വീണ്ടെടുക്കാം പരിസ്ഥിതിയുടെ താളം

അലവി ചെറുവാടി
ജൂണ്‍ 2024

വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പരിസ്ഥിതി സംരക്ഷണത്തിന്റെ മഹത്വവും പ്രാധാന്യവും നിരവധി സ്ഥലങ്ങളില്‍ സവിസ്തരം ഊന്നിപ്പറയുന്നുണ്ട്.

'മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും വിനാശം വെളിപ്പെട്ടിരിക്കുന്നു; അവര്‍ തങ്ങളുടെ ചില ചെയ്തികളുടെ രുചി അറിയേണ്ടതിന്, അവന്‍ മടങ്ങിയെങ്കിലോ?'' (വി.ഖു 30:41).

മനുഷ്യന് അര്‍ഹമായ വിഭവങ്ങള്‍ ലഭിക്കുന്നതിനാവശ്യമായ ഉപാധികള്‍ ദൈവം ഈ പരിസ്ഥിതിയില്‍ സജ്ജീകരിച്ചിരിക്കുന്നു. അവനവകാശപ്പെട്ട ഏതെങ്കിലുമൊരു വിഹിതം ലഭിക്കുംവിധം അവയുടെ കറക്കം ക്രമപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവ കടലിലോ കരയിലോ എന്നുവേണ്ട ഈ പ്രപഞ്ചത്തില്‍ എവിടെയുമാകാം.

ദൈവത്തിന്റെ നിര്‍ദേശങ്ങളാണല്ലോ പ്രവാചകന്മാരുടെ സന്ദേശങ്ങള്‍. അത് പ്രകൃതിപരവും പരിസ്ഥിതി സന്തുലിത യുക്തവുമാണ്. ആ സന്ദേശങ്ങള്‍ക്കെതിരെയുള്ള സമരം മനുഷ്യപ്രകൃതിക്കും പരിസ്ഥിതിക്കുമെതിരെയുള്ള സമരമാണെന്നും, പ്രകൃതിപരമായ സാമൂഹിക-സാംസ്‌കാരിക സംവിധാനങ്ങള്‍ താറുമാറാവുകയും ഭൂമിയില്‍ വിനാശം പരക്കുകയുമാണ് അതുമൂലം സംഭവിക്കുകയെന്നും, പ്രകൃതിയുടെ രൂക്ഷമായ തിരിച്ചടിയുടെ രൂപത്തില്‍ ദൈവശിക്ഷയായിരിക്കും അതിന്റെ അനന്തരഫലമെന്നും താക്കീത് നല്‍കുകയാണ് മേല്‍ ഖുര്‍ആന്‍ സൂക്തം.

ഇവിടെ കരയും കടലും എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ലോകം മുഴുവന്‍ എന്നാണ്. ദൈവം പ്രകൃതിയില്‍ മനുഷ്യന്റെ സുഗമമായ സന്ധാരണത്തിനു വേണ്ടതെല്ലാം ഒരുക്കൂട്ടി സ്ഥാപിച്ചിരിക്കുന്നു. അതാണ് ഭൂമിയുടെ സ്വഛമായ സംസ്‌കൃതി. മനുഷ്യന്‍ ഈ ഭൗതിക ലോകത്തെ കൂടുതല്‍ സംസ്‌കരിക്കാനും സ്വയം സംസ്‌കൃതനായി വളര്‍ന്നു വികസിക്കാനുമാണ് ഇതൊക്കെ സംവിധാനിച്ചിരിക്കുന്നത്. ആത്മീയവും ഭൗതികവുമായ സംസ്‌കരണം ഹനിച്ചുകളയുന്ന രൂപത്തില്‍ പ്രകൃതിയെയും പരിസ്ഥിതിയെയും ദുരുപയോഗം ചെയ്യരുതെന്നാണ് പ്രപഞ്ചകര്‍ത്താവും പ്രവാചകന്മാരും അടിക്കടി മനുഷ്യനെ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടൊക്കെയുള്ള ധിക്കാരപരമായ പിന്മാറ്റം സുസ്ഥിരമായ എല്ലാ വിശിഷ്ട മൂല്യങ്ങളില്‍ നിന്നുമുള്ള തിരിഞ്ഞുനടത്തമാണ്. ഭൗതിക വിഭവങ്ങള്‍ അനധികൃതമായി കൈയടക്കാന്‍ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്ന ദുര്യോഗാവസ്ഥയാണ് ഇന്ന് എവിടെയും. യുദ്ധങ്ങളും വംശഹത്യകളും അതിന്റെ പേരില്‍ നിരന്തരം അരങ്ങു വാഴുകയാണ്. മനുഷ്യസംസ്‌കാരവും മൂല്യബോധവും ജീര്‍ണമായിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതിയുടെ മേല്‍ മനുഷ്യന്‍ പരിക്കേല്‍പിക്കുമ്പോള്‍ ഉണ്ടായിത്തീരുന്ന ഗര്‍ത്തത്തില്‍ അവന്‍ തന്നെ ചെന്നു പതിക്കുന്ന ദുരന്ത കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
യുദ്ധത്തിന് സൈന്യങ്ങളെ സജ്ജരാക്കുമ്പോള്‍ പ്രവാചകനും പ്രവാചകന്റെ ഖലീഫമാരും, പരിസ്ഥിതിക്കു പോറലേല്‍ക്കുന്ന കാര്യങ്ങളെ തൊട്ട് കരുതിയിരിക്കണമെന്ന് ഉപദേശിക്കുന്നു. ഒരു പ്രവാചക വചനം ഇങ്ങനെ: 'സ്വയം ഉപദ്രവമില്ല, മറ്റുള്ളവരെ ഉപദ്രവിക്കലുമില്ല.'' അതായത്, ഓരോ വ്യക്തിക്കും തന്റെ ഉടമസ്ഥതയിലുള്ളത് വിനിയോഗിക്കാന്‍ സമ്പൂര്‍ണ സ്വാതന്ത്ര്യമുള്ളതോടൊപ്പം തന്നെ, മറ്റുള്ളവര്‍ക്ക് ദോഷമായിത്തീരുന്ന ചെയ്തികള്‍ വര്‍ജിക്കണമെന്നും ഈ നിയമം അനുശാസിക്കുന്നു. രണ്ടു തിന്മകളില്‍ ഒന്ന് സ്വീകരിക്കല്‍ അനിവാര്യമാകുന്ന സന്ദര്‍ഭത്തില്‍ പോലും താരതമ്യേന ലഘുവായതിനെ തെരഞ്ഞെടുക്കാനാണ് നിയമം നിഷ്‌കര്‍ഷിക്കുന്നത്.

നിലനില്‍പിന്റെ അടിസ്ഥാന മൂലകങ്ങളായ വായു, വെള്ളം, ആഹാരം, മണ്ണ് എന്നിവ കലര്‍പ്പേശാതെ സുരക്ഷിതമായി നിലനിര്‍ത്തുന്നതില്‍ ഇസ് ലാം അങ്ങേയറ്റത്തെ ജാഗ്രതയാണ് കൈക്കൊണ്ടിട്ടുള്ളത്. ഭൂമിയുടെ പുനര്‍നിര്‍മാണം, പുനര്‍ജീവനം, സംസ്‌കരണം എന്നിവ ലാക്കാക്കി നിലം തരിശായി മാറാതിരിക്കാന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാനും കൃഷിയോഗ്യമാക്കി ഉപയുക്തമാക്കാനും ഉപദേശിക്കുന്നുണ്ട്. തരിശു നിലങ്ങള്‍ കൃഷിയോഗ്യമാക്കുന്നവര്‍ പിന്നീട് അതിന്റെ ഉടമസ്ഥരായിത്തീരുമെന്നുപോലും പ്രവാചക വചനമുണ്ട്. വഴിയില്‍നിന്ന് തടസ്സങ്ങള്‍ നീക്കല്‍ വിശ്വാസത്തിന്റെ ഭാഗമാണെന്ന പ്രഖ്യാപനത്തിലൂടെ, പ്രകൃതിയുടെ സൗന്ദര്യത്തെ ബാധിക്കുന്ന നിസ്സാരമായ കാര്യങ്ങള്‍ പോലും ഇസ് ലാം ഗുരുതരമായി കണക്കാക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്.

മനുഷ്യന്റെ അന്ധമായ ചൂഷണ മനഃസ്ഥിതിയുടെ കോടാലിക്കൈകള്‍ പ്രകൃതിയുടെ താളപ്പൊരുത്തത്തിനെതിരെ നീണ്ടുവരുന്നതായി നിത്യേന കണ്ടുകൊണ്ടിരിക്കുന്നു. അതിന്റെ തിക്താനുഭവങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിലൂടെ, അസഹ്യമായ താപത്തിലൂടെ, കാലവര്‍ഷത്തിന്റെ അകാല മൃത്യുവിലൂടെ ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media