വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിന്മുറക്കാരി ചക്കിപ്പറമ്പന്‍ മറിയുമ്മ
അമ്മ എവിടുന്നോ എങ്ങനെയോ സംഘടിപ്പിച്ചു തന്ന ഒരു ബ്ലൂ ബ്ലാക്ക് സ്‌പെല്ലിംഗ് ബുക്ക് നോക്കിയാണ് ഞാന്‍ അക്ഷരങ്ങളെ പരിചയപ്പെടുന്നതും പഠിച്ചെടുത്തതും എന്ന് ആത്മകഥയില്‍ എഴുതിയത് എബ്രഹാം ലിങ്കണാണ്. 'അഗ്‌നിച്ചിറകുകള്‍' എന്ന ആത്മക കഥാംശമുള്ള ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ഡോ. എ.പി.ജെ അബ്ദുല്‍ കലാം വളരെ സ്‌നേഹ വൈകാരികതയോടെ തന്റെ മാതാവിനെ ഇങ്ങനെ സ്മരിക്കുന്നു: അന്ന് രാത്രി പ്രാര്‍ഥിച്ചിരിക്കുന്ന ഉമ്മയുടെ മടിത്തട്ടില്‍ ഞാന്‍ വ്യഥയാല്‍ കിടക്കുകയായിരുന്നു. മാതാവിന്റെ കണ്ണുനീര്‍ പൊഴിച്ചുള്ള പ്രാര്‍ഥനയില്‍ എപ്പോഴോ രണ്ടിറ്റ് കണ്ണുനീര്‍ എന്റെ കാല്‍മുട്ടുകളില്‍ വീണു, ഞാന്‍ ഉണര്‍ന്നു! ഉമ്മാ നമുക്ക് കാണാം, ആ അന്ത്യനാളില്‍ ദൈവിക സന്നിധിയില്‍ വെച്ച്! എന്ന് പറഞ്ഞുവെക്കുന്നു കലാം. മഹാന്മാരായ പുത്രന്മാരെ രൂപാന്തരപ്പെടുത്തി എടുക്കുന്നതില്‍ അമ്മമാരുടെ പങ്കിനെ കുറിച്ച് ഒരുപാട് വായിക്കാനാകും. വീട്ടിലെ സ്ത്രീകളാണ് ഭക്ഷണം പാകം ചെയ്യുന്നതെങ്കിലും ആദ്യം കഴിക്കുന്നത് ആണുങ്ങളാണ്, അവര്‍ കഴിച്ചു കഴിഞ്ഞതിന് ശേഷം ഏറ്റവും അവസാനമാണ് സ്ത്രീകള്‍ ഭക്ഷണം കഴിക്കുന്നത്. പലപ്പോഴും അവര്‍ക്ക് ഭക്ഷണം ഇല്ലാതെ വരുമ്പോള്‍ ഉണക്ക കപ്പ പൊടിച്ച് പുട്ടുണ്ടാക്കിയാണ് അവര്‍ കഴിക്കുന്നത് എന്ന് മലയാളിയോട് പറഞ്ഞത് വൈക്കം മുഹമ്മദ് ബഷീറാണ്. ഒട്ടുമിക്ക മലയാളി വീടുകളിലെയും കുടുംബ വ്യവസ്ഥിതിയെയും സാമൂഹിക അധികാര ശ്രേണീകരണത്തിന്റെ രീതിശാസ്ത്രത്തെയും കുറിച്ചാണ് ബഷീര്‍ എഴുതിയത്.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിന്മുറക്കാരി ചക്കിപ്പറമ്പന്‍ മറിയുമ്മയുടെ ജീവിത ഇതിവൃത്തവും ത്യാഗപൂര്‍ണവും മാതൃകാപരവുമായിരുന്നു. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ പോരാട്ട പോര്‍മുഖങ്ങളിലായിരുന്നു അവരുടെ പൂര്‍വ പിതാക്കള്‍. കുഞ്ഞുങ്ങളുടെ സുരക്ഷയെ പ്രതി അവരുടെ രക്ഷിതാക്കളെ അരീക്കോട് മാതൃഭവനത്തിലേക്ക് കൊണ്ടുവന്നതാണ് അവരുടെ അമ്മാവനും വല്യുപ്പയും. പിന്നീട് വിവാഹ ബന്ധത്തിലൂടെ വേരുകള്‍ പടര്‍ന്നു പന്തലിച്ചു. മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ സന്തത സഹചാരിയും ഉറ്റ സുഹൃത്തും സഹപ്രഭാഷകനുമായിരുന്ന കെ.സി അബൂബക്കര്‍ മൗലവിയായിരുന്നു മറിയുമ്മയുടെ ജീവിത പങ്കാളി. അവരുടെ വീട്ടിലെ ആറ് പുരുഷന്മാരില്‍ അഞ്ച് പേരും പൊതുപ്രവര്‍ത്തകരാണ്. ബാപ്പ മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍. രാഷ്ട്രീയക്കാരന്റെ ഭാര്യ അര്‍ധ വിധവയാണെന്ന് മുമ്പ് ഡോ. എം.കെ മുനീര്‍ എഴുതിയിട്ടുണ്ട്. പത്ത് നാല്‍പത് കൊല്ലം മുമ്പ് പട്ടിണിക്കാലത്ത് പൊതുപ്രവര്‍ത്തനവും രാഷ്ട്രീയ ഇടപെടലുകളുമായി നടന്ന വീട്ടിലെ സ്ത്രീകള്‍ കുടുംബം പോറ്റാന്‍ അനുഭവിച്ച തീക്ഷ്ണമായ അതിജീവനത്തിന്റെ ഒരു പ്രതീകം മാത്രമാണ് മറിയുമ്മയുടെ ജീവിതം. പയര്‍ വിത്ത് മുളച്ചു പൊങ്ങുന്നതു പോലെ മുട്ട് കുത്തി നിവര്‍ന്ന് മണ്ണില്‍ വേരുറപ്പിച്ച് ആര്‍ജവത്തോടെ പടര്‍ന്ന് പന്തലിച്ചു തണലൊരുക്കുന്ന രീതിയിലായിരുന്നു അത്. ആ തണലിന്റെ ഊര്‍ജത്തിലാണ് ആണുങ്ങള്‍ പൊതുപ്രവര്‍ത്തനത്തില്‍ തിളങ്ങിയത്. രാത്രിയില്‍ വ്യത്യസ്ത സമയങ്ങളിലായി വൈകിയെത്തുന്ന മക്കള്‍ക്കും പ്രിയതമനും ഇടക്കിടെ ഉറക്കമുണര്‍ന്ന് വാതില്‍ തുറന്ന് കൊടുത്തും ഭക്ഷണം വിളമ്പിയും ഉറക്കം മുറുകാത്ത രാത്രികള്‍. വീട് വിട്ട് സ്റ്റേജിലും പേജിലും ജീവിക്കുന്ന ഭര്‍ത്താവിന്റെ അഭാവത്തില്‍ മക്കളെ പോറ്റുന്ന സാഹസം ആര്‍ജവത്തോടെ ചെയ്തു തീര്‍ത്തു മറിയുമ്മ. അരിയും പൊടിയുമൊക്കെ തീര്‍ന്ന നാളില്‍ ഉണക്ക കപ്പ ഇടിച്ച് പൊടിച്ച് പത്തിരിയും പുട്ടും ഉണ്ടാക്കി തേനും കൂട്ടി മക്കള്‍ക്ക് നല്‍കിയ ഒരുപാട് നാളുകള്‍.
പ്രിയതമന്‍ മൗലവി, വീട്ടില്‍ നിന്ന് പോയിട്ട് ഒരുപാട് നാളുകളായി. അടുത്ത പ്രദേശത്ത് ഒരു രാഷ്ട്രീയ പ്രസംഗത്തിന് വരുന്നതിന്റെ വാര്‍ത്ത പത്രത്തില്‍ കണ്ടു. ബാല്യ പ്രായത്തിലുള്ള മൂത്ത പുത്രന്‍ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ബാപ്പയെ തെരഞ്ഞ് പോയി. സ്റ്റേജിലിരിക്കുന്ന പിതാവിനെ കണ്ടപ്പോള്‍ കുട്ടി വേദിയിലേക്ക് കയറിച്ചെന്നു 'ബാപ്പേ, ഉമ്മ ഇങ്ങളോട് വീട്ടിലേക്ക് വരാന്‍ പറഞ്ഞിട്ടുണ്ട്.' മകന്റെ സംസാരം ശ്രദ്ധയില്‍ പെട്ട സി.എച്ച് മുഹമ്മദ് കോയ കെ.സിയെ നിര്‍ബന്ധിച്ച് വീട്ടിലേക്ക് പറഞ്ഞയച്ചു.
ചക്കിപ്പറമ്പന്‍ മറിയുമ്മ അവരുടെ പൂര്‍വ പിതാക്കളുടെ ജനിതക ഗുണം രക്തത്തില്‍ സൂക്ഷിച്ച ഉമ്മയായിരുന്നു. അവര്‍ പാചകം ചെയ്ത് വിളമ്പിക്കൊടുത്ത ഭക്ഷണം കഴിക്കാത്ത ഫഖീറുമാര്‍ അന്ന് നാട്ടില്‍ ഉണ്ടാവില്ല എന്നുതന്നെ പറയാം. സര്‍വേശ്വരന്‍ നല്‍കിയ അനുഗ്രഹത്തെ മൂടിവെച്ച് സ്വന്തമായി അനുഭവിച്ച് തീര്‍ക്കുന്നതിന് പകരം മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്നു നല്‍കി സുകൃതം നിറച്ചു. അന്നത്തെ പട്ടിണിക്കാലത്ത് എല്ലാ ദിവസവും വീട്ടില്‍ അതിഥികളുണ്ടാകും. അവരെയൊക്കെ മാന്യമായി സല്‍ക്കരിച്ച് വിട്ടു. ഏറ്റവും വലിയ ദൈവിക ആരാധന വിശക്കുന്നവന്/അനാഥന് ഭക്ഷണം നല്‍കലാണെന്ന പ്രവാചക അധ്യാപനത്തെ ജീവിതത്തില്‍ പകര്‍ത്തിയവരാണവര്‍. അരിക്കും മരുന്നിനും മക്കളെ കെട്ടിച്ചയക്കാനും മറ്റും ആരുമറിയാതെ ആളുകളെ സഹായിച്ചു.
പൊതുപ്രവര്‍ത്തനവുമായി നടക്കുന്നതിനിടയില്‍ സ്വന്തം ജീവിതം മറന്നുപോകുന്നിടത്ത് അവരുടെ കുടുംബത്തിന്റെ ജീവിതം തുന്നിച്ചേര്‍ത്തത് മറിയുമ്മാത്ത ആയിരുന്നു. കുറി ചേര്‍ന്നും നാണയത്തുട്ടുകള്‍ സ്വരുക്കൂട്ടിയും എടുത്തുവെച്ച പണമുയോഗിച്ച് പറമ്പ് വാങ്ങിയും മറ്റും കുടുംബത്തിന്റെ നിര്‍വചനത്തിന് പ്രൗഢിയേകി. കഴിഞ്ഞ ജൂലൈ മാസത്തില്‍ സര്‍വശക്തന്റെ വിളിക്കുത്തരമേകി അവര്‍ എന്നന്നേക്കുമായി യാത്രയായി.