ക്രിയാത്മകമായ സ്ത്രീ സാന്നിധ്യം കൊണ്ട് സമ്പന്നമാണ് ഹജ്ജും അതിന്റെ ചരിത്ര പശ്ചാത്തലവും. ഹറമിലെത്തുന്ന ഓരോ ഹാജിയും സഫ, മര്‍വ മലകള്‍ക്കിടയില്‍ സഅ്‌യ് ചെയ്യുമ്പോള്‍ അനുസ്മരിക്കുന്നത് 4000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം കുഞ്ഞിന് അല്‍പം ദാഹജലം തേടി ഓടിക്കിതച്ച ഹാജറിനെയാണ്. അവരുടെ നിശ്ചയദാര്‍ഢ്യവും, അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും, തവക്കുലും, കഠിന പ്രയത്‌നവും വിശ്വാസിക്ക് നല്‍കുന്ന പ്രചോദനം അനിര്‍വചനീയമാണ്. മുസ്‌ലിംസ്ത്രീ ശക്തിയുടെ പര്യായമാണെന്നവര്‍ തെളിയിച്ചു. അല്ലാഹുവിന്റെ കല്‍പനപ്രകാരമാണ് തന്റെ പ്രിയതമന്‍ ഇബ്രാഹിം നബി തന്നെയും കുഞ്ഞിനെയും ആ ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍, ജീവന്റെ യാതൊരു കണികയും ദര്‍ശിക്കാന്‍ സാധ്യമല്ലാത്ത വിജനവും ഭയാനകവുമായ ആ താഴ്‌വരയില്‍ ആക്കിപ്പോകുന്നത് എന്ന് മനസ്സിലാക്കിയപ്പോള്‍ അവരില്‍ നിന്നുണ്ടായ പ്രതികരണം 'എങ്കില്‍ അവന്‍ ഞങ്ങളെ പാഴാക്കുകയില്ല' എന്നായിരുന്നു. ആ വിശ്വാസം അവരെ വെറുതെ ആകാശത്തേക്ക് കൈയുയര്‍ത്തി പ്രാര്‍ഥിച്ചുകൊണ്ടോ, കുഞ്ഞിനെ മാറോടണച്ച് കരഞ്ഞു കൊണ്ടോ ഇരിക്കാനല്ല പ്രേരിപ്പിച്ചത്. ദൈവത്തിന്റെ നിലക്കാത്ത കാരുണ്യപ്രവാഹം കണ്‍മുന്നില്‍ പൊട്ടിയൊഴുകുന്നത് വരെ അവര്‍ അതിനായി പരിശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങനെ ഹാജര്‍ തവക്കുലിന്റെയും, കഠിന പ്രയത്‌നത്തിന്റെയും പ്രതീകമായപ്പോള്‍ സംസം, വിശ്വാസികള്‍ക്കുള്ള റബ്ബിന്റെ അളവറ്റ അനുഗ്രഹത്തിന്റെ പ്രതീകമായി. അല്ലാഹുവിന്റെ അടുക്കല്‍ മഹനീയമായ സ്ഥാനം നേടാനും, ലോകാവസാനം വരേക്കുമുള്ള എല്ലാ സത്യവിശ്വാസിയുടെയും മനസ്സില്‍ ആദരണീയയായ, കര്‍മനിരതയായ, ത്യാഗസമ്പന്നയായ ഒരു മാതാവിന്റെ സ്ഥാനം നേടിയെടുക്കാനും അവര്‍ക്കതിലൂടെ സാധിച്ചു. ഇന്നും ലോകത്ത് അടിച്ചമര്‍ത്തപ്പെടുന്ന, നീതി നിഷേധിക്കപ്പെടുന്ന മനുഷ്യരുടെ എല്ലാവിധപോരായ്മകളും അവരില്‍ സമ്മേളിച്ചിട്ടും, സ്ത്രീയായതുകൊണ്ടോ, കറുത്തവളായത് കൊണ്ടോ, വിദേശിയായത് കൊണ്ടോ, അടിമയായത് കൊണ്ടോ ഒന്നും തന്റെ പ്രാര്‍ത്ഥനയും, പ്രയത്‌നവും പാഴായിപ്പോവുകയില്ല എന്നവര്‍ തെളിയിച്ചു.
സ്ത്രീ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ മറ്റൊരു സംഭവമാണ് മുഹമ്മദ് നബി (സ) യുടെ പ്രവാചകത്വത്തിന്റെ 13-ാം വര്‍ഷം ഹജ്ജ് വേളയില്‍ നടന്ന രണ്ടാം അഖബ ഉടമ്പടി. ഈ ഉടമ്പടിയില്‍ മദീനയില്‍ നിന്നും വന്ന ഹാജിമാരോടൊപ്പം രണ്ട് സ്ത്രീകളും സജീവമായി പങ്കെടുത്തു. നജ്ജാര്‍ ഗോത്രത്തില്‍ പെട്ട നുസൈബ ബിന്‍ത് കഅ്ബും, ബനീ സലമ ഗോത്രത്തില്‍പെട്ട അസ്മ ബിന്‍ത് അംറുമാണ് രാത്രിയുടെ മൂന്നാം യാമത്തില്‍ ടെന്റിലുള്ള മറ്റ് ഹാജിമാരറിയാതെ അല്ലാഹുവിന്റെ റസൂലിനെ ചെന്ന് കാണുകയും, പുരുഷന്മാരെ പോലെത്തന്നെ മദീനയിലേക്ക് പലായനം ചെയ്യുന്ന പ്രവാചകരെ തങ്ങളുടെ ജീവന്‍ നല്‍കിയും കാത്ത് കൊള്ളാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തത്. 'സത്യവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും പരസ്പരം സഹായികളാണ്' എന്ന സൂറഃ തൗബയിലെ 71-ാം വാക്യം അന്വര്‍ഥമാക്കുന്ന ധീരമായ പ്രകടനം. ഈ വാഗ്ദാന പൂര്‍ത്തീകരണത്തിന്റെ ഒരു ഉദാഹരണമാണ് ഉഹ്ദ് യുദ്ധവേളയില്‍ നാം ദര്‍ശിക്കുന്നത്. പില്‍ക്കാലത്ത് ഉമ്മുഅമാറ എന്ന പേരില്‍ പ്രശസ്തയായ നുസൈബ ബിന്‍ത് കഅ്ബ്, നബി (സ) വധിക്കപ്പെട്ടു എന്ന വാര്‍ത്ത കേട്ട് മദീന വിട്ട് യുദ്ധരംഗത്തേക്ക് കുതിച്ചു. ഉഹ്ദില്‍ നിന്ന് തിരിച്ചുവരുന്നവരായി കണ്ടവരോടെല്ലാം അവര്‍ തിരുമേനിയുടെ സ്ഥിതി അന്വേഷിച്ചു കൊണ്ടിരുന്നു. സ്വന്തം പിതാവും, ഭര്‍ത്താവും, മകനും യുദ്ധത്തില്‍ ശഹീദായിപ്പോയിരിക്കുന്നു എന്നറിഞ്ഞിട്ടും അവര്‍ മുന്നോട്ട് തന്നെ കുതിച്ചു. അവസാനം നബി (സ) യെ സുരക്ഷിതനായി കണ്ടെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: 'പരിശുദ്ധ പ്രവാചകാ, അങ്ങ് ജീവിച്ചിരിക്കെ എല്ലാ ആപത്തുകളും നിസ്സാരങ്ങള്‍'. ആ യുദ്ധത്തില്‍ അവര്‍ നബി(സ)യെ ലക്ഷ്യമാക്കി വന്ന 12 അമ്പുകള്‍ സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങി തിരുമേനിയെ എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കുകയായിരുന്നു. മുസ്‌ലിം സ്ത്രീക്ക് പള്ളിയില്‍ പ്രവേശിക്കാമോ, സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാമോ എന്നൊക്കെ ചോദിക്കുന്നവര്‍ക്ക് ഇത് മതിയായ തെളിവാണ്.
പുരുഷന്മാരെ പോലെത്തന്നെ സ്ത്രീകളുടെയും നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് ഹജ്ജ്. അന്നും ഇന്നും. ആര്‍ത്തവവേളയില്‍ ആയാലും അതിന് യാതൊരു വിലക്കും ഏര്‍പെടുത്തിയിട്ടില്ല. പുരുഷന്മാര്‍ ധര്‍മ സംസ്ഥാപനത്തിനായി നടത്തുന്ന സൈനിക സേവനത്തിന് തുല്യമാണ് സ്ത്രീകള്‍ക്ക് ഹജ്ജ് എന്ന് ആയിശ (റ) യുടെ ചോദ്യത്തിനുള്ള മറുപടിയായി നബി (സ) പറയുകയുണ്ടായി.
ഹജ്ജ് വേളയില്‍ നബി (സ) നടത്തിയ ഖുതുബതുല്‍ വിദാഇലെ പ്രധാനവിഷയങ്ങളില്‍ ഒന്ന് സ്ത്രീകളുടെ അവകാശ സംരക്ഷണമായിരുന്നല്ലോ. ജനങ്ങളേ! സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. ഓരോ ഹജ്ജ് വേളയും ലോകത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന മഹത്തായ സന്ദേശങ്ങളിലൊന്നാണ്.