ഹജ്ജിന്റെ ആത്മാവ് ഉള്‍ക്കൊണ്ടാണോ മക്കയിലേക്ക് പോകുന്നത്?

ഡോ. യൂസുഫുല്‍ ഖറദാവി
ജൂണ്‍ 2024
ഒരാളുടെ ഹജ്ജ് സ്വീകരിക്കപ്പെട്ടു എന്നതിന്റെ അടയാളമായി അയാളില്‍ ഉണ്ടാകേണ്ട ഒരു അനിവാര്യ ഗുണമുണ്ട്. ഹജ്ജിന് പോയ മനുഷ്യനെക്കാള്‍ നല്ല ഒരു മനുഷ്യനായി ഹജ്ജ് കഴിഞ്ഞ് തിരിച്ചു വരിക എന്നതാണത്.

ഈ അനുഗൃഹീത നാളുകളില്‍ ഭൂമിയുടെ നാനാ ദിക്കുകളില്‍ നിന്ന്, അതിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ നിന്ന്, തെക്കും കിഴക്കും ദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ മക്കയിലെ വിശുദ്ധ ദൈവ ഭവനം ലക്ഷ്യം വെച്ച് യാത്രക്ക് തയ്യാറെടുക്കുകയാണ്. ഇസ്ലാമിന്റെ അതിമഹത്തായ ചിഹ്നങ്ങളിലൊന്നായ ഹജ്ജ് നിര്‍വഹിക്കാന്‍ വേണ്ടിയാണ് ഈ യാത്ര. സാധ്യമാവുമെങ്കില്‍ ഓരോ മുസ്ലിം സ്ത്രീക്കും പുരുഷനും ആയുസ്സിലൊരിക്കല്‍ അത് അനുഷ്ഠിക്കല്‍ നിര്‍ബന്ധമാണെന്ന് പടച്ചതമ്പുരാന്‍ ഉണര്‍ത്തിയിട്ടുള്ളതാണല്ലോ. 'നിസ്സംശയം, മനുഷ്യര്‍ക്കായി നിര്‍മിക്കപ്പെട്ട പ്രഥമ ദേവാലയം മക്കയില്‍ സ്ഥിതി ചെയ്യുന്നത് തന്നെയാകുന്നു. അത് അനുഗൃഹീതവും ലോകര്‍ക്കാകമാനം മാര്‍ഗദര്‍ശന കേന്ദ്രവുമായിട്ടത്രെ നിര്‍മിക്കപ്പെട്ടിട്ടുള്ളത്. അതില്‍ തെളിഞ്ഞ ദൃഷ്ടാന്തങ്ങളുണ്ട്. ഇബ് റാഹീമിന്റെ ആരാധനാ സ്ഥാനവുമുണ്ട്. ആര്‍ അതില്‍ പ്രവേശിച്ചുവോ അവന്‍ നിര്‍ഭയനായി. ആ മന്ദിരത്തിലേക്ക് എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ക്ക്, അവിടെ തീര്‍ഥാടനം ചെയ്യാന്‍ അല്ലാഹുവിനോട് കടമയുണ്ട്. ഇത് നിഷേധിക്കുന്നവനാരോ അവന്‍ മനസ്സിലാക്കിക്കൊള്ളട്ടെ, അല്ലാഹു ലോകരുടെയൊന്നും ആശ്രയം ആവശ്യമില്ലാത്തവനാകുന്നു' (ആലു ഇംറാന്‍ 96-97). ഇതില്‍ ഒടുവിലത്തെ സൂക്തത്തില്‍ 'ഹജ്ജ് ഉപേക്ഷിച്ചാല്‍' എന്ന് പറയേണ്ടിടത്ത്' അതിനെ നിഷേധിച്ചാല്‍ (കഫറ) എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ഹജ്ജ് ചെയ്യാന്‍ എല്ലാ സാഹചര്യവും ഒത്തുവന്നിട്ടും അത് നിര്‍വഹിക്കാത്തവള്‍/ന്‍ നിഷേധി ആയിരിക്കുന്നു എന്നര്‍ഥം. അത്തരം അനര്‍ഥങ്ങള്‍ വന്നു പോവുന്നതില്‍ നിന്ന് അല്ലാഹു നമ്മെ കാക്കട്ടെ.
അല്ലാഹുവിന് നമ്മോടുള്ള കനിവ് എത്രയാണെന്ന് നോക്കണം. ആയുസ്സില്‍ ഒരിക്കല്‍ മാത്രം അനുഷ്ഠിച്ചാല്‍ മതി ഈ പുണ്യകര്‍മം. റസൂല്‍ തന്റെ അനുചരന്‍മാരെ ഇങ്ങനെ ഉപദേശിച്ചു: 'ഹജ്ജ് നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഹജ്ജ് ചെയ്യണം.
അപ്പോള്‍ ഒരാള്‍ ചോദിച്ചു: എല്ലാ കൊല്ലവും ഹജ്ജ് ചെയ്യണോ, റസൂലേ?

റസൂല്‍ ഒന്നും മിണ്ടിയില്ല. ചോദ്യം ചോദിച്ചയാള്‍ അതേ ചോദ്യം തന്നെ രണ്ടും മൂന്നും തവണ ആവര്‍ത്തിച്ചു. ഒടുവില്‍ റസൂല്‍ പറഞ്ഞു: ഞാന്‍ അതെ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കത് നിര്‍ബന്ധമായിത്തീരും. ഓരോ കൊല്ലവും ഹജ്ജ് ചെയ്യാന്‍ നിങ്ങള്‍ക്കൊട്ട് കഴിയുകയുമില്ല.' അതെ, ജീവിതത്തില്‍ ഒരിക്കലേ നിര്‍ബന്ധമുള്ളൂ. അതേസമയം ഇബാദത്തുകളുടെ സത്തയെല്ലാം ഉള്‍ച്ചേര്‍ന്ന ഒരു സമഗ്ര അനുഷ്ഠാനവുമാണത്.

ഇബാദത്തുകള്‍-ആന്തരികവും ബാഹ്യവും

ഇസ്ലാമിലെ ഇബാദത്തുകള്‍ ചിലത് അനുഷ്ഠാന രൂപത്തിലുള്ളവയാണ്; അഥവാ ബാഹ്യമാണ്. അവയവങ്ങള്‍ കൊണ്ട് നിര്‍വഹിക്കുന്നതായതു കൊണ്ട് ജനങ്ങള്‍ക്കത് കാണാം. അവയവ ചലനങ്ങളാല്‍ അനുഷ്ഠിക്കുന്നവര്‍ക്ക് ആ ഇബാദത്തുകള്‍ അനുഭവവേദ്യമായിത്തീരുകയും ചെയ്യുന്നു. മറ്റൊരിനം ഇബാദത്തുകള്‍ ആന്തരിക തലത്തിലുള്ളവയാണ്. ഹൃദയത്തിന്റെ ഇബാദത്തുകള്‍ എന്നു പറയാം. അല്ലാഹുവിനോടുള്ള സ്നേഹം, പ്രവൃത്തികളിലെ ആത്മാര്‍ഥതയും സദുദ്ദേശ്യവും, പശ്ചാത്തപിച്ചു മടങ്ങല്‍,  അല്ലാഹുവില്‍ ഭരമേല്‍പ്പിക്കല്‍, ദൈവകാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിക്കല്‍, ദൈവ കോപത്തെ ഭയപ്പെടല്‍.... ഇതൊക്കെയാണ് ഹൃദയത്തിലെ തഖ്വ. ഇതൊക്കെ നോക്കിയാണ് അല്ലാഹു പ്രതിഫലം നല്‍കുക. 'അല്ലാഹു നിങ്ങളുടെ രൂപങ്ങളിലേക്കല്ല, ഹൃദയങ്ങളിലേക്കാണ് നോക്കുന്നത്' എന്ന് റസൂല്‍ പഠിപ്പിച്ചിട്ടുണ്ടല്ലോ. പ്രത്യക്ഷത്തില്‍ കാണുന്ന ഇബാദത്തുകളില്‍ ചിലത് നാം ശരീരം കൊണ്ട് ചെയ്യുന്നതാണ്. ചിലത് ധനം കൊണ്ട് ചെയ്യുന്നതാണ്. ചിലത് ഉപേക്ഷിച്ചു കൊണ്ടും നമുക്ക് ഇബാദത്തെടുക്കാന്‍ പറ്റും. ഭക്ഷണപാനീയങ്ങളും ലൈംഗിക തൃഷ്ണകളും പകല്‍ നേരത്ത് ഉപേക്ഷിച്ചാലാണല്ലോ നോമ്പെന്ന ഇബാദത്ത് നമുക്ക് അനുഷ്ഠിക്കാന്‍ പറ്റുക.
 

നമസ്‌കാരം, നോമ്പ് പോലുള്ള ഇബാദത്തുകള്‍ അല്‍പ്പം ശാരീരിക പ്രയാസങ്ങള്‍ സഹിച്ചു കൊണ്ടാണ് നാം നിര്‍വഹിക്കുന്നത്. ദാനധര്‍മങ്ങള്‍ നല്‍കി ധനപരമായ ഇബാദത്ത് എടുക്കുമ്പോഴും മനസ്സിനൊരു ' പിടിത്തം' ഉണ്ടാവും. കാരണം, 'പിശുക്ക് മനസ്സുകളില്‍ ഊട്ടപ്പെട്ടതാ'ണല്ലോ. ചില ഇബാദത്തുകളില്‍ ശാരീരികവും ധനപരവുമായ തലങ്ങള്‍ ഒന്നിച്ചു വരും; ഹജ്ജും ജിഹാദും പോലെ. ഹജ്ജെന്ന ഇബാദത്ത് ശാരീരികമാണ്, ധനപരവുമാണ്. ഹജ്ജ് ചെയ്യുമ്പോള്‍ ഒരാളുടെ ശരീരം തെല്ലൊന്നുമല്ല കഷ്ടപ്പെടുന്നത്. ഹജ്ജ് കൃഷിയും പച്ചപ്പുമില്ലാത്ത ആ മക്കാ താഴ്വരയിലേ പാടുള്ളൂ എന്നാണ് അല്ലാഹുവിന്റെ നിശ്ചയം. ലബനാന്‍, സ്വിറ്റ്സര്‍ലന്‍ഡ് പോലുള്ള സുഖവാസ കേന്ദ്രങ്ങളിലല്ല അതിന്റെ ലൊക്കേഷന്‍. പൊരുതിയും പ്രയാസങ്ങള്‍ താണ്ടിയും മാത്രമേ ഹാജിക്ക് കര്‍മങ്ങളുമായി മുന്നോട്ട് പോകാനാവൂ. അലഞ്ഞ് തിരിയുന്ന പരിവ്രാജകനെപ്പോലെയാവും ഓരോ ഹാജിയും. ലളിതവും എന്നാല്‍ പരുക്കനുമായ ജീവിതമേ ഈ നാളുകളില്‍ അവള്‍ക്ക്/അയാള്‍ക്ക് നയിക്കാനാവൂ. അങ്ങോട്ടുമിങ്ങോട്ടും നടത്തം തന്നെ നടത്തം. എത്ര സമ്പന്നരാണെങ്കിലും അരിഷ്ടിച്ച് ജീവിക്കേണ്ടിവരും. ഉറങ്ങുമ്പോള്‍ തലയണയായി ചിലപ്പോള്‍ കൈത്തണ്ട മാത്രമേ ഉണ്ടാവൂ.

ഹജ്ജ്, പണ്ടത്തെയും ഇപ്പോഴത്തെയും

ഹജ്ജ് യാത്ര നമ്മുടെ കാലത്ത് വളരെയേറെ മാറിപ്പോയിട്ടുണ്ട്. ഇപ്പോഴത് മുമ്പത്തെപ്പോലെ പ്രയാസകരമല്ല. ആധുനിക യാത്രാസംവിധാനങ്ങള്‍ അത്രയേറെ പുരോഗമിച്ചു കഴിഞ്ഞു. ഇമാം നസഫി രേഖപ്പെടുത്തിയ ഒരു സംഭവമുണ്ട്: ഒരാള്‍ കഅ്ബ ത്വവാഫ് ചെയ്യുകയാണ്. എന്തോ പ്രത്യേകത തോന്നി മറ്റൊരാള്‍ അയാളോട് ചോദിച്ചു: താങ്കള്‍ ഏത് നാട്ടുകാരനാണ് ? അദ്ദേഹം വളരെ വിദൂരത്തുള്ള ഒരു നാടിന്റെ പേര് പറഞ്ഞു. രണ്ടാമന്‍ വീണ്ടും ചോദിച്ചു: താങ്കള്‍ താങ്കളുടെ നാട്ടില്‍ നിന്ന് എപ്പോഴാണ് പുറപ്പെട്ടത്? ഒന്നാമന്‍: നിങ്ങളെന്റെ തലമുടി കണ്ടില്ലേ? കറുത്ത ഒരു മുടിയെങ്കിലും നിങ്ങള്‍ കാണുന്നുണ്ടോ? രണ്ടാമന്‍: ഇല്ല. ഒന്നാമന്‍: എന്നാല്‍ കേട്ടോളൂ. ഞാന്‍ ഹജ്ജിന് പുറപ്പെടുമ്പോള്‍ എന്റെ തലയില്‍ ഒറ്റ നരച്ച രോമം പോലും ഉണ്ടായിരുന്നില്ല. ഇപ്പോഴോ ഒറ്റ കറുത്ത മുടി പോലും എന്റെ തലയിലില്ല. അതായത്, കുറേ കാലം മുമ്പ് അദ്ദേഹം ഹജ്ജ് ചെയ്യാനായി പുറപ്പെട്ടതാണ്. ആദ്യമെത്തുന്ന നാട്ടില്‍ കുറച്ചുകാലം തങ്ങും. പണിയെടുത്ത് യാത്രാ ചെലവിനുള്ള പണം കണ്ടെത്തും. യാത്ര അടുത്ത നാട്ടിലെത്തിയാല്‍ അവിടെയും കുറച്ച് കാലം തങ്ങി വഴിച്ചെലവിനുള്ള വക കണ്ടെത്തും. ഇങ്ങനെ മുടിയൊക്കെ നരച്ചു കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹത്തിന് ഒടുവില്‍ മക്കയിലെത്താനായത്.

ഇന്ന് ഏത് നാട്ടില്‍ നിന്നും ഹാജിക്ക് മണിക്കൂറുകള്‍ക്കകം വിശുദ്ധ ഭൂമിയിലെത്താം. സാങ്കേതിക മേഖലയിലുണ്ടായ വലിയ പുരോഗതി കാരണം മുമ്പത്തെക്കാളേറെ എത്രയോ എളുപ്പമായിട്ടുണ്ട് ഹജ്ജ്. എങ്കിലും ശാരീരിക ക്ലേശങ്ങള്‍ സഹിക്കാതെ ഇന്നുമത് നിര്‍വഹിക്കാനാവില്ല. കാരണമത് ധനപരമായ ഇബാദത്തായതു പോലെ ശാരീരിക ഇബാദത്തും കൂടിയാണ്.

ഹജ്ജ് ചെയ്യേണ്ടത് കഴിവുള്ളപ്പോള്‍

ഹജ്ജ് ഉടനെ ചെയ്യണോ, അതോ നീട്ടിവെക്കാമോ? പണ്ഡിതന്‍മാര്‍ക്കിടയില്‍ തര്‍ക്കമുള്ള വിഷയമാണ്. നീട്ടിവെക്കരുതെന്ന് പറയുന്നവര്‍ നിരത്തുന്ന ചില ന്യായങ്ങളുണ്ട്. ഹജ്ജ് ചെയ്യാനുള്ള എല്ലാ കഴിവുകളും ഒത്തുവരുന്നു. പക്ഷേ, ആള്‍ ഹജ്ജ് ചെയ്യുന്നില്ല. പിന്നെ ആ കഴിവുകളില്‍ ചിലത് ഇല്ലാതാവുന്നു. അതായത് സമ്പന്നനായിരുന്നു, ഇപ്പോഴിതാ ദരിദ്രനായി. ആരോഗ്യവാനായിരുന്നു, പക്ഷേ, ഇപ്പോള്‍ രോഗം കാരണം അവശനായിരിക്കുന്നു. അല്ലെങ്കില്‍ ആള്‍ തന്നെ മരിച്ചുപോയി. അപ്പോള്‍ ഹജ്ജ് നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം അയാള്‍ക്കില്ലേ? ആയതിനാല്‍, വിശ്വാസി വളരെ ജാഗ്രത പാലിക്കണം. ഹജ്ജ് ചെയ്യാനുള്ള സാഹചര്യം എപ്പോള്‍ ഒത്തുവന്നുവോ അപ്പോള്‍ തന്നെ ചെയ്യണം. റസൂല്‍ പറഞ്ഞിട്ടുണ്ട്: 'നിങ്ങള്‍ ഹജ്ജിലേക്ക് ധൃതിപ്പെടുക. എന്താണ് വരാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയില്ല.'' ആരോഗ്യവാന്‍ രോഗിയാകും, യുവാവ് വൃദ്ധനാകും, ജീവിച്ചിരിക്കുന്നവന്‍ മരിക്കും. അതിനാല്‍ പുണ്യകര്‍മങ്ങളിലേക്ക് മത്സരിച്ചോട്ടം തന്നെയാണ് വേണ്ടത്. ഹജ്ജിനുള്ള കഴിവ് എന്നതു കൊണ്ട് ഉദ്ദേശിച്ചത് രണ്ട് കാര്യങ്ങളാണ്: ഒന്ന്, സാമ്പത്തിക കഴിവ്. രണ്ട്, ശാരീരിക കഴിവ്. അതായത്, വിശുദ്ധ ഭൂമിയില്‍ എത്തിച്ചേരാനുള്ള ഏറ്റവും മിനിമം സാമ്പത്തികച്ചെലവ് വഹിക്കാന്‍ കഴിഞ്ഞാല്‍ മതി. ഒരാള്‍ക്ക് വിമാന മാര്‍ഗം എത്താന്‍ സാമ്പത്തിക ശേഷിയില്ലെങ്കില്‍ അയാള്‍ക്ക് കാറില്‍ വരാന്‍ സൗകര്യപ്പെടുമെങ്കില്‍ അയാള്‍ കാറില്‍ വരണം.
     

ഇന്ന് 'ധൃതിയിലുള്ള ഹജ്ജ്' (അല്‍ ഹജ്ജുസ്സരീഅ്) എന്ന് ധാരാളം കേള്‍ക്കാറുണ്ടല്ലോ. ഹജ്ജിന് യഥാര്‍ഥത്തില്‍ അഞ്ച് ദിവസമേ വേണ്ടൂ. നാല് ദിവസം കൊണ്ടും പൂര്‍ത്തീകരിക്കാം. ദുല്‍ഹജ്ജ് എട്ടിന് (ഈ ദിവസത്തിന് യൗമുത്തര്‍വിയ എന്ന് പേര്) തുടങ്ങിയാല്‍ ഒമ്പതിന് അറഫ, പിന്നെ പെരുന്നാള്‍ ദിനം, പെരുന്നാളിന് ശേഷം രണ്ട് ദിവസം കൂടി. ഈ ദിവസങ്ങളിലെ ചെലവുകളേ യഥാര്‍ഥത്തില്‍ കണക്കാക്കേണ്ടതുള്ളൂ. മദീനയില്‍ പോകലൊന്നും ഹജ്ജിന്റെ ഭാഗമല്ല. ഹജ്ജിന്റെ അനുഷ്ഠാനങ്ങളിലെവിടെയും മദീന വരുന്നില്ല. മദീനാ സന്ദര്‍ശനമൊക്കെ മറ്റൊരു അവസരത്തിലേക്ക് മാറ്റിവെക്കാമല്ലോ. ഹജ്ജ് അനുഷ്ഠാനങ്ങള്‍ക്ക് വരുന്ന ചെലവുകള്‍ മാത്രമേ ഇവിടെ പരിഗണിക്കപ്പെടുകയുള്ളൂ.

നിര്‍വഹണത്തിലെ തടസ്സങ്ങള്‍

ശാരീരികമായും സാമ്പത്തികമായും തടസ്സമില്ലെങ്കില്‍ ഹജ്ജിന് വേണ്ടി ഒരുങ്ങണം. അതേ സമയം ശാരീരിക പ്രയാസങ്ങള്‍ ഉള്ളവര്‍ക്കും ഹജ്ജ് സാധ്യമാണ് എന്നതാണ് വസ്തുത. രോഗം സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലെങ്കില്‍ അയാള്‍ക്കു വേണ്ടി മക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒക്കെ പകരക്കാരായി കര്‍മങ്ങള്‍ ചെയ്യാം. നടക്കാന്‍ പറ്റാത്തവരാണെങ്കില്‍ അവര്‍ക്കു വേണ്ടി സ്വഫാ-മര്‍വയിലും മത്വാഫിലും വീല്‍ ചെയറുകളും പ്രത്യേകം തയ്യാറാക്കപ്പെട്ട വണ്ടികളുമുണ്ട്. ജംറകളില്‍ ഏറ് നടക്കുന്നിടങ്ങളില്‍ തിരക്ക് കാരണം പോകാന്‍ പറ്റാത്തവര്‍ക്ക് പകരക്കാരെ നിശ്ചയിക്കാം. ഇതല്ലാത്ത വേറെയും തടസ്സങ്ങള്‍ ഇന്നുണ്ട്. ചില നാടുകളില്‍ ഓരോ വര്‍ഷവും ഹജ്ജിന് പോകുന്നവരുടെ എണ്ണം ഭരണകൂടം പരിമിതപ്പെടുത്തിയിട്ടുണ്ട്. തിരക്ക് തന്നെ കാരണം. നിശ്ചിത എണ്ണത്തിലധികം ഹാജിമാര്‍ എത്തിയാല്‍ നിയന്ത്രണം സാധ്യമാവാതെ വരും. നാം കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത അപകട വാര്‍ത്തകള്‍ കേള്‍ക്കേണ്ടിവരും. ആയതിനാല്‍ നറുക്കെടുപ്പിലൂടെയാണ് പല നാടുകളിലും ഹാജിമാരെ തെരഞ്ഞെടുക്കുന്നത്. നറുക്കെടുപ്പില്‍ കിട്ടിയില്ല എന്നത് തീര്‍ച്ചയായും ഒരാള്‍ക്ക് ഹജ്ജിന് പോകാതിരിക്കാനുള്ള ഒഴികഴിവാണ്. നറുക്കെടുപ്പില്‍ കിട്ടുന്നത് വരെ ഓരോ വര്‍ഷവും അപേക്ഷിച്ചു കൊണ്ടിരിക്കണം. ഇത്തരം തടസ്സങ്ങള്‍ നീക്കുക വ്യക്തിയുടെ പരിധിയില്‍ പെട്ടതല്ലല്ലോ.

സ്വീകരിക്കപ്പെട്ടു എന്നതിന്റെ അടയാളം

ഒരാളുടെ ഹജ്ജ് സ്വീകരിക്കപ്പെട്ടു എന്നതിന്റെ അടയാളമായി അയാളില്‍ ഉണ്ടാകേണ്ട ഒരു അനിവാര്യ ഗുണമുണ്ട്. ഹജ്ജിന് പോയ മനുഷ്യനെക്കാള്‍ നല്ല ഒരു മനുഷ്യനായി ഹജ്ജ് കഴിഞ്ഞ് തിരിച്ചു വരിക എന്നതാണത്. ചിലയാളുകളുണ്ട്. അവര്‍ ഹജ്ജിന് പോകും. തിരിച്ചു വരും. പക്ഷേ, അവരുടെ ജീവിതത്തില്‍ ഒന്നും മാറിയിട്ടുണ്ടാവില്ല. സ്വഭാവം ഹജ്ജിന് മുമ്പും ശേഷവും ഒരുപോലെ തന്നെ. ചിലര്‍ - പടച്ചവന്‍ കാക്കട്ടെ - ഹജ്ജിന് പോകുമ്പോഴുണ്ടായിരുന്ന സ്വഭാവത്തെക്കാള്‍ മോശം സ്വഭാവവുമായാവും തിരിച്ചെത്തുക. ജനങ്ങളെ ഉപദ്രവിക്കുന്നതിനോ അന്യരുടെ അവകാശങ്ങള്‍ കവരുന്നതിനോ ഒരു മടിയുമുണ്ടാവില്ല.

പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുണ്ട്, ഹജ്ജ് ഇല്ലാതാക്കിക്കളയുമെന്ന് പറയുന്ന പാപങ്ങള്‍ മനുഷ്യനും അവന്റെ രക്ഷിതാവും തമ്മിലുള്ളതാണെന്ന്. തന്റെ സഹജീവിയോട് എന്തെങ്കിലും അതിക്രമം കാണിച്ചിട്ടുണ്ടെങ്കില്‍ ഹജ്ജ് ചെയ്തതു കൊണ്ടൊന്നും അത് നീങ്ങിപ്പോവുകയില്ല. ഏല്‍പ്പിക്കേണ്ടതെല്ലാം അതിന്റെ അവകാശികളെ ഏല്‍പ്പിച്ചാല്‍ മാത്രമേ അവന്‍ കുറ്റവിമുക്തനാവുന്നുള്ളൂ. ഇനിയൊരാള്‍, മുന്‍കാലങ്ങളില്‍ പലരുടെയും അവകാശങ്ങള്‍ തട്ടിയെടുത്തു. പക്ഷേ, ഇപ്പോഴയാള്‍ക്ക് അതൊന്നും തിരിച്ചു നല്‍കാനുള്ള ശേഷിയില്ല. എങ്കില്‍ അയാള്‍ അതിന്റെ പേരില്‍ ഹജ്ജിന് പോകാതിരിക്കരുത്. അല്ലാഹുവിനോട് മാപ്പപേക്ഷിച്ചുകൊണ്ടിരിക്കുക. തീരുമാനം അവന് വിടുക. അന്യരുടെ അവകാശങ്ങള്‍ തട്ടിയെടുത്ത് ശതകോടീശ്വരനായി വിലസുന്നയാള്‍, ഒരു ഹജ്ജ് ചെയ്ത് പാപ്പക്കറ മുഴുവന്‍ കഴുകിക്കളയാമെന്നാണ് വിചാരിക്കുന്നതെങ്കില്‍ അയാളോട് നാം പറയുന്നു: 'നിങ്ങള്‍ ആയിരം തവണ ഹജ്ജോ ഉംറയോ ചെയ്തിട്ട് ഒരു കാര്യവുമില്ല. അനര്‍ഹമായി നേടിയതൊക്കെ തിരിച്ചു കൊടുക്കാതെ നിങ്ങളുടെ അനുഷ്ഠാനങ്ങളൊന്നും സ്വീകരിക്കപ്പെടാന്‍ പോകുന്നില്ല.'

(2001 ജൂലൈ 31-ന് ദോഹയിലെ ഉമറുബ്നുല്‍ ഖത്താബ് പള്ളിയില്‍ ചെയ്ത ജുമുഅ ഖുത്വ് ബ ആദ്യ ഭാഗം)

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media