ഇസ്രായേല്‍ ഭീകരാക്രണത്തിന് ശേഷം പാശ് ചാത്യ ലോകത്ത് മുസ്ലിംകളെക്കുറിച്ച തെറ്റിദ്ധാരണ നീങ്ങുന്നു
സാമൂഹ മാധ്യമങ്ങളിലടക്കം ഫലസ്തീനെപ്പറ്റി ഭീകരക്കണക്ക് മാത്രമേ കാണാവൂ എന്ന് ഇസ്രായേലും അമേരിക്കയും തീരുമാനിച്ചു. ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ ഫലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ പരമാവധി നീക്കം ചെയ്യിച്ചുകൊണ്ടിരുന്നു.
'ടിക്‌ടോകി'നെ സ്വാധീനിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്ന് തോന്നുന്നു. പടിഞ്ഞാറന്‍ നാടുകളിലെ ചെറുപ്പക്കാര്‍ ധാരാളമായി ഉപയോഗിക്കുന്ന വേദിയാണത്. അവര്‍ ഫലസ്തീന്‍ വാര്‍ത്തകള്‍ നോക്കി. ഗസ്സയെപ്പറ്റി അറിയാന്‍ താല്‍പര്യപ്പെട്ടു. ഗസ്സക്കാരെ കുറിച്ചും ഹമാസിനെക്കുറിച്ചും അവരുടെ മതിപ്പ് അറിയുന്തോറും കൂടിവന്നു.
'ഖുര്‍ആന്‍ ബുക് ക്ലബ്' എന്ന ഹാഷ് ടാഗില്‍ ടിക്‌ടോകില്‍ തുടങ്ങിയ അക്കൗണ്ടില്‍ പലരും പല വീഡിയോകള്‍ പോസ്റ്റ് ചെയ്തു. 19 ലക്ഷം പേര്‍ കാണുന്നതാണ് ആ അക്കൗണ്ട്.
ഖുര്‍ആന്‍ കൈയിലെടുത്ത് ഉയര്‍ത്തിക്കാട്ടുന്ന ചിത്രങ്ങള്‍, ഖുര്‍ആന്‍ ആദ്യമായി തപ്പിത്തടഞ്ഞ് വായിക്കുന്ന വീഡിയോകള്‍ എല്ലാം അതിലേക്ക് പ്രവഹിച്ചു. കുറെയാളുകള്‍ ഓണ്‍ലൈനായി ഖുര്‍ആന്‍ പാരായണം ശ്രവിച്ചു. പലരും ജോലിക്കിടെ ഖുര്‍ആന്‍ റെക്കോഡുകള്‍ വെച്ച് കേട്ടു.
ഇസ്ലാമിനെപ്പറ്റി മുമ്പില്ലാത്ത വിധം തല്‍പരരായവരില്‍ ഏറെയും സ്ത്രീകളാണ് (അതും യുവതികള്‍) എന്നത് മറ്റൊരു പ്രത്യേകത. 'ഗാര്‍ഡിയന്‍' പത്രത്തില്‍ അലൈന ദമോ പൗലോസ് ചില ഉദാഹരണങ്ങള്‍ നിരത്തുന്നുണ്ട്.
മേഗന്‍ റൈസ് എന്ന പോപ് ഗായിക ഗസ്സക്കാരുടെ പോരാട്ട വീര്യവും ക്ഷമാശീലവും കണ്ടാണ് ഖുര്‍ആന്‍ പഠിക്കാന്‍ തുടങ്ങിയത്. സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണത്തിനു ശേഷം അമേരിക്കയില്‍ വ്യാപകമായി മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ ആക്രമണങ്ങള്‍ നടന്നു. ഡോ. സില്‍വിയ ചാന്‍മലിക് എന്ന ജപ്പാന്‍കാരി ആ സമയത്ത് അമേരിക്കയിലുണ്ട്. തനിക്ക് നേരിട്ട് പരിചയമുള്ള മുസ്ലിംകളും മാധ്യമങ്ങള്‍ വ്യാപകമായി ചിത്രീകരിക്കുന്ന 'മുസ്്‌ലിം ഭീകര'രും തമ്മിലുള്ള വ്യത്യാസം അവരെ ചിന്തിപ്പിച്ചു. അവര്‍ കൂടുതല്‍ മുസ്ലിംകളുമായി പരിചയപ്പെട്ടു. ഇസ്ലാമിനെപ്പറ്റി സ്വതന്ത്ര അന്വേഷണം നടത്തി. ഒടുവില്‍ സംഭവിച്ചതോ? അവര്‍ ഇസ്ലാം സ്വീകരിച്ചു.
ഇന്ന്, റട്‌ഗേര്‍സ് യൂനിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രഫസറായ ചാന്‍മലിക് ഗവേഷണം നടത്തുന്നത് അമേരിക്കയില്‍ ഇസ്ലാമിന്റെയും ഇസ്ലാം വിരോധത്തിന്റെയും ചരിത്രത്തിലാണ്.
''അസാധാരണമായ മനുഷ്യത്വമാണ് അവര്‍ ഞങ്ങളോട് കാണിച്ചത്'' ദാനിയേല്‍ അലോനി എന്ന വനിത പത്രക്കാരോട് പറഞ്ഞു. അല്‍ ഖസ്സാം ബ്രിഗേഡിനെപ്പറ്റിയാണ് അവരിത് പറഞ്ഞത്. അല്‍ ഖസ്സാം, ഹമാസിന്റെ സൈനിക വിഭാഗമാണ്. അവര്‍ ഒക്ടോബര്‍ 7ന് ഇസ്രായേലീ സംഗീത പരിപാടിയിലേക്ക് കടന്ന് അലോനിയെയും മകള്‍ എമിലിയയെയും മറ്റു പലരെയും ബന്ദികളാക്കി കൊണ്ടുപോയിരുന്നു. ആഴ്ചകളോളം അവരെ രഹസ്യതാവളത്തില്‍ തടവിലാക്കിയ ശേഷം, വെടിനിര്‍ത്തല്‍ സമയത്തെ കരാര്‍ പ്രകാരം വിട്ടയച്ചവരില്‍ അവരും ഉള്‍പ്പെട്ടു.
മോചിതയാക്കപ്പെടുന്നതിന്റെ തലേന്ന് അലോനി അല്‍ ഖസ്സാം ബ്രിഗേഡിന് ഒരു കത്തെഴുതി: ''കഴിഞ്ഞ ആഴ്ചകളില്‍ എനിക്ക് കൂട്ടായിരുന്ന സൈനിക ജനറലുമാരേ, നാളെ നമ്മള്‍ തമ്മില്‍ പിരിയുമെന്നറിയുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് നിങ്ങളോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച്, എന്റെ കുഞ്ഞു മകള്‍ എമിലിയയോട് നിങ്ങള്‍ കാണിച്ച അസാധാരണമായ മനുഷ്യത്വത്തിന്.
''നിങ്ങളവള്‍ക്ക് മാതാപിതാക്കളെപ്പോലെയായിരുന്നു. അവള്‍ കൂടെക്കൂടെ നിങ്ങള്‍ക്കൊപ്പം കളിക്കണമെന്ന് പറയും. അപ്പോഴൊക്കെ നിങ്ങളവളെ വിളിക്കും. നിങ്ങളെല്ലാവരും ഫ്രന്‍ഡ്‌സ് ആണെന്നാണ് അവള്‍ പറയുന്നത്. ഫ്രന്‍ഡ്‌സ് മാത്രമല്ല, ശരിക്കും നല്ല സ്‌നേഹമുള്ളവര്‍ എന്ന്.
''നന്ദി, നന്ദി, വളരെ നന്ദി. അവള്‍ക്കായി നിങ്ങള്‍ നീക്കിവെച്ച മണിക്കൂറുകള്‍ക്ക്. അവളോട് കാണിച്ച ക്ഷമക്ക്. നിങ്ങള്‍ക്ക് ലഭ്യമല്ലാഞ്ഞിട്ടു പോലും അവള്‍ക്ക് പലഹാരങ്ങളും പഴങ്ങളും മറ്റും ധാരാളമായി കൊടുത്തതിന്.
''കുട്ടികള്‍ തടങ്കലിലായിക്കൂടാ എന്നിരുന്നാലും നിങ്ങളും നിങ്ങളെപ്പോലുള്ള മറ്റു നല്ലയാളുകളും കാരണം ഗസ്സയില്‍ എന്റെ മകള്‍ക്ക് ഒരു രാജ്ഞിയായിട്ടാണ് അനുഭവപ്പെട്ടത്. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി തോന്നി എന്ന് അവള്‍ പറയുന്നു. സൗമ്യമായും സ്‌നേഹത്തോടെയും ഇഷ്ടത്തോടെയുമല്ലാതെ നിങ്ങളിലെ നേതാക്കള്‍ മുതല്‍ അണികള്‍ വരെ ഒരാളും അവളോട് പെരുമാറിയിട്ടില്ല.
''എക്കാലവും നിങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ആജീവനാന്തം നിലനില്‍ക്കുന്ന മാനസികാഘാതം പേറിയല്ല അവള്‍ ഇവിടെനിന്ന് പോകുന്നത് എന്നതിന്. ഇവിടെ ഗസ്സയില്‍ നിങ്ങളുടെ കഠിന പ്രയാസങ്ങള്‍ക്കിടയിലും, നിങ്ങള്‍ അനുഭവിക്കുന്ന കടുത്ത നഷ്ടങ്ങള്‍ക്കിടയിലും ഞങ്ങളോട് നിങ്ങള്‍ സ്വീകരിച്ച കരുണാര്‍ദ്രമായ സമീപനം ഞാന്‍ എന്നുമെന്നും ഓര്‍ക്കും.
''ഈ ലോകത്ത് നമുക്ക് നല്ല സുഹൃത്തുക്കളാകാന്‍ കഴിഞ്ഞെങ്കിലെന്ന് ആശിച്ചുപോകുന്നു. നിങ്ങള്‍ക്കെല്ലാം ആരോഗ്യവും സുസ്ഥിതിയും നേരുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങളിലെ മക്കള്‍ക്കും അനേകമനേകം നന്ദി.''
***
മിയ ലെയിംബര്‍ഗ് എന്ന 9 വയസ്സുകാരിയെ ഹമാസുകാര്‍ പിടികൂടി ഗസ്സയിലേക്ക് വാഹനത്തില്‍ കൊണ്ടുപോയി. ഗസ്സയില്‍ വാഹനത്തില്‍നിന്ന് ഇറക്കുമ്പോഴാണ് അവളുടെ കൈയില്‍ ഒരു നായക്കുട്ടിയുണ്ടെന്ന് ഹമാസ് പോരാളികള്‍ അറിയുന്നത്.
അതുവരെ അവളതിനെ ഉടുപ്പിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. എന്തോ കളിപ്പാട്ടമാകുമെന്ന് കരുതി പോരാളിയും ഒന്നും പറഞ്ഞിരുന്നില്ല.
ആദ്യം അനിഷ്ടം പ്രകടിപ്പിച്ചെങ്കിലും പിന്നീട് അവര്‍ അതിന്റെ കൂടി കാവല്‍ക്കാരായി. അതിനാവശ്യമായ തീറ്റയെല്ലാം കൊണ്ടുവന്നു കൊടുത്തു. രണ്ടു മാസത്തിന് ശേഷം വിട്ടയക്കപ്പെട്ടപ്പോഴും മിയയുടെ കൈയില്‍ നായ്ക്കുട്ടിയുണ്ട്.
ശാരീരികമായി ഒരു പ്രയാസവും തോന്നിയില്ലെന്ന് മിയ പറയുന്നു. എങ്കിലും മാനസികമായി നല്ല പ്രയാസത്തിലായിരുന്നു. പ്രത്യേകിച്ച്, അനിശ്ചിതത്വം നിലനിന്നതിനാല്‍.
ഹമാസ് വിട്ടയച്ച ബന്ദികളില്‍ മിക്കവാറും എല്ലാവരും ചിരിച്ചുകൊണ്ടാണ് കാണപ്പെട്ടത്. തങ്ങളെ കൂട്ടിക്കൊണ്ടുവന്ന ഹമാസുകാരോട് അവര്‍ വിടപറയുന്നതും കാണാം. അനിശ്ചിത തടങ്കലില്‍നിന്ന് മോചിതരാകുമ്പോഴുണ്ടാകുന്ന സന്തോഷം സ്വാഭാവികം മാത്രമാണെന്ന് ഈ വീഡിയോകള്‍ പരിശോധിച്ച മനശ്ശാസ്ത്ര വിദഗ്ധന്‍ അല്‍ ജസീറയോട് പറഞ്ഞു.
എന്നാല്‍, ചിലരുടെ കാര്യത്തിലെങ്കിലും ഹമാസിനോടുള്ള നന്ദിയും കടപ്പാടും യഥാര്‍ഥമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളെ ബന്ദികളാക്കിയിരുന്നവരെ കെട്ടിപ്പിടിച്ചും അവര്‍ക്ക് കൈകൊടുത്തും നന്ദി അറിയിക്കുന്നവര്‍ അക്കൂട്ടത്തിലുണ്ട്.
ഒരു കാര്യം പലരും എടുത്തു പറഞ്ഞു: 'തടവുകാരും അവരെ തടവിലാക്കിയവരും ഒരേ ഇടങ്ങളില്‍, ഒരേതരം അനുഭവങ്ങള്‍ നേരിടുകയായിരുന്നു. ബന്ദികളുമായി ഹമാസുകാര്‍ ഭക്ഷണം പങ്കിട്ടു. ചിലപ്പോള്‍ തങ്ങള്‍ കഴിക്കാതെ തന്നെ കുട്ടികളെ കഴിപ്പിച്ചു.'
രണ്ട് ചെറിയ കുട്ടികളുമായിട്ടാണ് ഒരു ഇസ്രായേലി വനിതയെ അല്‍ ഖസ്സാം പോരാളികള്‍ പിടികൂടിയത്. പോരാളികള്‍ അവര്‍ക്ക് ദേഹം ശരിക്കു മറക്കാന്‍ വസ്ത്രം നല്‍കി. വൈകാതെ അവരെ വിട്ടയച്ചപ്പോഴാകട്ടെ രണ്ട് കുട്ടികളില്‍ ഒരാളെ ആ അമ്മ എടുത്തപ്പോള്‍ മറ്റേ കുട്ടിയെ അല്‍ ഖസ്സാം പോരാളി തോളിലിരുത്തി കൊണ്ടുപോവുകയായിരുന്നു.
അവിതല്‍ അലജം എന്ന ഈ ഇസ്രായേലി വനിത പിന്നീട് ചാനലുകളോട് സംസാരിച്ചത് വികാരാധീനയായിട്ടാണ്. 'തട്ടിക്കൊണ്ടുപോയവരായിട്ടല്ല, സംരക്ഷകരായിട്ടാണ് പോരാളികള്‍ പെരുമാറിയത് എന്നവര്‍ പറഞ്ഞു; 'ഹമാസുകാര്‍ ഞങ്ങളെ ആശ്വസിപ്പിച്ചു; കുട്ടികളെ നന്നായി ശ്രദ്ധിച്ചു.'' സുരക്ഷക്കു വേണ്ടിയാവാം, ഹമാസ് അവരെ പല വീടുകളില്‍ മാറി മാറി താമസിപ്പിച്ചതായും അവര്‍ പറഞ്ഞു.
**
പ്രായമായ രണ്ട് ഇസ്രായേലി വനിതകള്‍ ബന്ദികളുടെ കൂട്ടത്തിലുണ്ടായിരുന്നു. ആദ്യമേ അവരെ സ്വമേധയാ വിട്ടയക്കുകയായിരുന്നു ഹമാസ്. അത് മാധ്യമങ്ങളില്‍ നാടകീയമായ വാര്‍ത്തയായാണ് പ്രത്യക്ഷപ്പെട്ടത്.
ഇവരെ മാനുഷിക പരിഗണന വെച്ച് വിട്ടയക്കുമെന്ന് ഹമാസ് പ്രഖ്യാപിക്കുകയായിരുന്നു. അത് വലിയ വാര്‍ത്തയായപ്പോള്‍ ഇസ്രായേല്‍ 'വൃത്തികെട്ട പൊയ്‌വാക്ക്' എന്നു പറഞ്ഞ് അത് തള്ളി.
പിന്നെ ലോകം കണ്ടത്, അവരെ വിട്ടയക്കുന്ന വീഡിയോ ആണ് ഹമാസ് പോസ്റ്റ് ചെയ്തത്. ആ രംഗവും നാടകീയം.
രണ്ട് സ്ത്രീകളും ഹമാസ് പോരാളികളോടുള്ള മതിപ്പ് പ്രകടിപ്പിച്ചു. അതിലെ യോഖ വേദ് ലിഫ്ഷിറ്റ്‌സ് എന്ന 80 കാരി പോരാളികള്‍ക്ക് കൈകൊടുത്ത് 'സലാം' പറഞ്ഞു. പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍ ചോദിച്ചു: 'എന്തിനാണ് അവര്‍ക്ക് കൈകൊടുത്തത്?'
'അവര്‍ ഞങ്ങളോട് നന്നായി പെരുമാറിയതുകൊണ്ട്' എന്ന് മറുപടി.
ഈ വീഡിയോ ഹമാസിനെപ്പറ്റി ജനങ്ങളില്‍ മതിപ്പുണ്ടാക്കുന്നു എന്ന് കണ്ട ഇസ്രായേല്‍ വന്‍ തോതില്‍ പ്രചാരണ പോസ്റ്റുകളിറക്കി. ഹമാസ് സാധാരണക്കാരെ കൂട്ടക്കൊല ചെയ്തു, സ്ത്രീകളെ മാനഭംഗപ്പെടുത്തി, 40 ലേറെ ശിശുക്കളെ കഴുത്തറുത്ത് കൊന്നു... എന്നിങ്ങനെയുള്ള പ്രചാര വേലകള്‍ ശക്തിപ്പെടുത്തി.
എല്ലാം കള്ളമായിരുന്നു. സ്ത്രീകളെ പീഡിപ്പിച്ചതിനോ കുഞ്ഞുങ്ങളെ കൊന്നതിനോ ഒരു തെളിവുമില്ലായിരുന്നു. നേരിട്ടു കണ്ടെന്ന് ആദ്യം പറഞ്ഞവര്‍ പിന്നീട്, മറ്റാരോ പറഞ്ഞു കേട്ടതാണെന്ന് പറഞ്ഞൊഴിഞ്ഞു.
സാധാരണക്കാര്‍ (സിവിലിയന്മാര്‍) കൊല്ലപ്പെട്ടു എന്നത്, പക്ഷേ, സത്യമായിരുന്നു. എന്നാല്‍ അത് ചെയ്തത് ഹമാസാണ് എന്ന ആരോപണം സത്യമായിരുന്നില്ല.
ഇസ്രായേല്‍ സൈന്യം തന്നെയായിരുന്നു ഇസ്രായേലികളുടെ മരണത്തിന് കാരണം. ഇസ്രായേലികളെ ബന്ദികളാക്കിയാല്‍ ഹമാസിന് വിലപേശല്‍ ശേഷി കൂടും. അതിനാല്‍തന്നെ, സ്വന്തം നാട്ടുകാര്‍ കൊല്ലപ്പെടുന്നതാണ് അവരെ തട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കുന്നതിലും ഭേദമെന്നത് ഇസ്രായേലി സൈന്യത്തിന്റെ നയമാണ്. ഹമാസിനെ ചെറുക്കാന്‍ ഇരച്ചെത്തിയ സൈന്യം എല്ലായിടത്തേക്കും ടാങ്ക് ഷെല്ലടക്കം ഉതിര്‍ത്ത് തരിപ്പണമാക്കി. വെടിയേറ്റും തീയില്‍ കത്തിക്കരിഞ്ഞും കുറേ പേര്‍ മരിച്ചു; ഇസ്രായേലി സിവിലിയന്മാര്‍ അടക്കം.
തങ്ങള്‍ സാധാരണക്കാരെ കൊന്നു എന്ന ആരോപണം ഹമാസ് നിഷേധിച്ചപ്പോള്‍ ജനങ്ങള്‍ വിശ്വസിച്ചില്ല. എന്നാല്‍ ഹമാസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട ഒരു വനിത തന്നെ, ഇസ്രായേലി റേഡിയോയില്‍ പ്രക്ഷേപണം ചെയ്ത അഭിമുഖത്തില്‍ അക്കാര്യം സ്ഥിരീകരിച്ചു.
യാസ്മിന്‍ പൊറാത് എന്ന യുവതിയുടെ ആ വെളിപ്പെടുത്തല്‍ റേഡിയോ സൈറ്റില്‍നിന്ന് പിന്നീട് നീക്കം ചെയ്‌തെങ്കിലും പലരും അത് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞിരുന്നു. യാസ്മിന്‍ അതില്‍ പറഞ്ഞു: ''ഹമാസ് സൈനികര്‍ ഞങ്ങളോട് മോശമായി പെരുമാറിയില്ല. വളരെ മനുഷ്യത്വത്തോടെയാണ് അവര്‍ പെരുമാറിയത്. ഞങ്ങളെ അവര്‍ സംരക്ഷിക്കുകയായിരുന്നു. ഇസ്രായേലി പട്ടാളമാണ് തോന്നിയ പോലെ വെടിവെച്ചത്. ഹമാസുകാരുമായുള്ള ഏറ്റുമുട്ടലിനിടയില്‍ ഇസ്രായേലി പട്ടാളക്കാര്‍ തന്നെയാണ് കുറെ ഇസ്രായേലികളെ വധിച്ചത്.''
ഇക്കാര്യം പിന്നീട് മറ്റു പലരും സ്ഥിരീകരിച്ചു, സ്ഥലത്തുണ്ടായിരുന്ന ഒരു ഇസ്രായേലി പട്ടാളക്കാരി അടക്കം. ഇസ്രായേലിലെ ഔദ്യോഗിക അന്വേഷണത്തിലും ഇത്തരം മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മാധ്യമങ്ങള്‍ ഏറെയും ഇസ്രായേലിന്റെ വരുതിയിലാണ്. എന്നിട്ടും വസ്തുതകള്‍ ചിലപ്പോള്‍ ഇങ്ങനെ പുറത്തുവരുന്നു. അനുഭവസ്ഥരുടെ സാക്ഷ്യങ്ങളും.
അമേരിക്കയില്‍ 'ടിക് ടോക്' വഴിയും മറ്റും ഗസ്സയുടെ പോരാട്ട വീര്യവും സഹനശക്തിയും വിശ്വാസ ദാര്‍ഢ്യവും വന്‍തോതില്‍ ജനങ്ങള്‍ അറിയുന്നുണ്ട്. ഇസ്ലാമിനെ പഠിക്കാനും ഖുര്‍ആന്‍ വായിക്കാനും താല്‍പര്യം വര്‍ധിക്കുന്നു.
ബ്രിട്ടനിലെ 'ഡെയിലി മിറര്‍' പത്രം എഴുതി: ''ധാരാളം അമേരിക്കക്കാര്‍ പ്രത്യേകിച്ച് യുവതികള്‍ ഇസ്ലാം സ്വീകരിച്ചുവരുന്നുണ്ട്. ഇതിന് അവരെ പ്രചോദിപ്പിച്ചത് ഗസ്സയും ഹമാസുമാണ്.''
l