കോവിഡ് നല്‍കിയ അടച്ചിടല്‍ സാധ്യതയാക്കി സ്വയം സംരംഭകരായ സ്ത്രീകള്‍
കോവിഡ് നല്‍കിയ അടച്ചിടല്‍ സാധ്യതയാക്കി സ്വയം സംരംഭകരായ സ്ത്രീകള്‍
കോവിഡ് സമയത്ത് മോന്‍ പട്ടിണിയാകരുത് എന്ന ഒരു പെണ്ണിന്റെ ഉറച്ച തീരുമാനമാണ് മാനസി എന്ന ബൂട്ടിക്. ഇന്നത് ഒരുപാട് സ്ത്രീകളുടെ വസ്ത്രസംസ്‌കാരത്തിന്റെ ബ്രാന്‍ഡ് നെയിമാണ്. അതേ, കോവിഡ് വളര്‍ത്തിയത് മാനസിയെന്ന ബിസിനസ്സുകാരിയുടെ സ്വപ്നങ്ങളെ കൂടിയാണ്.
ചെറിയൊരു ജോലി, ഒപ്പം വാടകക്കെടുത്ത വീട്ടില്‍ പേയിംഗ് ഗസ്റ്റുകള്‍ക്ക് കൂടി താമസമൊരുക്കിയാണ് മാനസി പിടിച്ചുനിന്നിരുന്നത്. രണ്ടും കോവിഡ് പൂട്ടിച്ചു. പിന്നെ ആകെ അറിയുന്നത് എഴുത്താണ്. അതുകൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന തിരിച്ചറിവില്‍നിന്ന് കൂടിയാണ് മാനസിയെന്ന ബൂട്ടികിന്റെ പിറവി.
കോവിഡ് കാലത്തെയും കോവിഡ് കാലത്തെ അടച്ചിടലുകളെയും നമ്മള്‍ മറന്നുതുടങ്ങിയിരിക്കുന്നു. ആ കാലം 10 കോടിയിലേറെ ജനങ്ങള്‍ക്കാണ് ജോലി നഷ്ടപ്പെടുത്തിയത്. കോവിഡാനന്തരം പുരുഷന്മാര്‍ പലരും തൊഴിലിടങ്ങളിലേക്ക് തിരിച്ചെത്തിയെങ്കിലും സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായി എന്നാണ് പഠനങ്ങള്‍. ജോലി ചെയ്യുന്ന ഇന്ത്യന്‍ സ്ത്രീകളുടെ എണ്ണം 2010നും 2020നും ഇടയില്‍ 26 ശതമാനത്തില്‍നിന്ന് 16 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2022 ആയതോടെ അത് 9 ശതമാനത്തിലേക്ക് കൂപ്പുകുത്തിയെന്നാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
എന്നാല്‍, ഇതിനൊരു മറുവശമുണ്ട്. തൊഴിലിടങ്ങളിലേക്ക് അവര്‍ തിരിച്ചെത്തിയില്ല എന്നേയുള്ളൂ. 'വര്‍ക് ഫ്രം ഹോം' വന്നതോടെ അവള്‍ക്ക് ജോലിക്കായി പുറത്തേക്ക് ഇറങ്ങേണ്ട, ആറുമണിക്ക് മുമ്പ് വീട്ടില്‍ കയറുകയും വേണ്ട, ശമ്പളം അക്കൗണ്ടില്‍ ക്രെഡിറ്റാകും, ആഗ്രഹിക്കുന്നതെന്തും ഓണ്‍ലൈനില്‍ പര്‍ച്ചേസ് ചെയ്യാം. കോവിഡ് കാലം അവര്‍ക്ക് നേട്ടമേ ഉണ്ടാക്കിയിട്ടുള്ളൂ.
കോവിഡിന് ശേഷം രാജ്യത്തെ സ്ത്രീകളുടെ ജോലി സാധ്യതയില്‍ ഉണ്ടായിരിക്കുന്നത് വന്‍ മുന്നേറ്റമാണെന്നാണ് 'ജോബ്‌സ് ഫോര്‍ ഹെറി'ന്റെ പഠന റിപ്പോര്‍ട്ട് പറയുന്നത്. മിഡ് മാനേജ്‌മെന്റ് മുതല്‍ സീനിയര്‍ തലം വരെയുള്ള നിയമനങ്ങളില്‍ സ്ത്രീകളുടെ ശതമാനം 2020ല്‍ 43 ശതമാനമായി വര്‍ധിക്കുകയാണുണ്ടായത്. 2019ല്‍ ഇത് വെറും 18 ശതമാനമായിരുന്നുവെന്ന് ഓര്‍ക്കണം. 41 ശതമാനം സ്റ്റാര്‍ട്ടപ്പുകളും വനിതകളെ ബോധപൂര്‍വം നിയമിച്ചിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് 'വര്‍ക് ഫ്രം ഹോം' വ്യാപകമായതാണ് ഒരുപോലെ സ്ത്രീകള്‍ക്കും കമ്പനികള്‍ക്കും ഗുണകരമായത്.
സ്വയം ജോലിസാധ്യത കണ്ടെത്തുന്ന സ്ത്രീകളുടെ എണ്ണം കൂടിയൊരു കാലം കൂടിയാണ് ഈ കടന്നുപോയത്. ജോലി പോയി പുരുഷന്മാര്‍ വീട്ടിലിരിപ്പായപ്പോള്‍, വിവാഹമോചനങ്ങള്‍ കൂടിയപ്പോള്‍ സാമ്പത്തികവും സാമൂഹികവുമായ തകര്‍ച്ചയുടെ ഭാരം വഹിക്കേണ്ടി വന്നത് സ്ത്രീകള്‍ക്കാണ്. പലരും ചെറിയ രീതിയില്‍ പല ബിസിനസ്സുകളിലേക്ക് ഇറങ്ങി. യൂട്യൂബ് ചാനല്‍, ഓണ്‍ലൈന്‍ വസ്ത്രവില്‍പന, കേക്ക് നിര്‍മാണം തുടങ്ങി ഓരോരുത്തരും അവനവന്റെ അഭിരുചിക്കനുസരിച്ചുള്ള വരുമാനസാധ്യതകള്‍ കണ്ടെത്തി.
കോവിഡിന് ശേഷം ഒരുപാട് സ്ത്രീകള്‍ എന്റര്‍പ്രണര്‍ഷിപ്പിലേക്ക്, അതായത് ബിസിനസ്സിലേക്ക് ഇറങ്ങിയിട്ടുണ്ട് എന്നര്‍ഥം. സ്മാള്‍ സ്‌കെയില്‍ ബിസിനസ്സില്‍ തുടങ്ങി, ഒരു വര്‍ഷം കൊണ്ട് ഒരുപാട് ടേണോവറുകളുള്ള ബിസിനസ്സുകാരികള്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. പലരും സാമ്പത്തിക സ്വാതന്ത്ര്യവും സാമ്പത്തിക സ്ഥിരതയും കൈവരിച്ചുകഴിഞ്ഞു. ഉന്നത ബിരുദങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുമായി കോവിഡ് കാലത്ത് വീട്ടിലിരിക്കേണ്ടി വന്നപ്പോഴാണ് പല പെണ്ണുങ്ങള്‍ക്കും ഒരു റീതിങ്കിംഗ് ഉണ്ടാകുന്നത്. ആ റീതിങ്കിംഗിലാണ് അവര്‍ അവരുടെ സ്‌കില്‍ പൊടിതട്ടിയെടുക്കുന്നത്, അത് ബിസിനസ്സിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുന്നത്. ഈ സ്ത്രീകള്‍ക്ക് വേണ്ട പരിശീലനം കൊടുക്കേണ്ടതുണ്ട്, മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി ഉണ്ടാവേണ്ടതുണ്ട്, ഫോട്ടോ ഷൂട്ടുകള്‍ നടത്തേണ്ടതുണ്ട് എന്നൊക്കെയുള്ള ചിന്തയില്‍ നിന്നാണ് കോഴിക്കോട് ആസ്ഥാനമായി 'ഷീ കണക്ട്' എന്ന കൂട്ടായ്മക്ക് തുടക്കം കുറിക്കുന്നത്. പ്രൊഫഷണല്‍ ടച്ചില്‍ ബിസിനസ് സാധ്യതകള്‍ കാണാന്‍ അവരെ പ്രേരിപ്പിക്കുകയാണ് ഈ കൂട്ടായ്മ.
''വളരെ പോസിറ്റീവ് ആയിട്ട് വേണം നമ്മള്‍ ഈ കാര്യം സംസാരിക്കാന്‍. കോവിഡിന് ശേഷമാണ് പാഷനേറ്റ് ആയി ബിസിനസ്സിലേക്ക് സ്ത്രീകള്‍ വരാന്‍ തുടങ്ങിയത്. അതിനുമുമ്പ് കുടുംബ ബിസിനസ് നിര്‍ബന്ധപൂര്‍വം നോക്കി നടത്തുക എന്നൊക്കെയായിരുന്നു. ആര്‍ട്ട് വര്‍ക്കുകള്‍, അച്ചാറുകള്‍ എന്നുവേണ്ട എന്തിലും സ്ത്രീകള്‍ ഇന്ന് ബിസിനസ് കണ്ടെത്തി മുന്നേറുകയാണ്...'' എന്ന് അഭിമാനപൂര്‍വം പറയുന്നു ഷീ കണക്ടിന്റെ അമരക്കാരി നസ്‌റിന്‍ ഹമീദ്.
കോവിഡ് കാലത്ത് സംരംഭത്തിലേക്കിറങ്ങിയ സ്ത്രീകളുടെ മറ്റൊരു കൂട്ടായ്മയാണ് 'ക്വൂന്‍ ബിസിനസ് ഗ്ലോബല്‍'. ഈ കൂട്ടായ്മയിലെ ആര്‍ക്കും വലിയ ഇന്‍വെസ്റ്റ്‌മെന്റൊന്നും ആവശ്യമായി വന്നിട്ടില്ലെന്ന് പറയുന്നു, ക്വൂന്‍ ബിസിനസ് ഗ്ലോബലിന്റെ ഫൗണ്ടറായ സന്ധ്യ സി.രാധാകൃഷ്ണന്‍. വില്‍പന ഓണ്‍ലൈനിലായതുകൊണ്ടുള്ള ഒരുപാട് ഗുണങ്ങള്‍ ടീമംഗങ്ങള്‍ക്ക് ലഭിച്ചു. ഷോപ്പിന് വാടക കൊടുക്കണ്ട. അവരുടെ കുഞ്ഞുവീട് തന്നെ ധാരാളമായിരുന്നു. മാത്രമല്ല, ഒരു കൂട്ടായ്മ രൂപപ്പെട്ടു വന്നതുകൊണ്ട് ക്ലയന്റുകളെ പരസ്പരം ഷെയര്‍ ചെയ്യാനും സാധിച്ചു. പിന്നെ കിട്ടുന്ന വരുമാനം സേവ് ചെയ്യാനും അവരെ പഠിപ്പിക്കേണ്ടത് ആവശ്യമായി വന്നു. അതും ബിസിനസ്സിന്റെ വളര്‍ച്ചക്ക് സഹായിച്ചു. നിലവില്‍ 3 എക്‌സിബിഷന്‍ ഈ കൂട്ടായ്മയില്‍ നടന്നുകഴിഞ്ഞു.
''ഫാമിലിയുമായി ചുറ്റിപ്പറ്റി ഓരോരോ കമ്മിറ്റ്‌മെന്റുകളുള്ളവരാണ് പലപ്പോഴും സ്ത്രീകള്‍. അതുകൊണ്ടുതന്നെ ബി.ടെക് കുക്കുകളും എം.ബി.എ അമ്മമാരും മാത്രമായി നമ്മുടെ സ്ത്രീകള്‍ വീടിനുള്ളില്‍ ഒതുങ്ങിക്കൂടുകയായിരുന്നു. ഇനി എന്തെങ്കിലും സംരംഭം തുടങ്ങണമെങ്കിലോ അപ്പോഴും പുറത്തിറങ്ങണം. എന്താണ് ചെയ്യേണ്ടതെന്ന് ആര്‍ക്കും അറിയില്ല. കോവിഡ് കാലത്താണ് ബിസിനസ്സിന്റെ ഓണ്‍ലൈന്‍ സാധ്യതകളെ എല്ലാവരും തിരിച്ചറിഞ്ഞതെന്ന് മാത്രം. പല കുടുംബങ്ങളിലും ഭര്‍ത്താക്കന്മാര്‍ക്ക് ജോലി നഷ്ടമായി. രണ്ടു പേരും ഒരുമിച്ച് പെരുതിയാലേ അതിജീവിക്കാനാകൂ എന്ന് വന്നു. ആ ഒരു സമയത്ത് സംരംഭം തുടങ്ങിയ പലര്‍ക്കും കാര്യങ്ങള്‍ പോസിറ്റീവായിട്ടാണ് വന്നത്. മീഡിയ അത് വാര്‍ത്തയാക്കുകയും ചെയ്തു. അതോടെ കൂടുതല്‍ പേര്‍ മോട്ടിവേറ്റഡാകുകയും ഈ രംഗത്തേക്ക് ഇറങ്ങുകയും ചെയ്തു. മുമ്പും ഇതുപോലെ ചെറിയ ചെറിയ ബിസിനസ് ചെയ്ത സ്ത്രീകളുണ്ടായിരുന്നു. പക്ഷേ, അവരെ മോട്ടിവേറ്റ് ചെയ്യാനോ അവരില്‍നിന്ന് മോട്ടിവേഷന്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനോ ആരും ഉണ്ടായിരുന്നില്ല. ലോക്ക്ഡൗണില്‍ സാധനങ്ങളൊന്നും കിട്ടാതായപ്പോള്‍ ചെറിയ ചെറിയ സാധനങ്ങള്‍ വീട്ടിലുണ്ടാക്കിയാല്‍ അതിന് വിപണിസാധ്യതയുണ്ട് എന്ന് നമ്മുടെ പെണ്ണുങ്ങള്‍ തിരിച്ചറിഞ്ഞു.'
കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ബിസിനസ്സിലേക്കിറങ്ങിയ പല സ്ത്രീകളും ഇന്ന് ഓഫ്‌ലൈന്‍ ബിസിനസ്സിലേക്കും കാല്‍വെച്ചിരിക്കുകയാണ്. പലരും സ്വന്തമായി ഷോപ്പുകളും ഓഫീസുകളും എടുത്തുകഴിഞ്ഞു. പലപ്പോഴും സംരംഭ രംഗത്തേക്ക് സ്ത്രീകള്‍ ഇറങ്ങിയത് തനിച്ചാണ്. അതുകൊണ്ടുതന്നെ വധഭീഷണി വരെ നേരിട്ടവരുണ്ട്. എന്നാല്‍, കോവിഡാനന്തരം ഇത്തരം കൂട്ടായ്മകള്‍ കൂടി രൂപപ്പെട്ടുവരുന്നത് സ്ത്രീകളുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. ചുരുക്കത്തില്‍, കൈയിലുള്ള ഫോണില്‍ വെറുതെ കുത്തിയും തോണ്ടിയും ഇരുന്ന് സമയം കളയുകയല്ല നമ്മള്‍ പെണ്ണുങ്ങള്‍.