നല്ലൊരു എഞ്ചിനീയറെ കണ്ടെത്തി വീടുപണിയുന്നവരാണ് നമ്മള്. വീടുനിര്‍മാണത്തിന് നല്കുന്ന കരുതല്‍ വീട്ടുവളപ്പിലേക്കുള്ള ചെടികള്‍ തെരഞ്ഞെടുക്കുന്നതില്‍ നാം കാണിക്കാറില്ല.
നല്ലൊരു എഞ്ചിനീയറെ കണ്ടെത്തി വീടുപണിയുന്നവരാണ് നമ്മള്. വീടുനിര്‍മാണത്തിന് നല്കുന്ന കരുതല്‍ വീട്ടുവളപ്പിലേക്കുള്ള ചെടികള്‍ തെരഞ്ഞെടുക്കുന്നതില്‍ നാം കാണിക്കാറില്ല.
ഒരാവേശത്തിന് നഴ്സറികളില്‍നിന്നോ സ്കൂളിലോ കൃഷിഭവനിലോ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ കിട്ടുന്ന മരത്തൈകള്‍ മുഴുവന്‍ ചുറ്റും നടും. എല്ലാം കൂടി അങ്ങ് വളരും. നട്ടതല്ലേ, വളമിട്ടു നനച്ചു പോറ്റിയതല്ലേ പോലുള്ള വികാരങ്ങളാല്‍ ഒരു കമ്പ് പോലും മുറിച്ചു കളയാതെ എല്ലാറ്റിനെയും നിലനിര്‍ത്തും. ഫലമോ ഒരു മരത്തിലും ഒരു കായയും ഉണ്ടാവില്ല. മതിലരികിലോ വീടിന്റെ തറയോട് ചേര്‍ന്നോ പ്രതീക്ഷിക്കാതെ ചില മരങ്ങള്‍ തടിച്ചു വളര്‍ന്നു വലുതാവുന്നതോടെ അപകടകരമായ അവസ്ഥയുമുണ്ടാവാം.
ഈ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാതിരിക്കാന്‍ വീട് പണി ആരംഭിക്കുന്നത് മുതല്‍ ഒരു പ്ലാനിംഗ് മരങ്ങളുടെ കാര്യത്തിലും വേണ്ടതുണ്ട്. ഏതെല്ലാം മരങ്ങളാവാം, എത്ര എണ്ണമാവാം എന്നെല്ലാം ഈ മേഖലയില്‍ പരിചയവും അനുഭവസമ്പത്തുമുള്ള ആളില്‍നിന്ന് മനസ്സിലാക്കാം. പല ഗാര്ഡന് ഡിസൈനര്‍മാരും ലാന്റ്സ്കേപ്പിംഗ് വിദഗ്ധരും പുല്ല് വെക്കുന്നതിലും കല്ല് പാകുന്നതിലും അലങ്കാര ചെടികള്‍ പരിപാലിക്കുന്നതിലുമാണ് മിടുക്ക് കാണിക്കുന്നത്. ഫലവൃക്ഷത്തൈകള്‍ തരുന്നതിലും നടുന്നതിലും ഇവരും പരാജയപ്പെടുന്നത് കാണാം.
വീട്ടുവളപ്പില്‍ തൈ വെക്കുമ്പോള്‍
വീട്ടുപരിസരം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള ഒരു ധാരണയാണ് ആദ്യം വേണ്ടത്. ഏതെങ്കിലും ഒരു വീട് കണ്ട് തന്റെ വീടും അതു
പോലെയാവണം എന്നല്ല ആഗ്രഹിക്കേണ്ടത്. നമ്മുടെ താല്പര്യങ്ങള്ക്കും ഇഷ്ടാനിഷ്ടങ്ങള്ക്കുമസരിച്ചാവണം പ്ലാന്‍ തയാറാക്കേണ്ടത്. സൗന്ദര്യത്തി
നും കാഴ്ചക്കും പ്രാധാന്യം കൊടുക്കുന്നവരുണ്ടാവും. ചിലര്‍ ഒരു കാട് തന്നെ വീട്ടു പരിസരത്ത് വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും.
നല്ല ഫലവും തണലും നല്കുന്ന ഫലവൃക്ഷങ്ങള്‍ ഇഷ്ടപ്പെടുന്നവരുമുണ്ടായിരിക്കും. ഇതില്‍ ഫലവൃക്ഷങ്ങള്‍ ആഗ്രഹിക്കുന്നവരാണ് പലപ്പോഴും പരാജയപ്പെടുന്നത്. അതിനുള്ള കാരണങ്ങള്‍ പലതാണ്. മണ്ണിന്റെ ഘടനയും കാലാവസ്ഥയും പരിഗണിക്കാതെ, തൈകളുടെ സ്വഭാവവും ഗുണനിവാരവും നോക്കാതെ ഒരു പ്ലാനിംഗും ഇല്ലാതെ നട്ടുതുടങ്ങുന്നത് ശരിയല്ല.
ഫല വൃക്ഷത്തൈകള്‍ വാങ്ങുമ്പോള്‍ ഒട്ടുതൈകളും വിത്തു മുളച്ചവയും
ചെടികള്‍ രണ്ടു തരമുണ്ട്. വിത്തുമുളച്ചതും അല്ലാത്തതും. പരമ്പരാഗതമായി നമ്മള് വിത്തുമുളപ്പിച്ചാണ് ഫലവൃക്ഷങ്ങള്‍ നട്ടു പോരുന്നത്. അതിന് ചില ദോഷങ്ങളുണ്ട്. മിക്ക വിത്തുകള്‍ക്കും മാതൃഗുണം ഉണ്ടാവില്ല. ഉദാഹരണത്തിന് ചക്ക എടുക്കാം. രുചിയുള്ള ഒരു വരിക്കച്ചക്കയുടെ കുരു നട്ടാല്‍ അതേ ഗുണമുള്ള തൈ ലഭിച്ചു കൊള്ളണമെന്നില്ല. എന്നു മാത്രമല്ല ചിലപ്പോള്‍ പഴം/കൂഴ ചക്കയാവാനും സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് ഇപ്പോള്‍ നാം കൊമ്പ് മുളപ്പിച്ച പ്ലാവിന് തൈകള്‍ നടുന്നത്. മാതൃഗുണം ലഭിക്കും എന്നതാണ് ഇത്തരത്തിലുള്ള ഒട്ടു തൈകളുടെ ഏറ്റവും വലിയ ഗുണം. അതോടൊപ്പം വേഗത്തില്‍ കായ്ഫലം ലഭിക്കുകയും ചെയ്യും.
അതേ സമയം എല്ലാ ഫലവൃക്ഷങ്ങളും കൊമ്പ് മുളപ്പിച്ചത് തന്നെയാവണം എന്നില്ല. ഉദാഹരണത്തിന് പേര, സീതപ്പഴം, മുള്ളാത്ത / മുള്ളന്‍ചക്ക, റൊളീനിയ എന്നിവയെല്ലാം വിത്തു മുളപ്പിച്ചത് മതി. പേര കൊമ്പ് മുളപ്പിച്ചത് (എയര്‍ ലെയറിംഗ് ചെയ്തത്) ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. അതിനുള്ള ഒരു കുഴപ്പം അടിവേരില്ലാത്തതിനാല് കാറ്റില്‍ മറിഞ്ഞു വീഴും എന്നതാണ്. മറിഞ്ഞു വീഴാതിരിക്കാന്‍ വെട്ടി ഒതുക്കി നിര്‍ത്തേണ്ടി വരും അത്തരം ചെടികള്‍. ധൃതിയില്ലാത്തവര്ക്കും വലിയ മരങ്ങള്‍ വേണം എന്നുള്ളവര്‍ക്കും കുരുമുളപ്പിച്ച തൈകള്‍ തെരഞ്ഞെടുക്കാം.
ആണ് പെണ് മരങ്ങള്‍
ചില മരങ്ങളില്‍ ആണ് പെണ്
പൂക്കള്‍ വ്യത്യസ്ത മരങ്ങളിലാണ് കാണുക. റംബുട്ടാന്, ജാതി പോലുള്ളവ. അത്തരം മരങ്ങള്‍ വിത്തു മുളപ്പിച്ച് നട്ടാല്‍ ഫലം ലഭിച്ചു കൊള്ളണമെന്നില്ല. അവയുടെ ഒട്ടു തൈകള്‍ ശേഖരിക്കുന്നതാണ് നല്ലത്.
എണ്ണം നിശ്ചയിക്കുക
പുരയിടത്തില്‍ എത്ര മരങ്ങള്‍ നടാനുള്ള സ്ഥലമുണ്ട് എന്ന് നേരത്തെ തന്നെ ഒരു വ്യക്തത വരുത്തണം. ആവശ്യമെങ്കില്‍ അതിനൊരു വിദഗ്ധന്റെ സഹായം തേടാം. ആവശ്യമായ അകലം പാലിച്ചു വേണം ഓരോ ചെടികളും നടാന്‍. മാവിനും പ്ലാവിനും വേണ്ടത്ര സ്ഥലം പേര, സീതപ്പഴം പോലെയുള്ള മരങ്ങള്ക്കാവശ്യമില്ല. അതിനാല്‍ തന്നെ എല്ലാ കുഴികളും തുല്യമായ അകലത്തില്‍ വേണമെന്നില്ല. മരങ്ങളുടെ സ്വഭാവമനുസരിച്ചും ഭൂമിയുടെയും വീടിന്റെയും ഘടനയനുസരിച്ചുമാവണം എണ്ണം കണക്കാക്കേണ്ടത്.
സ്ഥാന നിര്‍ണയം
വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഏതെല്ലാം ചെടികള്‍ എവിടെയല്ലാം എത്രയകലത്തില്‍ വേണം എന്നുള്ളത്. റോഡരികില്‍ തണല്‍ വിരിക്കുന്ന മരമാവാം. റോഡില്‍ കൂടി പോവുന്നവര്‍ക്ക് അതുവഴി തണല്‍ ലഭിക്കും. ഇലക്ട്രിക് ലൈന്‍ ഉണ്ടങ്കില്‍ ഉയരം കൂടാത്തവ അവിടേക്ക് മാറ്റാം. കുറ്റിച്ചെടിയായി വളര്‍ത്താവുന്ന ഒട്ടനവധി ഇനം ഫലവൃക്ഷത്തൈകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്.
വല്ലപ്പോഴും വരുന്ന ചടങ്ങുകളെ മുന്‍കൂട്ടി കണ്ട് മുറ്റം മുഴുവന്‍ ഒരു മരം പോലും നടാതെ വെയില് കൊള്ളാനുള്ള ഇടമാക്കി നീക്കി വെക്കുന്നവര്‍ ഇന്ന് കൂടുതലാണ്. അവര്‍ ശരിക്കും നഷ്ടക്കാരാണ്. കാലാകാലവും വെയിലേറ്റ് ചൂടു സഹിച്ച് ഇരിക്കണം. എന്നാല്‍ ഒന്നോ രണ്ടോ മരങ്ങള്‍ മുറ്റത്ത് തണലേകാന്‍ നട്ടു കഴിഞ്ഞാല്‍ വീടിന്റെ സ്വഭാവം തന്നെ ആകെ മാറും. അപ്പോള്‍ കാറുകള്‍ വന്നാല്‍ എവിടെ പാര്‍ക്ക് ചെയ്യും എന്നാവും അടുത്ത സന്ദേഹം. യഥാര്‍ഥത്തില്‍ കാറുകള്‍ തണലത്ത് പാര്‍ക്ക് ചെയ്യാനാവും എല്ലാവര്ക്കും ഇഷ്ടം. മാവ്, പ്ലാവ്, ഞാവല്‍ തുടങ്ങിയ ഫലവൃക്ഷങ്ങള്‍ താഴെയുള്ള കൊമ്പുകള്‍ വെട്ടിക്കളഞ്ഞ് രണ്ട് മീറ്റര്‍ ഉയരത്തില്‍ ഒരു ശാഖയും വളരാന്‍ അനുവദിക്കാതെ
നിര്‍ത്തിയാല്‍ നല്ലൊരു പന്തല്‍ മുറ്റത്ത് മരങ്ങള്‍ കൊണ്ടു തന്നെ പണിയാം. ഊഞ്ഞാല് കെട്ടാനും ഇത്തരം മരങ്ങള്‍ ഉപകരിക്കും.
മുറ്റവും പറമ്പും വീട്ടിലേക്കുള്ള വഴിയും അതിരുകളും എല്ലാം കണ്ടു കണക്കാക്കി വേണം ഓരോ മരങ്ങളും എവിടെയെല്ലാം ആവാം എന്നു നിശ്ചയിക്കേണ്ടത്. അതിരുകളില്‍ നടുന്നവ അയല്‍വാസിക്ക് പ്രയാസമുള്ളതാവാന് പാടില്ല. മതിലരികില്‍ നടുന്നവ മതില് പൊളിയാന്‍ കാരണമുള്ളതാവാനും
പാടില്ല. മഹാഗണി പോലുള്ളവ ഒരു കാരണവശാലും കുറഞ്ഞ ഭൂമിയുള്ളവര്‍ പുരയിടത്തില്‍ നടരുത്.
ഗുണ നിലവാരം
തൈകള്‍ ശേഖരിക്കുമ്പോള്‍ ഏറ്റവും മുന്തിയ ഇനം തന്നെയാവണം നമ്മള് വാങ്ങേണ്ടത്. പത്ത് സെന്റ് മാത്രമുള്ള ഒരു പുരയിടത്തില്‍ നമുക്ക് പരീക്ഷണത്തിന് സ്ഥലമില്ല. ഒരിക്കലും സ്കൂള്‍, പഞ്ചായത്ത്, കൃഷിഭവന് എന്നിവിടങ്ങളില്‍ നിന്ന് സൗജന്യമായി കിട്ടുന്നവ നട്ട് ഫലം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കരുത്. കിട്ടിയാല്‍ കിട്ടി എന്ന ഭാവത്തില്‍ നടാനാണെങ്കില്‍ അതു മതി. തണല്‍ ലഭിച്ചാല്‍ മാത്രം മതി എന്നവര്‍ക്കും ഏതെങ്കിലും കുറച്ച് മരം ഉണ്ടാവട്ടെ എന്നാഗ്രഹിച്ച് നടുന്നവര്‍ക്കും അതാവാം. ഫലങ്ങള്‍ വേണ്ടവര്‍ നല്ല നഴ്സറിയില്‍ പോയി നല്ല ബ്രാന്റുകള്‍ നോക്കി വേണം തൈകള്‍ ശേഖരിക്കാന്‍. നഴ്സറിക്കാരന് വിശ്വസ്തനാവുക എന്നതു തന്നെയാണ് ഗുണനിലവാരം ഉറപ്പിക്കാനുള്ള നല്ല മാര്‍ഗം.
വണ്ടിയില്‍ കൊണ്ടുവരുന്നവര്‍, ആഴ്ച ചന്തകളില്‍ വന്നു ചെടി വില്ക്കുന്നവര്, ഫൂട്പാത്തില്‍ കൊണ്ടുവന്ന് വില്ക്കുന്നവര് എന്നിവരില്‍ നിന്ന് ഒരിക്കലും ഫലവൃക്ഷങ്ങള്‍ വാങ്ങരുത്. അലങ്കാര ചെടികള്‍ അവരില്‍ നിന്നു വാങ്ങുന്നതില്‍ തെറ്റില്ല.
നടുന്ന രീതി
മണ്ണിന്റെ ഗുണനിലവാരം, ഘടന എന്നിവ നോക്കി ആവശ്യത്തിന് വലിപ്പമുള്ള നല്ല കുഴികള്‍ എടുത്തശേഷം മാത്രമേ ചെടികള്‍ നടാന്‍ പാടുള്ളൂ. ഉദാഹരണത്തിന് റംബുട്ടാന് തൈ ഒരു മീറ്റര്‍ നീളവും വീതിയും ആഴവും ഉള്ള സമചതുരത്തില്‍ എടുത്ത കുഴിയില്‍ ആവണം നടേണ്ടത്. ഇത്ര വലിയ കുഴിയോ എന്നാവും സംശയം. ആ കുഴിയില്‍ നമ്മള് ചാണകപ്പൊടിയോ ആട്ടിന്‍ കാഷ്ടം
പൊടിച്ചതോ മറ്റു കമ്പോസ്റ്റുകളോ മേല്‍ മണ്ണിനോടൊപ്പം ചേര്‍ത്തിളക്കി മൂടണം.
നാടന്‍ ഭാഷയില്‍ നമ്മള് അടിവളം ചേര്‍ക്കുക എന്നു പറയും. ആവശ്യത്തിന് വളമെല്ലാം ചേര്‍ത്ത് മൂടിയ ആ കുഴിയുടെ മധ്യഭാഗത്ത് ഒരു പിള്ളക്കുഴി എടുത്തു വേണം നമ്മള് തൈ നടേണ്ടത്.
പോളിത്തീന്‍ കവറില്‍ നിന്ന് തൈ എടുക്കുമ്പോള്‍ നല്ല കരുതല്‍ വേണം. മണ്ണുടയാതെ വേണം എടുക്കാന്‍. ഒട്ടുസന്ധി മണ്ണിനടിയില്‍ പോവാതെ വേണം നടാന്‍.
മുകുളനം / ഒട്ടിക്കല്‍ (Budding) ചെയ്ത തൈകള്‍ക്കെല്ലാം ഒരു ഒട്ടിച്ചെടുത്ത അടയാളം കാണാം. ആ ഭാഗത്തെയാണ് ഒട്ടുസന്ധി എന്ന് വിളിക്കുന്നത്. ഒട്ടു സന്ധി തറനിരപ്പിന് സമാനമായി വരണം. ഒപ്പം വെള്ളം കെട്ടി നില്‍ക്കാത്ത രീതിയിലണം തൈ നില്‍ക്കേണ്ടത്. ചെടിക്ക് ചുറ്റും ഒരു തടം ഉണ്ടാക്കുക കൂടി വേണം. പിന്നീട് വളം ചേര്‍ക്കാനും
പുതയിടാനും അത് ഉപകാരപ്പെടും. ഈ രീതിയില്‍ തന്നെ പ്ലാവും മാവും മറ്റു വലിയ മരങ്ങളാവുന്ന ചെടികളും നടാം.
മണ്ണില്‍ ഉയര്‍ന്ന തോതില്‍ ജൈവാംശം നിലനിര്‍ത്താന്‍ പാകത്തിലാവണം നാം എപ്പോഴും ചെടികള്‍ നടേണ്ടത്. ഉപകാരികളായ ഒട്ടേറെ സൂഷ്മ ജീവികളുടെ കൂട്ടുകെട്ട് ഫലവൃക്ഷങ്ങളുടെ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ്.
ഏതെല്ലാം മരങ്ങള്‍
രണ്ടു വട്ടം ആലോചിച്ചു വേണം ഏതെല്ലാം ഫലവൃക്ഷങ്ങള്‍ ആവാം എന്നത് തീരുമാനിക്കേണ്ടത്. കുറഞ്ഞ ഭൂമിയുള്ളവര്‍ ഒരു കടച്ചക്ക നട്ടാല്‍ കഥ കഴിഞ്ഞു. പറമ്പ് മുഴുവന്‍ അവന് പടര്‍ന്നു പന്തലിക്കും. കായ ഒന്നിച്ചു
പാകമാവുക കൂടി ചെയ്താല്‍ സൂക്ഷിച്ചു വെക്കാനും കഴിയാതെ വരും.
ഓക്സിജന്‍ കിട്ടുമെന്ന് കരുതി ആല്‍മരം നട്ടാലും ഇതു തന്നെയാണ് അവസ്ഥ. നാടാകെ അതു പടരും. അപ്പോള്‍ പിന്നെ ഏതെല്ലാം ആവാം. കുറഞ്ഞ ഭൂമിയുള്ളവര്‍ ഫലവൃക്ഷങ്ങള്‍ക്ക്
പ്രാധാന്യം നല്‍കുന്നതാണ് നല്ലത്. അവ സ്വാദുള്ള പഴങ്ങളും തണലും ഒന്നിച്ചു നല്‍കും.
പ്രധാനപ്പെട്ട ചില ഫലവൃക്ഷങ്ങള്‍
മാവ്
രണ്ടോ മൂന്നോ മാവ് വെക്കാന്‍ സ്ഥലമുള്ളവര്‍ നല്ല നാടന്‍ ഇനങ്ങളുടെ ഒട്ടുതൈ അല്ലങ്കില്‍ വിത്തു നടുകയാണ് നല്ലത്. ഓരോ നാട്ടിലും ഓരോ നാടന്‍ ഇനങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് മൂവാണ്ടന്‍, ഒളോര്‍, ചേലന്‍, കൊളംബി, കോട്ടൂര്‍കോണം, ചന്ദ്രക്കാരന്‍, കാട്ടുപറമ്പന്‍ തുടങ്ങിയവ. അവരവരുടെ നാട്ടില്‍ ഇതിലേതാണ് പറ്റിയതെന്ന് പഠിച്ച ശേഷം തൈ വാങ്ങുക.
മാങ്ങയിലെ രാജാക്കന്മാരായ
നൂര്ജഹാന് മുതല്‍ മല്ലിക വരെ നഴ്സറിയില്‍ കണ്ടു എന്നു വരും. പക്ഷെ അതു നമ്മുടെ നാട്ടില്‍ എവിടെയെങ്കിലും കായ്ഫലം നല്‍കിയോ എന്നു പഠിക്കണം. അല്ലാതെ മാമ്പഴരുചി കേട്ടു തൈ നട്ടാല്‍ സമയവും സ്ഥലവും പോയി കിട്ടും. നാടന്‍ ഇനങ്ങള്‍ കൂടാതെ മുന്തിയത് വേണമെന്നുള്ളവര്‍ തങ്ങളുടെ ഗ്രാമത്തില്‍ ഫലം നല്കിയ അത്തരം മാവുകള്‍ ഏതെല്ലാം എന്ന് ഒന്ന് അന്വേഷിക്കുക. എന്നിട്ട് മാത്രം തൈ വാങ്ങുക.
മലയോര മേഖലയില്‍ നന്നായി കായ്ച്ച ഒരു മാവ് ഇടനാട്ടിലോ തീരദേശത്തോ കായ്ച്ചെന്ന് വരില്ല; തിരിച്ചും. ആന്ധ്രയിലെയോ രത്നഗിരിയിലേയോ മണ്ണും കാലാവസ്ഥയുമല്ല എന്റെ മുറ്റത്തേതെന്ന് ആദ്യം നമ്മള് തിരിച്ചറിയണം.
അണ്ടി നടുന്നവര്‍ കൂടുപൊളിച്ച് നട്ടാല്‍ നന്ന്. അകത്ത് കയറി കൂട്ടിയ വണ്ടുകള്‍ എല്ലാം അതോടെ പോവും. അണ്ടികള് ബഹു ഭ്രൂണമുള്ളതാണ് മാതൃഗുണം നല്‍കുക. അവ തിരിച്ചറിയാന്‍ എല്ലാവര്ക്കും സാധിച്ചു കൊള്ളമെന്നില്ല.
പ്ലാവ്
വീട്ടില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പ്ലാവ് - കുരുനട്ടു വളര്‍ത്തിയാല്‍ ചിലപ്പോള്‍ പണി പാളും. നല്ലത് ഒട്ടു തൈ വാങ്ങുന്നതാണ്. വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി, ഡ്യാങ് സൂര്യ, തേന്‍ വരിക്ക, സിദ്ധു, സീഡ്ലസ്സ് എന്നിങ്ങനെ ഒരുപാട് ഇനങ്ങള്‍ നഴ്സറിയില്‍ ലഭ്യമാണ്.
സപ്പോട്ട /ചിക്കു
മുറ്റത്തേക്ക് പറ്റിയ ഫലവൃക്ഷം. വലിയ തോതില്‍ ഇല കൊഴിയില്ലെന്നു മാത്രമല്ല സീസണ് ഇല്ലാതെ ഫലം കിട്ടുകയും ചെയ്യും. ഇതും പല ഇനങ്ങളില്‍ ലഭ്യമാണ്.
റംബൂട്ടാന്
കേരളത്തിലെവിടെയും കായ്ഫലം നല്കുന്ന ഒരു വിദേശീയനാണ് റംബൂട്ടാന്. വലിയ വിലക്ക് വലിയ തൈകള്‍ വാങ്ങണം എന്നില്ല. ആവശ്യത്തിന് വലിപ്പമുള്ള ഇടത്തരം തൈകളാണ് നല്ലത്.