ് പ്രസ്ഥാനം മറ്റൊരു സംരംഭത്തിനു കൂടി മുന്നിട്ടിറങ്ങിയത്.
വിദ്യാഭ്യാസരംഗത്ത് പ്രസ്ഥാനം നടത്തുന്ന നിരവധി സംരംഭങ്ങളുടെ കൂടെ സഹോദരിമാര്‍ക്ക് ആവേശവും പുതുകാഴ്ചപ്പാടുകളും നല്‍കുന്നതാണ് തംഹീദുല്‍ മര്‍അ: എന്ന അനൗപചാരിക വിദ്യാഭ്യാസ രീതി.
മത-ഭൗതിക വിദ്യാഭ്യാസം വിവാഹത്തോടെ നേരത്തെ അവസാനിപ്പിച്ചവര്‍ക്ക് കാലത്തോടൊപ്പം സഞ്ചരിക്കാനുള്ള നവീന പാഠ്യപദ്ധതിയാണിത്. ബുദ്ധിയുറക്കാത്ത നാളില്‍ കേട്ടുപഠിച്ച ദീനി കാര്യങ്ങള്‍ കൂടുതല്‍ ആഴത്തിലും ആധുനിക രീതിയിലും പഠിപ്പിക്കപ്പെടുന്ന പഠന രീതി.
കുടുംബത്തെ പരിപാലിക്കുന്നതോടൊപ്പം തന്നെ അറിവിന്റെ വിശാല മേഖലയിലേക്കു കൂടി നടന്നെത്താന്‍ ഈ രീതി പഠിതാക്കളെ സഹായിക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസത്തെ ഓര്‍മിപ്പിക്കുന്ന വിഷയാധിഷ്ഠിത ടൈംടേബിളാണിതിന് രൂപം കൊടുത്തിരിക്കുന്നത്. പഠിതാക്കളില്‍ ഏറെയും മുതിര്‍ന്നവരാണെന്നതു കൊണ്ടുതന്നെ മനശാസ്ത്ര സമീപനം ഉള്‍ക്കൊണ്ട പഠനരീതിയാണിത് മുന്നോട്ടു വെക്കുന്നത്. അതുകൊണ്ടു തന്നെ ഇസ്‌ലാമികമായ കുടുംബജീവിതത്തിന് ഏറെ ഗുണകരമായ കരിക്കുലമായി ഇതു മാറുന്നു.
വിഷയങ്ങള്‍ തെരഞ്ഞെടുത്ത് പഠിപ്പിക്കുന്നതിലും പൂര്‍ണമായ അവധാനതയുണ്ടെന്ന് കാണാന്‍ കഴിയും. വിശുദ്ധ ഖുര്‍ആനില്‍ നിന്ന് തെരഞ്ഞെടുത്ത ഭാഗങ്ങള്‍ വിശദീകരണങ്ങളും അര്‍ഥവും സഹിതം പഠിതാക്കള്‍ക്ക് ഹൃദിസ്ഥമാക്കാന്‍ ഈ നവീന പഠനരീതിയിലൂടെ കഴിയുന്നുണ്ട്. ഖുര്‍ആന്‍ മാത്രമല്ല ഹദീസ് പഠനത്തിന്റെ പ്രാധാന്യവും മനസ്സിലാക്കി തെരഞ്ഞെടുത്ത അറുപത് ഹദീസുകളുടെ പഠനവും കൃത്യമായി നടത്തപ്പെടുന്നു. അതോടൊപ്പം തന്നെ നിത്യജീവിതത്തില്‍ അത്യാവശ്യമായ ഇസ്‌ലാമിക ആരാധനകളുടെ രീതിയും നിയമവും സംക്ഷിപ്തവും സമഗ്രവുമായി പഠിപ്പിക്കുന്നതിനുള്ള സിലബസും തംഹീദുല്‍ മര്‍അയുടെ പ്രത്യേകതയാണ്. വിശ്വസിയെ സംബന്ധിച്ചിടത്തോളം അവന്റെ മാതൃകയും നേതാവും പ്രവാചകനാണ്. അതുകൊണ്ടു തന്നെയാണ് പ്രവാചക ചരിത്ര പഠനം തംഹീദുല്‍ മര്‍അ: സിലബസിന്റെ ഭാഗമായി വന്നതും.
പഠിതാവിന് വലിയ പഠനഭാരമില്ലാത്ത രീതിയില്‍ പത്ത് മാസ കാലാവധി കൊണ്ട് പഠനം സാധ്യമാകുന്ന രീതിയിലാണ് കോഴ്‌സ് രൂപപ്പെടുത്തിയിരിക്കുന്നത്.
പഠിതാവിന് പഠിച്ചത് സ്വയം വിലയിരുത്താന്‍ വേണ്ടി വര്‍ഷാവസാനം ലളിതമായ ഒരു പരീക്ഷയും ഉണ്ട്. കൂടാതെ അഭിരുചി മത്സരങ്ങള്‍, വിനോദ പരിപാടികള്‍, പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്മാരുടെ സന്ദര്‍ശനങ്ങള്‍, കുടുംബസംഗമം, പാരന്റിംഗ്, മനശ്ശാസ്ത്ര-ആരോഗ്യക്ലാസ്സുകള്‍ എന്നിവയും തംഹീദുല്‍ മര്‍അ: സിലബസിന്റെ ഭാഗമായി നടത്തപ്പെടുന്നുണ്ട്.