നമ്മുടെ വായനാപരിസരത്ത് വലിയ തോതില്‍ നേരത്തെ കടന്നു വന്നിട്ടില്ലാത്ത ധാരാളം വിഷയങ്ങളോട് ആശയാടിത്തറകളില്‍നിന്നുകൊണ്ട് കൃത്യതയാര്‍ന്ന നിലപാടുകള്‍ രൂപപ്പെടുത്തേണ്ട അനിവാര്യത ഇസ്ലാമിക സമൂഹത്തിനുണ്ട്. സംവേദനക്ഷമതയുള്ള ആശയങ്ങളും ബൗദ്ധിക ഉള്ളടക്കമുള്ള ഭൂതകാലവും മുതല്‍ക്കൂട്ടായുള്ള ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇതൊന്നും പ്രയാസമുള്ള പണിയല്ല. കാലാനുസൃതമായി വികാസം പ്രാപിച്ചതാണ് ഇസ്ലാമിക കര്‍മശാസ്ത്രം. ഏതൊരു വിഷയവും ഒന്നുകില്‍ ശരി അെല്ലങ്കില്‍ തെറ്റ് എന്ന് ഒറ്റവാക്കില്‍ ഉത്തരം പറയുന്നതിനപ്പുറം എന്തുകൊണ്ട് ശരി എന്തുകൊണ്ട് ശരിയല്ല എന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്.
വിശ്വാസികളാണെന്നതുകൊണ്ട് കേള്‍ക്കുന്നതെല്ലാം വേദവാക്യങ്ങളായി കണ്ട് കണ്ണടച്ച് വിഴുങ്ങുന്ന ഒരു സമൂഹമല്ല മുസ്ലിംകള്. ആധുനിക വ്യവഹാരങ്ങളെക്കുറിച്ച് സംശയങ്ങളുന്നയിക്കുകയും അവയെ വിമര്‍ശനപരമായി അഭിമുഖീകരിക്കുകയും ചെയ്യുന്നവര്‍. ഒരറിവ് എന്നതിനപ്പുറം ഇവയെല്ലാം പ്രാക്ടീസ് ചെയ്യുന്ന സമൂഹങ്ങള്‍ക്കിടയിലാണ് നമ്മള്, പ്രത്യേകിച്ച് യുവതലമുറ ജീവിക്കുന്നത്. ആധുനിക പദാവലികളുടെ പിറവിയും വര്‍ത്തമാന കാലത്ത് ഏതെല്ലാം ഉദ്ദേശ്യങ്ങളില്‍ അവ വ്യവഹരിക്കപ്പെടുന്നുണ്ട് എന്നതും അവയില്‍ തന്നെ നിലനില്‍ക്കുന്ന വീക്ഷണ വൈവിധ്യങ്ങളും നിലപാടു വ്യത്യാസങ്ങളും എന്തൊക്കെയെന്നും നന്നായി മനസ്സിലാക്കിയെങ്കില്‍ മാത്രമേ ഇസ്ലാമിക സമീപനങ്ങള്‍ രൂപപ്പെടുത്തിയെടുക്കാനാവുകയുള്ളൂ. ആധുനിക കാലത്ത് ഇത്തരം വിഷയങ്ങളില്‍ ഗ്രന്ഥരചനയില്‍ ഏര്‍പ്പെടുന്ന ജോലി ദുര്ഗ്രഹമാവുന്നതിന്റെ കാരണങ്ങളിലൊന്ന് ഇതാണ്.
ഒരേസമയം ആധുനിക വ്യവഹാരങ്ങളിലുള്ള സാങ്കേതികവും പ്രായോഗികവുമായ പരിജ്ഞാനവും ഇസ്ലാമികമായ ആഴത്തിലുള്ള അറിവുമുള്ളവര്‍ക്ക് മാത്രം സാധ്യമാവുന്നതാണത്. ആ നിലയില്‍ നടത്തിയ വലിയ ശ്രമമാണ് ടി.കെ.എം ഇഖ്ബാലിന്റെ 'എല്‍.ജി.ബി.ടി.ക്യൂ: ഇസ്ലാമിക സമീപനം' എന്ന ചെറിയ പുസ്തകം എന്ന് പറയുന്നതില്‍ ഏറെ സന്തോഷമുണ്ട്.
ലൈംഗിക സ്വത്വങ്ങളുടെ വര്‍ണരാജി, സെക്സും ജെന്‍ഡറും, ഇസ്ലാമും സ്വവര്‍ഗ ലൈംഗികതയും, സ്ത്രീ പുരുഷ സ്വത്വങ്ങള്‍ ഇസ്ലാമിന്റെ കാഴ്ചപ്പാട്, ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ കാണാപ്പുറങ്ങള്‍, ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍, പടിഞ്ഞാറിന്റെ പ്രതിസന്ധി, എല്‍.ജി.ബി.ടി.ക്യൂ സമീപനത്തിന്റെ പ്രശ്നങ്ങള്‍ എന്നിങ്ങനെ എട്ട് തലക്കെട്ടുകളില്‍, ഗ്രന്ഥത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ എല്‍.ജി.ബി.ടി.ക്യൂവിനെക്കുറിച്ച ഇസ്ലാമിക സമീപനമാരായുന്ന ഒരാള്‍ക്ക് കെട്ടിക്കുടുക്കുകളില്ലാതെ വിഷയം മനസ്സിലാക്കിക്കൊടുക്കുന്നതില്‍ ഗ്രന്ഥകാരനും പുസ്തകവും വിജയിച്ചിട്ടുണ്ട്.
ഒന്നും രണ്ടും അധ്യായങ്ങള്‍ വിഷയത്തെ സംബന്ധിച്ച സാമാന്യ ധാരണ ഏതൊരാള്‍ക്കും ലഭ്യമാവും വിധമാണ് ചിട്ടപ്പെടുത്തിയിട്ടുളളത്. ഒന്നാം അധ്യായം എല്‍.ജി.ബി.ടി.ക്യൂവിന്റെ ആശയ വികാസത്തിന്റെ നാള്‍വഴികളും അതിനെ പ്രമോട്ട് ചെയ്യുന്നവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളും, സമൂഹത്തില്‍ അതുണ്ടാക്കുന്ന സ്വാധീനവും പ്രത്യാഘാതങ്ങളും വിവരിക്കുമ്പോള്‍, രണ്ടാം അധ്യായത്തില്‍ ജെന്‍ഡര്‍, സെക്സ് എന്നീ വ്യവഹാരങ്ങളോടുള്ള വൈവിധ്യമാര്‍ന്ന സമീപനങ്ങളും, അതിനകത്ത് പതിയിരിക്കുന്ന അപകടങ്ങളിലേക്കുള്ള വെളിച്ചം വീശലുമാണുള്ളത്. പുസ്തകത്തിലെ ആകര്‍ഷണീയ ഭാഗവും കൂടിയാണിത്.
മറ്റു ആറ് അധ്യായങ്ങളില്‍ നാല്, അഞ്ച്, ആറ്, എട്ട് അധ്യായങ്ങള്‍ തീര്‍ത്തും ഈ വിഷയ സംബന്ധിയായ പരിപൂര്‍ണമായ ഇസ്ലാമിക സമീപനം മനസ്സിലാക്കിയെടുക്കാനാവുന്നവയാണ്. സ്വവര്‍ഗ ലൈംഗികത, കുടുംബം, സ്ത്രീ- പുരുഷ സമത്വം, വ്യത്യസ്ത ജെന്‍ഡറുകളോടുള്ള സമീപന രീതികള്‍, ഇവയെക്കുറിച്ച പ്രമാണബദ്ധമായ വിശകലനങ്ങള്‍ വായനക്കാര്‍ക്ക് തൃപ്തി നല്കുന്നവയാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി പോലുള്ള ആശയങ്ങള്‍ പുരോഗമനത്തിന്റെ വേഷം കെട്ടിച്ച് പാഠ്യ പദ്ധതിയിലടക്കം ഉള്‍പ്പെടുത്തി വലിയ സംഭവമാണ് നാം ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് മേനി നടിക്കുന്ന അധികാര നിലപാടുകളിലെ പക്വതയില്ലായ്മ ഗ്രന്ഥകാരന് വിശദീകരിക്കുന്നു.
ഇവ നേരത്തെ നടപ്പാക്കപ്പെട്ട ഇടങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധിയും സാമൂഹിക പ്രശ്നങ്ങളും അരാജകത്വവും തുറന്ന് കാട്ടി, ഇത് പുരോഗമനമല്ല പ്രാകൃതത്വമാണ് എന്ന് അടിവരയിടുന്നതാണ് രണ്ട് അധ്യായങ്ങള്‍. ചുരുക്കത്തില്‍, എല്‍.ജി.ബി.ടി.ക്യൂ വിഷയത്തില്‍ ഇസ്ലാമിക സമീപനം തേടുന്നവര്‍ക്കുള്ള കൈ പുസ്തകമാണ് ഈ കൃതി. 99 രൂപ വിലയുള്ള പുസ്തകത്തിന്റെ പ്രസാധകര് ഐ.പി.എച്ച് ബുക്സാണ്.
**********************************************************************
നമ്മുടെ കുട്ടികള്‍ നമ്മുടെ കുടുംബം
-അഷ്റഫ് കാവില്‍
സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബം. കുടുംബത്തിന്റെ കെട്ടുറപ്പും ഭദ്രതയും പരിപോഷിപ്പിക്കാന്‍ ഓരോ വ്യക്തിയും നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നമ്മുടെ മക്കളെ പരിപാലിക്കുകയും വളരാന്‍ സഹായിക്കുകയും ചെയ്യുന്ന കുടുംബത്തെ മറന്നുള്ള ജീവിതം വലിയ ദുരന്തത്തിലേക്കും പരാജയത്തിലേക്കുമായിരിക്കും കൊണ്ടെത്തിക്കുന്നത്.
കുടുംബമാണ് ആദ്യത്തെ വിദ്യാലയം. ഏത് സാഹചര്യത്തിലും കുടുംബം എന്നെ കൈവിടില്ല എന്ന വിശ്വാസമാണ് ഓരോ വ്യക്തിയെയും എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും തളരാതെ പിടിച്ചു നിര്‍ത്തുന്നത്.
നവലോക നിര്‍മിത ബുദ്ധിയെയും ടെക്നോളജിയുടെ പുതിയ സാധ്യതകളെയും പരിചയപ്പെടുത്തുമ്പോള്‍ കുടുംബത്തിന്റെ പുനര്‍നിര്‍മിതി എങ്ങനെ സാധ്യമാകും എന്ന് വിശദീകരിക്കുകയാണ് 'നമ്മുടെ കുട്ടികള്‍ നമ്മുടെ കുടുംബം' എന്ന പുസ്തകത്തിലൂടെ റഹ് മാന്‍ മധുരക്കുഴി.
കവിയും എഴുത്തുകാരനുമായ റഹ്മാന് മധുരക്കുഴിയുടെ ഐ.പി.എച്ച് പ്രസിദ്ധീകരിച്ച പുതിയ പുസ്തകമാണ് 'നമ്മുടെ കുട്ടികള്‍ നമ്മുടെ കുടുംബം.' സമൂഹത്തിന് ഉപകാരപ്രദമായ രീതിയില്‍ നമ്മുടെ കുട്ടികള്‍ വളര്‍ന്നുവരുന്നതിന് സഹായകമായ നിര്‍ദേശങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ചെറിയ കുട്ടികളെപ്പോലും വഴികേടിലാക്കുന്ന ലഹരി പോലുള്ള സാമൂഹിക വിപത്തുകളെക്കുറിച്ച ഉണര്‍ത്തലുകളുമുണ്ട് ഈ കൃതിയില്‍.
ലാളിത്യമാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. മുതിര്‍ന്നവര്‍ക്കും കൗമാരപ്രായക്കാര്‍ക്കും ഒരുപോലെ വായിച്ചു മനസ്സിലാക്കാവുന്ന ഭാഷയായതിനാല്‍ വായന കല്ലുകടിയാകുന്നില്ല. 'വഴിതെറ്റുന്ന കുട്ടികള്‍ക്ക് വഴികാട്ടികളാവുക' എന്ന ലേഖനം കുട്ടികള്‍ക്ക് വിജയപാതയൊരുക്കാന്‍ രക്ഷിതാക്കളോട് ആഹ്വാനം ചെയ്യുന്നു. സ്നേഹ ശൂന്യമായ ഗൃഹാന്തരീക്ഷത്തില്‍നിന്ന് വിമോചിതരാകാന്‍ വീട്ടില്‍നിന്നും ഒളിച്ചോടുന്ന കുട്ടികളെ അത്തരം ചെയ്തികള്‍ക്ക് പ്രേരിപ്പിക്കുന്നതില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്കിനെക്കുറിച്ചുമെല്ലാം ഗ്രന്ഥം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യുന്നു.
കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ഊഷ്മള ബന്ധം നിലനിര്‍ത്തുന്നത് എങ്ങനെ സാധ്യമാകും? യൗവനാരംഭം പ്രശ്നങ്ങളും പ്രതിവിധികളും, പഠനം പാല്‍പ്പായസമാക്കാന്‍, കല്ലെടുക്കുന്ന തുമ്പികള്‍ തുടങ്ങിയ ലേഖനങ്ങള്‍ ചിന്തോദ്ദീപകവും ഏറെ പ്രയോജനപ്രദവുമാണ്.
കുടുംബത്തില്‍ ചര്‍ച്ച ചെയ്യേണ്ടതും പരിഹാരം കണ്ടെത്തേണ്ടതുമായ വിഷയങ്ങള്‍ അവഗണിക്കുന്നത് ഒരു നിലക്കും നല്ലതിനാകില്ലെന്ന് ഈ പുസ്തകം നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്.