വനിതകള്‍ക്ക് സേവന സംരംഭകത്വ മാതൃകകള്‍

കെ.പി ആഷിക്ക്
ഏപ്രില്‍ 2024

സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനും സേവനം ചെയ്യാനും ആഗ്രഹിക്കുന്ന ഒട്ടേറെ വനിതകള്‍ നമുക്കിടയിലുണ്ട്. സാമൂഹിക സേവകരായും എന്‍.ജി.ഒ ഭാരവാഹികളായും രാഷ്ട്രീയ പ്രവര്‍ത്തകരായും പാലിയേറ്റീവ്, ട്രോമാ കെയര്‍ സംഘടനകളുമായും പ്രവര്‍ത്തിക്കുന്ന, യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ മുഴുവന്‍ സമയവും സമൂഹത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുന്ന ഇത്തരം ആളുകള്‍ക്ക് സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ ജീവിത കര്‍മമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെ സംരംഭകത്വവുമായി കൂട്ടിയിണക്കുകയും സാമൂഹിക സേവനങ്ങള്‍ വളരെ പ്രഫഷണലായി ചെയ്യാന്‍ കഴിയുകയും ചെയ്യുന്ന, എവിടെയും ഏതു രീതിയിലും ഇടപെടാന്‍ കഴിയുന്ന മേഖലയാണ് സാമൂഹിക സംരംഭകത്വ മേഖല. ആധുനിക ലോകത്ത് ഏറ്റവും പ്രാധാന്യമേറിയ മേഖലയാണ് സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് അഥവാ സാമൂഹിക സംരംഭകത്വം. സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാമൂഹിക സംരംഭകത്വത്തിനും സംരംഭകര്‍ക്കും കഴിയുന്നു. ദീര്‍ഘവീക്ഷണവും കാഴ്ചപ്പാടുമുള്ള സാമൂഹിക പ്രവര്‍ത്തകര്‍ കെട്ടിപ്പടുക്കുന്ന സംരംഭങ്ങളിലൂടെ സമൂഹത്തില്‍ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളെ നൂതനമായ പ്രവര്‍ത്തനങ്ങളിലൂടെ പരിഹരിക്കുകയാണ് ചെയ്യുന്നത്. സാമൂഹിക സംരംഭകത്വം ഇന്ന് ലോകത്തിലെ മിക്ക രാജ്യങ്ങളിലും പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

സാമൂഹ്യ- പാരിസ്ഥിതിക പ്രശ്നങ്ങളായ ദാരിദ്ര്യം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ജെന്‍ഡര്‍ ഇക്വാലിറ്റി തുടങ്ങിയവയെ അഡ്രസ്സ് ചെയ്യുന്നു. നൂതനവും വൈവിധ്യവുമാര്‍ന്ന ആശയങ്ങളുപയോഗിച്ച് സ്ഥായിയായി പരിഹരിക്കാവുന്ന മാതൃകകള്‍ സൃഷ്ടിച്ചാല്‍ അത് വലിയ സാമൂഹിക മാറ്റമുണ്ടാക്കും. സാമൂഹിക സംരംഭകത്വത്തിന്റെ പ്രഥമ പരിഗണനയും പ്രാധാന്യവും ഇതിനു തന്നെയാണ്. സാമൂഹിക സംരംഭകത്വത്തിന്റെ മറ്റൊരു പ്രാധാന്യം വിപണിയിലെ വിടവ് നികത്തുക എന്നതാണ്. പരമ്പരാഗത വിപണിയില്‍ ധാരാളം പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുണ്ട്. കൂട്ടായ ശ്രമങ്ങളിലൂടെ പരിഹരിക്കാന്‍ കഴിഞ്ഞാല്‍ ഉല്‍പാദന സേവന മേഖലകളില്‍ വലിയൊരളവോളം സാധാരണക്കാരനും താഴേതട്ടില്‍ ഉള്ളവര്‍ക്കും ഉപകാരപ്രദമായ ഒന്നായി അവ മാറും.

സാധാരണക്കാരന് നിത്യജീവിതത്തില്‍ സഹായകമാകുന്ന ധാരാളം ഉല്‍പന്നങ്ങളും സേവനങ്ങളും ഇന്നും ചെലവേറിയതുകൊണ്ടോ മറ്റു  തടസ്സങ്ങള്‍ കൊണ്ടോ പ്രാപ്യമാകുന്നില്ല. എന്നാല്‍, സാമൂഹിക സംരംഭങ്ങള്‍ നൂതനമായ പ്രവര്‍ത്തനരീതിയിലൂടെയും സാങ്കേതിക സഹായത്തോടെയും ചെയ്യുമ്പോള്‍ ഗ്രാമീണ മേഖലയിലും കോളനികളിലും ദരിദ്ര വിഭാഗങ്ങളിലും നിത്യജീവിതത്തില്‍ ആവശ്യമായ ഉല്‍പന്നങ്ങളും സേവനങ്ങളും ചെറിയ ചെലവില്‍ ലഭ്യമാക്കാന്‍ കഴിയും. ഇത് നാടിന്റെ സുസ്ഥിര വികസനത്തിന് മുതല്‍ക്കൂട്ടാവും.
സാമ്പത്തിക ദൗര്‍ലഭ്യതയാല്‍ ഇന്ത്യയില്‍ ഇപ്പോഴും സാമൂഹിക സംരംഭകത്വം വേണ്ടത്ര പ്രചാരം സിദ്ധിച്ചിട്ടില്ല. മറ്റൊരു പ്രധാനപ്പെട്ട വെല്ലുവിളി സാമൂഹിക സംരംഭകത്വത്തിന്റെ പ്രവര്‍ത്തന കാലയളവില്‍ നേരിടുന്ന പ്രശ്നങ്ങളാണ്. ഒരു കച്ചവടത്തെ പോലെ സാമൂഹിക സംരംഭകത്വത്തെ അളക്കാന്‍ ചിലപ്പോള്‍ കഴിയണമെന്നില്ല. അതിന്റെ ലക്ഷ്യം വിശാലവും സങ്കീര്‍ണവും ആയിരിക്കാം. അതുകൊണ്ടുതന്നെ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ വരുന്ന ഏതൊരു പ്രശ്നങ്ങളും മുന്നോട്ടുള്ള പ്രയാണത്തിന് പലപ്പോഴും തടസ്സമാകും.

നമ്മുടെ രാജ്യത്തിന് സാമൂഹിക സംരംഭകത്വം വലിയ അവസരങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികത്വമാണ് നമ്മുടെ നാട്ടിലുള്ളത്. ഇത്തരം സാങ്കേതിക വളര്‍ച്ച സാമൂഹിക സംരംഭകത്വത്തിന് സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടാന്‍ വലിയ അളവോളം അവസരങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വിവരശേഖരണം, ദുരിതങ്ങള്‍, രോഗങ്ങള്‍, കാലാവസ്ഥാ പ്രശ്നങ്ങള്‍ എന്നിവയൊക്കെ കൃത്യമായി മനസ്സിലാക്കാനും അഭിമുഖീകരിക്കാനും അടയാളപ്പെടുത്താനും അറിയിക്കാനും സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ടുള്ള സാമൂഹിക സംരംഭങ്ങള്‍ക്ക് വലിയ തോതില്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നു. ഡാറ്റ അനലിറ്റിക്സ് സമാന സാങ്കേതികതകളിലും മറ്റും ഊന്നി നില്‍ക്കുന്ന സാമൂഹിക സംരംഭകത്വത്തിന് വലിയ അളവോളം പ്രാധാന്യം ഉണ്ട്. പ്രളയം, കോവിഡ് മഹാമാരി തുടങ്ങിയ അവസരങ്ങളിലൊക്കെ ഇവയുടെ പ്രാധാന്യം നമുക്ക് ഏറെ ബോധ്യപ്പെട്ടതാണ്. ബ്ലോക്ക് ചെയ്ന്‍ ടെക്നോളജി, നിര്‍മിത ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ സാമൂഹിക പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പ്രശ്ന പരിഹാരത്തിനും വലിയ സാധ്യതകള്‍ തുറന്നിടുന്നുണ്ട്.

സാമൂഹിക സംരംഭകത്വത്തിന്റെ മറ്റൊരു വലിയ സാധ്യതയാണ് കൂട്ടായ്മയിലൂടെ അതിന്റെ പ്രവര്‍ത്തനം ഏറെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നു എന്നത്. കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം പാലിയേറ്റീവ് കെയര്‍ മേഖലകള്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. മാലിന്യനിര്‍മാര്‍ജനം, പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക നവീകരണം, ടൂറിസം, ജല സംരക്ഷണം, വനസംരക്ഷണം, വനിതാ സംരംഭകത്വ പരിശീലന പരിപാടികള്‍, ആദിവാസി ഗോത്ര തൊഴില്‍ നൈപുണി പരിശീലന പരിപാടികള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ ഉന്നമന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൊക്കെ വലിയ അവസരങ്ങളാണ് സാമൂഹിക സംരംഭങ്ങള്‍ക്ക് ഉള്ളത്.

സാമൂഹിക സംരംഭകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി ക്കൊണ്ടിരിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സാമൂഹിക സംരംഭകത്വ മേഖലകളില്‍ നവീനമായ മാതൃകകള്‍ സൃഷ്ടിക്കുന്നവര്‍ക്കും സാമൂഹിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവര്‍ക്കും വിവിധ സ്‌കീമുകളിലൂടെ ധാരാളം സാമ്പത്തിക സേവനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. നാഷണല്‍ റൂറല്‍ ലൈവ്ലി ഹുഡ് മിഷന്‍, എം.എസ്.എം.ഇ സ്‌കീമുകള്‍, ഇന്നവേഷന്‍ മിഷന്‍, ക്രൗഡ് ഫണ്ട് സ്‌കീമുകള്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. 2013-ല്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച നിര്‍ബന്ധിത കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക മേഖലകളില്‍ ഇടപെടാനും അവ പരിഹരിക്കാനും ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കാന്‍ വന്‍കിട കോര്‍പ്പറേറ്റുകളെ പ്രേരിപ്പിക്കുന്നു.

ഇങ്ങനെ കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും ധാരാളം സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ സാമൂഹിക സംരംഭകര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നു. ഒരു സമൂഹത്തില്‍ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കി അവയില്‍ നമുക്ക് നടപ്പാക്കാന്‍ കഴിയുന്ന ഒരു പ്രശ്നത്തെ എടുത്തുകൊണ്ട് അത് പരിഹരിക്കാനുള്ള സംരംഭം സൃഷ്ടിച്ചെടുത്ത് അത് വിജയിപ്പിക്കാന്‍ ശ്രമിച്ചാല്‍ തന്നെ സമൂഹത്തില്‍ നിലനില്‍ക്കുന്ന മിക്ക സാമൂഹിക പ്രശ്നങ്ങളെയും ഇല്ലാതാക്കാന്‍ നമുക്ക് കഴിയും. സാമൂഹിക സംരംഭങ്ങളുടെ പ്രസക്തിയും അതു തന്നെയാണ്. ഗവണ്‍മെന്റിന് തനിച്ചോ ഒരു കൂട്ടം സംരംഭകര്‍ക്ക് മാത്രമോ ചെയ്യാവുന്ന പ്രവര്‍ത്തനങ്ങള്‍ അല്ല അത്. സുസ്ഥിര വികസനം സാധ്യമാവണമെങ്കില്‍ നമ്മുടെ പരിസരം അതിനുതകുന്ന രീതിയില്‍ വികസിക്കേണ്ടതുണ്ട്. സാധാരണക്കാരന് ഉപകരിക്കാവുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തേണ്ടതുണ്ട്. ഇതൊക്കെ പ്രൊഫഷണല്‍ ആയും കൂട്ടായും ചെയ്യാന്‍ സാമൂഹിക സംരംഭകത്വം എന്ന മഹത്തായ ആശയം ഇനിയും ഏറെ മുന്നേറേണ്ടതുണ്ട്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media