തന്റെ ഒരു അടിമ മരണപ്പെട്ടു എന്ന് കേട്ടപ്പോള്‍ സല്ലാമുബ്‌നു മശ്കമിന് വല്ലാത്ത അരിശമുണ്ടായി. അയാള്‍ ഞെരിപിരികൊള്ളാനും മുറുമുറുക്കാനും തുടങ്ങി. ഭാര്യ സൈനബ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു: 'അതിന് മാത്രം എന്താണുണ്ടായത്? ഒരു ആട് ചത്തെന്ന് കരുതിയാല്‍ പോരേ? അത്രയല്ലേയുള്ളൂ? അതോര്‍ത്ത് നിങ്ങള്‍ തല പുണ്ണാക്കേണ്ട കാര്യമില്ല.''
സല്ലാം പറഞ്ഞു: 'അടിമയാണ്. ഒരു വിലയുമില്ല. നഷ്ടം വളരെ തുഛം. ഒക്കെ ശരി. പക്ഷേ, അവന്‍ എങ്ങനെ ഇത്ര പെട്ടെന്ന്, തികച്ചും യാദൃഛികമായി....? നേരത്തെ ഒരു രോഗവുമില്ലാത്തവന്‍ വഴിയില്‍ വീണ് പിടഞ്ഞു മരിക്കുക!''
''അതിലെന്താണ്? മരണത്തിന് അങ്ങനെ കാലവും നേരവും ഒന്നുമില്ലല്ലോ. ചിലപ്പോള്‍ വഴിയില്‍ വെച്ച് പാമ്പ് കടിച്ചിട്ടുണ്ടാവും. മിനുറ്റുകള്‍ക്കകം കഥയും തീര്‍ന്നിട്ടുണ്ടാവും.''
'എന്നാലും അതിന്റെ പിന്നില്‍ എന്തോ രഹസ്യമില്ലേ?''
''എന്തു രഹസ്യം? ഈ അടിമകളുടെ കാര്യത്തിലൊക്കെ എന്ത് രഹസ്യം ഉണ്ടാവാനാണ്‍''
''മരിച്ച അടിമയെക്കുറിച്ച് എനിക്കങ്ങനെ കൃത്യമായ വിവരമൊന്നുമില്ല. പക്ഷെ, കുറച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്.''
അവള്‍ക്ക് ശുണ്ഠി വരുന്നുണ്ടായിരുന്നു.
''അതൊക്കെ വിട്ടുകള. ആലോചിക്കാനായി എന്തെല്ലാം വലിയ കാര്യങ്ങള്‍ കിടക്കുന്നു...''
അയാള്‍ ചുമല്‍ കുലുക്കി ദുഃഖത്തോടെയാണ് മറുപടി പറഞ്ഞത്.
''പെട്ടെന്നുള്ള മരണം... പകര്‍ച്ച വ്യാധിയോ മറ്റോ ആയിക്കൂടെന്നുണ്ടോ? വ്യാധി വരുന്നത് എന്റെ വീട്ടില്‍നിന്ന് തന്നെയാവുമോ? ഊഹം ശരിയാണെങ്കില്‍ നമ്മള്‍ ഏത് നിമിഷവും മരിച്ചുവീഴാം. ഇത് ഗുരുതരമല്ലെന്ന് പറയാന്‍ പറ്റുമോ?''
അവള്‍ നിഷേധാര്‍ഥത്തില്‍ തലയാട്ടി.
''ഓ, മനസ്സിലായി. അതോര്‍ത്ത് വിഷമിക്കേണ്ട. താങ്കള്‍ നമ്മുടെ ഭാവിയെക്കുറിച്ച് ആലോചിക്ക്. അടിമ മരിച്ചത് വിഷം തീണ്ടിയാണ്, അത് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരാം.''
''അതിനാണ് സാധ്യത കൂടുതല്‍. കൊടും വിഷമുള്ള പാമ്പ് അവനെ കടിച്ചിരിക്കാം.''
അവള്‍ ഉള്ളാലെ ചിരിച്ചു. പിന്നെ അയാളോട് ചേര്‍ന്നുനിന്നു.
''എന്തൊരു തരം പാമ്പാണ്‍''
സല്ലാമുബ്‌നു മശ്കമിന് അധികം വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ സമയമില്ല.
''ശരി. ഞാന്‍ കനാനത്ത് ബ്‌നു റബീഇന്റെ അടുക്കലേക്ക് പോവുകയാണ്. എന്തോ ഒരു ദുഃസ്വപ്നം കണ്ടതായി തോന്നി. അത് കുടഞ്ഞു കളയണമല്ലോ. ഏതായാലും വലിയ ആളുകള്‍ക്കിടയിലിരുന്നു വലിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ നിസ്സാര വിഷയങ്ങളൊക്കെ ഇല്ലാതായിപ്പോകും.''
''സല്ലാം, വലിയ കാര്യങ്ങള്‍ തലയിലേക്ക് വരുമ്പോള്‍ അല്‍പം അസ്വസ്ഥതയൊക്കെ ഉണ്ടാവും.''
ഭര്‍ത്താവ് സ്ഥലം വിടേണ്ട താമസം അവളുടെ മട്ടും ഭാവവും മാറി. കണ്ണുകളില്‍ രോഷത്തിന്റെ അഗ്‌നിജ്വാലകള്‍. ശരീരം വിറ പൂണ്ടു. നില്‍ക്കണമോ ഇരിക്കണമോ എന്നറിയില്ല. അരിശമടക്കാനാവാതെ തലമുടി കോര്‍ത്തു വലിച്ചു. പല്ലിറുമ്മി: ''ആ അസത്ത് ഇന്നലെ വന്നില്ല. തോട്ടത്തില്‍, ആ ഏകാന്ത നിശ്ശബ്ദ ഇരുട്ടില്‍, പേടിയോടെ ഞാനവനെ കാത്തിരുന്നത് എത്ര നേരമാണ്‍ പക്ഷെ, അവന്‍ വന്നില്ല. എന്തൊരു ദുന്‍യാവാണിത്. ഞാനവനെ കാത്ത് കാത്ത് പൊള്ളി നില്‍ക്കുന്നു. പക്ഷെ, അവന്‍ വരുന്നില്ല. ഞാന്‍ ആരാണെന്ന് ആ വൃത്തികെട്ടവന് അറിഞ്ഞുകൂടേ? ചമ്മട്ടി കൊണ്ട് അവന്റെ പുറം പൊളിക്കാന്‍ എനിക്കാരുടെയും സമ്മതം വേണ്ട. അവന്റെ ചോര കൊണ്ട് ആറാട്ട് നടത്തും ഞാന്‍....''
പിന്നെ ഉച്ചത്തില്‍ അലറി.
''ഫഹദ്, എടാ ഫഹദ്... താന്‍ എവിടെപ്പോയി കിടക്കുന്നു?''
അവള്‍ക്ക് ഭൂമി തന്നെയുംകൊണ്ട് കറങ്ങുന്നതായി തോന്നി. പ്രതീക്ഷ തകര്‍ന്നത് അവളെ കണ്ണുകളില്‍നിന്ന് തീപ്പൊരി ചിതറുന്ന ഒരുതരം ഉഗ്രമൂര്‍ത്തിയാക്കി മാറ്റിയിരുന്നു. കൈകള്‍ വിറക്കുന്നുണ്ട്. അപ്പോഴാണ് അവന്‍, ഫഹദ് അവളുടെ മുന്നിലേക്ക് വരുന്നത്.
അവള്‍ അലറി.
'നീ എവിടെയായിരുന്നു ഇന്നലെ?''
''യജമാനത്തീ, എനിക്ക് പേടിയായിരുന്നു.''
'ശപിക്കപ്പെട്ടവനേ, അടിമക്ക് എന്ത് പേടി? ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍, മറ്റൊന്നും ചിന്തിക്കരുത്, പറഞ്ഞത് പോലെ ചെയ്തിരിക്കണം.''
ഫഹദ് നിന്ന് വിറച്ചു.
''എനിക്ക് യജമാനനെ ഭയമാണ്. അദ്ദേഹത്തെ നേരെ നോക്കാന്‍ പോലും എനിക്ക് കഴിയില്ല. എന്റെ മനസ്സ് വായിക്കാന്‍ കഴിയുന്ന ആളാണ് അദ്ദേഹം എന്നും തോന്നാറുണ്ട്. അദൃശ്യങ്ങള്‍ വായിച്ചെടുക്കാന്‍ കഴിവുണ്ടെന്ന് തോന്നും. എടാ വഞ്ചകാ, ഭീരൂ എന്ന് അദ്ദേഹം അലറുന്നതായി സ്വപ്നത്തില്‍ കാണുന്നു. ഞാന്‍ ഞെട്ടിയുണരുന്നു.''
സൈനബ് ഭ്രാന്ത് കേറിയ പോലെ പൊട്ടിച്ചിരിച്ചു...
''ഞാന്‍ നിന്റെ യജമാനനേക്കാള്‍ ശക്തയാണ്.''
''നിങ്ങള്‍ എന്റെ പേടി കേറ്റുകയാണ്.''
''നീയും നിന്റെ നാശം പിടിച്ച ചിന്തകളും! എടോ, വിഡ്ഢീ, ശക്തി എന്ന് പറഞ്ഞാല്‍ താടി, മീശ രോമങ്ങളോ വാളുകളോ പരുക്കന്‍ ഒച്ചയോ ഒന്നുമല്ല.''
''അടിയന്‍''
''ഇന്ന് വൈകുന്നേരം നീ വന്നില്ലെങ്കില്‍, പറഞ്ഞേക്കാം, നാളത്തെ സൂര്യോദയം നീ കാണില്ല.''
ഭയന്ന് വിറച്ചാണെങ്കിലും അവന്‍ പറഞ്ഞൊപ്പിച്ചു.
''യജമാനത്തിയുടെ ഈ പരുക്കത്തരവും ഇടിവെട്ടലും ഭ്രാന്തും ഒക്കെ എനിക്ക് ഇഷ്ടമാണ്.''
സൈനബ് തൃപ്തിയോടെ ചിരിച്ചു.
''വാക്കുകള്‍ തെരഞ്ഞെടുത്ത് പ്രയോഗിക്കാന്‍ തനിക്ക് അറിയാം. നാളെ നീ മുഹമ്മദിന്റെ അടുത്തേക്ക് പോവുകയാണ്. ഇന്ന് രാത്രി നമുക്ക് ആഘോഷിക്കണം. നിനക്ക് വേണ്ടതെല്ലാം ഞാന്‍ നല്‍കും. യസ്‌രിബിലേക്കുള്ള ദീര്‍ഘയാത്രയില്‍ അത് നിനക്ക് വഴിഭക്ഷണമാകും. ഒരു മഹദ് കര്‍മത്തിനാണ് നീ ഒരുങ്ങിപ്പുറപ്പെടുന്നത്. അറേബ്യന്‍ ഉപദ്വീപിന്റെ സുദീര്‍ഘ ചരിത്രത്തിലെ ഏറ്റവും ശക്തവും അപകടകാരിയുമായ ഒരാളെ വകവരുത്താന്‍... മഹദ് കൃത്യങ്ങള്‍ മഹാന്മാര്‍ക്കേ ചെയ്യാനാവൂ. ആ മഹദ് കൃത്യം നീ ചെയ്താല്‍ നിന്റെ തൊലിക്കറുപ്പും അടിമത്വവുമൊന്നും പ്രശ്‌നമാകില്ല, നീ മഹാന്മാരിലൊരാളാകും. ദിവസങ്ങള്‍ക്കകം എല്ലാം മാറിമറിയാന്‍ പോവുകയാണ്. അറേബ്യയുടെ തലങ്ങും വിലങ്ങും ആളുകള്‍ ചൂണ്ടിപ്പറയുന്ന അശ്വജേതാവാകാന്‍ പോകുന്നു നീ.''
ഇതുപോലുള്ള വാക്കുകള്‍ കുത്തിയൊഴുക്കി അവള്‍ ഫഹദിന്റെ ചെവികള്‍ നിറച്ചു. പറയുന്ന വാക്കുകളുടെ അര്‍ഥവും പൊരുളും ചിന്തിക്കാനുള്ള അവസരം പോലും നല്‍കിയില്ല. അവന്‍ കേള്‍ക്കാന്‍ കൊതിച്ചതെല്ലാം അവള്‍ ധാരാളമായി ചൊരിഞ്ഞുകൊണ്ടിരുന്നു. അവന്റെ വ്യാമോഹങ്ങളെ അവള്‍ ഉണര്‍ത്തി വിട്ടു. ഇപ്പോള്‍ അവന്റെ ചിന്തയെയും ശരീരത്തെയും ആത്മാവിനെത്തന്നെയും അവള്‍ക്ക് നിയന്ത്രിക്കാം. പൂര്‍ണമായ കീഴടങ്ങല്‍. ഇനി അവള്‍ എന്ത് പറഞ്ഞാലും അവന്‍ അനുസരിച്ചിരിക്കും. അവന്റെ ഉറക്കിലും ഉണര്‍ച്ചയിലും അവള്‍ നിറഞ്ഞുനില്‍ക്കുകയാണ്.
വികാരമടങ്ങിയ ശാന്തതയോടെ അവള്‍ തന്റെ മനസ്സ് തുറന്നു.
''നാളെ ആളുകള്‍ പറയും. ഹാരിസിന്റെ മകള്‍ സൈനബ് ജൂത സമൂഹത്തെ അവരുടെ തട്ടിമാറ്റാനാവാത്ത വിധിയില്‍നിന്ന് രക്ഷിച്ചു. അവര്‍ക്ക് വേണ്ടി അന്തസ്സിന്റെ വീരഗാഥ എഴുതി. മുഹമ്മദ് വിതച്ച ഭീതിയില്‍നിന്ന് അറേബ്യയെ മോചിപ്പിക്കുകയും ചെയ്തു.''
പിന്നെ ഫഹദിനോടായി:
''നീ പോയി ആ അസുലഭ രാത്രിക്ക് വേണ്ടി ഒരുങ്ങ്.''
അവന്‍ രണ്ടടി വെച്ചതും അവള്‍ പറഞ്ഞു: ''നില്‍ക്ക്'' പിന്നെ അവന്റെ അടുത്തേക്ക് നടന്നുചെന്നു.
''ഖൈബറിലെ നമ്മുടെ പുരോഹിതന്മാര്‍, യുദ്ധപ്രഭുക്കള്‍ അവര്‍ക്കൊന്നും ഒരു ചുക്കും ചെയ്യാന്‍ കഴിഞ്ഞില്ല. അവര്‍ യോഗം വിളിക്കും, കിസ്‌റയുമായും ഖൈസറുമായും ഗത് ഫാനുമായും ഖുറൈശുമായും ബന്ധപ്പെടും. അങ്ങനെ സ്വയം ചടപ്പിക്കും. തങ്ങളീ പാടുപെടുന്നതൊക്കെ എന്നെപ്പോലുള്ള ഒരൊറ്റ സ്ത്രീക്ക് കഴിയുമെന്ന് ഒരു കാലത്തും അവര്‍ക്ക് ബോധ്യപ്പെടുകയില്ല.''
പിന്നെ ഫഹദ് പറഞ്ഞത് അവള്‍ക്ക് മുഖത്തടിയേറ്റതു പോലെയായി.
''യജമാനത്തീ, അവര്‍ പറയുന്നത് മുഹമ്മദിന് ഗൂഢാലോചന മണത്തറിയാനുള്ള കഴിവുണ്ടെന്നാണ്... പിന്നെ ചുറ്റുമായി പിഴവ് പറ്റാത്ത പടയാളികളും.''
അവള്‍ ഈര്‍ഷ്യത്തോടെ ചിരിച്ചു.
''മുഹമ്മദിനെ കൊല്ലണമെങ്കില്‍ നീയാദ്യം നിന്റെ തലക്കകത്ത് കൂടുകൂട്ടിയ മിഥ്യാധാരണയെ കൊല്ലണം. മനസ്സിലായോ?''
''ഇല്ല.''
''നോക്ക്, ആളുകള്‍ പല നുണകളും കെട്ടുകഥകളും പറയും. പിന്നെ എല്ലാവരും ചേര്‍ന്ന് അവയങ്ങ് വിശ്വസിക്കും. മുഹമ്മദ് മറ്റേതൊരു മനുഷ്യനെയും പോലെയാണ്. ബുദ്ധിയും തന്ത്രവും ഒരാളെയും വിധിയില്‍നിന്ന് രക്ഷപ്പെടുത്തില്ല. ഇപ്പോള്‍ മനസ്സിലായോ?''
''അദ്ദേഹം നബിയല്ലേ?''
''ആയിരുന്നെങ്കില്‍ ഈ പെടാപാടൊക്കെ പിന്നെ എന്തിനാണ്‍.... നബി ഇസ്രായേല്‍ സമൂഹത്തിലേ ജനിക്കൂ. ചുരുങ്ങിയത്, ബനൂ ഇസ്രാഈലിന്റെ വിശ്വാസാചാരങ്ങള്‍ പിന്തുടരുന്ന സമൂഹമെങ്കിലും ആകണം. യഹൂദനസാറാക്കളുടെ മുഴുവന്‍ സ്വപ്നങ്ങളെയും തകര്‍ത്തിടുകയല്ലേ മുഹമ്മദ് ചെയ്തത്? മുഴുവന്‍ സത്യവും മുഹമ്മദിന്റെ പക്ഷത്താണത്രെ. നബിയായിരുന്നെങ്കില്‍ ഇത്രയധികം വര്‍ഷങ്ങള്‍ തന്റെയും അനുയായികളുടെയും ജീവിതം സുരക്ഷിതമാക്കാന്‍ ഇത്ര ക്ലേശിക്കേണ്ടി വരുമായിരുന്നോ? ദൈവത്തിന് വേണമെങ്കില്‍ നിമിഷനേരം കൊണ്ട് വിജയവും ആധിപത്യവും നല്‍കാമായിരുന്നില്ലേ?... ങാ.... ഇതൊന്നും നീ ആലോചിക്കാന്‍ നില്‍ക്കണ്ട. ഞാന്‍ പറയുന്നത് ചെയ്താല്‍ മതി. വലിയ ദൗത്യമാണ് നീ ഏറ്റെടുത്തിരിക്കുന്നത്. അത്തരമൊരു ദൗത്യത്തിന് ഇറങ്ങുമ്പോള്‍ മനസ്സില്‍ ഒരു തരി സംശയമോ ആശങ്കയോ ഉണ്ടാവാന്‍ പാടില്ല. അധിക ചിന്തയും സംശയവും പരാജയത്തിലെത്തിക്കും. അതിനാല്‍ മനസ്സുറപ്പിക്ക്. ലവലേശം ചാഞ്ചല്യമില്ലാതെ ചെല്ലണം. ഹര്‍ബിന്റെ മകന്‍ വഹ്ശി ചെയ്തതുപോലെ. അടിമയായിരുന്ന വഹ്ശി ഇപ്പോള്‍ ആരാ? മക്കയിലെ പ്രമാണിമാരില്‍ ഒരാള്‍! വഹ്ശിയുടെ പേര് അറേബ്യ മുഴുവന്‍ മുഴങ്ങുന്നു. മനസ്സിലാകുന്നുണ്ടോ? ഇന്ന് രാത്രി ജീവിതത്തിന്റെ സുഖാനന്ദങ്ങളില്‍ നീ ആറാടും. നീയൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത അത്ഭുതലോകമാണ് ഞാന്‍ നിന്റെ മുമ്പില്‍ തുറന്നിടാന്‍ പോകുന്നത്. നീ ഇതുവരെ യജമാനന്മാരുടെ ആട്ടും തുപ്പുമേറ്റ അടിമ ജീവിതമേ ജീവിച്ചിട്ടുള്ളൂ.. ഇത് യജമാനനാകാനുള്ള അവസരമാണ്... ഇന്ന് രാത്രി നമുക്ക് വിട പറച്ചിലിന്റെ രാത്രിയാണ്. നീ നാളെ പോകുന്ന വിവരം എന്റെ ഭര്‍ത്താവ് സല്ലാമിന് അറിയാം. അദ്ദേഹത്തിനും നിന്നെ ഗോത്രപ്രമുഖന്‍ കിനാനത്തുബ്‌നു റബീഇനെക്കാള്‍ ഇഷ്ടമായിരിക്കുന്നു. ഇത് ആയുസ്സിലെ അവസരമാണ്. ഇന്നത്തെ രാത്രി പോലെ ഇനിയൊരു രാത്രി ഉണ്ടാകാന്‍ പോണില്ല. രാഷ്ട്രീയ, പ്രണയ കലകളില്‍ വൈഭവം തെളിയിച്ച ഒരുത്തിയിതാ...''
ഫഹദിന്റെ തലകറങ്ങി, നോട്ടം തെറ്റി, ഉള്ളിലെന്തോ പൊട്ടിത്തെറിക്കും പോലെ തോന്നി.
'യജമാനത്തീ, എന്റെ തലയിപ്പോ ചിതറിത്തെറിക്കും.''
''പാവം. എടോ, താന്‍ പോയി കുറച്ച് വിശ്രമിക്ക്. അതിന്റെ കുറവാണ്. ചെല്ല്.''
(തുടരും)