മൂന്ന് കാര്യങ്ങള്‍ മാനവതയുടെ ആദിമതവും പ്രകൃതിമതവുമായ ഇസ്‌ലാമിന്റെ കാലാതിവര്‍ത്തിത്വവും നൈരന്തര്യവും ശാശ്വതപ്രസക്തിയും നിത്യപ്രയോജനവും ഉറപ്പുവരുത്തുന്നതിനാല്‍ ഇസ്‌ലാമിനെ ഭൂമുഖത്തുനിന്ന് നിശ്ശേഷം നിര്‍മൂലനം ചെയ്യുക തീര്‍ത്തും അസാധ്യമാണെന്ന് പ്രഗത്ഭ ചിന്തകരായ പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഖുര്‍ആന്‍, വെള്ളിയാഴ്ചയിലെ ജുമുഅ,
മൂന്ന് കാര്യങ്ങള്‍ മാനവതയുടെ ആദിമതവും പ്രകൃതിമതവുമായ ഇസ്‌ലാമിന്റെ കാലാതിവര്‍ത്തിത്വവും നൈരന്തര്യവും ശാശ്വതപ്രസക്തിയും നിത്യപ്രയോജനവും ഉറപ്പുവരുത്തുന്നതിനാല്‍ ഇസ്‌ലാമിനെ ഭൂമുഖത്തുനിന്ന് നിശ്ശേഷം നിര്‍മൂലനം ചെയ്യുക തീര്‍ത്തും അസാധ്യമാണെന്ന് പ്രഗത്ഭ ചിന്തകരായ പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഖുര്‍ആന്‍, വെള്ളിയാഴ്ചയിലെ ജുമുഅ, പരിശുദ്ധ ഹജ്ജ് കര്‍മ്മം എന്നിവയാണവ.
ഹജ്ജില്‍ എല്ലാവര്‍ക്കും ഒരേ അനുഭവങ്ങളല്ല. ഹജ്ജിന്റെ മുന്നൊരുക്കമായ തഖ്‌വയുടെ ആഴത്തിനനുസരിച്ച് അനുഭവത്തിലും അനുഭൂതിയിലും വ്യത്യാസമനുഭവപ്പെടും. അതുകൊണ്ടാണ് ഹജ്ജനുഭവങ്ങള്‍ എന്ന വിഷയത്തില്‍ പിന്നെയും പിന്നെയും രചനകളുണ്ടാവുന്നത്. ഒരു വ്യക്തി തന്നെ ഒന്നിലേറെ ഹജ്ജ് ചെയ്യാനിടവരുമ്പോള്‍ ഓരോ ഹജ്ജും വ്യത്യസ്തമായ അനുഭവങ്ങളാണ് പ്രദാനം ചെയ്യുന്നത്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒടുവിലത്തേതാണ് ഹജ്ജ്. ഇത് ജീവിത കാലത്ത് ഒരിക്കലേ നിര്‍ബന്ധമുള്ളൂ. പക്ഷെ ഒരിക്കല്‍ മാത്രമേ ചെയ്യാവൂ അല്ലെങ്കില്‍ ഒന്നിലധികം ചെയ്യാന്‍ പാടില്ല എന്ന് ധരിക്കരുത്. പ്രവാചകന്റെ അനുയായികള്‍ ഉള്‍പ്പെടെ പൂര്‍വികരായ ധാരാളം ആളുകള്‍ ഒന്നിലേറെ ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്. സമൂഹത്തോടും കുടുംബത്തോടുമുള്ള ബാധ്യതകള്‍ വിസ്മരിച്ച് കൂടെക്കൂടെ ഹജ്ജിന് പോകുകയും മറ്റിതര പുണ്യകര്‍മങ്ങളില്‍ അത്ര ആവേശം കാണിക്കാതിരിക്കുകയും ചെയ്യുന്നവര്‍ അര്‍ഥകരമായ അസന്തുലിതത്വമാണ് കാഴ്ചവെക്കുന്നത്. ഇത് ഇസ്‌ലാമിനെയും അതിന്റെ സുപ്രധാന സ്തംഭമായ ഹജ്ജിനെയും അന്യര്‍ തെറ്റിദ്ധരിക്കാനിടയാക്കും. ഹജ്ജിനെ ഒരു പിക്‌നിക് പോലെ കാണാന്‍ പാടില്ല. അതേപോലെ ഹജ്ജിനെ ഒരു പാപനാശിനി കര്‍മമായി കാണുന്നതും ശരിയല്ല.
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങള്‍ പരസ്പരബന്ധിതവും പരസ്പരപൂരകവുമാണ്. സത്യസാക്ഷ്യം, പഞ്ചനേരങ്ങളിലെ പതിവായുള്ള സംഘടിത നമസ്‌കാരം, സകാത്ത്, ഉപവാസം എന്നിവയുടെ ആത്മാവ് - പൊരുള്‍ - ഹജ്ജില്‍ ഉള്‍ചേര്‍ന്നുകിടപ്പുണ്ട്. ഹജ്ജ് അനുഷ്ഠിച്ച ഒരാള്‍ സകാത്ത് അതിന്റെതായ രീതിയില്‍ കൊടുത്തു വീട്ടുന്നില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം അദ്ദേഹത്തിന്റെ ഹജ്ജ് അപൂര്‍ണ്ണമോ അസാധുവോ ആണെന്നാണ്.
നമസ്‌കാരത്തെയും സകാത്തിനെയും മറ്റും കേവലം ആരാധനാ ചടങ്ങായി ചുരുക്കുംപോലെ ഹജ്ജിനെ ചെറുതാക്കി കാണുന്നവരുണ്ട്. സിനിമകളിലും കഥകളിലും മറ്റും ഹാജിയാരെ ദുഷ്ടപരിവേഷം നല്‍കി അവതരിപ്പിക്കുന്നവര്‍ ഇസ്‌ലാമിന്റെ പ്രമുഖസ്തംഭത്തെ തുരങ്കം വെക്കാനാണ് യത്‌നിക്കുന്നത്. പരിശുദ്ധ ഹജ്ജിനെ കേവലം ടൂറിസമെന്ന രീതിയില്‍ കാണുന്ന ട്രാവല്‍ ഏജന്‍സികളും ഫലത്തില്‍ ദീനിനെയും സമുദായത്തെയും പലനിലക്കും പരിക്കേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഹജ്ജിനെ വ്യാപാരവല്‍ക്കരിച്ച് തട്ടിപ്പും വെട്ടിപ്പും ചൂഷണവും മോഷണവും നടത്തുന്നവര്‍ പരിശുദ്ധ ഇസ്‌ലാമിന്റെ ഉജ്വല ശോഭക്കാണ് പരിക്കേല്‍പിക്കുന്നത്. ഹജ്ജുമായി ബന്ധപ്പെട്ട് അഴിമതി, തട്ടിപ്പ് തുടങ്ങിയ ചീത്ത വര്‍ത്തമാനങ്ങള്‍ പരക്കുമ്പോള്‍ നാനാ ജാതിമതസ്ഥരായ ബഹുജനങ്ങള്‍ ഹജ്ജിനെപ്പറ്റി മോശമായ ധാരണ പുലര്‍ത്താന്‍ ഇടയാകുന്നു.
ഹജ്ജ് വിശ്വാസികളെ സ്ഫുടീകരിക്കുന്ന ഉലയാണ്. ഉലക്ക് നല്ല ചൂടുണ്ടെങ്കിലേ സ്ഫുടീകരണം ഫലപ്രദമാകൂ. ഹജ്ജ് കച്ചവടക്കാരായ ട്രാവല്‍ ഏജന്‍സികള്‍ കമ്പോള മത്സരത്തില്‍ ജയിക്കാന്‍ ഹജ്ജില്‍ ആഡംബരവും ആര്‍ഭാടവും മറ്റും കടത്തിവിടുന്നു. ഉലയെ ശീതീകരിക്കുന്ന വിക്രിയയാണ് ഇവര്‍ നടത്തുന്നത്. വിശുദ്ധിയാര്‍ജിക്കാനുള്ള പുണ്യയാത്രയിലും മഹല്‍കര്‍മങ്ങളിലും ഫൈവ്സ്റ്റാര്‍ സംസ്‌കാരം സന്നിവേശിപ്പിക്കുന്നവര്‍ക്കെതിരെ ദീനിനെ സ്‌നേഹിക്കുന്നവര്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ഹജ്ജ് കര്‍മം എല്ലാവരുടേതുമാണ്. അതിന്റെ ബഹുമുഖ നന്മകള്‍ എല്ലാവര്‍ക്കുമാണ്. പരിശുദ്ധ റമദാന്‍ മാസവും അതിലെ നോമ്പും എല്ലാവരുടേതുമാണെന്ന പോലെ. വിവിധ കാരണങ്ങളാല്‍ നോമ്പെടുക്കാത്തവര്‍ ധാരാളമുണ്ടാകാം. എന്നുവെച്ച് റമദാനിന്റെ പുണ്യവും മഹത്വവും നോമ്പിന്റെ വിശുദ്ധിയും അവര്‍ക്ക് അന്യമാവുന്നില്ല. നോമ്പനുഷ്ഠിക്കാനായില്ലെങ്കിലും പ്രസ്തുത മാസത്തിന്റെ ശ്രേഷ്ഠത മാനിച്ചും മറ്റിതര സല്‍ക്കര്‍മങ്ങള്‍ വര്‍ധിപ്പിച്ചും പരസ്യമായി ഭക്ഷണം കഴിക്കാതെ നോമ്പനുഷ്ഠിക്കുന്നവരോട് ഐക്യദാര്‍ഢ്യം പുലര്‍ത്തിയും റമദാനിന്റെ ശിക്ഷണ പരിശീലന പ്രക്രിയയില്‍ ആവുംവിധം ഭാഗഭാക്കാവുന്നവരാണ് വിശ്വാസികള്‍. ഇത് തന്നെയാണ് ഹജ്ജിന്റെയും സ്ഥിതി. പക്ഷെ, സമ്പന്ന - വരേണ്യ വര്‍ഗത്തിന്റെ - ആത്മീയമായ ആഡംബരമോ ആര്‍ഭാടമോ ആയിക്കണ്ട് ഹജ്ജിനെ അന്യവല്‍ക്കരിക്കുന്നവരും ഒരുവേള പുച്ഛിക്കുന്നവരുമുണ്ട്. ഹജ്ജ് ധൂര്‍ത്തും ദുര്‍വ്യയവുമാണെന്ന് ചിന്തിക്കുന്നവരുമുണ്ട്. ഇക്കാലത്ത് ഹജ്ജിന് പോകുന്നവരുടെയും ഇതിനകം പോയിവന്നവരുടെയും ജീവിതശൈലിയും ജീവിതത്തിലെ വിവിധ മേഖലകളിലുള്ള അവരുടെ വളരെ മോശമായ പ്രതിനിധാനവും പ്രകടനങ്ങളും ഇത്തരം തെറ്റായ മനോഭാവം വളര്‍ന്നുവരാന്‍ ഹേതുവായിട്ടുണ്ടോ എന്ന് ഗൗരവം പരിശോധിക്കേണ്ടതുണ്ട്.
ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയപ്പ് നല്‍കുന്നതിനെ പരിഹസിക്കുന്നവരും വിമര്‍ശിക്കുന്നവരുമുണ്ട്. ഒരു പക്ഷെ, ഇത് ഹജ്ജിനോട് തന്നെയുള്ള വെറുപ്പും പ്രതിഷേധവുമായി വഴിതെറ്റുന്നുണ്ട്. ഹജ്ജിന് പോകുന്ന വ്യക്തിയെ എന്നതിലുപരി ഹജ്ജിനെയാണ് യാത്രയയപ്പിലൂടെ നാം ആദരിക്കുന്നത്. ഹജ്ജിന് പോകുന്നവര്‍ക്കുള്ള ഒരു സഹകരണവും ഒത്താശയും കൂടിയാണത്. ആദര്‍ശ സാഹോദര്യത്തിന്റെ തേട്ടമാണ് ഒരു സഹോദരന്റെ സൗഭാഗ്യത്തില്‍ മറ്റുള്ളവര്‍ സന്തോഷിക്കുകയെന്നത.് നമ്മള്‍ ഹജ്ജിന് പോകുവന്നവനുവേണ്ടിയും അദ്ദേഹം നമ്മള്‍ക്കുവേണ്ടിയും ഉള്ളുരുകി പ്രാര്‍ഥിക്കുമ്പോള്‍ അതു വിശ്വാസികള്‍ക്കിടയില്‍ വളര്‍ത്തുന്ന ഊഷ്മളതയാര്‍ന്ന, ഉള്‍ക്കരുത്തുള്ള ഉദ്ഗ്രഥനം ഉദാത്തമാണ്, ഉപകാരപ്രദവുമാണ്.
ഹജ്ജിന് പോകുന്നവര്‍ അല്ലാഹുവിന്റെ ചിഹ്നങ്ങളെയും ചിന്തോദ്ദീപകമായ ദൃഷ്ടാന്തങ്ങളെയും അനുഭവിച്ചറിയാന്‍ പോകുന്നവരാണ്. അതിനോട് അദ്ദേഹത്തിന് മാത്രമല്ല നമ്മള്‍ക്കും ആദരവുണ്ട്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ ഉള്ളഴിഞ്ഞ് ആദരിക്കുകയെന്നത് മനസ്സിന്റെ തഖ്‌വാ ഗുണത്തില്‍ പെട്ടതാണെന്ന് വിശുദ്ധ ഖുര്‍ആന്‍ (22: 32) പറയുന്നുണ്ട്. സ്വഫയും മര്‍വയും അല്ലാഹുവിന്റെ അടയാളങ്ങളാണ്. (അല്‍ബഖറ 158) കഅ്ബാലയത്തിലും പരിസരങ്ങളിലും ചിന്തനീയമായ ദൃഷ്ടാന്തങ്ങളുണ്ട്. (3: 97) ഹാജിമാര്‍ നമ്മുടെ റബ്ബായ അല്ലാഹുവിന്റെ വിളിക്കുത്തരമേകി വിനയപൂര്‍വം മുസ്‌ലിം ലോകത്തിന്റെ തലസ്ഥാനവും മാതൃകാ പട്ടണവുമായ മക്കയിലേക്ക് പോകുമ്പോള്‍ നല്‍കുന്ന യാത്രയപ്പ് അല്ലാഹുവിന്റെ ചിഹ്നങ്ങളോടും ദൃഷ്ടാന്തങ്ങളോടുമുള്ള ആദരവിന്റെ പേരിലാണ്.
ഹജ്ജ് നടക്കുന്ന കഅ്ബാലയവും പരിസരവും മക്കയെന്ന ലോകമുസ്‌ലിം തലസ്ഥാനവും ഹാജിമാരുടേത് മാത്രമല്ല, സകല മനുഷ്യരുടേതുമാണന്ന് കൂടിയാണ് ഖുര്‍ആന്‍ നല്‍കുന്ന സൂചന 2:125, 3:96, 5:97 എന്നീ സൂക്തങ്ങളില്‍ വിശാലമായ മാനവിക വിഭാവനയോടെയാണ് കഅ്ബാലയത്തെ അല്ലാഹു പരിചയപ്പെടുത്തിയത്. ഇസ്‌ലാം ലോകത്തിലെ സകല മനുഷ്യരുടെയും മുമ്പാകെ സമര്‍പിക്കുന്ന മാതൃകാപട്ടണം (Model City) കൂടിയാണ് മക്ക.
ഹജ്ജിന്റെ മാസങ്ങളായ ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം എന്നിവ തുടര്‍ച്ചയായുള്ള മൂന്ന് യുദ്ധനിരോധിത മാസങ്ങളാണ്. ഇവ്വിധം നിശ്ചയിച്ചതിന്റെ മുഖ്യ ഉദ്ദേശ്യം ലോക മുസ്‌ലിം സമ്മേളനമായ ഹജ്ജ് വളരെ സമാധാനപരമായും സുരക്ഷിതമായും നടക്കണമെന്നതാണ്. ഈ പാവന മാസങ്ങളുടെ പവിത്രത ഹാജിമാര്‍ക്ക് മാത്രമോ മക്കയില്‍ മാത്രമോ അല്ല. ലോക മുസ്‌ലിംകള്‍ക്കാകെ ബാധകമാണ്. സര്‍വോപരി ഈ സുരക്ഷിതത്വം മറ്റ് മനുഷ്യര്‍ക്കാകെ പ്രയോജനപ്രദവുമാണ്.
ഹജ്ജ് മാസം പിറക്കുന്നതോടെ ബലികര്‍മം നടത്താനുദ്ദേശിക്കുന്ന കോടിക്കണക്കിന് മുസ്‌ലിംകള്‍ നഖം വെട്ടുകയോ ക്ഷൗരം ചെയ്യുകയോ ചെയ്യാതെ, ഇഹ്‌റാമില്‍ കഴിയുന്ന ഹാജിയോട് ഐക്യദാര്‍ഢ്യം പുലര്‍ത്തിക്കൊണ്ട് ഏറെക്കുറെ ചേര്‍ന്നുനില്‍ക്കുന്നു. ദുല്‍ഹജ്ജ് ഒമ്പതിനാണ് ഹാജിമാര്‍ അറഫയില്‍ സമ്മേളിക്കുമ്പോള്‍ പ്രസ്തുത മഹാസമ്മേളനത്തോട് തികഞ്ഞ ഐക്യദാര്‍ഢ്യം പുലര്‍ത്തിക്കൊണ്ട് ലോകമുസ്‌ലിംകള്‍ നോമ്പനുഷ്ഠിക്കുകയും പ്രാര്‍ഥനകളില്‍ മുഴുകുകയും ചെയ്യുന്നു. പത്താം തിയ്യതി ജംറയില്‍ കല്ലെറിഞ്ഞ് തല്‍ബിയത്ത് അവസാനിപ്പിച്ച് തക്ബീര്‍ ചൊല്ലുമ്പോള്‍ ലോകമുസ്‌ലിംകള്‍ തക്ബീര്‍ ചൊല്ലുകയും ഈദാഘോഷിക്കുകയും ചെയ്യുന്നു. തുടര്‍ന്നുള്ള ത്രിദിനങ്ങളിലും ലോക മുസ്‌ലിംകള്‍ ഹാജിമാരോട് ചേര്‍ന്നുനില്‍ക്കുന്നു. ഹാജിമാര്‍ ബലികര്‍മം നടത്തുമ്പോള്‍ ലോകമുസ്‌ലിംകളും ബലി നിര്‍വഹിക്കുന്നു. അവിടെ ഹാജിമാര്‍ നാട്ടിലുള്ളവര്‍ക്ക് വേണ്ടി ദുആ ചെയ്യുന്നു. നമ്മള്‍ ഹാജിമാര്‍ക്ക് വേണ്ടിയും ദുആ ചെയ്യുന്നു. ഇങ്ങിനെ ലോകമുസ്‌ലിംകളെല്ലാവരും പരോക്ഷമായി ഹജ്ജില്‍ പങ്കാളികളാവുകയും പലനിലക്കും ഐക്യദാര്‍ഢ്യം പുലര്‍ത്തുകയും ചെയ്യുന്നു.
വിവരസാങ്കേതിക വിദ്യ വളരെയേറെ വികാസം പ്രാപിച്ച ഇക്കാലത്ത് ഹജ്ജ് കാണാനും നിരീക്ഷിച്ച് പാഠമുള്‍ക്കൊള്ളാനും ധാരാളം സൗകര്യവുമുണ്ട്. ഹാജിമാര്‍ ലോകത്തിന്റെ മുക്കുമൂലകളിലേക്ക് തിരിച്ചെത്തുമ്പോള്‍ ദശലക്ഷക്കണക്കിന് കുടുംബങ്ങളിലും പതിനായിരക്കണക്കിന് ഗ്രാമങ്ങളിലും അതിന്റെ പലവിധ നന്മകള്‍ ധാരാളമായി പ്രസരിക്കുക തന്നെ ചെയ്യും.
പുതിയ മനുഷ്യരായി പുനര്‍ജനിച്ച ഹാജിമാര്‍ നന്മയുടെ ധ്വജവാഹകരും തിന്മക്കെതിരിലുള്ള പടയാളികളുമായി നിലകൊണ്ട് ഒരു നല്ല പുതുലോക സൃഷ്ടിക്കായി സകലമാര്‍ഗേണ സജീവമായി യത്‌നിക്കും. അങ്ങനെ വരുമ്പോള്‍ ഹജ്ജ് എല്ലാവരുടേതുമാണ.് അതിന്റെ നന്മകള്‍ എല്ലാവര്‍ക്കും ലഭ്യവുമാണ്.
(കേരള ഹജ്ജ് കമ്മിറ്റി മെമ്പറാണ് ലേഖകന്‍)