പുരുഷനറിയാത്ത സ്ത്രീ പാഠങ്ങള്‍

ഡോ. ജാസിമുല്‍ മുത്വവ്വ No image

സ്ത്രീ ഹൃദയത്തിന്റെ ആഴങ്ങളില്‍ അന്തര്‍ഭവിച്ച വിചാരങ്ങളുടെയും ഭാവങ്ങളുടെയും സമസ്യയുടെ കുരുക്കഴിക്കാന്‍ കഴിയാത്തവരാണ് മിക്ക പുരുഷന്മാരും. മനസ്സ് വായിക്കാന്‍ പുരുഷന്മാരെക്കാള്‍ കഴിവുറ്റവരാണ് പൊതുവില്‍ സ്ത്രീകള്‍. സ്ത്രീ അവളുടെ ഹൃദയ വികാരങ്ങള്‍ സന്തോഷമോ സന്താപമോ ഇഷ്ടമോ വെറുപ്പോ എന്തുമാവട്ടെ,. പ്രകടിപ്പിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്യുമ്പോള്‍ പുരുഷന്‍ സ്ത്രീയോട് വളരെ കുറഞ്ഞ തോതിലേ അതിനോട് അനുഭാവം കാണിക്കുന്നുള്ളൂ. അതൊക്കെ ഒരു നാടകമാണെന്നാണ് പുരുഷ ഭാഷ്യം. തന്റെ ഹൃദയവികാരങ്ങള്‍ അത്യധികമായി സ്ത്രീ പ്രകടിപ്പിക്കുന്നത് കാണുമ്പോള്‍ പുരുഷന്‍ ധരിക്കുന്നത് അതൊക്കെ അതിശയോക്തിയോ അത്യുക്തിയോ ആണെന്നാണ്. തന്റെ പ്രകൃതിയിലും സൃഷ്ടിപ്പിലും ഊട്ടപ്പെട്ട ജനിതക സ്വഭാവത്തിന്റെ ബഹിര്‍സ്ഫുരണമാണ് സ്ത്രീയുടെ സംസാരവും സമീപനവുമെന്ന വസ്തുത പുരുഷന്‍ മനസ്സിലാക്കാത്തതാണ് ഈ ധാരണക്ക് കാരണം. ചില സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ ജീവിതത്തില്‍ വന്നുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍, പലപ്പോഴും പുരുഷന്മാരാണ് അഭിനയിക്കുന്നത് എന്നതാണ് നേര്. അല്ലെങ്കില്‍ വിഷയം തനിക്ക് അനുകൂലമാക്കി മറിച്ചിടാനായിരിക്കും പുരുഷന്‍ ശ്രമിക്കുന്നത്. അതിന് പല ഉപായങ്ങളും അവന്‍ കൈക്കൊള്ളും. ചിലപ്പോള്‍ ഉച്ചത്തില്‍ അലറിക്കൊണ്ടായിരിക്കും. അട്ടഹസിച്ചായിരിക്കും. അല്ലെങ്കില്‍ ചര്‍ച്ചയുടെ ഗതി തിരിച്ചു വിട്ടായിരിക്കും. അങ്ങനെ ചര്‍ച്ചയുടെ ഊരാക്കുടുക്കില്‍നിന്ന് താന്‍ വിജയശ്രീലാളിതനായി പുറത്തുവന്നെന്ന് വീരസ്യം പറയും.
സ്ത്രീയെക്കുറിച്ച് പുരുഷന് അറിയാത്ത ഒരു കാര്യം; അവള്‍ പറയുന്നതല്ല യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചിരിക്കുക. ഓരോ സ്ത്രീക്കുമുണ്ട് അവളുടെ സ്വന്തമായ ചില വാദരീതികള്‍. പുരുഷനും സ്ത്രീയും തമ്മിലെ ബന്ധം വിജയിക്കണമെങ്കില്‍ പുരുഷന്‍ സ്ത്രീയുടെ സമര്‍ഥന രീതി പഠിച്ചിരിക്കണം. അവള്‍ പറയുന്നത് തന്നെയാണോ എപ്പോഴും ഉള്ളില്‍ ഉദ്ദേശിച്ചിരിക്കുക ? അതോ ഈ രീതി അവള്‍ ചിലപ്പോള്‍ മാത്രം സ്വീകരിക്കുന്നതോ? ഈ സ്വഭാവത്തെക്കുറിച്ച് പുരുഷന്മാര്‍ പലപ്പോഴും പരാതി പറയാറുണ്ട്. അവര്‍ കരുതുന്നത് സ്ത്രീയുടെ സംസാരത്തില്‍ വ്യക്തതയില്ല, നിലപാടില്‍ സുതാര്യതയില്ല, അവള്‍ വളഞ്ഞ് മൂക്ക് പിടിക്കുകയാണ്, അവള്‍ക്ക് തന്റെ അന്തര്‍ഹിതങ്ങള്‍ പ്രകാശിപ്പിക്കാന്‍ അറിയില്ല എന്നൊക്കെയാണ്. സത്യത്തില്‍ ഈ ശൈലിയാണ് അവള്‍ തനിക്ക് അനുയോജ്യമായി കാണുന്നത്. ഒന്നുകില്‍ അവള്‍ ചിന്തിക്കുന്നത് താന്‍ സ്പഷ്ടമായി പറയാന്‍ തയ്യാറാവാത്ത കാര്യങ്ങള്‍ അയാള്‍ വരികള്‍ക്കിടയില്‍ മനസ്സിലാക്കിക്കൊള്ളണമെന്നാണ്. അല്ലെങ്കില്‍ താന്‍ വെട്ടിത്തുറന്ന് പറഞ്ഞ് തങ്ങള്‍ തമ്മിലെ ബന്ധം വഷളാക്കേണ്ടെന്ന് അവള്‍ തീരുമാനിച്ചിട്ടുണ്ടാവണം. ഉദാഹരണം പറയാം. ചിലപ്പോള്‍ സ്ത്രീ പറയുന്നത് 'അതെ' എന്നായിരിക്കും. യഥാര്‍ഥത്തില്‍ അവള്‍ ഉദ്ദേശിച്ചിരിക്കുക 'അല്ല' എന്നാവും. ചിലപ്പോള്‍ അവള്‍ പറയുന്നത്, 'ഞാന്‍ ഖേദിക്കുന്നു, ഐ ആം സോറി' എന്നായിരിക്കും. അവളുടെ മനസ്സില്‍ അവള്‍ പറയുന്നത് 'നിങ്ങളല്ലേ സോറി പറയേണ്ടത് എന്നായിരിക്കും.' 'നമുക്ക് വേണം, നമുക്ക് ആവശ്യമാണ്' എന്ന് അവള്‍ പറയുമ്പോള്‍ യഥാര്‍ഥത്തില്‍ അവളുടെ മനസ്സിലുള്ളത് 'എനിക്ക് വേണം, എനിക്ക് ആവശ്യമുണ്ട്' എന്നാണ്. ചിലപ്പോള്‍ അവള്‍ പറയുന്നത് തന്റെ സഹോദരിയെക്കുറിച്ചും സ്‌നേഹിതയെക്കുറിച്ചുമാവും. മനസ്സിലുള്ളത് 'എനിക്കും അങ്ങനെ വേണം' എന്നായിരിക്കും. ചിലപ്പോള്‍ അവള്‍ പറയുക 'നിങ്ങള്‍ക്കെന്നോട് സ്‌നേഹമില്ല' എന്നായിരിക്കും. 'എനിക്ക് നിന്നോട് സ്‌നേഹവും ഇഷ്ടവുമാണ്' എന്ന മറുവാക്ക് കേള്‍ക്കാനായിരിക്കും ചിലപ്പോള്‍ അവള്‍ അങ്ങനെ പറയുന്നത്.
ഈ ശൈലി തീര്‍ച്ചയായും പുരുഷനെ കുഴക്കുന്നതാണ്. സ്പഷ്ടമായ വര്‍ത്തമാനങ്ങളല്ലാതെ സൂചനകള്‍ തിരിയുന്നവനല്ല പുരുഷന്‍. ഇങ്ങനെ പറയുന്നതിന്റെ നേരെ എതിര് മനസ്സിലാക്കാനുള്ള കെല്‍പില്ല പാവം പുരുഷന്.
സ്ത്രീകളെക്കുറിച്ച് അധിക ആണുങ്ങളും മനസ്സിലാക്കാത്ത ഒരു കാര്യം, തങ്ങള്‍ക്കിടയിലെ സ്‌നേഹം അഭംഗുരം തുടരണമെന്നും ബന്ധങ്ങള്‍ നിമിഷങ്ങള്‍ കഴിയുംതോറും മെച്ചപ്പെടണമെന്നും സ്ത്രീ ഉള്ളിന്റെയുള്ളില്‍ കൊതിക്കുന്നു എന്നതാണ്. തങ്ങള്‍ക്കിടയിലെ സ്‌നേഹത്തിന്റെ സാന്ദ്രത അനുനിമിഷം കൂടാന്‍ പല രീതികളും അവള്‍ അവലംബിക്കും. ഈ കലയില്‍ അവള്‍ക്ക് പ്രത്യേക നൈപുണിയാണ്. അത് കേവലം പ്രവൃത്തികൊണ്ട് മാത്രമല്ല. ഒന്നോ രണ്ടോ മൂന്നോ തവണ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടുമായിരിക്കും. 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്ന് ഒരു അഞ്ച് തവണയെങ്കിലും തന്റെ നാവില്‍നിന്ന് കേട്ടാല്‍ മാത്രമേ എന്റെ ഭാര്യക്ക് സമാധാനമാവുകയുള്ളൂ' എന്ന് ഒരു ഭര്‍ത്താവ് എന്നോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.
സ്ത്രീയിലെ ഹോര്‍മോണ്‍ വ്യതിയാനത്തെക്കുറിച്ചും അവളുടെ ആരോഗ്യ സാഹചര്യങ്ങള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നുണ്ട് എന്നതിനെ പറ്റിയും അറിയാത്തവരാണ് മിക്ക പുരുഷന്മാരും. ആര്‍ത്തവ വേളയില്‍ അവളുടെ മനസ്സും ചിലപ്പോള്‍ പെരുമാറ്റം പോലും മാറിയെന്നിരിക്കും. ചിലപ്പോള്‍ ദേഷ്യം വരും. അല്ലെങ്കില്‍ ആത്മവിശ്വാസം നഷ്ടപ്പെടും, വിഭ്രാന്തിയും അസ്വസ്ഥതയും പ്രകടമാകും. പ്രസവാനന്തരം വിഷാദരോഗം പിടിപെടുന്ന സ്ത്രീകളുണ്ട്. അമ്പതുകള്‍ കഴിയുമ്പോള്‍ സംഭവിക്കുന്ന ആര്‍ത്തവ വിരാമ ഘട്ടത്തിലും ഉണ്ടാവും ചില പെരുമാറ്റ വ്യത്യാസങ്ങള്‍. ചില സ്ത്രീകള്‍ക്ക് വണ്ണം കൂടുമ്പോഴും ദുര്‍മേദസ്സാകുമ്പോഴും ഒരുതരം അന്യതാബോധവും പരിഭ്രാന്തിയും ഉണ്ടാകാറുണ്ട്.
ചില സ്ത്രീകളുടെ വിചാരങ്ങളും വികാരങ്ങളും നമുക്ക് വായിച്ചെടുക്കാന്‍ കഴിയാത്ത കാര്യങ്ങളെ ചൊല്ലിയാവും. സ്‌നേഹം, സൗന്ദര്യം, സാമൂഹിക ബന്ധങ്ങള്‍, സമ്പര്‍ക്കങ്ങള്‍ എന്നിവയാവും അവളെ അലട്ടുന്ന ചിന്തകളും വേവലാതികളും. ചിലപ്പോള്‍ കാണാം തീരെ ചെറുതായാലും, തനിക്ക് ഇടാന്‍ പറ്റാത്ത ഉടുപ്പായാല്‍ പോലും അതിനോട് പ്രത്യേക താല്‍പര്യവും ആഭിമുഖ്യവും, ആ ഉടുപ്പുമായി ബന്ധപ്പെട്ട ചില ഓര്‍മകള്‍ അവളുടെ മനസ്സിലുണ്ടാവും. ആ ഓര്‍മകള്‍ തന്നെ കൈവിട്ടുപോകരുതെന്ന ചിന്തയാവും ആ ഉടുപ്പും കെട്ടിപ്പിടിച്ച് ജീവിക്കുന്നതിന് പിന്നില്‍. ചിലപ്പോള്‍ അവള്‍ മാര്‍ക്കറ്റിലേക്ക് പോയെന്ന് വരും. ഒന്നും വാങ്ങാനായിരിക്കില്ല. അത് അവളുടെ സാമൂഹികവും വ്യക്തിപരവുമായ ചില അഭിവാഞ്ഛകളെ തൃപ്തിപ്പെടുത്താനാണ്.
ചുരുക്കത്തില്‍, സ്ത്രീ താന്‍ പറയുന്ന വാക്കുകളോടും തന്റെ സമീപനങ്ങളോടും അങ്ങേയറ്റം സംവേദനക്ഷമത പുലര്‍ത്തുന്നവളാണ്. താന്‍ വ്യക്തമായി പറഞ്ഞില്ലെങ്കിലും പുരുഷന്‍ അത് മനസ്സിലാക്കിക്കൊള്ളുമെന്നാണ് അവള്‍ വിചാരിക്കുന്നത്. അഥവാ, തന്നെപ്പോലെയാണ് പുരുഷനും എന്ന് അവള്‍ കരുതുന്നു. തെറ്റാണ് ഈ ചിന്ത. പുരുഷന് സ്ത്രീയെ തിരിച്ചറിയാന്‍ കഴിയാത്തതു പോലെ സ്ത്രീക്ക് പുരുഷനെയും തിരിച്ചറിയാന്‍ കഴിയാറില്ല. ഇരുവരിലുമുണ്ട് പറയാത്ത കുറേ ആന്തര ഭാവങ്ങള്‍. കൈ വിരലുകള്‍ എല്ലാം ഒരു പോലെയല്ലല്ലോ.

വിവ: പി.കെ.ജെ 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top