യു.കെ അബൂ സഹ് ലയുടെ ജീവിതം പ്രമേയമാക്കി അദ്ദേഹത്തിന്റെ മകൻ
യു.കെ മുഹമ്മദലി രചിച്ച 'യു.കെ അബൂ സഹ് ലയുടെ ജീവിതയാത്ര', ജാബിർ സുലൈം സമാഹരിച്ച 'വിഹായസ്സിന്റെ വിരിമാറിൽ' (അബൂസ ഹ് ലയുടെ പാട്ടുകെട്ട്) എന്നീ പുസ്തകങ്ങളുടെ പശ്ചാത്തലത്തിൽ യു.കെ രചനകളിലൂടെ...
കേരളീയ മുസ്ലിം ജീവിതത്തില്‍ സവിശേഷമാര്‍ന്നൊരു സാന്നിധ്യമാണ് മാപ്പിളപ്പാട്ട്. അത് മുസ്ലിം സമൂഹത്തിന്റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ഏറ്റെടുത്തു. സന്താപങ്ങളെയും ജീവിത വേവലാതികളെയും സമാഹരിച്ചു. പോരുവീര്യങ്ങളെയും ആത്മ ബോധങ്ങളെയും പ്രഖ്യാപിച്ചു. വിശ്വാസബോധ്യങ്ങളെയും ഭക്തി പാരവശ്യങ്ങളെയും വിടര്‍ത്തി നിര്‍ത്തി. മാപ്പിളപ്പാട്ടുകളെപ്പോലെ കേരളീയ മുസ്ലിം ജീവിതത്തെ ഇവ്വിധം സ്വാധീനിച്ച മറ്റൊന്നും നമുക്ക് കണ്ടെടുക്കാന്‍ ആവില്ല. ഈ പാട്ട് ശാഖയില്‍ ഇടപെട്ട് പ്രവര്‍ത്തിച്ച നിരവധി പേരുണ്ട്. ഖാദി മുഹമ്മദും, കുഞ്ഞായിന്‍ മുസ്ലിയാരും മുതല്‍ ആ അനുഗൃഹീത കവികളുടെ മഹാ ശൃംഖല വര്‍ത്തമാനകാല പാട്ട് മണ്ഡലത്തിലേക്ക് കൂടി ദീര്‍ഘമാകുന്നു. ഈ മഹാകവി രാശിയില്‍ എന്തുകൊണ്ടും ശ്രദ്ധേയനാണ് യു.കെ അബൂ സഹ്‌ല. അദ്ദേഹം പാട്ടെഴുത്തിലുടനീളം സഞ്ചരിച്ചത് ഒരേയൊരു മണ്ഡലത്തിലൂടെ മാത്രമാണ്. പോരാട്ടവും പ്രണയവും ഭക്തിയും ദുഃഖവും ആനന്ദവും തുടങ്ങി സര്‍വ വികാര ലോകങ്ങളും പാട്ടുകളില്‍ തെരഞ്ഞു പോകുമ്പോഴും അബൂ സഹ് ലയ്ക്ക് മുഖ്യ ലക്ഷ്യമായി ഒന്നേ ഉണ്ടായിരുന്നുള്ളൂ. അത് ഏകദൈവ വിശ്വാസത്തില്‍ ഊട്ടപ്പെട്ട് നില്‍ക്കുന്ന ഇസ്ലാമിന്റെ പ്രചാരവും പ്രബോധനവും. അതിലൂടെ ഭൂമിയില്‍ ശാന്തിയോലുന്ന സമൃദ്ധ ജീവിതവും. മരണാനന്തരം മനുഷ്യര്‍ക്ക് മോക്ഷ ജീവിതവും അനശ്വര സ്വര്‍ഗവും.
അതില്‍ കുറഞ്ഞതോ കൂടിയതോ കവിയെ ബാധിക്കുകയില്ല. അബൂ സഹ്ലയുടെ സമ്പൂര്‍ണ സമാഹാരത്തിലൂടെ സൂക്ഷ്മ സഞ്ചാരം പോകുമ്പോള്‍ നമുക്ക് കണ്ടെത്താനാവുന്ന നിരവധി സവിശേഷ വാങ്മയ ദൃശ്യങ്ങളും കാവ്യ സന്ദര്‍ഭങ്ങളുമുണ്ട്. പാട്ടിലുടനീളം താളമിട്ട് നില്‍ക്കുന്നത് ഇസ്ലാമിക സാമൂഹികതയെ പ്രതിയുള്ള പ്രതീക്ഷയും സ്വപ്നങ്ങളും തന്നെയാണ്. അതുകൊണ്ടുതന്നെ അബൂ സഹ് ലയുടെ പാട്ടുകെട്ടിനെ നമുക്ക് ഇസ്ലാമിക ഗാനശാഖ എന്നു തന്നെ വ്യവഹരിക്കാം.
'പടച്ചുണ്ടാക്കിയ റബ്ബ് പരിരക്ഷിക്കും
പടപ്പെല്ലാം എതിര്‍ത്താലും ഖദ്റ് നടക്കും'
എന്ന ഉറച്ച ബോധ്യത്തിലാണ് അബൂ സഹ് ലയും അദ്ദേഹത്തിന്റെ പാട്ടു ലോകവും പ്രത്യക്ഷമാവുന്നത്. ഇങ്ങനെ തീര്‍ത്തും ഇസ്ലാമിക ദര്‍ശന പരിസരത്ത് വിടരുന്ന പാട്ടു രാശിയില്‍ അബൂ സഹ് ല പ്രത്യേകമായ പരിഗണനയില്‍ ഏറ്റെടുക്കുന്ന രണ്ട് വിഭാഗമുണ്ട്. ഒന്ന് സ്ത്രീജനവും മറ്റൊന്ന് കുട്ടികളുമാണ്.
എന്തുകൊണ്ടാണ് തന്റെ പാട്ടു ലോകത്താസകലം സവിശേഷമായ നിരീക്ഷണത്തില്‍ സ്ത്രീകളും ആശ്ലേഷത്തില്‍ കുട്ടികളും നിറഞ്ഞുനില്‍ക്കുന്നത്? ഇതിന് ഒരു ഉത്തരം കവി തന്നെ പറയുന്നുണ്ട്. ഇന്നത്തെ കുഞ്ഞുകുട്ടികളാണ് നാളത്തെ സാമൂഹികതയെ നിര്‍ണയിക്കുന്നത്. ആ സാമൂഹിക നിര്‍മിതി മംഗളതരമാകണമെങ്കില്‍ സ്ത്രീ ജീവിതവും കുഞ്ഞുകുട്ടികളുടെ പരിസ്ഥിതിയും മംഗളമാവണം. അതിന് ആദര്‍ശനിഷ്ഠയുള്ള മാതൃത്വം അനിവാര്യമാവണം. മാതൃത്വത്തിന്റെ ഇസ്ലാമികത അതിനാല്‍ തന്നെ കവിക്ക് പ്രധാനമാകുന്നു. മാതൃത്വത്തെ നിരന്തരം ഇസ്ലാമികവല്‍ക്കരിക്കാനുള്ള ആഹ്വാനമാണ് അദ്ദേഹം തന്റെ രചനയില്‍ പ്രഘോഷിക്കുക. ഇതിനായുള്ള കുതറലാണ് ഇദ്ദേഹത്തിന് എന്നും പാട്ടും കവിതയും. ഉത്തമമായ ഒരു മാതൃത്വവും അതിന്റെ അപാരതയും പാട്ടില്‍ ആവിഷ്‌കരിക്കുകയും ദൃശ്യവല്‍ക്കരിക്കുകയും ചെയ്യുമ്പോള്‍ തന്നെ അതിന്റെ മറുഭാഗം ബോധിപ്പിക്കാനാവണം ലക്ഷണം കെട്ട സ്ത്രീത്വത്തെയും തന്റെ പാട്ടുകെട്ടുകളിലൂടെ തുറന്ന് കാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുന്നത്.
അതുപോലെ തന്നെയാണ് തന്റെ പാട്ടുകളില്‍ കവി അവതരിപ്പിക്കുന്ന കുട്ടികളും ബാല്യ കൗമാരങ്ങളും. മാതൃത്വവും പുത്ര പുത്രീ ബന്ധങ്ങളും ഏറ്റവും ഹൃദയഹാരിയായ അനുഭൂതിയായാണ് അബൂ സഹ് ല യുടെ രചനകളില്‍ വാങ്മയങ്ങളാവുന്നത്. സ്ത്രീയുടെ കുലീനതയും മഹനീയ മാതൃത്വവും വിശ്വാസത്തില്‍ പ്രചോദിതമായി അവര്‍ ഏറ്റെടുക്കുന്ന നിര്‍വാഹകത്വവും എന്നും അബൂ സഹ്ലയുടെ ആലോചനാലോകമാണ്. സ്ത്രീയുടെ ജീവിതം മേല്‍ഗതി ആവുക അവള്‍ മതധര്‍മ ശാസനകള്‍ക്കകത്ത് സ്വതന്ത്രരാവുമ്പോഴാണെന്നും, അതവള്‍ക്ക് നല്‍കുന്നത് ജീവിതത്തിന്റെ മഹാ തുറസ്സുകള്‍ തന്നെയാണെന്നും, അവള്‍ വീണുപോകുന്നത് വിശ്വാസകവചം ദൂരെ എറിഞ്ഞ് സ്വയം പുറപ്പെട്ടു പോകുമ്പോഴാണെന്നും കവി നിരന്തരം പറഞ്ഞുകൊണ്ടിരിക്കും. പുതുകാല സ്ത്രീ അനുഭവിക്കുന്ന പരിഗണനക്കുറവും അവഗണനയും വകഞ്ഞ് അവള്‍ അഭിജാതയായി സമൂഹത്തില്‍ ഇടപെടുന്ന ഒരു സുന്ദര കാലത്തെയാണ് ഇദ്ദേഹം സ്വപ്നം കാണുന്നത്.
അങ്ങനെ ആ കുലീന സാക്ഷ്യത്തിലേക്ക് അവള്‍ക്കെത്താന്‍ ദൈവിക ദീനിനെ ജീവിതം കൊണ്ട് പുണരുക മാത്രമാണ് ഒറ്റ വഴിയെന്ന ബോധ്യത്തെ അദ്ദേഹം മനോഹരമായി ആവിഷ്‌കരിക്കുന്നുണ്ട്.
'ചരിത്രങ്ങള്‍ ശ്രവിക്കുമ്പോള്‍
കരളിന്ന് കുളിര്‍ നല്‍കും,
തിരുമുത്ത് റസൂലിനെ മറക്കുകില്ല.
ഞങ്ങള്‍ മറക്കയില്ല.
ഒരു കാലം ഹതഭാഗ്യകളായ്
ഞങ്ങള്‍ ചരിത്രത്തില്‍
പരമ സങ്കടത്തില്‍പ്പെട്ടുഴന്നിട്ടുണ്ട്.
കണ്ണീരൊഴുക്കീട്ടുണ്ട്,
അനന്തര മുതലിന് അവകാശം തടഞ്ഞു
പെണ്ണനര്‍ഹയാണതിനെന്ന് വിധിച്ചിട്ടുണ്ട് -
അവഗണിച്ചിട്ടുണ്ട്'
എന്ന് അബൂ സഹ് ലയുടെ സ്ത്രീ വിലപിക്കുന്നത് ഒരിക്കലും വെറുതേയല്ല. ഇസ്ലാംപൂര്‍വ അറേബ്യന്‍ സ്ത്രീകളുടെ ദൈന്യ ജീവിതത്തെയാണ് ഇവിടെ കവി അവതരിപ്പിക്കുന്നത്. പുതുതായി ഭൂമിയിലേക്ക് വിരുന്നെത്തുന്ന വാരിളം പൈതല്‍ പെണ്‍പിറപ്പാണെങ്കില്‍ മുഖം കറുക്കുകയും ആരുമറിയാതെ ആ ആരോമല്‍ തിടമ്പിനെ അറേബ്യന്‍ കല്ലു ഭൂമിയില്‍ കൊന്നുമൂടുകയും ചെയ്തിരുന്ന ഒരു ഗതകാലമാണ് ഇവിടെ കവി അനുസ്മരിക്കുന്നത്. എന്നിട്ട് ഇതിനൊക്കെയുമുള്ള തിരുത്തും പരിഹാരവും എങ്ങനെ സാധ്യമാവുമെന്നും കവി വിസ്തരിക്കുന്നുണ്ട്. ഇങ്ങനെ പരിഹാരം പറയുമ്പോഴേ ഈ എഴുത്തുകാരന്‍ ആശ്വസിക്കുന്നുള്ളൂ. ആ കാലാജീവിതം അങ്ങനെ മാത്രമേ വിശ്രാന്തിയാകൂ.
'മഹാശയന്‍ വരുന്നല്ലോ
മഹാഭാഗ്യം തെളിഞ്ഞല്ലോ,
മഹിലങ്കും മതിയുദിച്ചുയര്‍ന്നുവല്ലോ,
ലോകം ഉണര്‍ന്നുവല്ലോ.'
അങ്ങനെയാണ് യമനിലെ വിദൂര പുറമ്പോക്കുകളില്‍ നിന്നും ഏത് തരുണീ ജീവിതത്തിനും ഇങ്ങ് ഹിജാസിയന്‍ മലഞ്ചരിവുകളിലേക്ക് തന്റെ കുഞ്ഞാടുകളെയും കൂട്ടിയുള്ള ഏകാന്ത സഞ്ചാരം നിര്‍ഭയമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന കാലം എത്തിയത്. ഇന്നുള്ള എല്ലാ കാലുഷ്യങ്ങളും അടങ്ങിപ്പാര്‍ത്ത് ഇനിയും അങ്ങനെയൊരു വിസ്മയശാന്തിയുടെ തിങ്കളുദിക്കും. അത് കവിയുടെ ഉറച്ച പ്രതീക്ഷയാണ്. അതിന് കവി നിര്‍ദേശിക്കുന്ന പോംവഴി അന്ന് പ്രവാചകന്‍ അറേബ്യയില്‍ ആവിഷ്‌കരിച്ച അതേ പ്രായോഗിക പ്രമാണത്തിന്റെ പൂര്‍ത്തി മാത്രമാണ്. സ്ത്രീ സുരക്ഷയും സ്വസ്ഥതയും ലോകത്തെവിടെയും സംഭവിക്കണമെങ്കില്‍ ദൈവ പ്രമാണങ്ങളുടെ പ്രയോഗ ജീവിതമല്ലാതെ മറ്റൊരു പരിഹാരവുമില്ലെന്ന തന്റെ ഉറച്ച ബോധ്യമാണ് ഇതിലൂടെ കവി പ്രഖ്യാപിക്കുന്നത്. അതിന് സാമൂഹിക പരിശ്രമം വേണമെന്നും കവി പറയുന്നു. അത്തരം പരിശ്രമങ്ങളെ വളരെ ആഹ്ലാദവാനായാണ് കവി നോക്കിക്കാണുന്നത്.
'ഇന്നിസ്ലാമിന്റെ പേരില്‍ കണ്ണുകള്‍ തുറന്ന്,
മന്ദതയകറ്റുവാനെന്തൊക്കെയോ ചെയ്യുന്നു .
എന്നിരുന്നാലും ഒരു കണ്ണ് തുറന്നിട്ടില്ല ,
പെണ്ണ് ലോകത്തെ അതില്‍
പരിഗണിച്ചിട്ടില്ല.
എന്ന് പാടുന്ന കവി സ്ത്രീമുന്നേറ്റത്തിനാണ് ധൃതി കൂട്ടുന്നത്. ഈ ധൃതിക്ക് ന്യായങ്ങളുണ്ട്. അന്ത്യപ്രവാചക ദൗത്യത്തോടെ ഒരിക്കല്‍ ലോകത്ത് സ്ത്രീ വിമോചിതരായതാണ്. പിന്നീട് പുരോഹിതാധിനിവേശത്തോടെ നഷ്ടപ്പെട്ടതാണ് സ്ത്രീകളുടെ സ്വാസ്ഥ്യവും സ്വാതന്ത്ര്യവും. കവിയുടെ ആ രോഷം കടുത്ത ചോദ്യങ്ങളായാണ് കവിതയില്‍ വികസിക്കുന്നത്.
'മാറ്റമില്ലാതേതു നാളും
മന്ദകളോ ഞങ്ങള്‍,
പേറ്റിനും ചോറ്റിന്നുമുള്ള
യന്ത്രമോ പെണ്ണുങ്ങള്‍.
ഈയൊരു വിശേഷങ്ങള്‍ 'പെണ്ണ് നബിക്ക് മുമ്പും ശേഷവും' എന്ന ദീര്‍ഘമായ രചനയില്‍ അബൂ സഹ് ല വിശദമായി അവതരിപ്പിക്കുന്നുണ്ട്.
തൊട്ടടുത്ത രചനയില്‍ ഇത്തിരികൂടി കടുപ്പിച്ചാണ് കവി സ്ത്രീകളുടെ നിര്‍വാഹകത്വത്തിനായി തര്‍ക്കിക്കാന്‍ ഹാജരാകുന്നത്.
'അല്ല പെണ്ണുങ്ങള്‍ വെറും
യന്ത്രങ്ങളല്ല-
സ്ത്രീകള്‍ക്കുള്ള പങ്കിസ് ലാ൦
മതത്തില്‍ ചെറിയതല്ല
സത്യ ദീനിന് സാക്ഷിയാകാന്‍
പെണ്ണുമാണും
തുല്യ ഉത്തരവാദിത്വമുള്ളോരെന്ന് കാണും
ഇതേ ആശയം പല നിലയിലും വിശദീകരിക്കുന്ന നിരവധി രചനകള്‍ അബൂ സഹ് ലയുടെതായി സമാഹാരത്തിലുണ്ട്. നഗ്നവേശഭ്രമം, പെണ്ണ് പടക്കളത്തിലും, മാപ്പിള പെണ്ണിന്റെ വേഷം, അണിഞ്ഞൊരുങ്ങുന്നു, ഒരു മാറ്റത്തിന് ദാഹിക്കുന്നു തുടങ്ങി നിരവധി മനോഹര ഗാനങ്ങള്‍ ഈ ആശയ മണ്ഡലത്തെ തീവ്രമായി തന്നെ വിശദീകരിക്കുന്നുണ്ട്. കേരളീയ മുസ്ലിം ജീവിതത്തിലെ നിരവധി അരുതുകളെ മതപക്ഷത്തുനിന്ന് നിശിതമായ വിചാരണയ്ക്ക് വെക്കാന്‍ കവിക്ക് ഒരു പ്രയാസവുമില്ല. അര നൂറ്റാണ്ടിനപ്പുറമാണ് അബൂ സഹ്ലയുടെ എഴുത്തുകാലം. അന്നത്തെ ഏറ്റവും തീക്ഷ്ണമായ സാമൂഹിക അനാചാരങ്ങളെയൊക്കെയും കവി തന്റെ രചനയിലൂടെ നിര്‍ദയം വിമര്‍ശിക്കുന്നുണ്ട്. സ്ത്രീധനം, കാതുകുത്ത് ചടങ്ങ്, ശൈശവ വിവാഹം തുടങ്ങിയവയെയൊക്കെ തന്റെ തൂലികകൊണ്ട് വിചാരണ ചെയ്തും ബദല്‍ സിദ്ധാന്തങ്ങള്‍ വിശദപ്പെടുത്തിയും സ്ത്രീപക്ഷത്തുനിന്ന് വാദിക്കാനും കവിക്കാവുന്നുണ്ട് .
'പെണ്ണു കെട്ടിനുപാധിയായി
പൊന്നും പണവും പറഞ്ഞിടുന്ന,
നിന്ദ്യമായപശബ്ദമിവിടെ ഉയര്‍ന്നു കേള്‍ക്കുന്നു.
ദീനില്‍ പണ്ഡിതന്മാര്‍ പോലുമതിന്
വളം കൊടുക്കുന്നു'
ഇത്രയും കൊണ്ട് നിര്‍ത്തുകയല്ല കവി ചെയ്യുന്നത്. സ്ത്രീധനത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ മനുഷ്യ വിരുദ്ധതയെ തന്റെ സാമാന്യം ദീര്‍ഘമായ ഈ ഗാനത്തിലൂടെ നിഷ്‌കൃഷ്ടമായി വിചാരണക്ക് വെക്കുന്നുണ്ട് .
'പണ്ഡിതന്‍ പെണ്ണും തിരഞ്ഞ്
പണ്ടവും പണവും തിരഞ്ഞ്,
മണ്ടിടും ഗതികേടില്‍ ബഹുജന
ദൃഷ്ടി പതിഞ്ഞ്,
അവരത് കണ്ട് മാതൃകയാക്കി
ആകെ ഹലാക്ക് പിണഞ്ഞ്'
എന്ന് ഉലമാക്കളേയും ഉമറാക്കളേയും കളിയാക്കുന്നുമുണ്ട് കവി.
അബൂ സഹ്്‌ല നാല് ഖണ്ഡ കാവ്യങ്ങള്‍ കൂടി എഴുതിയിട്ടുണ്ട്. ഖുര്‍ആന്‍ വിശദപ്പെടുത്തിയ രണ്ട് പ്രവാചക ജീവിത കഥകളാണ് ഇതില്‍ പ്രധാനം. ഇത് 'മൂസാ നബിയും ഫിര്‍ഔനും' പിന്നെ 'നൂഹ് നബിയും സമുദായവും' എന്നിവയാണ്. മൂസാ പ്രവാചകന്റെ ആദിമധ്യാന്തമുള്ള ജീവിതം പാടിപ്പറയുന്നിടത്ത് അബൂ സഹ് ല മൂന്ന് സ്ത്രീ ജീവിതങ്ങളെ സൂക്ഷ്മമായി ആവിഷ്‌കരിക്കുന്നുണ്ട്. അതിലൊന്ന് ഫറവോന്റെ ഭാര്യ ആസ്യ, പിന്നെ മൂസാ പ്രവാചകന്റെ മാതാവ് യൂക്കാബതും സഹോദരി മറിയമുമാണ്. എന്നാല്‍, മൂസാ പ്രവാചകന്റെ സംഘര്‍ഷ സംഭീതജീവിത സാക്ഷ്യത്തില്‍ ഈ പേരുകാരൊക്കെയുണ്ട് താനും. ഖുര്‍ആനില്‍ സൂചിതമായില്ലെങ്കിലും ഈ പേരുകളൊക്കെയും കാവ്യ പാഠത്തില്‍ അബൂ സഹ്്‌ല ലോഭമില്ലാതെ ഉപയോഗിച്ചിട്ടുണ്ട്.
'യൂക്കാബദിന് രാജകല്പന ഓര്‍ക്കാപ്പുറം ഇറങ്ങിയേ,
അത് കേള്‍ക്കാന്‍ കഴിഞ്ഞതോടെ പെണ്ണിന്റെ സങ്കടപ്പാട് നീങ്ങിയേ.
ചേതന സുപ്രശാന്തമായ് മലരിന്‍ വദനം തിളങ്ങിയേ
മന വേദന തീര്‍ന്നു കൂടുതല്‍ കരുണാനിധിയേ വണങ്ങിയേ''.
എന്ന് കവി പറയുമ്പോള്‍ അത് പട്ടുനൂലില്‍ മുല്ലപ്പൂ കോര്‍ക്കുന്ന പോലെ സുന്ദരമാകുന്നു.
കദന സാന്ദ്രത മുറ്റിനില്‍ക്കുന്ന ഒരു സന്ദര്‍ഭത്തിലാണ് വല്‍സലയായ മാതൃത്വം ദൈവകല്‍പ്പനയാല്‍ ധീരയായി മാറുന്നതും തന്റെ വാരിളം പുത്രനെ നൈല്‍ നദിയിലെ കല്ലോലങ്ങള്‍ക്കേല്‍പ്പിച്ചു കൊടുക്കുന്നതും. എന്നിട്ടവര്‍ അത്യന്തം സംഘര്‍ഷ പാരവശ്യത്തോടെ സ്വന്തം മകളോട് സംസാരിക്കുന്ന ഒരു സന്ദര്‍ഭമുണ്ട്. ഏതൊക്കെ കല്ലോലമാലകളാണ് നമ്മുടെ പാല്‍പ്പതക്കുഞ്ഞിനെ താരാട്ടുപാടി ഉറക്കുന്നതെന്നും ഏതൊക്കെ കരകളും കടവുകളും മുറിച്ചാണീ പുല്‍പെട്ടി ഒലിച്ചുപോകുന്നതെന്നും ഒടുവില്‍ നമ്മുടെ കുഞ്ഞിന് എന്ത് സംഭവിക്കുന്നു എന്നും അറിഞ്ഞു വരേണ്ടത്, മകളേ നിന്റെ ചുമതലയാണ്. മകള്‍ മറിയ അതേറ്റെടുത്ത് നദിക്കരയിലൂടെ ഒറ്റക്ക് നടന്ന് പോകുന്നുമുണ്ട്. ഈ രംഗം കവി എഴുതുമ്പോള്‍ മൂസയുടെ സഹോദരി മറിയ സര്‍വഭാവതീക്ഷ്ണതയോടെയും നമ്മുടെ മുന്നില്‍ ഉടലെടുത്തു നില്‍ക്കുന്നത് കാണാം.
'കുട്ടിയെ നീലിലൊഴുക്കിയ പെണ്ണുണ്ടല്ലോ,
ചട്ടത്തില്‍ സ്വന്തം മകളോട് ചൊല്ലുന്നല്ലോ.
മറിയമേ കുഞ്ഞിന്റെ പെട്ടിയും ഉന്നം വെച്ച്
കരയിലൂടെ നീയും പോകേണം ഖല്‍ബുറച്ച്.'
അബൂസഹ്‌ല അവതരിപ്പിക്കുന്ന മറ്റൊരു സ്ത്രീ സാന്നിധ്യം ഫറവോന്റെ ഭാര്യയാണ്. ആസ്യ; ഖുര്‍ആന്‍ ഈ പേര് പറയാതെയാണ് മഹതിയെ ചിത്രീകരിക്കുന്നത്. മൂസയുടെ വളര്‍ത്തുമ്മയാണ് ആസിയ ബീവി. ഈ രാജ്ഞിയും മൂസയും തമ്മില്‍ ഇമ്പമാര്‍ന്ന ഒരു മാതൃപുത്ര ബന്ധം വികസിച്ചു വരുന്നുണ്ട്. തന്റെ പുത്രനില്‍ തനിക്കുള്ള വിശ്വാസം അവര്‍ പ്രഖ്യാപിച്ചതോടെ കടുത്ത പീഡാനുഭവത്തിലൂടെയാണ് ഈ മഹാ റാണി കടന്നു പോയത്. ആ സംഘര്‍ഷ രംഗങ്ങള്‍ അവതരിപ്പിക്കുമ്പോര്‍ അബൂ സഹ്‌ല മിസ്റിലെ മഹാറാണിയെ പേര് ചൊല്ലിയാണ് വിളിക്കുന്നത്.
' ആസിയ ബീവിയും സംഗതി അറിഞ്ഞുള്ള,
അന്നേരം തന്നെ പറഞ്ഞിടാന്‍ മടിച്ചില്ല.
മൂസന്റെ കല്ലും വടിയും സിഹ്റല്ല,
മുഅ്ജിസത്താണതെനിക്ക് സംശയമില്ല.
മൂഢന്‍ അറിഞ്ഞിട്ടുമല്ലൊ ഇന്നാലില്ലാഹ് .'
ഈ ഖണ്ഡകാവ്യത്തില്‍ മറ്റ് രണ്ട് പെണ്‍കൊടികള്‍ കൂടി വന്നു പോകുന്നുണ്ട്. കൊലപാതക കേസില്‍ പ്രതിയായി കൊട്ടാരം വിട്ട് ഓടിയ മൂസ ദീര്‍ഘ യാത്രകള്‍ ചെയ്തു മദായിനില്‍ എത്തുന്നുണ്ട്. അവിടെ ആട്ടിന്‍പറ്റങ്ങളുമായി കുടിവെള്ളത്തിനായി ഇടയ ജനത ധൃതി കൂട്ടുന്ന ഒരിടം. അതില്‍ തിരക്കൊഴിയുന്നതും കാത്ത് മാറിനില്‍ക്കുന്ന രണ്ട് യുവതികളാണ്. അവരെ മൂസ സഹായിക്കുന്നു. കഥാന്ത്യത്തില്‍ മൂത്തയാളെ മൂസ ആചാര വിധിപ്രകാരം ഉപാധികള്‍ നിശ്ചയിച്ച് വിവാഹം ചെയ്യുന്നതാണ് നാം കാണുന്നത്. കരാര്‍ ഉപാധികള്‍ തീര്‍ത്തു സ്വന്തം ദേശത്തേക്ക് ഭാര്യാസമേതനായി തിരിച്ചുപോകുന്ന മൂസ വെട്ടം തേടി സീനാ ശിഖരത്തിലേക്ക് പോകുന്നു. യാതൊരു ബാഹ്യലോക സമ്പര്‍ക്കങ്ങളുമില്ലാതെ ഒറ്റപ്പെട്ട മദായിന്‍ മരുപ്പച്ചയില്‍ ഇടയ ജീവിതം നടത്തിയ പെണ്‍കിടാവ് തന്റെ ഭര്‍ത്താവിന്റെ നിഴല്‍ പറ്റി ദീര്‍ഘമായൊരു വിദൂര സഞ്ചാരത്തിന് വീട് വിട്ടിറങ്ങുന്നു. അവര്‍ ധീരയാണ്. അതുവരെ പാട്ടില്‍ ഈ സ്ത്രീ സാന്നിധ്യമുണ്ട്. പൊടുന്നനെ കഥയില്‍നിന്ന് ഇവര്‍ നിഷ്‌ക്രമിക്കുന്നു. പിന്നീട് കഥനങ്ങളിലൊന്നും ഇവരെ കാണാനില്ല.
'പറയുകയായ് പ്രിയതമയോട് ഇരിക്കുക ഞാന്‍
കണ്ടിരിക്കുന്നല്ലോ തീ.
എരിയുന്നതാ കുറച്ചൊന്നു കത്തിച്ചെടുത്ത്
കൊണ്ടിതാ വരാം ഞാന്‍.'
ഈ മൂന്ന് സ്ത്രീ സാന്നിധ്യങ്ങളും ജീവിതത്തില്‍ നിര്‍വാഹത്വമുള്ളവരും ഏത് പ്രതിസന്ധികളിലും ആത്മബോധത്തോടെ ഉലര്‍ന്നു നില്‍ക്കുന്നവരുമാണ്. അവര്‍ ദൈവിക സരണിയില്‍ ഉറച്ചുനില്‍ക്കാന്‍ മഹാസഹനങ്ങള്‍ ഏറ്റുവാങ്ങുന്നവരും. ഒട്ടുമേ ചകിതരാവാതെ തങ്ങളുടെ നിയോഗങ്ങള്‍ ധീരമായി ഏറ്റെടുക്കുന്ന അഭിജാതരാണ്.
മറ്റൊരു ഖണ്ഡകാവ്യമാണ്' നൂഹ് നബിയും സമുദായവും.' അതില്‍ ഒറ്റ പരാമര്‍ശത്തില്‍ മിന്നിമറയുന്ന സ്ത്രീസാന്നിധ്യമേ ഉള്ളൂ എന്നത് സത്യമാണ്. അതില്‍ ഒന്ന് നൂഹിന്റെ ഭാര്യയും നിഷേധിയായ മകന്‍ കന്‍ആന്റെ ഉമ്മയുമാണ്. പിന്നെ നൂഹ് പ്രവാചകന്റെ പുത്രവധുക്കളും.. രക്ഷായാനത്തില്‍ കയറാതെ മഹാപ്രളയം നക്കിത്തുടച്ചവരെ അനുസ്മരിക്കുമ്പോഴാണ് അബൂ സഹ്്ലയില്‍ നിന്ന് ഈ പരാമര്‍ശം സംഭവിക്കുന്നത്.
'ആ ഏഴില്‍ പെട്ടോരാണാരമ്പ ബീവിയും
ആണ്‍മക്കള്‍ മൂന്നാളും പത്നിമാരും.
അവരില്‍ കന്‍ആനും ഉമ്മയും ചേരുന്നില്ല.'
(തുടരും)