''ഉപ്പാ, കറങ്ങിത്തിരിഞ്ഞ് വര്‍ഷമൊന്നായല്ലോ.''
ആ വലിയ യാത്രക്കൊരുങ്ങുന്ന ദിവസം രാത്രി ഹഫ്‌സ തന്റെ പിതാവ് ഉമര്‍ ബ്‌നുല്‍ ഖത്ത്വാബിനോട് പറഞ്ഞു: 'മക്ക കാണണമെന്ന പൂതി കുറെ കാലമായി ഞാന്‍ മനസ്സില്‍ കൊണ്ടുനടക്കുന്നു. മക്കയിലെ വീടുകളും തെരുവുകളും കാണാന്‍ എനിക്ക് കൊതിയാവുന്നു. കുട്ടിക്കാലത്തിന്റെ എത്രയെത്ര ഓര്‍മകളാണ് അവിടെ തങ്ങിനില്‍ക്കുന്നത്. ഉപ്പാ, നിങ്ങളുടെ കൂടെ എനിക്കും വരാന്‍ കഴിഞ്ഞിരുന്നെങ്കില്‍. നാളെ റസൂലിന്റെ നേതൃത്വത്തില്‍ രണ്ടായിരം പേര്‍ നമ്മുടെ പ്രിയ മക്കയിലേക്ക് പുറപ്പെടുകയാണല്ലോ. അവിടെയെത്തി അവര്‍ കഅ്ബ ത്വവാഫ് ചെയ്യും. ദൈവ ഭവനത്തിന്റെ ചാരത്ത് വെച്ച് ഒട്ടകത്തെയും ആടിനെയും ബലി നല്‍കും. ലബ്ബൈക്, ലബ്ബൈക് എന്നവര്‍ ഉച്ചത്തില്‍ വിളിക്കും. എന്തൊരു മധുരനിമിഷങ്ങളാവുമത്... എനിക്കും നിങ്ങളോടൊപ്പം വരാന്‍ കഴിഞ്ഞെങ്കില്‍... അല്ലാഹുവും റസൂലും പറഞ്ഞത് തന്നെയാണ് സത്യമായി പുലര്‍ന്നിരിക്കുന്നത്. തല മുണ്ഡനം ചെയ്‌തോ തലമുടി വെട്ടിയോ വളരെ സുരക്ഷിതരായി നിങ്ങള്‍ മസ്ജിദുല്‍ ഹറാമില്‍ കടക്കുക തന്നെ ചെയ്യും എന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരുന്നതാണല്ലോ...''
ഉമറിന്റെ മുഖം സന്തോഷംകൊണ്ട് വിടര്‍ന്നു. അദ്ദേഹം ദൂരേക്ക് അലക്ഷ്യമായി നോക്കി. റസൂലിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളെ താന്‍ പല്ലും നഖവും ഉപയോഗിച്ച് നേരിട്ട കാലം. പ്രബോധക സംഘത്തെ ഇല്ലാതാക്കാന്‍ വാളുയര്‍ത്തിയ കാലം. ആദ്യകാല വിശ്വാസികളെ പീഡിപ്പിക്കാന്‍ താനും മക്കയിലെ പ്രമാണിമാര്‍ക്കൊപ്പം കൂട്ടുചേര്‍ന്നു. അതൊരു കാലം. ഉമറിനത് ഓര്‍ക്കുന്നതേ ഇഷ്ടമല്ല. ജീവിത ഏടുകളില്‍നിന്ന് അതൊക്കെയും മായ്ക്കപ്പെട്ടിരുന്നെങ്കില്‍ എന്ന് എത്ര ആഗ്രഹിച്ചിട്ടുണ്ട്. നില്‍ക്കട്ടെ... അതൊരു ഹ്രസ്വ കാലയളവ് മാത്രമല്ലേ. പിന്നെ ദിവ്യപ്രകാശം തന്റെ ജീവിതത്തിലേക്കും കടന്നുവന്നു. തന്റെ ആത്മാവും ഹൃദയവും പ്രശോഭിതമായി. ആ പരമ സത്യത്തെ വളരെ ബോധ്യത്തോടെയും സത്യസന്ധമായും തനിക്ക് ഉള്‍ക്കൊള്ളാനായി. അന്നുമുതല്‍ ഇന്നുവരെ ദൈവപ്രീതി കാംക്ഷിച്ചല്ലാതെ താന്‍ ഒരു നിമിഷം പോലും ജീവിച്ചിട്ടില്ല. പലായനം ചെയ്തു... യുദ്ധം ചെയ്തു. ജയിച്ചു, തോറ്റു. ഇല്ല, തോറ്റിട്ടില്ല. ചില തിരിച്ചടികള്‍ നേരിട്ടു എന്ന് പറയാം. വലിയ തോതില്‍ ബലിയര്‍പ്പണങ്ങള്‍ വേണ്ടിവന്നു. പക്ഷേ, ആ തിരിച്ചടികളില്‍ വലിയ ജീവിത പാഠങ്ങളുണ്ടായിരുന്നു. ഒരു നിലക്ക് തിരിച്ചടികളും വിജയങ്ങള്‍ തന്നെ. ഇപ്പോഴിതാ, ഹുദൈബിയാസന്ധിയിലെ വ്യവസ്ഥ പ്രകാരം മക്കയിലേക്ക് തിരിക്കുകയാണ്. തുടക്കത്തില്‍ ഈ സന്ധിയോട് തനിക്ക് യോജിപ്പേ ഉണ്ടായിരുന്നില്ല. ശക്തമായി എതിര്‍ത്തിട്ടുമുണ്ട്. പക്ഷേ, ജയിച്ചു. അവിടുന്ന് തന്നിഷ്ട പ്രകാരം ഒന്നും മൊഴിയുന്നില്ലല്ലോ; പറയുന്നതെല്ലാം ദിവ്യബോധനമനുസരിച്ചല്ലേ.
ഉമറിന് വല്ലാത്ത ഉണര്‍വും ആഹ്ലാദവും തോന്നി. വിശുദ്ധമായ ആ പ്രാചീന മന്ദിരം സന്ദര്‍ശിക്കാന്‍ പോവുകയാണ്. അനുഷ്ഠാനങ്ങള്‍ പലതും അവിടെച്ചെന്ന് നിര്‍വഹിക്കാനുണ്ട്. അസത്യത്തിന്റെ കൊടിവാഹകര്‍ മലമുകളിലോ വീട്ടിന്റെ തട്ടിന്‍പുറത്തോ കയറി വെളിച്ചത്തിന്റെ സാര്‍ഥവാഹക സംഘം മുഴക്കുന്ന തക്ബീറുകള്‍ സാകൂതം ശ്രദ്ധിക്കുമായിരിക്കും. എന്തൊക്കെ ബുദ്ധിമുട്ടുകളാണ് വിശ്വാസി സമൂഹത്തിന് ആ അധര്‍മികള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നത്... ഇപ്പോള്‍ അവിടെച്ചെന്ന് തക്ബീറും തല്‍ബിയത്തും തഹ് ലീലും ചൊല്ലുക, എന്തൊരു നിര്‍വൃതിയായിരിക്കും. അല്‍ഹംദു ലില്ലാഹ്! തുരുമ്പ് കയറിയ, അവരുടെ മനസ്സില്‍ ഞങ്ങളുടെ ഈ വരവ് വലിയ ഈറയുണ്ടാക്കും. മക്കയിലെ സാധാരണക്കാര്‍ക്ക് മുന്നില്‍ ആ പ്രമാണിമാര്‍ ചെറുതായിപ്പോവുകയാണല്ലോ. മുഹമ്മദാണ് ജയിച്ചത് എന്ന തോന്നലാണ് എല്ലാവര്‍ക്കുമുണ്ടാവുക. എന്തൊരു മധുരതരമായ ജയം!
ഉമര്‍ മക്കയെ പ്രണയിക്കുന്നു, അവിടത്തെ ജനങ്ങളെയും കെട്ടിടങ്ങളെയും തെരുവുകളെയും സ്‌നേഹിക്കുന്നു, ശരിതന്നെ. പക്ഷേ, ഉമര്‍ എന്തെങ്കിലും തുണ്ട് ഭൂമികയെക്കുറിച്ചല്ല, ആദര്‍ശത്തെക്കുറിച്ചാണ് ചിന്തിക്കുക. ചിന്തയാണ് തന്റെ ലോകം. ഏത് തുണ്ട് ഭൂമിക്കും വിശ്വാസി സമൂഹത്തെ സ്വീകരിക്കുന്ന പാത്രമാവാന്‍ കഴിയും. പീഡിതര്‍ക്ക് അഭയമൊരുക്കി യസ്്‌രിബ് അതിന്റെ കവാടങ്ങള്‍ തുറന്നപ്പോള്‍ അതവരുടെ ദേശമായി. അവര്‍ നെഞ്ചോട് ചേര്‍ത്തുവെക്കുന്ന ഭൂമി. പക്ഷേ, ബൈത്തുല്‍ ഹറാം ഉള്ള മക്കയിലേക്ക് മനസ്സ് തന്നെ കൊളുത്തി വലിക്കുന്നു. അവിടെ മധുരിക്കുന്നതും കയ്പുള്ളതുമായ ഓര്‍മകളുണ്ട്. അത് ജീവിതത്തിലെ ആദ്യനാളുകളായിരുന്നു. മക്ക തനിക്ക് ഭൂതകാലത്തിലെ ദേശവും സമയവുമാണ്. കാലവും ദേശവും സംഗമിക്കുമ്പോള്‍ ആ വികാരം പറഞ്ഞറിയിക്കാന്‍ കഴിയാത്തവിധം സങ്കീര്‍ണമായിത്തീരുന്നു.
മനുഷ്യ ഹൃദയം വല്ലാത്തൊരു മായാജാലം തന്നെ...
''ഉപ്പാ, നിങ്ങള്‍ അവിടെയെത്തിയാല്‍ അവിടത്തുകാര്‍ ചതിക്കില്ലെന്നതിന് എന്താണ് ഉറപ്പ്?''
മകളുടെ വര്‍ത്തമാനം കേട്ടാണ് ഉമര്‍ കാടുകേറിയ ചിന്തകളിൽ നിന്നുണര്‍ന്നത്.
ഉമര്‍ ചിരിച്ചു.
''മോളേ, നമ്മള്‍ തവക്കുല്‍ ചെയ്താണ് പോകുന്നത്. അതിനര്‍ഥം യാതൊരു മുന്നൊരുക്കവും ജാഗ്രതയും ഉണ്ടാകില്ല എന്നല്ല. അല്ലാഹു നമ്മോടൊപ്പമാണ്. അടുത്തെവിടെയെങ്കിലും നമ്മുടെ വാളുകളും ഉണ്ടാവും. ഹറമിന്റെ തൊട്ടപ്പുറത്ത് നമ്മുടെ കുതിരപ്പടയാളികളും ഉണ്ടാകും... പിന്നെ...''
''പിന്നെ?''
''മോളേ, ജനസമ്പര്‍ക്കത്തിലൂടെയും ഗോത്രമുഖ്യരുമായുള്ള ഇടപഴക്കങ്ങളിലൂടെയും നിന്റെ ഉപ്പ നേടിയ അനുഭവപരിചയം....''
''താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്?''
''മക്കയെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. മക്കക്കാര്‍ ഒറ്റ മനസ്സായിരുന്നെങ്കില്‍ ഹുദൈബിയാ സന്ധി ഉണ്ടാവുമായിരുന്നില്ല... എന്റെ മനസ്സില്‍ വിചിത്രമായ ഒരു തോന്നലുണ്ട്. അതായത്, അബൂസുഫ്്‌യാനും മക്കയിലെ മറ്റു പ്രമാണിമാരും മക്കാ നിവാസികളെ ശരിക്കും ഭയപ്പെടുന്നുണ്ട്. ഇത് നമുക്കൊരു ഗ്യാരന്റിയാണ്, ഉറപ്പാണ്.''
''എങ്ങനെ?''
''എനിക്ക് കിട്ടിയ വിവരങ്ങള്‍ ചേര്‍ത്തുവെക്കുമ്പോള്‍ തെളിഞ്ഞു വരുന്നൊരു ചിത്രമുണ്ട്. മക്കക്കാരില്‍ വലിയൊരു വിഭാഗത്തിനും ഇസ് ലാമിനോട് ആഭിമുഖ്യമുണ്ട്. ഒരു യുദ്ധമുണ്ടാവുകയാണെങ്കില്‍ മക്കയില്‍ അബൂസുഫ് യാനെ പിന്തുണക്കുന്നവരെക്കാള്‍ കൂടുതല്‍ നമ്മെ പിന്തുണക്കുന്നവരായിരിക്കും. അതിനാല്‍ അങ്ങോട്ട് പോകുന്ന സംഘം നമ്മുടെ ഭാവിയും ജീവിതവും വെച്ച് പന്താടുകയാണെന്ന് കരുതരുത്. നമുക്ക് കൃത്യമായ പദ്ധതിയും പരിപാടിയുമുണ്ട്. എപ്പോള്‍, എങ്ങനെ നീങ്ങണമെന്ന നിശ്ചയമുണ്ട്. അല്ലാഹു നമുക്കൊപ്പമുണ്ടാവും.''
ഹഫ്‌സ ശരിയെന്ന് തലയാട്ടി. പിന്നെ പറഞ്ഞു:
''ജൂതരുടെ ശക്തി തകര്‍ക്കപ്പെട്ടത് വലിയ ആശ്വാസമാണ്. ഖൈബര്‍ പോരാട്ടത്തിന് മുമ്പ് അവര്‍ നമുക്ക് വലിയ ഭീഷണിയായിരുന്നല്ലോ. ഇപ്പോള്‍ മക്ക ശരിക്കും ഒറ്റപ്പെട്ടിരിക്കുന്നു. നമ്മെ എങ്ങനെ നേരിടുമെന്ന ആശയക്കുഴപ്പത്തിലാണവര്‍.''
ഉമര്‍ കളിയാക്കുംപോലെ ചിരിച്ചു.
''ഖൈബറില്‍ നടന്ന ചിലതിനോട് നിനക്കത്ര പന്തിയില്ല എന്നാണല്ലോ കേട്ടത്...''
"അതെന്താണ്, ഉപ്പാ?''
''റസൂല്‍ ഖൈബര്‍ കഴിഞ്ഞ് വരുമ്പോള്‍ അദ്ദേഹത്തോടൊപ്പം വേറൊരു ഭാര്യയുണ്ട് സ്വഫിയ്യ. റസൂലിന്റെ മറ്റു ഭാര്യമാര്‍ക്ക് സ്വഫിയ്യയോട് അസൂയയാണ് എന്ന് കേള്‍ക്കുന്നല്ലോ.''
ഹഫ്‌സ മുഖം കറുപ്പിച്ചു.
''എനിക്കാരോടും അസൂയയില്ല. ആഇശക്കാണ് സ്വഫിയ്യയെ കണ്ടുകൂടാത്തത്.''
ഉമര്‍ മകള്‍ ഹഫ്‌സയെ തറപ്പിച്ചു നോക്കി.
''നിനക്ക് എന്താണ് തോന്നിയത്?''
''സ്വഫിയ്യ അടിമുടി ജൂതപ്പെണ്ണല്ലേ...''
''പക്ഷേ അവര്‍ ഇസ് ലാം സ്വീകരിച്ചില്ലേ, ആ ഇസ് ലാം സ്വീകരണത്തെക്കുറിച്ച് എന്ത് നല്ല വര്‍ത്തമാനങ്ങളാണ്.''
''ഉപ്പാ, ആ വിഷയം വിടൂ. എനിക്കെന്തോ വല്ലാതെയാകുന്നു. അവരുടെ ഇസ് ലാം സ്വീകരണത്തെക്കുറിച്ചാണ് എല്ലാവരുടെയും സംസാരം. റസൂലിന് വേറെ ഭാര്യമാരൊന്നും ഇല്ല എന്ന് തോന്നും ഇത് കേട്ടാല്‍. സ്വഫിയ്യയുടെ പിതാവ് ഹുയയ്യുബ്‌നു അഖ്ത്വബ്, അവരുടെ ഭര്‍ത്താവ് കിനാനത്തുബ്‌നു റബീഅ്, അവരുടെ ഗോത്രങ്ങളായ ബനൂഖുറൈളയും ബനുന്നളീറും... ഇവരൊക്കെ ഇസ് ലാമിന് ചെയ്ത കൊടിയ ദ്രോഹം എല്ലാവരും മറന്നു.''
ഉമര്‍ വീണ്ടും ചിരിച്ചു.
''ഇതിനൊക്കെ സ്വഫിയ്യ ഒറ്റവാക്കില്‍ മറുപടി പറഞ്ഞിട്ടുണ്ടല്ലോ ഒരാളുടെയും ഭാരം മറ്റൊരാള്‍ വഹിക്കുകയില്ല.''
ഹഫ്‌സയുടെ മനസ്സില്‍ പലതും തികട്ടി വന്നു. ആ വികാരങ്ങള്‍ മറച്ചുവെക്കാന്‍ ഹഫ്‌സ പാട്‌പെടുകയാണ്.
''ചില പെണ്ണുങ്ങളുമുണ്ട്, അവര്‍ സ്വന്തം സൗന്ദര്യത്തിന് പിറകില്‍ ഒളിച്ചിരിക്കും. പുറമേക്ക് നോക്കിയാല്‍ നിഷ്‌കളങ്ക. എന്ത് തേനൂറും വര്‍ത്തമാനങ്ങള്‍. ഉള്ളിലാണെങ്കിലോ കഠിന വിഷം....''
''ഇതിന് തന്നെയാണ് അസൂയ എന്ന് പറയുക.''
''ഈ പെണ്ണിനോട് എനിക്ക് അസൂയ എന്തിന്!''
ഉമര്‍ ഗൗരവത്തിലായി.
''ഉമറിന്റെ മകളേ, നിങ്ങള്‍ റസൂലിന്റെ ഭാര്യമാര്‍ അദ്ദേഹത്തെ നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് വളരെ ക്ലേശപ്പെടുത്തുന്നു. അവിടുന്ന് വഹിക്കുന്ന ചുമതലാഭാരങ്ങളെക്കുറിച്ചൊന്നും നിങ്ങള്‍ക്കൊരു വിചാരവുമില്ല.''
ഹഫ്‌സ കണ്ണീരൊലിപ്പിച്ച് മിണ്ടാതെ നിന്നു. ഉമറും കുറച്ചുനേരം മിണ്ടിയില്ല. പിന്നെ കൂട്ടിച്ചേര്‍ത്തു:
''റസൂല്‍ എന്തൊരു പ്രവൃത്തി ചെയ്യുന്നതും ദുന്‍യാവിലെ ഒന്നും മോഹിച്ചല്ല. അതിന്റെ പിന്നിലൊക്കെ നമുക്ക് പിടികിട്ടാത്ത യുക്തികളുണ്ട്, ഉന്നത ലക്ഷ്യങ്ങളുണ്ട്.''
ഹഫ്‌സ പറഞ്ഞു:
''ഞാനതൊന്നും നിഷേധിച്ചിട്ടില്ലല്ലോ. പക്ഷേ, ഞങ്ങള്‍ സ്ത്രീകളാണെന്ന കാര്യം നിങ്ങള്‍ പലപ്പോഴും മറന്നുപോകുന്നു.''
''പക്ഷേ, നിങ്ങള്‍ സാധാരണ സ്ത്രീകളല്ലല്ലോ; റസൂലിന്റെ ഇണകളാണ്. ഒന്നാലോചിച്ചാല്‍, നിങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ള ദൗത്യം വളരെ വലുതാണ്. കുറച്ച് ദിവസങ്ങളായി നിങ്ങള്‍ റസൂലിനെ വല്ലാതെ പ്രയാസപ്പെടുത്തുകയാണ്. ഇത് കാരണം നമുക്ക് നിര്‍ണായക വിജയങ്ങള്‍ കൈവരുമ്പോഴും റസൂലിന് സ്വസ്ഥത കിട്ടുന്നില്ല. മുഴുവന്‍ മുസ് ലിം സ്ത്രീ സമൂഹത്തിനും മാതൃകയാവേണ്ടവരല്ലേ നിങ്ങള്‍?''
ഹഫ്‌സ തലകുലുക്കി.
''ഉപ്പാ, താങ്കള്‍ പറഞ്ഞതാണ് ശരി.''
(തുടരും)
വിവ: അഷ്‌റഫ് കീഴുപറമ്പ്
വര: നൗഷാദ് വെള്ളലശ്ശേരി