ഒന്നാം പാഠം ചൊല്ലിപ്പഠിക്കാനായി മക്കളെ സ്‌കൂളിലേക്കയക്കാനുള്ള സന്തോഷത്തിലും ഒപ്പം സന്ദേഹത്തിലുമാണ് രക്ഷിതാക്കള്‍. നാളെ, ആരാവണമെന്ന് ഇന്നേ തീരുമാനിക്കപ്പെടുന്നതാണ് ഇന്നത്തെ വിദ്യാഭ്യാസ-പഠന രീതികള്‍. നേട്ടങ്ങള്‍ സര്‍വത്ര കരസ്ഥമാക്കാന്‍ ഉതകുന്ന വിദ്യാഭ്യാസ, കരിയര്‍ കൗണ്‍സലിംഗ് സംവിധാനങ്ങള്‍ എമ്പാടുമുണ്ട്. അതിന്റെ മെച്ചം സമൂഹത്തില്‍ പല രൂപേണ കാണാനുമുണ്ട്. ഏറ്റവും മുന്തിയ കോഴ്സും കോളേജും പ്രീ സ്‌കൂള്‍ സംവിധാനം മുതല്‍ രക്ഷിതാക്കള്‍ തെരഞ്ഞെടുക്കുന്നത് ഈയൊരു ബലത്തിലാണ്. അതിന്റെ ആധിയും വ്യാധിയും സ്‌കൂള്‍ കോളേജ് തുറക്കുന്നതോടനുബന്ധിച്ച് രക്ഷിതാക്കളില്‍ ഉണ്ടുതാനും.
പ്രതീക്ഷ മുറ്റിയ കലാലയ കൂട്ടത്തെ ലോകത്തെമ്പാടും കണ്ടുകൊണ്ടാണ് വിദ്യാലയ മുറ്റത്തേക്ക് നമ്മുടെ മക്കള്‍ കാല്‍വെക്കുന്നത്. വംശീയ നെറികേടുകള്‍ക്കെതിരെ പോരാടുന്ന, സ്വേഛാധിപത്യത്തിനെതിരെ ആക്രോശിക്കുന്ന, സാമ്രാജ്യത്വത്തിനെതിരെ അണിനിരക്കുന്ന വിദ്യാര്‍ഥിക്കൂട്ടം. ഫലസ്തീന്‍ മക്കള്‍ക്ക് വേണ്ടി കൊളംബിയ യൂനിവേഴ്‌സിറ്റിയില്‍ ആരംഭിച്ച സമരം പല രാജ്യങ്ങളുടെയും കാമ്പസുകളെ ഇളക്കിമറിക്കുകയാണ്. അ നീതിയോട് സന്ധി ചെയ്യാന്‍ തയ്യാറല്ല എന്ന് ഉറക്കെ പറയുന്ന യുവത്വം എക്കാലത്തും നാളെയുടെ പ്രതീക്ഷകളായി കാമ്പസ് മുറ്റത്ത് അണിനിര ന്നിട്ടുണ്ട്. നമ്മുടെ നാടിനെ രക്ഷിക്കാന്‍ പൗരത്വ ഭേദഗതിക്കെതിരെ കാമ്പസില്‍ നിന്നും മുഴങ്ങിയ ശബ്ദമാണ് പിന്നീട് ഇന്ത്യന്‍ ജനത ഏറ്റെടുത്തത്. രാജ്യങ്ങളുടെയും ലോകത്തിന്റെയും ഏകാധിപത്യ ഭൂപടങ്ങളെ മാറ്റിവരച്ച ഇടമാണ് കാമ്പസ്.
പക്ഷേ, ഈയൊരു നന്മകളോടൊപ്പം തന്നെ വേദനിപ്പിക്കുന്ന സംഗതികളും വിദ്യാഭ്യാസ കാലത്ത് നമ്മുടെ മക്കളില്‍ നാമ്പെടുക്കുന്നുണ്ട്. പുരോഗമന ലിബറല്‍ വക്താക്കള്‍ പടച്ചുവിടുന്ന ആര്‍ക്കുമുപകരിക്കാത്ത നവ ലിബറല്‍ ചിന്തകള്‍ വിത്തു വിതച്ചു വളര്‍ന്നുവരുന്നത് പലപ്പോഴും നമ്മുടെ വിദ്യാലയ മുറ്റത്താണ്. ആവോളം എല്ലാം ആസ്വദിക്കാനുള്ള അനുമതിപത്രം കുട്ടികളില്‍ നാമ്പിട്ടു കൊടുക്കുന്നവര്‍, മദ്യ- മയക്കുമരുന്നുകളിലും പകയൂറുന്ന പ്രേമ ബന്ധങ്ങളിലും ഉള്‍പ്പെട്ടു സ്വയം നശിച്ചുപോകുന്ന ഈ മക്കളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറില്ലാത്തവര്‍ കൂടിയാണ്. മതനിരാസത്തിന്റെയും ദൈവനിഷേധത്തിന്റെയും പുതു തലമുറയെ പടച്ചുവിടാനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ കാമ്പസുകളില്‍ സജീവമാണ്. രാഷ്ട്രത്തിന്റെ ഭാവി വാഗ്ദാനങ്ങളാവേണ്ടവരെ വര്‍ഗീയ- വംശീയ ചിന്തയില്‍ അഭിരമിപ്പിച്ചു നിര്‍ത്തുന്ന മറ്റൊരു കൂട്ടര്‍ വേറെയും. ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നെല്ലാം ഓടിയകന്നു സ്വയം നശിക്കുന്നവര്‍. അക്കാദമിക മികവിനു വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറാകുന്ന രക്ഷിതാക്കളെ നിരാശയിലാഴ്ത്തി തിരിച്ചുവരുന്ന വിദ്യാര്‍ഥി യുവത്വവും ഉണ്ട് എന്ന യാഥാര്‍ഥ്യം കൂടി ഉള്‍ക്കൊണ്ടു വേണം വിദ്യാഭ്യാസ രീതിയെ സമീപിക്കാന്‍.
ബിരുദം നേടാന്‍ യോഗമില്ലാതെ മാതൃരാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം ആസ്വദിച്ച് കഴിയുന്ന ഫലസ്തീനിയന്‍ ധീര വിദ്യാര്‍ഥികളെ അഭിമാനത്തോടെ ഓര്‍മിച്ചുകൊണ്ട് കൂടിയാവട്ടെ നമ്മുടെ മക്കളുടെ സ്‌കൂള്‍-കോളേജ് പ്രവേശന നാളുകള്‍.