ആറ്റോമിക് ഹാബിറ്റ് എന്നൊരു പുസ്തകത്തെ കുറിച്ച് കൂട്ടുകാര്‍ കേട്ടിട്ടുണ്ടോ?
ജെയിംസ് ക്ലിയര്‍ എഴുതിയതാണ് ഈ പുസ്തകം. ചെറിയ ചെറിയ ശീലങ്ങളിലൂടെ ജീവിതത്തില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിയുമെന്ന് ഈ പുസ്തകം പറയുന്നു.
മെഡലൊന്നും കിട്ടാതിരുന്ന ഒരു സൈക്ലിംഗ് ടീമിന്റെ കഥ അദ്ദേഹം പറയുന്നുണ്ട്. ആ ടീമിന് പുതിയൊരു കോച്ച് വരികയാണ്. ടീമിനെ മെച്ചപ്പെടുത്താന്‍ അദ്ദേഹമൊരു വഴി കാണുന്നുണ്ട്. പല മേഖലകളിലും ഒരു ശതമാനമെങ്കിലും മെച്ചപ്പെടുത്തുക എന്നതാണത്. സൈക്കിളിന്റെ ഹാന്‍ഡില്‍ ഒന്നുകൂടി സ്മൂത്ത് ആക്കി. കാലിന്റെ ടെമ്പറേച്ചര്‍ കൂട്ടാന്‍ കുറച്ചു കൂടി നല്ല സോക്‌സ് ടീമിന് കൊടുത്തു. അവരുടെ ഉറക്കം ഇംപ്രൂവ് ചെയ്യാന്‍ നല്ല സ്മൂത്തായ തലയിണയും കിടക്കയും കൊടുത്തു. അങ്ങനെ പല കാര്യങ്ങളില്‍ അദ്ദേഹം മാറ്റം വരുത്തി. പത്ത് വര്‍ഷത്തിനുള്ളില്‍ ആ ടീം നിരവധി ഒളിമ്പിക് മെഡലുകളാണ് നേടിയത്. ചെറിയ മാറ്റങ്ങള്‍ എത്ര വലിയ ഇംപാക്റ്റ് ആണ് വരുത്തിയതെന്ന് കൂട്ടുകാര്‍ ശ്രദ്ധിച്ചോ?
ഓരോ ദിവസവും ഇംപ്രൂവ് ചെയ്താല്‍ നമ്മള്‍ എത്രയോ മടങ്ങാണ് ഉയരത്തിലെത്തുക.
അപ്പോള്‍ ഓരോ ദിവസവും നമ്മള്‍ മോശമാവുകയാണെങ്കിലോ?
ദിവസവും നമ്മുടെ ഓരോ ശീലങ്ങളിലൂടെ നമ്മള്‍ മെച്ചപ്പെടുകയോ മോശമാവുകയോ ചെയ്യുന്നുണ്ട്.
ലോസ് ആഞ്ചല്‍സില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുന്ന വിമാനം 3.5 സെന്റീമീറ്റര്‍ തെക്കോട്ട് തിരിച്ചു വെച്ചാല്‍ അത് എത്തുന്ന സ്ഥലം വാഷിംഗ്ടണ്‍ ആയിരിക്കും. നോക്കൂ... ചെറിയൊരു മാറ്റം നമ്മെ മറ്റൊരിടത്തേക്കാണ് കൊണ്ടുപോകുന്നത്. ഇങ്ങനെയാണ് എല്ലാ കാര്യങ്ങളുമെന്ന് ജെയിംസ് ക്ലിയര്‍ പുസ്തകത്തില്‍ പറയുന്നു.
നമ്മള്‍ ദിവസവും ചെയ്യുന്ന ചെറിയ കാര്യങ്ങളാണ് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മള്‍ എന്താകും എന്ന് തീരുമാനിക്കുന്നത്. അതുകൊണ്ടു തന്നെ നല്ല ശീലങ്ങള്‍ വളര്‍ത്താനാണ് നമ്മളോരോരുത്തരും ശ്രമിക്കേണ്ടത്. കാരണം, നമ്മുടെ ഓരോ നേട്ടവും കോട്ടവും നമ്മുടെ ശീലങ്ങളുടെ ഫലമാണ്. ഉദാഹരണത്തിന് നമ്മുടെ ശരീരഭാരം നമ്മുടെ ഭക്ഷണ ശീലത്തിന്റെ ഫലമാണെന്ന പോലെ നമ്മുടെ അറിവ് നമ്മുടെ ലേണിംഗ് ഹാബിറ്റിന്റെ ഫലവും അലങ്കോലമായി കിടക്കുന്ന നമ്മുടെ റൂം നമ്മുടെ ക്ലീനിംഗ് ഹാബിറ്റിന്റെ ഫലവുമല്ലേ? നിരന്തരം നമ്മള്‍ ചെയ്യുന്നതെന്താണോ അതിനനുസരിച്ചുള്ള ഫലങ്ങളാണ് നമ്മുടെ ജീവിതത്തിലുണ്ടാകുന്നത് എന്നര്‍ഥം.
ചില നല്ല ശീലങ്ങള്‍ തുടങ്ങാന്‍ പലരും വളരെ പ്രയാസപ്പെടാറുണ്ട്. ദിവസവും എക്‌സര്‍സൈസ് ചെയ്യണമെന്ന് വിചാരിക്കുന്നവരുണ്ട്, നടക്കണമെന്നും ഓടണമെന്നും കരുതുന്നവരുണ്ട്. നല്ല വായനാശീലം വേണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. വായിച്ചാല്‍ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് അവര്‍ ഒരുപാട് കേട്ടിട്ടുണ്ടാകും. അറിവിന്റെ വെളിച്ചത്തെ കുറിച്ചെല്ലാം അവര്‍ക്ക് നന്നായറിയാം. എന്നാല്‍, വായിക്കാന്‍ ഒരു മൂഡ് കിട്ടുന്നില്ല എന്നായിരിക്കും അവരുടെ പരാതി. ഇങ്ങനെ ചെയ്യാന്‍ ആഗ്രഹമുണ്ടായിട്ടും കഴിയാത്ത അനവധി പേരുണ്ട്. അവര്‍ക്കു വേണ്ടി ജെയിംസ് ക്ലിയര്‍ നിര്‍ദേശിക്കുന്നത് 'റ്റു മിനുറ്റ് റൂള്‍' ആണ്.
ചെയ്യണമെന്ന് കരുതുന്ന കാര്യങ്ങള്‍ ദിവസവും വെറും രണ്ടു മിനിറ്റെങ്കിലും ചെയ്യുക. ഒട്ടും ചെയ്യാതിരിക്കുന്നതിനെക്കാള്‍ നല്ലതാണല്ലോ രണ്ടു മിനിറ്റെങ്കിലും ചെയ്യുന്നത്. പതിയെ റൂട്ടില്‍ കയറിയാല്‍ സ്വാഭാവികമായും പിന്നീട് നമ്മള്‍ ഏറെ വായിക്കുകയും എക്‌സര്‍സൈസ് ചെയ്യുകയുമെല്ലാം ചെയ്തു കൊള്ളും.
അതുപോലെ തന്നെ നാളെ ഇന്ന കാര്യങ്ങള്‍ ചെയ്യും എന്ന് പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ അത് എപ്പോള്‍ ചെയ്യും എന്നുകൂടി കൃത്യപ്പെടുത്തിയാല്‍ ആ കാര്യം നടക്കാനുള്ള സാധ്യത കൂടുതലാണ്. നാളെ ഞാന്‍ പുസ്തകം വായിക്കും എന്ന് കരുതുമ്പോള്‍ തന്നെ അത് എപ്പോള്‍ വായിക്കും എന്ന് കൂടി നിശ്ചയിക്കാന്‍ കഴിയണം.
നല്ല ശീലങ്ങളിലൂടെ ഏറെ ഉയരങ്ങളിലേക്കത്താന്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്നാശംസിക്കുന്നു.