ചരിത്രത്തിന്റെ എല്ലാ ഘട്ടത്തിലും ഹദീസ് വിജ്ഞാനീയങ്ങളില്‍ ശ്രദ്ധ പതിപ്പിച്ച ഒട്ടേറെ വനിതകളെ കണ്ടെത്താനാവും. തിരുമേനിയുടെ കാലത്ത് സ്ത്രീകള്‍ ഹദീസ് വിജ്ഞാനങ്ങള്‍ കരസ്ഥമാക്കുന്നതിനായി മുന്നോട്ടു വന്നിരുന്നു. എത്രയോ സ്വഹാബി വനിതകള്‍ - പ്രവാചകന്റെ പത്‌നിമാരടക്കം - ഹദീസ് പഠിക്കുന്നതിൽ വളരെ ഉത്സുകരായിരുന്നു ; ഹ. ഹഫ്‌സ, ഉമ്മു ഹബീബ, ഉമ്മു സലമ, മൈമൂന, ആഇശ എന്നിവര്‍ പ്രത്യേകിച്ചും. ആഇശ(റ)ക്ക് ഹദീസിൽ ആഴത്തിലുള്ള അറിവ് ഉണ്ടായിരുന്നു. ഹദീസിന്റെ വിശദീകരണങ്ങളും വിശദാംശങ്ങളും അവര്‍ നൽകാറുണ്ടായിരുന്നു. നിരവധി ഹദീസ് നിവേദനങ്ങളിൽ ആഇശ (റ)യുടെ പേര് കാണാം. 2210 ഹദീസുകള്‍ അവരില്‍ നിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിണ്ട്. ഉമ്മുസലമയുടെ റിപ്പോര്‍ട്ടുകള്‍ 378 ആണെന്ന് പറയുന്നു.
ഫാത്തിമ ബിന്‍ത് യമാന്‍ ഒരു മുഹദ്ദിസയാണ്. ഹ. ആബിദ അല്‍ മദീന, ഉബൈദത് ബിന്‍ത് ബുശൈര്‍, ഉമ്മു സഖീഫാ, ഹ. സൈനബ് എന്നിവര്‍ ഹദീസ് ക്ലാസ്സുകള്‍ നടത്തിയിരുന്നു. ഹ. ആബിദ, മുഹദ്ദിസ് ബ്‌നു യസീദിന്റെ അടിമയായിരുന്നു. മദീനയിലെ ഗുരുവര്യരില്‍നിന്ന് അവര്‍ ഏറെ ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. ആബിദ തന്റെ ഗുരുക്കളില്‍നിന്ന് പതിനായിരത്തോളം ഹദീസുകള്‍ രിവായത്ത് ചെയ്തിട്ടുണ്ട്. സൈനബ് ബിന്‍ത് സുലൈമാനും ഒരു വലിയ മുഹദ്ദിസയായിരുന്നു.അവരുടെ ശിഷ്യഗണങ്ങളില്‍ ധാരാളം വനിതകളുണ്ടായിരുന്നു. പുരുഷന്മാര്‍ മറക്ക് പിന്നിലിരുന്നാണ് അവരില്‍നിന്ന് ഹദീസുകള്‍ കേട്ടു പഠിച്ചിരുന്നത്.
സ്വഹാബികളുടെയും താബിഉകളുടെയും കാലത്ത് വനിതകള്‍ ഹദീസ് വിജ്ഞാനങ്ങള്‍ക്ക് ഏറെ സംഭാവനകള്‍ അര്‍പ്പിച്ചു. ഹഫ്‌സ ബിന്‍ത് ഇബ്‌നു സീരീന്‍, ഉമ്മു ദര്‍ദാഅ് സുഗ്‌റാ, ഹംറ ബിന്‍ത് അബ്ദുറഹ്‌മാന്‍ ഇവരെല്ലാം ഈ കാലത്തെ അറിയപ്പെട്ട ഹദീസ് പണ്ഡിതകളാണ്.
ഉമ്മു ദര്‍ദാഇന് ഇയാസ്ബ്‌നു മുആവിയ വൈജ്ഞാനിക കഴിവും ഹദീസ് പരിജ്ഞാനവും പരിഗണിച്ച് വലിയ പദവി നല്‍കിയിരുന്നു. ഉംറ ബിന്‍ത് അബ്ദുറഹ്‌മാന് ഹ. ആഇശയുടെ റിപ്പോര്‍ട്ടുകളുടെ സനദ് ലഭിച്ചിരുന്നു. ഉബൈദ ബിന്‍ത് ബുശൈര്‍, ഉമ്മു അംറ അസ്സഖഫിയ്യാ, സൈനബ്, നഫീസ ബിന്‍ത് ഹസന്‍ ബ്‌നു സിയാദ്, ഖദീജ ബിന്‍ത് ഉമ്മു മുഹമ്മദ് അബൂ അബ്ദ് ബിന്‍ത് അബ്ദുറഹ്‌മാന്‍ തുടങ്ങിയവരുടെ പേരുകള്‍ പ്രശസ്ത ഹദീസ് സമാഹാരങ്ങളിൽ കണ്ടെത്താനാവും. അവരില്‍നിന്ന് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും കാണാം.
ഹിജ്‌റ 4-ാം നൂറ്റാണ്ടില്‍ ഹദീസ് പഠനത്തിൽ പ്രശസ്തരായ നിരവധി വനിതകൾ ഉണ്ടായിരുന്നു. ഫാതിമ ബിന്‍ത് അബ്ദുറഹ്‌മാന്‍, ഉമ്മത്തുല്‍ വഹീദ ഉമ്മുല്‍ ഫത്ഹ്, ഉമ്മത്തുസ്സലാം, ജുമാ ബിന്‍ത് അഹ്‌മദ് തുടങ്ങിയവര്‍ അവരിൽ ചിലരാണ്. ഹിജ്‌റ 5-ാം നൂറ്റാണ്ടിലെ ഹദീസ് പണ്ഡിതകളില്‍ ഫാത്തിമ ബിന്‍ത് അല്‍ ഹസ്സന്‍, കരീമത്തുല്‍ മറുവത്തരിന്‍ ബിന്‍ത് അഹ്‌മദ് എന്നിവര്‍ സഹീഹുല്‍ ബുഖാരിയുടെ സനദ് കരസ്ഥമാക്കിയിരുന്നു. ഇവരില്‍നിന്നാണ് ഖതീബുല്‍ ബഗ്ദാദിയും സ്‌പെയ്‌നിലെ മുഹദ്ദിസായ അല്‍ ഹമീദിയും സഹീഹുല്‍ ബുഖാരി പഠിച്ചത്.
ഫാതിമ ബിന്‍ത് മുഹമ്മദ്, ഹ. ശഹീദ, സിത്തുല്‍ വസീറ എന്നിവര്‍ ആറാം നൂറ്റാണ്ടില്‍ പ്രശസ്തരായ ഹദീസ് പണ്ഡിതകളാണ്. സിത്തുല്‍ വസീറ എന്ന വനിത ബുഖാരി കൂടാതെ മറ്റു ഹദീസ് ഗ്രന്ഥങ്ങളും പഠിപ്പിച്ചിരുന്നു.
അല്‍ ഖൈറു ഫാതിമ ബിന്‍ത് അലി, ഫാതിമ ശീറാസിയ്യ എന്നിവര്‍ സ്വഹീഹ് മുസ്ലിം ക്ലാസ് നടത്തിയിരുന്നു.
ഫാത്തിമ അല്‍ജാസും ഹസ്‌റത്ത് അനീസയും ത്വബ്‌റാനിയുടെ മൂന്ന് മുഅ്ജമുകളും തങ്ങളുടെ സദസ്സുകളില്‍ പഠിപ്പിക്കാറുണ്ടായിരുന്നു.ഡമസ്‌കസിന്റെ ചരിത്രമെഴുത്തുകാരനായ ഇബ്‌നു അസാകിര്‍ പുരുഷന്മാരെ കൂടാതെ 800-ഓളം വനിതകളെയും ഹദീസ് പഠിപ്പിച്ചിരുന്നുവെന്ന് ചരിത്രകൃതികളിൽ കാണാം..
ഒമ്പതാം നൂറ്റാണ്ടിന്റെ പ്രസിദ്ധനായ മുഹദ്ദിസ് അഫീഫുദ്ദീന്‍ ജുനൈദ്, സുനനു ദാറമി ഹദീസ് പഠിച്ചെടുത്തത് ഫാതിമ ബിന്‍ത് അഹ്‌മദ് ഖാസിമിയില്‍ നിന്നാണ്. സൈനബ് ബിന്‍ത് ശഅരിയില്‍നിന്ന് ഹദീസ് പഠിച്ച ശിഷ്യഗണങ്ങളില്‍ പ്രസിദ്ധ ഗ്രന്ഥകാരന്‍ ഇബ്‌നു ഖല്ലികാന്‍ ഉള്‍പ്പെടുന്നു.
ഹിജ്റ എട്ടും ഒമ്പതും നൂറ്റാണ്ടുകളില്‍ ഹദീസ് ശാസ്ത്രത്തില്‍ അവഗാഹമുള്ള വനിതകള്‍ എത്രയോ കടന്നുവന്നിട്ടുണ്ട്. ഇബ്‌നു ഹജര്‍ അല്‍ അസ്ഖലാനി തന്റെ അദ്ദുററുല്‍ കാമിന എന്ന കൃതിയില്‍ എട്ടാം നൂറ്റാണ്ടിൽ ജീവിച്ച ഇത്തരം 160-ഓളം പേരുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്‌നു ഹജര്‍ അല്‍ അസ്ഖലാനി അവരിലെ പല വനിതാ പണ്ഡിതകളുടെയും ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട്. ശിഅബുല്‍ അറബ് പ്രസിദ്ധയായ ഒരു മുഹദ്ദിസയായിരുന്നു. അവര്‍ മുഹദ്ദിസുല്‍ ഇറാഖിയുടെ ഗുരുവായിരുന്നു. ഉമറുബ്‌നു ഫഹ്ദ് മുഅ്ജമുശ്ശുയൂഖില്‍ ഈ കാലഘട്ടത്തിലെ 130-ലധികം മുഹദ്ദിസകളെ അനുസ്മരിച്ചിട്ടുണ്ട്. ഹി. പത്താം നൂറ്റാണ്ടായപ്പോഴേക്കും വനിതാ സാന്നിധ്യം ഈ രംഗത്ത് കുറഞ്ഞു വരുതായാണ് കാണുന്നത്.
മത പാഠശാലകള്‍, മസ്ജിദുകള്‍
മതപഠനം ആഇശ (റ)യുടെ കാലത്തു തന്നെ വ്യവസ്ഥാപിതമായി നടന്നു വന്നിരുന്നു. പിന്നീട് ഈ ശൃംഖല വികസിച്ചു. നാലാം നൂറ്റാണ്ട് വരെ സ്ത്രീകള്‍ തങ്ങളുടെ വീടുകള്‍ തന്നെ മതപാഠശാലാ കേന്ദ്രങ്ങളാക്കി മാറ്റുകയായിരുന്നു. പിന്നീടാണ് മദ്‌റസകള്‍ സ്ഥാപിക്കപ്പെടുന്നത്. സ്ത്രീകള്‍ക്ക് മാത്രമായുള്ള മതപാഠശാലകള്‍ക്കു പുറമെ നേരത്തെ സ്ഥാപിതമായ മതവിദ്യാലയങ്ങളില്‍ താമസിച്ച് ഖുര്‍ആനും ഹദീസും പഠിക്കുന്ന രീതിയും നിലവില്‍ വന്നു.
സ്ത്രീകള്‍ക്കായി ആദ്യ മതപാഠശാല ഹിജ്‌റ 857ല്‍ മൊറോക്കോയിലെ ഫാസില്‍ സ്ഥാപിതമായി. ഫാതിമ ബിന്‍ത് മുഹമ്മദ് ഫിഹ്‌രിയ്യയാണ് ഇത് സ്ഥാപിച്ചത്. ഇന്നും ഈ സ്ഥാപനം ജാമിഅ ഖറവിയ്യീന്‍ എന്ന പേരില്‍ തല ഉയര്‍ത്തിനില്‍ക്കുന്നു. അവരുടെ സഹോദരി മറിയം ഇതേ വര്‍ഷം ഒരു പള്ളി പണികഴിപ്പിച്ചു. അത് പിന്നീട് ജാമിഅ അല്‍ അന്‍ദുലുസ് എന്ന പേരില്‍ പ്രശസ്തമായി. ഈ യൂനിവേഴ്‌സിറ്റി നൂറ്റാണ്ടുകള്‍ പിന്നിട്ട് വൈജ്ഞാനിക മേഖലയില്‍ സേവനങ്ങൾ അർപ്പിച്ചു കൊണ്ടിരിക്കുന്നു. ഡമസ്‌കസിലെ ഉമര്‍ മസ്ജിദിന്റെ കീഴിലെ യൂനിവേഴ്‌സിറ്റിയില്‍ 500-ഓളം വിദ്യാര്‍ഥിനികള്‍ താമസിച്ചു പഠിച്ചിരുന്നു. നഈമ ബിന്‍ത് അലിയും ഉമ്മു അഹ്‌മദ് സൈനബ് ബിന്‍ത് അല്‍ മക്കിയും ചേര്‍ന്ന് മദ്‌റസെ അസീസിയയില്‍ താമസിച്ച് അധ്യാപനം നടത്തിയിരുന്നു. ബീബി മറിയം ഉന്‍ദുലുസിയ നാലാം നൂറ്റാണ്ടില്‍ ഇശ്ബീലിയയില്‍ ഒരു ദര്‍സ് ഗാഹ് സ്ഥാപിക്കുകയുണ്ടായി. അവിടെ വളരെ വിദൂരത്തുനിന്ന് വരെ വിദ്യാര്‍ഥിനികളും പഠിതാക്കളും വിജ്ഞാനം തേടിയെത്തിയിരുന്നു.
ആറാം നൂറ്റാണ്ടില്‍ വിജ്ഞാന മേഖലയില്‍ വിരാജിച്ച സ്ത്രീ രത്‌നമാണ് ഫഖ്‌റുന്നിസാ മശ്ഹിദ. അന്നത്തെ ഭരണാധികാരിയില്‍നിന്ന് അവര്‍ക്ക് വലിയ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. ഈ വരുമാനത്തില്‍നിന്ന് യൂഫ്രട്ടീസിന്റെ തീരത്ത് വിശാലമായ ഒരു മതപാഠശാല അവര്‍ പണികഴിപ്പിച്ചു. ധാരാളം വിദ്യാര്‍ഥിനികള്‍ ഇവിടെ വിദ്യ തേടി എത്തി. അവരുടെ ചെലവുകള്‍ വഹിച്ചിരുന്നതും ഫഖ്‌റുന്നിസ തന്നെയായിരുന്നു. സ്‌പെയിനിലെ ഫാത്തിമ ബിന്‍തു മുഹമ്മദ് സ്വന്തം മദ്‌റസ ഉണ്ടാക്കി അതില്‍ സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പഠനത്തിന് സൗകര്യമൊരുക്കി.
ബീബി സൈനബ് ബിന്‍ത് അബ്ദുറഹ്‌മാന്‍ (ഹിജ്‌റ 215) വൈജ്ഞാനിക മേഖലയില്‍ അറിയപ്പെട്ട വനിതയാണ്. അബ്ബാസി ഖലീഫ അവര്‍ക്ക് അവര്‍ ഉദ്ദേശിച്ചപോലെ രാജ്യത്തിന്റെ ഏത് ഭാഗത്തും പാഠശാലകളും കര്‍മശാസ്ത്ര കേന്ദ്രങ്ങളും നിര്‍മിക്കാനുള്ള അനുവാദം നല്‍കി. സുല്‍ത്താന്‍ സലാഹുദ്ദീന്റെ സഹോദരി ഡമസ്‌കസിലെ ജബല്‍ കാസിയയില്‍ ഒരു വലിയ പാഠശാല നിര്‍മിച്ചു. ആ മദ്‌റസ ഗേള്‍സ് സ്‌കൂള്‍ (മദ്‌റസെ ഖാതൂനിയ്യ) എന്ന പേരില്‍ അറിയപ്പെട്ടു. അതിന്റെ നിത്യനിദാന ചെലവുകള്‍ക്കായി സലാഹുദ്ദീന്‍ അയ്യൂബിയുടെ സഹോദരി വിലപിടിപ്പുള്ള വഖ്ഫുകള്‍ നീക്കിവെച്ചിരുന്നു.
അവലംബം: 'ഖവാതീനെ ഇസ്ലാം കി ഇല്‍മി ഖിദ്മാത്ത്'