ആദ്യത്തെ കാറിന്റെ ഹോണ്‍ ഹഫ്‌സത്ത് അവഗണിച്ചു.
അവള്‍ക്ക് പണിത്തിരക്കാണ്. മാത്രമല്ല, സലാംക്കാന്റെ ഹോണല്ല അതെന്ന് അവള്‍ക്കറിയാം. മുമ്പിലെ റോഡില്‍ വല്ല വാഹനതടസ്സവും ഉണ്ടായിരിക്കും. അവരാരെങ്കിലും ഹോണടിക്കുന്നതായിരിക്കും. ഇത് ഈ നഗരത്തില്‍ വന്നശേഷം അവള്‍ക്ക്
ആദ്യത്തെ കാറിന്റെ ഹോണ്‍ ഹഫ്‌സത്ത് അവഗണിച്ചു.
അവള്‍ക്ക് പണിത്തിരക്കാണ്. മാത്രമല്ല, സലാംക്കാന്റെ ഹോണല്ല അതെന്ന് അവള്‍ക്കറിയാം. മുമ്പിലെ റോഡില്‍ വല്ല വാഹനതടസ്സവും ഉണ്ടായിരിക്കും. അവരാരെങ്കിലും ഹോണടിക്കുന്നതായിരിക്കും. ഇത് ഈ നഗരത്തില്‍ വന്നശേഷം അവള്‍ക്ക് സാധാരണയുള്ള അനുഭവമാണ്. ആദ്യമൊക്കെ ഓടിച്ചെന്ന് വാതില്‍ തുറന്നു നോക്കുമായിരുന്നു. വാഹനങ്ങളുടെ നീണ്ടനിര കുറച്ചുനേരം നോക്കിനില്‍ക്കുകയും ചെയ്യും. എങ്ങനെയാണ് ഈ തടസ്സങ്ങളെല്ലാം തീര്‍ത്ത് വീണ്ടും വാഹനങ്ങള്‍ ഒഴുകാന്‍ തുടങ്ങുന്നതെന്നത് അവള്‍ക്ക് അന്നെല്ലാം ഒരു കൗതുകമായിരുന്നു. ആ കൗതുകം സലാംക്കായുമായി പവെച്ചപ്പോള്‍ 'മനുഷ്യന്‍ സ്വയം ചില പ്രഹേളികകള്‍ സൃഷ്ടിക്കുകയും പിന്നെ അവയുടെ പരിഹാരത്തിനായി നിരന്തരം ശ്രമിക്കുകയും ചെയ്യുന്നതിനെയാണല്ലോ നാഗരികത എന്നു പറയുന്നത്' എന്ന വലിയ ഒരു വാചകമായിരുന്നു മൂപ്പരുടെ മറുപടി. അക്കാലത്ത് പൊതുവേ ഒഴിഞ്ഞുകിടന്നിരുന്ന ഹഫ്‌സത്തിന്റെ നാടന്‍മനസ്സില്‍ എന്തുകൊണ്ടോ ആ വാചകം എളുപ്പത്തില്‍ കടന്നുകൂടി. പിന്നെ എപ്പോഴും അത്തരം ട്രാഫിക് പ്രശ്‌നങ്ങള്‍ കാണുമ്പോള്‍ അവള്‍ 'നാഗരികത' 'നാഗരികത' എന്നുരുവിട്ടുകൊണ്ട് പുഞ്ചിരിക്കുമായിരുന്നു. പിന്നെയും കുറച്ചുകാലം കഴിഞ്ഞപ്പോള്‍ വാതില്‍ തുറന്നു നോക്കുന്നതിനു പകരം അവള്‍ ജനലിലൂടെ മാത്രം നാഗരികതയെ നോക്കിക്കാണാന്‍ തുടങ്ങി. ഈയടുത്തകാലത്താണ് നാഗരികതയുടെ ശബ്ദങ്ങളെ അവള്‍ പൂര്‍ണമായും അവഗണിക്കാന്‍ തുടങ്ങിയത്.
സലാംക്കായുടെ ഹോണടി ശബ്ദത്തിനു മാത്രം അവള്‍ ഓടിച്ചെല്ലും. അത് ഏത് പണിത്തിരക്കിനിടയിലും അവളുടെ ശ്രദ്ധയെ കടന്നുപിടിക്കുമായിരുന്നു.
ഇന്ന് സലാംക്ക തിരിച്ചെത്തുന്ന സമയമൊന്നും ആയിട്ടില്ല എന്നതാണ് കാര്യം. അവള്‍ക്കാണെങ്കില്‍ നല്ല ജോലിത്തിരക്കും. വലിയ വലിയ മീനുകള്‍ മാത്രം വാങ്ങാന്‍ കിട്ടുന്ന ഈ നഗരത്തില്‍ ഇത്ര ചെറിയ മെലിഞ്ഞ മീനുകളെ സലാംക്ക എങ്ങനെ സംഘടിപ്പിച്ചതായിരിക്കും? അവയുടെ ഓരോന്നിന്റെയും ശരീരം കത്തികൊണ്ട് പലവട്ടം അങ്ങോട്ടുമിങ്ങോട്ടും ചുരണ്ടി മിനുസം കളയണം. പിന്നെ അവിടെയുമിവിടെയും തള്ളിനില്‍ക്കുന്ന ചിറകുകള്‍ അരിഞ്ഞുകളയണം. എന്തു മനോഹരമായ ഇളം മഞ്ഞച്ചിറകുകള്‍! ഒറ്റപ്പുള്ളിയുള്ള വാലും മുറിച്ചുമാറ്റണം. പിന്നെ മുഖത്തിന്റെ അടപ്പുകളും ശ്വാസപ്പൂക്കളും എടുത്തുമാറ്റണം. ഒടുക്കം ഹൃദയവും വയറും തുറന്ന് കറുപ്പിനെ കഴുകിമാറ്റണം. എല്ലാം ചുരണ്ടിമാറ്റി വൃത്തിയാക്കിയ മീനുകളെയാണ് സലാംക്കാക്കിഷ്ടം. ഒരു ചെറിയ അഴുക്കുപോലും പാടില്ല എന്നു പറയും. 'നവ്ഖലിയിലെ ഗാന്ധിജിയെപ്പോലെ ശുദ്ധനും നഗ്നനുമാവണം' എന്നാണ് ഒരു ദിവസം മൂപ്പര്‍ പറഞ്ഞത്. 'അതാരാണ് നവ്ഖലിയിലെ ഗാന്ധി' എന്ന് ഹഫ്‌സത്ത് ചോദിച്ചപ്പോള്‍ എന്തോ പറയാന്‍ സലാം ഒരുങ്ങിയെങ്കിലും 'അതൊന്നും നിനക്ക് മനസ്സിലാവില്ല' എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണുണ്ടായത്.
ചെറിയ ചെറിയ മീനുകളെ വറുത്തുതിന്നാന്‍ സലാമിന് വലിയ ഇഷ്ടമാണ്. അതുകൊണ്ടുതന്നെയാണ് ഹഫ്‌സത്ത് ഇന്ന് ഈ പണിയില്‍ ഇത്രമാത്രം വ്യാപൃതയായിരിക്കുന്നതും. സലാംക്കായുടെ ഓരോ ചെറിയ ഇഷ്ടവും അവളുടെ വലിയ വലിയ ലക്ഷ്യങ്ങളാവാറുണ്ട്.
കാറിന്റെ ഹോണ്‍ വീണ്ടും. നേരത്തെ കേട്ട അതേ ശബ്ദം. ഇപ്രാവശ്യവും വലിയ തിരക്കൊന്നും ഇല്ലാത്തതുപോലെ.
ഗതാഗതതടസ്സമല്ലെന്നുതോന്നുന്നു.
ഓ.. എന്തായാലും ഇപ്പോ പോയി നോക്കാന്‍ പറ്റില്ല. ഈ മീന്‍പണി ഇപ്പോഴൊന്നും തീരുന്ന മട്ടുമില്ല.
ഹഫ്‌സത്തിന് ശരീരത്തില്‍ പലയിടത്തും ചൊറിയണമെന്നുതോന്നി. മീന്‍ നന്നാക്കുന്നതിനിടെ കത്തികൊണ്ട് കഴുത്തില്‍ ചൊറിഞ്ഞപ്പോള്‍ കത്തിതട്ടി ഞരമ്പുമുറിഞ്ഞ് ഒരു വീട്ടമ്മ മരിച്ചതായി എവിടെയോ വായിച്ചത് അപ്പോള്‍ അവളോര്‍ത്തു. അങ്ങനെ വല്ലതും സംഭവിച്ചാല്‍....? അങ്ങനെ താന്‍ മരിച്ചുപോയാല്‍....?
ആ ചിന്തയില്‍തട്ടി അവളുടെ കത്തിയുടെ ചലനം അല്‍പനേരത്തേക്കു നിലച്ചു.
ഈ വീട്ടില്‍ ആരുമില്ല. അടുത്ത ഫ്‌ളാറ്റുകളില്‍ വല്ലവരും കാണുമായിരിക്കും. എന്നാലും അവരെല്ലാം എങ്ങനെ അറിയാനാണ് താന്‍ കത്തികുത്തിക്കയറി മരിച്ചുകിടക്കുന്നത്. സലാംക്ക വരുമ്പോള്‍ മരിച്ച് മരവിച്ച് മീന്‍മണവുമായി താന്‍ മലര്‍ന്നുകിടക്കുന്ന ചിത്രം ഹഫ്‌സത്തിന്റെ മനസ്സിലേക്ക് തള്ളിക്കയറി. മരിക്കുന്നത് സലാംക്കയുടെ മടിയില്‍ കിടന്നുതന്നെയാവണമെന്ന ഒരാഗ്രഹം അവളില്‍ കടന്നുകൂടിയിട്ട് കുറച്ചുകാലമായിട്ടുണ്ട്. തന്നെയൊന്ന് ഉമ്മവെക്കാന്‍ സലാംക്കയെ പ്രലോഭിപ്പിക്കുംവിധം സുഗന്ധപൂരിതയായി, പുഞ്ചിരിച്ചുകൊണ്ട്........കൈകളില്‍ അമര്‍ത്തിപ്പിടിച്ച്. അങ്ങനെയൊക്കെയാണ് ആഗ്രഹം. അങ്ങനെ കണ്ണടയ്ക്കാന്‍ തനിക്ക് സാധിക്കാതെ വരുമോ....? അവളുടെ കണ്ണുകള്‍ നിറഞ്ഞു.
എന്താണിപ്പോള്‍ ഇങ്ങനെയൊക്കെ തോന്നാന്‍?
ഉടനെത്തന്നെ ആ ദുഷ്ചിന്തയെ കുടഞ്ഞുമാറ്റിക്കൊണ്ട് അവള്‍ കത്തികൊണ്ട് തട്ടം നേരെയാക്കി. വീണ്ടും മീന്‍പണി തുടര്‍ന്നു.
ചിറകുകളും വാലുകളും പുഞ്ചിരിപ്പൂക്കളും രക്തക്കളത്തില്‍ വീണലിഞ്ഞ് അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. തുറന്ന കണ്ണുകളുമായി സ്വപ്നത്തിലെന്നവണ്ണം മീന്‍ശരീരങ്ങള്‍ തലങ്ങും വിലങ്ങും കിടക്കുന്നു.
തനിക്കു കുട്ടികള്‍ ഉണ്ടായിരുന്നെങ്കില്‍... മരണം പോലുള്ള അത്യാഹിതങ്ങളില്‍ ഒന്നു കരഞ്ഞ് ബഹളം കൂട്ടാന്‍ അവരെങ്കിലും ഉണ്ടാവുമായിരുന്നു. പക്ഷേ സലാംക്ക വരുന്നതിനുമുന്‍പ് അവരും കരഞ്ഞുതളരില്ലേ.
വീണ്ടും അശുഭചിന്തകള്‍ കടന്നുവരുന്നതെന്തുകൊണ്ട്? ഹഫ്‌സത്ത് ആശങ്കപ്പെട്ടു.
കുട്ടികള്‍ ഇനി ഉണ്ടാവുകയില്ല എന്നത് അവള്‍ക്ക് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ദിനംപ്രതി ശോഷിച്ചുവരുന്ന തന്റെ ശരീരം മാത്രമല്ല അതിന്റെ സൂചന നല്‍കിയത്. ഒരുകാലത്ത് തിങ്ങിവളര്‍ന്നിരുന്ന തന്റെ തലമുടി മുക്കാലും കൊഴിഞ്ഞുപോയതും പലയിടത്തും തലയോട് കാണപ്പെട്ടതും ശേഷിക്കുന്ന മുടിനാരുകളില്‍ അതിവേഗം നരപടര്‍ന്നുകയറിയതും, ഒരുകാലത്ത് തുടുത്തുനിന്നിരുന്ന കവിളിനെ വികൃതമാക്കിക്കൊണ്ട് എല്ലുകള്‍ ക്രമാതീതമായി തള്ളിവന്നതും, നക്ഷത്രച്ചിരിവിടര്‍ന്നിരുന്ന കണ്ണുകളില്‍ വെളുത്ത പാട കയറിയതും, നഖങ്ങള്‍ കറുത്തു വികൃതമായി പൊടിഞ്ഞടരാന്‍ തുടങ്ങിയതും ശക്തമായ അറിയിപ്പുകള്‍ തന്നെ. എട്ടുകാലിവല പോലെ നേര്‍ത്ത അസംഖ്യം രേഖകള്‍ മുഖത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചിരിക്കുമ്പോഴും കരയുമ്പോഴും അതിനു രണ്ടിനും യോജിക്കാത്ത തരത്തില്‍ ധാരാളം ചതുരക്കള്ളികളാണ് ആ രേഖകള്‍ അവളുടെ മുഖത്ത് സൃഷ്ടിക്കുന്നത്. ഇതൊന്നും പ്രായം നടത്തിയ കൈവേലകളല്ല. പലപല ഡോക്ടര്‍മാരുടെയും അടുത്ത് സലാം അവളെ കൊണ്ടുപോയിട്ടുണ്ട്. അസമയത്ത് വാര്‍ധക്യം ബാധിക്കുന്നു എന്നേ അവര്‍ക്കും പറയാനായുള്ളൂ. പക്ഷേ അതോടൊപ്പം അവരെല്ലാം യോജിച്ചു പ്രകടിപ്പിച്ച ഒരു സംശയമുണ്ട്. കുട്ടികളുണ്ടാവാനുള്ള സാധ്യത ഇനി കുറവാണെന്ന്.
വീണ്ടും ഹോണ്‍ ശബ്ദം. ഇപ്പോള്‍ മറ്റൊരു കാറാണ്. അല്‍പം തിരക്കും കാണിക്കുന്നുണ്ട്.
ഈ നഗരത്തിലേക്ക് ചേക്കേറിയ ശേഷമാണ് ഹഫ്‌സത്തിന്റെ ശരീരം ശോഷിച്ചതും തലമുടിയെല്ലാം കൊഴിഞ്ഞതും. അതിനുമുന്‍പുള്ള കാലത്ത് ഇടക്കെല്ലാം പതിഞ്ഞ ശബ്ദത്തില്‍ മനോഹരമായി പാടുന്ന, ഒഴിവുവേളകളില്‍ അല ങ്കാരത്തയ്യലുകള്‍ ചെയ്യുന്ന, ഏതുചോദ്യത്തിനും ഒരു പൊട്ടിച്ചിരിക്കു ശേഷം മാത്രം മറുപടി പറയുന്ന, ചടുലമായ കറുത്ത മിഴികളുള്ള ഒരു നാടന്‍ പെണ്ണായിരുന്നു അവള്‍. ഈ നഗരത്തിന്റെ ചൂടും വെള്ളവും പറ്റാഞ്ഞിട്ടായിരിക്കാം പ്രശ്‌നങ്ങള്‍ എന്നാണ് ആദ്യം കരുതിയത്. പലപല മരുന്നുകളും മാറിമാറി പരീക്ഷിച്ചു. പക്ഷേ ഒടുക്കം സംശയത്തിന്റെ മുടിനാരുകള്‍ക്കിടയിലൂടെ മിനുങ്ങു ന്ന സത്യത്തിന്റെ തലയോട് കാണ പ്പെട്ടുതുടങ്ങിയപ്പോള്‍ അവള്‍ ആദ്യം ചിരി നിര്‍ത്തി. പിന്നെ പുഞ്ചിരിയും. ഒഴിവുവേളകളിലെ മൂളിപ്പാട്ടുകള്‍ക്കുമേലെ മൗനം ചിലന്തിവല കെട്ടി. അലങ്കാര ത്തയ്യലുകള്‍ പലതും അപൂര്‍ണതയില്‍ അവസാനിച്ചു. കറുത്ത മിഴി കൊണ്ട് സലാംക്കയെ കണ്ണുനിറയെ നോക്കാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്ന അവള്‍ പലസമയത്തും തന്റെ വെളുത്തമിഴികളെ സലാമില്‍നിന്ന് ഒളിപ്പിക്കാന്‍ തുടങ്ങി.
സലാമിനാകട്ടെ നഗരത്തിലേക്കുള്ള മാറ്റം സൗന്ദര്യം വര്‍ധിപ്പിക്കുകയാണുണ്ടായത്. അയാളുടെ കറുത്തുമിന്നുന്ന കട്ടിമീശയ്ക്കുതാഴെ ഇന്നും തുടുത്ത ചുണ്ടുകള്‍ക്ക് ചുവപ്പുനിറമാണ്. മിനുസമുള്ള വെളുത്ത കവിള്‍ത്തടങ്ങളില്‍ ഷേവിംഗിന്റെ ഇളംപച്ച ഒരു സൗന്ദര്യമായിത്തന്നെ ഇന്നും തിളങ്ങുന്നു. വിരിഞ്ഞ നെഞ്ചും പതിഞ്ഞ വയറും രോമം നിറഞ്ഞ കണംകൈകളും ഒപ്പം ആകര്‍ഷകമായ പെരുമാറ്റം കൂടിയായപ്പോള്‍ സലാം ഏതുസഭയിലും സ്വീകാര്യനും ഒഴിച്ചുകൂടാന്‍ പറ്റാത്തവനുമായി. സ്വതവേ പ്രസന്നവദനനായ അയാള്‍ക്കുചുറ്റും എന്നും പുരുഷ സ്ത്രീ സുഹൃത്തുക്കളുടെ ഒരു വലയം തന്നെ ഉണ്ടായിരുന്നു. ക്ലബ്ബിലും പാര്‍ട്ടികളിലും ഉല്ലസിച്ചുനടക്കുമ്പോള്‍ അയാളോട് ചില അരസികര്‍ ചോദിക്കും,
''ഭാര്യയെ കൊണ്ടുവന്നില്ലേ?''
''ഇല്ല. നല്ല സുഖമില്ല''പിന്നെ നിറഞ്ഞൊരു പുഞ്ചിരിയും. സാധാരണഗതിയില്‍ ആ ചിരിയില്‍ ബാക്കി ചോദ്യങ്ങള്‍ അലിഞ്ഞുമായും.
''ഭാര്യയുടെ അസുഖം ഇനിയും മാറിയില്ലേ'' എന്ന രീതിയിലേക്ക് ചോദ്യങ്ങള്‍ മാറിയപ്പോള്‍,
''ഇല്ല'' എന്ന ഒറ്റ വാക്കുമാത്രമായി ഉത്തരം.
''ഒരു കല്യാണം കൂടി കഴിക്കിഷ്ടാ. നിങ്ങള്‍ക്ക് നാലുവരെ ആകാമല്ലോ'' എന്ന് തോളില്‍തട്ടി കുഴഞ്ഞവരോട്,
''കഴിക്കണം'' എന്ന് അയാള്‍ ഉറപ്പിച്ചുതന്നെ പറഞ്ഞു.
ആ ദിവസങ്ങളിലെല്ലാം അയാള്‍ വീട്ടില്‍ ഹഫ്‌സത്തിനോട് ആ ചോദ്യത്തിനെപറ്റി പറഞ്ഞു. അവള്‍ അയാളെനോക്കി പുഞ്ചിരിച്ചു. കെട്ടിപ്പിടിച്ച് ഒരു പ്രാവശ്യം ഉമ്മവെക്കാന്‍ ആ സമയത്തെല്ലാം കൊതിച്ചെങ്കിലും അതിനൊന്നും അവള്‍ക്ക് ധൈര്യം വന്നില്ല.
ഹഫ്‌സത്തിന്റെ മുന്നില്‍ അനേകം മീന്‍കണ്ണുകള്‍ നിര്‍ജീവമായി തുറന്നുകിടന്നു. മീന്‍പണി തീര്‍ന്നിരിക്കുന്നു. പക്ഷേ അവള്‍ക്ക് വല്ലാത്തൊരു ഉദാസീനത.
സലാംക്ക ഇന്നലെ രാത്രിയും മറ്റൊരു വിവാഹത്തിന്റെ കാര്യം സൂചിപ്പിച്ചിരുന്നു. അതിനവള്‍ 'ആയിക്കോട്ടെ സമ്മതം' എന്ന് ഒരുപ്രാവശ്യം മെല്ലെ മറുപടി പറയുകയും ചെയ്തു. പറഞ്ഞത് പതുക്കെ ആയിരുന്നെങ്കിലും നിമിഷങ്ങള്‍ക്കകം ആ രണ്ടു വാക്കുകള്‍ പതിന്‍മടങ്ങ് ശക്തിയാര്‍ജിച്ച് അവളുടെ ഹൃദയഭിത്തികളിലും പിന്നെ ആ മുറിയുടെ നാലുചുവരുകളിലും ശക്തമായി ആഞ്ഞടിച്ചു. പിന്നെ പതിനായിരം പ്രതിധ്വനികളായി മുറിക്കകം നിറഞ്ഞു. തുടര്‍ന്ന് ആരും ഒന്നും സംസാരിച്ചില്ല. സലാം മറുവശത്തേക്ക് തിരിഞ്ഞുകിടന്നു. ഇരുട്ടിലേക്ക് മലര്‍ന്നുകിടന്ന് ഹഫ്‌സത്ത് ചിന്തിച്ചത് എല്ലാം പങ്കുവയ്ക്കുമ്പോള്‍ ഹൃദയമെങ്കിലും എനിക്കുവേണ്ടി മാറ്റിവെച്ചേക്കണം എന്നുകൂടി പറയാന്‍ തനിക്ക് ധൈര്യം വരാഞ്ഞതെന്തുകൊണ്ടെന്നാണ്. ഈച്ചപറക്കുന്ന മീന്‍ചട്ടിയും മുന്നില്‍വച്ച്അവള്‍ ഇപ്പോ ഴും അതുതന്നെയാണ് ചിന്തിച്ചുകൊണ്ടി രിക്കുന്നത്
വീണ്ടും കാര്‍ ഹോണ്‍.
അതു സലാംക്കയുടെ ഹോണാണ്.
അവള്‍ ഓടിച്ചെന്ന് ജനലിലൂടെ നോക്കി. മൂന്നു കാറുകള്‍ വരിവരിയായി ഗേറ്റു കടക്കുന്നു. ഏറ്റവും പിറകില്‍ സലാംക്കയുടെ കാര്‍.
അവള്‍ ധിറുതിയില്‍ കൈ കഴുകി മീന്‍ചട്ടി മൂടിവെച്ച് ഓടിച്ചെന്ന് വാതില്‍ തുറന്നു. മുന്നിലെ വണ്ടിയില്‍നിന്നും കേണല്‍ ജനാര്‍ദ്ദനന്‍ സാറും ഭാര്യ നളിനിയും അനീസും. പിറകിലെ കാറില്‍ സൈറത്തായും അസ്‌ലമും ഡ്രൈവര്‍ രാഹുലനും. ഏറ്റവും പിറകിലെ കാറിന്റെ ഇടതുഡോര്‍ തുറന്ന് ധാരാളം മുല്ലപ്പൂക്കള്‍ തലയില്‍ ചൂടിയ, ചുവന്നുതുടുത്ത മുഖമുള്ള ഒരു സ്ത്രീ പുറത്തേക്കിറങ്ങി. ഡ്രൈവര്‍ ഡോര്‍ തുറന്നുകൊണ്ട് സലാമും. ആ സ്ത്രീ പെട്ടെന്ന് സലാമിന്റെ സമീപത്തെത്തി. മുല്ലപ്പൂക്കള്‍ക്കുമേലെ സലാമിന്റെ രോമാവൃതമായ ഇടതുകരം പടര്‍ന്നു.
അനുഗ്രഹത്തിനെന്നപോലെ അവര്‍ രണ്ടുപേരും നാലടി മുന്നോട്ടുവച്ച് അവളുടെ മുന്നില്‍ നിന്നു. ഒന്നും മിണ്ടാതെ മറ്റ് ആറുപേരും അവര്‍ക്കുപിന്നില്‍ ഒരു പശ്ചാത്തലമായി.
ഹഫ്‌സത്തിന് തല കറങ്ങുന്നതുപോലെ. അവള്‍ മീന്‍മണമുള്ള കൈകള്‍ മുഷിഞ്ഞ സാരിക്കുള്ളില്‍ ഒളിപ്പിച്ചു. പിന്നെ വികാരരഹിതമായൊരു ശിലാവിഗ്രഹമായി നിശ്ചലം നിന്നു.
സമയം നിമിഷശലഭങ്ങളായി അവള്‍ക്കും ആഗതര്‍ക്കുമിടയില്‍ പറന്നുനടന്നു.
വന്നവര്‍ ഉമ്മറത്തെ പടികള്‍ കയറുകയാണ്.
ഹഫ്‌സത്ത് ശില്‍പത്തില്‍നിന്നും പുറത്തുകടന്നു. പിന്തിരിഞ്ഞോടി കിടക്കയില്‍ കമഴ്ന്നുകിടന്ന് ആവോളം കരയാനാണ് പെട്ടെന്ന് അവള്‍ക്ക് തോന്നിയത്. പക്ഷേ പറ്റിയില്ല.
അപ്പോഴേക്കും സലാം പിറകില്‍ വന്ന് വലത്തേ കൈത്തലം- കൈത്തലം മാത്രം- അവളുടെ ചുമലില്‍ വച്ചു. അവള്‍ ഷോക്കേറ്റതുപോലെ തരിച്ചുപോയി. പിന്നെ കൈ മെല്ലെ തഴുകിമാറ്റി.
വന്നവര്‍ സ്വീകരണമുറിയില്‍ ഇരിപ്പിടങ്ങള്‍ കരസ്ഥമാക്കുകയാണ്. അവര്‍ക്ക് ചായ കൊടുക്കണം. ഹഫ്‌സത്ത് അടുക്കളയിലേക്കോടി.
അവളുടെ പിറകെ ആ സ്ത്രീയും
''ഇത്താ'' പതുക്കെ ആ സ്ത്രീ.
ഹഫ്‌സത്ത് തിരിഞ്ഞുനോക്കി. ഒപ്പംതന്നെ കൈകള്‍ യാന്ത്രികമായി തട്ടം തലയിലേക്ക് വലിച്ചിട്ടു.
കായികതാരത്തിന്റെ പോലെ മെലിഞ്ഞുനീണ്ട ആരോഗ്യമുള്ള ശരീരം. വശ്യമായ അംഗലാവണ്യം. നിറഞ്ഞ കറുത്ത തലമുടി. ചുവന്ന ചുണ്ടുകള്‍.
ഹഫ്‌സത്ത് കണ്ണുകള്‍ താഴ്ത്തി.
സലാംക്ക വീണ്ടും പിറകില്‍.
''മൈമൂന അനാഥയാണ്. ഇവിടെ ഒരു യോഗ ഇന്‍സ്ട്രക്ടറായി ജോലി ചെയ്യുന്നു. ഡാന്‍സും അറിയാം. ഷീ ഈസ് എ ഡാന്‍സര്‍'' അവസാനത്തെ ഇംഗ്ലീഷ് വാചകം തര്‍ജമ ചെയ്യാന്‍ അയാള്‍ മിനക്കെട്ടില്ല. പിന്നെ ഒന്നും പറയാതെ നിന്നു.
ഹഫ്‌സത്ത് രണ്ടു കയില്‍ പഞ്ചസാര ചൂടുവെള്ളത്തിലേക്ക് കോരിയിട്ടു. അത് ചായനിര്‍മാണത്തിലെ അവളുടെ സാധാരണ പ്രവൃത്തിക്രമമല്ല. കുറച്ചുനേരം അതുനോക്കിനിന്ന ശേഷം സലാം തുടര്‍ന്നുപറഞ്ഞു,
''മൈമൂനക്കും ഒരു ജീവിതമാവും''
പറ്റിപ്പിടിച്ച അവസാനത്തെ പഞ്ചസാരത്തരിയെയും ചൂടുവെള്ളത്തില്‍ ലയിപ്പിച്ച് ശൂന്യമായ കയിലുമായി ഹഫ്‌സത്ത് തന്റെ ഭര്‍ത്താവിലേക്ക് മിഴികള്‍ ഉയര്‍ത്തി.
സലാം വെറുതെ ഒന്നു ചിരിച്ചു.
സ്വീകരണമുറിയില്‍ ആരും പരസ്പരം സംസാരിക്കാതെ ഇരിക്കുകയാണ്. ചായത്തട്ട് നിശബ്ദം മേശപ്പുറത്ത് വച്ച് ഹഫ്‌സത്ത് എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.
''സലാമിന്റെ സോഷ്യല്‍ സര്‍ക്കിളിലൊക്കെ ഇനി മൈമൂനയ്ക്കും പോവാമല്ലോ'' കേണല്‍ ജനാര്‍ദ്ദനന്‍ ശബ്ദമുയര്‍ത്തിപ്പറഞ്ഞു. ''മാത്രമല്ല, അവള്‍ പേരും മാറ്റുന്നു. മൈമൂനയല്ല, മൈമൂണ്‍. മിസ് മൈമൂന ഇനി മിസ്സിസ് മൈമൂണ്‍ സലാം''. അയാള്‍ ഒഴിഞ്ഞ അതിര്‍ത്തിരേഖയിലേക്ക് വെറുതെ വെടിപൊട്ടിക്കുന്ന ലാഘവത്തില്‍ പറഞ്ഞു. ഹഫ്‌സത്തിന്റെ ഒറ്റനോട്ടത്തില്‍ ആ വെടിപ്പുക നനഞ്ഞമര്‍ന്നു.
''രണ്ടുപേര്‍ക്കും അവരവരുടേതായ ഉത്തരവാദിത്തങ്ങളും ധര്‍മങ്ങളും.....'' എന്നു പറഞ്ഞുതുടങ്ങിയ സൈറ തുടര്‍ന്നുപറയാനുദ്ദേശിച്ച 'അവകാശങ്ങളും' എന്ന വാക്ക് ഒരിറക്ക് ചായയോടൊപ്പം അലിയിച്ച് അന്നനാളത്തിലേക്കിറക്കി.
ഹഫ്‌സത്ത് ശാന്തയായി ആ മുറിയില്‍നിന്ന് പുറത്തേക്കിറങ്ങി. കിടപ്പുമുറിയിലേക്കാണ് കാലുകള്‍ നീങ്ങിയതെങ്കിലും വേണ്ടെന്നുവച്ച് അവള്‍ സ്റ്റോര്‍ മുറിയില്‍ കയറി വാതിലടച്ചു.
ഉത്തരവാദിത്തങ്ങള്‍.....
ധര്‍മങ്ങള്‍.....
സലാംക്കയുടെ ജീവിതം സന്തോഷപ്രദമാവണം. അതാണ് തന്റെ ഉത്തരവാദിത്തം; ധര്‍മവും.
സുന്ദരിയായ, അരോഗദൃഡഗാത്രയായ, നര്‍ത്തകിയായ മൈമൂന, അല്ല മിസ്സിസ് മൈമൂണ്‍ സലാം, സാമൂഹ്യവേദികളില്‍ തന്റെ കുറവ് നികത്തും. അങ്ങനെ സലാംക്ക ആഹ്ലാദവാനാവും.
അവള്‍ക്ക് തന്റെ നല്ല സാരികള്‍ കൊടുക്കണോ?
ആഭരണങ്ങള്‍?
വേണ്ട. അതെല്ലാം സലാംക്ക തനിക്കു തന്നതാണ്. അവള്‍ക്ക് വേറെ കാണുമായിരിക്കും. അല്ലെങ്കില്‍ വേറെ ഇനിയും വാങ്ങുമായിരിക്കും.
ഏതായാലും അവരെക്കൊണ്ട് കൂടുതല്‍ വീട്ടുജോലികളൊന്നും ചെയ്യിക്കരുത്. അവരെന്നും സുന്ദരിയായിത്തന്നെ നില്‍ക്കണം.
അതും തന്റെ ധര്‍മം.
സലാംക്കയുടെ ഇഷ്ടാനിഷ്ട ങ്ങള്‍ക്കൊപ്പിച്ച് എല്ലാം ഒരുക്കി കൊടുക്കണം.
സലാംക്കയുടെ സൂക്ഷ്മമായ കാര്യങ്ങള്‍പോലും കൃത്യമായി അറിയാവുന്നത് തനിക്കാണ്. അതു ഭംഗിയായി ചെയ്യുക.
രണ്ടുപേര്‍ക്കും അവരവരുടേതായ ധര്‍മങ്ങള്‍.
അടുക്കളയില്‍ എന്തോ തട്ടിമറിയുന്ന ശബ്ദം.
അവള്‍ക്ക് പെട്ടെന്ന് കുഞ്ഞു മീനുകളുടെ കാര്യം ഓര്‍മ വന്നു. കള്ളപ്പൂച്ച കയറിയോ.....?
അവള്‍ വാതില്‍ തുറന്ന് തന്റെ അടുക്കളയിലേക്കോടി.
ചിറകുകളരിഞ്ഞ, പുള്ളിവാലുകള്‍ മുറിച്ച, ഹൃദയം തുറന്ന് കറുപ്പുനീക്കിയ മെലിഞ്ഞ മീനുകള്‍ പാത്രത്തില്‍ തലങ്ങും വിലങ്ങും കിടക്കുന്നു. ചിലത് രക്തപ്രളയത്തില്‍ പൊങ്ങിമലര്‍ന്നിരിക്കുന്നു.
ഈച്ചകള്‍ പറക്കാന്‍ തുടങ്ങിയി ട്ടുണ്ട്.
സ്വീകരണമുറിയില്‍ ഉച്ചത്തിലൊരു പൊട്ടിച്ചിരി.