ഒരു വര്‍ഷം കൂടി ആയുസ്സിന്റെ പുസ്തകത്തില്‍ നിന്ന് കൊഴിഞ്ഞു പോവുകയാണ്. ഒരുപാട് നേട്ടങ്ങളും കോട്ടങ്ങളും സന്തോഷങ്ങളും പരാജയങ്ങളും പോയ വര്‍ഷത്തില്‍ ഉണ്ടായിട്ടുണ്ട്. പ്രതീക്ഷയുടെയും പ്രത്യാശയുടെയും വര്‍ഷമായിരുന്നു സ്ത്രീകൾക്ക് 2023. മികവിന്റെ ലോകത്ത് കൈയൊപ്പ് ചാര്‍ത്തിയ ധാരാളം സ്ത്രീകള്‍. അതേസമയം സ്ത്രീകളും കുട്ടികളുമാണ് എല്ലാ യുദ്ധങ്ങളുടെയും ദുരിതങ്ങളുടെയും ഇരകള്‍ എന്നതിന് ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള സാക്ഷ്യങ്ങളും നാം കണ്ടു. ഇസ്രായേലീ ക്രൂരതകൾക്കിരകളായി ജയിലിലടക്കപ്പെട്ടും രക്തസാക്ഷികളായും മരിച്ചുവീണ ഫലസ്തീനിലെ സ്ത്രീകളും കുട്ടികളും. ജനിച്ച നാടിനു വേണ്ടി പോരാടുന്ന രാജ്യസ്നേഹികളായ അവരെ അഭിമാനത്തോടൊപ്പം വേദനയോടെയല്ലാതെ ഓര്‍ക്കാനാവില്ല.
ഓരോ വര്‍ഷം കഴിയുന്തോറും സ്ത്രീ മുേന്നറ്റത്തിന്റെയും കാര്യപ്രാപ്തിയുടെയും ജ്വലിക്കുന്ന മാതൃകകൾ ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. നാടിന്റെയും ജനതയുടെയും നല്ല ഭാവിക്കായി സമര പോരാട്ട ഭൂമിയിലിറങ്ങി ചരിത്രത്തിന്റെ ഭാഗമാവുകയാണ് സ്ത്രീകള്‍. രാഷ്ട്രീയ- കലാ- സാഹിത്യ- സാംസ്കാരിക രംഗങ്ങളില്‍ മാത്രമല്ല, തപിക്കുന്ന ഭൂമിയുടെ വിലാപങ്ങള്‍ കേള്‍ക്കുന്ന പാരിസ്ഥിതിക പ്രവര്‍ത്തകയായും, ശരീരബലവും മനക്കരുത്തും വേണ്ട കായിക മേഖലകളിൽ സാന്നിധ്യമറിയിക്കാനും, രാജ്യാതിര്‍ത്തികള്‍ ഭേദിക്കുന്ന അധിനിവേശക്കാരോടും, ജയില്‍ ശിക്ഷയൊരുക്കി കാത്തിരിക്കുന്ന ഭരണകൂടത്തോടും ഭീകര രാഷ്ട്ര നായകരോടും പൊരുതാനും പെണ്ണുണ്ട്. പൊരുതി ജയിക്കാനായില്ലെങ്കിലും തോറ്റു കൊടുക്കാന്‍ തയ്യാറാവാതെ, ചരിത്രം പഠിക്കുന്ന തലമുറക്ക് അഭിമാനമായവരും നമുക്ക് ചുറ്റുമുണ്ട്. അവരില്‍ ചിലരെ വായനക്കാര്‍ക്ക് പരിചയപ്പെടുത്താന്‍ ആരാമം ഒരു പാനലിനെ ചുമതലപ്പെടുത്തിയിരുന്നു; അവരുടെ വിധിനിർണയങ്ങൾ ഈ ലക്കത്തിൽ വായിക്കാം.
സമൂഹം നിര്‍മിച്ച വ്യവസ്ഥിതിയോട് പൊരുതി ജയിക്കാനാവാതെ ജീവന് വെടിഞ്ഞവരാണ് ഷബ്നയും ഷഹാനയും വിസ്മയയും ഉത്രയും.... വിവാഹമൂല്യം നല്‍കിയാണ് പെണ്ണിനെ ജീവിത സഖിയാക്കേണ്ടതെന്ന വേദ പാഠം അത് പഠിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഉറക്കെപ്പറയാനുള്ള ശേഷി ഇരുപത്തൊന്നാം നൂറ്റാണ്ടിലും കൈവന്നിട്ടില്ല. തലമൂത്തവര്ക്കിനിയൊന്നും ഇക്കാര്യത്തില്‍ ചെയ്യാനില്ലെന്ന് അവര്‍ തെളിയിക്കുമ്പോള്‍ സ്ത്രീധനത്തെക്കുറിച്ച ചോദ്യങ്ങളുമായി ആരാമം സമീപിച്ചത് കാമ്പസിലെ കുട്ടികളെയാണ്. അവര്‍ ആശങ്കകളും ആവലാതികളും സ്വപ്നങ്ങളും ആരാമത്തിലൂടെ പറയുകയാണ്.