ജലസമ്പത്ത് പ്രതിസന്ധി നേരിടുമ്പോള്‍

മജീദ് കുട്ടമ്പൂര്‍
ഏപ്രില്‍ 2024

കാലാവസ്ഥാ മാറ്റത്തിന്റെയും അതുമൂലമുള്ള താപനത്തിന്റെയും മഹാദുരന്തത്തിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്. 2015 മുതല്‍ 2022 വരെയുള്ള എട്ട് വര്‍ഷക്കാലയളവാണ് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷങ്ങളായി രേഖപ്പെടുത്തപ്പെട്ടതെങ്കിലും ഇനി വരാനിരിക്കുന്ന 2023 മുതല്‍ 2027 വരെയുള്ള അഞ്ച് വര്‍ഷക്കാലയളവാണ് ഏറ്റവും ഭയാനകവും, എക്കാലത്തെയും ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ പോകുന്ന കാലയളവും എന്നാണ് ലോക കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്.

നാഗരിക ജീവിതത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധി ജലത്തിന്റെ ദൗര്‍ലഭ്യതയായിരിക്കുമെന്നാണ് സാമൂഹ്യ ശാസ്ത്ര പഠനം. 2030-ഓടുകൂടി ജലത്തിന്റെ ലഭ്യതയും ആവശ്യകതയും തമ്മിലുള്ള അന്തരം 40 ശതമാനമായി ഉയരുമെന്നാണ് കണക്കുകള്‍. നഗരവല്‍ക്കരണം, ജനസംഖ്യ, കാലാവസ്ഥാ മാറ്റം, വനനശീകരണം, വര്‍ധിച്ചുവരുന്ന കാര്‍ഷികാവശ്യങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ ഈ ആവശ്യത്തിന്റെ തോത് ഇനിയും വര്‍ധിക്കും. ലോക ജനസംഖ്യയിലെ പകുതിയോളം പേരും 2025-ഓടുകൂടി തന്നെ ജലദൗര്‍ലഭ്യം നേരിടുമെന്നും 2030-ഓടെ 70 കോടി ജനങ്ങള്‍ കുടിനീര്‍ ലഭ്യമല്ലാത്തതിനാല്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുമെന്നുമാണ് യൂനിസെഫിന്റെ പഠന റിപ്പോര്‍ട്ട്. 2040-ഓടുകൂടി ഇന്ത്യയിലെ 40 ശതമാനം പേര്‍ കുടിവെള്ള ക്ഷാമം നേരിടുമെന്നും ഭാവിയില്‍ വരള്‍ച്ചയും ജലക്ഷാമവും അതിരൂക്ഷമാകുന്ന രാജ്യങ്ങളിലൊന്നായി നമ്മുടെ രാജ്യം മാറുമെന്നും പഠനങ്ങള്‍ പറയുന്നു.

ഈ ഭീഷണി നേരിടാന്‍ ഓരോരുത്തരും ജലം ഫലപ്രദമായി ഉപയോഗിക്കുകയും ഭൂമിയില്‍ പതിക്കുന്ന ഓരോ തുള്ളി ജലവും സംഭരിക്കുകയും ചെയ്യുന്നതിലൂടെയേ അതിജീവനം സാധ്യമാകൂ. എല്ലാ അര്‍ഥത്തിലും ശുദ്ധ ജലത്തിന്റെ ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ, മറുഭാഗത്ത് അതിന്റെ ആവശ്യകത കൂടിക്കൊണ്ടിരിക്കുന്നു. ജനസംഖ്യയുടെ ആറ് മടങ്ങാണ് ജലവിനിയോഗത്തിന്റെ വര്‍ധനവ്.
കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും ആദ്യമേ ചരമഗീതം രചിക്കുന്നത് ജലസ്രോതസ്സുകള്‍ക്കാണ്. സമൃദ്ധമായി വെള്ളത്തില്‍ കളിക്കുകയും കുളിക്കുകയും ജലകേളി നടത്തുകയും ചെയ്ത കേരളീയര്‍ വെള്ളത്തെക്കുറിച്ച് ഏറെ ഭയപ്പെടേണ്ട അവസ്ഥയാണ്. ഒരിറ്റ് ജലത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വരുന്നവരുടെ വാര്‍ത്ത കൗതുകകരമായിരുന്നെങ്കില്‍ ഇന്നത് അനുഭവവേദ്യമാവാന്‍ പോകുന്നു. നിലവിലുള്ള രീതികളുമായി മുന്നോട്ട് പോവുകയാണെങ്കില്‍ 2025-ഓടുകൂടി കേരളം കടുത്ത ജലപ്രതിസന്ധിയിലകപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കപ്പെട്ടതാണ്. ലോകത്തിലെ നൂറോളം നഗരങ്ങള്‍ ഭാവിയില്‍ ജലക്ഷാമം നേരിടുമെന്ന് ലോക ജലഫോറം (WWF) പറയുന്നവയില്‍ കേരളത്തിലെ കോഴിക്കോടും കണ്ണൂരും ഉണ്ടെന്ന് ഓര്‍ക്കേണ്ടതാണ്.

ലോകത്തിലെ ഏത് നാടിനെക്കാളും ഹരിതാഭവും ജലസമൃദ്ധവുമായ നാടായി കേരളം കരുതപ്പെട്ടിരുന്നതിനാലാണ് 1989-ല്‍ പരസ്യ കമ്പനിയുടെ ക്രിയേറ്റീവ് ഡയറക്ടറായ വാള്‍ട്ടര്‍ മെന്‍ഡസ് കേരളത്തെക്കുറിച്ച് 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് പരസ്യവാചകം നല്‍കി വിശേഷിപ്പിച്ചത്. നമ്മുടെ കാലാവസ്ഥയെപ്പോലും നിയന്ത്രിച്ചിരുന്ന ഈ ജലാശയങ്ങളും ഭൂപ്രകൃതിയുമുള്ള സമൃദ്ധമായ ഭൂതകാലമുള്ള മലയാളി വേനലിന് മുമ്പേ പല പ്രദേശങ്ങളിലും കുടിവെള്ളം ലഭിക്കാതെയും ചൂട് അസഹ്യമായും തിളച്ചു മറിയുന്നത്. കുടിവെള്ളവുമായി വരുന്ന ടാങ്കര്‍ ലോറികള്‍ക്ക് മുന്നിലെ ക്യൂവിന്റെ നീളം കൂടുമ്പോള്‍, പെട്ടിക്കടകള്‍ക്ക് മുമ്പില്‍ പോലും കുപ്പിവെള്ളം നിറയുമ്പോള്‍, വറ്റിവരണ്ട കുളങ്ങളും ജലാശയങ്ങളും വിണ്ടുകീറിയ വയലുകളും കാണുമ്പോള്‍ ഒരു നിമിഷം നാമോര്‍ക്കണം, ഇതൊക്കെ നമ്മുടെ തന്നെ ചെയ്തികളുടെ ഫലം കൂടിയാണെന്ന്.

മഴക്കുറവ് മാത്രമല്ല വരള്‍ച്ചയിലേക്കും ജലക്ഷാമത്തിലേക്കും നയിക്കുന്നത്. തണ്ണീര്‍ തടങ്ങളും ചതുപ്പുകളും കുളങ്ങളും വയലുകളുമടങ്ങുന്ന ജലസ്രോതസ്സുകള്‍ ഇല്ലാതാക്കിയതിന്റെ ഫലമായി ആളോഹരി ജലലഭ്യതയില്‍ വന്‍ ഇടിവാണ് കേരളത്തിലുണ്ടായിരിക്കുന്നത്. ജീവിത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും, വികസനത്തിന്റെയും പേരില്‍ ജലസമൃദ്ധമായ ഗ്രാമീണ ആവാസ വ്യവസ്ഥ തകര്‍ക്കപ്പെട്ടതോടുകൂടി ഭൂമിക്കുള്ളിലേക്കും പുറത്തേക്കുമുള്ള നീരൊഴുക്ക് മന്ദീഭവിക്കുകയും ഭൂഗര്‍ഭ ജലവിതാന തോത് നിലനിര്‍ത്താന്‍ കഴിയാതെ വരികയും ചെയ്തു. പ്രകൃതിക്ക് നേരെയുള്ള കൈയേറ്റങ്ങളും ചൂഷണങ്ങളും അനിയന്ത്രിതമായതോടു കൂടിയാണ് കുടിവെള്ള ക്ഷാമത്തിന്റെ കെടുതിയിലേക്ക് നാമെത്തിച്ചേര്‍ന്നത്. എല്ലാ അവസരങ്ങളുണ്ടായിട്ടും ജല പരിപോഷണത്തിന്റെ കാര്യത്തില്‍ കേരളം പിന്നിലാണെന്ന് നീതി ആയോഗിന്റെ ജല ഇന്‍ഡക്സ് റിപ്പോര്‍ട്ടിലും പറയുന്നു. വെള്ളത്തിന് ഭൂമിയില്‍ ആഴ്ന്നിറങ്ങാനും പ്രകൃതി സ്രോതസ്സുകളില്‍ സംഭരിക്കപ്പെടാനുമുള്ള സാധ്യത ഇല്ലാതാക്കിയതാണ് ജലദൗര്‍ലഭ്യത്തിന്റെ മുഖ്യ കാരണം. ഭൂഗര്‍ഭ ജലസംഭരണം പുനഃസ്ഥാപിക്കപ്പെട്ടാല്‍ ജലക്ഷാമത്തിനും വരള്‍ച്ചക്കും വലിയൊരു പരിഹാരമാകും.

എല്ലാ ഖനനങ്ങളെയും പോലെ കുഴല്‍ കിണര്‍ ഖനനവും ഭൂമിക്ക് താങ്ങാവുന്നതിനപ്പുറമാണ്. കുഴല്‍ കിണര്‍ ആഴംകൂട്ടി കുഴിച്ച് ഭൂഗര്‍ഭ ജലം ചൂഷണം ചെയ്യുന്നതിലൂടെ ജലക്ഷാമവും ഊഷരതയും വര്‍ധിക്കുകയാവും ഫലം. ഇതുമൂലം ഭൂഗര്‍ഭ ജലശേഖരം അപകടകരമായി കുറഞ്ഞുവരുന്നു എന്നതു മാത്രമല്ല, ആഴങ്ങളിലെ വെള്ളം ഇങ്ങനെ ഊറ്റിയെടുത്താല്‍ ഭൂമിക്കടിയിലെ ശുദ്ധജല സ്രോതസ്സുകള്‍ ഒരു കാലത്തും പൂര്‍വ സ്ഥിതിയിലാക്കാന്‍ പറ്റാത്തവിധം വറ്റിപ്പോകും. ആഗോള താപനവും കാലാവസ്ഥാ മാറ്റവുമൊക്കെ ലോക വ്യാപകമായ പ്രതിഭാസങ്ങളാണെങ്കിലും അവയെ പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള കേരളത്തിന്റെ പ്രകൃതിപരമായ ശേഷിയെ എല്ലാവരും ചേര്‍ന്ന് ഇക്കാലമത്രയും നശിപ്പിക്കുകയായിരുന്നു.

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ജലസ്രോതസ്സുകളെല്ലാം മാലിന്യങ്ങള്‍ നിറഞ്ഞ് ഉപയോഗശൂന്യമായിരിക്കുന്നു. കൂടുതല്‍ പേര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് കിണറുകളിലടക്കമുള്ള ഭൂഗര്‍ഭ ജലത്തെയാണ്. കിണറുകളിലെ വെള്ളം ബാക്ടീരിയ മൂലമുള്ള മലിനീകരണ ഭീഷണിയും വിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യത്തിന്റെ സാന്നിധ്യവും നേരിടുന്നതായാണ് പഠനങ്ങള്‍. പുഴകളും തോടുകളുമെല്ലാം മലിനമായെന്നു മാത്രമല്ല, സ്വഛമായി ഒഴുകാന്‍ കഴിയാത്ത വിധം നിശ്ചലമാവുകയും ചെയ്തിരിക്കുന്നു.
ജലോപയോഗത്തിന്റെ കാര്യത്തില്‍ എത്രമാത്രം കണിശതയോടെ പെരുമാറണമെന്ന ചിന്ത വ്യാപകമായി ഉയര്‍ത്തിക്കൊണ്ടുവരേണ്ട സമയം കൂടിയാണിത്. ഭൂമുഖത്ത് ജീവന്റെ ഉദ്ഭവത്തിനും വളര്‍ച്ചക്കും നിലനില്‍പിനും അടിസ്ഥാനമായ ജലം, സംസ്‌കാരവും നാഗരികതയും നനച്ചുവളര്‍ത്തിയ ജീവജലം വറ്റിപ്പോകുമ്പോഴും ഇല്ലാതായിക്കൊണ്ടിരിക്കുമ്പോഴും, നാം നമ്മുടെ ജീവിത രീതിയും ജലോപയോഗവും പുനഃക്രമീകരിക്കേണ്ടതുണ്ട്.

ഓരോ വേനലും വരള്‍ച്ചയും ഭീതിദമായ അവസ്ഥയാണുണ്ടാക്കുന്നത്. മണ്ണും ജലവും ജലസ്രോതസ്സുകളും ജൈവ വൈവിധ്യങ്ങളും സംരക്ഷിക്കുക എന്നതു തന്നെയാണ് പ്രധാനം. ലാഭക്കൊതി മാത്രം ലക്ഷ്യംവെച്ചുള്ള മനോഭാവം മാറിയില്ലെങ്കില്‍ വെള്ളം കുടിക്കാതെ മരിക്കാനാവും വിധി. മൂവായിരം വര്‍ഷത്തോളം ലോകത്ത് അജയ്യമായി നിലനിന്നിരുന്ന മായന്‍ സംസ്‌കാരം തകര്‍ന്നടിഞ്ഞതിന് ഏറ്റവും പ്രധാന കാരണം അവര്‍ക്ക് നേരിട്ട മഴക്കുറവും ജലക്ഷാമവുമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
കുറഞ്ഞ ജല ഉപയോഗം ശീലിക്കുകയും ഭൂഗര്‍ഭ ജലവിതാന തോത് ഉയര്‍ത്തുകയുമാണ് ജലക്ഷാമം നേരിടാനുള്ള ഏറ്റവും മികച്ച വഴികളിലൊന്ന്. മഴക്കുഴികളും മറ്റും നിര്‍മിച്ച് ജലം തിരികെ മണ്ണിലിറക്കണം.

 

നാം ചെയ്യേണ്ടത്

വീടുകളില്‍ ടാപ്പ് തുറന്നിട്ട് പാത്രം കഴുകിയാല്‍ എത്രയധികം ജലമാണ് പാഴായിപ്പോവുകയെന്നോര്‍ക്കണം. പല്ലുതേച്ച് തീരുന്നതുവരെ ടാപ്പ് തുറന്നിടുന്നവരുണ്ട്. വുദൂ ചെയ്യുമ്പോഴും കൈകഴുകുമ്പോഴും ശ്രദ്ധിച്ചാല്‍ ധാരാളം വെള്ളം കരുതാനാവും.

ജലക്ഷാമ കാലത്ത് ഷവര്‍ബാത്ത് ഒഴിവാക്കാം. ബക്കറ്റും കപ്പും ഉപയോഗിച്ച് കുളിക്കുകയാണെങ്കില്‍ ധാരാളം വെള്ളം ലാഭിക്കാം. വാഹനങ്ങള്‍ കഴുകുന്നതിനും ഈ രീതി സ്വീകരിക്കുക.

പൂന്തോട്ടങ്ങളും കൃഷിയിടങ്ങളും അതിരാവിലെയോ വൈകിട്ടോ മാത്രം നനക്കുക. തുള്ളിനന, തിരിനന, സ്പ്രിങ്ക്ളര്‍ നന തുടങ്ങിയ മാര്‍ഗങ്ങളും ജലം പാഴായിപ്പോകാതിരിക്കാനുള്ള മാര്‍ഗങ്ങളാണ്.

മഴക്കുഴികള്‍, തടയണകള്‍, മണ്ണിന്റെയും കല്ലിന്റെയും കയ്യാലകള്‍ നിര്‍മിക്കല്‍ തുടങ്ങി നിരവധി മാര്‍ഗങ്ങള്‍ ജല സുസ്ഥിതിക്കായി നമുക്ക് ചെയ്യാനാവും. കരിയിലകള്‍ കത്തിക്കാതെ അവ കൂട്ടിയിടുക.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media