അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍

സി.ടി സുഹൈബ്
ജനുവരി 2024
ദുര്‍ബലര്‍ കൊല്ലപ്പെടുന്നു. അവരുടെ പാര്‍പ്പിടങ്ങള്‍ തകര്‍ക്കപ്പെടുന്നു. അസത്യവും അധാര്‍മികതയും അരങ്ങ് തകര്‍ക്കുന്നു. ദൈവിക വാഗ്ദാനങ്ങള്‍ പുലരുകയില്ലേ?

സത്യം വിജയിക്കും. അസത്യം പരാജയപ്പെടും. അടിച്ചമര്‍ത്തപ്പെടുന്നവര്‍ അതിജയിക്കും. അതിക്രമകാരികള്‍ ശിക്ഷിക്കപ്പെടും. മര്‍ദിതന്റെ പ്രാര്‍ഥന സ്വീകരിക്കപ്പെടും. ഏറെ പ്രതീക്ഷ നല്‍കുന്ന അല്ലാഹുവിന്റെയും റസൂലിന്റെയും വാഗ്ദാനങ്ങളാണിവ. എന്നാല്‍, അതിക്രമകാരികള്‍ക്കെതിരെ ലോകത്ത് എത്രയെത്ര പ്രാര്‍ഥനകള്‍ നടക്കുന്നു. എന്നിട്ടും ദുര്‍ബലര്‍ കൊല്ലപ്പെടുന്നു. അവരുടെ പാര്‍പ്പിടങ്ങള്‍ തകര്‍ക്കപ്പെടുന്നു. അസത്യവും അധാര്‍മികതയും അരങ്ങ് തകര്‍ക്കുന്നു. 'അല്ലാഹു എന്താ ഇതിലിടപെടാത്തത്, അവന്റെ വാഗ്ദാനമെന്താണ് പുലര്‍ന്നുകാണാത്തത്?' ചിലരെങ്കിലും പങ്കുവെക്കുന്ന ചോദ്യമാണിത്. ഇവിടെയാണ് ദൈവിക വചനങ്ങളെയും അവന്റെ നടപടിക്രമങ്ങളെയും മനസ്സിലാക്കേണ്ടത്.
   സുന്നത്തുല്ലാഹ് എന്നാണ് അല്ലാഹുവിന്റെ നടപടിക്രമത്തിന് ഖുര്‍ആന്‍ പ്രയോഗിച്ച വാക്ക്. മുമ്പ് കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച അതേ നടപടിക്രമം തന്നെ. അല്ലാഹുവിന്റെ നടപടിക്രമത്തിന് യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല' (33:62). പ്രത്യക്ഷത്തില്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങളെ മുന്‍നിര്‍ത്തി നമ്മളൊരു തീര്‍പ്പിലെത്തരുത്. പ്രത്യക്ഷത്തില്‍ അസത്യവും അധര്‍മവുമൊക്കെ വിജയിച്ചതായും ശക്തിയാര്‍ജിക്കുന്നതായും കണ്ട് ബാത്വില്‍ പരാജയപ്പെടുമെന്ന് അല്ലാഹു പറഞ്ഞിട്ട് ഇതെന്താ ഇങ്ങനെ എന്ന് അസ്വസ്ഥപ്പെടരുത്. അല്ലാഹുവിന്റെ വാഗ്ദാനം പുലരുമെന്ന് നമ്മള്‍ ഉറച്ച് വിശ്വസിക്കുമ്പോഴും അത് നമ്മള്‍ പ്രതീക്ഷിക്കുന്ന രൂപത്തിലും സമയത്തും ആവണമെന്നില്ല. മറിച്ച്, അല്ലാഹുവിന് അവന്റേതായ ചില കണക്കുകളുണ്ട്. അതനുസരിച്ചാണ് കാര്യങ്ങളൊക്കെ നടക്കുന്നത്.
 പ്രാര്‍ഥിച്ചാല്‍ ഞാന്‍ ഉത്തരം നല്‍കുമെന്ന് അല്ലാഹു പറയുന്നുണ്ട്. എന്നാല്‍, നമ്മുടെ എല്ലാ പ്രാര്‍ഥനകള്‍ക്കും നമ്മളുദ്ദേശിച്ച ഫലം കണ്ടെന്ന് വരില്ല. അതിനര്‍ഥം അത് അല്ലാഹു ഉത്തരം നല്‍കിയില്ല എന്നല്ല. പ്രസ്തുത പ്രാര്‍ഥന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അല്ലാഹുവിന് ചില നിശ്ചയങ്ങളുണ്ട്. അതിനനുസരിച്ച ഉത്തരമാണതിന് ലഭിക്കുക. റസൂല്‍ (സ) പറഞ്ഞു: 'ഒരു വിശ്വാസി തെറ്റായ കാര്യത്തിനോ കുടുംബബന്ധം മുറിക്കുന്ന കാര്യത്തിനോ അല്ലാതെ പ്രാര്‍ഥന നടത്തുമ്പോള്‍ മൂന്ന് രൂപങ്ങളില്‍ അതിനുത്തരം നല്‍കും. ഒന്നുകില്‍ പ്രാര്‍ഥിച്ച കാര്യം വേഗത്തില്‍ നല്‍കും. അല്ലെങ്കില്‍ പരലോകത്തേക്ക് സൂക്ഷിച്ചുവെക്കും. അതുമല്ലെങ്കില്‍ മറ്റൊരു ദോഷത്തെ അതു മുഖേന തടുക്കും.'
അതിനാല്‍ പ്രാര്‍ഥിച്ച കാര്യം ലഭിക്കുന്നില്ലെന്ന് കരുതി പ്രാര്‍ഥന നിര്‍ത്തുകയോ നിരാശരാവുകയോ ചെയ്യരുത്. ഓരോ പ്രാര്‍ഥനയും നന്മയാണ്. നമ്മള്‍ പ്രാര്‍ഥിച്ച കാര്യം അതുപോലെ നടന്നില്ലെങ്കിലും നമ്മള്‍ അറിയാത്തതും പ്രതീക്ഷിക്കാത്തതുമായ ചില നേട്ടങ്ങള്‍ നമുക്കതുമുഖേന ലഭിക്കും. അല്ലെങ്കില്‍ നമ്മളറിയാത്ത ചില ദോഷങ്ങളെ തടുക്കാന്‍ ആ പ്രാര്‍ഥന സഹായിക്കും.
നന്മ ചെയ്യുന്നവര്‍ക്ക് നന്മയില്‍ മുന്നേറാനുള്ള സാഹചര്യമൊരുക്കുക എന്നതും തിന്മകളില്‍ അഭിരമിക്കുന്നവര്‍ക്ക് ആ വഴി സുന്ദരമായി തോന്നിപ്പിക്കുക എന്നതും മറ്റൊരു നടപടിക്രമമാണ്. അനീതിയും അക്രമവും പ്രവര്‍ത്തിക്കുന്നവരെ അവരുടെ അക്രമത്തിന്റെ വഴിയില്‍ ചിലപ്പോള്‍ അല്ലാഹു അങ്ങനെ വിട്ടയക്കും. അവര്‍ എത്രമാത്രം അക്രമത്തില്‍ മുന്നോട്ട് പോകുമെന്ന് അവര്‍ക്ക് തന്നെ ബോധ്യപ്പെടാന്‍.
അക്രമികളെയും തിന്മകള്‍ ചെയ്യുന്നവരെയും അപ്പപ്പോള്‍ പിടികൂടുകയെന്നത് അല്ലാഹുവിന്റെ നടപടിയില്‍ പെട്ടതല്ല. ഇത്രയേറെ കുഞ്ഞുങ്ങളെയും സ്ത്രീകളെയുമൊക്കെ കൊന്നു തള്ളുമ്പോഴും എന്താണ് അതിന് നേതൃത്വം നല്‍കുന്നവരെ അല്ലാഹു പിടികൂടാത്തത് എന്ന് ചിലപ്പോള്‍ നമ്മള്‍ ആലോചിച്ചേക്കാം. അങ്ങനെ പിടികൂടാതിരിക്കുന്നതിനെ കുറിച്ച് അല്ലാഹു പറയുന്നത്, അതിലൊരു കാരുണ്യത്തിന്റെ ഘടകമുണ്ടെന്നാണ്. ആരാണ് തെറ്റുകള്‍ മനസ്സിലാക്കി തിരുത്തി മുന്നോട്ട് പോകാന്‍ തയാറുള്ളതെന്ന് നോക്കാനാണ് സമയമനുവദിക്കുന്നത്. 'നിന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണയുള്ളവനുമാകുന്നു. അവന്‍ അവരുടെ ചെയ്തികള്‍ക്ക് അപ്പപ്പോള്‍ ശിക്ഷിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഉടനെ തന്നെ ശിക്ഷ അയക്കുമായിരുന്നു. പക്ഷേ, അവര്‍ക്ക് നിര്‍ണിതമായൊരു വാഗ്ദത്ത സമയമുണ്ട്' (18:58).
തെറ്റുകള്‍ ചെയ്യുന്നവരെ അപ്പപ്പോള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയാല്‍ ഭൂമിയില്‍ ആരാണ് ബാക്കിയുണ്ടാവുക എന്നൊരു ചോദ്യം കൂടി ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്.
'അല്ലാഹു മനുഷ്യരെ അവരുടെ അക്രമം മൂലം (ഉടനടി) പിടികൂടിയിരുന്നെങ്കില്‍ ഭൂമുഖത്ത് യാതൊരു ജീവിയെയും അവന്‍ വിട്ടേക്കുമായിരുന്നില്ല. എന്നാല്‍, നിര്‍ണിതമായ ഒരു അവധി വരെ അവന്‍ അവര്‍ക്ക് സമയം നീട്ടിക്കൊടുക്കുകയാണ് ചെയ്യുന്നത്.' (16:61).
അതേസമയം അക്രമങ്ങളിലും അനീതികളിലും വിളയാടിക്കൊണ്ടിരിക്കുന്നവര്‍ തങ്ങളെ ഒരു ദോഷവും ബാധിക്കുന്നില്ലെന്ന് കണ്ട് നിഗളിക്കുകയോ ഞങ്ങളെ ദൈവം പ്രത്യേകം പരിഗണിക്കുകയാണെന്നോ കരുതേണ്ടതില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നത് കാണാം.
'സത്യനിഷേധികള്‍ക്ക് നാം സമയം നീട്ടിക്കൊടുക്കുന്നത് അവര്‍ക്ക് ഗുണകരമാണെന്ന് അവര്‍ ഒരിക്കലും വിചാരിച്ചു പോകരുത്. അവരുടെ പാപം കൂടിക്കൊണ്ടിരിക്കാന്‍ വേണ്ടി മാത്രമാണിവര്‍ക്ക് സമയം നീട്ടിക്കൊടുക്കുന്നത്. അപമാനകരമായ ശിക്ഷയാണ് അവര്‍ക്കുള്ളത്.' (3:178)
അതേസമയം അക്രമികളുടെ അഴിഞ്ഞാട്ടങ്ങള്‍ക്കും അനീതികള്‍ക്കും അറുതിയുണ്ടാവില്ലെന്നും അക്രമികളുടെ ചെയ്തികള്‍ക്ക് കഠിനമായ ശിക്ഷകള്‍ ലഭിക്കില്ലെന്നും വിചാരിക്കേണ്ടതില്ലെന്നും അല്ലാഹു എല്ലാം കണക്കാക്കി വെച്ചിട്ടുണ്ടെന്നും മര്‍ദിത പക്ഷത്തിന് ആശ്വാസം നല്‍കുന്ന വര്‍ത്തമാനങ്ങള്‍ ഖുര്‍ആന്‍ പറയുന്നുണ്ട്.
'അക്രമികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്. കണ്ണുകള്‍ തള്ളിപ്പോകുന്ന (ഭയാനകമായ) ഒരു ദിവസം വരെ അവര്‍ക്ക് സമയം നീട്ടിക്കൊടുക്കുക മാത്രമാണ് ചെയ്യുന്നത്.' (14:42)
ചില കാര്യങ്ങള്‍ മനുഷ്യ ചരിത്രത്തിലിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അതില്‍ വിശ്വാസികള്‍ക്ക് പരാജയങ്ങളും നഷ്ടങ്ങളുമുണ്ടായേക്കാം. പക്ഷേ,  അതിലൊരിക്കലും നിരാശപ്പെടരുതെന്നും അവന്റെ നടപടിക്രമങ്ങളും തീരുമാനങ്ങളുമനുസരിച്ചാണ് ചരിത്രം മുന്നോട്ട് പോകുന്നതെന്നും പ്രത്യേകം പഠിപ്പിക്കുന്നുണ്ട് ഖുര്‍ആന്‍.
'നിങ്ങള്‍ക്കിപ്പോള്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ (മുമ്പ്) അക്കൂട്ടര്‍ക്കും അതുപോലെ പറ്റിയിട്ടുണ്ട്. മനുഷ്യര്‍ക്കിടയില്‍ നാം താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന വിജയപരാജയങ്ങളുടെ നാളുകളത്രെ അത്. നിങ്ങളില്‍ സത്യത്തില്‍ വിശ്വസിച്ചവരാരെന്ന് അല്ലാഹുവിന് തിരിച്ചറിയാനും നിങ്ങളില്‍നിന്ന് രക്തസാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കാനും കൂടിയാണത്' (3:140).
സൂറത്തുല്‍ കഹ്ഫില്‍ മൂസാ നബി(അ) ഖിദ് റ്(അ)മുമായി നടത്തുന്ന ഒരു യാത്രയെക്കുറിച്ച് പറയുന്നുണ്ട്. അതില്‍ ഖിദ് റ് ചെയ്യുന്ന കാര്യങ്ങളെല്ലാം തെറ്റാണെന്നും ചെയ്യാന്‍ പാടില്ലാത്തതാണെന്നും പറഞ്ഞ് മൂസാ(അ) വിമര്‍ശിക്കുന്നുണ്ട്. ഒടുവില്‍ പ്രത്യക്ഷത്തില്‍ കണ്ടതിനപ്പുറം യാഥാര്‍ഥ്യങ്ങളുടെ മറനീക്കി കാര്യങ്ങള്‍ വെളിപ്പെട്ടപ്പോള്‍ ഖിദ് റ്(അ) ചെയ്തതാണ് ശരിയെന്ന് മൂസാ നബി(അ)ക്ക് ബോധ്യപ്പെടുകയാണ്. ഈ സംഭവം വിവരിക്കുന്ന സൂക്തങ്ങള്‍ അവതരിക്കുന്നത് മക്കയില്‍ വിശ്വാസികള്‍ പീഡിപ്പിക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ്.
പ്രത്യക്ഷത്തില്‍ കാര്യങ്ങള്‍ വീക്ഷിക്കുമ്പോള്‍ നിഷേധികളായവരുടെ അധികാരവും ആധിപത്യവുമൊക്കെ വര്‍ധിക്കുകയാണ്. വിശ്വാസികളാകട്ടെ മര്‍ദിക്കപ്പെടുകയാണ്. അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ വഴിയില്‍ നടക്കുകയും ചെയ്യുന്നവര്‍ക്ക് കഷ്ടപ്പാടുകളും പരീക്ഷണങ്ങളും, അല്ലാഹുവിനെ നിഷേധിക്കുന്നവര്‍ക്കാകട്ടെ സുഖസൗകര്യങ്ങളും! വിശ്വാസികളുടെ മനസ്സില്‍ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ഇത്തരം ആലോചനകള്‍ക്കുള്ള ഉത്തരം കൂടിയാണ് പ്രസ്തുത സൂക്തങ്ങള്‍. പ്രത്യക്ഷത്തില്‍ കാണുന്നതല്ല പര്യവസാനത്തില്‍ അനുഭവിക്കുക. അല്ലാഹുവിന് ചില കണക്ക് കൂട്ടലുകളുണ്ട്. അതനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നത്. ചിലതൊന്നും ചില സന്ദര്‍ഭത്തില്‍ നമുക്ക് മനസ്സിലായെന്ന് വരില്ല. എന്നാല്‍ മറനീക്കി യാഥാര്‍ഥ്യം വെളിപ്പെടുന്ന ഘട്ടം വരും. അപ്പോഴാണ് അല്ലാഹുവിന്റെ ഹിക്മത്തും സുന്നത്തുമൊക്കെ എപ്രകാരമായിരുന്നെന്ന് മനസ്സിലാവുക.
l

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media