ആദ്യ കീമോ കഴിഞ്ഞ് പത്തു ദിവസം കഴിഞ്ഞപ്പോള്‍, കിടന്ന തലയണ നിറയെ മുടി, ഒന്ന് തലയില്‍ തൊട്ടപ്പോള്‍ എന്നെ ഇതാ പിടിച്ചോ എന്ന രൂപത്തില്‍ ഒരു കെട്ട് മുടി കൈയില്‍. കീമോ കഴിഞ്ഞാല്‍ മുടി കൊഴിയും എന്നറിവുണ്ടായിരുന്നുവെങ്കിലും രണ്ട് ദിവസം കൊണ്ട് തലയില്‍ അഞ്ചോ പത്തോ മുടിയിഴകള്‍ മാത്രം ബാക്കിയാക്കി കൊഴിഞ്ഞു പോകും എന്ന യാഥാര്‍ഥ്യത്തിന് മുമ്പില്‍ ഒരു നിമിഷം പകച്ചുപോയി. കണ്ണാടിയില്‍ നോക്കിയപ്പോള്‍ എനിക്കപരിചിതമായ എന്റെ രൂപത്തെ അംഗീകരിക്കാന്‍ മനസ്സിന് ഒരു വിമുഖത പോലെ. അവസാനം ഏതായാലും ഇത്രയും പോയി, എന്നാ പിന്നെ ക്ലീന്‍ മൊട്ടയാക്കിക്കളയാം എന്ന് തീരുമാനിച്ചു.
അതിനു ശേഷം 21 ദിവസം കൂടുമ്പോഴുള്ള 9 കീമോ പ്രയോഗം കണ്‍പീലികളിലെ രോമങ്ങള്‍ വരെ കവര്‍ന്നെടുത്തു. ലാസ്റ്റ് കീമോക്ക് ശേഷം രണ്ട് മാസം കഴിഞ്ഞാണ് സ്റ്റം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍. ആ രണ്ട് മാസം കൊണ്ടു തലയില്‍ നിറയെ കുറ്റി രോമങ്ങള്‍ വന്നിരുന്നു. അതെല്ലാം വീട്ടില്‍ നിന്ന് കളഞ്ഞ ശേഷമാണ് ഹോസ്പിറ്റലില്‍ അഡ്മിറ്റായത്. അഞ്ചാം ദിവസം ഹൈ ഡോസ് കീമോ നല്‍കി. അഞ്ചു ദിവസം കൊണ്ടുണ്ടായ അളകക്കുഞ്ഞുങ്ങളെ കുളിച്ചു കഴിഞ്ഞു വെള്ളം തുടച്ചപ്പോള്‍ മുഴുവനായും തോര്‍ത്ത് മുണ്ടിന് കൊടുത്തു. പിന്നെ ഏകദേശം 3 മാസത്തോളം ഒരൊറ്റ മുടി പോലും വന്നില്ല. മരുന്നിന്റെ എഫക്ട് കുറയുന്നതിനനുസരിച്ച് തലയില്‍ മുടിയും വന്നുകൊണ്ടിരുന്നു. നല്ല കട്ടിയില്‍ സായിബാബ സ്റ്റൈല്‍ മുടിയാണ് വന്നത്.
ഇത് മേലോട്ട് പോവുക എന്നല്ലാതെ താഴേക്ക് വരുന്നില്ല എന്ന് കണ്ടപ്പോള്‍ ഒന്ന് സ്ട്രൈറ്റ് ചെയ്തു. പിന്നെ മുടിയെ എങ്ങനെയെല്ലാം പരിപാലിക്കാം എന്ന ഗവേഷണം ആയിരുന്നു.
മുടി സംരക്ഷണത്തിന്റെ ആയിരത്തൊന്ന് പാഠങ്ങള്‍ പഠിപ്പിക്കുന്ന യൂട്യൂബിലേക്കിറങ്ങി. വിവിധ വീഡിയോകള്‍ കണ്ടു. എന്നിട്ട് എന്റെ തൊടിയിലും പറമ്പിലും കിട്ടുന്ന സാധനങ്ങള്‍ ചേര്‍ത്ത് എണ്ണ കാച്ചി. അത് വളരെയധികം ഉപകാരപ്പെട്ടു. ചേരി പോലിരുന്ന മുടിക്ക് നല്ല മിനുസവും വളര്‍ച്ചയും ഉണ്ടായി. താരന്‍ പോയി. മുടി ഇപ്പോള്‍ അത്യാവശ്യം വളര്‍ന്നു.
പല കാരണങ്ങളാല്‍ മുടി കൊഴിയുന്നവര്‍ക്ക് ഉപകാരപ്പെട്ടാലോ എന്ന് കരുതിയാണ് ഇത് കുറിക്കുന്നത്. ഉണ്ടാക്കാന്‍ കുറച്ചു സമയം, നമ്മുടെ മുറ്റത്തും തൊടിയിലും ഒക്കെയുള്ള ഇത്തിരി ഇലകള്‍, കുറച്ചു നെല്ലിക്ക, പിന്നെ വെളിച്ചെണ്ണ- ഇതൊക്കെ മതി.