ഗര്‍ഭാശയ മുഴ അപകടകാരിയോ?

ഡോ. അഷ്‌ന ജഹാന്‍ പി. No image

സ്ത്രീകളില്‍ വളരെ വ്യാപകമായി കണ്ടുവരുന്ന രോഗമാണ് ഗര്‍ഭാശയ മുഴകള്‍, അണ്ഡാശയ മുഴകള്‍ തുടങ്ങിയവ. ഈ രോഗങ്ങള്‍ സ്ത്രീകളില്‍ അമിതമായ ആശങ്ക ഉളവാക്കുന്നതായി കാണാറുണ്ട്. യഥാര്‍ഥത്തില്‍ വളരെ ചെറിയൊരു ശതമാനം മാത്രമാണ്, പേടിക്കേണ്ട തരത്തിലുള്ള ക്യാന്‍സറായും മറ്റും മാറുന്നത്. ആരംഭ ദശയില്‍ തന്നെ കൃത്യമായ ചികിത്സ ലഭിക്കുകയാണെങ്കില്‍ ഈ രോഗങ്ങള്‍ ഭേദമാക്കാവുന്നതാണ്.

എന്താണ് ഗര്‍ഭാശയ മുഴകള്‍? 

   ഗര്‍ഭാശയ ഭിത്തിയിലെ മൃദുവായ കോശങ്ങളോ പേശികളോ അസാധാരണമാംവിധം ക്രമം തെറ്റി വളരുമ്പോഴാണ് മുഴകള്‍ രൂപപ്പെടുന്നത്. ഇവ പൊതുവെ അപകടകാരികളല്ല. ഒരു ചെറിയ പയറുമണിയുടെ വലുപ്പം മുതല്‍ വലിയ വലുപ്പത്തിലുള്ള മുഴകള്‍ വരെ കാണാറുണ്ട്.
പഠനങ്ങള്‍ പ്രകാരം 35 വയസ്സ് മുതല്‍ 55 വയസ്സുവരെ പ്രായമുള്ള സ്ത്രീകളിലാണ് ഇവ കൂടുതലും കാണപ്പെടുന്നത്. എന്നാല്‍, അടുത്തകാലത്തായി 20 വയസ്സ് മുതല്‍ തന്നെ ഗര്‍ഭാശയ മുഴകള്‍ ഉണ്ടാകുന്നതായി കാണുന്നു. മാറുന്ന ജീവിതശൈലിയും ഭക്ഷണക്രമവും ഒക്കെയാണ് ഇവിടെയും വില്ലന്‍. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ ആണ് ഇതിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നത.് മാസമുറ അവസാനിച്ച സ്ത്രീകളില്‍ ഇവ ക്രമേണ ചുരുങ്ങുന്നതായി കാണാം. ഗര്‍ഭാശയ മുഴകളില്‍ ഭൂരിഭാഗവും അപകടകാരികളല്ല. എന്നാല്‍, തുടക്കത്തില്‍ ചെറുതായി കാണുന്ന മുഴകളില്‍ ചിലത് പെട്ടെന്ന് വലുതാവുന്നതായേക്കാം. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വ്യായാമക്കുറവ്, അമിത കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം എന്നിവ മുഴകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു. പലപ്പോഴും മറ്റു ചില രോഗങ്ങളുമായി ബന്ധപ്പെട്ടോ, ഗര്‍ഭിണികളില്‍ സാധാരണ ചെയ്യാറുള്ള അള്‍ട്രാസൗണ്ട് സ്‌കാനിംഗിലൂടെയോ ആണ് ഗര്‍ഭാശയ മുഴകള്‍ ശ്രദ്ധയില്‍പ്പെടുന്നത്. മുഴകളുടെ സ്ഥാനവും വലുപ്പവും മനസ്സിലാക്കാനും തുടര്‍ ചികിത്സക്കും സ്‌കാനിംഗ് അത്യാവശ്യമാണ്.

ഗര്‍ഭാശയ മുഴകള്‍ പലതരം

മുഴകളുടെ സ്ഥാനവും വളര്‍ച്ചാ രീതിയും അനുസരിച്ച് ഇവ പല പേരുകളില്‍ അറിയപ്പെടുന്നു:
$ 75 ശതമാനം മുഴകളും പേശികളില്‍ തന്നെയാണ് മുളപൊട്ടുന്നത്. ഇവയെ ഇന്‍ട്രാ മ്യൂറല്‍ ഫൈബ്രോയ്ഡുകള്‍ എന്ന് വിളിക്കുന്നു. ഇവ വലുതാവാനുള്ള സാധ്യത കൂടുതലാണ്.
$ ഗര്‍ഭാശയ ഭിത്തിയിലെ ആവരണത്തിന്റെ തൊട്ടടുത്ത് കാണുന്ന മുഴകളെ സബ്മുക്കോസില്‍ ഫൈബ്രോയ്ഡുകള്‍ എന്ന് വിളിക്കുന്നു. ഗര്‍ഭാശയത്തില്‍ തന്നെ വളരുന്ന ഈ മുഴകള്‍ അസഹ്യമായ വേദനയും അമിത രക്തസ്രാവവും ഉണ്ടാക്കുന്നു. ഇവയുടെ ചെറിയ വളര്‍ച്ച പോലും ശ്രദ്ധിക്കേണ്ടതാണ്. ഇവ വന്ധ്യതക്കും നിരന്തരമായ ഗര്‍ഭമലസലിനും കാരണമാകുന്നു.
$ ഗര്‍ഭാശയ ഭിത്തിയില്‍ തുടങ്ങി പുറത്തേക്ക് വളരുന്നവയാണ് സബ്‌സെറസ്ല്! ഫൈബ്രോയ്ഡുകള്‍. ഇവ ഗര്‍ഭാശയ ഭിത്തിയോട് ചേര്‍ന്നു വരുന്നവയാണ്.
$ ഗര്‍ഭാശയ മുഖത്ത് (ഗര്‍ഭാശയത്തിന്റെ താഴ്ഭാഗം) വളരുന്ന മുഴകളാണ് സെര്‍വിക്കല്‍ ഫൈബ്രോയ്ഡുകള്‍. ആ ഭാഗത്തുള്ള മറ്റു അവയവങ്ങളില്‍ മര്‍ദ്ദം ചെലുത്തുന്നതു മൂലം മൂത്രതടസ്സം, ഇടക്കിടെയുള്ള മൂത്രവാര്‍ച്ച തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. തൊട്ടുപിറകിലുള്ള വന്‍കുടലില്‍ മര്‍ദ്ദം ചെലുത്തി മലബന്ധം പോലുള്ള ബുദ്ധിമുട്ടുകള്‍ക്കും ഇവ കാരണമാകുന്നു. സെര്‍വിക്കല്‍ ഫൈബ്രോയ്ഡുകള്‍ അണുബാധയോടു കൂടിയുള്ള വെള്ളപോക്കിന് കാരണമാകുന്നു.
$ ഗര്‍ഭാശയത്തില്‍ വളര്‍ന്നു തുടങ്ങിയ ചില മുഴകള്‍ താഴോട്ട് തൂങ്ങി ഗര്‍ഭാശയമുഖം വരെ എത്തി നില്‍ക്കാറുണ്ട്. ഇവയെ പോളിപ്പുകള്‍ എന്ന് വിളിക്കുന്നു. ഇവയും വന്ധ്യതക്ക് കാരണമാകുന്നു.

ഗര്‍ഭാശയ മുഴ ഉണ്ടാവാനുള്ള കാരണങ്ങള്‍

$ അമിത ഭാരം
$ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍
$ പാരമ്പര്യം
$ വ്യായാമക്കുറവ്
$ വൈകിയുള്ള ഗര്‍ഭം ധരിക്കല്‍
$ ഹോര്‍മോണ്‍ തെറാപ്പികള്‍
സ്ത്രീ ഋതുമതിയായതു മുതല്‍ ആര്‍ത്തവ വിരാമം വരെയുള്ള കാലയളവില്‍ ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ അളവുകള്‍ ഉയര്‍ന്ന നിലയിലായിരിക്കും. ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉയര്‍ന്ന അളവ് ഗര്‍ഭാശയ മുഴക്ക് കാരണമാകുന്നു.
പുതിയ പഠനങ്ങള്‍ പ്രകാരം അന്തരീക്ഷ മലിനീകരണം ഹോര്‍മോണ്‍ വര്‍ധനക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശ്വസനത്തിലൂടെയും ചര്‍മത്തിലൂടെയും ചില 'അന്യ ഹോര്‍മോണുകള്‍' ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

രോഗ ലക്ഷണങ്ങള്‍

ഗര്‍ഭാശയ മുഴകളുടെ വലുപ്പം, എണ്ണം, സ്ഥാനം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ചെറിയ മുഴകള്‍ പൊതുവെ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. ഇവ അവിചാരിതമായി സ്‌കാനിംഗിലൂടെ ശ്രദ്ധയില്‍ പെടാറാണ് പതിവ്. മുഴകളുടെ പ്രധാന ലക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്:
1) മാസമുറ നിരന്തരമായി തെറ്റുക
2) കഠിനമായ വയറുവേദന, നടുവേദന
3) വേദനയോടു കൂടിയ അമിത രക്തസ്രാവമുള്ള ആര്‍ത്തവം
4) വിളര്‍ച്ച (അമിത രക്തസ്രാവം മൂലം)
5) ഇടക്കിടക്ക് മൂത്രമൊഴിക്കാനുള്ള പ്രവണത
6) മൂത്രതടസ്സം, മൂത്രം പൂര്‍ണമായി ഒഴിഞ്ഞുപോവാത്തതായി തോന്നുക
7) മലബന്ധം, ദഹനക്കേട്
8) ഉദരം, അടിവയര്‍, തുടകള്‍ എന്നിവിടങ്ങളില്‍ വേദന

ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന മുഴകള്‍ മറുപിള്ള സ്ഥാനം തെറ്റുന്നതിനും ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച മുരടിക്കുന്നതിനും കാരണമാകുന്നു. കൂടാതെ മാസം തികയാതെയുള്ള പ്രസവത്തിനും ഗര്‍ഭമലസല്‍, പ്രസവ വൈഷമ്യങ്ങള്‍ എന്നിവക്കും കാരണമായേക്കാം. ഗര്‍ഭാശയത്തിലെ മുഴകളുടെ സാന്നിധ്യം ഭ്രൂണം ശരിയായ രീതിയില്‍ ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിക്കുന്നതിനെ തടയുകയും അത് വന്ധ്യതക്ക് കാരണമാവുകയും ചെയ്യുന്നു. ആര്‍ത്തവ വിരാമം അടുക്കുംതോറും മുഴകളുടെ വലുപ്പം കുറഞ്ഞു വരുന്നു.

ചികിത്സ ഹോമിയോപ്പതിയില്‍

രോഗാവസ്ഥ എങ്ങനെയാണ് രോഗിയുടെ ശാരീരിക മാനസിക നിലയെ ബാധിക്കുന്നത്, ഏത് രീതിയിലാണ് അതിന്റെ തുടക്കം തുടങ്ങിയ തലങ്ങളിലൂടെ സഞ്ചരിച്ചാണ് ഹോമിയോ ഡോക്ടര്‍മാര്‍  രോഗത്തെ മനസ്സിലാക്കുന്നതും അതിനുള്ള ചികിത്സ നിര്‍ണയിക്കുന്നതും. അതുകൊണ്ടുതന്നെ രോഗത്തെ ഉദ്ഭവം മുതല്‍ മനസ്സിലാക്കി അതിനെ വേരോടെ ഉന്മൂലനം ചെയ്യാന്‍ ഹോമിയോപ്പതിയിലൂടെ സാധിക്കുന്നു.
ഒരു രോഗിയുടെ ശരീരത്തില്‍ സംഭവിച്ച അസന്തുലിതാവസ്ഥയുടെ അന്തിമ ഫലമായിട്ടാണ് ഹോമിയോപ്പതി ആ രോഗത്തെ കണക്കാക്കുന്നത്. ഗര്‍ഭാശയ മുഴകളുടെ കാര്യത്തിലും അങ്ങനെത്തന്നെ. ഈ അന്തിമ ഫലത്തെ മാത്രം ചികിത്സിച്ചതു കൊണ്ടോ, അല്ലെങ്കില്‍ ആ അവയവം തന്നെ എടുത്തു മാറ്റിയത് കൊണ്ടോ ഒന്നും രോഗത്തിന്റെ മൂലകാരണം ശരീരത്തില്‍നിന്ന് ഇല്ലാതാകുന്നില്ല. അതു പിന്നീട് പുതിയ മുഴകളുടെ രൂപത്തിലോ, അല്ലെങ്കില്‍ മറ്റൊരു അവയവത്തില്‍ ഇതുപോലുള്ള അമിതകോശ വളര്‍ച്ചയായോ ഒക്കെ വീണ്ടും തലപൊക്കുന്നു. അതായത്, ശരീരം വീണ്ടും അതിന്റെ അസന്തുലിതാവസ്ഥ പ്രകടമാക്കിക്കൊണ്ടിരിക്കും. ഒരു രോഗം സുഖപ്പെടുത്തുമ്പോള്‍ മറ്റൊന്ന്, അതു കഴിഞ്ഞാല്‍ മറ്റൊന്ന്, അങ്ങനെ തുടരുന്നു. ഈ തുടര്‍ച്ച രോഗി മനസ്സിലാക്കാതെയും പോകുന്നു. ഹോമിയോപ്പതി രോഗത്തിന്റെ മൂലകാരണം മനസ്സിലാക്കി അതിനെ ചികിത്സിച്ച് രോഗമുക്തി നേടിക്കൊടുക്കാനാണ് ശ്രമിക്കുന്നത്. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top