സ്ത്രീകള്‍ക്കും അനാഥ കുട്ടികള്‍ക്കും സ്വത്തില്‍ അവകാശവുമുണ്ടായിരുന്നില്ല.
സ്വത്തവകാശത്തിന്റെ പേരിലുള്ള ഈ വിവേചനത്തെ ഇല്ലാതാക്കുകയാണ്
ആദ്യമായി ഇസ്ലാം ചെയ്യുന്നത്.
പ്രവാചക ജീവിതത്തിന്റെ ആദികാലത്ത് അനന്തര സ്വത്ത് വീതം വെക്കുന്നതില്‍ യാതൊരു വ്യവസ്ഥയുമുണ്ടായിരുന്നില്ല. അനിസ്ലാമിക അനാചാരങ്ങള്‍ തന്നെ പലരും തുടര്‍ന്നുവന്നു. സ്ത്രീകള്‍ക്കും അനാഥ കുട്ടികള്‍ക്കും സ്വത്തില്‍ അവകാശവുമുണ്ടായിരുന്നില്ല. യുദ്ധം ചെയ്യാനും കുന്തമേന്താനും യുദ്ധമുതല്‍ വാരിക്കൂട്ടാനും കഴിവില്ലാത്തവര്‍ക്കെന്തിന് അനന്തര സ്വത്ത് എന്നായിരുന്നു അവരുടെ ന്യായം. അവരുടെ ജീവിതത്തിന്റെ നിലനില്‍പാകട്ടെ ഈ മൂന്ന് കാര്യങ്ങളിന്മേലായിരുന്നുതാനും. സ്വത്തവകാശത്തിന്റെ പേരിലുള്ള ഈ വിവേചനത്തെ ഇല്ലാതാക്കുകയാണ് ആദ്യമായി ഇസ്ലാം ചെയ്യുന്നത്. പരിശുദ്ധ ഖുര്‍ആന്‍ 4ാം അധ്യായം സൂറത്തുന്നിസാഅ് 7ാം വചനത്തില്‍ ''മാതാപിതാക്കളും അടുത്ത ബന്ധുക്കളും ശേഷിപ്പിച്ച സ്വത്തില്‍ പുരുഷന്മാര്‍ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും ശേഷിപ്പിച്ച സ്വത്തില്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്; സ്വത്ത് അല്‍പമായാലും അധികമായാലും ശരി. ഈ വിഹിതം അല്ലാഹുവിനാല്‍ നിര്‍ണയിക്കപ്പെട്ടതാകുന്നു.'' മരിച്ചയാള്‍ ചെറുതോ വലുതോ ആയ എന്തെങ്കിലും സമ്പാദ്യം വിട്ടേച്ച് പോകുമ്പോഴാണ് അത് കുടുംബങ്ങള്‍ക്കിടയില്‍ ഭാഗിക്കേണ്ടി വരുന്നത്;
അനന്തരാവകാശം
സ്ഥാപിതമാകുന്ന കാരണങ്ങള്‍
രക്ത ബന്ധം
''രക്തബന്ധമുള്ളവര്‍ അല്ലാഹുവിന്റെ നിയമത്തില്‍ ഏറ്റവും അടുത്തവരാകുന്നു'' (അല്‍അന്‍ഫാല്‍ 75, അല്‍അഹ്‌സാബ് 6).
വിവാഹ ബന്ധം
വിവാഹം പവിത്രമായ ഒരു കരാറായതിനാല്‍ അനന്തര സ്വത്തില്‍ വിഹിതം നല്‍കപ്പെടുന്നു. ഭാര്യക്ക് ഭര്‍ത്താവിന്റെ സ്വത്തിലും ഭര്‍ത്താവിന് ഭാര്യയുടെ സ്വത്തിലും അവകാശമുണ്ട്.
ഖലാഅ്
ഒരാള്‍ ഒരു അടിമയെ മോചിപ്പിച്ചാല്‍ അടിമയും മോചിപ്പിച്ചവനും തമ്മിലുള്ള ബന്ധത്തിന് ഖലാഅ് എന്ന് പറയുന്നു. മോചിതനായ അടിമ മരിക്കുമ്പോള്‍ ബന്ധുക്കളാരും ഇല്ലെങ്കില്‍ മോചിപ്പിച്ചവര്‍ അടിമയുടെ സ്വത്തിന് അവകാശിയാകും.
ആദര്‍ശ ബന്ധം
മരണപ്പെട്ട വ്യക്തിക്ക് അവകാശികളാരും ഇല്ലെങ്കില്‍ മുസ്ലിംകളുടെ പൊതു ഖജനാവായ ബൈത്തുല്‍ മാലിലേക്ക് സ്വത്ത് ചെന്ന് ചേരുന്നു. അങ്ങനെ ആദര്‍ശ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവര്‍ക്ക് സ്വത്ത് ലഭിക്കുന്നു.
അവകാശം തടയുന്ന
കാരണങ്ങള്‍
കൊലപാതകം.
ബന്ധുവിനെ വധിക്കുന്ന വ്യക്തി രക്തബന്ധത്തെ അവഗണിക്കുകയാണ് ചെയ്യുന്നത്; അതുകൊണ്ട് വധിക്കപ്പെട്ടവന് മകനോ ഭര്‍ത്താവോ മകളോ ആരുണ്ടായിരുന്നാലും കൊല ചെയ്തവന് വധിക്കപ്പെട്ടവന്റെ സ്വത്തില്‍ അവകാശമുണ്ടാകില്ല. നബി(സ) പറയുന്നു: 'ഘാതകന്‍ അനന്തരമെടുക്കുകയില്ല'' (തുര്‍മിദി, ഇബ്‌നു മാജ). കൊലപാതകം ഇല്ലാതാക്കാനും രക്തബന്ധങ്ങളുടെ പവിത്രത നിലനിര്‍ത്താനുമാണ് ഇസ്ലാം ഇത്തരം നിയമങ്ങള്‍ നിര്‍മിച്ചത്.
മത വ്യത്യാസം.
നബി(സ) പറയുന്നു: 'ഒരു മുസ്ലിം അമുസ്ലിമിന്റെ സ്വത്തിനും അമുസ്ലിം മുസ്ലിമിന്റെ സ്വത്തിനും അവകാശിയാകുകയില്ല ' (ബുഖാരി, മുസ്ലിം).
ഒരാളുടെ സ്വത്ത് നാം അനുഭവിക്കുമ്പോള്‍ അയാള്‍ക്ക് സംതൃപ്തിയുണ്ടായിരിക്കണം. മതങ്ങള്‍ പരസ്പരം വ്യത്യാസപ്പെടുമ്പോള്‍ അതുണ്ടായിരിക്കുകയില്ല. അമുസ്ലിമായ പിതാവിന് മുസ്ലിമായ മകനും മുസ്ലിമായ മകന് അമുസ്ലിമായ പിതാവും അനന്തരാവകാശിയാവുകയില്ല. രക്തബന്ധത്തിന്റെ എല്ലാ വകുപ്പുകള്‍ക്കും ഇത് ബാധകമാണ്.
രക്തബന്ധം മൂലം
അനന്തരമെടുക്കുന്നവര്‍
പുത്രന്മാര്‍, പൗത്രന്മാര്‍, പിതാവ്, പിതാമഹന്‍, മാതാവും പിതാവുമൊത്ത സഹോദരന്മാര്‍, പിതാവ് മാത്രം യോജിച്ച സഹോദരന്മാര്‍, മാതാവ് മാത്രമൊത്ത സഹോദരന്മാര്‍, മാതാവും പിതാവുമൊത്ത സഹോദരന്മാരുടെ മക്കള്‍, പിതാവ് മാത്രമൊത്ത സഹോദരന്മാരുടെ മക്കള്‍, പിതൃസഹോദരന്മാര്‍, പിതൃസഹോദരന്റെ പുത്രന്മാര്‍, പെണ്‍മക്കള്‍, പുത്രന്മാരുടെ പെണ്‍മക്കള്‍, മാതാവ്, പിതാവിന്റെയോ മാതാവിന്റെയോ മാതാവ്, മാതാവും പിതാവുമൊത്ത സഹോദരിമാര്‍, പിതാവ് മാത്രമൊത്ത സഹോദരിമാര്‍, മാതാവ് മാത്രമൊത്ത സഹോദരിമാര്‍.
ദവുല്‍ അര്‍ഹാം എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നവര്‍
പെണ്‍മക്കളുടെ മക്കള്‍ (ആണും പെണ്ണും), മകന്റെ പെണ്‍മക്കളുടെ മക്കള്‍, സഹോദരിമാരുടെ മക്കള്‍, സഹോദരന്മാരുടെ പെണ്‍കുട്ടികള്‍, പിതൃസഹോദരന്റെ (ഇളയുപ്പ, മൂത്താപ്പ പെണ്‍മക്കള്‍), മാതാവിന്റെ പിതൃസഹോദരന്‍, മാതൃസഹോദരന്മാര്‍ (അമ്മാവന്മാര്‍), മാതൃസഹോദരിമാര്‍ (ഇളയുമ്മ, മൂത്തമ്മ), പിതൃസഹോദരി (അമ്മായി), ഉമ്മയുടെ പിതാവ്, ഉമ്മയുടെ പിതാവിന്റെ ഉമ്മ, ഉമ്മ മാത്രമൊത്ത സഹോദരന്റെ മക്കള്‍.
ആദ്യം നാം വിവരിച്ച അവകാശികള്‍ ഇല്ലാതിരുന്ന സന്ദര്‍ഭത്തില്‍ ഇവര്‍ അനന്തരാവകാശികളായിത്തീരുന്നതാണ്. ഇമാം അഹ്മദ്(റ), ഇമാം അബൂഹനീഫ(റ) മുതലായ ഹദീസ് പണ്ഡിതരില്‍ ബഹുഭൂരിഭാഗത്തിനും ഈ അഭിപ്രായമാണ്. ഇവര്‍ ഒരിക്കലും അനന്തരാവകാശികളാകില്ലെന്ന് പറയുന്നവര്‍ക്ക് യാതൊരു രേഖയുമില്ല.
അങ്ങനെ കാലം പാത്തുവെച്ച ഒരു സൂക്ഷിപ്പുമുതലെന്ന നിലക്ക് സ്ത്രീക്കും അനന്തര സ്വത്തില്‍ അവകാശം ലഭിച്ചു.
l