ഇസ്ലാമിക ചരിത്രത്തിലും പ്രവാചക ജീവിതവുമായി ബന്ധപ്പെട്ടും ചരിത്രമായ സ്ത്രീകളെക്കുറിച്ച്...
വിശുദ്ധ ഖുര്‍ആനില്‍ പ്രവാചകന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തെക്കുറിച്ച് ഒരുപാട് വിവരണങ്ങളുണ്ട്. അവരുടെ കാഴ്ചപ്പാടുകള്‍, പോരാട്ടങ്ങള്‍ അവര്‍ നേരിട്ട വെല്ലുവിളികള്‍ തുടങ്ങി മാതൃകാപരവും അവിശ്വസനീയവുമായ സ്ത്രീജീവിതങ്ങളില്‍നിന്ന് നമുക്ക് പഠിക്കാന്‍ അവരുടെ കഥകള്‍ അല്ലാഹു വിവരിച്ചു തന്നിട്ടുണ്ട്. ദൈവത്തിലുള്ള പ്രത്യാശയാലും വിശ്വാസത്താലും പ്രേരിതരായ ഈ വിശ്വാസിനികള്‍ നാഗരികതകള്‍ക്ക് ജന്മം നല്‍കുകയും അവരുടെ കുടുംബങ്ങളെ പരിരക്ഷിക്കുകയും രാജ്യങ്ങള്‍ ഭരിക്കുകയും അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നിലകൊള്ളുകയും ചെയ്തവരായിരുന്നു. മാതൃകയാക്കാന്‍ പഠിപ്പിക്കപ്പെട്ട സ്ത്രീ ജീവിതങ്ങളെക്കുറിച്ച്...
എക്കാലത്തെയും അഴിമതിക്കാരനായ ഭരണാധികാരികളിലൊരാളായ പുരാതന ഈജിപ്തിലെ ഭരണാധികാരിയായ ഫിര്‍ഔന്റെ ഭാര്യ ആസിയ ബിന്‍ത് മുസാഹിമിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. അധികാരവും സമ്പത്തും ഉയര്‍ന്ന പദവിയും ഉള്ള ഒരു സ്ത്രീ. അവള്‍ ഏക സത്യദൈവത്തില്‍ വിശ്വസിക്കുന്നവളാണ്. എന്നാല്‍ അവര്‍ വിവാഹം ചെയ്തിരിക്കുന്നതോ, താന്‍ ഒരു ദൈവമാണെന്ന് അവകാശപ്പെടുന്ന ഒരാളെ, അല്ലാഹുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ ബനൂ ഇസ്രാഈല്‍ സമൂഹത്തെയൊന്നടങ്കം കൂട്ടക്കൊല ചെയ്യുന്ന ക്രൂരനും അക്രമകാരിയുമായ സ്വേച്ഛാധിപതിയെ. അധികാരത്തോടുള്ള ഫിര്‍ഔന്റെ വ്യാമോഹം അവനെ അന്ധനാക്കുന്നു. പക്ഷേ, തന്നോട് ഏറ്റവും അടുത്ത തനിക്ക് പ്രിയപ്പെട്ട പത്‌നി അവന്റെ വ്യാമോഹത്തിന് മുകളില്‍ അല്ലാഹുവിനെ പ്രതിഷ്ഠിച്ചു. അല്ലാഹുവില്‍ ആസിയ ബീവിക്ക് വിശ്വാസത്തോടൊപ്പം
ശുഭാപ്തിവിശ്വാസവുമായിരുന്നു. വിശുദ്ധ ഖുര്‍ആനില്‍ അവരുടെ പ്രാര്‍ഥന അല്ലാഹു എന്നെന്നേക്കുമായി സാക്ഷ്യപ്പെടുത്തിയതായി കാണാം.
''നാഥാ, എനിക്കു നിന്റെയടുക്കല്‍, സ്വര്‍ഗത്തില്‍ ഒരു വീട് നല്‍കേണമേ, ഫറവോനില്‍നിന്നും അയാളുടെ കര്‍മത്തില്‍നിന്നും എന്നെ മോചിപ്പിക്കേണമേ, ധിക്കാരികളായ ജനത്തില്‍നിന്ന് എന്നെ രക്ഷിക്കേണമേ!''
വിശ്വാസവും പ്രതീക്ഷയും തഖ്‌വയും തവക്കുലും എങ്ങനെയെന്ന് നമ്മളെ പഠിപ്പിക്കുന്ന അതില്‍ പ്രശംസിക്കപ്പെട്ട ഒരു യുവതിയുടെ കഥ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. മറിയം ബിന്‍ത് ഇമ്രാന്‍. ഗര്‍ഭസ്ഥ ശിശുവായിരിക്കെ തന്നെ അല്ലാഹുവിനെ സേവിക്കുന്നതിനായി പള്ളിയിലേക്ക് നേര്‍ച്ചയാക്കപ്പെട്ട മറിയം. ആസിയ, ഖദീജ, ഫാത്തിമ എന്നിവരോടൊപ്പം സ്വര്‍ഗത്തിലെ സ്ത്രീകളില്‍ ഏറ്റവും മികച്ചവരില്‍ ഒരാളാണ് മറിയം എന്ന് ഒരു ഹദീസില്‍ റസൂല്‍(സ) വ്യക്തമാക്കുന്നുണ്ട്. ജീവിതത്തില്‍ താങ്ങാവുന്നതിലും വലിയ വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും അവയെല്ലാം സ്വയം സഹിച്ചു, ഒരിക്കലും അല്ലാഹുവിന്റെ ഇഷ്ടത്തെ അവര്‍ ചോദ്യം ചെയ്തിരുന്നില്ല. അവര്‍ക്കുള്ള പ്രതിഫലം എന്തായിരുന്നു? അല്ലാഹു അവരെ സൂറ അത്തഹ്രീമിലൂടെ അനുസ്മരിക്കുന്നു. ''അവള്‍ റബ്ബിങ്കല്‍നിന്നുള്ള വചനങ്ങളെയും വേദങ്ങളെയും സത്യപ്പെടുത്തി. അവള്‍ വണക്കമുള്ള ജനത്തില്‍പെട്ടവളുമായിരുന്നു.'' അക്കാലത്തെ വിശ്വാസികളായ സ്ത്രീകള്‍ക്ക് മാത്രമല്ല, എല്ലാ കാലത്തും എല്ലാ വിശ്വാസികള്‍ക്കും ഒരു മാതൃകയായി അല്ലാഹു അവരെ വിവരിച്ചു.
ഇബ്‌റാഹീം (അ)യുടെ പത്‌നി ഹാജര്‍. പേരുപോലെ തന്നെ ഇബ്‌റാഹീം നബിയുടെ ജീവിതത്തിലെ സമ്മാനമായിരുന്നു അവര്‍. മരുഭൂമിയില്‍ കൈക്കുഞ്ഞുമായി ഉപേക്ഷിക്കപ്പെട്ടപ്പോഴും പ്രിയ പതിയിലുണ്ടായിരുന്ന വിശ്വാസത്തിനും നാഥനിലുണ്ടായിരുന്ന ശുഭാപ്തിവിശ്വാസത്തിനും ഹാജര്‍ മഹനീയ മാതൃകയാണ്. വിജനമായ സ്ഥലത്ത് ഉപേക്ഷിക്കപ്പെടേണ്ട സാഹചര്യമുണ്ടായിട്ടും അല്ലാഹു അവളെ കൈവിടില്ലെന്ന് ഹാജറി(അ)ന് അറിയാമായിരുന്നു. ഹാജറിനും ഇസ്മാഈലിനും മാത്രമല്ല, ഒടുവില്‍ അവിടെ താമസമാക്കിയ ജുര്‍ഹൂം ഗോത്രത്തിനും മക്കയിലെ എല്ലാ ആളുകള്‍ക്കും അന്നു മുതല്‍ ഖിയാമത്ത് നാള്‍ വരെ സന്ദര്‍ശിക്കുന്നവര്‍ക്കും അല്ലാഹു സംസം നല്‍കി, ഹാജറിന്റെ മഹത്തായ ത്യാഗത്തെയും പോരാട്ടത്തെയും തവക്കുലിനെയും അല്ലാഹു ആദരിക്കുകയായിരുന്നു. നൂറ്റാണ്ടുകളായി, ദശലക്ഷക്കണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളും അവരുടെ പാത പിന്തുടരുകയും ഹജ്ജിലും ഉംറയിലും അവര്‍ ഓര്‍മിക്കപ്പെടുകയും ചെയ്യുന്നു.
ഖൗല ബിന്‍ത് സഅ്‌ലബ്, ഷേബായിലെ രാജ്ഞി ബില്‍കീസ്, മൂസാ(അ)യുടെ മാതാവ്, ആഇശ(റ), തുടങ്ങിയ സ്ത്രീരൂപങ്ങള്‍ അവരുടെ വിവേചനാധികാരം, അവരുടെ ആത്മാര്‍ഥത, അവരുടെ ബോധ്യവും ധൈര്യവും, അല്ലാഹുവുമായുള്ള അടുപ്പത്തിന്റെ അളവ് എന്നീ ഗുണങ്ങള്‍ കാരണം പരിശുദ്ധ ഖുര്‍ആനില്‍ സ്മരിക്കപ്പെട്ടിരിക്കുന്നു. ഇത്തരം വിവരണങ്ങള്‍ വിശ്വാസികള്‍ക്ക് ആത്മപരിശോധനയുടെ നിമിഷങ്ങള്‍ വാഗ്ദാനം ചെയ്യുകയും ആത്മീയ പഠനത്തിന്റെയും വളര്‍ച്ചയുടെയും ഊര്‍ജസ്വലമായ ഒരു സമൂഹത്തെ നിലനിര്‍ത്തുന്നതിനും പിന്തുണയ്ക്കുന്നതിനും സഹായിക്കുകയും ചെയ്യുന്നു.
പ്രവാചകാനുചരന്മാരില്‍ മഹത്തായവരില്‍ നബി (സ)യുടെ ഹൃദയത്തോട് അടുപ്പമുള്ളവരും പ്രിയപ്പെട്ടവരുമായ സ്ത്രീകളും ഉള്‍പ്പെടുന്നു - അദ്ദേഹത്തിന്റെ ഭാര്യമാര്‍, പെണ്‍മക്കള്‍... തുടങ്ങി ഒപ്പം പോരാടുകയും ഏറ്റവും കൂടുതല്‍ അറിവുള്ളവരാകാന്‍ ശ്രമിക്കുകയും ചെയ്ത മഹതികള്‍. വിശ്വാസത്തിലും ആത്മാര്‍ഥതയിലും ഈ സ്ത്രീകളോരോരുത്തരും ഏറ്റവും മികച്ചതും ശ്രേഷ്ഠമായതുമായ രീതിയില്‍ തന്റെ പങ്ക് വഹിച്ചവരായിരുന്നു. മനുഷ്യരാശിയുടെ ചരിത്രത്തിലെ മികച്ച മാതൃകകളായി അവര്‍ ഇന്നും നിലകൊള്ളുന്നു.
അവരുടെ നേട്ടങ്ങളും സ്വാധീനവും ലോകചരിത്രത്തിലെ ആ സുപ്രധാന കാലഘട്ടത്തിലെ എല്ലാ മേഖലകളിലും കാണപ്പെട്ടു. ഇസ്ലാമിന്റെ സമാധാനപരമായ പ്രചാരണത്തിലെന്നപോലെ യുദ്ധത്തിലും അവര്‍ ധീരരായിരുന്നു. വിദ്യാഭ്യാസ മേഖലയിലും ഇസ്ലാമിക കോടതികളിലും ശരീഅത്തിന്റെ വ്യാഖ്യാനത്തിലും കച്ചവടത്തിലും വാണിജ്യത്തിലും കൃഷിയിലും വൈദ്യത്തിലും അവരെ കണ്ടെത്താമായിരുന്നു. അവരുടെ ബുദ്ധി, ജ്ഞാനം, സൗമ്യവും ദൃഢവുമായ സ്വഭാവശക്തി എന്നിവയില്‍നിന്ന് പ്രയോജനം ലഭിക്കാത്ത ഒരു മേഖലയുമില്ല.
ആദര്‍ശയോഗ്യയായ ഉമ്മ
അല്ലാഹുവിനോട് പ്രതിജ്ഞയെടുക്കുകയും അത് നിറവേറ്റുകയും ചെയ്ത ഇംറാന്‍(അ)ന്റെ ഭാര്യ, മറിയം(അ)യുടെ മാതാവ്, ഹന്ന ബിന്‍ത് ഫഖൂദ്. വളരെ ദൈവഭക്തിയുള്ള ഹന്നയുടെയും ഇംറാന്റെയും ദാമ്പത്യത്തില്‍ കുഞ്ഞിക്കാലു കാണാന്‍ ഭാഗ്യമുണ്ടായില്ല. അതിനാല്‍ ഹന്ന തന്റെ ശ്രദ്ധ മുഴുവന്‍ അല്ലാഹുവിലേക്ക് തിരിച്ചു.
തനിക്കും ഭര്‍ത്താവിനും പ്രായമേറെയായിട്ടും കുഞ്ഞുങ്ങളുണ്ടാവാന്‍ സാധ്യതയേതുമില്ലെന്നറിഞ്ഞിട്ടും തനിക്ക് ഒരു കുട്ടിയെ നല്‍കണമെന്ന് ഹന്ന അല്ലാഹുവിനോട് ആവര്‍ത്തിച്ച് പ്രാര്‍ഥിച്ചു. അത്ഭുതമെന്നു പറയാം, അല്ലാഹു അവരുടെ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കി. ഈ അനുഗ്രഹീത വാര്‍ത്തയറിഞ്ഞ ഹന്ന തന്റെ കുഞ്ഞിനെ അല്ലാഹുവിനും ബൈത്തുല്‍ മഖ്ദിസിന്റെ സേവനത്തിനും സമര്‍പ്പിച്ചുകൊണ്ട് അല്ലാഹുവിനോടുള്ള അഗാധമായ നന്ദി പ്രകടിപ്പിച്ചു. ''ഇംറാന്റെ ഭാര്യ ഇങ്ങനെ പ്രാര്‍ഥിച്ച സന്ദര്‍ഭം: എന്റെ നാഥാ, എന്റെ വയറ്റിലുള്ള കുഞ്ഞിനെ നിന്റെ സേവനത്തിനായി ഉഴിഞ്ഞിടാന്‍ ഞാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു; എന്നില്‍നിന്ന് നീയിതു സ്വീകരിക്കേണമേ. നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ''(3:35).
ആ സന്തോഷത്തിന്റെ നാളുകള്‍ അധികം നീണ്ടുനിന്നില്ല, താമസിയാതെ ഇംറാന്‍(അ) മരണപ്പെട്ടു. ജീവിതത്തിലെ വലിയ നഷ്ടം നേരിട്ടിട്ടും അല്ലാഹുവിനോടുള്ള പ്രതിബദ്ധതയില്‍ ഹന്ന പതറിയില്ല. അവര്‍ നാഥനോടുള്ള തന്റെ പ്രതിജ്ഞ നിറവേറ്റാതിരുന്നില്ല.
''അങ്ങനെ ആ കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്റെ നാഥാ, ഞാന്‍ പ്രസവിച്ചത് പെണ്‍കുഞ്ഞിനെയാണല്ലോ- അവള്‍ പ്രസവിച്ചത് ആരെയെന്ന് നന്നായറിയുന്നവനാണ് അല്ലാഹു- ആണ് പെണ്ണിനെപ്പോലെയല്ലല്ലോ'' (3:36). ആശ്ചര്യപ്പെടുത്തുന്ന ഈ പ്രസ്താവന ഒരു പെണ്‍കുഞ്ഞുണ്ടായതിലുള്ള നിരാശയല്ല, മറിച്ച് ശപഥം നിറവേറ്റാനുള്ള അവരുടെ ആഗ്രഹം കൊണ്ടാണ്. കാരണം, യഹൂദ നിയമത്തില്‍ സ്ത്രീകള്‍ ആരാധിക്കുന്നത് പതിവില്ലായിരുന്നു. ഒരു കുഞ്ഞിനെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിക്കണമെങ്കില്‍ ആണ്‍കുട്ടിയായിരുന്നെങ്കില്‍ കൂടുതല്‍ പ്രായോഗികമായിരുന്നു. പുരുഷന്‍ സ്ത്രീയെപ്പോലെയല്ലെന്ന് ഹന്ന പറയുമ്പോള്‍ സാമൂഹിക മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെങ്കിലും തന്റെ പ്രതിജ്ഞ തുടരാന്‍ അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവിന്റെ സേവനത്തിനായുള്ള തന്റെ മകളുടെ സമര്‍പ്പണം കൂടുതല്‍ സ്ഥാപിക്കുന്നതിനായി തന്റെ മകള്‍ക്ക് അരമായ ഭാഷയില്‍ ദൈവദാസി എന്നര്‍ഥം വരുന്ന മറിയം എന്ന് പേരിടുന്നു. മകള്‍ക്ക് അവളുടെ ദൗത്യത്തെ കുറിക്കുന്ന പേരിടുക എന്ന ലളിതമായ പ്രവര്‍ത്തനത്തിലൂടെ പോലും എന്താണ് തവക്കുലെന്ന് ഹന്ന നമ്മെ പഠിപ്പിക്കുന്നു. അല്ലാഹുവിലുള്ള ശുഭപ്രതീക്ഷയാണ് ഹന്നയുടെ നിലപാടിലൂടെ നമുക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നത്. എനിക്ക് എന്റെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു, 'കുഞ്ഞ്' തന്നില്‍നിന്ന് അകന്നുപോകുന്നത് സഹിക്കാന്‍ കഴിയില്ല തുടങ്ങി പല കാരണങ്ങളും നിരത്തി അവര്‍ക്ക് തന്റെ പ്രതിജ്ഞ പിന്‍വലിക്കാന്‍ എളുപ്പത്തില്‍ ശ്രമിക്കാമായിരുന്നു. താന്‍ ഒരു പെണ്‍കുട്ടിയെയാണ് പ്രസവിച്ചതെന്നറിഞ്ഞപ്പോള്‍ പെണ്‍കുട്ടികളെ പള്ളിയില്‍ ആരാധിക്കാന്‍ വിടാന്‍ പാടില്ല എന്ന ന്യായീകരണം നിരത്താമായിരുന്നു.
നാഥനോടുള്ള പ്രതിബദ്ധത തകര്‍ന്നുപോകുമായിരുന്ന നിമിഷങ്ങളുണ്ടായിട്ടും അവര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അല്ലാഹുവിന്റെ കാരുണ്യത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. മകള്‍ക്ക് അവരുടെ ഉദ്ദേശ്യത്തിന്റെ പേര് നല്‍കി. പതിവിന് വിരുദ്ധമായിട്ടും തന്റെ കുഞ്ഞിനെ അല്ലാഹുവിന്റെ ആരാധനയ്ക്കായി സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ നിറവേറ്റാന്‍ അവര്‍ തീരുമാനിച്ചു. എളുപ്പമുള്ള സമയത്ത് കൊടുക്കുക എന്നത് വളരെ ലളിതമാണ്. അതെല്ലാവര്‍ക്കും സാധ്യവുമാണ്. പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് തകര്‍ന്നിരിക്കുന്ന നേരത്ത്, ദാരിദ്ര്യത്തെ ഭയപ്പെടുമ്പോള്‍, തിരക്കുപിടിച്ച നേരങ്ങളില്‍ എല്ലാം അല്ലാഹുവിന്റെ പാതയില്‍ ശരീരവും സമ്പത്തും സമയവും ചെലവഴിക്കുക. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിക്കാനുള്ള ശക്തിയാണ് ഹന്ന അവരുടെ ജീവിതത്തിലൂടെ പകരുന്നത്.
ഹൃദയംഗമവും ആത്മാര്‍ഥവുമായ അവരുടെ പ്രാര്‍ഥനകളില്‍ നന്മ നിറഞ്ഞുനിന്നിരുന്നു. കുഞ്ഞിന് വേണ്ടിയുള്ള തന്റെ പ്രാര്‍ഥനയില്‍ അവരുടെ കുഞ്ഞിനെയും സന്തതികളെയും പിശാചില്‍നിന്ന് സംരക്ഷിക്കാന്‍ അവര്‍ ആവശ്യപ്പെടുന്നു. ''ആ കുഞ്ഞിന് ഞാന്‍ മര്‍യം എന്നു പേരിട്ടിരിക്കുന്നു. അവളെയും അവളുടെ സന്താനപരമ്പരകളെയും ശപിക്കപ്പെട്ട പിശാചില്‍നിന്ന് രക്ഷിക്കാനായി ഞാനിതാ നിന്നില്‍ അഭയം തേടുന്നു'' (3:36).
നമ്മുടെ പ്രാര്‍ഥനകള്‍ എത്രത്തോളം പോകുമെന്ന് ഒരിക്കലും കുറച്ചുകാണരുത്. നമ്മുടെ സങ്കല്‍പ്പത്തിനും അപ്പുറമുള്ള അനന്തമായ ഔദാര്യത്തോടെ അല്ലാഹു നമുക്ക് നല്‍കുന്നു. നമ്മുടെ ദുആക്ക് ഉത്തരം നല്‍കുന്നത് ചിലപ്പോള്‍ നമ്മള്‍ ചോദിച്ച രീതിയിലാവണമെന്നില്ല. അല്ലാഹുവിന്റെ ജ്ഞാനത്തിന്റെ വലുപ്പത്തില്‍ ആശ്ചര്യപ്പെട്ടുപോകുന്ന വശങ്ങളിലൊന്നാണിത്. ഹന്ന ഒരു മകനുവേണ്ടി വ്യക്തമായി പ്രാര്‍ഥിച്ചിട്ടില്ലെങ്കിലും, അവര്‍ ആഗ്രഹിച്ചത് അതാണ്. ആണ്‍കുഞ്ഞായിരുന്നെങ്കില്‍ അവനെ അല്ലാഹുവിന്റെ സേവനത്തിനായി സമര്‍പ്പിക്കാന്‍ അവര്‍ക്ക് കഴിയും. എന്നാല്‍, അവര്‍ പ്രതീക്ഷിച്ചതിലും അധികം അല്ലാഹു അവര്‍ക്ക് നല്‍കി. ധര്‍മനിഷ്ഠയായ ഒരു മകള്‍, അവള്‍ക്ക് അത്ഭുതങ്ങള്‍ നല്‍കപ്പെട്ടു, അവളെ ഖുര്‍ആനില്‍ എന്നെന്നേക്കുമായി അനുസ്മരിച്ചു, തുടര്‍ന്ന് ഈ ഭൂമിയിലെ ഏറ്റവും നീതിനിഷ്ഠരായ മനുഷ്യരില്‍ ഒരാളായ ഈസാ(അ)യെ അവള്‍ക്ക് നല്‍കി.
ഭൂമിയില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും അത്ഭുതകരമായ സംഭവങ്ങളിലൊന്നാണത്. ഒരു സ്ത്രീയുടെ ത്യാഗത്തില്‍ നിന്നാണ് അത് ആരംഭിച്ചത്. ഹന്ന (റ) അവരുടെ സങ്കടത്തിനും നഷ്ടത്തിനുമപ്പുറം നോക്കി, തന്റെ ഏറ്റവും വിലപ്പെട്ട മകളെ അല്ലാഹുവിന് നല്‍കി. അല്ലാഹു ഈ മകളെ അവളുടെ കാലത്തെ എല്ലാ സ്ത്രീകളെക്കാളും പ്രീതിപ്പെടുത്തി.