ഇല്ലാത്ത കാര്യങ്ങളോര്‍ത്ത് സമയം കളയരുതേ...
മെഹദ് മഖ്ബൂല്‍
November 2022
സ്വന്തം കഴിവുകള്‍ കണ്ടെത്തുകയും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിലൂടെ തങ്ങളുടേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് വിജയികള്‍.
അന്ന് മഴയുള്ള ദിവസമായിരുന്നു. കാട്ടില്‍ നൃത്തം ചെയ്യുകയായിരുന്നു ഒരു മയില്‍. അന്നേരമാണ് ഒരു രാപ്പാടി പാടുന്നത് കേട്ടത്. എന്ത് മനോഹരമായ ശബ്ദം. മയിലിന് അത് കേട്ടപ്പോള്‍ പാടാന്‍ തോന്നി. എന്നാല്‍ മയിലിന്റേത് പരുക്കന്‍ ശബ്ദമായിരുന്നു. രാപ്പാടിയുടെ ശബ്ദം എന്ത് സുന്ദരമാണ്, തന്റേതെന്താ ഇങ്ങനെ ആയിപ്പോയതെന്ന് മയില്‍ സങ്കടപ്പെട്ടു, ആകെ നിരാശയായി. അന്നേരമാണ് ചിഞ്ചു കുരങ്ങന്‍ വരുന്നത്.
മയിലിന്റെ നില്‍പും സങ്കടവും കണ്ടപ്പോള്‍ ചിഞ്ചുവിന് എന്തോ പന്തികേടു തോന്നി.
അവന്‍ മയിലിനോട് കാര്യമന്വേഷിച്ചു. അപ്പോഴാണ് തന്റെ ശബ്ദത്തിന്റെ കാര്യം മയില്‍ ചിഞ്ചുവിനോട് പറഞ്ഞത്.
അതു കേട്ടപ്പോള്‍ ചിഞ്ചു കുരങ്ങന്‍ ചിരിച്ചു:
'എന്റെ പൊന്നു സുഹൃത്തേ.. നിന്റെ ഭംഗിയാര്‍ന്ന മയില്‍പീലി കണ്ട് അസൂയപ്പെടാത്ത ഒരാളും ഈ കാട്ടിലില്ല. എന്നിട്ട് നല്ല ശബ്ദമില്ലാ എന്നും പറഞ്ഞ് നീ സങ്കടപ്പെട്ടിരിക്കുന്നു. നിനക്ക് ലഭിച്ച കാര്യങ്ങളെ കുറിച്ച് സന്തോഷം തോന്നാത്തതെന്താണ്...''
ചിഞ്ചുവിന്റെ സംസാരം മയിലിന്റെ കണ്ണ് തുറപ്പിച്ചു.
ഈ കഥ നമ്മെ ഒരുപാട് പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ടല്ലേ. അധിക പേരും തനിക്ക് ഇല്ലാത്ത കാര്യങ്ങളെ കുറിച്ചോര്‍ത്ത് സങ്കടപ്പെടുകയാണ് പതിവ്.
ചില കാര്യങ്ങളെ കുറിച്ച് സങ്കടപ്പെട്ടിട്ട് യാതൊരു കാര്യവുമില്ല.
എനിക്ക് നല്ല ശബ്ദമില്ല, എനിക്ക് പൊക്കമില്ല, എന്റെ നിറം ഇങ്ങനെയായിപ്പോയി... എന്നെല്ലാം സങ്കടപ്പെടുന്നവരുണ്ട്. മനുഷ്യരെന്നാല്‍ പല നിറവും പല വലുപ്പവുമുള്ളവരാണ്. അതൊന്നും മോശമായ കാര്യങ്ങളല്ല. ഇത്തരം വൈവിധ്യങ്ങളാണ് മനുഷ്യരുടെ സൗന്ദര്യം.
അതുപോലെ ചിലര്‍ക്ക് പാടാന്‍ കഴിയും. മറ്റു ചിലര്‍ക്ക് ചിത്രം വരക്കാന്‍ കഴിയും. അങ്ങനെ പല തരം കഴിവുകള്‍. സ്വന്തം കഴിവുകള്‍ കണ്ടെത്തുകയും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്താല്‍ ഓരോരുത്തര്‍ക്കും അവരുടേതായ ഇടം കണ്ടെത്താന്‍ കഴിയും.
ആളുകള്‍ മയില്‍പീലിയെ കുറിച്ച് പുകഴ്ത്തുമ്പോള്‍ തന്റെ വിരൂപമായ കാലുകളെ നോക്കി മയില്‍ സങ്കടപ്പെടുന്നു എന്ന മൊഴി പ്രചാരത്തിലുണ്ട്.
സ്വന്തത്തെ കുറിച്ച് മതിപ്പുണ്ടാവുകയാണ് വേണ്ടത്. ജീവിതത്തെ നല്ല ശീലങ്ങളാല്‍ ക്രമപ്പെടുത്തിയാല്‍ ആര്‍ക്കും മതിപ്പ് തോന്നും വിധം നമ്മളും ക്രമപ്പെടും. ഏത് ഉയരവും എത്തിപ്പിടിക്കാനും പറ്റും.
കൂട്ടുകാര്‍ നിക്കോളാസ് ജെയിംസ് വുജിസികിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ആസ്‌ത്രേലിയക്കാരനാണ് നിക്. കൈകളും കാലുകളും ജനിക്കുമ്പോള്‍ തന്നെ ഇല്ലായിരുന്നു നികിന്. പെട്രാ അമീലിയാ സിന്‍ഡ്രം എന്ന അത്യപൂര്‍വ രോഗമാണ് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മറ്റുള്ളവരുടെ സഹായമില്ലാതെ ഒന്നും ചെയ്യാന്‍ അവന് കഴിയുമായിരുന്നില്ല. അവനാകെ സങ്കടമായി. ചുറ്റുമുള്ളവരെല്ലാം ഓടുന്നു, ചാടുന്നു, കളിക്കുന്നു. തനിക്ക് മാത്രം ഒന്നിനും കഴിയുന്നില്ലല്ലോ എന്നവന്‍ ആലോചിച്ചു.
ഇനിയും സങ്കടപ്പെട്ടിരിക്കാന്‍ വയ്യെന്ന് കുറച്ച് കാലം കഴിഞ്ഞപ്പോള്‍ അവന്‍ നിശ്ചയിച്ചു. മാതാപിതാക്കളും അവന് ആശ്വാസം പകര്‍ന്നു. അവന്‍ സ്‌കൂളില്‍ ചേര്‍ന്നു. ഇല്ലാത്തതിനെ കുറിച്ചല്ല, തനിക്ക് ഉള്ളതിനെ കുറിച്ച് അവന്‍ ആലോചിക്കാന്‍ തുടങ്ങി. അങ്ങനെ നിക് എഴുതാനും വരക്കാനും നീന്താനും പഠിച്ചു.
എന്തു ഉല്‍സാഹിയാണ് നീയെന്ന് സ്‌കൂളിലെ തൂപ്പുകാരി അവനോട് പറഞ്ഞു. ഈ ഉല്‍സാഹം മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുത്തുകൂടെ എന്നുകൂടി അവനോട് അവര്‍ ചോദിച്ചു.
ഇന്ന് ലോകം അറിയപ്പെടുന്ന മനുഷ്യനാണ് നിക്. എല്ലാവര്‍ക്കും ആത്മവിശ്വാസം പകര്‍ന്നു കൊടുക്കുന്ന മനുഷ്യന്‍. ലൈഫ് വിത്തൗട്ട് ലിമിറ്റ്‌സ് എന്ന പുസ്തകം നിക് വുജിസിക്കിന്റേതായുണ്ട്.
ജീവിതം എന്നാല്‍ ഇങ്ങനെ ഉള്ളതിനെ കുറിച്ച് മനസ്സിലാക്കി അല്‍ഭുതം സൃഷ്ടിക്കുന്നവരുടേത് കൂടിയാണ്... അല്ലേ കൂട്ടുകാരേ.
l