ഇസ്ലാമിലെ വിശ്വാസ, സ്വഭാവ, ആചാര കര്‍മങ്ങള്‍ സ്ത്രീ പുരുഷന്മാര്‍ക്ക് ഒരുപോലെ ബാധകമാണ്. സ്ത്രീകളുടെ പ്രകൃതി, മാനസികാവസ്ഥ എന്നിവ പരിഗണിച്ച് ചില കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് വിട്ടുവീഴ്ചയും ഇളവും നല്‍കിയിട്ടുണ്ട്. സത്കര്‍മം ചെയ്തവര്‍ക്കുളള പ്രതിഫല വാഗ്ദാനത്തില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തിയിട്ടില്ല. 'ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സത്കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്കു നല്‍കുകയും ചെയ്യും.'' (അന്നഹ് ല്‍ 97).
ഫര്‍ദ് നമസ്‌കാരം സംഘമായി പള്ളിയില്‍ വെച്ച് നമസ്‌കരിക്കണമെന്നാണ് ഇസ്ലാമിലെ നിയമം. അതിന് ഒറ്റക്ക് നമസ്‌കരിക്കുന്നതിനേക്കാള്‍ ഇരുപത്തിയേഴ് മടങ്ങ് പ്രതിഫലമുണ്ട്. മദീനയില്‍ നബി(സ) സ്ഥാപിച്ച പള്ളിയില്‍ അഞ്ചു നേരത്തെ നമസ്‌കാരത്തിന് സ്വഹാബിമാരെക്കൊണ്ട് നിറഞ്ഞിരുന്നു. അതില്‍ പങ്കുചേരാന്‍ പ്രവാചകനോടൊപ്പം വനിതകളും വന്നിരുന്നു. പ്രവാചകന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ അടിയാത്തികളെ അല്ലാഹുവിന്റെ പള്ളിയില്‍നിന്ന് നിങ്ങള്‍ തടയരുത്'' (ബുഖാരി, മുസ്ലിം). 'നിങ്ങളുടെ സ്ത്രീകള്‍ പള്ളിയില്‍ പോകാന്‍ രാത്രിയില്‍ അനുമതി ചോദിച്ചാല്‍ നിങ്ങള്‍ അവര്‍ക്ക് അനുമതി നല്‍കുക' (ബുഖാരി, മുസ്ലിം).
പ്രവാചകന്റെ കാലം മുതല്‍ ഇന്നുവരെയും ആ നില തുടര്‍ന്നുവരുന്നു. സ്ത്രീകള്‍ പള്ളിയില്‍ വരുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളും അവര്‍ ജമാഅത്തിന് എവിടെ നില്‍ക്കണമെന്നും അവര്‍ പിറകിലുണ്ടെങ്കില്‍ ഇമാം എപ്രകാരമാണ് എഴുന്നേറ്റ് പോവേണ്ടതെന്നും തുടങ്ങി നിരവധി കാര്യങ്ങള്‍ ഇതു സംബന്ധമായി നബി(സ) പഠിപ്പിച്ചിട്ടുണ്ട്. സാധാരണ ജമാഅത്തിന് മാത്രമല്ല, പ്രത്യേക നമസ്‌കാര വേളകളിലും (പെരുന്നാള്‍, ഗ്രഹണം) പ്രവാചകനോടൊപ്പം ജമാഅത്ത് നമസ്‌കാരത്തില്‍ സ്ത്രീകള്‍ പങ്കെടുത്തിട്ടുണ്ട്. പള്ളിയില്‍ നടന്ന ഗ്രഹണ നമസ്‌കാരത്തിന് അസ്മാഅ്(റ) പങ്കെടുത്തത് റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ഇങ്ങനെയാണ്:
'അസ്മാഅ്(റ) പറയുന്നു: പ്രവാചകന്റെ കാലത്ത് സൂര്യഗ്രഹണമുണ്ടായി. അപ്പോള്‍ പ്രവാചകന്‍ വെപ്രാളപ്പെട്ടു. വെപ്രാളത്താല്‍ തട്ടം മാറി അങ്കിയെടുത്തു. പിന്നീട് തട്ടം കിട്ടി. അവര്‍ പറയുന്നു: പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിച്ചു ഞാന്‍ പള്ളിയില്‍ പ്രവേശിച്ചു. അപ്പോള്‍ നബി(സ) നിന്നു നമസ്‌കരിക്കുകയായിരുന്നു. ഞാനും അദ്ദേഹത്തോടൊപ്പം നമസ്‌കരിക്കാന്‍ നിന്നു....'' (മുസ്ലിം).
ഗ്രഹണ നമസ്‌കാരത്തില്‍ പള്ളിയില്‍ സ്ത്രീകള്‍ പങ്കെടുത്തുവെന്ന് ഇതില്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു.
പള്ളിയില്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ വരുന്ന സ്ത്രീകള്‍ സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിക്കരുതെന്ന് നബി(സ) ഉണര്‍ത്തിയിട്ടുണ്ട്. തദടിസ്ഥാനത്തില്‍ പില്‍ക്കാലത്ത് കര്‍മശാസ്ത്രജ്ഞന്മാര്‍, പള്ളിയില്‍ സ്ത്രീകളുടെ പ്രവേശനം അംഗീകരിക്കുകയും ആവശ്യമായ നിബന്ധനകള്‍ വെക്കുകയും ചെയ്തു. ഇമാം ശാഫിഈ പറയുന്നു: 'മാറ്റംവന്ന ഗന്ധം ഒഴിവാക്കും വിധമുള്ള വൃത്തി അവര്‍ക്ക് (സ്ത്രീകള്‍ക്ക്) ഉണ്ടാകുന്നത് ഞാനിഷ്ടപ്പെടുന്നു. സുഗന്ധം പൂശലും, ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തിലുള്ള വെളുത്തതോ അതുപോലുള്ളതോ ആയ വസ്ത്രം അവര്‍ക്കുണ്ടാകുന്നതും ഞാന്‍ വെറുക്കുന്നു. ഇനി അവര്‍ സുഗന്ധം പൂശുകയും ഞാന്‍ വെറുക്കുന്ന കാര്യം ചെയ്യുകയും ചെയ്താലും നമസ്‌കാരം അവര്‍ മടക്കി നമസ്‌കരിക്കേണ്ടതില്ല.' 'സ്ത്രീകള്‍ പള്ളിയില്‍ വരണമെന്ന് ഉദ്ദേശിച്ചാല്‍ വെള്ളംകൊണ്ട് ശരീരം വൃത്തിയാക്കുക. സുഗന്ധം പൂശരുത്. ജനശ്രദ്ധയാകര്‍ഷിക്കുന്ന വസ്ത്രം ധരിക്കരുത്. ഈ പറഞ്ഞത് ''അല്ലാഹുവിന്റെ അടിയാത്തികളെ അല്ലാഹുവിന്റെ പള്ളിയില്‍നിന്ന് നിങ്ങള്‍ തടയരുത്. 'സുഗന്ധം പൂശാതെ അവര്‍ പുറപ്പെടട്ടെ' എന്ന നബി(സ)യുടെ വാക്കിന്റെ അടിസ്ഥാനത്തിലാണ്'' (ഇമാം നവവിയുടെ ശര്‍ഹുല്‍ മുഹദ്ദബ് 5:8).
സ്ത്രീകള്‍ക്ക് ജുമുഅയിലും പങ്കെടുക്കാം. മാലികി(റ)ല്‍നിന്ന്. 'പുരുഷന്മാരല്ലാത്തവര്‍ ജുമുഅയില്‍ അതിന്റെ ശ്രേഷ്ഠത ലഭിക്കണമെന്നാഗ്രഹിച്ച് പങ്കെടുക്കാന്‍ വരുന്നുവെങ്കില്‍ അവര്‍ കുളിക്കുകയും ജുമുഅയുടെ മറ്റു മര്യാദകള്‍ പാലിക്കുകയും ചെയ്യേണ്ടതാണ്' (ഫത്ഹുല്‍ ബാരി 1:385). 'സ്ത്രീകളും ജുമുഅയില്‍ പങ്കെടുക്കുന്നുവെങ്കില്‍ കുളിക്കണമെന്ന് ഇതില്‍നിന്ന് മനസ്സിലാകുന്നു' (ഫത്ഹുല്‍ ബാരി 2:92).
'ഒരു സ്ത്രീ അല്ലെങ്കില്‍ കുറെ സ്ത്രീകള്‍ മാത്രം പങ്കെടുത്താല്‍ അവള്‍ അല്ലെങ്കില്‍ അവര്‍ നബിചര്യയനുസരിച്ച് ഇമാമിന്റെ പിറകില്‍ നില്‍ക്കണം; അവര്‍ സ്വന്തക്കാരാണെങ്കിലും'' (തുഹ്ഫ 3:36).
'ഇമാമിന്റെ പിറകില്‍ പുരുഷന്മാര്‍, പിന്നെ കുട്ടികള്‍, പിന്നെ സ്ത്രീകള്‍ എന്ന ക്രമത്തില്‍ നില്‍ക്കണം' (ഫത്ഹുല്‍ മുഈന്‍). ഇതുപോലെ നിരവധി അഭിപ്രായങ്ങള്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ പള്ളിയില്‍ നമസ്‌കാരത്തില്‍ പങ്കെടുക്കരുതെന്ന് പൂര്‍വിക പണ്ഡിതമാരാരും പറഞ്ഞിട്ടില്ല.
അജ്ഞാനകാലത്ത് സ്ത്രീകള്‍ക്ക് 'മറ' കുറവായിരുന്നു. ഇസ്ലാമിന്റെ തുടക്കത്തിലും അത്് തുടര്‍ന്നു. പ്രവാചക പത്‌നിമാരും മറ്റു മുസ്ലിം സ്ത്രീകളും ഒരുപോലെയാണ് പുരുഷന്മാരോട് സംസാരിച്ചിരുന്നത്. ഇതില്‍ കൃത്യമായ മാനദണ്ഡം നിശ്ചയിച്ച് അല്ലാഹുവിന്റെ വചനമിറങ്ങി:
'നിങ്ങള്‍ അവരോട് (പ്രവാചക പത്‌നിമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍, മറയുടെ പിന്നില്‍നിന്ന് ചോദിച്ചു കൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്'' (അല്‍അഹ്‌സാബ്:53).
സ്ത്രീകള്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ കാലുകളില്‍ ആഭരണമണിഞ്ഞിട്ടുണ്ടെങ്കില്‍ അത് കിലുക്കരുതെന്നും, പ്രത്യേകം പറഞ്ഞവരുടെ മുമ്പിലല്ലാതെ അവരുടെ സൗന്ദര്യം പ്രകടിപ്പിക്കരുതെന്നും ഉദ്‌ബോധിപ്പിച്ചുകൊണ്ടുള്ള ഖുര്‍ആന്‍ വചനമിറങ്ങി. സൂറത്തുന്നൂറിലെ മുപ്പത്തൊന്നാം വചനത്തിലാണ് ഈ കാര്യങ്ങള്‍ പഠിപ്പിക്കുന്നത്: ''നബിയേ, താങ്കളുടെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടണമെന്ന് പറയുക. അവര്‍ തിരിച്ചറിയപ്പെടാനും ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു' എന്ന മറ്റൊരു വചനവും ഇറങ്ങി.
ഈ ആയത്തുകളാണ് ഹിജാബിന്റെ ആയത്തുകള്‍. സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ വസ്ത്രധാരണ രീതി എങ്ങനെയായിരിക്കണമെന്നാണ് ഈ ആയത്തിലെ പ്രതിപാദ്യം. സൂറത്തുന്നൂറിലെ വചനത്തില്‍ പറഞ്ഞതു പോലെയുള്ള പര്‍ദ കുടുംബാംഗങ്ങള്‍ക്കു മുമ്പില്‍ ആവശ്യമില്ല. സ്ത്രീകള്‍ പുറത്തിറങ്ങല്‍ നിഷിദ്ധമാണെങ്കില്‍ ഈ നിര്‍ദേശങ്ങളുടെ ആവശ്യം തന്നെ ഉദിക്കുന്നില്ല. പള്ളിയില്‍ പ്രവേശിക്കരുതെന്നോ ജുമുഅ ജമാഅത്തില്‍ പങ്കെടുക്കരുതെന്നോ ഈ വചനങ്ങളില്‍ സൂചന പോലുമില്ല. പ്രവാചകന്റെ മരണാനന്തരം പ്രവാചക പത്‌നിമാര്‍ മദീനയിലെ മസ്ജിദുന്നബവിയില്‍ പ്രവാചകന്റെ കാലത്തെന്നപോലെ 'ഇഅ്തികാഫ്' ഇരിക്കാറുണ്ടായിരുന്നുവെന്ന് സ്ഥിരപ്പെട്ട ഹദീസുകളിലുണ്ട്. ജുമുഅയും ജമാഅത്തും നടന്നിരുന്ന മസ്ജിദുന്നബവിയിലാണ് പ്രവാചക പത്‌നിമാര്‍ ഇതികാഫ് ഇരുന്നിരുന്നത്.
'തീര്‍ച്ചയായും സ്ത്രീകള്‍ ജുമുഅക്ക് പങ്കെടുക്കുകയും നമസ്‌കരിക്കുകയും ചെയ്താല്‍ അനുവദനീയമാകുമെന്നതില്‍ ഇജ്മാഅ് ഉണ്ടെന്ന് ഇബ്‌നുല്‍ മുന്‍ദിറും മറ്റും ഉദ്ധരിച്ചിട്ടുണ്ട്. നബി(സ) യുടെ പള്ളിയില്‍ നബി(സ)യുടെയും പുരുഷന്‍മാരുടെയും പിന്നില്‍ നിന്നുകൊണ്ട് സ്ത്രീകള്‍ നമസ്‌കരിച്ചിരുന്നു എന്നത് സ്വഹീഹായ ധാരാളം ഹദീസുകളാല്‍ സ്ഥിരപ്പെട്ടിട്ടുമുണ്ട്.
ആഇശ(റ) പറയുന്നത് കാണുക: ''വിശ്വാസിനികളായ സ്ത്രീകള്‍ നബിയുടെ കൂടെ പ്രഭാത (ഫജ്ര്!) നമസ്‌കാരത്തില്‍ മൂടുപടങ്ങള്‍ പുതച്ചുകൊണ്ട് പങ്കെടുത്തിരുന്നു. നമസ്‌കാരം കഴിഞ്ഞാല്‍ അവര്‍ വീടുകളിലേക്ക് തിരിച്ചു പോകും. ഇരുട്ടു കാരണം ആരും അവരെ തിരിച്ചറിഞ്ഞിരുന്നില്ല'' (ബുഖാരി: 578).
ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് പ്രസിദ്ധ പണ്ഡിതനായ ഇബ്‌നു ഹജരില്‍ അസ്ഖലാനി പറയുന്നു: ''രാത്രിയില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാന്‍ പള്ളികളിലേക്ക് സ്ത്രീകള്‍ പുറപ്പെട്ടുപോവല്‍ അനുവദനീയമാണെന്ന് ഈ ഹദീസില്‍നിന്ന് ഗ്രഹിക്കാം'' (ഫത്ഹുല്‍ ബാരി). ഇബ്‌നുഹജര്‍ (റ) ശാഫിഈ മദ്ഹബിലെ അറിയപ്പെട്ട പണ്ഡിതന്‍ കൂടിയാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇതേ ഹദീഥിനെ വിശദീകരിച്ചുകൊണ് രണ്ടാം ശാഫിഈ എന്ന പേരിലറിയപ്പെടുന്ന ഇമാം നവവി(റ) പറയുന്നത് കാണുക: ''സ്ത്രീകള്‍ പള്ളിയിലെ ജമാഅത്തുകള്‍ക്ക് പങ്കെടുക്കല്‍ അനുവദനീയമാണെന്ന് ഈ ഹദീസില്‍ നിന്നും ഗ്രഹിക്കാം'' (ശറഹു മുസ്ലിം).
ഇമാം നവവി തന്നെ തന്റെ ശറഹുല്‍ മുഹദ്ദബില്‍ ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കിയിട്ടുണ്ട്: ''ഇബ്‌നുല്‍ മുന്‍ദിറും മറ്റുള്ളവരും ഏകകണ്ഠമായി ഉദ്ധരിച്ചിരിക്കുന്നു: ഒരു സ്ത്രീ പള്ളിയില്‍ വന്ന് ജുമുഅ നമസ്‌കരിക്കുന്ന പക്ഷം അത് അനുവദനീയമാണ്. പുരുഷന്മാരുടെ പിന്നില്‍ നബിയുടെ പള്ളിയില്‍ നബിക്ക് പിറകിലായി സ്ത്രീകള്‍ നമസ്‌കരിച്ചിരുന്നു എന്നത് ധാരാളം സ്ഥിരപ്പെട്ട ഹദീസുകള്‍കൊണ്ട് തെളിഞ്ഞിട്ടുള്ളതാണ്'' (ശര്‍ഹുല്‍ മുഹദ്ദബ് 4:484).