പായപൂര്‍ത്തിക്കുമുമ്പ് വരുന്ന ആര്‍ത്തവം
പെണ്‍കുട്ടികള്‍ പൊതുവെ 13-14 വയസ്സില്‍ ഋതുമതികളാവാറുണ്ട്. ആര്‍ത്തവം 10 വയസ്സിന് മുമ്പ് തുടങ്ങുകയാണെങ്കില്‍ അത് അസാധാരണമായിരിക്കും. ഇതോടൊപ്പം തന്നെ സ്തനവളര്‍ച്ചയും ഉണ്ടെങ്കില്‍ ഡോക്ടറെ കാണിക്കണം. ഹോര്‍മോണ്‍ ചികിത്സ, ഹോര്മോണുണ്ടാക്കുന്ന ഗ്രന്ഥികളെ ബാധിക്കുന്ന രോഗങ്ങള്‍, ട്യൂമറുകള്‍ എന്നിവയില്‍ ഏതെങ്കിലും കാരണം കൊണ്ടാവാം പ്രായപൂര്‍ത്തിക്കു മുമ്പ് ആര്‍ത്തവം ഉണ്ടാവുന്നത്.
പ്രത്യക്ഷമാകുന്ന ആര്‍ത്തവം
ചില സ്ത്രീകളില്‍ ആര്‍ത്തവം കൃത്യമായി ഉണ്ടാവുമെങ്കിലും ആര്‍ത്തവ രക്തം യോനിവഴി പുറത്തേക്ക് ഒഴുകിവരാറില്ല. പ്രത്യക്ഷമാകാത്ത ഇത്തരം ആര്‍ത്തവത്തിനു പ്രധാനകാരണം ജനനേന്ദ്രിയങ്ങളുടെ ജന്മസഹജമായ വൈകല്യങ്ങളാണ്. ഉദാ: കന്യാചര്‍മ്മത്തില്‍ ദ്വാരമില്ലാതിരിക്കുക, യോനിയിലോ ഗര്ഭപാത്രഗളത്തിലോ വൈകല്യങ്ങള്‍ ഉണ്ടാവുക ഇത്തരം കാരണങ്ങള്‍കൊണ്ട് ആര്‍ത്തവരക്തം ഗര്‍ഭപാത്രത്തില്‍ കെട്ടിക്കിടക്കുകയും ക്രമേണ ഗര്‍ഭപാത്രം വലുതായി അടിവയറ്റില്‍ വേദനയുള്ള ഒരു മുഴയായിത്തീരുകയും ചെയ്യാം. ഒരു ശസ്ത്രക്രിയകൊണ്ട് ഇതു ശരിയാക്കാവുന്നതേയുള്ളൂ.
വൈകിവരുന്ന പ്രായപൂര്‍ത്തിയും ആര്‍ത്തവവും
14 വയസ്സുവരെ ശാരീരികവളര്‍ച്ച ഇല്ലാതിരിക്കുകയും 16 വയസ്സായിട്ടും ആദ്യാര്‍ത്തവം ഉണ്ടാവാതിരിക്കുകയും ചെയ്യുന്നതാണ് വൈകിവരുന്ന പ്രായപൂര്‍ത്തി. ഇത് പല കാരണങ്ങള്‍ കൊണ്ടാവാം. ചിലര്‍ക്ക് അല്പം കൂടി കാത്തുനിന്നാല്‍ പ്രായപൂര്ത്തിവന്നേക്കാം. മറ്റുള്ളവര്‍ക്ക് പ്രായപൂര്‍ത്തി വൈകാനുള്ള കാരണങ്ങള്‍ ഗര്‍ഭപാത്രം ഇല്ലാതിരിക്കുക, നേരത്തെ വിവരിച്ചതുപോലെ പ്രത്യക്ഷമാകാത്ത ആര്‍ത്തവം, PCOD, എന്‍ഡോക്രൈന്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തില്‍ രോഗങ്ങള്‍ എന്നിവയാവാം. ഇതിനു പുറമെ ചെറുപ്പത്തില്‍ ഉണ്ടാവുന്ന രോഗങ്ങള്‍, പോഷകാഹാരക്കുറവ്, അത്ലറ്റുകള് ചെയ്യുന്നതുപോലെ സ്ലോര്ട്ടിനുവേണ്ടി കഠിനവ്യായാമം ചെയ്യുക എന്നിവകൊണ്ടും പ്രായപൂര്‍ത്തി വൈകാറുണ്ട്. ഡോക്ടറെ കാണിച്ചു ചികിത്സ നടത്തണം.
ക്രമം തെറ്റിയ ആര്‍ത്തവം
ആര്‍ത്തവം ക്രമംതെറ്റുന്നതിനു പല കാരണങ്ങളുണ്ട്. രക്തചംക്രമണത്തിലുണ്ടാവുന്ന തടസ്സങ്ങളും ഗര്‍ഭപാത്രത്തിലോ ജനനേന്ദ്രിയത്തിലോ ഉണ്ടാവുന്ന രോഗങ്ങളും ട്യൂമറുകളും വൈകല്യങ്ങളും ഇതിനു കാരണമാവാം. ചിലപ്പോള്‍ ഇടവിട്ടുള്ള രക്തസ്രാവവും മറ്റു ചിലപ്പോള്‍ തുടര്‍ച്ചയായ രക്തസ്രാവവും കാണാറുണ്ട്.
അപൂര്‍വമായോ കുറവായോ ഉണ്ടാകുന്ന രക്തസ്രാവം
കൗമാരപ്രായത്തില്‍ പെണ്‍കുട്ടികളില്‍ ആര്‍ത്തവം ക്രമം തെറ്റിവരികയും മാസങ്ങളോളം വൈകുകയും ചെയ്യുന്നത് ആര്‍ത്തവത്തിന്റെ ആദ്യഘട്ടത്തില്‍ സാധാരണയാണ്. ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തില്‍ വ്യത്യാസം ഉണ്ടാവുന്നതുകൊണ്ടായിരിക്കാം ഇത്. ക്രമേണ ഇത് ശരിയാവാറുണ്ട്.
പക്ഷേ രക്തസ്രാവം കുറയുന്നതിന്റെ പ്രധാനകാരണങ്ങള്‍ PCOD, Anorexia nervosa‑, , കഠിനവ്യായാമം, മാനസിക സംഘര്‍ഷം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുക എന്നിവയാണ്. അണ്ഡാശയരോഗങ്ങള്‍, ഗര്‍ഭപാത്ര വൈകല്യങ്ങള്‍ എന്നിവകൊണ്ടും രക്തസ്രാവം കുറയാം.
അമിതമായ രക്തസ്രാവം
ഏകദേശം 5% കുമാരികളില്‍ Pubetry Menorrhagia (പ്രായപൂര്‍ത്തിയോടനുബന്ധിച്ച് അമിതരക്തസ്രാവം) കാണാറുണ്ട്. ഇതിന്റെ ഫലമായി വിളര്‍ച്ചയും ഉണ്ടാവാം. ഹോര്‍മോണ്‍ പ്രവര്‍ത്തനത്തിലെ ക്രമക്കേടുകള്‍, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുക, രക്തം കട്ടപിടിക്കുന്നതിന്റെ തകരാറ്, ഗര്‍ഭപാത്ര രോഗങ്ങള്‍ എന്നിവ ഇതിനു കാരണമാവാം.
മുതിര്‍ന്ന സ്ത്രീകളില്‍ ചിലര്‍ക്ക് ആര്‍ത്തവചക്രം ക്രമമായാലും അമിത രക്തസ്രാവം കൂടുതല്‍ ദിവസം നീണ്ടുനിന്നേക്കാം. ഗര്‍ഭാശയത്തിലെ അണുബാധ, ട്യൂമറുകള്‍, അണ്ഡാശയ രോഗങ്ങളും ട്യൂമറുകളും, ചില ഗ്രന്ഥികളുടെ തകരാറുകള്‍ എന്നിവ ഇതിനു കാരണമാവാം.
ഇടവിട്ടുള്ള രക്തസ്രാവം
ചില സ്ത്രീകളില്‍ 15 ദിവസങ്ങള്‍ ഇടവിട്ട് രക്തസ്രാവം കാണാറുണ്ട്. സാധാരണയായി പ്രായപൂര്ത്തിക്കുമുമ്പോ ആര്‍ത്തവ വിരാമത്തിനു ശേഷമോ ഉണ്ടാവുന്ന ഈ ക്രമക്കേടിന്റെ കാരണം ഹോര്‍മോണ്‍ തകരാറുകളാവാം. ഇത് വളരെ അപൂര്‍വമാണ്.
ആര്ത്തവമില്ലായ്മക്കുശേഷം രക്തസ്രാവം
ചില സ്ത്രീകള്‍ക്ക് കുറച്ചുമാസങ്ങള്‍ ആര്‍ത്തവം നിന്നശേഷം രക്തസ്രാവം ഉണ്ടാവാറുണ്ട്. ഇതിനു പലകാരണങ്ങള്‍ ഉണ്ടാവാം. അമിതരക്തസ്രാവം, ഇടവിട്ടുള്ള രക്തസ്രാവം, തുടര്‍ച്ചയായ രക്തസ്രാവം എന്നിവയും ഉണ്ടാവാം.
വേദനയോടുകൂടിയ ആര്‍ത്തവം
ഇത് പൊതുവേ രണ്ടു തരത്തിലാണുള്ളത്.
മ) Primary Dysmenorrhea: ഇത് കൗമാരപ്രായത്തില്‍ കാണാറുണ്ട്. ആര്‍ത്തവം തുടങ്ങുന്നതോടെ അടിവയറ്റില്‍ വേദനയും തുടങ്ങും. ഇത് 12 മുതല്‍ 24 മണിക്കൂര്‍ വരെ നീണ്ടുനിന്നേക്കാം. ഇത്തരം വേദനക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം വേദനാസംഹാരി മരുന്നുകള്‍ കഴിക്കാം. സാധാരണയായി കല്യാണം കഴിഞ്ഞ് പ്രസവിക്കുന്നതോടെ ഇത്തരം വേദന കുറയുന്നതായി കാണാറുണ്ട്.
ആ)Secondary Amenorrhoea: ഇത് അപൂര്‍വമാണ്. PID എന്ന രോഗം, ഗര്‍ഭപാത്രത്തിലെ ഫൈബ്രോയ്ഡ് മുഴകള്‍, അണ്ഡാശയമുഴകള്‍ എന്നിവ ഇതിനു കാരണമാവാം.
ആര്‍ത്തവം ഇല്ലാതിരിക്കുക
ആദ്യാര്‍ത്തവം തുടങ്ങുന്നതിനു മുമ്പും ഗര്ഭവതിയായിരിക്കുമ്പോഴും മുലയൂട്ടുമ്പോഴും വയസ്സുകാലത്ത് ആര്‍ത്തവവിരാമം വരുമ്പോഴുമെല്ലാം ആര്‍ത്തവമില്ലായ്മ കാണുന്നത് സാധാരണമാണ്.
പക്ഷേ ഇത്തരത്തില്‍പ്പെട്ട ആര്‍ത്തവമില്ലായ്മ പൊതുവേ രണ്ടു വിഭാഗത്തില്‍പ്പെടുന്നു.
മ) Primary Amenorrhoea: ഇതില്‍ 16 വയസ്സുവരെ ആര്‍ത്തവം തുടങ്ങാതിരിക്കുന്നു. ജനനേന്ദ്രിയങ്ങളുടെ ജന്മസഹജമായ വൈകല്യങ്ങള്‍, ഹോര്‍മോണ്‍ ഗ്രന്ഥികളുടെ തകരാറുകള്‍ എന്നിവ ഇതിനു കാരണമാവാം.
യ) Secondary Amenorrhoea: ആര്‍ത്തവം തുടങ്ങിയ ശേഷം ഇടക്കിടെ ചിലമാസങ്ങളില്‍ ആര്‍ത്തവം ഇല്ലാതാവുക. ഇതിനു പലകാരണങ്ങളുണ്ട്. ജനനേന്ദ്രിയങ്ങളുടെ വൈകല്യങ്ങള്‍, പ്രത്യുല്പാദനവ്യവസ്ഥയിലെ തടസ്സങ്ങള്‍, ഹോര്‍മോണ്‍ സന്തുലനാവസ്ഥയിലെ തകരാറ്, ശരീരാവയവങ്ങള്‍ ശരിക്ക് വികസിക്കാതിരിക്കുക, മാനസിക സംഘര്‍ഷം, കഠിനമായ ഉപവാസം, കഠിനവ്യായാമം, ദീര്ഘരോഗങ്ങള്, പ്രമേഹം, കടുത്ത വിളര്‍ച്ച (അനീമിയ), തൈറോയ്ഡ് ഗ്രന്ഥികളില്‍ ഉണ്ടാവുന്ന രോഗങ്ങള്‍, ഗര്ഭാശയത്തിനെയോ അണ്ഡാശത്തിനെയോ ബാധിക്കുന്ന രോഗങ്ങള്‍, പിറ്റിയൂട്ടറി ഗ്രന്ഥിയിലെ ട്യൂമറുകള്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും ആര്‍ത്തവം ഇല്ലാതിരിക്കാം.
ആര്‍ത്തവ ക്രമക്കേടുകള്‍ ഏതുതരത്തിലുള്ളതായാലും ഗൗരവമേറിയതാണെന്നും വിദഗ്ധചികിത്സ ആവശ്യമുള്ളതാണെന്നും ഓര്‍ക്കേണ്ടതാണ്. ഡോക്ടറെ കാണിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തുകയും ചികിത്സ തുടങ്ങുകയും വേണം. ചികിത്സ വൈകിയാല്‍ പിന്നീട് പല സങ്കീര്‍ണ്ണതകളും ഉണ്ടാവാനിടയുണ്ട്.
യോനീസ്രവം
സാധാരണയായി ഗര്‍ഭാശയഗളത്തിലും യോനിയുടെ ഭിത്തിയിലുമുള്ള ഗ്രന്ഥികളില്‍ നിന്നുണ്ടാവുന്ന ദ്രാവകമാണ് യോനീസ്രവം. ഇത് യോനി വൃത്തിയും ഈര്പ്പവുമുള്ളതാക്കിവെക്കാന് സഹായിക്കുന്നു. ഇതുണങ്ങുമ്പോള്‍ അടിവസ്ത്രത്തില്‍ മഞ്ഞനിറം ഉണ്ടാവാം. ആര്‍ത്തവചക്രത്തിന്റെ പലഘട്ടങ്ങളില്‍ യോനീസ്രവം പലതരത്തിലായിരിക്കും - തെളിഞ്ഞതോ (അണ്ഡോല്‍പാദനത്തിനു മുമ്പ്) ചിലപ്പോള്‍ വെളുത്ത നിറമുള്ളതോ ഇളം മഞ്ഞ നിറമുള്ളതോ ആവാം. ഇങ്ങനെ സാധാരണതരത്തിലുള്ള ദ്രാവകമാണ് യോനിയില്‍ നിന്നുവരുന്നതെങ്കില്‍ വിഷമിക്കേണ്ട കാര്യമില്ല. പക്ഷേ വെള്ളപോക്ക് ഉണ്ടെങ്കില്‍ അതിനു ചികിത്സ വേണ്ടിവന്നേക്കാം. ലൈംഗികോത്തേജനം ഉണ്ടാവുമ്പോള്‍ യോനീസ്രവം കൂടുന്നത് സാധാരണയാണ്. സാധാരണയായി ആര്‍ത്തവത്തിനു മുമ്പും ശേഷവും ആര്‍ത്തവം തുടങ്ങി 12-14 ദിവസങ്ങളിലും യോനീസ്രവം കൂടുതലാവാറുണ്ട്.
വെള്ളപോക്ക് (Lucorrhoea)
നേരത്തെ പറഞ്ഞതുപോലെയുള്ള യോനീസ്രവത്തില്‍ നിന്ന് വ്യത്യസ്തമായി, വളരെ കൂടുതലും തുടര്‍ച്ചയായതും നിറവ്യത്യാസമുള്ളതും ദുര്‍ഗന്ധമുള്ളതുമായ ദ്രാവകം യോനിയില്‍ നിന്നുവരികയും യോനിയില്‍ ചൊറിച്ചില്‍ ഉണ്ടാവുകയും ചെയ്യുന്നതാണ് വെള്ളപോക്ക്. ഇതിനുകാരണം മിക്കവാറും പലതരത്തിലുള്ള അണുബാധയായിരിക്കും. യോനീനാളത്തിലോ ഗര്‍ഭാശയമുഖത്തോ അണുബാധയുണ്ടാവാം.
യോനിയില്‍ നിന്ന് വെളുത്തതും കട്ടികൂടിയതും പാലുപോലെയുള്ളതുമായ സ്രവം വരുന്നുണ്ടെങ്കില്‍ അതിനുകാരണം പൂപ്പല്‍ ബാധയോ യീസ്റ്റ് എന്ന ജീവികള്‍ കൊണ്ടുള്ള അണുബാധയോ ആവാം. പാല്‍ക്കട്ടി (ചീസ്) പോലുള്ള വെളുത്ത കട്ടിയായ ദ്രാവകം വരിക, യോനിയില്‍ ചൊറിച്ചില്‍ എന്നിവ പൂപ്പല്‍ ബാധകൊണ്ടാവാം. പച്ചനിറം, ചാരനിറം, കടുംമഞ്ഞനിറം എന്നീ നിറങ്ങളില്‍ ദുര്‍ഗന്ധമുള്ളതും കട്ടിയുളളതോ പതപോലുള്ളതോ ആയ ദ്രാവകം യോനിയില്‍ നിന്നും വരിക, ചൊറിച്ചില്‍, വ്രണങ്ങള്‍ എന്നിവ അണുബാധകൊണ്ടാണ്.
ബാക്ടീരിയ കൊണ്ടുള്ള അണുബാധയാണെങ്കില്‍ വെളുത്തതോ ചാരനിറമുള്ളതോ ആയതും ദുര്ഗ്ഗന്ധമുള്ളതുമായ ദ്രാവകം യോനിയില്‍ നിന്നുവരിക, യോനിയില്‍ ചൊറിച്ചില്‍ എന്നിവയുണ്ടാവാം.
യീസ്റ്റ് അണുബാധയാണെങ്കില്‍ യോനിയില്‍ ചുവപ്പുനിറം, നീറ്റല്‍, വീക്കം എന്നിവയുണ്ടാവാം. മൂത്രമൊഴിക്കുമ്പോഴും ലൈംഗീക ബന്ധത്തിലേര്‍പ്പെടുമ്പോഴും വേദന, വെളുത്ത കട്ടിയായി പാല്‍ക്കട്ടി പോലെ കാണപ്പെടുന്ന ദുര്‍ഗ്ഗന്ധമില്ലാത്ത ദ്രാവകം യോനിയില്‍ നിന്നുവരിക, യോനിക്കു പുറത്ത് ചുവന്ന പാടുകള്‍ എന്നിവയുണ്ടാവാം.
ലൈംഗികബന്ധത്തിനുശേഷമാണ് വെള്ളപോക്ക് കാണുന്നതെങ്കില്‍ അതിനുകാരണം ലൈംഗിക രോഗങ്ങളാവാം എന്ന് ഓര്‍മ്മിക്കുക. അണുബാധ ലൈംഗികബന്ധം കൊണ്ടും അല്ലാതെയും ഉണ്ടാവാം. വെള്ളപോക്കുണ്ടായാല് തീര്‍ച്ചയായും ഡോക്ടറെ കാണിക്കണം. ഏതുതരം അണുബാധയാണെന്ന് ഡോക്ടര്‍ കണ്ടുപിടിച്ച് അതിനുള്ള ചികിത്സ തുടങ്ങും. ചിലതരം അണുബാധകള്‍ ലൈംഗിക ബന്ധത്തിലൂടെ പകരുമെന്നതിനാല്‍ പങ്കാളിക്കും ചികിത്സ വേണ്ടിവരും. ലൈംഗികരോഗങ്ങളാണ് കാരണമെങ്കില്‍ അതിനുള്ള ചികിത്സയും തുടങ്ങേണ്ടിവരും. ലൈംഗികബന്ധം ഒഴിവാക്കുകയും വേണം.
പോളിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം
ഈയിടെയായി കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളില്‍ പലര്‍ക്കും കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണിത്. അണ്ഡാശയത്തില്‍ മുഴകള്‍ ഉണ്ടാവുന്ന ഈ രോഗം യഥാര്‍ഥത്തില്‍ ഒരുകൂട്ടം രോഗങ്ങളുടെ ലക്ഷണമാണ്. ഭാവിയില്‍ വന്ധ്യത, തുടര്‍ച്ചയായി ഗര്ഭമലസിപ്പോവുക, മാസം തികയാതെയുള്ള പ്രസവം, പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ഗര്‍ഭാശയ ക്യാന്‍സര്‍, ഹൃദ്രോഗം എന്നീ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവാനിടയുണ്ട്. പ്രമേഹരോഗികളായ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ജഇഛട ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.
ലക്ഷണങ്ങള്‍
നാലുവര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ആര്‍ത്തവ ക്രമക്കേടുകള്‍. ആര്‍ത്തവം കൃത്യമായി വരാതിരിക്കുക, ആര്‍ത്തവകാലത്ത് കൂടുതല്‍ രക്തസ്രാവം തുടങ്ങിയവ.
മേല്‍ത്താടിയിലും മുഖത്തും മറ്റുഭാഗങ്ങളിലും അമിതമായ രോമ വളര്‍ച്ച.
അമിതവണ്ണം
എണ്ണമയമുള്ള ചര്‍മവും മുഖക്കുരുവും, മുടികൊഴിച്ചില്‍
അടിവയറ്റില്‍ വേദന
ഉല്‍കണ്ഠയും വിഷാദവും. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്കുകയും ചികിത്സ തുടങ്ങുകയും വേണം. സ്കാനിങ്ങിലൂടെ അണ്ഡാശയമുഴകള്‍ കണ്ടുപിടിക്കാം. അതിനു പുറമേ ഹോര്‍മോണ്‍ പരിശോധനകളും നടത്തുന്നു.
എന്തുചെയ്യണം
PCOS ഉണ്ടെങ്കില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
തടി നിയന്ത്രിക്കുക, അധികം വണ്ണം കൂടാതെ നോക്കുക.
ഭക്ഷണം നിയന്ത്രിക്കണം. എണ്ണയില്‍ വറുത്തുപൊരിച്ച ആഹാരം, മൈദ കൊണ്ടുണ്ടാക്കിയ പലഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ്, മധുരം കൂടുതലുള്ള പാനീയങ്ങള്‍, മധുരവും കൊഴുപ്പും കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ കൂടുതല്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പച്ചക്കറികളും പഴങ്ങളും കൂടുതല്‍ കഴിക്കുക.
ദിവസവും കൃത്യമായി വ്യായാമം ചെയ്യുക
പുകവലി ഒഴിവാക്കുക
കാരണങ്ങള്‍ : വ്യായമക്കുറവ്, പൊണ്ണത്തടി, അനാരോഗ്യകരമായ ഭക്ഷണരീതി, പാരമ്പര്യം, ശരീരത്തിലെ ഹോര്‍മോണ്‍ നിലയിലുള്ള മാറ്റങ്ങള്‍ മുതലായവ.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
യോനിയിലും ഗര്‍ഭാശയഗളത്തിലും അണുബാധയുണ്ടാവാന്‍ പലകാരണങ്ങളുണ്ട്. അവ ഒഴിവാക്കുക.
ഇറുക്കമുള്ള പാന്റ്സ് കൂടുതല്‍ നേരം ധരിക്കാതിരിക്കുക.
ഇറുക്കമുള്ള അടിവസ്ത്രം ധരിക്കരുത്.
പരുത്തി (കോട്ടണ്‍) കൊണ്ടുള്ള അടിവസ്ത്രം മാത്രം ധരിക്കുക. പ്ലാസ്റ്റിക്കോ, നൈലോണോ കൊണ്ട് ഉണ്ടാക്കിയ അടിവസ്ത്രം ഉപയോഗിക്കരുത്. കാറ്റുകടക്കാന്‍ ബുദ്ധിമുട്ടാവും. അണുബാധയും എളുപ്പത്തിലുണ്ടാവും.
പ്രമേഹരോഗികള്‍ക്ക് അണുബാധയുണ്ടാവാന്‍ സാധ്യത കൂടുന്നു. അവര്‍ പ്രത്യേകം ശ്രദ്ധിക്കണം,
ചിലതരം ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കുമ്പോള്‍ വെള്ളപോക്ക് ഉണ്ടാവുന്നത് കാണാറുണ്ട്.
ഡെറ്റോള്‍ പോലുള്ള അണുനാശിനി ഉപയോഗിച്ച് യോനി കഴുകാന്‍ പാടില്ല. ഇടക്കിടെ ഇപ്രകാരം കഴുകിയാല്‍ അണുബാധയുണ്ടാവാം.
യോനിയില്‍ സുഗന്ധമുള്ള സ്പ്രേമരുന്നുകള് ഉപയോഗിക്കുന്നതും ഒഴിവാക്കുക.
നീന്തല്‍ കുളത്തില്‍ കുളിച്ചതിനുശേഷവും നീന്തലിനു ശേഷവും നനഞ്ഞ അടിവസ്ത്രങ്ങള്‍ മാറ്റണം.
വ്യായാമത്തിനു ശേഷം വിയര്‍പ്പുകൊണ്ടു നനഞ്ഞ അടിവസ്ത്രങ്ങള്‍ മാറ്റുക.
മഴയില്‍ നനഞ്ഞാല്‍പോലും അടിവസ്ത്രങ്ങള്‍ മാറ്റി ഉണങ്ങിയ അടിവസ്ത്രം ധരിക്കണം.
എപ്പോഴും വൃത്തിയുള്ള അടിവസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കണം.
കുൡതിനു ശേഷം മുഷിഞ്ഞ അടിവസ്ത്രം മാറ്റണം.